In Ideal
By ശുഐബുൽ ഹൈതമി
വുഹാനിലെ മാംസമാർക്കറ്റും മാലികീ മദ്ഹബിലെ പട്ടിയിറച്ചിയും .
അതികായകനായ മനുഷ്യന് പിടിച്ച് കെട്ടാനാവാതെ ദുഖണ്ഡങ്ങളിലേക്ക് പടരുന്ന കോവിഡ് 19 ന്റെ ഉറവിടമായി രണ്ട് അഭിപ്രായങ്ങളാണ് ശാസ്ത്രലോകം പ്രധാനമായും മുന്നോട്ട് വെക്കുന്നത്. സൗദി അറേബ്യയിലെ ഒരു രോഗിയിൽ നിന്നും 2012 ജൂണിൽ കണ്ടെത്തപ്പെട്ട കൊറോണ വൈറസ് കാനഡയിലെ ലാബിൽ നിന്നും മോഷ്ടിച്ച് ജൈവായുധ സമ്പുഷ്ടീകരണ ശ്രമത്തിനിടെ ചോർന്നതാണ് എന്നതാണവയിലൊന്ന്. രണ്ടാമത്തെ നിഗമനം ചൈനീസ് വാണിജ്യ നഗരമായ വുഹാനിലെ (Wahan ) ഭക്ഷ്യ മാർക്കറ്റിൽ നിന്നുമുള്ള മാംസത്തിലൂടെ മനുഷ്യരിലേക്ക് കൊറോണ വ്യാപിച്ചതാവും എന്നതാണ്. രണ്ടാമത്തെ നിഗമനമാണ് കൂടുതൽ ശരിയാവാൻ സാധ്യത എന്ന രൂപത്തിലുള്ള പഠനങ്ങൾ ഇപ്പോൾ ധാരാളമായി പുറത്ത് വരുന്നുണ്ട്.
വുഹാനിൽ എലി ,പൂച്ച, പല്ലി വർഗത്തിൽ പെട്ടവയുടെ മാംസ വിൽപ്പന ചൈനീസ് സർക്കാർ കഴിഞ്ഞ ദിവസം നിരോധിച്ചിരിക്കുകയാണ്. കൊറോണ പൂർവ്വാധികം ശക്തിയോടെ രാജ്യത്ത് തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന വിദഗ്ധാഭിപ്രായം മുൻനിർത്തിയാണ് നിരോധനം .
ശാസ്ത്രം ഭാവനകളേക്കാൾ വിപുലമായി വളർന്നിട്ടും കാറോണയുടെ ഉറവിടം ഏതാണെന്ന് ഇത് വരെ കൃത്യമായി കണ്ടെത്തിയിട്ടില്ല. Scripss Research institute പുറത്തിറക്കുന്ന Journal Natural Medicine പ്രസിദ്ധീകരിച്ച ക്രിസ്റ്റ്യൻ ആൻഡേഴ്സൺ നടത്തിയ പഠനമനുസരിച്ച് , പല്ലി (Lizard) വർഗത്തിൽ പെട്ട ഈനാംപേച്ചി (Pangolin ) നിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനെ ബാധിച്ചത് . വവ്വാലിൽ ( Bat) നിന്നാവാനുള്ള സാധ്യതയും തുല്യമായി പരിഗണിച്ചിട്ടുണ്ട്. ബിബിസി പ്രസിദ്ധീകരിച്ച ലേഖനം കൂടുതൽ ഇക്കാര്യം വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്നുണ്ട് -https://bbc.in/2WGhEOp.
ഈനാംപേച്ചിയടക്കമുള്ള എല്ലാ തരം ജീവികളും സുലഭമായ മാർക്കറ്റാണ് വുഹാനിലേത്. വമ്പൻ ഡിമാന്റുള്ള ഇറച്ചി ഈനാംപേച്ചി തന്നെയാണ്. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ആഗോള അടുക്കള എന്ന ഗ്ലോബൽ സൂപ്പർമാർക്കറ്റ് സ്ഥാപിച്ച അമേരിക്കൻ - യൂറോപ്യൻ മേൽക്കോയ്മക്കെതിരെ ചൈന നടത്തുന്ന ബദൽ ശ്രമങ്ങളുടെ പ്രധാന ഇനമാണ് രുചിവ്യവസായം. ചൈനീസ് ഫുഡുകൾ മൂന്നാം ലോകം കീഴടക്കിയത് മാംസനിബദ്ധമായ മാർഗങ്ങളിലൂടെയാണ്.
