In Astronomy
By ശുഐബുൽ ഹൈതമി
ചന്ദ്രമാസം : കണക്ക് , കാഴ്ച്ച , കാഴ്ച്ചപ്പാട്
സൂര്യൻ - ഭൂമി - ചന്ദ്രൻ എന്നിവയ്ക്കിടയിലെ സാപേക്ഷികത്വം മുഖേനെയാണ് മനുഷ്യർ സമയം കാലം , ദിക്ക് എന്നിവ നിർണ്ണയിക്കുന്നത്. ഇസ്ലാമിലെ അനുഷ്ഠാനങ്ങളിൽ നേരവുമായി ബന്ധപ്പെട്ടവ സൂര്യനെയും , തിയ്യതിയിലേക്ക് ചേർക്കപ്പെട്ടവ ചന്ദ്രനെയും കൂടുതൽ ആശ്രയിക്കുന്നു. ഹിജ്റ മാസാരംഭം ചാന്ദ്രികമാണ്. 'മാസപ്പിറവി' യെ സംബന്ധിച്ച് നിലവിലുള്ള കാഴ്ച്ചപ്പാടുകൾ - കണക്ക് , കാഴ്ച്ച - എന്നീ രണ്ട് മാനങ്ങളിലേക്ക് മടങ്ങുന്നതാണ്.
കണക്കിനെ മാത്രം ആശ്രയിച്ച് 'NEWMOON 'ന് മാസപ്പിറവിയായി സ്ഥാനക്കയറ്റം നൽകുന്ന ഹിലാൽ ഹിജ്റ കമ്മറ്റിയും കണക്കിനെ ആശ്രയിച്ച് കാഴ്ച്ചയെ ആധാരമാക്കി NEWMOON സംഭവിച്ചതിന് ശേഷമുള്ള ദൃശ്യചന്ദ്ര ദർശനത്തെ മാസപ്പിറവിയായി കണക്കാക്കുന്ന ലോകമുസ്ലിം രീതിയുമാണ് കേരളത്തിലും രണ്ട് ഭാഗത്ത്.പരിക്രമണപഥം രണ്ട് വശത്തേക്കും ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന നിർമ്മിത നവോത്ഥാന നാട്യക്കാർ നടുവിൽ സ്വയം ഉൽപ്രേക്ഷയിലാണ്ട് കിടക്കുന്നു.
ചന്ദ്രമാസം മൂന്ന് വിധം .
സൂര്യനും ചന്ദ്രനും കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നതായി ഭൂമിയിലെ നിരീക്ഷകന് തോന്നുന്നു. യഥാർത്ഥത്തിൽ നമ്മെയും വഹിച്ച് കൊണ്ട് ഭൂമി സൂര്യനഭിമുഖമായി പടിഞ്ഞാറ് നിന്നും കിഴക്കോട്ട് തിരിയുകയാണ്. സൂര്യൻ പ്രതിദിനം 1 ഡിഗ്രി വേഗതയിലും ചന്ദ്രൻ 13 ഡിഗ്രി 11 മിനുട്ട് വേഗതയിലും പടിഞ്ഞാറ് നിന്നും കിഴക്കോട്ട് അതാതിന്റെ പരിക്രമണ പാതയിൽ വട്ടം ചുറ്റുന്നുണ്ട്.ഭൂമിയെ ചുറ്റുന്ന ഒരേയൊരുപഗ്രഹമാണ് ചന്ദ്രൻ . ദീർഘവൃത്താകൃതിയിൽ ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ സൂര്യനഭിമുഖമായി വരുന്ന അർദ്ധപകുതി സദാ ദീപ്തവും മറുപുറം ഇരുണ്ടതുമാവും. സൂര്യനിൽ നിന്നുള്ള ചന്ദ്രന്റെ കോണീയ ദൂരങ്ങൾക്കനുസൃതം ഭൂമിയിൽ നിന്നുള്ള ചന്ദ്രദർശനാനുഭവത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ .
സൂര്യൻ , ഭൂമി , ചന്ദ്രൻ എന്നിവ ഒരേ പ്രതലത്തിൽ വരുന്ന ( നേർരേഖയിലാവണമെന്നില്ല ) അമാവാസിയിൽ ( ZERO MOON ) നിന്നാരംഭിച്ച്, ശരാശരി 27 ദിവസം 7 മണിക്കൂർ 43 മിനുട്ട് 11.6 സെക്കന്റുകളെടുക്കുന്ന ചന്ദ്രന്റെ ഒരു പ്രദിക്ഷണത്തിന് നക്ഷ്ത്രാപേക്ഷിക ചന്ദ്രമാസം (SIDEREAL MONTH )എന്ന് പറയുന്നു. എന്നാൽ ചന്ദ്രൻ രണ്ടാമത് അമാവാസിയിലെത്താൻ 29 ദിവസം 12 മണിക്കൂർ 44 മിനുട്ട് 2 . 9 സെക്കന്റുകളോ സ്വൽപ്പമേറെയോ വേണ്ടി വരുന്നു. കാരണം അതിനിടയിൽ സൂര്യൻ 26.9 ഡിഗ്രി കിഴക്കോട്ട് ഏറെ സഞ്ചരിച്ചിട്ടുണ്ടാവുമല്ലോ . മണിക്കൂർ സൂചിയോടൊപ്പം ഒന്നിച്ച് യാത്ര പുറപ്പെട്ട ക്ലോക്കിലെ മിനുട്ട് സൂചിക്ക് തുടങ്ങിയേടത്തെത്താൻ 60 മിനുട്ടുകൾ മതിയെങ്കിലും മണിക്കൂർ സൂചിയെ തൊടാൻ 65. 4545 മിനുട്ടുകൾ വേണമെന്നത് പോലെയാണത്.
