In Q+ Answers
By ശുഐബുൽ ഹൈതമി
പ്രാർത്ഥിക്കുന്ന വിശ്വാസി രോഗം മാറാൻ സയൻസിൻ്റെ മരുന്ന് കഴിക്കാൻ പാടുണ്ടോ ?
ആത്മീയപരമായ അതായത് പദാർത്ഥപരമല്ലാത്ത വഴികളിലൂടെ പരിഹാരങ്ങൾ അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നവർ രോഗഗ്രസ്തരായാൽ അവരെന്തിന് പിന്നെ " സയൻസിന്റെ ആശുപത്രിയിലേക്ക് " ഓടണം എന്നൊരു ചോദ്യം യുക്തിവാദികൾ സാദാ ഉന്നയിക്കാറുണ്ട് . കഴിഞ്ഞ flowers ചർച്ചയിലും അത് കേട്ടു.
ഇസ്ലാമിൽ ചികിത്സയാവട്ടെ , ആവാതിരിക്കട്ടെ എല്ലാ കാര്യങ്ങളും ആത്മീകം മാത്രമാണ് / തന്നെയാണ്.
ഭൗതികം - അഭൗതികം എന്ന വ്യത്യാസം ഇസ്ലാമിലില്ല. ( സാധാരണം - അസാധാരണം ഉണ്ട് ) . ഒരു മുസ്ലിം രോഗം വന്നാൽ അലോപ്പതി / Any AYUSH + ചികിത്സാലിയെ സമീപിക്കുന്നതും നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതും സൽക്കർമ്മങ്ങൾ / മഹാത്മക്കൾ മുഖേനെ ഇടതേടി പ്രാർത്ഥിക്കുന്നതും വിധിനടക്കട്ടെ എന്ന് കരുതി ഭരമേൽപ്പിച്ച് ചികിത്സിക്കാതിരിക്കുന്നതും എല്ലാം ആത്മീയ ചികിത്സ തന്നെയാണ്. കാരണം ഫലപ്രാപ്തി പദാർത്ഥത്തിനകത്തോ പ്രാർത്ഥനാ വചനങ്ങൾക്കകത്തോ സഹനത്തിനകത്തോ സ്വയമേവ നിലീനമാണ് എന്ന വിശ്വാസം അനിസ്ലാമികമാണ്. മറിച്ച് അവയെല്ലാം നിദാനങ്ങളോ വഴികളോ ആണ്. ഫലം വരുത്തിക്കേണ്ടവൻ അല്ലാഹുവാണ്.
ഈ വിശ്വാസമാണ് ഇസ്ലാം മതം.
ക്യാപ്സ്യൂളുകൾക്കകത്തെ രാസപദാർത്ഥങ്ങൾക്ക് സ്വയം സിദ്ധിയുണ്ടെന്ന വിശ്വാസമാണ് പദാർത്ഥവാദം . തീക്ക് കരിക്കാൻ സ്വയം ശക്തിയില്ലാത്തത് പോലെ എന്ന് " സബബ് - മുസബ്ബബ് ബന്ധം വിശദീകരിക്കവേ ഇമാം ഗസാലി (റ) പറഞ്ഞതിനർത്ഥം ഇവിടെ കാൽസ്യത്തിനും സോഡിയത്തിനും പൊട്ടാഷ്യത്തിനൊന്നും സ്വയം ശക്തിയില്ല എന്നാണ്. ഉരുവിടുന്ന മന്ത്രങ്ങൾക്കും സ്വയം ശക്തിയില്ല. പൊതുവേ ഓരോന്നിനും ഓരോ പ്രകൃതങ്ങൾ കാര്യകാരണ ബന്ധത്തിനധീനമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അത് വസ്തുവിനും വാചകത്തിനും ഉണ്ട്. എന്നാൽ അധീതത അസാധ്യമല്ല താനും.
( കൊസാലിറ്റി vs ഒക്കേഷണലിസം ചർച്ചയിലേക്കിത് മടങ്ങും ) .
ചുരുക്കത്തിൽ , ഇസ്ലാമിൽ ആത്മീയ ചികിത്സയേ ഉള്ളൂ. അതിലേത് വേണമെന്നത് ഒപ്ഷനാണ്. പറ്റുന്നതെല്ലാം സംയോജിപ്പിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ശരീരത്തിനും മനസിനും ( മെറ്റബോളിക് & സ്പിരിച്വൽ ) ഉന്മേശത്തിന് വസ്തുവും വചനവും ഒന്നിച്ച് വരട്ടെ ചികിത്സയിൽ.
രണ്ട് .
മെറ്റബോളിക്ക് പ്രക്രിയക്ക് താളഭംഗം വരുന്നതാണ് ശാരീരികമായ രോഗം .
ഒരു മുസ്ലിം രോഗയാവുന്നതിനെ ഇസ്ലാമികമായി വായിച്ചാൽ മൂന്ന് മാനങ്ങൾ ലഭിക്കും.
ഒന്നുകിൽ ആ രോഗബാധ സ്വാഭാവികമായ ശാരീരിക പ്രതിഭാസം മാത്രമാവും.
