In Prophetic
By ശുഐബുൽ ഹൈതമി
നബവീ രാഷ്ട്രീയം : മണ്ണ് , മനുഷ്യൻ , ആത്മാവ്
മുസ്ലിംകൾ മുസ്ലിംകൾക്ക് വേണ്ടി ജീവിക്കേണ്ടവരല്ല , മറിച്ച് മനുഷ്യർക്ക് വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കേണ്ടവരാണ് എന്ന പാഠമായിരുന്നു നബിതങ്ങളുടെ രാഷ്ട്രീയം .ആധ്യാത്മികതയുടെ പശ്ചാത്തലവും അല്ലാഹു എന്ന ലക്ഷ്യബോധവും മനുഷ്യൻ എന്ന പരിഗണനയും നിശ്ചയിക്കുന്ന രാഷ്ട്രീയമായിരുന്നു മക്ക - ത്വാഇഫ് - മദീനാ കാല നയതന്ത്രങ്ങൾ . പ്രതിലോമപരമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ മുസ്ലിംകൾ ഏതിടത്തും സ്വീകരിക്കേണ്ടത് ആധ്യാത്മിക രാഷ്ട്രീയവും അല്ലാഹു എന്ന അഭയവുമാണ് എന്നവിടെ വെച്ച് വായിക്കാനാവും . മറിച്ച് , ഭൗതികമായ പ്രശ്നങ്ങൾക്ക് ഭൗതികതയിൽ നിന്ന് തന്നെ പരിഹാരം തേടുമ്പോൾ കൂടുതൽ സങ്കീർണ്ണതകൾ രൂപപ്പെടുകയും മുസ്ലിംകൾ സ്വയം പ്രശ്നങ്ങളായ് ഭവിക്കുകയുമാണ് ചെയ്യുക. അഭൗതികമായ പരിഹാരം എന്നർത്ഥത്തിലല്ല സൂഫികളുടെ രാഷ്ട്രീയം പ്രസക്തമാവുന്നത്. രാജ്യത്ത് നടക്കുന്ന നീതികേടുകൾക്ക് പകരം സ്വർഗത്തിൽ പ്രതിഫലമെന്നോ ആകാശത്ത് നിന്നിറങ്ങുന്ന മെറ്റാഫിസിക്കൽ സഹായങ്ങളെന്നോ ആണ് ഇപ്പറഞ്ഞതിന് വിവക്ഷ എന്നുമല്ല. വിക്ഷുബ്ദതകളുടെ കോളിളക്കങ്ങളിൽ പെട്ട് മുസ്ലിംകളുടെ വേരും ശിഖരവുമിളകി നിൽക്കുമ്പോഴും അവധാനതയോടെ ഭാവിയിലേക്ക് നോക്കാനും ഭൂതകാലത്തോട് ചേർന്ന് നിൽക്കാനും അവരെ പാകപ്പെടുത്തുന്ന രാഷ്ട്രീയ ബോധ്യം ഫിലോസഫിക്കലും തിയോളജിക്കലുമായ ശുഭപ്രതീക്ഷയാവണം എന്നാണതിനർത്ഥം. ആ പ്രതീക്ഷയുടെ സാക്ഷാൽക്കാരം മറ്റേതെങ്കിലും മനുഷ്യരുടെ കൈകളില്ല , അതിനപ്പുറം , മുസ്ലിംകളോട് അകാരണമായി ശാത്രവം പുലർത്തുന്ന മനുഷ്യരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ കരങ്ങളിലാണെന്ന ശാന്തമായ തിരിച്ചറിവാണത്. പീഢകർക്ക് പ്രാർത്ഥന പകരം നൽകിയ ത്വാഇഫ് അതാണ്. . ഉലുൽ അസ്മുകളിൽ പെട്ട അഥവാ ദൃഢവിശ്വാസ ചിത്തരായ പ്രവാചകന്മാരുടെ രീതി ജനങ്ങളിൽ നിന്നും തിരിച്ചു കിട്ടുന്നതിനൊത്ത് സ്വന്തം അജണ്ട രൂപപ്പെടുത്തുന്നതായിരുന്നില്ല . ദൃഢനിശ്ചയം , ജീവിതവിശുദ്ധി , കാരുണ്യബോധം , സത്യസന്ധത തുടങ്ങിയ അടിസ്ഥാന ഗുണങ്ങൾ ജീവിതത്തിലൂടെ സാക്ഷാൽക്കരിച്ച് കൊടിയ ശത്രുക്കളെ ഇഛാഭംഗിതരാക്കുകയോ ആകർഷിച്ച് കീഴ്പ്പെടുത്തുകയോ ചെയ്യുകയായിരുന്നു അവർ. നിഷേധിക്കപ്പെടുന്ന നീതി മുസ്ലിം സമൂഹത്തിന്റെ ധൈഷണിക സന്ധാരണങ്ങളുടെ ഊർജ്ജവും സമയവും അപഹരിച്ചിരുന്നുവെങ്കിൽ ഇസ്ലാം വായിക്കപ്പെടാനുള്ള ചരിത്രം മാത്രമാകുമായിരുന്നു. മുറ്റത്ത് ശത്രുക്കൾ ആക്രോശം മുഴക്കി നിരന്നു നിൽക്കുമ്പോൾ തന്ത്രപൂർവ്വം ശത്രുക്കളില്ലാത്ത മദീനയിലേക്ക് ഹിജ്റ പോയ നബി (സ്വ) കാണിച്ച ശുഷ്കാന്തിയിലാണ് വെളിച്ചം തിരിതാഴാതെ ബാക്കിയായത്. മക്കക്കാർക്ക് മദീനയിൽ വെച്ച് ഇസ്ലാമിനെ കാണാനായതിനാലാണ് മക്ക മുസ്ലിംകളുടേതായത് .
പീഡിതബോധം മുസ്ലിംകളെ സതംഭനാവസ്ഥയിലേക്ക് തള്ളിയിടുന്നത് ശത്രുക്കളെ മാത്രം നോക്കിയിരിക്കുന്നത് കൊണ്ടാണ്. തിരിച്ചടി ഏൽക്കാനും വരിക്കാനും ശത്രുക്കളിലേക്ക് ചെന്ന് കൊടുക്കുന്ന പീഡിതബോധത്തിൽ നിന്നാണ് ഇരവാദം ജനിക്കുന്നത്. നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങൾ തന്നെയാണ് . രാഷ്ട്രീയ ശാക്തീകരണം ആവശ്യവുമാണ്. അവകാശ സംരക്ഷണം ജീവോൽപ്രശ്നവുമാണ്. പിന്നെ എന്താണ് മാറ്റം പറഞ്ഞതെന്നാൽ , സ്വന്തം കാര്യങ്ങൾ ചെയ്യാൻ നേരം കിട്ടാത്ത വിധം വിരോധികൾക്ക് വിഷയങ്ങളിൽ നിന്നും വിഷയങ്ങളിലേക്ക് പന്തടിക്കാനുള്ള കളിപ്പാട്ടമായി നാം മാറുന്നത് മനോഘടനാപരമായ ചില രാഷ്ട്രീയ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട് എന്നാണ്. മനുഷ്യരെ മുസ്ലിമാക്കിയ ഇസ്ലാമിന് അക്കാരണത്താൽ മുസ്ലിംകൾ നേരിടേണ്ടി വരുന്ന ജിവിതവൈഷമ്യങ്ങളെ മറികടന്ന് കൊടുക്കാനുള്ള ആന്തരിക ബലം തീർച്ചയായും ഉണ്ട് . ചോദ്യോത്തര പംക്തിയോ നിലപാട് രൂപീകരണമോ അല്ല ഇസ്ലാമിലെ ഉള്ളടക്കങ്ങൾ , പൂർണ്ണ ജീവിതമാണ്. അതിനാൽ , വാഗ്വിലാസത്താലോ മുദ്രാവാക്യങ്ങളാലോ നിലനിൽക്കാത്തതും ജീവിതം കൊണ്ട് ബാക്കിയാവുന്നതുമായ സ്വത്വത്തിന്റെ ആന്തരിക ബലത്തിലേക്ക് പ്രവേശിക്കുകയാണ് നാം വേണ്ടത് എന്ന മഹത്തായ സന്ദേശമാണ് നബി (സ്വ) ജീവിച്ച 23 വർഷങ്ങൾ .