ഇവിടെ നിക്ഷ്പക്ഷ നിരീക്ഷണത്തിലൂടെ മനസ്സിലാവുന്ന മറ്റൊരും കാര്യം കൂടിയുണ്ട്.
ലോക ചരിത്രത്തെ നിശ്ചലമാക്കിയ പാൻഡെമിക്കുകൾ ഒട്ടുമിക്കതും കുരങ്ങ് ,എലി ,കൊതുക് ,പന്നി ,ഈനാംപേച്ചി , ചെള്ള് ,വവ്വാൽ തുടങ്ങിയ മുഖേനെയായിരുന്നു.
മനുഷ്യൻ പ്രകൃതിക്ക് മുമ്പിൽ കൈ മലർത്തിയ 20 മഹാമാരികളും അവയുടെ ഗ്രഹിത കാരണങ്ങളും പ്രതിപാദിക്കുന്ന വിശകലനങ്ങൾ പരിശോധിച്ചാൽ അക്കാര്യം മനസ്സിലാവും .
മനുഷ്യൻ മിശ്രഭുക്കാണ്. നിർമ്മലമായ ഓർഗാനിക് ഘടനയുള്ള അവന്റെ ജൈവികതാളത്തിന് പരിമിതികളുണ്ട്. ഏകദേശം
6,50,000 മണിക്കൂറുകളുടെ അനന്തത മാത്രം ഈ ഭൂമുഖത്ത് അവകാശപ്പെടാവുന്ന പരമാണുക്കളുടെ കൂട്ടമാണ് മനുഷ്യശരീരം.കാർബൺ, ഒപ്പം ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, കാൽസ്യം, സൾഫർ എന്നിങ്ങനെ ലിഥിയം മുതൽ ബ്രോമിൻ വരെ അടങ്ങിയ മൂലകങ്ങളുടെ മഹാസാഗരമാണത് .സാധാരണ ഒരു രാസഫാക്ടറിയിൽ ഉപയോഗിക്കുകയും ഉണ്ടാക്കപ്പെടുകയും ചെയ്യുന്ന കേവലരാസമൂലകങ്ങൾ മാത്രം, പക്ഷേ അടുക്കിയൊരുക്കി ജീവൻ എന്ന അത്ഭുതസമസ്യ ഒരുക്കപ്പെട്ടിരിക്കുന്നു.
മനുഷ്യ ശരീരത്തിൽ ഒരു ട്രില്യൺ ബാക്ടീരിയകൾ ഉണ്ടാവും. അന്നപഥത്തിൽ നാനൂറിനങ്ങളിൽപ്പെട്ട ഒരുകോടിക്കോടി സൂക്ഷ്മാണുക്കളുണ്ടാവും. നൂറുകോടി ബാക്ടീരിയങ്ങളെ വായിൽ നിർത്തിക്കൊണ്ടാണ് മനുഷ്യൻ ചിരിക്കുന്നത്, ചുമയ്ക്കുന്നത്. അങ്ങനെ നൂറുക്വാഡ്രില്യൺ ബാക്ടീരിയയെ ശരീരത്തിൽ അതിഥികളായി നിലനിർത്തി മനുഷ്യനങ്ങനെ ജീവിക്കുന്നു. ഭൂമിയിൽ മനുഷ്യൻ വരുന്നതിന് മുമ്പേ ബാക്ട്ടീരിയകളും വൈറസകളും ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രം .
