In Ideal
By ശുഐബുൽ ഹൈതമി
അല്ലാഹുവും ന്യൂയോർക്കും റസൂലും യൂറോക്കപ്പും .
മുഹമ്മദ് ( സ ) മക്കയിലും ഖുർആൻ അറബിയും അവതരിക്കപ്പെട്ടതിൻ്റെ കാലാന്തര ന്യായം ചികയുകയാണിവിടെ .
ന്യൂയോർക്കും ലണ്ടനും ഉള്ള കാര്യം അല്ലാഹുവിനറിയില്ലേ എന്ന ഒരു നാസ്തികൻ്റെ ചോദ്യമാണ് പ്രേരണ .
അല്ലാഹുവിന് ആരെയും എവിടേയും നിയോഗിക്കാം. അത് മനുഷ്യരുടെ യുക്തിവിചാരത്തിൽ ന്യായമായാൽ മാത്രമേ ഉത്തമമാവുകയുള്ളൂ എന്ന ധാരണ ശരിയല്ല.
മനുഷ്യയുക്തി രൂപപ്പെടുന്നത് അവൻ്റെ അറിവും അനുഭവവും ഭാവനയും കൂട്ടിച്ചേരുമ്പോഴാണ്. അവ ഭൗതികമായിത്തന്നെ പരിമിതമാണ്.
ഒരു മനുഷ്യൻ്റെ യുക്തിന്യായം അപരന് അയുക്തികം ആവാം.
മാത്രമല്ല ,യുക്തിഭദ്രമല്ല എന്ന് മനുഷ്യരിൽ ചിലർക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ അല്ലാഹുവിന് സ്വാതന്ത്ര്യമില്ല / മനുഷ്യർക്ക് ശരിയാണെന്നത് ചെയ്യാൻ അല്ലാഹുവിന് ബാധ്യതയുണ്ട് എന്ന സങ്കൽപ്പം
- ദൈവവിശ്വാസത്തിൻ്റെ പൊതുനിർവ്വചനത്തിന് തന്നെ എതിരാണ്.
മനുഷ്യൻ്റെ യുക്തിയും അത് പ്രാവർത്തികമാവുന്ന രാസത്വരഗങ്ങളും പോലും അല്ലാഹുവിൻ്റെ സൃഷ്ടിയാണ്.
രണ്ട് :
ആ ചോദ്യം യുക്തിപരമായി ബാലിശവുമാണ്. കാരണം , അല്ലാഹു എന്ത്കൊണ്ട് അന്ത്യപ്രവാചകനെ അറേബ്യയിൽ നിയോഗിച്ചു എന്ന സന്ദേഹം വൈചാരികമായി അപൂർണ്ണമാണ്. ബില്യൺ കണക്കിന് നക്ഷത്രങ്ങളുള്ള ഗ്യാലക്സിയിൽ നിന്നും അല്ലാഹു മനുഷ്യവാസത്തിന് വേണ്ടി എന്ത് കൊണ്ട് ഭൂമിയെ തെരെഞ്ഞെടുത്തു , ഭൂമിയേക്കാൾ വലിയ / ചെറിയ മറ്റേതെങ്കിലും X / Y ഗ്രഹത്തെതെരെഞ്ഞെടുക്കാമായിരുന്നില്ലേ ? എന്ന് തന്നെ ചിന്തിക്കാമായിരുന്നല്ലോ .
അങ്ങനെയല്ലെങ്കിൽ , പ്രവാചകന്മാർക്ക് അഭിമുഖീകരിക്കാനുള്ള ജനപഥങ്ങളെ എല്ലാ ഗ്രഹങ്ങളിലുമായി സംവിധാനിക്കാമായിരുന്നില്ലേ എന്നും ചിന്തിക്കാം. ഇനി ഒരുപടി കയറിയാൽ വേറൊരു തലം കൂടി വരും.
XY മനുഷ്യർ ചിന്തിച്ചത് പോലെ , അല്ലാഹു മനുഷ്യവംശത്തെ അവർക്കറിയുന്ന ഗ്രഹങ്ങളിലൊക്കെ സംവിധാനിച്ചുവെന്നിരിക്കട്ടെ ,അപ്പോൾ ഒരന്യായ വാദം വേണമെങ്കിൽ ഉയർത്താം ;
എന്ത്കൊണ്ട് ABCD സമൂഹങ്ങളെ P ഗ്രഹത്തിലും EFGH സമൂഹങ്ങളെ Q ഗ്രഹത്തിലുമാക്കി ; മറിച്ചുമാവാമായിരുന്നല്ലോ ?
