In Theology
By ശുഐബുൽ ഹൈതമി
അല്ലാഹ് : Elohim ( אֱלֹהִים), അഭിധാനം , സത്യപ്രതിജ്ഞ , ബൈബിൾ .
ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതലയേൽക്കുന്ന പ്രതിജ്ഞകൾക്കൊടുവിൽ ;
" ദൈവനാമത്തിൽ / അല്ലാഹുവിൻ്റെ നാമത്തിൽ " എന്നിങ്ങനെ രണ്ട് പ്രയോഗങ്ങൾ മുസ്ലിം പ്രതിനിധികൾ ചേർക്കാറുണ്ട് .
അതേക്കുറിച്ച് അതും അതല്ലാത്തതുമായ ചിലകാര്യങ്ങൾ കുറിക്കുന്നു .
ഒന്ന്:
ദൈവനാമത്തിൽ എന്ന പ്രയോഗം ഭാഷാപരമായും വിശ്വാസപരമായും അപൂർണ്ണമോ പിഴവോ ആണ്.
ദൈവനാമം എന്ന സമാസം പിരിച്ചെഴുതിയാൽ രണ്ട് തരം ശ്ലേഷണങ്ങളാണ് അവിടെയുള്ളത് :
ഒന്നുകിൽ , ദൈവം എന്ന നാമം അല്ലെങ്കിൽ ദൈവത്തിൻ്റെ നാമം .
ദൈവം എന്ന നാമം എന്ന് പറയുമ്പോൾ പ്രതിജ്ഞ കൃത്യമാവുന്നില്ല. കാരണം , ദൈവം എന്നത് വ്യക്തിനാമമല്ല ,വർഗനാമമാണ്.
ആരാധിക്കപ്പെടുന്ന സമൂഹം എന്ന സമഷ്ടിയെ കുറിക്കുന്ന Common name ആണ് ദൈവം എന്ന പദം .
God എന്ന് സാമാന്യമായി പറയാം .നമുക്ക് Proper Name ആണ് വേണ്ടത്.
"കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പടക്കം ,വ്യക്തിമത്തീ മൂർത്തി മുതൽ കള്ള് കരട് കാവ് വരെ "
ദൈവമാണ് .
ആ സമഷ്ടിയിലെ ഒരംഗമായ ഏതെങ്കിലും നിർണ്ണിതവ്യഷ്ടിക്ക് The God എന്ന് പറയും. മലയാളത്തിൽ ,ദൈവത്തിന് The എന്ന അവ്യയം നൽകാൻ മാർഗമില്ല .തമാശക്ക് ,
' അൽ ദൈവം ' എന്നൊക്കെ പറയേണ്ടി വരും.
So , ഇന്ന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആരോടും വേണമെങ്കിൽ ആർക്കും ചോദിക്കാം ,
'ഏത് ദൈവത്തിൻ്റെ പേരിലാണ് താങ്കളിപ്പോൾ സത്യം ചെയ്തത് ' എന്ന്.
ഇനി , ശ്ശേഷണത്തിൻ്റെ അർത്ഥം,
ദൈവത്തിൻ്റെനാമം എന്നാണെങ്കിൽ ആ സമാസം തന്നെയാണപ്പോൾ സമസ്യ .
'ദൈവത്തിൻ്റെ ഏത് പേരിലാണ് പ്രതിജ്ഞ ' എന്നാവുമപ്പോൾ കാകു .
ഏറ്റെടുക്കുന്ന ചുമതലയുടെ ഗൗരവത്തെ കുറിക്കാനാണ് പ്രതിജ്ഞ. അതിൽ പറയുന്ന കാര്യത്തോടുള്ള പ്രതിബദ്ധത അറിയിക്കാനാണ് അവസാനത്തെ അഭിധാനം . അത് കൃത്യമാവാത്ത പ്രശ്നം ,
'ദൈവനാമത്തിൽ ' ഉണ്ട്.
അതായത് ,പ്രതിജ്ഞ പ്രസ്താവന മാത്രമായി ചുരുങ്ങുന്നു.
രണ്ട്:
അല്ലാഹുവും ദൈവവും തമ്മിലുള്ള വ്യത്യാസമാണ് വിശ്വാസപരമായ പ്രശ്നം .
അല്ലാഹുവിന് വ്യക്തിത്വമുണ്ട് ( Personhood) ,ഒരു ആളത്വത്തിൻ്റെ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്ന Proper Noun ആണ് അല്ലാഹു.
ദൈവം വർഗമാണ് ,ആളത്വമില്ലാത്ത ആശയം.
വാചകങ്ങൾ പൂർണ്ണമാക്കാനുള്ള ,
ഉദാ : ദൈവം ഉന്നതനാണ് , ഉന്നതൻ ദൈവമാണ് തുടങ്ങിയ ആഖ്യയും ആഖ്യാതവും മാത്രമാണ് ദൈവം എന്ന പദം, വ്യക്തിത്വമില്ല .
Proper Noun കൾക്ക് പരിഭാഷ ഉണ്ടാവില്ല .