ഇരുപത് ചതുരശ്ര അടി വിസ്തൃതിയുണ്ട് മനുഷ്യന്റെ ത്വക്കിന് .ഒരു ടെന്നീസ് കോർട്ടിനോളം വലിപ്പമുണ്ടാവും രണ്ടുശ്വാസകോശങ്ങളും പരത്തിവച്ചാൽ. കോൺക്രീറ്റിനെക്കാൾ ബലമുള്ള തുടയെല്ലും ഒരു വർഷം മുപ്പത്തിയഞ്ച് ദശലക്ഷം തവണ മിടിക്കുന്ന ഹൃദയവുമായി രാജകീയഭാവത്തിലാണ് മനുഷ്യന്റെ നിലനിൽപ്. നിവർന്നുനിൽക്കാനുള്ള കഴിവും മറ്റുവിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരലുകളുള്ളതും ആഴവും പരപ്പും അളന്നറിയിക്കുന്ന ദ്വിനേത്രദർശനവും ഇരുകാലിനടത്തവും മനുഷ്യന്റെ ശാരീരികമേൻമകൾ തന്നെ. ഇതിൽ പലതും ഇത് പോലെയോ ഇതിലേറെയോ ഇതര ജീവികൾക്കുമുണ്ട് .എന്നാൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനും എന്തിന്, സ്വന്തം വാസസ്ഥാനത്തിന് അപാരമായ അവസ്ഥാന്തരം വരുത്താനും മനുഷ്യനുള്ള കഴിവ് മറ്റൊരു ജീവിക്കുമില്ല. അതാണ് മനുഷ്യന്റെ അനന്യതയ്ക്കും അധീശത്വത്തിനും കാരണം. ഈ അധീശത്വമാണ് ഇതരജീവജാലങ്ങളെ ഭൂമിയിൽ അവന് കീഴ്പ്പെടുത്താനാവുന്നതിന്റെ ഏകകാരണവും.
ഈ ശക്തി മനുഷ്യന് നൽകപ്പെട്ടതാണ്. സ്വയം പാകപ്പെട്ടതോ ആർജ്ജിച്ചെടുത്തതോ അല്ല. പലതും അവന് വികസിപ്പിക്കാനാവുമെങ്കിലും അടിസ്ഥാന സിദ്ധി സ്രഷ്ടാവ് നൽകിയതാണ്.പ്രപഞ്ചത്തിന്റെ അവകാശികൾ മനുഷ്യർ മാത്രമല്ല .ബാക്ടീരിയകൾക്കും വൈറസ്റ്റുകൾക്കും കൂടി അവകാശപ്പെട്ടതാണ് ഈ പാരിസ്ഥിതിക വ്യവസ്ഥ. 5 ന് ശേഷം 30 പൂജ്യങ്ങൾ ഇട്ടാലുള്ള അഗണ്യ സംഖ്യ ബാക്ടീരിയകൾ ലോകത്തുണ്ട് .അതിനേക്കാൾ കൂടുതൽ വൈറസുകൾ ഉണ്ട്. ഭൂമിയുടെ ഏഴ് മൈലുകൾ താഴേയും 40 മൈൽ മുകളിലും വൈറസുകളുണ്ട്. പ്രകൃതിയുടെ സന്തുലിതത്വത്തിന് അവ ആവശ്യമാണ്. മനുഷ്യൻ അവക്രമം വരുത്തിയാൽ വൈറസുകൾ പ്രതിക്രമം വരുത്തും. അത് സഹിക്കാൻ മനുഷ്യന്റെ ശാസ്ത്രം മതിയാവാതെ വരും. പ്രകൃതിയേയും ഇതര ജന്തുജാലങ്ങളെയും കൈകാര്യം ചെയ്യുന്ന വിഷയത്തിലെ താന്തോന്നിത്തം തന്നെയാവാം വില്ലൻ .
മനുഷ്യ ശരീരത്തിൽ തന്നെയുള്ള കോടിക്കണക്കിന് സൂക്ഷ്മജീവികളാണ് അവന്റെ ആരോഗ്യം കാക്കുന്നത്. മശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ അവ വലിയ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യജീനോമിനെക്കാൾ 150 ഇരട്ടി മൈക്രോബിയൽ ജീനുകൾമനുഷ്യശരീരത്തിലുണ്ട്. ജനനശേഷം ഉടനേതന്നെ സൂക്ഷ്മജീവികളിൽ പലതും ശരീരത്തിലെത്തുന്നു. ദഹനവ്യവസ്ഥയിൽ ആഹാരഘടകങ്ങളെ ദഹിപ്പിക്കുന്നതിനും അതുവഴി ശരീരത്തിനാവശ്യമായ ജീവകങ്ങളെ ഉത്പാദിപ്പിക്കുന്നതിനും ചില ബാക്ടീരിയകൾക്ക് കഴിയുന്നു. ഇത്തരം സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്ന അപര വൈറസുകൾ പ്രവേശിക്കാതിരിക്കാൻ തന്നെയാണ് പ്രാപഞ്ചിക മതമായ ഇസ്ലാം അന്നം തിന്നുന്നതിലും നിയമം സ്ഥാപിച്ചത്.
