In General
By ശുഐബുൽ ഹൈതമി
സ്കോണ്ടിനോവിയ : നവനാസ്തികരുടെ നുണബോംബ്.
ലക്ഷ്യമില്ലാത്ത ജീവിതം മാത്രമാണ് നാസ്തികതയുടെ ഫലം. യുക്തിവാദികള്‍ ഒരുപക്ഷെ, സംസാരവൈഭവം കൊണ്ടോ തര്‍ക്കശാസ്ത്രം കൊണ്ടോ പിടിച്ചു നിന്നേക്കാം. എന്നാല്‍ അവന് മുമ്പില്‍ പ്രഹേളികയായ ഒന്നാണ് ജീവിത ലക്ഷ്യം എന്താണ് എന്ന ചോദ്യം . പരലോകത്തെയും ദൈവത്തെയും നിഷേധിക്കുന്ന ഒരുവന്റെ ജീവിതം ലക്ഷ്യ ബോധമില്ലാത്തതാണ് എന്നര്‍ത്ഥം. അവര്‍ കാര്‍പീഡിയന്‍ സിദ്ധാന്തക്കാരാണ്. അതായത് ഓരോ നിമിശവും പ്രലോഭനങ്ങളെ തൃപ്തിപ്പെടുത്തും വിധം ജീവിച്ച് തീർക്കുന്ന രീതി .പഴയ ഗ്രീക്ക് - യൂറോപ്യൻ ധൈഷണിക ലോകത്ത് ഏറ്റവുമധികം ചിലവായ പാഷാണമാണ് ഈ ചിന്താധാര . ഇതിനെ ആത്മീയരസക്കൂട്ടുകൾ കലർത്തി പലരും കേരളത്തിലേക്കും ആനയിച്ചിട്ടുണ്ട് . മരണം വരെ നൈമിഷികസ്വാദനവാദിയായി ജീവിക്കുക, അത്ര തന്നെ! ആസ്വാദനങ്ങൾക്ക് വഴികൾ ലഭിക്കാത്തവൻ അവരുടെ ലോകത്ത് അനാവശ്യ വസ്തുവാണ്. അപ്പോള്‍പ്പിന്നെ മാരക രോഗി, വിഷാദ രോഗി, വികലാംഗന്‍, ദരിദ്രന്‍ തുടങ്ങിയവര്‍ ജീവിക്കേണ്ടതില്ല. അവര്‍ ആത്മഹത്യ ചെയ്യട്ടെ എന്നതാകും യുക്തിവാദം. കാരണം നിരന്തരം ദു:ഖിക്കുകയോ ഭയക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് മതവിശ്വാസം എന്ന ആരോപണം ഉന്നയിക്കുന്നവരാണവര്‍.
നൈമിശികാസ്വാദന വാദികളുടെ ജൽപ്പനങ്ങൾ കേരളത്തിൽ ഒളിച്ച് കടത്തുന്നവരിൽ മുമ്പന്മാരിപ്പോൾ ഇടത്പക്ഷ ബുദ്ധിജീവികളെന്ന സെമിറ്റിക് മത വിരോധികളാന്ന്. അവരുടെ പ്രധാന കച്ചിത്തുരുമ്പാണ് സ്കോണ്ടിനോവിയ .
" സ്കോണ്ടിനോവിയൻ രാഷ്ട്രങ്ങളിലെ സ്വസ്ഥ സമാധാന ജീവിതവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ രക്തപങ്കില കലാപങ്ങളും " എന്ന ദ്വന്ദം അവരുടെ ഇഷ്ട വിഷയമാണ് .
