In Quranic
By ശുഐബുൽ ഹൈതമി
ഇരുട്ട് : കടല്, കിതാബ്, എപ്പിസ്റ്റമോളജി .
കടലിനകത്തെ ഇരുട്ടറകളെ പരാമർശിക്കുന്ന ഖുർആനിക വചനത്തെ അധികരിച്ച് സംസാരിക്കാം .
أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ
പ്രസ്തുത വചനത്തിലെ , ഉപമയിലെ ഉപമാനം പ്രവാചകാനുചരർക്കറിയില്ലേ അപ്പോൾ ?
എന്ന് ചോദിക്കുന്നവരോടും ,ആ ചോദ്യത്തെ വിശ്വാസപരമായി അഡ്രസ് ചെയ്യാതെ മറുപക്ഷത്തെ പരിഹസിക്കുന്നവരോടുമാണിത് പ്രധാനമായും സൂചിപ്പിക്കുന്നത് .
1 :
ആറാം നൂറ്റാണ്ടുകാർക്കോ മുമ്പുള്ളവർക്കോ അറിയാത്തവ ഉണ്ടെങ്കിൽ മാത്രമേ ഖുർആൻ വാസ്തവമാവുകയുള്ളൂ എന്ന ശാഠ്യം ഇസ്ലാമിനുണ്ട് എന്നത് ഇസ്ലാം വിരുദ്ധരുടെ സൃഷ്ടിയാണ്.
വിശ്വാസികൾ 'അറിയാത്തവ ' എന്നതിന് 'അനുഭവിക്കാത്തവ ' എന്നാണർത്ഥം .
കാരണം അറിയലല്ല , കേൾക്കലാണ് വിശ്വാസത്തിൻ്റെ അടിസ്ഥാനം .
പറയലും കേൾക്കലുമാണ് അടിസ്ഥാന ഇസ്ലാം .
കേട്ട് അംഗീകരിക്കലാണ് മതം . അംഗീകരിച്ചവ അനുഭവിച്ചിരിക്കണമെന്ന വ്യവസ്ഥ വിശ്വാസത്തിലില്ല . ഉദാഹരണത്തിന് , പരലോകവുമായി ബന്ധപ്പെട്ട ഖുർആനിലെ എസ്ക്കറ്റോളജിക്കൽ പ്രസ്താവനകൾ അംഗീകരിച്ചാൽ മാത്രമേ ഒരാൾ വിശ്വാസി ആവുകയുള്ളൂ , പരലോകത്ത് വെച്ചേ അയാൾക്കാ പൂർവ്വാംഗീകൃത കാര്യം അനുഭവിക്കാൻ പറ്റുകയുള്ളൂ .
വിശ്വാസം അറിവിന് മുമ്പാണ് .
ഈ തത്വമാണ് ,
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
എന്ന വചനം . അതിലെ ,
سَمِعْنَا وَأَطَعْنَا
" ഞങ്ങൾ കേട്ടു ,അംഗീകരിച്ചു'' എന്ന ഭാഗമാണ് മർമ്മം .
ആ വചനത്തിൽ പറയപ്പെട്ട :
ദൈവദൂതരിൽ നിന്നും കേട്ടത് അംഗീകരിക്കുക ,മറ്റ് ദൈവദൂതരെയും അംഗീകരിക്കുക എന്ന രണ്ട് തത്വങ്ങളെ മുൻനിർത്തിക്കൊണ്ടായിരിക്കണം ഖുർആനിലെ അതിഭൗതികവും അധിഭൗതികവുമായ ശാസ്ത്ര വായനകൾ .
നിരുപാധികം കേട്ടംഗീകരിച്ച കാര്യത്തോട് വ്യക്തി ബന്ധപ്പെടുമ്പോൾ ഉണ്ടാവുന്ന പ്രക്രിയയാണ് അറിയൽ. അങ്ങനെ അറിവ് ആർജ്ജിക്കാനുള്ള സിദ്ധിയും ആർജ്ജിതമായ അറിവ് ഉപയോഗിക്കാനുള്ള സാധനയും നൈസർഗികമാണ് .
എല്ലാ 'അറിയപ്പെട്ടതിനോടും 'ബന്ധപ്പെടാൻ എല്ലാ മനുഷ്യർക്കും സാധ്യമല്ല .കാലം ,ദൂരം , സ്ഥൂലത ,നിസ്ഥുലത തുടങ്ങിയ മാനങ്ങൾ കേട്ടംഗീകരിച്ചതിനോട് ബന്ധപ്പെടാനും അനുഭവിച്ച് അറിവാക്കാനും ഭൗതികമായ തടസ്സങ്ങളാവും.
