In Philosophy
By ശുഐബുൽ ഹൈതമി
ഫെഡറിക് നീത്ചേ : മാസ്റ്റർ മൊറാലിറ്റിയുടെ ആധുനികത.
"മാനം ഹനിക്കപ്പെട്ട പെണ്ണുങ്ങളുടെ മണിപ്പൂർ " ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലാവുന്ന രാഷ്ട്രീയഹിന്ദുത്വയല്ല യഥാർത്ഥ ഒന്നാംപ്രത്രി .
മറിച്ച് ,നിരീശ്വരഹിന്ദുത്വ യാണ് പ്രത്യയശാസ്ത്രപരമായ വില്ലൻ .
രാഷ്ട്രീയ ഹിന്ദുത്വ എന്നത് നിരീശ്വരഹിന്ദുത്വയുടെ പ്രയോഗരാസ്ത്രമാണ്, പ്രത്യയശാസ്ത്രമാണ് പ്രയോഗിക്കപ്പെടുക.
നിരീശ്വര / നാസ്തിക വലതുപക്ഷം എന്നാൽ ഇന്ദ്രിയാനുഭവങ്ങൾക്ക് വഴങ്ങാത്ത ദൈവത്തിന് പകരം " അർഹനായ / രായ " ദൈവമാനുഷനെ അവതരിപ്പിക്കലാണ്.
ഇവിടെ ,
അധികാരമുള്ള അല്ലെങ്കിൽ ചരിത്രപരമായ മേൽക്കോയ്മയുള്ള മനുഷ്യരുടെ വിനോദോപാധികളും വിനോദോപകരണങ്ങളുമാണ് കീഴാളർ എന്ന വലതുപക്ഷനിരീശ്വരവാദത്തിന്റെ സൃഷ്ടിയാണ് മണിപ്പൂർ .
ക്യാൻവാസിൽ രാഷ്ട്രീയപരമായ കാരണങ്ങൾ കാണാമെങ്കിലും കാരണങ്ങളുടെ പ്രമാണമാണ് മേൽപ്പറഞ്ഞ " വംശീയനിരീശ്വത്വം " .
പണ്ടേ ലോകത്തുണ്ടായിരുന്ന ഈ കാഴ്ചപ്പാട് കൂടുതൽ ഫ്രയിം ചെയ്യപ്പെട്ടത് ഫ്രെഡറിക് നീച്ചെയുടെ Master Morality vs Slave Morality എന്ന ധർമ്മരേഖ പുറത്ത് വന്നതിന് ശേഷമാണ് .
" ശരിയും തെറ്റും " എന്ന സങ്കൽപ്പത്തിന് സോഷ്യൽഡാർവ്വനിസം അനുസരിച്ച് കൊണ്ടുള്ള ഒരു നിർവ്വചനം വരികയായിരുന്നു നീച്ചെ/നീത്ഷേയിലൂടെ.
അദ്ദേഹം നിരീക്ഷിക്കുന്നത് :
ബൈബ്ലിക്കൽ അഥവാ സെമിറ്റിക് വിശദീകരണ പ്രകാരമുള്ള "നന്മയും തിന്മയും " പതിതരും പാതിരിമാരും പാവങ്ങളും പള്ളിക്കാരും അതിജീവിക്കാൻ കണ്ടെത്തിയ സൂത്രമാണ്.
യൂറോപ്പിനെ ബാധിച്ച മഹാരോഗമാണ് കരുണ, ദയ , കൃപ തുടങ്ങിയ ലോലവികാരങ്ങളുടെ വിശ്ലേഷണം പ്രോൽസാപ്പിക്കുന്ന മതധാർമ്മികത .
മറിച്ച് , ഉടമസ്ഥന്മാരുടെ സന്തോഷങ്ങൾക്ക് നിദാനമാവുന്നതെല്ലാം ശരിയും അവരുടെ വിഷാദങ്ങൾക്ക് കാരണമാവുന്നതെല്ലാം തെറ്റുമാണ്.
ഏകദേശം ഇങ്ങനെ ചുരുക്കാവുന്ന തരത്തിലാണ് പിന്നീട് ചിത്തഭ്രമം ബാധിച്ച നീച്ചെ ധാർമ്മികത വിശദീകരിച്ചത്.