ഈ കാലയളവിനാണ് കേവല ചന്ദ്രമാസം ( SYNODIC MONTH ) എന്ന് പറയുന്നത്. അമാവാസിക്ക് ശേഷമുള്ള ആദ്യഭാഗത്തെ ഹിലാൽ അടക്കമുള്ളകലകൾക്ക് WAXING CRESCENTS എന്നും 86- 90 ഡിഗ്രിയിലെത്തുന്ന എട്ടാം നാൾ മുതൽ വൃദ്ധിയുള്ള പതിമൂന്ന് വരെയുള്ളതിന് WAXING GIBBOUS എന്നും സൂര്യനിൽ നിന്ന് ഏറ്റവുമകന്ന180 ഡിഗ്രിലെത്തുന്ന പതിനാലാം രാവിലേതിന് FULL MOON എന്നും പറയുന്നു. പിന്നീടുള്ള നാളുകളിൽ ചന്ദ്രൻ 1/ 16 എന്ന തോതിൽ ക്ഷയിക്കും . അതിലാദ്യത്തെ ഏഴ് നാളുകൾ WANNING GIBBOUS ഉം 22 മുതൽ ഏഴ് നാളുകൾ WANNING CRESCENTS ഉം ആണ്. ഓരോ ദിവസവും ഉദ്ദേശ്യം 48 മിനുട്ട് വൈകിയാണ് ചന്ദ്രന്റെ ഉദയാസ്തമനം . 28 ആം നാൾ ചന്ദ്രൻ 24 / 27 ഡിഗ്രി മുതൽ 14/ 12 ഡിഗ്രി വരെ സൂര്യനോടടുത്ത് സൂര്യോദയത്തിന്റെ 3 മണിക്കൂർ മുമ്പുദിക്കും. ശേഷം ഒന്നോ രണ്ടോ ദിവസം ചന്ദ്രന്റെ പ്രകാശിത ഭാഗം പൂർണ്ണമായും സൂര്യന്റെ നേരെയാവുന്നതിനാൽ ഭൂമിയിൽ കറുത്തവാവ് അനുഭവപ്പെടും. തുടർന്ന് ചന്ദ്രൻ സൂര്യനെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മറികടക്കും ( Conjunction) . ഇതിനെയാണ് ശാസ്ത്രഭാഷയിൽ NEWMOON എന്ന് പറയുന്നത്.നിമിഷാംശത്തിൽ സംഭവിക്കുന്ന NEWMOON പ്രതിഭാസത്തോടെയാണ് പുതിയ ഹിജ്റ മാസപ്പിറവി എന്നാണ് അലിമണിക്ഫാനിന്റെയും അദ്ദേഹത്തെ പിൻപറ്റി ഡോ.ടി. വി കോയക്കുട്ടി ഫാറൂഖി , ഡോ . പി . എ കരീം തുടങ്ങിയവരുടെയും ജൽപ്പനം. അതായത് , ഒരു ഹിജ്റമാസം എന്നാൽ അവർക്ക് ഒരു SYNODIC MONTH ആണ് .
എന്നാൽ , ഇസ്ലാമികമായ ഹിജ്റ മാസാരംഭം അദൃശ്യമായ ന്യൂമൂൺ, സൂര്യാസ്തമനത്തിന് ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യചന്ദ്രക്കലയായ് ( VISIBLE CRESCENT) അനുഭവേദ്യമായത് മുതലാണ്. ഈ ദൃശ്യചന്ദ്രക്കലയാണ് സാങ്കേതികമായ് ഹിലാൽ, NEW MOON അല്ല ഹിലാൽ . ന്യൂമൂൺ ദൃഷ്ടി ഗോചരമല്ലാത്തതിനാൽ ശാസ്ത്രലോകം പോലും അതിനെ DARK MOON / ASTROMICAL CRESCENT എന്നൊക്കെയാണ് പറയുന്നത്. ന്യൂമൂൺ നടന്ന ദിവസം , സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ അസ്തമയശോഭ പരന്ന ചക്രവാളത്തോട് വളരെ അടുത്താണുണ്ടാവുക . കല ദൃശ്യമാവാൻ ശാസ്ത്രീയ ഭാഷയിൽ - ചന്ദ്രൻ സൂര്യന്റെ നേർമുഖളിലാണെങ്കിൽ 9. 4 ഡിഗ്രിയും സൂര്യന്റെ 5 ഡിഗ്രി തെക്കോ വടക്കോ ആണെങ്കിൽ 9 ഡിഗ്രി ഉയരത്തിലും ആയിരിക്കേണ്ടതുണ്ട്. അതായത് , സൂര്യൻ അസ്തമിച്ചിട്ടും 36 മിനുട്ട് സമയമെങ്കിലും ചന്ദ്രൻ ആകാശത്ത് വേണം. മിനിമം മൂൺലാഗ് ( സൂര്യ - ചന്ദ്രാസ്തമന ഇടവേള ) 29 മിനുട്ടാണെന്നാണ് ഏറ്റവും പുതിയ ശാന്തയെ നിരീക്ഷണം. ഇതനുസരിച്ച് , പിറദർശന സാധ്യതയുടെ മിനിമം സമയദൈർഘ്യമായി കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെട്ട 8 ഡിഗ്രി ( 32 മിനുട്ട് ) സംഗതമാവുന്നു.