ഈ ആലോചന അറ്റത്തിലെത്താതെ വട്ടം ചുറ്റും .
"ഇങ്ങനെയൊരു പ്രാപഞ്ചിക വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥ എന്ത് കൊണ്ട് ദൈവം ഉണ്ടാക്കിയില്ല ? " എന്ന ചോദ്യം വരെ അത് നീളും .തിരിച്ച് പറഞ്ഞാൽ ,ആ ചോദ്യത്തിൽ നിന്നാണ് മറ്റെല്ലാ അന്യായവാദങ്ങളും ചോദ്യങ്ങളും ഉണ്ടാവുന്നത് എന്നും പറയാം.
നാം തുടങ്ങിയ വിഷയം തന്നെ നോക്കൂ ;
ഇനിയെങ്ങാനും അല്ലാഹു അന്ത്യപ്രവാചകനെ നിയോഗിച്ചത് അക്കാലത്ത് - ഏഴാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന മായന്മാരിൽ നിന്നോ ജർമ്മനിയിലോ ഇംഗ്ലണ്ടിലോ ഉണ്ടായിരുന്ന ആംഗ്ലോസാക്സണിൽ നിന്നോ സ്പെയിനിലെ പാഗന്മാരിൽ നിന്നോ ചൈനയിലെ Sui/ Tang വംശജരിൽ നിന്നോ ഇന്ത്യയിലെ വർദ്ധനന്മാർ/ചാളക്യന്മാരിൽ നിന്നോ ആയിരുന്നുവെങ്കിൽ ,എന്ത് കൊണ്ട് അല്ലാഹു അന്ത്യപ്രവാചകനെ ,അവസാനദൈവദൂതനെ മിഡിൽ ഈസ്റ്റിൽ നിന്നും നിയോഗിച്ചില്ല ? എന്ന് ചോദിക്കാം.
ചുരുക്കിപ്പറഞ്ഞാൽ , അനുഭവത്തിൽ സംഭവിച്ച കാര്യത്തിൻ്റെയുക്തി ,
നിഷേധികൾ പരതുന്നത് അതേ കാര്യം അതല്ലാത്ത രൂപങ്ങളിൽ / സ്ഥലങ്ങളിൽ / സമയങ്ങളിൽ എന്ത് കൊണ്ട് ഉണ്ടായില്ല എന്ന ബാലിശമായ അർത്ഥത്തിലാണ്. അങ്ങനെയൊരു കാര്യം തന്നെ ഉണ്ടായിട്ടില്ല ,അതായത് അങ്ങനെയൊരു ഉണ്മ തന്നെയില്ല എന്ന അടിസ്ഥാനമാണവർക്ക് എന്നത് മറന്നുകൊണ്ടാണ് ആ സന്ദേഹം.
ഇത്തരം ഘട്ടത്തിൽ ,വിശ്വാസി മനസ്സിലാക്കേണ്ടത് , അല്ലാഹുവിൻ്റെ സ്വാതന്ത്ര്യത്തെ മൂല്യനിർണ്ണയം നടത്തി എത്രത്തോളം അക്കാര്യം ശരിയോടും ശരിയല്ലായ്മയോടും അടുത്തോ അകന്നോ ആണിരിക്കുന്നത് എന്ന പരിശോധന ദൈവവിശ്വാസമല്ല എന്നതാണ്.
ദൈവത്തെ വിശ്വാസമില്ലാത്തത് കൊണ്ടാണല്ലോ , ദൈവം ചെയ്തത് ശരിയാണോ അല്ലേ എന്ന് പരിശോധിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞത് പോലോത്ത ചോദ്യങ്ങളുടെ വിശ്വാസപരമായ അടിസ്ഥാന മറുപടി അത് മാത്രമാണ്.
സംഭവിച്ചതായി അനുഭവിച്ച ,അറിഞ്ഞ കാര്യം എന്ത് കൊണ്ടാവാം അവിടെത്തന്നെ / അങ്ങനെത്തന്നെ / അപ്പോൾ തന്നെ ഉണ്ടായത് എന്ന് വിശ്വാസിക്ക് പരിശോധിക്കാം .പക്ഷെ ,അത് അല്ലാഹു ചെയ്തത് യുക്തിഭദ്രമാണോ അല്ലേ എന്ന് പരിശോധിക്കാനല്ല ,മറിച്ച് ,അല്ലാഹു ചെയ്ത യുക്തിഭദ്രമായ കാര്യത്തിൻ്റെ പൊരുൾ എന്തായിരിക്കും എന്ന് മനസ്സിലാക്കാനാണ്.