വടക്കൻ യൂറോപ്പിലെ സ്വീഡൻ , ഡെന്മാർക്ക് ,നോർവ്വേ എന്നീ രാജ്യങ്ങളടങ്ങുന്ന പ്രവിശ്യയാണ് സ്കാണ്ടിനോവിയ .പഴയ ജർമ്മനിയുടെ ഭാഗങ്ങളായിരുന്നു.കേരളത്തിലെ എയ്തിസ്റ്റുകൾക്ക് അന്നാടിനോട് കമ്പം കൂടുവാനുള്ള കാരണം മറ്റൊന്നുമല്ല , ആ മൂന്ന് രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും മതാചരണങ്ങളും വിധി വിശ്വാസവും കുറഞ്ഞ ജനവിഭാഗങ്ങളുള്ളയിടങ്ങൾ .ആ പ്രദേശങ്ങളാവട്ടെ , ആപേക്ഷികമായി സമാധാനം ,സന്തോഷം , വിദ്യാഭ്യാസം തുടങ്ങിയ ജീവിത മൂല്യങ്ങളിൽ മുമ്പിലാണ് താനും . അവർ കാണിക്കുന്ന കണക്കുകൾ കുറേയൊക്കെ ശരിയാണെന്ന് ഗൂഗിളിൽ കാണുന്ന കണക്കുകൾ കാണിക്കുന്നു . എന്നാൽ സെമിറ്റിക്ക് മത വിശ്വാസം സജീവമായ മധ്യേഷ്യൻ രാജ്യങ്ങളിലാവട്ടെ നിരന്തരം നീണ്ടുപോവുന്ന പോർവിളികൾ ,നിലവിളികൾ ,കൊലവിളികൾ തുടങ്ങിയവയാണധികം.ഫലത്തിൽ മത വിശ്വാസം ഉപേക്ഷിച്ചാൽ എളുപ്പത്തിൽ ലോക സമാധാനം ഉണ്ടാവുമെന്നാണ് പ്രത്യക്ഷത്തിൽ ന്യായീകരിക്കാവുന്ന അവരുടെ വാദം .
അപ്പറഞ്ഞ വാർത്ത അല്ലെങ്കിൽ വസ്തുത ഒരു യാഥാർത്ഥ്യമാണെന്ന് വന്നാലും മതവിശ്വാസത്തേക്കാൾ മാനവികനന്മ നിരീശ്വരത്വത്തിലാണെന്നോ , അബൗദ്ധികവും അഭൗതികവുമായ ദൈവ - വിധി - പരലോക വിശ്വാസങ്ങളേക്കാൾ ഉത്തമം യുക്ത്യാധിഷ്ഠിത അഹംഭ്രമങ്ങളാണെന്നോ പറയാൻ ആവില്ല , പറ്റില്ല .എന്ത് കൊണ്ടെന്ന് നമുക്ക് നോക്കാം .
ഒന്ന്: ഒരു മുസ്ലിമിന്റെ വിശ്വാസപരമായ ആത്മബോധ്യം .
അതായത് , ഇഹലോകത്ത് അവിശ്വാസികൾ കാലഗതിമധ്യേ പ്രത്യക്ഷത്തിൽ മേൽക്കോയ്മ നേടുമെന്നാണ് മുസ്ലിംകളുടെ വിശ്വാസം. സ്വർഗ പ്രവേശം നേടുന്നവരേക്കാൾ നരകാവകാശികൾ കൂടുതലാണെന്നാണ് പ്രമാണങ്ങളുടെ ഭാഷാർത്ഥം .മുസ്ലിംകൾ വിശ്വസിക്കുന്ന പരലോകവും വിചാരണയും ദൈവനീതിയുമൊക്കെ അമൂർത്തമാണ്, അഗോചരീഭവ്യമാണ്. അടയാളങ്ങൾ നോക്കി അടിസ്ഥാനം വിശ്വസിക്കാനാണ് അല്ലാഹു പറയുന്നത്. അതിന് അളവറ്റ പ്രതിഫലം വാഗ്ദാനവും ചെയ്യു'ന്നു. അപ്പോൾ ഇഹലോകത്ത് അതിനെതിരായ സാഹചര്യങ്ങൾ ഒരുക്കി സാങ്കേതികമായും ബുദ്ധിപരമായും അല്ലാഹു പരീക്ഷിക്കും. അല്ലാഹുവിന്റെ പക്ഷത്തിന് ഇവിടെ തോൽവിയേൽക്കും. ചിലപ്പോൾ അവർ അപമാനിതരായേക്കാം .അല്ലാതെ അല്ലാഹു ഒരു കൈയിൽ സ്വർഗവും മറുകയ്യിൽ നരകവും പിടിച്ച് സർവ്വ ശക്തിയും പ്രദർശിപ്പിച്ചിവിടെ പ്രത്യക്ഷപ്പെട്ട് തന്റെ ആളുകളെ രക്ഷപ്പെടുത്തിയാൽ പിന്നെന്ത് സാംഗത്യമാണ് മതം ,വിശ്വാസം , ബൗദ്ദിക പരീക്ഷണം തുടങ്ങിയവയ്ക്ക് ?
.
രണ്ട്: യുക്തിയുടെ അയുക്തി .