അതിലും കുറഞ്ഞ മൂൺലാഗ് ടൈമിൽ മാസപ്പിറ ദൃശ്യമായതിന് ടെസ്റ്റിമണിക്കലീ അനിഷേധ്യമായ ഉദാഹരണങ്ങളുണ്ട് , സൗദിയടങ്ങുന്ന ജിസിസി രാഷ്ട്രങ്ങളും അവരെ പിൻപറ്റുന്ന 23 രാഷ്ട്രങ്ങളും ഈ വർഷത്തെ ( 2024 മാർച്ച് 10 ) റമദാൻ മാസപ്പിറവി കണ്ടെന്ന് പ്രഖ്യാപിക്കുമ്പോൾ സൗദിയിൽ അന്നത്തെ മൂൺലാഗ് 12 മിനുട്ട് മാത്രമായിരുന്നു. അന്ന് പകൽ GMT 9 AM നായിരുന്നു NEWMOON. മുസ്ലിം ലോകത്തിന്റെ ഹൃദയഭൂമി കള്ളം പറയുന്നതല്ലെങ്കിൽ ശാസ്ത്രത്തിന് കൃത്യത കുറവാണെന്ന് വരും.NEWMOON നെ മാസപ്പിറവിയാക്കാത്ത മറ്റെല്ലാ രീതികളും തെറ്റാണെന്നും ന്യൂമൂൺ ദിവസം മാസപ്പിറ കാണുക സാധ്യമല്ലെന്നും അതിനാൽ യഥാർത്ഥത്തിലുള്ള രണ്ടാം ദിവസത്തിന്റെ ഹിലാലിനെയാണ് ഖാദിമാർ മാസപ്പിറവിയായി പ്രഖ്യാപിക്കുന്നതെന്നും പറയാനായി ഗ്രന്ഥങ്ങളെഴുതുന്ന കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്മാർ വിശദീകരിക്കാൻ ബാധ്യസ്തരാണ്.പരിഷ്കരണഭ്രമം ഒരുപടി മൂത്ത് മെറ്റീരിയൽ ഇസ്ലാമിനെ ഉണ്ടാക്കാൻ പണിപ്പെടുന്ന മുജാഹിദ് മർക്കസുദ്ദഅ്വ വിഭാഗം ശാസ്ത്രവിരുദ്ധ മാസപ്പിറവി പ്രഖ്യാപിച്ച സൗദിയെ പിന്തുടർന്ന് തിങ്കളാഴ്ച്ച റമസാൻ ഒന്നാക്കിയതിനും കിട്ടണം വിശദീകരണം .
നിരാകരണത്തിന്റെ നിർണ്ണയങ്ങൾ .
'മണിക്ഫാൻസ് ' മുന്നോട്ട് വെക്കുന്ന ന്യൂമൂൺ മാസപ്പിറവിയുടെ ന്യൂനതകളും ന്യായവൈകല്യങ്ങളും സംഗ്രഹിച്ച് പറയാം .
ഒന്ന് : തത്വദീക്ഷയില്ലായ്മ. "മാനത്ത് കാണുന്ന നിലാവിന്റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ച് , അല്ലെങ്കിൽ ദൃശ്യമാവുന്ന പന്ത്രണ്ട് മാസപ്പിറവികളെക്കുറിച്ച് അവർ അങ്ങയോട് ചോദിക്കുന്നു , നബിയേ പറയുക , അവ മനുഷ്യർക്ക് മൊത്തത്തിലും ഹജ്ജിന് പ്രത്യേകിച്ചുമുള്ള പ്രകൃതിപഞ്ചാംഗമാണ് " എന്നതടക്കമുള്ള ഖുർആൻ വചനങ്ങളനുസരിച്ച് ഭൂമിയിലെ മനുഷ്യർക്ക് വേണ്ടിയുള്ള മാസ നിർണ്ണയം, ടെലസ്ക്കോപ്പ് കൊണ്ട് പോലും കാണാൻ കഴിയാത്ത , ശാസ്ത്രം പോലും അജ്ഞാത ചന്ദ്രൻ എന്ന് വിശേഷിപ്പിച്ച ന്യൂമൂൺ വഴി കണക്കാക്കുക വഴി 'അഹില്ല ' യുടെ അന്ത:സാരം ഇല്ലാതാവുന്നു. ഓരോ മാസവും 13 മണിക്കൂർ വരെ ഏറ്റ വ്യത്യാസങ്ങൾ ഉണ്ടാകാവുന്ന SYNODIC MONTH നെ അപ്പടി ഹിജ്റ മാസമാക്കുമ്പോൾ , കൃത്യതക്ക് വേണ്ടി ഉണ്ടാക്കുന്ന മാർഗം കാലഗണനയിൽ സങ്കീർണ്ണത ഉണ്ടാക്കുന്നു. കാരണം ഓരോ മാസത്തിലെയും അവസാനനാളിന്റെ മാറ്റം കലകളും ( സെക്കന്റ് ) വികലകളും ( മൈക്രോ സെക്കന്റ് ) ചേർന്നതാവും . ദീർഘകാലാടിസ്ഥാനത്തിൽ നിർദ്ധരിച്ചെടുക്കാൻ മന:ക്കണക്ക് അപര്യാപ്തമാവുകയും ചെയ്യും. ന്യൂമൂണിന് പിറ്റേന്ന് സൂര്യോദയം മുതലാണ് പ്രാബല്യം എന്ന് പറയുക വഴി ധാരാളം മറ്റ് ന്യൂനതകൾ സംഭവിക്കുന്നു. അതിനിടയിലെ ഗ്യാപ്പ് നടപ്പ് മാസത്തിലേത് തന്നെയായാൽ ഹിലാൽ പിറന്നിട്ടും മാസം തുടങ്ങുന്നില്ല എന്ന് വരും .
