In Theology
By ശുഐബുൽ ഹൈതമി
Aztec Cosmology : ബലിപെരുന്നാൾ നരബലി നിരോധന വാർഷികം .
ഇബ്റാഹീം ( അ ) മകനായ ഇസ്മാഈലിനെ (അ) അറുക്കാനും പിന്നീട് അറുക്കാതിരിക്കാനും വേണ്ടി രൂപപ്പെടുത്തപ്പെട്ട സ്വപ്നനിർദ്ദേശസംഭവം ഫലത്തിൽ നരബലി എന്ന ചരിത്രാധീതകാല സംസ്ക്കാരത്തിന്റെ വിപാടനമായിരുന്നു.
ദീർഘമായ ഒരു തിരക്കഥയുടെ മുഖവുര മാത്രം വായിച്ച് ഉള്ളടക്കവും സമാപനവും ശ്രദ്ധിക്കാതിരിക്കാൻ വിമർശകർ കാണിക്കുന്ന ' ജാഗ്രത' കാണാതെ പോവുന്നില്ല .
ഫസ്റ്റ് സീനല്ല , ക്ലൈമാക്സാണ് കഥയുടെ കാര്യം .
എഴുതപ്പെട്ട മനുഷ്യ ചരിത്രത്തിന്റെ സമാരംഭം മുതൽക്കേ നിലവിലുണ്ടായിരുന്ന രീതിയായിരുന്നു നരബലി . BCE 5000 മുതൽ താഴോട്ടുള്ള റോമൻ , ഗ്രീക്ക് , ചൈനീസ് , അമേരിക്കൻ , പാഗൻ നാഗരികതകളിലും അന്നത്തെ സാഹിത്യങ്ങളിലുമെല്ലാം ഏറിയും കുറഞ്ഞും മനുഷ്യരെ ജീവനോടെ കൊന്ന് ദൈവങ്ങൾക്ക് കാഴ്ച്ച വെച്ചിരുന്നു.
ചൈനയിലെ Han Dynasty യിലെ Duke wu അദ്ദേഹത്തിന്റെ അന്നത്തെ രാജ്യമായ Qin ൽ നടത്തിയ നരബലിയാണ് ചരിത്രത്തിൽ വേറിട്ട് പറയപ്പെടാറുള്ളത്.
ഇക്കാലഘട്ടത്തിന്റെ മധ്യത്തിലാണ് ബാബിലോണിയ- മെസപ്പെട്ടോമിയ , അറേബ്യ എന്നിവിടങ്ങളിൽ 'അബ്രഹാമികത ' വികസിക്കുന്നത്. ഇബ്റാഹീം (അ) മിന്റെ നാട്ടിൽ അതിലേറെയുണ്ട് കഥകൾ .
ഇന്നത്തെ ഇറാൻ- ഇറാഖ് - തുർക്കി പ്രവിശ്യകളിൽ അന്ന് Aztec Cosmology യായിരുന്നു ആധിപത്യം നേടിയിരുന്നത്.
അഗ്നിദേവനായ സൂര്യഭഗവാൻ - Huitzilopochtli യുടെ ആരാധകരായിരുന്നു അവർ . ഇന്നത്തെ അമേരിക്കൻ - മെക്സിക്കൻ പ്രദേശങ്ങളിലും ഇതേ ജനവിഭാഗമായിരുന്നു. സൂര്യഭഗവാൻ എല്ലാദിവസവും ഇരുട്ടിന്റെ രാക്ഷസനോട് യുദ്ധം ചെയ്യുകയാണെന്നും ബലിലബ്ദമായ കൗമാരപ്രായക്കാരായ ആൺ - പെൺ കുട്ടികളുടെ ചുടുരക്തം കിട്ടിയില്ലെങ്കിൽ സൂര്യദേവൻ തോറ്റ്പോവുമെന്നും പിന്നെ വെളിച്ചം കെട്ടണയുമെന്നുമായിരുന്നു അവരുടെ വിശ്വാസം.മെസപ്പെട്ടോമിയയുടെ തലസ്ഥാനമായ ബാബിലോണിയയിലെ ഊറായിരുന്നു ഇബ്റാഹീം (അ ) ന്റെ ജന്മനാട് .പുരാവസ്തുഗവേഷകന്മാർ അവിടെ ,12 - നും 20 നും ഇടയിൽ പ്രായമുള്ള ധാരാളം ശരീരാവശിഷ്ടങ്ങൾ ഒന്നിച്ച് കണ്ടെത്തിയ ശേഷം സാഹചര്യം വിലയിരുത്തിപ്പറഞ്ഞത് , ക്രൂരമായ നരബലിയായിരുന്നു അവയെന്നാണ്. ചരിത്രഗവേഷകനായ Owen Jarus ഇതേക്കുറിച്ച് നടത്തിയ പഠനം സചിത്രം ഇന്റർനെറ്റിൽ ലഭ്യമാണ് .
