In Ideal
By ശുഐബുൽ ഹൈതമി
പ്രാർത്ഥന: അല്ലാഹുവിൻ്റെ കംപ്യൂട്ടറും നാസ്തികതയുടെ സോഫ്റ്റ്വെയറും
ഭൂമിയിൽ സുഖവും സമാധാനവും ഉണ്ടാക്കുന്ന പണിക്കാരനോ പണക്കാരനോ അല്ല അല്ലാഹു . ഈ തെറ്റുധാരണ നാസ്തിക നേതാവ് സി രവിചന്ദ്രന് മാത്രമല്ല ,സാക്ഷാൽ ഇവി പെരിയോർക്ക് വരെ ഉണ്ടായിരുന്നു. താൻ ഇഛിച്ചത് നടപ്പിൽ വരുത്തുന്ന സമ്പൂർണ്ണ സ്വാശ്രയാസ്തിത്വമാണ് അല്ലാഹു ." ദൈവം തന്നെ ഇല്ല " എന്ന് പറയുന്നവർ ദൈവ വിശ്വാസത്തിന്റെ ന്യൂനത പറയേണ്ടതില്ല. മതവിശ്വാസികൾക്ക് അവർ വിശ്വസിക്കുന്ന തത്വസംഹിതയുടെ സമ്പൂർണ്ണത തെളിയിക്കേണ്ട കടമ ഉള്ളത് പോലെ നിരീശ്വരത്വത്തിന്റെ സമ്പൂർണ്ണത തെളിയിക്കാനുള്ള ബാധ്യത അവർക്കുമുണ്ട് . മനുഷ്യർ നേരിടുന്ന വെല്ലുവിളികൾക്ക് മുമ്പിൽ മതരഹിതമായ പരിഹാരം എന്തുണ്ട് എന്ന ചോദ്യത്തിന് ശാസ്ത്രം എന്ന് പറഞ്ഞ് ഒഴിവാക്കുന്നത് നാണക്കേടാണ് , ആ ശാസ്ത്രത്തെയും കൂടി വ്യവഹരിക്കുന്ന ഫിലോസഫിയാണ് മതം എന്നിരിക്കെ .
ദൈവത്തെ വിശ്വസിച്ച് പ്രാർത്ഥിച്ചാൽ പിന്നെ ഭൗതിക ലോകത്ത് മനുഷ്യൻ കരുതിയത് പോലെ എല്ലാം സംഭവിക്കും / കരുതിയേ സംഭവിക്കുകയുള്ളൂ എന്നാണെങ്കിൽ ഹൈന്ദവ മിത്തുകളിൽ കാണുന്നത് പോലെ, ദൈവത്തെക്കാൾ കഴിവുള്ളവനാക്കണമെന്നും മനുഷ്യന് പ്രാർത്ഥിച്ച് പ്രാപ്തനാവാമല്ലോ , ദൈവങ്ങളുടെ സംഘട്ടനം എന്ന അയുക്തികതയാവും ഫലം. അപ്പോൾ അങ്ങനെയല്ല , സർവ്വപ്രാപ്തനായ ഏക ദൈവതമാണ് യുക്തം . ആ ദൈവം കർമ്മസ്വതന്ത്രനാവണം .
കാലവും സ്ഥലവും പ്രദാനിക്കുന്ന അനുഭവം ,സൗകര്യം ,സാധ്യത എന്നിവയുടെ പരിമിതിയാണ് ദൈവത്തിൽ നിന്നും ദൈവമല്ലാത്തതിനെ വേർതിരിക്കുന്നത്. അപ്പോൾ കോവിഡ് 19 ഒരു സമാപനചടങ്ങല്ല .
അത് കഴിഞ്ഞാലും കഴിയാത്തവ പലതുമുണ്ടാവും , അപ്പോഴും മനുഷ്യനെ മുന്നോട്ട് നയിക്കേണ്ട മൂല്യപ്രകാശനമാണ് മതം. പദാർത്ഥ ബന്ധിതമായ സംഭവങ്ങൾ സ്ഥല കാലാധീനമായ ഹൃസ്വങ്ങളാണ് , അതിജയനത്തിന്റെ ആധാരങ്ങൾ സ്ഥായിയാവണം. ശാസ്തത്തെ ഫിലോസഫി തന്റെ ഒരു ശാഖമാത്രമാക്കി വിപുലമാവുന്നത് അവിടെയാണ്.
പ്രാർത്ഥനയുടെ അന്ത:സാരം പരിഹാസകർ പറയുന്നത് പോലെ മനുഷ്യന്റെ ആഗ്രഹ സാക്ഷാൽക്കാരത്തിനുള്ള ഷോർട്ട്കട്ട് മാർഗമല്ല. ഗവൺമെന്റ് ഓഫീസറുടെ മേശപ്പുറത്ത് കുറെ ആവശ്യങ്ങൾ ഫയലാക്കി സമർപ്പിക്കുന്നത് പോലെയുള്ള ഏർപ്പാടല്ല പ്രാർത്ഥന. പ്രാർത്ഥിച്ചിട്ടില്ലെങ്കിലും - നിവേദനം നൽകിയിട്ടില്ലെങ്കിലും മനുഷ്യന്റെ ആവശ്യം അറിയുന്നവനാണ് അല്ലാഹു. മനുഷ്യനെ മാത്രമല്ല അവന്റെ ആവശ്യങ്ങളെയും അവൻ തന്നെയാണ് സൃഷ്ടിച്ചത്. മനുഷ്യന്റെ പ്രാർത്ഥനയെപ്പോലും സൃഷ്ടിച്ചത് മറ്റൊരാളല്ല .അപ്പോൾപ്പിന്നെ മനുഷ്യന്റെ ആപ്ലിക്കേഷനല്ല സ്രഷ്ടാവിന്റെ അജണ്ടകൾ .
