In Prophetic
By ശുഐബുൽ ഹൈതമി
മീലാദാഘോഷം : മക്ക മുതൽ മക്ക വരെ
ഹിജ്റാബ്ദം 540 ൽ മരണപ്പെട്ട സ്പാനിഷ് സഞ്ചാരസാഹിത്യകാരനായിരുന്ന ഇബ്നു ജുബൈറിന്റെ , ബെയ്റൂട്ട് ഹിലാൽ ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച " രിഹ്ലതുബിനി ജുബൈർ " എന്ന കൃതിയുടെ 82 ആം പേജിൽ കാണാം ,
" റബീഉൽ അവ്വലിൽ , പ്രത്യേകിച്ച് തിങ്കളാഴ്ച്ച നബിപ്പിറവി നടന്ന വീട് എല്ലാവർക്ക് വേണ്ടിയും തുറന്ന് കൊടുക്കപ്പെടും. നബിദിനത്തിന്റെ അന്ന് മറ്റെല്ലാ പരിശുദ്ധസ്ഥലങ്ങളും ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കപ്പെടാറുണ്ടായിരുന്നു. "
ഹിജ്റാബ്ദം 597 ൽ മരണപ്പെട്ട വിശ്വവിശ്രുത പണ്ഡിതൻ ഇബ്നുൽ ജൗസി (റ) തന്റെ
" ബയാനുൽ മൗലിദിശ്ശരീഫ് " ൽ എഴുതി ,
" മക്കാ - മദീനാ ഹറം നിവാസികളും , ഈജിപ്ത് , യമൻ , സിറിയ തുടങ്ങി മറ്റെല്ലാ അറബ് ദേശക്കാരും റബീഉൽ അവ്വലിലെന്നും നബികീർത്തന സദസ്സുകൾ ഒരുക്കാറുണ്ടായിരുന്നു .റബീഉൽ അവ്വൽ മാസപ്പിറവിയെ അവർ ആഹ്ലാദപൂർവ്വം വരവേൽക്കുകയും മൗലിദോതാനും കേൾക്കാനും അതീവ താൽപര്യം കാണിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയവർ ഉന്നതമായ വിജയവും പ്രതിഫലവും കരസ്ഥമാക്കുകയും ചെയ്യുന്നു "
ഹിജ്റാബ്ദം 633 ൽ മരണപ്പെട്ട ഹദീസ് - കർമ്മശാസ്‌ത്രവിശാദരനായിരുന്ന അബുൽ അബ്ബാസി , മുഹമ്മദുൽ മൻവനിയുടെ
"വറഖാതുൻ ഫീ ഹദാറതിൽ മറീനിയ്യീൻ " എന്ന കൃതിയുടെ 517 - 518 പേജുകൾ ഉദ്ധരിച്ച് കൊണ്ട് തന്റെ കൃതിയിൽ എഴുതി.
" തീർച്ച ,നബിദിനത്തിന് മക്കയിൽ പൊതു അവധിയായിരുന്നു . അന്നേദിവസം സന്ദർശകർക്ക് വേണ്ടി വിശുദ്ധ കഅബാലയം തുറക്കപ്പെടാറുണ്ട് " .