ഇസ്ലാം അതിന്റെ ജന്തുജാല സമീപന വിഷയങ്ങളിൽ പ്രസക്തമാവുന്നത് ഇവിടെയാണ്. ഭക്ഷ്യവും വർജ്യവുമായ മാംസങ്ങൾ ,ശവങ്ങൾ എന്നിവ കൃത്യമായി ഇസ്ലാം വിവരിച്ചിരിക്കുന്നു . അതുല്യപരി വന്യവും ഗാർഹികവുമായ ജന്തുജാലങ്ങളെ സംബന്ധിച്ചും മാർഗരേഖയുണ്ട്. പാൻഡെമിക്കിന് കാരണമായ ജീവികളെ നോക്കിയാൽ , ഇസ്ലാം ഭക്ഷിക്കാനോ ഇണക്കാനോ പറ്റില്ല എന്ന് പറഞ്ഞ ജീവികളാണ് എന്ന് കാണാം . ടെ .മനുഷ്യന്റെ ജൈവിക ഘടനക്ക് വഴങ്ങാത്ത മാംസങ്ങളാണ് ഇസ്ലാം നിരോധിച്ചിരിക്കുന്നത് . ദഹനവ്യവസ്ഥയെ കച്ചവട സാധ്യതകൾക്ക് വേണ്ടി പരിക്കേൽപ്പിച്ചത് വഴിയാണ് ശരീരം പ്രധാനമായും രോഗങ്ങളുടെ ഉൽസവപ്പറമ്പായി മാറിയത് എന്നത് കൂടെ ചേർത്ത് വായിക്കണം .
ഭോജനയോഗ്യതയുടെ പൊതുതത്വം ഇസ്ലാമിൽ രണ്ടെണ്ണമാണ്. മനുഷ്യർ തിന്നേണ്ടത് വിശിഷ്ട വസ്തുക്കളാവണമെന്ന് അധ്യായം: ബഖറ 168 പ്രസ്താവിക്കുന്നു .
അനുഭവവും പൊതുബോധവും ശാസ്ത്രവും നിരാക്ഷേപം നല്ലതാണെന്ന് പറഞ്ഞവയാണ് ആ 'നല്ലത് '.
പ്രവാചക തിരുമേനി (സ്വ) തിന്നാൻ കൊള്ളുന്നത് സമ്മതിച്ചു ,ചീത്ത നിശിദ്ദമാക്കി എന്ന് അധ്യായം അഅ'റാഫ് 157 വിവരിക്കുന്നു. അതായത് , പദാർത്ഥം - ഉപദ്രവത്തെക്കാൾ ഉപകാരം ചെയ്യണം , മ്ലേഛമോ മ്ലേഛ ജന്യമോ ആവരുത് - ഈ ആധാരമാണ് അടിസ്ഥാനം .
വേട്ടമൃഗങ്ങളും വേട്ടപ്പക്ഷികളും ഹിംസ്ര ജന്തുക്കളും മാലിന്യജന്യ ജീവികളുമെല്ലാം നിശിദ്ദമായത് അതിനാലാണ്.
ഈ തത്വം തന്നെയാണ് പ്രകൃതി നിർഝാരണ രീതിയും . പൊതു ചരിത്രം പറയുന്നത് ,
മനുഷ്യനാഗരികതകൾ അനുഭവ പരിശോധന (Trial and Exam ) വഴിയാണ് ഭക്ഷണമെന്യു പാകപ്പെടുത്തിയത് എന്നാണ് .ആ അഭിപ്രായം ഒരിക്കലും തെറ്റല്ല .നിയതമായ ഭക്ഷണമെന്യു സാർവ്വകാലികമായി ഒന്നാവില്ല. പ്രാക്തനമായ ബാർബേറിയൻ നായാട്ട് മുതൽ ഇന്നത്തെ ബാർബീക്യു വരെ നീണ്ട പരീക്ഷണങ്ങളിലൂടെ തന്നെയാണ് മനുഷ്യന്റെ നാക്ക് സഞ്ചരിച്ചത്. പക്ഷെ ഈ രുചി പരീക്ഷണങ്ങൾക്കിടയിലെ പൊതുമാനദണ്ഡം ഇസ്ലാം നേരത്തെ എണ്ണിയ രണ്ടെണ്ണമാണ്. സെമിറ്റിക്ക് മത വിശ്വാസികൾ വേദനിയമങ്ങളിലൂടെ അത് മനസ്സിലാക്കി. ആചാര്യ മതാനുയായികൾ പ്രകൃതിയിൽ നിന്നും അത് കണ്ടെത്തി. നിർമതസമൂഹങ്ങൾ അനുഭവ പരീക്ഷണങ്ങളിലൂടെ അതേ സത്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു .
.
ഇസ്ലാം വിസമ്മതിച്ച പദാർത്ഥങ്ങൾ തിന്നാൽ രോഗം പിടിച്ചിരിക്കും എന്നോ ഇസ്ലാം തിന്നോളൂ എന്ന് സമ്മതിച്ചവ തിന്നാൽ രോഗം പിടിക്കില്ല എന്നോ വിണ്ഢിത്വം പറയുകയല്ല ഇവിടെ . ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവിന്റെ നിശ്ചയവും ഇംഗിതവുമാണ്മാണ് ഏതു കാര്യം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും ആധാരം . കാരണങ്ങൾ സമജ്ഞസിച്ചാൽ കാര്യം
ജീവിതത്തിൽ 'ഹലാൽ ഭക്ഷണങ്ങൾ ' മാത്രം ഭുജിക്കുന്ന വ്യക്തിക്ക് ഡയബെറ്റിസ് പ്രശ്നങ്ങൾ മുതൽ കൊറോണ വരെ ബാധിച്ചത് ,ബാധിക്കുന്നത് ലോകം കാണുന്നു. ഭൗതിക ലോകത്ത് അഭൗതികമായ അതിവാദങ്ങൾ ആർക്കുമില്ല.
പിന്നെ, പ്രത്യേകിച്ച് മുകളിൽ പറഞ്ഞത് ,
ഇസ്ലാം നിശിദ്ധമാക്കിയ ഈനാംപേച്ചിയിൽ നിന്നാണ് കൊറോണാവൈറസ് മനുഷ്യരിലേക്ക് പടർന്നത് എന്ന ചർച്ചകളും ചൈനയുടെ സ്വയംസമ്മതവും ഉയർത്തിയ ചർച്ചകളിൽ ഇസ്ലാം അനുവദിച്ച മാംസങ്ങൾ ഒരിടത്തും എപിഡമിക്സോ സാമൂഹിക രോഗങ്ങളോ ഉണ്ടാക്കിയിട്ടില്ല എന്നതാണ്. ലോകചരിത്രത്തിൽ ജീവികൾ പടർത്തിയ പാൻഡെമിക്സുകളിൽ ഇസ്ലാമിന്റെ ജന്തുസമ്പക്കർക്ക മാർഗരേഖയനുസരിച്ചുള്ള ഇണക്കജന്തുക്കൾ വരുന്നില്ല എന് ശാസ്ത്രീയ നിരീക്ഷണങ്ങൾ എമ്പാടുമുണ്ട് വായനക്ക് ലഭിക്കാൻ .
ഇവിടെയാണ് ഇസ്ലാം വിമർശകർ വിഷയത്തിന്റെ മർമ്മമറിയാതെ ,സൗദിയിൽ മെർസ് വ്യാപിപ്പിച്ചത് ഹലാൽ മാംസമായ ഒട്ടകമല്ലേ ,പക്ഷിപ്പനികൾ ചിലത് കോഴിയിൽ നിന്നും വരുന്നില്ലേ എന്നൊക്കെ ചോദിച്ച് കാര്യം കളിയാക്കി മാറ്റുന്നത്. രോഗബാധിതമായ ഹലാൽജീവികളിൽ നിന്ന് വൈറസ് ബാധയുണ്ടാവുന്നത് രോഗബാധയില്ലാത്ത ഈനാംപേച്ചീ മുതലായവ ആരോഗ്യത്തോടെ തന്നെ വൈറസ് സാംക്രമണം നടത്തുന്നതിന് തുല്യമല്ല. ആട് മാട് ഒട്ടകങ്ങൾ രോഗബാധിതമായാൽ അറുത്ത് തിന്നാനോ തീറ്റിക്കാനോ പാടില്ല എന്നാണ് 'മസ്അല' .അസുഖം ബാധിച്ച അടുമാടുകളെ തിന്നാൽ മാത്രമല്ല , പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം അങ്ങനെത്തന്നെയാണ്. പള്ളിയിലെ ചീരണിയിറച്ചി തിന്ന് രോഗം ബാധിച്ച കഥകളുമായി വരുന്നവർ എത്ര ദുർബലമായ കാര്യങ്ങളാണ് പറയുന്നത്. മാത്രവുമല്ല ,രോഗമല്ല ,സാംക്രമിക രോഗമാണ് സാമൂഹിക ദുരന്തം .വിഷലിപ്തമായ ഭക്ഷണങ്ങൾ നൽകി പ്രകൃതിവിരുദ്ധമായി വളർത്തിയാൽ ഏത് മാംസത്തിന്റെയും തനിമ നഷ്ടപ്പെട്ട് രോഗം പരത്തിയേക്കാം എന്ന വസ്തുത മതം മറുപടി പറയേണ്ട കാര്യമല്ല , മാനവികത നഷ്ടപ്പെട്ട കമ്പോള സംസ്ക്കാരത്തിന്റെ സൃഷ്ടിയാണത്.