സ്കോണ്ടിനോവിയയിലെ സമാധാനവും സന്തോഷവും മിഡിൽ ഈസ്റ്റിലേതിനേക്കാൾ ഉയർന്നതാണെന്നത് ഒരു ഹൈപോതിസീസാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈമുകൾ , നിശ്ചിതരുമായുള്ള മുഖാമുഖം എന്നിവ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ കണക്കുകൾ സംവാദത്തിൽ ഡാറ്റാ പ്രൂഫ് ആകുമെങ്കിലും വാസ്തവം (Matter of fact) ആകണമെന്നില്ല. കാരണം സമാധാനം ,സന്തോഷം എന്നിവയും അമൂർത്തമാണ്. അതിന് കൃത്യമായ നിർവ്വചനങ്ങളില്ല. സ്കാണ്ടിനോവിയയിലെ മതരഹിതർക്ക് രാപ്പകൽ ഭേദമന്യേ മദ്യമദരംഭദർപ്പഭോഗസുഖങ്ങളിൽ ആർമാദിക്കുന്നതാണ് സന്തോഷമെങ്കിൽ മറ്റു ചിലർക്ക് അത് ഭ്രാന്തും ഉന്മാദവുമാണ്. അവർക്ക് ദൈവിക മാർഗത്തിൽ ജീവത്യാഗം ചെയ്യുന്നതാകും സന്തോഷം . പട്ടിണി കിടന്ന് ഉപവസിക്കുന്നതാകും സമാധാനം .ഇവയിൽ ശരിയായ സന്തോഷം ഏതാണെന്ന് മൂന്നാമൻ തീരുമാനിക്കുന്നത് യുക്തിഭദ്രമല്ല.
പ്രത്യക്ഷത്തിൽ അവിടെ ക്രൈമുകൾ കുറവാണെന്നത് ശരിയാകാം ,പക്ഷെ പട്ടാളവും പോലീസുമില്ലാത്ത രാജ്യങ്ങൾ ലോകത്തുണ്ട് , അവിടങ്ങൾ മതാധീനമാണ് ,വത്തിക്കാനും മെക്സിക്കോയും ഒക്കെപ്പോലെ. മറ്റൊരു വൈരുധ്യം സ്കോണ്ടിനോവിയ ഉയർത്തിക്കാട്ടി കേരളത്തിലെ നവനാസ്തികർ മുസ്ലിംകൾക്കെതിരെയാണ് വരുന്നതെങ്കിലും അവർ മറുപുറമായി അവതരിപ്പിക്കുന്ന കണക്കുകൾ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലെയാണ്. ഫ്രാൻസ് ,ബ്രിട്ടൻ ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്ന കണക്കുകളാണ് പഠനങ്ങളിലും ഉള്ളത്. വിശ്വാസപരമായ ഏറ്റുമുട്ടലുകൾ മാറ്റിവെച്ചാൽ ലോകത്ത് ഏറ്റവും കുറവ് സോഷ്യൽ ക്രൈമുകൾ അറേബ്യയിലാണ് . വിശ്വാസപരമായ യുദ്ധങ്ങൾ അതിൽ ഇടപെടുന്നവർക്ക് ആനന്ദമാണെന്ന് മുകളിൽ പറഞ്ഞു. രാഷ്ട്രീയ പോരാട്ടങ്ങളും മിഡിൽ ഈസ്റ്റിൽ ധാരാളമുണ്ട് .പക്ഷെ അതിന്റെ കാരണം മതമല്ലാത്തത് കൊണ്ടാണല്ലോ രാഷ്ട്രീയ വിപ്ലവമാകുന്നത് . ഇവിടുത്തെ ഡിങ്കോയിസ്റ്റുകൾ അത്തരം കാര്യങ്ങൾ പൂഴ്ത്തി വെച്ച് സ്കാണ്ടിനോവിയ vs മിഡിൽ ഈസ്റ്റ് എന്ന ദ്വന്ദം തന്ത്രപൂർവ്വം സൃഷ്ടിക്കുകയായിരുന്നു. ഇസ്ലാമിന് നേരെ ഏണി വെക്കാൻ അതാണല്ലോ എളുപ്പം .