ചിലപ്പോൾ പ്രാർത്ഥിച്ചവന് താൽക്കാലികമായി കൂടുതൽ വിഷമങ്ങളും പ്രാർത്ഥിക്കാത്തവന് താൽക്കാലിക സൗഖ്യവും ലഭിച്ചേക്കാം. പരലോകമെന്ന പിൽക്കാലം മറിച്ചാവും. പരലോക ബന്ധിതമായ വിശ്വാസത്തെ വായിക്കുമ്പോൾ ഗവൺമെന്റ് സംവിധാനത്തെയല്ല താരതമ്യമൂലമാക്കേണ്ടത്.
പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും അവൻ കരുതിയത് കരുതിയേടത്ത് നൽകും എന്നതാണ് ഇസ്ലാം വിശ്വസിക്കുന്ന അല്ലാഹുവിന്റെ രീതി . മറ്റേതെങ്കിലും ദൈവസങ്കൽപ്പത്തിന്റെ അപൂർണ്ണതക്ക് മുസ്ലിംകൾ മറുപടി പറയേണ്ടതില്ല.
അപ്പോൾപ്പിന്നെ എന്തിനാണ് പ്രാർത്ഥന എന്ന് ചോദിച്ചാൽ ,
പ്രാർത്ഥന ഉത്തരം കിട്ടാനുള്ള ആവശ്യം എന്നതിനേക്കാൾ നിരുപാധികമായ ഒരാധനയാണ് ,ഉപാസന . പ്രത്യക്ഷത്തിൽ അനുഗ്രഹങ്ങൾ വരുമ്പോഴും നിഗ്രഹങ്ങൾ ബാധിക്കുമ്പോഴും ആത്യന്തികമായ മാനവികസമർപ്പണം അല്ലാഹുവിനാണ് എന്ന മനുഷ്യന്റെ ആത്മസമ്മതമാണ് പ്രാർത്ഥന. ഏറ്റവും ഉചിതമായത് തനിക്ക് അല്ലാഹു തരും എന്നാണ് വിശ്വാസിയുടെ കരുതൽ . മനുഷ്യബുദ്ധി അനുഭവങ്ങളെ അടിസ്ഥാനമാക്കുന്നതായതിനാൽ പ്രത്യക്ഷത്തിൽ നിഗ്രഹമായത് നീക്കം ചെയ്യുക എന്നതാവും ആവശ്യം .അപ്പോൾ പ്രാർത്ഥനാ വാചകങ്ങൾ അതിനനുസരിച്ചാവും .പക്ഷെ അവൻ കാണുന്നതിനേക്കാൾ അപ്പുറത്തുള്ള വരുംകാലം തയ്യാറാക്കുന്ന അല്ലാഹുവിന്റെ പക്കൽ ഉചിതം മറ്റൊന്നാവും. വിശ്വാസി തന്റെ ജ്ഞാനപരിമിതി ഉൾക്കൊള്ളുകയും അല്ലാഹു നൽകുന്നതത്രയും തനിക്ക് ഉത്തമമായതാണ് എന്ന് കരുതുകയും ചെയ്യുന്നു. അവൻ ക്ഷാമത്തിലും ക്ഷേമത്തിലും സംതൃപ്തനാണ്. സുഖത്തിലും അസുഖത്തിലും ദൈവിക സ്മരണയിലാണ്.
ഇസ്ലാമിക വിശ്വാസം യുക്തിവാദികൾ മനസിലാക്കിയതിന് നേർ വിപരീതമാണ്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവനെ ഒരുപക്ഷേ ഏറ്റവും സഹന സാഹസങ്ങൾക്ക് വിധേയമാക്കും. അവന്റെ പ്രവാചകന്മാരാണ് ഏറ്റവും പ്രത്യക്ഷത്തിൽ കഷ്ടപ്പെട്ട മനുഷ്യർ .ചില ഉത്തമമനുഷ്യർ പ്രത്യക്ഷത്തിൽ സങ്കടപ്പാടുകളൊന്നും ഇല്ലാത്തവരാവാമെങ്കിലും അകമേ നൊമ്പരത്തീ പേറുന്നവരാവാം. ഇത് മറിച്ചും വായിക്കാം , സഹിക്കുന്ന ത്യാഗങ്ങളെ ദൈവികമാർഗത്തിൽ കരുതൽ വെക്കുന്നവർ മതപരമായി മഹാന്മാരാവുന്നു എന്നതാണത്. അല്ലാതെ , വിശ്വസിച്ചാൽ പ്രശ്ന പരിഹാരങ്ങളും സ്വപ്ന സാക്ഷാൽക്കാരങ്ങളും ഓഫർ ചെയ്യുന്ന ബ്ലാക്ക് മാജിക്കല്ല മതം .എന്നാൽ , വിശ്വസിച്ചാൽ ഏത് പ്രതിസന്ധികളും മറികടക്കാനുള്ള മനോബലവും മാനസികസ്വർഗാവസ്ഥയും മതം പ്രദാനിക്കും.
പ്രശ്ന നിമിത്തങ്ങളെ കേവലം പദാർത്ഥ ബന്ധിതമായി കാണാതെ അലൗകിക പ്രതീക്ഷകൾ വെച്ച് പുലർത്തുന്നവരിൽ ജനിക്കുന്ന ആത്മവിശ്വാസവും സഹനബലവും മനശാസ്ത്ര ലോകം അംഗീകരിച്ചതാണ്.
Leave a Reply