കാരണം Newmoon = ഹിലാൽ എന്നാണല്ലോ പറയുന്നത് .
എന്നാൽ , നഗ്ന നേത്രദർശനം വഴിയുള്ള ഹിജ്റ മാസം കൃത്യം 24 മണിക്കൂറുകൾ ഉള്ള 29 അല്ലെങ്കിൽ 30 ദിവസങ്ങളാണ്. ഒരു തിയ്യതിക്ക് ഒന്നിലധികം ദിവസങ്ങൾ എന്ന കൽപ്പിത പ്രതിസന്ധിയേക്കാൾ പ്രശ്നമാണത്. മനുഷ്യരോടുള്ള നിയമങ്ങൾ മനുഷ്യകേന്ദ്രീകൃതമായി വായിക്കപ്പെടണം. റമദാനും പെരുന്നാളും ആചരിക്കേണ്ടത് അന്യഗ്രഹ ജീവികൾ അല്ലല്ലോ .
രണ്ട് : ഭൂമി മുഴുവൻ ഒന്നിച്ച് ചന്ദ്രമാസം ആരംഭിക്കാൻ സ്വയം രൂപപ്പെടുത്തിയ ഈ സിദ്ധാന്തമനുസരിച്ചും ചിലപ്പോൾ 'പാൻഗ്ലോബൽ മാസപ്പിറവി ' അസാധ്യമാവും. ഉദാഹരണത്തിന് ,ന്യൂമൂൺ സമയത്ത് സൂര്യനിൽ നിന്ന് 108 ഡിഗ്രി പടിഞ്ഞാറുള്ള സുബ്ഹിരേഖക്ക് ( MORNING TWILIGHT LINE) കിഴക്കായി വരുന്ന പ്രദേശങ്ങളിൽ
പടിഞ്ഞാറിൽ തുടങ്ങിയതിന് അടുത്ത ദിവസം മാത്രമേ ചന്ദ്രമാസം ആരംഭിക്കുകയുള്ളൂ. ചില സന്ദർഭങ്ങളിൽ ന്യൂമൂണിന് ശേഷം സൂര്യോദയത്തിന് മുമ്പേ ചന്ദ്രനസ്തമിക്കും. ചിലപ്പോൾ UT ന്യൂമൂണിന് മുമ്പേ ചില രാഷ്ട്രങ്ങളിൽ പകൽ ആരംഭിക്കും. ഉദാഹരണത്തിന് , വെള്ളിയാഴ്ച്ച IST 5 മണിക്ക് അഥവാ UT വ്യാഴം 11. 30 ന് ന്യൂമൂൺ ഉണ്ടായാൽ അപ്പോൾ പകൽ അനുഭവിക്കുന്ന ഏകദേശം 79.5 E രേഖാംശം മുതൽ 180 E രേഖാംശം വരേക്കും പിറ്റേന്ന് ശനി മാത്രമേ ചന്ദ്രമാസം തുടങ്ങാനാവുകയുള്ളൂ. UT 11. 30 നേക്ക് സുബ്ഹി ആകാത്ത ബാക്കി പടിഞ്ഞാറൻ രാഷ്ട്രങ്ങൾക്ക് ടി .വെള്ളിയും ഹിജ്റ മാസത്തിൽ പെടും . കാരണം ന്യൂമൂണിന് ശേഷമുള നിമിഷം മുതൽ അടുത്ത സൂര്യോദയം വരെയുള്ള സമയം മുൻമാസത്തിന്റെ ഭാഗമാക്കാൻ പറ്റില്ല എന്നാണല്ലോ അടിസ്ഥാനവാദം . ഈ വിഷമസന്ധി മറികടക്കാൻ , ന്യൂമൂണിന് ശേഷമുണ്ടാവുന്ന സൂര്യോദയം മുതൽ ഭൂമി മുഴുവൻ ഒന്നിച്ചാണ് ഹിജ്റ മാസാരംഭം എന്ന തനി താന്തോന്നിത്തം എഴുതിപ്പിടിപ്പിക്കുകയാണവർ . എന്നാൽ , ന്യൂമൂണിനും സൂര്യോദയത്തിനുമിടയിലെ സമയം പുതിയ മാസത്തിനകത്ത് പെടുത്തി ' റമദാൻ ' ആചരിക്കാൻ ശാഫി മദ്ഹബിലെ ഉദ്ധരണി കൂട്ടുപിടിക്കാൻ ശ്രമിക്കുന്ന അലിമണിക്ഫാനെ അദ്ദേഹത്തിന്റെ ആത്മകഥാംശ കൃതിയിൽ കാണാം ! മറ്റുള്ളവരുടെ പുസ്തകങ്ങളിൽ ന്യൂമൂണാനന്തര സൂര്യോദയം മുതൽക്കാണ് ഭൂകേന്ദ്രീകൃത മാസപ്പിറവി എന്നാവർത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്. ചന്ദ്രമാസപ്പിറവിയുടെ ആധാരം സൂര്യോദയമാണെന്ന ശാഠ്യത്തിനവർ തന്നെയിട്ട പേരാണ് രസാവഹം,ശാസ്ത്രാവബോധം ! ഈ അമളി പരിഹരിക്കാൻ ന്യൂമൂണിന് ശേഷം സൂര്യനും ചന്ദ്രനും അസ്തമിക്കലോടെയാണ് മാസാരംഭം എന്ന ദുർബലവാദവുമായും ചിലർ വരുന്നുണ്ടിപ്പോൾ. ഓരോ ന്യൂമൂണിന്റെയും സമയം വ്യത്യസ്തമായതിനാൽ , IDL അഥവാ ദിനമാറ്റരേഖ പോലെ സ്ഥായിയായ ചന്ദ്രമാസരംഭദിന രേഖ അസാധ്യമാണ് താനും.