അറിവിന് അറബിയിൽ ഇൽമ് എന്നാണ് പറയൽ ,വിശ്വാസത്തിൽ ആ പദത്തിനർത്ഥം ബോധ്യം എന്നാണ്. ബോധ്യം എല്ലാവർക്കും ഉണ്ടാവുന്നത് മരണത്തോടെയോ പരലോകത്തോ വെച്ചായിരിക്കും .ഇവിടെ നിഗമനം മാത്രമാണ് പൊതുവായുള്ളത്.
അറിഞ്ഞില്ലെങ്കിലും വിശ്വാസത്തിന് കോട്ടമില്ല ,അംഗീകരിക്കലാണ് വിശ്വാസം എന്ന് ചുരുക്കം.
2:
മുൻകാലക്കാർക്കൊന്നും അറിയാത്തവ മാത്രമാണ് / മാത്രമാവണം ഖുർആൻ എന്ന വാദം ഇസ്ലാമിൻ്റെ സാർവ്വികത്വത്തെ തകർക്കുന്നതാണ്.
EA Jabbar ന് അജ്ഞനവും മഞ്ഞളും മനസ്സിലായിട്ടില്ല .
ഇസ്ലാം എന്നാൽ അല്ലാഹു മനുഷ്യർക്കിറക്കിയ നിയാമക വ്യവസ്ഥ അല്ല ,പ്രത്യുത , അഖില പ്രാപഞ്ചിക വ്യവസ്ഥയാണ് ,അതിൻ്റെ നൈസർഗികതയാണ്. അത് മനുഷ്യനെ വ്യാപരിക്കുന്നത് ആദം എന്ന ഒന്നാമത്തെ മനുഷ്യൻ മുതൽ അവസാന മനുഷ്യൻ വരെയുള്ളവരോടാണ്.
അതിനിടയിൽ വന്ന പ്രവാചകന്മാരുടെ സമാപനമാണ് മുഹമ്മദ് (സ്വ)യും ഖുർആനും . അതിന് മുമ്പ് നൂറുക്കണക്കിന് വേദങ്ങൾ മനുഷ്യർക്കിറക്കപ്പെട്ടിരുന്നു. മനുഷ്യവാസമുള്ളയിടങ്ങളിലേക്കെല്ലാം പ്രവാചകൻമാർ അണഞ്ഞിട്ടുണ്ട്.
വിശ്വാസത്തിന് പുറമേ 4 കാര്യങ്ങളാണ് അല്ലാഹു പ്രവാചകന്മാരിലൂടെ പറഞ്ഞത്.
A: പ്രാപഞ്ചികത
B: സാമൂഹികത
C: വൈയക്തികത
D: ധാർമ്മികത
മനുഷ്യരുടെ അനുഷ്ഠാനങ്ങൾ ഇവയിൽ അവസാനത്തെ മൂന്നെണ്ണത്തോട് ബന്ധപ്പെടുന്നു. കാലാതിവർത്തിയായ വിശ്വാസവും പ്രാപഞ്ചികതയും ഒരിക്കലും മാറില്ല, മാറരുതല്ലോ .
മുൻവേദങ്ങളിലും ചരിത്രാതീത സാഹിത്യങ്ങളിലും വന്ന കാര്യങ്ങൾ അവയോടൊട്ടിച്ചേർന്ന വ്യാജങ്ങളിൽ നിന്ന് മുക്തമായി ഖുർആനിൽ ഉണ്ടാവണം. കാരണം അപ്പോഴേ വിശ്വാസം സാർവ്വകാലീനമാവുകയുള്ളൂ .
ഇസ്ലാം തുടങ്ങിയത് മുഹമ്മദ് (സ്വ) ആണെന്ന് മുഹമ്മദീയർ വിശ്വസിക്കുന്നില്ല , മുഹമ്മദീയർക്ക് വേണ്ടി ആ തെറ്റായ വിശ്വാസം യുക്തിവാദികൾ അണിയുന്നത് വിപണിയിൽ കണ്ണ് വെച്ചാണ്.
വാനഭുവനം ,ഭൂപ്രകൃതി , മാനവചരിത്രം എന്നിവ എല്ലാ വേദങ്ങളിലും ഒരു പോലാവും , ചില വേദങ്ങൾ സങ്കീർത്തനങ്ങളും ചിലത് നിയമങ്ങളും മാത്രമാണ്. ഖുർആനിലെ പ്രമേയങ്ങൾ പലതും മുൻകാലത്തുണ്ടായിരുന്നു എന്നത് ഖുർആനിൻ്റെ സത്യതയാണ്.