അത്തരമൊരു സാമൂഹിക ചുറ്റുപാടിൽ വെച്ച് , നരബലിയുടെ നിഷ്ഠൂരത അനുഭവിപ്പിച്ച ശേഷം അതിനെതിരെയുള്ള കരുത്തുറ്റ ശബ്ദമായി പ്രവാചകനെ പരിണമിപ്പിക്കുകയായിരുന്നു അല്ലാഹു.
നരബലി നിരോധനത്തിൻ്റെ വാർഷികം കൂടിയാണ് ഹജ്ജ് .
സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് വേണ്ടി പതിനായിരക്കണക്കിന് മനുഷ്യരെ
' ഡമോക്രാറ്റിക് നരബലി ' ക്ക് വിധേയമാക്കുന്ന ആധുനിക രീതിക്കെതിരായ ബോധവൽക്കരണവും അതിലുണ്ട് .
ആരാധ്യ മൂർത്തിയായ അന്തിക്രിസ്തുവിന് വേണ്ടി ഹോമിക്കപ്പെടുന്ന നിരപരാധികൾക്ക് വേണ്ടി കാലങ്ങൾക്ക് മുമ്പേ ഇബ്റാഹീം ( അ ) മിന് ലഭിച്ച വെളിപാടാണ് ബലി പെരുന്നാൾ സന്ദേശം . ഒപ്പം ,
ഇബ്റാഹീം (അ )ഹൃദയവായ്പുകൾ മുഴുവൻ അല്ലാഹുവിന് സമർപ്പിതമാവുക എന്ന തത്വമതിനിടയിൽ ഉണ്ട് താനും .
ഇങ്ങനെ , തെറ്റായ രീതിയിൽ നിന്നും ശരിയിലേക്ക് നാടകീയമായ ചുവടുവെപ്പുകൾ നടത്തിയ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ചരിത്രത്തിൽ വേറെയുമുണ്ട്.
സൂര്യാരാധകരായ നാട്ടുകാർക്കൊപ്പം ആദ്യമാദ്യം താര - ചന്ദ്ര - സൂര്യ ഭക്തനായി പ്രത്യക്ഷപ്പെടുകയും പിന്നീട് അതിൻ്റെ അനർത്ഥം അനാവരണം ചെയ്ത് സത്യശക്തിസ്വത്വമായ അല്ലാഹുവിനെ പരിചയപ്പെടുത്തുകയും ചെയ്ത സംഭവം വിശുദ്ധ ഖുർആനിൽ ഉണ്ടല്ലോ .
ഫലത്തിൽ , നരബലിക്കെതിരായ കാലാതിവർത്തിയായ രാഷ്ട്രീയവും മതവുമാണ് ഇബ്റാഹീം - ഇസ്മാഈൽ ( അ ) സംഭവം . പകരം മൃഗത്തെ ബലി നൽകുക എന്നത് പ്രകൃതിയുടെ ആസൂത്രണ പാടവം പ്രദാനിക്കപ്പെട്ട മനുഷ്യർക്ക് ചേർന്നത് തന്നെയാണ്. മൃഗങ്ങളാട് തോന്നുന്ന കാരുണ്യ ബോധവും അല്ലാഹു സൃഷ്ടിച്ച് തരുന്നതാണ്.