മൂന്ന് :ഉരുണ്ട ഭൂമിയിൽ പൂർണ്ണാർത്ഥത്തിൽ അസാധ്യവും ഇസ്ലാം ഒരിക്കലും ആവശ്യപ്പെടാത്ത അത്യാചാരവുമായ ' ഏകീകൃത നോമ്പും പെരുന്നാളും ' ഉണ്ടാക്കാനായി ഖുർആൻ ദുർവ്യാഖ്യാനിക്കുകയും സ്വീകരിക്കുന്ന ഹദീസുകളിലെ തന്നെ വെല്ലുവിളിയാകുന്ന ഭാഗങ്ങൾ നിസ്സങ്കോചം തള്ളിക്കളയുകയും ചെയ്യുന്നു. ഉദാഹരണം , "ആകാശം മേഘാവൃതമായാൽ 30 പൂർത്തിയാക്കുക "എന്ന പ്രയോഗമോ ആശയമോ വരുന്ന ഏറ്റവും പ്രബലമായ അഞ്ച് ഹദീസുകൾ 'വിശ്വസിക്കാൻ കൊള്ളില്ല ' എന്നാണ് ഡോ . പി. എ കരീം 'ചന്ദ്രമാസവും മുസ്ലിം സമുദായത്തിലെ ഭിന്നിപ്പുകളും ' എന്ന പുസ്തകത്തിന്റെ 55 ആം പേജിൽ പറയുന്നത്. എന്നാൽ ഇതേ ഹദീസുകളുടെ ആദ്യഭാഗത്തുള്ള 'കാണുക' എന്നതിന് 'മാസനിരീക്ഷണം നടത്തുക' എന്നർത്ഥം നൽകി ടിയാൻ സ്വന്തത്തെ സ്വയം റദ്ദ് ചെയ്യുന്നുമുണ്ട്. എന്നാൽ , ഹദീസുകൾ തള്ളണമെന്ന് പറയാൻ ധൃഷ്ടരാവാതെ 'മേഘംമൂടിയാൽ ' എന്ന ഭാഗത്തിന്
അമാവാസിനാളായാൽ എന്ന് തത്വത്തിൽ മണിക്ഫാനും മാസാവസാന നാളിലെ അവ്യക്തത , ആശങ്ക , അമാവാസി എന്നൊക്കെത്തന്നെ ഡോ : കോയക്കുട്ടി ഫാറൂഖിയും അർത്ഥം നൽകുന്നു. ഭാരതീയ ജോതിശാസ്ത്ര പ്രകാരം അറുപത് നാഴിക ദൈർഘ്യമുള്ള ചന്ദ്രതിഥികളിലെ മുപ്പതാം ഘട്ടമായ അമാവാസിയും ഡിജിറ്റൽ സെക്കന്റിന്റെ ദൈർഘ്യമുള്ള ന്യൂമൂണും ഒന്നാണെന്ന് അവരുടെ പുസ്തകങ്ങളിൽ തന്നെ ധാരാളം തവണ എഴുതിയതോർക്കാതെയാണ് ഹദീസിനെ മലയാളപ്പെടുത്തുമ്പോൾ അമാവാസിക്ക് ഒരു കറുത്തവാവിന്റെ ദൈർഘ്യവും നൽകുന്നത് !
അറബ് ഭാഷാ ഷണ്ഡത്വം നിറയെ നിരത്തുന്ന ഗ്രന്ഥകൃത്തുക്കൾ ,
സൂര്യനൊപ്പം വസിക്കുന്നവൻ എന്നർത്ഥമുള്ള അമാവാസിയും ന്യൂമൂണും ഒന്നാണെന്ന് പറയുക വഴി എല്ലാം ' കണക്കാണെന്ന് ' കാണിച്ച് തരുന്നു. ഹദീസുകളിലെ അമാവാസി പ്രയോഗം സവിശേഷ സാഹചര്യങ്ങളിലെ മേഘം മൂടലല്ലെന്നും ഓരോ മാസവും ആവർത്തിക്കുന്ന സ്വഭാവിക ചന്ദ്രഘട്ടമാണെന്നും പറയുന്ന മണിക്ഫാൻസ് അതിന് ശേഷം 30 പൂർത്തിയാക്കുക എന്ന ഹദീസിലെ പ്രത്യേക പരാമർശത്തിന്റെ സാംഗത്യം ചിന്തിക്കുന്നില്ല .