അറേബ്യയിലുള്ള അബ്ദുല്ല കേരളത്തിൽ ശിവദാസനോ കൃഷ്ണദാസനോ ആവില്ല ,അബ്ദുല്ല തന്നെയാണ്.
കേരളത്തിലെ , രവിചന്ദ്രൻ അറേബ്യയിലെത്തിയാൽ ഹിലാലോ ഖമറുവോ ആവില്ല .
പിണറായി വിജയൻ നാളെ സൗദി സന്ദർശിക്കുകയാണെങ്കിൽ ,പേരിൻ്റെ കോളത്തിൽ
ബരിഖ സഈദ് എന്നെഴുതുന്ന അൽപ്പത്തത്തിൻ്റെ മുഴുവനുമുണ്ട് അല്ലാഹുവിൻ്റെ മലയാളമാണ് ദൈവം എന്ന് കരുതുന്നതിൽ .
ഇസ്ലാമിക വിശ്വാസപ്രകാരം പ്രാപഞ്ചിക - പ്രാതിഭാസിക പ്രക്രിയകൾക്ക് നിമിത്തങ്ങളും നിദാനങ്ങളുമൊരുക്കുന്ന ഏകാനുവാര്യാസ്തിത്വത്തിൻ്റെ
പേരാണ് അല്ലാഹു.
മലയാളത്തിൽ ദൈവം ,
ഇംഗ്ലീഷിൽ God
ലാറ്റിൻ -പോർച്ചുഗീസിൽ Dues
ജർമ്മനിൽ Gott
ഡാനിഷ് ,സ്വീഡിഷിൽ Gudd
ഫ്രഞ്ചിൽ Dieu
സ്പാനിഷിൽ Dios
ഐറിഷിൽ Dia
എന്നൊന്നുമുള്ള പരിഭാഷകൾ അല്ലാഹുവിന് തുല്യമാവില്ല .അതിന് തുല്യമായ അറബിപദം ഇലാഹ് എന്നതാണ്. അപ്പറയപ്പെട്ടവക്കൊക്കെ ലിംഗഭേദവും ബഹുവചനവും ഭാഷകളിലുണ്ട്.
എന്നാൽ ,അല്ലാഹു എന്നതിന് അതൊന്നും ബാധകമാവില്ല ,ബാധകമാവരുത്.
മൂന്ന് :
Elohim ( אֱלֹהִים) എന്ന ഹീബ്രു പദത്തിൻ്റെ അറബിയാണ് അല്ലാഹു എന്നതും ശരിയല്ല .
കാരണം , Elohim എന്നതിൻ്റെ അർത്ഥം 'ദൈവങ്ങൾ ' എന്ന ബഹുവചനമാണ്.
Eloah എന്നതാണ് ഏകവചനം .El എന്നത് അവ്യയവുമാണ് .ദൈവം എന്ന വർഗ നാമത്തെ കുറിക്കുന്ന Theos (θεός) എന്ന ഗ്രീക്ക് പദമാണ് Elohim എന്നതിൻ്റെ പ്രാചീന പരിഭാഷ എന്നത് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ട്രിനിറ്റി - ത്രിത്വം എന്ന അബദ്ധവിശ്വാസം സ്ഥാപിക്കാൻ ക്രിസ്ത്യൻ കമാൻ്ററിക്കാർ
ചേർത്തുവെച്ച ഇതുമായി ബന്ധപ്പെട്ട മറ്റൊരു കെണിയാണ് , ദൈവങ്ങൾ എന്നർത്ഥമുള്ള Elohim എന്നാൽ മൂന്ന് ദൈവങ്ങളുടെ ഏകകമായ യഹോവയാണ് എന്ന വാദം .
വെള്ളത്തെ H2O എന്ന് രാസമൊഴിപ്പെടുത്താവുന്നത് പോലെയാണ് യഹോവ എന്നാണവർ പറയുന്നത്.
അതിൻ്റെ അറബി വേഴ്ഷനുകളിൽ യഹോവയുടെ സ്ഥാനത്ത് അല്ലാഹു എന്നാണവർ കൊടുക്കാറുള്ളത്.
ഇതെന്താണ് കഥ എന്നറിയാത്ത മുസ്ലിം ഗവേഷകൻ യഹോവയുടെ അറബിയാണ് അല്ലാഹു എന്ന് പറഞ്ഞ് മതമൈത്രിയുടെ വീഡിയോ ഇറക്കിയതും കണ്ടു !
എന്നാൽ ,പഴയ ജൂതർ ( മുസ്ലിംകൾ ) അല്ലാഹുവിനെ സംബന്ധിച്ച് Elohim എന്ന് വിളിച്ചിരുന്നുവെന്ന രേഖകൾക്ക് മറ്റൊരു വിശദീകരണവുമുണ്ട്. ആധുനിക ക്രിസ്ത്യൻസിനെ പോലെ ബഹുദൈവവിശ്വാസികളല്ല യഹൂദർ .
