In Prophetic
By ശുഐബുൽ ഹൈതമി
മിഅ'റാജ് : പറക്കുന്ന പ്രവാചകനെ കൂട്ടിലാക്കിയ ക്ലിക്ക് .
ഖുർആനിൽ ധാരാളം നിമിഷമുദ്രകളുടെ ചിത്രങ്ങളുണ്ട് . മനുഷ്യചരിത്രം കടന്നുവന്ന ഘട്ടങ്ങളുടെ ചിത്രശാല , നിറം മങ്ങാത്ത ആൽബമായി ഖുർആനിലുണ്ട് . സൗന്ദര്യബോധവും ചരിത്രബോധവും ആവിഷ്ക്കരണവും ഒന്നിക്കുന്ന ശക്തിക്കൊത്ത് അവ മങ്ങാം ,മിന്നാം .
എന്നെ സംബന്ധിച്ചേടുത്തോളം ഖുർആനിലെ ഏറ്റവും ഭാവപ്പറ്റുള്ള Photogenic രംഗം അധ്യായം നജ്മിലെ പതിനേഴാം വചനമാണ് , വ്യാഖ്യാനഭേദങ്ങൾ ഉണ്ടെന്നറിയേ തന്നെ .
നിശാകാശ പ്രയാണമാണ് സന്ദർഭം ,
സൃഷ്ടികളെ - മുഹമ്മദും മുഹമ്മദല്ലാത്തതും എന്ന് അല്ലാഹു രണ്ടാക്കിയ രാത്രിയാണത്.
സീനാ കുന്നിഞ്ചെരുവിൽ ചെരിപ്പൂരി നിൽക്കുന്ന മൂസാ പ്രവാചകന് മുന്നിൽ അല്ലാഹു എഴുപതിനായിരം മറകൾക്കപ്പുറം തൻ്റെ ജ്വാല പ്രകാശനം ചെയ്തിരുന്നു , മലപൊടിഞ്ഞും പോയി ,തൗറാതിൻ്റെ നബിയുടെ ബോധവും പോയി.
ഇവിടെ , ബുറാഖിലേറി മക്കത്തെ മുഹമ്മദിൻ്റെ ഉഠയനമാണ് ,പ്രൈവറ്റ് സെക്രട്ടറിയായി പറക്കുന്നത് ജിബ്രീരീലാണ്. പാദുകം തൃപ്പാദങ്ങളിൽ തന്നെ. പടപ്പുകൾക്കിറക്കപ്പെട്ട ജ്ഞാനങ്ങളിൽ പറഞ്ഞ ലോകങ്ങളൊക്കെ എപ്പോഴോ തീർന്നിരിക്കുന്നു . പ്രകാശവും പ്രകാശവും തുടരത്തുടരേ തിരതല്ലുന്ന വെളിച്ചത്തിൻ്റെ കടൽക്കരയിലെത്തിയപ്പോൾ ജിബ്രീൽ ,ബുറാഖിൻ്റെ കടിഞ്ഞാൺ വലിച്ചു.
കാലം കായ്ക്കുന്ന കൽപ്പകവൃക്ഷം - സിദ്റതുൽ മുൻതഹയിലെ വളളിപ്പടർപ്പുകളിൽ തൊട്ടുരുമ്മി അവരിറങ്ങി.
മലക്ക് പറഞ്ഞു ,
"ഇവിടന്നങ്ങോട്ട് ഒരംശം കയറിപ്പോവാൻ എനിക്ക് അനുമതിയില്ല ,എൻ്റെ ലോകം ഇവിടെ തീരുകയാണ് , ഇനിയങ്ങോട്ടങ്ങ് ഒറ്റക്ക് സഞ്ചരിച്ചാലും " .
നബിയാൽ മാത്രം കാണപ്പെട്ട ലോകങ്ങളാണിനി , അല്ലാഹുവും അവൻ തെരെഞ്ഞെടുത്ത ഒരു മനുഷ്യനും മാത്രം .
താരാപഥങ്ങൾക്ക് മീതെ ആ ഒരേയൊരാൾ നടക്കുകയാണ് !
വഹ്യിൻ്റെ ഉറവിടത്തിനടുത്ത് ഭൂമിയിലെ പാദരക്ഷയോ !
ഇങ്ങേത്തലക്കലിൻ്റെ അങ്ങേയറ്റവും കടന്ന് അങ്ങേത്തലപ്പിലാ ഒരാൾ ,
യുഗപ്പകർച്ചകൾ കറങ്ങിമറിയുന്ന ചക്രം കണ്ടു ,
ഉദയാസ്തമനങ്ങളിൽ നിറം വീഴ്ത്തുന്ന ഛായപ്പീടികയും കണ്ടു ,
പുറപ്പെട്ടതൊക്കെ ചെന്നണയുന്ന ,വന്നണയുന്നതൊക്കെ പുറപ്പെടുന്ന
കണക്കുകിതാബും കണ്ടു .
അതിനിടയിൽ സ്വർഗവും നരകവും അതും കണ്ടു .
ഒടുവിലാ കുർസിയ്യിൻ്റെ കാലിൽ തൂക്കിയ ഖദറ് വരഞ്ഞ ഖലം തൊട്ടും നോക്കി മൊഴിഞ്ഞു ,
"നീയല്ലാതെ ഒരിലാഹ് വേറെയെങ്ങനെയുണ്ടാവാൻ " .
കണ്ണിലൊതുങ്ങാത്തവയിലൂടെ കാഴ്ച്ചകളും അറിവിലൊതുങ്ങാത്തവയിലൂടെ അനുഭവങ്ങളും ഒഴുകുകയാണ് , നബിക്കായ് അവയെ അണിയിച്ച് വെച്ചതോ , അണിയിച്ചൊരുക്കപ്പെട്ടതിലേക്ക് നബിയാനയിക്കപ്പെട്ടതോ , അജ്ഞാതം .
സൈനിക പരേഡ് വീക്ഷിക്കുന്ന
സേനാനായകൻ്റെ ,രാഷ്ട്രത്തലവൻ്റെ ഗാംഭീര്യത്തോടെ ,പക്വതയാർന്ന പടത്തലവനെപ്പോലെ ആ സംവിധാന വ്യൂഹങ്ങളെല്ലാം കണ്ട്കൊണ്ട് തലയെടുപ്പോടെ നിന്ന മഹാമുഹമ്മദിന് നേരെ അസ്റാറിൻ്റെ ക്യാമറ രണ്ട് വട്ടം കണ്ണ് ചിമ്മി.
അല്ലാഹു പോലും കൗതുകം കൂറിയ ഒരു സ്റ്റിൽചിത്രം തെളിഞ്ഞു ,
ഫോട്ടോപോസിംഗ് അസാധ്യം !
مَا زَاغَ الْبَصَرُ وَمَا طَغَى (സൂറ നജ്മ് - 17 )
"കണ്ണ് മഞ്ഞളിച്ചുമില്ല ,
അറ്റൻഷൻ തെറ്റിച്ചുമില്ല "
ജന്നാതുൽ ഫിർദൗസിൻ്റെ ബാൽക്കണിച്ചുവരിൽ ആ ചിത്രം തുക്കിയിട്ടിട്ടുണ്ടാവുമോ !
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം .
Leave a Reply