ഹിജ്റാബ്ദം 779 ൽ മരണമടഞ്ഞ , ലോകസഞ്ചാരിയും ചരിത്രകാരനുമായിരുന്ന ഇബ്നു ബത്തൂത്വയുടെ ട്രാവലോഗായ "തുഹ്ഫതുന്നദ്ദാർ ഫീ ഗറാഇബിൽ അംസ്വാർ വ അജാഇബിൽ അസ്ഫാർ " എന്ന ലോകപ്രശസ്ത കൃതിയുടെ ഒന്നാം ഭാഗം 101 ആം പേജിൽ കാണാം ,
" ഹജറുൽ അസ്വദിന്റെയും റുക്നുൽ ഇറാഖിയുടെയും ഇടയിലുള്ള വിശുദ്ധ കഅബാലയത്തിന്റെ വാതിൽ എല്ലാ ജുമുഅ: നമസ്ക്കാരാനന്തരവും പ്രവാചകപ്പിറവിയുടെ ദിനത്തിലും തുറക്കപ്പെടാറുണ്ടായിരുന്നു "
ഹിജ്റാബ്ദം 902 ൽ മരണപ്പെട്ട ചരിത്രപണ്ഡിതൻ ശംസുദ്ധീനുസ്സഖാവി , " അൽ മൗരിദുൽറവിയ്യു ഫീ മൗലിദിന്നബിയ്യി വ നസബിഹിത്താഹിർ " എന്ന ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) വിന്റെ ഗ്രന്ഥത്തിൽ നിന്നുമുദ്ധരിച്ച് കൊണ്ട് എഴുതി ,
" നന്മയുടെയും ഐശ്വര്യത്തിന്റെയും കലവറയായ മക്കക്കാർ , മീലാദ് ദിവസം തിരുനബിപ്പിറവി നടന്ന " സൂഖുല്ലൈലിൽ " ഉള്ള ഭവനത്തിലേക്ക് ഉദ്ദേശ്യസാഫല്യം കൈവരിക്കാൻ വേണ്ടി നീങ്ങുമായിരുന്നു. സച്ചരിതരും സാധാരണക്കാരും ഒന്നൊഴിയാതെ അതിൽ ഭാഗവാക്കാകും . പണ്ഡിതപ്രമുഖരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് അശ്ശരീഫ് സ്വാഹിബുൽ ഹിജാസ് സംഘടിപ്പിക്കുന്ന സദ്യ ഏറെ ശ്രദ്ധേയമാണ്. മധുരപലഹാരങ്ങളും മറ്റുഭക്ഷണ വിഭവങ്ങളും എല്ലാവർക്കും വിതരണം ചെയ്ത് കൊണ്ടായിരുന്നു ചടങ്ങ് പൂർണ്ണമാവാവുക .മീലാദ് ദിനത്തിന്റെ പ്രഭാതത്തിൽ തന്റെ ഭവനത്തിൽ സ്വദേശികളും വിദേശികളുമായ വിശ്വാസികൾക്ക് വേണ്ടി ജീവിതദുരിതങ്ങൾ നീങ്ങുക എന്ന ഉദ്ദേശ്യത്തിൽ സൽക്കാര സുപ്രകൾ വിരിക്കപ്പെടുമായിരുന്നു. "
ഹിജ്റാബ്ദം 986 ൽ മരണപ്പെട്ട ജമാലുദ്ദീൻ മുഹമ്മദ് ജാറുല്ലാഹിൽ ഖുറൈഷിൽ മഖ്ദൂമി തന്റെ " അൽ ജാമിഉല്ലത്വീഫ് ഫി ഫദ്ലി മക്ക : വ അഹ്ലിഹാ വ ബിനാഇ ബൈതിശ്ശരീഫ് " എന്ന കൃതിയുടെ പേജ് 201 - 202 ൽ എഴുതി ,
" റബീഉൽ അവ്വൽ 12 ആം രാവ് മഗ്രിബ് നിസ്ക്കാരാനന്തരം മക്കയുടെ ഖാദി വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ തിരുപ്പിറവി നടന്ന സ്ഥലം സന്ദർശിക്കും. മൂന്ന് ഖാദിമാരും പൗരപ്രധാനികളും പണ്ഡിതന്മാരും അകമ്പടി സേവിക്കും. ദീപാലങ്കാരങ്ങളും വർണ്ണ വിളക്കുകളും ആളാരവങ്ങളും നിറഞ്ഞ് കവിയും "
