In Astronomy
By ശുഐബുൽ ഹൈതമി
ഖിബ്ല ഡയറക്ഷനും IDL ഉം : അബദ്ധമാഘോഷിക്കുന്ന 'ശാസ്ത്രീയ മുസ്ലികൾ'
IDL അഥവാ ഇൻ്റർനാഷണൽ തിയ്യതി രേഖയുടെ മക്കവരെയുള്ള പടിഞ്ഞാറ് ഭാഗത്തുള്ളവർ ഖിബ്ലക്ക് നേരെ തിരിയാൻ പടിഞ്ഞാറിലേക്ക് തിരിയണമെന്നും IDL ൻ്റെ കിഴക്ക് ഭാഗത്തുള്ളവർ ഖിബ്ലക്ക് നേരെയാവാൻ കിഴക്കിലോട്ട് തിരിയണം എന്നുമാണ് അലി മണിക്ഫാൻസിൻ്റെ കണ്ടെത്തൽ .
അതനുസരിച്ച് റഷ്യയുടെ കിഴക്കേ അറ്റത്തെ പള്ളിയുള്ളവരും അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തെ പള്ളിയിലുള്ളവരും നമസ്ക്കരിക്കുമ്പോൾ പിറകിലോട്ട് നടന്നാൽ അവർ പരസ്പരം ഊരക്ക് ഊര തട്ടി നിൽക്കും എന്നാണ് മണിക്ഫാൻ തൻ്റെ പുസ്തകങ്ങളിലും അതിനെ പിന്തുണച്ച് ഡോ . കോയക്കുട്ടി ഫാറൂഖിയെപ്പോലുള്ള ഹിലാൽ ഹിജ്റ കമ്മറ്റി പ്രചാരകരും പറയുന്നത്.
IDL നെ യാഥാർത്ഥ്യങ്ങൾക്കപ്പുറം മഹത്വപ്പെടുത്തുക വഴി ന്യൂമൂൺ ചന്ദ്രമാസത്തിൻ്റെ പ്രയോഗരീതിയെ ഇസ്‌ലാമികവൽക്കരിക്കാനാണ് ഭഗീര പ്രയത്നം . IDL നെ അംഗീകരിക്കൽ മുസ്ലിമിന് നിർബന്ധമാണെന്നും നിലവിലെ IDL കണ്ടെത്തൽ വഴിയാണ് ഖുർആനിക കാലഗണന സമ്പൂർണ്ണമായതെന്നും നിസ്സങ്കോചം അവർ എഴുതുന്നു .
അവയോടുള്ള ചില പ്രതികരണങ്ങൾ മാത്രമാണിത് .
1 : ശരിയല്ല , റഷ്യയിലെ കിഴക്കേ തീരത്തെ പള്ളിയിലെയും അമേരിക്കയിലെ പടിഞ്ഞാറേ തീരത്തെ പള്ളിയിലെയും ഖിബ്ല പരസ്പര വിപരീതങ്ങളല്ല. രണ്ടും വടക്കിൽ നിന്ന് വടക്കിലേക്ക് തന്നെ നിന്ന് സ്വൽപ്പം ഇടത്തോട്ട് ചെരിയലാണ് . ( IDL ഭാഷയിൽ ,കിഴക്കിലോട്ട് നിന്ന് തെക്കോട്ട് തെറ്റൽ എന്നും പറയാം ) .
Eg : റഷ്യയിലെ കിഴക്കേ അറ്റമായ Anadyr നഗരത്തിലെ പള്ളിയിലെയും അമേരിക്കയിലെ പടിഞ്ഞാറേ അറ്റമായ അലസ്കാ പള്ളിയിലെയിലെയും ഖിബ്ലാ ഡയറക്ഷൻ - ഒരേ ദിശയിലേക്കുള്ളത് - കമൻ്റ് ബോക്സിലിടുന്നു .