മാത്രമല്ല , അപ്പോൾ' ഒരു മാസം വാനനിരീക്ഷണം നടത്തിയിട്ട് നോമ്പോ പെരുന്നാളോ ആചരിക്കുക' എന്ന ആദ്യഭാഗത്തിനും പ്രസക്തിയുണ്ടാവില്ല . അങ്ങനെയൊരു മാസനിരീക്ഷണ കേന്ദ്രം, വ്യക്തിഗതമായി സൂഷ്മനിരീക്ഷകർ ഉണ്ടായിട്ടും മദീനയിലോ കൂഫയിലോ ഡമസ്ക്കസിലോ ഒന്നുമുണ്ടായിട്ടില്ല.ഹിജ്റ കലണ്ടർ ആരംഭിച്ച ഒട്ടനേകം പരിഷ്ക്കരണങ്ങളുടെ ഉപജ്ഞാതാവ് രണ്ടാം ഖലീഫയും പ്രത്യേക മാസനിരീക്ഷക സമിതി രൂപീകരിച്ചിട്ടില്ല . ഇസ്ലാമിന്റെ സുവർണ്ണ ശതകങ്ങളിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലും
' മാസപ്പിറവി ' കാണുന്നതാണ് ചർച്ച . മൊത്തത്തിൽ വാനശാസ്ത്രത്തിൽ അൽഭുതകരമായ കുതിപ്പുണ്ടായിട്ടും മാസപ്പിറവി ദർശനത്തിൽ കണക്ക് കൂട്ടി സാധ്യതയാരായാം , ഉപകരണങ്ങൾ സഹായകമായി തേടാം എന്നൊക്കെ പറഞ്ഞതല്ലാതെ അദൃശ്യ ചന്ദ്രനെ ആധാരമാക്കാൻ പറഞ്ഞിട്ടേയില്ല , അവർക്കൊക്കെ ന്യൂമൂൺ പ്രതിഭാസം അറിയാമായിരുന്നു താനും . എന്തിനധികം , മണിക്ഫാൻ തന്റെ ആത്മകഥയിൽ ഹിജ്റ ആറാം നൂറ്റാണ്ടിൽ മാലദ്വീപ് സന്ദർശിച്ച ഫ്രഞ്ച് യാത്രികൻ മാസപ്പിറവി നോക്കുന്ന ജനതയെ അവതരിപ്പിച്ച കഥ രേഖപ്പെടുത്തുന്നുണ്ട്. മുസ്ലിം ലോകത്തിന്റെ ഏകോപിതാഭിപ്രായമാണ് നഗ്നനേത്രദർശനം .
നാല് : ഇസ്ലാം സാർവ്വജനീന മതമാണ്. ശാസ്ത്രീയ - സാങ്കേതിക വികാസഘട്ടം മനുഷ്യചരിത്രത്തിലെ ഖണ്ഡം മാത്രമാണ്. ഇന്റർനെറ്റിന്റെയും ഉപഗ്രഹസിഗ്നലുകളുടെയും ഇക്കാലത്ത് നിന്ന് ചരിത്രം റിവേഴ്സ് ഗിയറിയിൽ സഞ്ചരിച്ച് മനുഷ്യർ എയറിൽ നിന്ന് മണ്ണിലിറങ്ങാൻ ഒരു മഹാദുരന്തമോ ആണവയുദ്ധങ്ങളോ മതിയാവും.ലോകഗതി കീഴ്മേൽ മറിഞ്ഞാലും റമദാനും പെരുന്നാളും ഉണ്ടാവണം , നിരക്ഷരർക്കും ഒറ്റപ്പെട്ടവർക്കും മതാനുഷ്ഠാനം ചെയ്യാനാവണം. അത്തരത്തിൽ മാനകമായൊരു 'മിതസമീപനമാവണം മതസമീപനം'. അത് അദൃശ്യമായ ന്യൂമൂൺ പ്രതിഭാസമല്ല , പിറ ദർശനം മാത്രമാണ്. ആ സൗകര്യം മാനിച്ചാണ് അഞ്ച് നേര നമസ്കാരങ്ങൾ സൂര്യപ്രകാശത്തിന്റെ നിഴൽ വ്യത്യാസം നോക്കി കണക്കാക്കുന്നത്. സൂര്യൻ മധ്യാഹ്നത്തിൽ നിന്നും തെറ്റുന്നത് കണ്ണാൽ കാണമെന്ന് ചട്ടം കെട്ടാൻ നാസയിലെ ശാസ്ത്രജ്ഞർക്ക് മാത്രമല്ലല്ലോ ഇസ്ലാം ബാധകമാവുന്നത് . ശാസ്ത്രഭക്തിയുടെ ദാസ്യം പേറി ആധുനികതയെ തൃപ്തിപ്പെടുത്താനായ് ഇസ്ലാമിന്റെ കാലാധിവർതിത്വത്തെക്കുറിച്ച് ചിന്തിക്കാനാവാത്തതിനോളം പ്രതിലോമപരമല്ല മറ്റൊന്നും . ഔചിത്യബോധമില്ലാത്ത ശാസ്ത്രജ്ഞാനത്താൽ , അവർക്ക് ഒരേസമയം ആഗോള നോമ്പും പെരുന്നാളും ആചരിക്കാൻ ഖുർആൻ ആഹ്വാനം ചെയ്യുന്നുവെന്ന നുണയും ,
1884 തീരുമാനമായ ഗ്രീനിച്ച് രേഖയുടെ Antipodal ലുള്ള IDL ദിനമാറ്റരേഖ ഖുർആനികമാണെന്നും അതിന് മുമ്പ് ജീവിച്ചവർക്ക് ഖുർആനിന്റെ സമ്പൂർണ്ണാശയം മനസ്സിലായിരുന്നില്ലെന്നും ആ ദിനമാറ്റരേഖ തന്നെയാണ് ഖിബ്‌ലമാറ്റരേഖ എന്നുമൊക്കെയുള്ള വിവരക്കേടും പറയേണ്ടിവരികയാണ്. ഖിബ്ലയുടെ കിഴക്കും പടിഞ്ഞാറും നിർണ്ണയിക്കുന്നത് ആ പ്രദേശത്തിന്റെ മെറിഡിയന്റെ ഇരുഭാഗങ്ങൾ നോക്കിയാണെന്നിരിക്കേ അതുമായി ബന്ധമില്ലാത്ത ,റഷ്യയും അമേരിക്കയും