" കൂടുതൽ പേർക്ക് പ്രയോജനകരമായത് ശരിയും , പ്രായോജികർ കുറഞ്ഞത് ശരികേടും " എന്ന ജോൺ സ്റ്റുവർറ്റ് മില്ലിന്റെ ഹെഡോണിസ്റ്റ് - യൂറ്റിലിറ്റേറിയൻ ഫിലോസഫിയേക്കാൾ അപകടം നീച്ചെ പറഞ്ഞതിലായിരുന്നു. കാരണം ,
ഒരു ദേശരാഷ്ട്രത്തിലെ ശരിയും തെറ്റും അവിടത്തെ സവർണ്ണനായ "അതിമനുഷ്യൻ " തീരുമാനിക്കുന്ന ആധുനിക വലതു വംശീയ നാസ്തികതയുടെ ശിലാസ്ഥാപനമായിരുന്നു അത്.
" മതം മനുഷ്യനെ
മയക്കുന്ന കറുപ്പാണ് " എന്ന മാർക്സിയൻ നിരീക്ഷണം നീച്ചേയുടെ നിഹിലിസത്തോട് പ്രത്യക്ഷത്തിൽ സാധർമ്മ്യം പുലർത്തുന്നുവെന്ന് തോന്നുമെങ്കിലും നീച്ചെ സോഷ്യലിസ്റ്റ് വിരുദ്ധ ഫാസിസ്റ്റ് സൈക്കോ തന്നെയായിരുന്നു.
God is dead- ദൈവം ചത്തു എന്ന വിഖ്യാദവചനം നീച്ചെ കുറിച്ച The Gay Science ൽ തന്നെയാണ് അദ്ദേഹം
Ubermensch അഥവാ ദൈവസ്ഥാനീയനായ "അതിമനുഷ്യരെ"പരിചയപ്പെടുത്തുന്നത്. Master Morality യിലൂടെ അദ്ദേഹം ലോകത്തുള്ള എല്ലാ മനുഷ്യസമത്വവാദങ്ങളെയും തള്ളിക്കളഞ്ഞു .
സെമിറ്റിക് മതങ്ങൾക്കും സോഷ്യലിസത്തിനുമെതിരെ ഒരേ സമയം എഴുതിയ ആധുനികൻ എന്ന നിലയിൽ ,
നീത്ഷേ , നാസി - ഫാസിസ്റ്റ് - യൂജനിക് - രാഷ്ട്രീയത്തിന് ശക്തമായ പ്രത്യയശാസ്ത്ര ബലം പകരുകയായിരുന്നു.
അതിന്റെ ഉപോൽപ്പന്നമാണ് ഹിന്ദുത്വയും .
സർവ്വാധികാരിയായ "അതിമനുഷ്യനാണ് " അവിടെ ദൈവം.
ഉന്നതവംശത്തിന്റെ സന്തോഷങ്ങൾക്ക് വിധേയരായി നിന്നും കിടന്നും കൊടുക്കുന്നതിലാണ് അധമർ ആനന്ദം കണ്ടെത്തേണ്ടത് എന്ന് നിരീക്ഷിച്ച നീച്ചെ സ്ത്രീകളെ കുറിച്ച് എഴുതിയത് വായിച്ചാൽ കാര്യം കൃത്യമാവും :
"സ്ത്രീകൾ ഇനിയും സൗഹൃദത്തിന് കഴിവുള്ളവരായിട്ടില്ലെന്നും അവർ ഇപ്പോഴും പൂച്ചകളും, കിളികളും ഏറിയാൽ പശുക്കളും ആണെന്നും " അദ്ദേഹം 'സരത്തുസ്ട്രാ'യിൽ എഴുതി. "പുരുഷന്മാർക്ക് യുദ്ധപരിശീലനവും സ്ത്രീകൾക്ക് യോദ്ധാവിനെ വിനോദിപ്പിക്കാനുള്ള പരിശീലനവും ആണ് നൽകേണ്ടത്. മറ്റുവാദങ്ങളൊക്കെ തട്ടിപ്പാണ്" എന്നായിരുന്നു നീച്ചയുടെ അഭിപ്രായം. പുരുഷന്മാരെ ഉദ്ദേശിച്ച് ഒരുപദേശവുമുണ്ട്: "നീ പെണ്ണിന്റെ അടുത്തുപോവുകയാണെങ്കിൽ ചാട്ടവാർ കൊണ്ടുപോകാൻ മറക്കരുത്."