കാരണം ,എല്ലാം ഒരേ ഉറവിടത്തിൽ നിന്നാണെന്ന വസ്തുതയാണതിലൂടെ അനാവൃതമാവുന്നത് .
ലാറ്റിൻ ,ഹീബ്രു ,സുരിയാനി ,അറബി ,പേർഷ്യൻ - അംഹറിക് കുടുംബങ്ങളിലൊക്കെ അത്തരം ദിവ്യബോധനങ്ങൾ പടർന്നിട്ടുണ്ട്.
മതവിജാതീയമായി അത്തരം അറിവുകൾ പടർന്നു . ചിലതൊക്കെ ആശയ മോഷണത്തിരയായി ലോക സാഹിത്യങ്ങളുടെ ഭാഗമാവുകയും ചെയ്തു.
ആ വിഷയം അക്കാഡമിക്കലീ പഠിക്കണം എന്നുള്ളവർക്ക് ബ്രിട്ടീഷ് ഗവേഷകൻ Sebastian Paul Broak എഴുതിയ പുസ്തകം syriac view of emergent islam ഗൂഗിളിലുണ്ട് .
മറ്റൊരുദാഹരണം എടുക്കാം ,
ഖുർആനിനേക്കാൾ എത്രയോ മുമ്പ് യവനാചാര്യൻ ഹോമർ എഴുതിയ ഇലിയഡിലെ ഒരുദ്ധരണിയാണിത് ,
"But Achilles, weeping, quickly slipping away from his companions, sat on the shore of the grey salt sea, and looked out to depths as dark as wine."
(Homer's Iliad, 1.348-351)
"കടുത്ത വീഞ്ഞുപോലുള്ള കറുത്ത കടലിൻ്റെ അഗാധതയിലേക്ക് നോക്കി " എന്ന പരാമർശത്തിലെ ഉൾപ്പൊരുൾ ഹോമറിന് ലഭിച്ചത് അനുഭവസാക്ഷേപമാവണമെന്നില്ല.
ഹോമറിന് തന്നെ അനുഭവനിരപേക്ഷമായി / ദിവ്യമായി ലഭിച്ചതോ ദിവ്യമായി ലഭിച്ചവരിൽ നിന്ന് ലഭിച്ചതോ ആവാം .
അതിൽ അൽഭുതമൊന്നുമില്ല ,
ഷേക് സ്പിയർ ആളൊരു മന്ദനായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ കൃതികൾ / ആശയങ്ങൾ സത്യത്തിൽ Francis Bacon എഴുതിയതാണ് /പകർന്നതാണ് എന്ന് നിരൂപിച്ചവർ എത്രയോ ഉണ്ടല്ലോ .
3:
തിയോളജിക്കലീ ഇതാണ് പ്രധാനം .
പ്രവാചകകാനുചരന്മാർ പ്രവാചകന്മാർ പറയുന്ന ഉപമകളടക്കമുള്ള അസ്വാഭാവിക ജ്ഞാനങ്ങൾ അറിഞ്ഞിരുന്നോ ,മനസ്സിലാക്കിയിരുന്നോ എന്ന ചർച്ച , എന്താണ് വിശ്വാസം എന്നറിയാത്തത് കൊണ്ടാണ്.
സർവ്വശക്തനായ അല്ലാഹുവിനെയും അവൻ നിയോഗിച്ച ദൂതനെയും വിശ്വസിക്കുക എന്നതിനർത്ഥം
- സ്വന്തം ധാരണകൾ നിർവീര്യമാവുകയും ദൂതൻ പറയുന്നത് മുഴുവൻ അംഗീകരിക്കുകയും ചെയ്യുക എന്നതാണ്.
വിശ്വാസത്തിൻ്റെ നിർവ്വചനം അറബിയിൽ
التصديق بما جاء به النبي صل الله عليه وسلم
എന്നാണ്. നബി കൊണ്ടുവന്നത് വിശ്വസിക്കുക എന്നാണതിനർത്ഥം.
അല്ലാഹു വാസ്തവമായത് കൊണ്ട് നബി വാസ്തവമായതാണ് വാസ്തവത്തിൽ ,പക്ഷെ മനുഷ്യരുടെ അനുഭവത്തിൽ മറിച്ചാണ്.
അപ്പോൾ , വിശ്വാസികൾക്കറിയാത്ത, അനുഭവിക്കാത്ത ,അനുമാനിക്കാത്ത കാര്യങ്ങൾ ദൂതൻ അവരെ കേൾപ്പിക്കും.