സൗകര്യത്തിന് പലവട്ടം മാറ്റി വക്രിച്ച , ശാന്തസമുദ്രത്തിലൂടെ സങ്കൽപ്പിക്കപ്പെടുന്ന ദിനമാറ്റരേഖാംശത്തെ ഖിബ്ലയുമായി ബന്ധിപ്പിച്ച് പറഞ്ഞ കാര്യമാവട്ടെ പരമാബദ്ധവും . വാസ്തവത്തിൽ കഅബാലയമല്ലാതെ നാല് ദിശയിലേക്കും ഖിബ്ല കിട്ടുന്ന ഏകസ്ഥലം കഅബയുടെ രേഖാംശത്തിന്റെ നേർമറുപുറമാണ്. പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പവിഴദ്വീപായ ടെമറ്റാഗിയിലാണ് ആ ഭാഗം . മണിക്ഫാനും മറ്റും ഉദാഹരിച്ച അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തും റഷ്യയുടെ കിഴക്കേ അറ്റത്തുമുള്ള പള്ളികളിൽ വെച്ച് നമസ്ക്കരിക്കുന്നവർ പിറകോട്ട് നടന്നാൽ ഊരകൾ മുട്ടി വിപരീത ദിശയിൽ നിൽക്കും എന്നൊക്കെയാണ് കസർത്ത് . ആ രണ്ട് മസ്ജിദുകളിലെ ഖിബ്ലാ സൂത്രം നേരെ വടക്ക് നിന്ന് അൽപ്പം ഇടത്തോട്ട് തിരിയലാണ്. ഭൂമിക്ക് വടക്കും തെക്കും കൂടിയുണ്ടെന്നത് തിരക്കിൽ മറന്നു പോയതാവുമോ ? ഗ്രീൻവിച്ചും IDL ഉം വരുന്നതിന് മുമ്പേ , നൂറ്റാണ്ടുകളോളം അറബികൾ പ്രൈം മെറിഡിയനായി കാനറി ദ്വീപിലൂടെ പോകുന്ന രേഖാംശത്തെയും ഭാരതീയർ ഉജ്ജയിനി രേഖയും ഉപയോഗിച്ച് നാഗരികതകൾ കെട്ടിപ്പൊക്കിയത് ഇവർക്കറിയില്ലേ ?
അഞ്ച് : വൈവിധ്യങ്ങളുടെ ഏകത്വം എന്നതിന് പകരം , ഐക്യത്തിന് വൈവിധ്യങ്ങളുടെ ഏകോപനം എന്ന അപ്രായോഗിക വിവക്ഷ നൽകുന്നതാണ് എല്ലാ പ്രശ്ങ്ങളുടെയും മൂലഹേതു. ലോകമുസ്ലിം മൈത്രി എന്നാൽ വ്യത്യസ്തതകൾക്കധീതമായ സാഹോദര്യബോധമാണ്. ബഹുസ്വര സമൂഹത്തിന്റെ ഐക്യത്തിന് വിഘാതമാവുന്ന ജൽപ്പനങ്ങളാണ് ന്യൂമൂൺ മാസക്കലണ്ടറിനെ വെളുപ്പിക്കാൻ മറ്റൊരു വശത്ത് പറയുന്നതെന്നതാണ് കൗതുകം. BC 46 ൽ റോം ഭരിച്ചിരുന്ന ജൂലിയസ് സീസർ നിർദ്ദേശിച്ച് തയ്യാറാക്കിയ , പിന്നീട് പോപ്പ് ഗ്രിഗറി 1582 ൽ പത്ത് ദിവസങ്ങൾ വെട്ടിക്കുറച്ച് ദീർഘകാലത്തേക്ക് ശരിപ്പെടുത്തിയ കലണ്ടറാണ് ഇന്ന് ലോകംഗീകരിക്കുന്ന സൗരകലണ്ടർ .
അതിനെ കേവലം ക്രൈസ്തവ കലണ്ടറായി ചിത്രീകരിച്ച് ഒഴിവാക്കണമെന്ന് പറയുകയാണവർ ചെയ്യുന്നത്.യേശുവിന്റെ മുമ്പേ നിലവിൽ വന്നതാണ് ആ പഞ്ചാംഗം . മാത്രമല്ല , പഴയ നിയമപ്രകാരമുള്ള ആചാരങ്ങളെ കോർത്തിണക്കിയുള്ള ഹീബ്രുചന്ദ്രവർഷക്കലണ്ടറുകളായിരുന്നു അന്നേ വിശാല യഹൂദ സമൂഹം ഉപയോഗിചിരുന്നത്. ഇന്നുമത് നിലനിൽക്കുന്നു. തിയ്യതികൾ നിശ്ചയിക്കാനും ചരിത്രം രേഖപ്പെടുത്താനും സൗരകലണ്ടർ ഉപയോഗിക്കുന്നത് ഇസ്ലാമിക വിരുദ്ധമൊന്നുമല്ല , സൗരകലണ്ടറിനെ ഖുർആൻ ഒരു നടപ്പു രീതിയായി അംഗീകരിച്ചതായും തഫ്സീറുകളിൽ നിന്ന് മനസ്സിലാക്കാം .
ആറ് : 'ന്യൂമൂൺമദ്ഹബുകാർ ' മുസ്ലിം സമുദായത്തോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന ഇനി പറയുന്നതാണ്. ഒരേ സമയം , സൂര്യാസ്തമയ നേരത്ത് മാസം പിറക്കുന്നത് നോക്കുന്നതിനെ കണക്കിലധികം കളിയാക്കി , ദിവ്യജ്ഞാനികളായ പണ്ഡിതന്മാരെ പരിഹസിച്ച്, കണക്ക് കൊണ്ട് സ്ഥിരപ്പെടുന്ന ന്യൂമൂണാണ് പിറവി എന്ന് പറയുകയും അതേ സമയം തന്നെ പിറ ദർശനത്തെ ആധാരമാക്കുന്ന ഇമാമുമാരുടെ ഉദ്ധരണികൾ മിസ്കോട്ടും ചെയ്യുകയാണവർ .
