In Aesthetic
By ശുഐബുൽ ഹൈതമി
ഉന്മത്തത : മത്ത് , മസ്താൻ , മനുഷ്യൻ .
ലഹരി നുണഞ്ഞ് ഉന്മദത്തതയണരുതെന്ന് മനുഷ്യരോട് പറയുന്നതും നിരുപാധികം ലഹരി വിരുദ്ധ നിർമ്മാണങ്ങൾ നടത്തുന്നതും ഇസ്ലാമിക ദൃഷ്ട്യാ മനുഷ്യാവകാശലംഘനവും അശാസ്ത്രീയവുമാണ്. വിനോദങ്ങളുടെ ഭാഗമായ ലഹരി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ടതാണ്. നിഷേധിക്കപ്പെടുന്ന ലഹരിക്ക് പകരം ആ ആസക്തിയെ സംതൃപ്തിപ്പെടുത്തിക്കൊടുക്കുന്ന മറ്റൊരു ആൾട്ടർനേറ്റീവ് അവതരിപ്പിക്കാൻ നിരോധിക്കുന്നവർക്കും ഉപദേശിക്കുന്നവർക്കും സാധിക്കണം.
ഉറക്കം,വിസർജനം ,പാനം,അന്നം ,ലൈംഗികത ,വസ്ത്രം ,പാർപ്പിടം ,വിനോദം എന്നിങ്ങനെയാണ് മനുഷ്യന്റെ ആവശ്യങ്ങളുടെ ക്രമം.മാറ്റിവെക്കാനും നീട്ടിവെക്കാനുമുള്ള പറ്റായ്മയുടെ തീവ്രതയനുസരിച്ചാണ് തദ്ക്രമം . അക്കൂട്ടത്തിൽ വിനോദത്തിന്റെ പരിധിയിൽ വരുന്നതാണ് ലഹരി, കലാ-കായിക -സംഗീതം തുടങ്ങിയവ .
അക്കൂട്ടത്തിൽ വിനോദമല്ലാത്തവയെ ഇസ്ലാം പ്രത്യക്ഷത്തിൽ തന്നെ വ്യവസ്ഥകളോടെ അനുവദിനീയമാക്കുകയോ ശേഷം പുണ്യകരമാക്കുകയോ ചെയ്തു. എന്നാൽ വിനോദത്തിന്റെ കാര്യത്തിൽ മദ്യമല്ലാത്തവയെ ഉപാധികളോടെ സമ്മതിച്ചപ്പോഴും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഇസ്ലാം നിരുപാധികം നിശിദ്ധമാക്കി. പക്ഷെ അതിനപ്പുറത്താണ് കാര്യം കിടക്കുന്നത്. ലഹരിപദാർത്ഥങ്ങൾ വിലക്കിയപ്പോഴും മനുഷ്യന്റെ ലഹരിയാസക്തിയെ ഇസ്ലാം നിരാകരിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിനെ കലാത്മകമാക്കുകയായിരുന്നു. അവിടെയാണ് ആധുനിക ഭരണകൂടങ്ങൾ/രാഷ്ട്രീയ സാമൂഹിക മാധ്യമങ്ങൾ നടത്തുന്ന ലഹരി വിരുദ്ധതയും ഇസ്ലാമിന്റെ കാഴ്ചപ്പാടും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. പദാർത്ഥ ബന്ധിതമായ ഉന്മത്തദയിൽ നിന്നും ആശയബന്ധിതമായ ആത്മീക ലഹരിയുടെ സാധ്യതകളിലേക്ക് സമൂഹത്തെ നയിക്കുകയായിരുന്നു ഇസ്‌ലാം . അല്ലാഹു - റസൂൽ - മരണം - സ്വർഗം എന്ന ആശയശ്രംഖല ഉൽപാദിപ്പിച്ച ആമോദം മൂർത്തം തന്നെയായിരുന്നു.
ഇക്കാര്യം അവതരിപ്പിക്കുമ്പോൾ മതപണ്ഡിതന്മാർ പോലും വിഷയത്തിന്റെ മർമ്മം തൊടാതെ പോവുകയാണ്.
ഉദാഹരണത്തിന് , ഇസ്ലാമിൽ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തിയതിന്റെ ശാസ്ത്രീയത - മദ്യാസക്തിയിൽ അതുരക്തരായ ജനങ്ങൾക്ക് മനസ് വീണ്ടെടുക്കാനുള്ള അവധാനതയുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്. അതിന്റെ മറുപുറമാണ് പ്രധാനം . അവർക്ക് ആരാധനകളോടുള്ള വിശ്വാസപരമായ ലഹരി പട്ടംഘട്ടമായി പൂർണ്ണതയിലെത്തിക്കുകയായിരുന്നു ആ ക്രമാനുഗത. ഒന്നാം ഘട്ടനിരോധനം നമസ്ക്കാരത്തെ മുന്നിർത്തിക്കൊണ്ടായിരുന്നുവെങ്കിൽ സമ്പൂർണ്ണ മദ്യനിരോധനം വിളംബരം ചെയ്യുന്ന ഖുർആനിക വചനം നമസ്ക്കാരാനന്തരമായിരുന്നു.മദ്യചഷകമായി " വിസ്വാലും ഫനാഉം " ഉള്ളപ്പോൾ എന്തിനാണ് പിന്നെ കള്ളുവീപ്പകൾ ?
എന്നായിരുന്നു അതിന്റെ സന്ദേശം.
കാരണം , പദാർത്ഥ ബന്ധിത ഒന്നാം ഘട്ടത്തിൽ , അസ്വാഭാവികരസം പ്രദാനിച്ചാണ് ഇരകളെ ബാധിക്കുന്നതെങ്കിൽ ക്രമേണെ സ്വാഭാവിക നിലയിൽ നിന്നും താഴ്ന്ന് സ്വാഭാവിക നിലയിലെത്താൻ ആ പദാർത്ഥം കൂടിയേ തീരൂ എന്നാവും .
എന്നാൽ ആത്മീക ലഹരി അസ്വാഭാവികരസം വർദ്ധിപ്പിച്ച് കൊണ്ടേയിരിക്കുകയും ഉപയോഗിക്കാതിരുന്നാൽ സ്വാഭാവിക നിലയിലേക്ക് തന്നെ തിരിച്ചെത്തിക്കുകയും ചെയ്യും . മനസ്തിഥി ശരാശരിക്ക് താഴോട്ട് പതിക്കില്ല അവിടെ .
പറഞ്ഞുവന്നത് , ലഹരിഭ്രമത്തിൽ മനസ് മുറിഞ്ഞുവീണവരെ നിയമം കാണിച്ച് പേടിപ്പിക്കാനും ബോധവൽക്കരിച്ച് പിന്തിരിപിക്കാനും ശ്രമിക്കുന്നതിൽ വിജയം വരാനില്ല . അത്തരക്കാർക്ക് ബദൽ നിർദ്ദേശിക്കാൻ നിങ്ങളുടെ പക്കൽ എന്തുണ്ട് മറുമരുന്ന് എന്നയിടത്താണ് ചികിത്സയുടെ ഫലാഫലം .
Leave a Reply