ആ മൃദുലവികാരം അല്ലാഹുവിന് തന്നെ തിരികെ നൽകുന്ന കൃത്യമാണ് മൃഗബലി.
ചോര ചിന്തി അറുക്കുമ്പോൾ മനസ്സിൽ തോന്നുന്ന കൃപ , അലിവ് തുടങ്ങിയ മൃദുല വികാരങ്ങൾ മനസ്സിൽ ഉണർത്തിത്തരുന്നവനും അല്ലാഹു തന്നെയാണ് , സ്വയം ഉണ്ടാവുകയല്ല .
ആ ആർദ്ര വികാരങ്ങൾ അവനിലേക്ക് തന്നെ സമർപ്പിച്ച് സ്വയം നിസ്സഹയത വരിക്കലാണ് ബലി .
അത്തരം അറുക്കപ്പെടുന്ന ഉരുക്കൾ നാളെ പരലോകത്ത് വാഹനങ്ങളായി വിലസും എന്നാണ് ബലിയുടെ ബാക്കി വിശ്വാസം .
ഏതെങ്കിലും വഴിയേ ഇല്ലാതാവുന്ന / അറുക്കപ്പെടുന്ന ഉരുക്കൾക്ക് ലഭിക്കുന്ന ആദരവാണ് ബലിക്ക് വേണ്ടി തെരെഞ്ഞെടുക്കപ്പെടൽ - ഇതാണ് വിശ്വാസം .
ഈ സമഗ്രദർശനമാണ് ഇസ്ലാം .
ബലിയിറച്ചി ഗുഹയിൽ വെച്ച് ദൈവം തിന്നട്ടെ എന്ന് ഇസ്ലാം കരുതുന്നില്ല താനും. പാവങ്ങൾ തിന്ന് വിശപ്പകറ്റുകയാണ്.
മൃഗത്തെ അറുക്കാൻ തന്നെ പാടില്ല എന്നാണെങ്കിൽ അതേ ന്യായം വെച്ച് പച്ചക്കറികൾ വെട്ടാനും പാടില്ല. ചെടികൾക്കും വികാരങ്ങളുണ്ട്.
എന്തിനേറെ , ഒരു ഗ്ലാസ് പച്ചവെള്ളം ചൂടാക്കുമ്പോൾ ചത്ത് പോവുന്ന കോടിക്കണക്കിന് ബാക്ടീരിയകൾക്കും ജീവനുണ്ട് .പച്ചിലകൾക്ക് പോലും വികാരങ്ങളുണ്ടന്നല്ലേ ,മരങ്ങൾക്ക് വിചാരങ്ങളുണ്ടെന്നല്ലേ , ഫെറമോൺസുകൾ (Pheromones) വഴി അവകൾ ദാഹവും വിശപ്പും പ്രണയവും പങ്കുവെക്കാറുണ്ടെന്നല്ലേ ?
സ്വന്തം വയറിൻ്റെ കടി മാറ്റാൻ ഒരു ചീരച്ചെടി ചട്ടിയിലിട്ട് വറുക്കുമ്പോൾ എന്തുമാത്രം വികാരവിചാരങ്ങളാണ് ബലി കഴിക്കപ്പെടുന്നത് എന്ന് പരിസ്ഥിതി തീവ്രവാദികൾ പറയാറുണ്ടോ ?
: : നാസ്തികരെയും അവരുടെ ചാവേർപ്പട Ex . നെയും ഇക്കാര്യത്തിൽ ഗൗനിക്കേണ്ടതില്ല . അവർ ചെറിയ പെരുന്നാളിന് അബ്രഹാം മുസ്ലിംകളുടേതല്ല ക്രൈസ്തവരുടേതാണെന്നുംവലിയ പെരുന്നാളിന് മുസ്ലിംകളുടെ ഇബ്റാഹീം ക്രൂരനാണെന്നും പറയുന്ന തമാശയാണ് .
Leave a Reply