ഒന്നുകൂടി ചോദിക്കട്ടെ , മതവിശ്വാസം ലോകത്തിന് ആപത്താണ് എന്ന് കാണിക്കാൻ അവർ കൊണ്ടുവരുന്ന ഉദാഹരണം ആധുനിക സിറിയയും യമനുമാണ് .ഭൂമി ശാസ്ത്രവും രാഷ്ട്രീയവുമാണ് ആ യുദ്ധങ്ങൾ എന്ന വാസ്തവം മാറ്റി വെച്ച് കൊണ്ട് തന്നെ പറയാം .സിറിയയിലെ ബശാറുൽ അസദിന് സിവിലയന്മാരെ കൊന്നൊടുക്കുന്ന മാരകായുധങ്ങൾ ഏറ്റവുമധികം നൽകുന്ന രണ്ട് രാജ്യങ്ങളാണ് റഷ്യയും ചൈനയും .നവനിരീശ്വരത്വം ഏറ്റവുമധികം പ്രചരിക്കുന്ന ആ രണ്ട് രാജ്യങ്ങൾ ചെയ്യുന്ന ക്രൂരത സ്കാണ്ടിനോവിയന്മാരുടെ നന്മകളേക്കാൾ ഏറെയാണ്. യമനിലെ ഗറില്ലാ ഹൂതികൾക്ക് ആയുധം നൽകുന്ന ഇറാന് ആയുധം വിൽക്കുന്നത് റഷ്യ തന്നെയാണ് ,ചൈനയും . ചൈനയേക്കാൾ വലിയ നിരീശ്വരരാജ്യം ഇനി ലോകത്ത് ഉണ്ടായിട്ട് വേണം . അവരല്ലേ യഥാർത്ഥ രക്തദാഹികൾ ?
മറ്റൊരു വൈരുധ്യം , മുസ്ലിംകൾക്ക് കിട്ടിയ ക്രൂര സ്വഭാവം ജനിറ്റിക്കലാണെന്നും യുദ്ധക്കൊതിയന്മാരായ മുൻഗാമികളിൽ നിന്നും രക്തത്തിന് പകർന്ന് കിട്ടിയതാണെന്നും മൊത്തത്തിൽ നിരീശ്വരവാദികൾ പറയാറുണ്ട്. മൈമസിസ് തിയറി ഉപയോഗിച്ച് ചിലർ അത് സ്ഥാപിക്കാൻ ശ്രമിക്കാറുമുണ്ട്. അങ്ങനെ മാനസിക ഗുണങ്ങൾ തലമുറകളിലേക്ക് ട്രാൻസ്മിഷൻ ചെയ്യപ്പെടുമെങ്കിൽ , സ്കാണ്ടിനോവിയയിലെ മാനസിക ശാന്തി മുൻഗാമികളിലൂടെ പകർന്ന് കിട്ടിയതാവാമല്ലോ , ഒരു സംസ്ക്കാരം രൂപപ്പെടുന്നതിൽ ചരിത്രത്തിന്റെ പ്രേരണകൾക്ക് നിർണ്ണായക സ്ഥാനമുണ്ട് .സ്കാണ്ടിനോവിയൻ രാഷ്ട്രങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന് മുമ്പ് സെമിറ്റിക്ക് മത വിശ്വാസികളായിരുന്നു. ചർച്ചുകളും മസ്ജിദുകളും അന്നും ഇന്നും അവിടെയുണ്ട് .
മൂന്ന് : സ്കോണ്ടിനോവിയ, വാസ്തവമെന്ത്?
സത്യത്തിൽ സ്വീഡൻ , ഡെന്മാർക്ക് ,നോർവ്വേ എന്നിവിടങ്ങളിൽ മതവിരുദ്ധർ ഇല്ല ,മതരഹിതരാണ് ഉള്ളത്. 10 % പൂർണാർത്ഥത്തിൽ മത വിശ്വാസികളാണ് താനും . നേരത്തേ പറഞ്ഞത് പോലെ പുതിയ തലമുറ മതാചാരണങ്ങളിൽ നിന്നും മാറി ജീവിക്കാൻ താൽപര്യപ്പെടുന്നു. അവരുടെ നന്മകൾ നിരീശ്വര പുസ്തകങ്ങൾ വായിച്ച് ആർജ്ജിച്ചതല്ല . മതവിരുദ്ധത അവർക്ക് താൽപര്യമില്ല. കാരണം അത് മറ്റൊരു മതമാണ്. അതിനാൽ അവിടെ Eithism എന്ന പദം കോമൺലീ ഉപയോഗിക്കലില്ല , Non religious എന്ന പദമാണ് ഉപയോഗിക്കപ്പെടുന്നത്. 90% മതരഹിതരും ചർച്ചുകളിലും ഇടവകകളിലും അംഗങ്ങളായിരിക്കും . മരണാനന്തര ചടങ്ങുകളിൽ സഭ ഇടപെടും .അതായത് നമ്മുടെ നാട്ടിലെ പള്ളിയിൽ ആചരണങ്ങൾക്ക് വരാത്ത വിശ്വാസികളുടെ വേറെ പതിപ്പ് . അക്കാദമിക്കൽ പ്രൂഫ് വേണമെന്നുള്ളവർ താഴെ കമന്റ് ബോക്സിൽ ചേർക്കുന്ന ലിങ്ക് തുറന്ന് നോക്കി വായിക്കാം .Phil Zuckerman കാർലിഫോണിയ യൂണിവേഴ്സിറ്റിയിലെ സാമൂഹിക ശാസ്ത്രം തലവൻ 14 മാസം സ്കാണ്ടിനോവിയ ചുറ്റിക്കറങ്ങി കണ്ടെത്തിയ കാര്യങ്ങളുടെ രത്നച്ചുരുക്കമാണത് ,Society With out the God എന്ന അദ്ദേഹത്തിന്റെ കൃതി വിശ്വ പ്രസിദ്ധമാണ് .