നീതിയുടെ പരമമായ സംസ്ഥാപനം ഇഹലോകത്ത് സാധ്യമല്ല എന്നുമാത്രമല്ല , പരലോകത്തെ യുക്തിസഹമാക്കുന്ന ആവശ്യം അതാണെന്ന വസ്തുത ഇവിടെ പ്രധാനപ്പെട്ടതാണ്. കനേഡിയൻ സൂഫീ പണ്ഡിതനും ശൈഖ് ഉമർ ഹാഫിസിന്റെ ശിഷ്യനുമായ ശൈഖ് ഹംദ് ബിൻ ഈസ മുന്നോട്ട് വെക്കുന്ന ചില നിരീക്ഷണങ്ങളുണ്ട്. മുസ്ലിംകളോട് നീതി നിഷേധിക്കുന്നവരോട് പ്രതിഷേധിച്ച് തീരുന്ന ആയുസ്സ് ശത്രുക്കളുടെ ലാഭകോളത്തിലെ മികച്ച വരവുകളിലൊന്നായിരിക്കും. അത്തരം പ്രതികാര പ്രതികരണങ്ങൾ പോലും ശത്രുവിന്റെ ക്രിയ തന്നെയാണെന്നാണ് ഹംദ് ബിൻ ഈസയുടെ ശ്രദ്ധേയമായ നിരീക്ഷണം . മതം ഫാക്ടറാവുന്ന ഏത് രാഷ്ട്രീയവും മുസ്ലിം വിരുദ്ധതക്ക് മൈലേജ് വർദ്ധിപ്പിക്കുന്ന കാലാവസ്ഥയിൽ ആ നിരീക്ഷണം വളരെ വ്യക്തമാണ്. ഇളകിമറിയുന്ന മുസ്ലിംകളുടെ പ്രതിരാഷ്ട്രീയം എതിരാളികൾ ആദ്യം ചുവരിലേക്കടിച്ച പന്ത് തിരികെ അവരിലേക്ക് തന്നെ മടങ്ങുന്നതാണ്. പത്തിന്റെ മടക്കം അത് തട്ടിയ ചുവരിന്റെ പ്രവർത്തനമല്ല , ആദ്യം തൊഴിച്ച കാൽക്രിയ തന്നെയാണ്.
ഇംഗ്ലീഷ് ഭാഷയിലെ രണ്ട് പദങ്ങൾ അവിടെ പ്രസക്തമാണ്. Schaden Erude / Epicaricasy എന്ന പ്രയോഗത്തിന് അറബിയിലെ ശമാതതുൽ അഅ'ദാഅ് എന്നാണർത്ഥം. അല്ലാഹുവിനോട് പ്രത്യേകം കാവലിനപേക്ഷിക്കാൻ നബി ( സ്വ) നിർദ്ദേശിച്ച ശത്രുവിന്റെ ക്ഷുദ്രസന്തോഷം എന്നാണവയുടെ സാരം. ഒരു വിഭാഗത്തിന്റെ ദുരന്തത്തിൽ വിരോധികൾ കണ്ടെത്തുന്ന ആനന്ദത്തോളം അശ്ലീലം മറ്റൊന്നില്ല. ഇരവാദത്തിന്റെ ഉപോൽപ്പന്നം വേട്ടക്കാരുടെ ഭക്ഷണമാണ്. അതിന് പരിഹാരം , യഥാർത്ഥ മുസ്ലിമായി ജീവിക്കൽ തന്നെയാണ്. അല്ലാതെ യഥാർത്ഥ മുസ്ലിംകൾക്ക് യഥാർത്ഥ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായ് നിരന്തരം ഭൗതികമായ സമര രാഷ്ട്രീയത്തിൽ ഇടപെട്ടു കൊണ്ടേയിരിക്കലല്ല. കാറ്റടങ്ങിയതിന് പിറകേ ഓടാനുള്ള കപ്പലല്ല ഇസ്ലാം . കാറ്റിനെ വകഞ്ഞോടാനും കാറ്റില്ലാത്ത കടലുകൾ തേടിയോടാനും ഉള്ളതാണ്. വിശ്വാസികളുടെ മാനുഷികമായ ആഗ്രഹങ്ങളുടെ കണ്ണുകളിലൂടെയല്ല , അല്ലാഹുവിന്റെ നിയമത്തിന്റെ കാഴ്ച്ചകളിലൂടെയാണ് മുസ്ലിം രാഷ്ട്രീയം വികസിക്കേണ്ടത്. മുസ്ലിം അല്ലാഹുവിന്റെ മാർഗത്തിലെ ഒരു പകരണം മാത്രമാണ്. കാറ്റും കടലും കരയും എങ്ങനെയാവണമെന്ന് അൺ കണ്ടീഷൻ ചെയ്യപ്പെട്ട യാനമാണ് മുസ്‌ലിം എന്ന ജീവിതസഞ്ചാരി . നീതിക്ക് വേണ്ടിയുള്ള യുദ്ധത്തിന് മുമ്പ് സ്വന്തം താൽപരങ്ങൾക്കെതിരായ യുദ്ധം അവന്റെ ഹൃദയത്തിൽ നടക്കേണ്ടതുണ്ട്. ദേഷ്യത്തിന് മുമ്പിൽ കരുണ ഇടം പിടിക്കേണ്ടതുണ്ട്. സ്വന്തം വികാരങ്ങൾ അല്ലാഹുവിന് ബലിനൽകലാണ് ഏറ്റവും കഠിനമായ ആരാധന . ആരോഗ്യമോ സമ്പത്തോ രക്തം തന്നെയോ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവൊഴിക്കാൻ സാധിച്ചാലും ദുർബലമായ മനോവികാരങ്ങൾ മാറ്റിവെക്കാൻ സാധിക്കണമെന്നില്ല. ചില ഘട്ടങ്ങളിൽ പ്രത്യേകിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ ഒന്നും പ്രത്യക്ഷത്തിൽ ചെയ്യാതിരിക്കലാവും അല്ലാഹുവിന്റെ മാർഗത്തിലെ ഏറ്റവും പ്രത്യേകമായ ചെയ്യൽ. മറ്റുള്ളവരുടെ തിന്മകളെ വിധിനിർണ്ണയം നടത്തൽ , സ്വന്തം അഭീഷ്ടങ്ങൾക്ക് മതത്വം ചാർത്താൻ മതനവീകരണത്തിലേക്ക് ചാല് മറിയൽ , അനുകൂലിക്കാത്ത മുസ്ലിംകളെ അപരവൽക്കരിക്കൽ , ചിലപ്പോൾ രക്തരൂക്ഷിത കലാപങ്ങളിലേക്ക് തത്വദീക്ഷയില്ലാതെ എടുത്തുചാടൽ തുടങ്ങിയ ഘട്ടങ്ങളിലേക്ക് ഇരവാദം ചെന്നെത്താറുണ്ട്.ഇത്തരം ഹൃദയ ചാപല്യങ്ങൾക്കെതിരായ തിരുത്താണ് ഹുദൈബിയ്യ . ആ അവധാനതയുടെ സമ്മാനമായിരുന്നു ഫത്ഹുമക്ക .
Leave a Reply