അവരത് വിശ്വസിക്കും .
അനുഭവിച്ച് ബോധ്യമായത് പിന്നെ വിശ്വസിക്കൽ എന്നൊന്നില്ലല്ലോ .
മക്കയിലോ മദീനയിലോ കടലില്ല ,ഉള്ള ജിദ്ദയിലേക്ക് അക്കാലത്ത് എത്തിയവർ ചുരുക്കമാവും .കടൽ കണ്ടവരും ചുരുക്കം.
പക്ഷെ , പ്രസ്തുത തിരമേഘമാലാ വചനം വഴി സമുദ്രാന്തരസ്ഥിതി ദൂതൻ അവരെ കേൾപ്പിച്ചു. അവരത് വിശ്വസിച്ചു. അതാണ് കാര്യം.
വിശ്വാസിക്ക് സ്വയം അറിവല്ല ഉള്ളത്. ദൂതനിൽ നിന്ന് കേട്ടതാണ് അറിവ്. എന്ത് കൊണ്ട് കേട്ടതാമാത്രയിൽ അംഗീകരിക്കുന്നു എന്നതിനുത്തരം അവർ സമ്പൂർണ്ണശക്തവും സമഗ്രസത്യവുമായ ദൈവാസ്തിക്യം മനസ്സിലാക്കി എന്നതാണ്. അതോടെ ,സത്യം എന്നാൽ ആ ദൈവത്തിൻ്റെ ദൂതൻ പറയുന്നതാണ് എന്ന സ്ഥിതിയാവും .
വിശ്വാസിയുടെ അറിവ് അടിസ്ഥാനപരമായി ആ കേൾവിയാണ്.
ആ വചനാനുരണ രംഗത്തിൽ നിന്നും ഒരടരെടുക്കാം ,
കടലിൻ്റെ ഉപമ ദൂതൻ പറഞ്ഞു.
അങ്ങനെത്തന്നെയാണോ എന്ന ആലോചനയില്ല . അങ്ങനെത്തന്നെയായ കടലിനെ കുറിച്ച് അന്വേശിക്കുകയാണ് പിന്നെ.
തീരെ കടൽ കാണാത്തവർ കടല് കണ്ടവരോട് ,കണ്ടവർ കൊണ്ടവരോട് ,കൊണ്ടവർ ഏറെ കൊണ്ടവരോട് , അങ്ങനെ വിശ്വാസത്തിൽ നിന്നും കടൽ പഠനമാവുകയാണ്.
ഇങ്ങനെ സൂചനകളിലൂടെ വൈജ്ഞാനിക വിപ്ലവം ഉണ്ടാക്കൽ തന്നെയാണ് ഖുർആൻ. കാര്യങ്ങളെല്ലാം ബോധ്യമാക്കിക്കൊടുത്ത ശേഷം അങ്ങനയല്ലേ എന്ന് ചോദിച്ചാൽ , മനുഷ്യരുടെ ചിന്താശേഷി ,അന്വേശണാത്മകത നശിക്കും. കാര്യങ്ങൾ അങ്ങനെയാണെന്ന് നിങ്ങൾ കണ്ടെത്തുക എന്ന അവരോഹണ ഗവേഷണം ,Duductivism ആണ് അവിടെ .
അനുയായികൾക്കറിയാത്ത ഉപമ പറയാവോ ,ഉപമേയം മനസ്സിലാവാനല്ലേ ഉപമാനം പറയുന്നത് എന്ന സംശയം അതോടെ അപ്രസക്തമാണ്. ആ ഉപമയിലൂടെ അവരാ മഹാസത്യം പഠിച്ചു. അതിന് മുമ്പുള്ള അറിവും അറിവില്ലായ്മയും അതോടെ നിർവ്വീര്യമായി .
ആദ്യമേ അറിഞ്ഞാലല്ലേ ഉപമേയം തലയിൽ കേറുകയുള്ളൂ എന്ന് ഇനിയും ചോദിക്കുന്നത് ചിന്ത ഋജുവല്ലാത്തതിനാലാണ്. കാരണം ,ആ ഉപമ കേൾക്കുന്നവരുടെ മനസ്സിൽ സമുദ്രാന്തരീയം തമാന്ധമാക്കിയ സ്രഷ്ടാവ് തന്നെയാണ് പറയുന്നത് , നേരെ കടലിൽ മുങ്ങി കണ്ട് വരുത്തുന്ന ഉറപ്പിനേക്കാൾ ബലം അവർക്ക് ദൂതൻ്റെ വാക്കുകൾ തന്നെയാണ്.