ഹിജ്റാബ്ദം 988 ൽ മരണപ്പെട്ട അല്ലാമാ ഖുത്വുബുദ്ധീനുന്നഹർവാലി തന്റെ " അൽ ഇഅ്ലാമു ബി അഅ്ലാമി ബൈതില്ലാഹിൽ ഹറാം " എന്ന കൃതിയിൽ എഴുതി ,
" റബീഉൽ അവ്വൽ പന്ത്രണ്ടിന് തിരുപ്പിറവി നടന്ന സ്ഥലത്ത് വൻ ജനാവലി സന്ദർശനത്തിനെത്തും. കൊടികളും തോരണങ്ങളുമായി ഹറമിലെ ഇമാമുമാർ , നാല് ഖാദിമാർ , ഉന്നതവ്യക്തിത്വങ്ങൾ , പൊതുജനങ്ങൾ തുടങ്ങി എല്ലാവരും മഗ്രിബാനന്തരം മസ്ജിദുൽ ഹറാമിൽ നിന്ന് സൂഖുല്ലൈലിലേക്ക് നീങ്ങും . തിരുഗേഹത്തിലെത്തിയാൽ ഒരാൾ പ്രകീർത്തന പ്രഭാഷണം നിർവ്വഹിക്കും, ഭരണാധികാരികൾക്കായി പ്രാർത്ഥിക്കും. ശേഷം അവർ മസ്ജിദിലേക്ക് മടങ്ങും. അവർ മസ്ജിദിന് മധ്യേ നിരനിരയായി ഇരിക്കും. ശേഷം സംസം നിർവ്വാഹക സമിതി മേധാവി ഹറം ഭരണാധികാരിയുടെയും ന്യായാധിപന്മാരുടെയും സാന്നിധ്യത്തിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കും. പരസ്പരം സ്ഥാനവസ്ത്രങ്ങൾ അണിയിപ്പിക്കും. അപ്പോഴേക്ക് ഇശാ വാങ്ക് മുഴങ്ങും. പതിവ് പോലെ ഇശാ നമസ്ക്കാരം നടക്കും. പിന്നെ പണ്ഡിതന്മാർ ഹറം മേധാവിയോടൊപ്പം പ്രവേശന കവാടത്തിലേക്ക് ഒന്നിച്ച് വന്ന് ചടങ്ങവസാനിപ്പിക്കും. ഇത് , ഹറം മേൽനോട്ടക്കാരന്റെ പ്രധാന പദവികളിലൊന്നായിരുന്നു.
സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള എല്ലാ വിഭാഗം ആളുകളും അന്നതിൽ സംബന്ധിക്കുകയും സന്തോഷിക്കുകയും ചെയ്യുമായിരുന്നു " .
ഹിജ്‌റാബ്ദം 1114 ൽ മരണപ്പെട്ട തത്വചിന്തകനായ മഹാപണ്ഡിതൻ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി ( റ ) തന്റെ " ഫുയൂദുൽ ഹറമൈനി " യുടെ 80 - 81 പേജുകളിൽ എഴുതി ,
" .... അതിന് മുമ്പ് ഞാൻ നബിപ്പിറവി ദിനത്തിൽ വിശുദ്ധ മക്കയിലെ തിരുഭവനത്തിലായിരുന്നു . അവിടെ ജനങ്ങൾ പുണ്യനബി സ്വയുടെ മേൽ അപദാനഗാഥകൾ വർഷിക്കുകയായിരുന്നു. സംഗമത്തിൽ തിരുപ്പിറവിയോടനുബന്ധിച്ച് കൊണ്ടുണ്ടായ അൽഭുത സംഭവങ്ങൾ പറഞ്ഞ് കൊണ്ടിരിക്കേ ഞാനൊരൽഭുതം ദർശിച്ചു : അതിവേഗം വെളിച്ചത്തിന്റെ ഒരു മിന്നൽപിണർ അവിടെ പരന്നു . അത് ഞാൻ കണ്ടത് ഭൗതികനേത്രങ്ങൾ കൊണ്ടായിരുന്നില്ല . എന്നാൽ ആത്മാവിന്റെ കണ്ണ് കൊണ്ട് മാത്രമാണെന്ന് പറയാനും വയ്യ. അത് രണ്ടിന്റെയും ഇടയിലെങ്ങനെ അത് സംഭവിച്ചുവെന്നത് അല്ലാഹുവിന് ഏറ്റവുമറിയാം . എനിക്ക് തോന്നുന്നത് , അത്തരം സദസ്സുകളുടെ ചുമതല വഹിക്കുന്ന മാലാഖമാർ വന്നിറങ്ങിയതാണെന്ന് തന്നെയാണ്. വിശ്വകാരുണ്യത്തിന്റെ പ്രകാശവും മാലാഖമാരുടെ പ്രകാശവും കൂടിക്കുഴയുന്നത് ഞാനവിടെ കണ്ടു "
പ്രാചീന , മധ്യകാല , പൂർവ്വാധുനീക അറബ് ലോകവും വിശുദ്ധഹറമും നബിദിനം കൊണ്ടാടിയ രേഖകളാണ് മുകളിൽ ഉദ്ധരിച്ചത്.സ്നേഹ പ്രകടനം സ്നേഹം പോലെത്തന്നെ അനൈഛികമായതിനാൽ അവിടെ നിയമ ഭാഷ്യങ്ങൾ സാധുവല്ല.
നബവീ സന്ദേശങ്ങളുടെ നിശബ്ദ പ്രചരണം , ആധ്യാത്മികമായ ഇടതേട്ടം , ജീവിതം പുന:ക്രമീകരിക്കാനുള്ള അവസരം , അക്ഷര പ്രമാണങ്ങളിൽ വരണ്ടുണങ്ങാതെ ഇസ്ലാമിന്നെ കലാത്മകമായി നിലനിർത്താനുള്ള സൗന്ദര്യബോധം തുടങ്ങി ഒട്ടനേകം ഘടകങ്ങളുടെ സംയുക്തമാണ് മീലാദാഘോഷം .
ആധുനിക അറബ് പണ്ഡിത - മന്ത്രാലയ - സമിതികളും നബിദിനം വിശേഷദിവസവും ആഘോഷം പുണ്യകർമ്മവുമാണെന്ന് പറയുന്നു. മത- ഔഖാഫ് കാര്യ മന്ത്രാലയം , ജി.സി.സി,ഈജിപ്ത് ,മൊറോക്കോ,ഇറാഖ് ,ഫിലസ്ത്വീൻ - ഖുദ്സ് ഫത്വാ ഉന്നത സമിതി,
ചെച്നിയ ,യു.എ.ഇ , കുവൈറ്റ് , സിറിയ , ലബനൻ , ബോസ്നിയ , ഒമാൻ , ബഹ്റൈൻ , തുർക്കി , മാലദ്വീപ് , മലേഷ്യ , ഇന്തോനേഷ്യ , ചാഡ് , സെനഗൽ , ടുണീഷ്യ , മൗറിത്യാനിയ , സുഡാൻ ,പാകിസ്ഥാൻ , ലിബിയ , അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ മത - ഔഖാഫ് - ഫത്വാ സമിതികളും മന്ത്രാലയങ്ങളും അതിൽ പെടുന്നു.
യു കെ , യു എസ് എ അടക്കമുള്ള വികസിത രാഷ്ട്രങ്ങളിലും യൂറോപ്പിൽ മൊത്തത്തിലും നബിദിനത്തിന് സന്ദേശ റാലികളും പ്രഭാഷണങ്ങളും നടക്കുന്നു.
ഓസ്ട്രേലിയയിലെ സിഡ്നി മുതൽ കാനഡയിലെ ടൊറന്റോ വരെ മൗലിദിന്റെ ഭാഗമാവുന്നു. അതായത് , വിശ്വവികാരമാണ് മുഹമ്മദീയ ജന്മസുദിനത്തിന്റെ സന്തോഷവും സന്ദേശവും , സ്വല്ലല്ലാഹു അലൈഹി വ സല്ലം .
Leave a Reply