രവിചന്ദ്രൻ സി യുടെ മാതൃകാ രാജ്യങ്ങളിൽ ഇപ്പോഴും നൂറുകണക്കിന് ചർച്ചുകളും പള്ളികളും ഉണ്ടെന്ന് വരുമ്പോൾ മതരാഹിത്യം എന്തുമാത്രം അപ്രായോഗികമാണെന്ന് മനസിലാവും .അതേ സമയം ഒരു മത രഹിതൻ പോലുമില്ലാത്ത മതാധീന രാഷ്ട്രങ്ങൾ ലോകത്തുണ്ട്. മതരാഹിത്യം തന്നെ പൂർണ്ണമായി വിജയത്തിലെത്തിക്കാൻ പറ്റില്ലെങ്കിൽ മതനിരാസവും അതിന്റെ പ്രത്യയശാസ്ത്രമായ യുക്തിവാദവും വീണ്ടും അപ്രായോഗികമാവുകയാണ്. കേരളത്തിലെ മുക്കാൽ യുക്തിവാദികളും മരണപ്പെട്ടാൽ ഹൈന്ദവ ചടങ്ങുകളാണ് നടക്കുന്നത് എന്നത് കൂടെ ഇതിന്റെ കൂടെ മനസിലാക്കണം .
ഈ ജനതയെ കാണിച്ചാണ് കേരളത്തിലെ യുക്തിവാദികൾ എയ്തിസത്തിന്റെ പ്രയോക്താക്കളാക്കുന്നത്. മത- പരലോകം ചിന്തിക്കാതെ നൈമിശികാസ്വാദകരായി ജീവിക്കുക എന്നതാണ് അവരുടെ ഹോബി.അവരിൽ ചിലരാകട്ടെ ,അത്തരം കാർപീഡിയൻ സിദ്ധാന്തത്തിന്റെ നിരർത്ഥകത ഉൾക്കൊണ്ട് കൊണ്ട് മരണാനന്തര സാധ്യതകൾ പഠിക്കാൻ തുടങ്ങി എന്നും പഠനങ്ങൾ പറയുന്നു . നമ്മുടെ യുക്തിവാദികളാവട്ടെ , ഏറെ സമയം ചിന്തിക്കുന്നത് ദൈവത്തെയും പരലോകത്തെയും സംബന്ധിച്ചാണ്. അങ്ങനെയൊന്ന് ഇല്ലെന്ന് സ്ഥാപിക്കാനാണ് ഉണ്ടെന്ന് തെളിയിക്കുന്നതിനേക്കാൾ അധ്വാനം . ഒരാൾ ഏറ്റവുമധികം ചിന്തിക്കുക അയാളുടെ ശത്രുവിനെ സംബന്ധിച്ച് കൂടിയാണല്ലോ .ഇങ്ങനെ രണ്ട് വ്യത്യസ്ത നിലപാടുകൾ അനുസരിച്ച് ജീവിക്കുന്ന സ്കാണ്ടിനോവക്കാരേയും ഇടത് ലിബറൽ ഡിങ്കോയിസ്റ്റുകളെയും കൂട്ടിക്കെട്ടി വരട്ടു വാദങ്ങൾക്ക് വണ്ണം വീർപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഇവിടെ വിജയിക്കാൻ പോവുന്നില്ല .
Leave a Reply