കാരണം ,വ്യക്തിപരമായ കാഴ്ച്ചകൾ പൊതുതത്വമാവാൻ മാത്രം ന്യായസമ്പന്നമാവില്ല .
ദൂതനിൽ നിന്നുള്ള ആ 'കേൾവി ' അനുഭവിച്ച്
'അറിവാക്കിമാറ്റാൻ 'ഭൗതിക ശാസ്ത്രം വികസിക്കേണ്ടി വന്നവരും ദിവ്യവഴികളിലൂടെ നേരത്തെ അറിഞ്ഞവരും ഉണ്ട്.
അറിവ് അനുഭവിക്കാൻ ഭൗതിക മാനങ്ങൾ തടസ്സമാവാത്ത ദിവ്യജ്ഞാനമാണല്ലോ ഇസ്ലാമിൻ്റെ അടിസ്ഥാനം.
പാശ്ചാത്യശാസ്ത്രം അതിൻ്റെ ദിശാസൂചിക കണ്ടെത്തിയത് പൗരാണിക യവന - അറബ് കൃതികളിൽ നിന്നുമാണ്. ആസ്ട്രോണമിയും ആസ്ട്രോഫിസിക്സുമൊക്കെ ജനിക്കുന്നതിന് മുമ്പേ , എത്യോപ്യായിലെ കണ്ണ് തള്ളിയ മുസ്ലിമും ചൈനയിലെ കണ്ണിറുങ്ങിയ മുസ്ലിമും മക്കയിലേക്ക് ദിശ നോക്കി നമസ്ക്കരിച്ചിരുന്നു .
എല്ലാ തരം തത്വങ്ങളും അറിവുകളും പല കാലങ്ങളിലായി ,ദേശങ്ങളിലായി അല്ലാഹു നിയോഗിച്ച പ്രവാചകന്മാർ മുഖേനെ ഭൂമുഖത്ത് ഇറക്കപ്പെട്ടതാണ്.
........
ഇടവും വലവും മുമ്പും നോക്കാതെ മണ്ടിപ്പായുന്നതിനിടേ മുന്നിലുണ്ടായിരുന്ന പോസ്റ്റിൽ നെറ്റിയും മൂക്കുമടക്കം തലയിടിച്ച തൊട്ടുടനെയുള്ള പത്ത് മിനുട്ടിലാണ് നമ്മുടെ Ex .സഹോദരങ്ങളിപ്പോൾ .മിന്നുന്നുണ്ടോ മിന്നുന്നുണ്ട് ,കെടുന്നുണ്ടോ കെടുന്നുണ്ട് - ആകെപ്പാടെ പുകപ്പാടുകൾ .
നിങ്ങൾക്ക് മെനിയാന്ന് സീൻ ഇത്രത്തോളം കൈവിട്ട് പോവാതിരിക്കാൻ ഒരു വിദ്യ ഉണ്ടായിരുന്നു.
വെറുതേ കഥയറിയാതെ കൗണ്ടർ ചെയ്ത് കഞ്ഞിയാവുന്നതിന് പകരം ," ഇന്നത്തെ മിക്ക ശാസ്ത്രശാഖകളും പഴയ മുസ്ലിം തറവാട്ടുകാർ സംഭാവന ചെയ്ത അടിസ്ഥാനങ്ങളിൽ വെച്ചാണ് വളർന്നതെന്ന " ആളുടെ പഴയ രണ്ട് ക്ലിപ്പെടുത്ത് ഈ ഓഷ്യാനോഗ്രഫിയും അതിൽ പെടില്ലേ എന്ന് ചോദിച്ച് വട്ടം പിടിച്ചൊട്ടിയാൽ മതിയായിരുന്നു.
"ക്ലാസിക്ക് തഫ്സീറുകളിൽ ഇല്ലാത്തതിനാൽ ഓഷ്യാനോഗ്രഫിയൊന്നും ഖുർആനിൽ ഇല്ല " എന്ന് പറയുന്ന നിങ്ങൾക്ക് പക്കാ മുഫസ്സിരീങ്ങളെ വിളിച്ച് സഹായം തേടാമെങ്കിൽ കുറച്ച് കൂടെ ശാസ്ത്രമൊക്കെ കൈകാര്യം ചെയ്ത മുസ്ലിം പ്രതിഭകളെ കൂടെ നിർത്തി കളിക്കാനാണോ പിന്നെ ചതുർത്ഥി !
എന്ത് ! ബുദ്ധിയുണ്ടെങ്കിൽ നിങ്ങൾ ഇസ്ലാം വിടുമായിരുന്നില്ലല്ലോ .
Leave a Reply