എന്നിട്ടും അവർ Elohim എന്ന ബഹുവചനം ഉപയോഗിച്ചത് Respected Plurel / Plenitude of mighty എന്ന അർത്ഥത്തിലാണ്.
ഏകസ്വത്വത്തെ മഹത്വപ്പെടുത്തി വാഴ്ത്താൻ ബഹുവചനം ഉപയോഗിക്കുന്ന രീതിയാണത്.
മലയാളത്തിൽ , 'ചട്ടമ്പിസ്വാമികൾ 'പോലെ .
അല്ലാഹു എന്ന ഉച്ചാരണം മനുഷ്യരുണ്ടായത് മുതലുള്ളതാണ്. അറബീകരിക്കപ്പെട്ട , അറബിഭാഷയുണ്ടാവുമ്മുമ്പേ മൊഴിയപ്പെട്ട സ്രഷ്ടാവിൻ്റെ അഭിധാനമാണ് അല്ലാഹു.
ആ പദം തനി അറബിയാണെന്ന അഭിപ്രായ പ്രകാരം , ജുർഹൂം ഗോത്രക്കാർക്ക് മുമ്പേയുള്ളവർക്ക് അല്ലാഹു എന്ന പദം പരിചയം കാണുമോ , അല്ലാഹുവിന് തനിക്ക് അങ്ങനെയൊരു പേരുള്ള കാര്യം അറിയാമോ എന്നൊക്കെയുള്ള യുക്തിവാദികളുടെ ചോദ്യങ്ങൾ അപ്രസക്തമാണ്. തനി അറബി തന്നെയാണെങ്കിലും ആ ഭാഷ 'പിന്നീടായത് ' ഭൂമിയിൽ മാത്രമാണ്. കാലപരിധി ബാധകമാവാത്ത അല്ലാഹുവിന് 'പിന്നീട് ' ബാധകമല്ല ,അവൻ ദിവ്യബോധനമായി പഠിപ്പിച്ച മനുഷ്യർക്കും .
So , അല്ലാഹു അല്ലാഹുവാണ് , മാത്രമാണ് ,തന്നെയാണ് ,
സത്യദൈവം എന്ന് സാരം പറയാം .
ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് പകരം
ദൈവമല്ലാതെ ദൈവമില്ല എന്ന് പറയുന്നത് എത്ര അനർത്ഥമാണ്.
No god But God എന്നല്ല ,No God but Allah എന്നതാണ് അതിൻ്റെ പരിഭാഷ.
നാല് :
ഒരാഴ്ച്ചക്കകം , ക്യാമറക്ക് മുമ്പിലിട്ട് 25 വയസ് തികയാത്ത മൂന്ന് മുസ്ലിം യുവാക്കളെ മതഭ്രാന്തർ ഇതേ രാജ്യത്ത് തല്ലിക്കൊന്നു. അവർ ചെയ്ത തെറ്റ് അല്ലാഹ് എന്ന് (വി) ശ്വസിച്ചതാണ്.ഇപ്പോൾ
ലക്ഷദ്വീപുകാർ ദുർലക്ഷ്യമാക്കപ്പെടുന്നതിന് കാരണവും അത് തന്നെ ,അത് മാത്രം .
ഇതൊക്കെ കണ്ടിട്ടും , നിയമനിർമ്മാണ സഭകളിലെത്തുമ്പോൾ നമ്മുടെ പ്രതിനിധികൾക്ക് 'അല്ലാഹ് ' എന്ന് ഉച്ചത്തിൽ മൊഴിയാൻ അപകർഷത തോന്നുന്നുവെങ്കിൽ അതാണ് ഒന്നാമത് മറികടക്കേണ്ട ദുരന്തം.
സ്വത്വം മൗലികമായി നിലനിർത്തപ്പെടേണ്ടതാണ്. മതേതരമായി പരിഭാഷപ്പെടുത്തപ്പെടാനുള്ളതല്ല .അല്ലാഹു എന്ന പദത്തെ ഇന്ത്യൻ ഭരണഘടന ഉൾക്കൊള്ളുന്നുണ്ട് ,സാമൂഹിക പ്രതിനിധികൾ ഭരണഘടനാപരമായി ആ നാമമുച്ചരിക്കുന്നതിന് രാഷ്ട്രീയ പ്രസക്തിയുണ്ട് .രാഷ്ട്രീയം പ്രദർശിപ്പിക്കാൻ കൂടിയുള്ളതാണ് ,ഈ മാറ്റിനിർത്തൽ കാരണം നാളെ അല്ലാഹു എന്ന ശബ്ദം ജനാധിപത്യത്തിന് അപരിചിതമായാൽ , അൺഫെമിലിയറായാൽആരായിരിക്കും പ്രതികൾ ? മാത്രമല്ല , നിത്യജീവിതത്തിൽ ആവർത്തിക്കുന്ന ആ പദം പൊതുവേദിയിൽ പറയാനുള്ള നാണമാണ് ഏറ്റവും വലിയ മതേതര കാപട്യം ,മതകീയ നിഫാഖും .
Leave a Reply