തേയ്മാനങ്ങൾ സംഭവിക്കുന്ന ഉപകരണങ്ങൾക്ക് വന്നതോ വരുത്തിയതോ ആയ കേടുപാടുകൾ ബാധിക്കുന്നത് പോലെയാണത്തരം രോഗങ്ങൾ .
മരിക്കാൻ ഒരു കാരണം എന്ന നിലയിലോളം അത് നിലനിൽക്കാം , ഭേദമാവാം .
രണ്ടാമത്തേത് , ശിക്ഷയോ മുന്നറിയിപ്പോ ക്ഷുദ്രബാധയോ ആയിട്ടാവാം രോഗം .
തെറ്റായ ജീവിതത്തിൽ നിന്നും മടങ്ങിവരാനുള്ള മുന്നറിയിപ്പ് , വിരുദ്ധ പ്രാർത്ഥനകളുടെ ഉത്തരം , ആഭിചാര ക്രിയാഫലം തുടങ്ങിയവയൊക്കെ ഇവിടെ വരാം . ഇങ്ങനെയൊരാൾ രോഗിയാവുകയുകയാണെങ്കിൽ സഹനത്തിനനുസരിച്ച് ആളുടെ പാപങ്ങൾ പൊറുക്കപ്പെടും . ഇനി , പാഠം പഠിച്ചില്ലെങ്കിൽ അതിലേറെ വലിയ ശിക്ഷകൾ തുടർന്ന് വരികയും ചെയ്യും . മറ്റുളളവർക്ക് പാഠമാവാനും ഏത് മനുഷ്യനും നിസ്സാരനാണ് - അല്ലാഹു മാത്രമാണ് വലിയവൻ എന്ന് വരുത്താനുമൊക്കെ അത്തരം പ്രതിഭാസങ്ങൾ സംഭവിക്കാം.
അതായത് ഖുർആൻ പറഞ്ഞത് പോലെ - "അൽഅദാബുൽ അക്ബർ " എന്ന പരലോക ശിക്ഷയിൽ നിന്ന് ഒഴിവാകാൻ " അൽ അദാബുൽ അദ്നാ " ആയി വരുന്നതാവും അത്തരം രോഗങ്ങൾ .
മൂന്നാമത്തേത് , പാപങ്ങൾ പൊറുത്ത് പരലോക പദവി വർദ്ധിപ്പിക്കാനും രോഗം വരാം . അല്ലാഹുവിന് ഒരാളോട് ഇഷ്ടമായാൽ ആ ആളെ രേഗിയാക്കും എന്നർത്ഥം വരുന്ന ധാരാളം ഹദീസുകൾ കാണാവുന്നതാണ്.
അല്ലാഹുവിന് ഇഷ്ടമുള്ളവർക്കായിരിക്കും ചിലപ്പോൾ വലിയ വലിയ രോഗങ്ങൾ വരുന്നത്. എപ്പോഴും പള്ളിയും ആരാധനയുമൊക്കെയായി ജീവിക്കുന്നവർ പെടുന്നനെ മഹാരോഗങ്ങൾക്ക് കീഴടങ്ങുന്നത് നാം നിത്യം കാണുന്നതാണ്.
പുണ്യനബി (സ്വ) 13 ദിവസം ശയ്യാചാരിയായി കിടന്നുപോയിരുന്നു. കുറച്ചെങ്കിലും രോഗത്തിൽ കിടത്താതെ ഒറ്റയടിക്ക് മരിപ്പിക്കരുതേ എന്ന് ചില വലിയ മനുഷ്യർ പറഞ്ഞിരുന്നത് ചെയ്ത പാപങ്ങൾ പൊറുക്കപ്പെടട്ടെ എന്ന് കരുതിയിട്ടാണ്.
കാലിൽ മുള്ള് തറച്ചനുഭവിച്ച വേദനയുടെ തോതിനൊത്ത് പോലും പാപം പൊറുക്കപ്പെടും .
മാനസിക വേദനയും അഭിമാന ക്ഷതവുമെല്ലാം അങ്ങനെത്തന്നെയാണ് .
സാദാരണക്കാരായ നല്ല മനുഷ്യർ പൊതുവേ ഇപ്പറഞ്ഞ രണ്ടാലൊരു കാറ്റഗറിക്കാരാവും .
അതായത് . സഹിക്കേണ്ടി വരുന്ന രോഗപീഡകൾ വ്യക്തിയുടെ വന്ദ്യതയുടെയോ നിന്ദ്യതയുടെയോ നിദർശനമാണെന്ന് പറയാൻ യാതൊരർഹതയും മറ്റുള്ളവർക്കില്ല.മരണം ഈമാനോടെയാണെങ്കിൽ സഹിച്ചതിനത്രയും പ്രതിഫലവും കിട്ടും .
അന്ത്യനിമിഷം വരെ പൂർണ്ണമായ മന:സാന്നിധ്യവും കലിമയോടെയുള്ള മരണവും ചിലർക്ക് ലഭിക്കാം .
എല്ലാം അല്ലാഹുവിന്റെ ദാനം.
അല്ലാഹു നമുക്കെല്ലാം അവസാനം നല്ലതാക്കിയുള്ള മരണം പ്രദാനിക്കട്ടെ - ആമീൻ .
Leave a Reply