നിഷേധം , മുമ്പിലുള്ള ധാരണകളിൽ നിന്നും സത്യത്തിലേക്ക് ആരോഹണം ചെയ്ത് വഴിതെറ്റലാണ് ,ആരോഹണ മാധ്യമങ്ങൾ വ്യവസ്ഥാപിതമല്ലാത്തത് കൊണ്ടാണ് പിഴക്കുന്നത്.
മറുവശത്ത് , വിശ്വാസം - സത്യത്തിൽ നിന്നും മുമ്പിലുള്ള ധാരണകളിലേക്കുള്ള പിഴക്കാത്ത അവരോഹണമാണ്.
നോക്കൂ , മനുഷ്യർ മുഹമ്മദ് (സ്വ) പരിചയപ്പെടുത്തിയ അല്ലാഹുവിനെ വിശ്വസിക്കുകയായിരുന്നു. അല്ലാതെ ,അല്ലാഹു പറഞ്ഞ മുഹമ്മദിനെ (സ്വ) വിശ്വസിക്കുകയായിരുന്നില്ല.
മനുഷ്യൻ ആദ്യം മനസ്സിലാക്കിയ സത്യം മുഹമ്മദ് (സ്വ) ആണ്. ആ വ്യക്തിയിലൂടെ താഴോട്ടിറങ്ങിയപ്പോഴാണ് നമ്മുടെ ചുറ്റിലും നമ്മിൽ തന്നെയും അത് വരെ കാണാതിരുന്ന ദൈവാസ്തിക്യം നാം കാണാൻ തുടങ്ങിയത്.
മനുഷ്യൻ വഹിച്ച് നടക്കുന്നത് എന്താണെന്ന് അവനെ അറിയിച്ച ഏറ്റവും മുന്തിയ മനുഷ്യൻ്റെ പേരാണ് മുഹമ്മദ് (സ്വ) .
ഈ അടിസ്ഥാന പാഠം ചില മതപ്രബോധകർ തന്നെ മറന്നുപോവുന്നതാണ് , വിമർശക സമൂഹ മധ്യേ ഇസ്ലാം എന്നാൽ വെളുത്ത മഞ്ഞളാണെന്ന് ഡിസ്പ്ലേ ചെയ്യപ്പെടാനുണ്ടായ കാരണം.
മൂന്ന്:
ഒരു മുറിയിൽ വിളക്ക് വെക്കുകയാണെങ്കിൽ മധ്യത്തിൽ കൊളുത്തിയിടുമ്പോഴേ വെട്ടം സന്തുലിതമാവുകയുള്ളൂ , ഭൂമി മുറിയും ഹിജാസ് മധ്യവും മുഹമ്മദ് (സ്വ) ദീപവുമാണ്.
ഇവിടെ ,ഹിജാസ് മധ്യമാണ് എന്ന് കേൾക്കുമ്പോഴേക്ക് ഉരുണ്ട ഭൂമിയളക്കാനുള്ള കോലുമായി ചിലർ ജോഗ്രഫി പറയുന്നത് അൽപ്പത്തമാണ്. ഭൂമിയുടെ മധ്യം അതിൻ്റെ അന്തർഭാഗത്തായിരിക്കും ,കാരണം ഭൂമി വൃത്തമല്ല ,ഗോളമാണ് .ഉപരിതലത്തിലെ ഏത് ബിന്ദുവിനെയും മധ്യമായി സങ്കൽപ്പിക്കാം . കൊളോണിയൽ രാഷ്ട്രീയ സ്വാധീനത്തിൻ്റെ ഫലമായി നിലവിൽ സമയനിർണ്ണയരേഖ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലായി .ഇതിന് അപവാദമായി മക്കയെ മധ്യമാക്കി പുതിയ സമയനിർണ്ണയം ആവിശ്കരിക്കപ്പെട്ടിട്ടുണ്ട്. https://en.m.wikipedia.org/wiki/Mecca_Time
മറ്റൊരിടം ആധാരമാക്കിയും ചെയ്യാം .