ശാഫിയേതര മദ്ഹബുകളിൽ ഒരു ദേശത്തെ പിറകൊണ്ട് തന്നെ ലോക മുസ്ലിംകൾക്ക് മാസാരംഭം കുറിക്കാമെന്നതാണ് പ്രബലാഭിപ്രായങ്ങൾ . പക്ഷെ ഒരു ഇമാമും അദൃശ്യ ചന്ദ്രനെ ആധാരമാക്കുന്നവരല്ല . അത്തരം ഉദ്ധരണികൾ വെച്ച് ,ഉദയാസ്തമന വ്യത്യാസം പരിഗണിക്കുന്ന ശാഫീ പണ്ഡിതരെ എതിർക്കുന്നവർ ന്യൂമൂൺ വാദത്തിൽ നിന്ന് പിന്മാറി പിറ വിഷയത്തിലെങ്കിലും അവരുദ്ധരിക്കുന്ന ഇമാമുമാരുടെ ചട്ടക്കൂട്ടിൽ നിൽക്കുമോ ?
ചുറ്റിലും വായുവേധ 197 കി.മീ 510 മീറ്ററാണ് ശാഫീ മദ്ഹബിലെ കേരളീയ സുന്നികൾ കൂടുതൽ പിന്തുടരുന്ന ചക്രവാള പരിധി.
എന്നാൽ , ചുറ്റിലും 8 ഡിഗ്രി അഥവാ 890 കി.മീ 568 മീറ്റർ ( 32 മിനുട്ട് ഉദയാസ്തമന വ്യത്യാസ പരിധി ) എന്ന വീക്ഷ്ണവും മദ്ഹബിലുണ്ട്. ഉദയസ്തമന സ്ഥാനം വ്യത്യാസപ്പെട്ടാലും പടിഞ്ഞാറൻ പ്രവിശ്യയിലെ പിറദർശനം കിഴക്കൻ പ്രവിശ്യയിൽ ബാധകമാവുന്ന സന്ദർഭങ്ങളുമുണ്ട്. സൂര്യാസ്തമനത്തിന് ശേഷം പടിഞ്ഞാറൻ നാട്ടിൽ എത്രാം മിനുട്ടിലാണോ പിറദർശിച്ചത് , അത്രമിനുട്ടോ അതിൽക്കുറവോ പരിധിയിലുള്ള കിഴക്കൻ നാടുകൾക്കാ പിറ ബാധകമാണ്. മറ്റ് മദ്ഹബുകളിൽ ഉദയാസ്തമന വ്യത്യാസം പരിഗണിക്കേണ്ടതില്ല എന്നതാണ് പ്രബലാഭിപ്രായം . അതായത് , ന്യൂമൂൺ മണ്ടത്തരങ്ങളില്ലാതെ തന്നെ പരമാവധി റമദാനും പെരുന്നാളും ഒരുമിപ്പിക്കാൻ വഴികളുണ്ടെന്ന് വ്യക്തം. മുസ്ലിംകള ഭിന്നിപ്പിക്കുന്നത് വ്യവസ്ഥാപിത മദ്ഹബുകൾ നിരാകരിച്ച് സ്വയം നിർമ്മിത കർമ്മശാസ്ത്രം ഉണ്ടാക്കുന്ന നവീന ഇസ്ലാമിസ്റ്റുക്കളാണ്. ആവശ്യത്തിലധികം രൂപപ്പെടുന്ന ഖാസിപ്പെരുപ്പവും സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു. മുകളിൽ പറഞ്ഞത് പോലെ , ഉദയാസ്തമന വ്യത്യാസം പരിഗണിക്കേണ്ടതില്ലെന്ന നാലാലൊരു മദ്ഹബിന്റെ തത്വമനുസരിച്ചും മാസപ്പിറ ദർശനമോ 30 തികക്കലോ ആധാരമാക്കി ലോകാടിസ്ഥാടിസ്ഥാനത്തിൽ ഒരു ഹിജ്റ കലണ്ടർ തയ്യാറാക്കാം. ഹിജ്റ ദിവസാരംഭം സൂര്യോദയം മുതലാണെന്ന വങ്കത്തം ഒഴിവാക്കണമെന്ന് മാത്രം . നേരം വെളുക്കുന്നത് രാവിലെയാണ് . പക്ഷെ ചന്ദ്ര ദിവസത്തിന്റെ തുടക്കം രാവോടെയാവുന്നതിൽ അത്ര ഞെട്ടാനൊന്നുമില്ല. മതവിധികൾ ബാധകമാവുന്നത് വ്യക്തികൾക്കാണ് , അല്ലാതെ ദിവസങ്ങൾക്കോ പ്രദേശങ്ങൾക്കോ അല്ലെന്നതും ഒരു തിയ്യതിക്ക് രണ്ട് ദിവസം എന്ന് പറഞ്ഞ് കരയുന്നവർ ചിന്തിക്കണം . ഉരുണ്ട ദിവസത്തിൽ ഇഷ്ടമുള്ളേടത്ത് തുടക്കമാക്കാം. പക്ഷെ പ്രഭാതവും രാത്രിയും അതിന്റെ കണക്കനുസരിച്ചേ വരൂ എന്ന് മാത്രം. അത് മനസ്സിലാവാൻ ചിലർക്ക് തലയിൽ നേരംവെളുക്കണം എന്നതാണ് സ്ഥിതി.
Leave a Reply