മാലിക് ബിനു അനസ് (റ) നായയെ അനുവദിച്ചു എന്ന അൽ ഹാവിൽകബീറിലെ ഇമാം മാവർദിയുടെ ഉദ്ധരണി എടുത്തുയർത്തി നശിക്കുന്നുവെങ്കിൽ മുസ്ലിം കർമ്മശാസ്ത്രത്തിന്റെ പ്രതിഛായയും നശിക്കട്ടെ എന്ന രൂപേണ വരുന്നവർ ഉണ്ടാക്കുന്ന സമസ്യ ഒരു പ്രശ്നമല്ല.
ചരിത്രത്തിൽ എവിടെയെങ്കിലും നായ ഒരു എപിഡമിക്കിന് കാരണമായിട്ടുണ്ടെങ്കിൽ മാലികീ ധാരയിലെ ആ വാദം പ്രശ്നവൽക്കപ്പെടാം . പക്ഷെ ഉണ്ടായിട്ടില്ല.
ചിലർ പറയുന്നത് കേട്ടാൽ തോന്നുക ,കൊറോണ ഉണ്ടാക്കിയത് നായയാണെന്നാണ്.
ഇമാം മാലികിന്റെ റ കർമ്മധാര പിൻപറ്റുന്ന എല്ലാവർക്കും ആ അഭിപ്രായമല്ല ഉള്ളത്. ഇമാം
ഇബ്നു അബ്ദിൽ ബറ് പ്രസ്തുത വീക്ഷണം പ്രമാണ വിരുദ്ധമാണ് എന്ന അഭിപ്രായക്കാരനാണ്.
ശാഖാപരമായ ഒരൊറ്റ കാര്യത്തെ സംബന്ധിച്ച് വീക്ഷണപരമായ പലമകൾ ഉണ്ടാവുന്നത് ഇസ്ലാമിന്റെ പ്രാക്ടിക്കൽ ഇലാസ്തികതയും സൗന്ദര്യവുമാണ്. കാരണം മതാചരണം ഒരു സ്റ്റേജ് ഷോ അല്ല.പ്രത്യുത , അടിമുടി വിഭിന്നങ്ങളായ ജീവിത സാഹചര്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് .
എന്നാൽ ,വിശ്വാസപരമായ അടിസ്ഥാനങ്ങളിലോ മൗലിക ആധാരങ്ങളിലോ ഇസ്ലാം ഭിന്നതകൾ അനുവദിക്കുന്നില്ല.
കർമ്മപരമായി ഭിന്നമായ ഇസ്ലാമിനെയാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്.അവ അഭിപ്രായ ഭിന്നതയല്ല, മറിച്ച് ഭിന്നാഭിപ്രായമാണ് എന്ന വ്യത്യാസവും വിശ്വാസികൾക്കറിയാം .
അതിനാൽ ,ഇസ്ലാമിൽ ഒരേ കാര്യത്തിൽ നാലഭിപ്രായമാണ് എന്ന മഹത്തായ കണ്ടെത്തലുകൾ നടത്തി ആക്ഷേപമുന്നയിക്കുന്നത് പ്രായപൂർത്തിയാവാത്തവന്റെ സംയോഗ ശ്രമമായി മാത്രമേ പരിഗണിക്കാനാവുകയുള്ളൂ.
Leave a Reply