മക്ക എന്ന പോയിൻ്റ് മറ്റ് മധ്യമസാധുപ്രദേശങ്ങളേക്കാൾ മധ്യമാവാൻ സൗകര്യമാവുന്ന വിധം പരിചയപ്പെടുത്തുന്ന ഇസ്‌ലാം പക്ഷ ശാസ്ത്രീയ പഠനങ്ങൾ ഞാൻ മന:പൂർവ്വം ഒഴിവാക്കുകയാണ്. മക്കയിലെ മതാഫ് - പ്രദിക്ഷണപഥം മൈതാനവും ചുറ്റിടം ഗ്യാലറിയുമെന്ന പോലെ ഭൂമിയെ മനസ്സിലാക്കാൻ സഹായിക്കുന്ന അത്തരം ലിങ്കുകൾ ഈ ചർച്ചക്ക് ആവശ്യമില്ല.
പിന്നെയെന്താണ് മക്ക മധ്യമാണ് എന്ന് പറഞ്ഞാൽ അർത്ഥം ? മൂന്നർത്ഥങ്ങളാണ് അതിനുള്ളത്. ആ മൂന്ന് അർത്ഥങ്ങളും ചേർത്തി വായിക്കുമ്പോൾ മധ്യമപദവി കൃത്യമാവും .
ഒന്നാമതായി,
ഇസ്ലാമികമായ സാരമാണത് .
ലോകത്തെ മനുഷ്യവാസമുള്ള എല്ലാ കരകളിൽ നിന്നും ഹൃദയലക്ഷ്യമായി ഉന്നം വെക്കപ്പെടുന്ന പൊതുകേന്ദ്രം എന്നതാണാ അർത്ഥം. മറ്റ് മതങ്ങളിലോ സംസ്ക്കാരങ്ങളിലോ ഒരു തീർത്ഥാടന കേന്ദ്രമെന്ന അർത്ഥത്തിൽ അങ്ങനെയൊരു സാർവ്വഭൗമിക ബിന്ദുവില്ല.
മക്കയിലേക്കുള്ള തീർത്ഥാടനം മുഹമ്മദ് (സ്വ) ക്ക് ശേഷം തുടങ്ങിയതല്ല എന്ന് മനസ്സിലാക്കാൻ ലോക പൊതു ചരിത്രം പരിശോധിക്കുക.
രണ്ടാമതായി ,
ഏഴാം നൂറ്റാണ്ടിൽ ഭൂമിയിൽ നിലനിന്നിരുന്ന മനുഷ്യനാഗരികതകളുടെ മധ്യം എന്ന അർത്ഥത്തിലാണ്. ഉരുണ്ട ഭൂമി പരത്തിവെച്ച് ഏഴാം നൂറ്റാണ്ടിലെ ലോകജന സഞ്ചാരപഥങ്ങളെ പൊതുവിൽ ഏകീകരിക്കുന്ന ഒരിടം പരിശോധിച്ചാൽ മിഡിലീസ്റ്റ് എന്ന് മനസ്സിലാക്കാൻ കഴിയും ,കൃത്യം മക്കയാണ് എന്ന വാദം എനിക്കില്ല .മിഡിലീസ്റ്റിൽ നിന്ന് പിന്നെയെന്ത് കൊണ്ട് മക്കയായി എന്ന് അടുത്ത പോയിൻ്റിൽ പറയാം .
ഈ വാദം തെളിയിക്കാൻ നമുക്കന്നത്തെ ഭൂമിയിലെ മനുഷ്യർ എങ്ങനെയൊക്കെയായിരുന്നു ചിതറിയിരുന്നത് എന്ന് പരിശോധിക്കേണ്ടി വരും.
ഹൃസ്വമായി നോക്കാം ,
പ്രവാചക ജനനം ക്രിസ്തുവർഷം 570 - 571 നിടയിലെ ഏപ്രിൽ - ജൂൺ ദിവസങ്ങളിലൊന്നാണ്. നിര്യാണം ക്രിസ്താബ്ദം 632 ജൂൺ 8 നാണ്. ഏഴാം നൂറ്റാണ്ടാണ് പ്രബോധന കാലയളവ് എന്നർത്ഥം.
ഏഴാം നൂറ്റാണ്ടിൽ ഭൂമിയിൽ 15 കോടി ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഫിലിപ്പ് കെ ഹിറ്റി 12 കോടി എന്ന് അഭിപ്രായസംയോജനം നടത്തിയിട്ടുണ്ട്.
ആ 12 കോടി മനുഷ്യരിലെ ഒരാളായിരുന്നു ഈന്തമരത്തോട്ടങ്ങൾക്കും ഒട്ടകക്കൂട്ടങ്ങൾ ചിതറിയ മൊട്ടക്കുന്നുകൾക്കും ഇടയിൽ പാർത്ത മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹിവസല്ലം
Leave a Reply