2 : തെറ്റ് : ഖിബ്‌ല മാറ്റവും IDL ഉം തമ്മിൽ യാതൊരു ബന്ധവുമില്ല . കേവലം കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയലല്ല ഖിബ്ല . ഭൂമി മൊത്തമെടുത്താൽ റൗണ്ടിലാണ് ഭൂഗോള നമസ്ക്കാരങ്ങൾ സംഭവിക്കുന്നത് . ഭൂമിയിൽ ഖിബ്ല മാറ്റത്തിന് ഏക സാധ്യതയുള്ളത് മക്കയുടെ Antipode ആയ പസഫിക് സമുദ്രത്തിലെ Tematagi യിൽ മാത്രമാണ് .
' കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയലല്ല പുണ്യം ' എന്ന വചനം IDL ന് തെളിവാക്കുന്നത് അത്യന്തം ദുർവ്യാഖ്യാനമാണ് . ആ വചനം യഹൂദ - ക്രൈസ്തവ പ്രാർത്ഥനാ ദിശകളെ സംബന്ധിച്ചുള്ള നിരാകരണമാണ് . അല്ലെങ്കിൽ മക്കയുടെ കിഴക്കും പടിഞ്ഞാറും എന്നാണർത്ഥം .
കഴിഞ്ഞ post ൽ വിശദമായി എഴുതിയത് നോക്കാം .
3 : അബദ്ധം : IDL ഉം ഗ്രീനിച്ച് രേഖയും വരുന്നതിന് മുമ്പേ , മുസ്ലിം ലോകം വേറെ പ്രൈം മെറിഡിയനും അതിനനുസരിച്ചുള്ള കിഴക്ക് - പടിഞ്ഞാറ് സമയ മാറ്റരീതികളും അവലംബിച്ചിരുന്നു. ലോക വ്യാപാരാധിപത്യം യൂറോപ്യർക്ക് ആയിരുന്നില്ലേൽ ആധുനിക പ്രൈം മെറിഡിയൻ UK കേന്ദ്രീകരിച്ചാവണമെന്നില്ലായിരുന്നു.
എന്നാൽ നിലവിലെ IDL നെ അംഗീകരിക്കുന്നത് കൊണ്ട് യാതൊരു തെറ്റുമില്ല താനും .
പൊതുവായ ലോകതീരുമാനത്തിനൊത്ത് പാകപ്പെടാനുള്ള ഇലാസ്തികത കൂടിയാണ് ഇസ്‌ലാം .
3 : വീണ്ടും അബദ്ധം : ഇസ്ലാമിൽ സുബ്ഹി മുതലാണ് ദിവസാരംഭം എന്നത് ശരിയല്ല .
രാവിലെയാവുന്നത് സുബ്ഹിക്കാണെന്നതിനെ പിടിച്ച് ദിവസത്തിൻ്റെ തുടക്കമാക്കണ്ട . രാത്രിയേക്കാൾ പകലിനെ മുന്തിച്ച ആയതുകളേക്കാൾ കൂടുതൽ
പകലിനേക്കാൾ രാത്രിയെ മുന്തിച്ച ആയതുകളാണ് ഖുർആനിലുള്ളത് .
അതുമല്ല , IDL അനുസരിച്ച് ഗ്രീനിച്ചിൽ പാതിരാത്രി 12 Am നും മറുപുറത്ത് നട്ടുച്ച 12 pm നുമാണ് ദിനമാറ്റം . അപ്പോൾ മക്കയിൽ 3 Am ആണ് സമയം . അതാണോ പ്രഭാതം !? മക്കയിൽ 3 Am ന് സൂര്യൻ ചക്രവാളത്തിന് താഴെ സുബ്ഹി രേഖയിൽ എത്തിയിട്ടുണ്ടാവില്ല .
: അടുത്ത പതിപ്പിൽ ഈ പേജ് ഒഴിവാക്കലോ തിരുത്തലോ ആണ് കരണീയം .
Leave a Reply