ചില ഉത്തരാധുനിക നീച്ചേ പ്രേമികൾ , ഇത്തരം നിരീക്ഷണങ്ങൾ നീത്ഷേ സ്വന്തം പെങ്ങളോടുള്ള അരിശത്തിൽ ( അവർക്കിടയിൽ സ്വത്ത് തർക്കം പ്രമാദമാണ് ) നടത്തിയതാണെന്ന് പറഞ്ഞ് ന്യായീകരിക്കാറുണ്ടെങ്കിലും അതല്ല കാര്യം .
അതിഭൗതിക ഈശ്വരവാദത്തെ നിരാകരിക്കുവരിൽ , ഭൗതികവാദികളേക്കാൾ അപകടം
" ആൾദൈവ " വാദക്കാരാണ്.
ഈ ആൾദൈവം സവർണ്ണ അരിസ്ട്രോക്രാറ്റായിരിക്കും.
ഇസ്ലാമികമായി ചിന്തിച്ചാൽ , നീത്ഷെയുടെ ഫിലോസഫിയിൽ പറയുന്ന പെർഫക്ട് Ubermensch - അതിമാനുഷൻ റംസീസ് സെക്കന്റ് എന്ന ഒസിമാന്റിയോസ് ആണ് , വേദഭാഷയിലെ ഫിർഔൻ .
"ഞാനാണ് അതിമനുഷ്യൻ " എന്നാണ് തന്റെ " അന റബ്ബുകുമുൽ അഅ്ലാ " എന്ന ധൃഷ്ടോക്തിയുടെ സാരം.
പ്രവാചകൻ മൂസ ( അ ) കാണിച്ച മെറ്റാഫിസിക്കലായ സിദ്ധികൾക്കെതിരെ ഫിസിക്കലായ ബ്ലാക്ക് മാജിക്ക് പ്രയോഗിക്കുകയും മെറ്റാഫിസിക്കലായ ദൈവത്തെ അമ്പെയ്ത് വീഴ്ത്താൻ ഫിസിക്കലായ കോട്ട കെട്ടുകയും ഒരു പ്രത്യേക ജനവിഭാഗത്തെ രാഷ്ട്രീയബഹിഷ്ക്കരണം നടത്താൻ ജീവിതം മാറ്റിവെക്കുകയും ചെയ്യുക വഴി " എത്നിക്കൽ മെറ്റീരിയലിസം " പൂർണ്ണമാക്കുകയായിരുന്നു ഫിർഔൻ .
നിരീശ്വരത്വം എന്ന് പറയുമ്പോഴേക്ക് കമ്മ്യൂണിസം എന്ന് ചിന്തിക്കുന്നവർക്ക് അതത്ര മനസ്സിലാവണമെന്നില്ല.
കമ്മ്യൂണിസം / മാർക്സിസം , ആത്യന്തികശക്തി എന്തോ ആവട്ടെ , അത് ഭൗതികമാണെന്നാണ് നിരീക്ഷിക്കുന്നത് .
ഇനി , മതങ്ങൾ പറയുന്ന അഭൗതിക ശക്തികൾ ഉണ്ടെന്ന് വന്നാലും അതും പദാർത്ഥബന്ധിതമായ ഊർജ്ജമോ അതിന്റെ പ്രതിഫലനമോ ആണ് എന്ന് മാർക്സിസം തിരുത്തും.
അതനുസരിച്ച് ,
പ്രസ്തുത , ആത്യന്തിക ഭൗതികശക്തി നാച്വറൽ ഫിസിയോളജിയുടെ വിശദീകരണത്തിലൊതുങ്ങാത്ത ഒരു ഫിലോസഫിയുമല്ല .
സമൂഹത്തിൽ
" ശരിയും തെറ്റും " തീരുമാനിക്കേണ്ടത്
ജനങ്ങൾ രൂപപ്പെടുത്തുന്ന സ്‌റ്റേറ്റാണ്.
മെറ്റാഫിസിക്കൽ ഈശ്വരൻ ചെയ്യുന്നുവെന്ന് മതങ്ങൾ പറയുന്ന നന്മകൾ മൂർത്തമായ സ്‌റ്റേറ്റ് തന്നെ ചെയ്യണം.
അങ്ങനെ അമൂർത്തമായ ദൈവം അപ്രസക്തമാവും, അതിന് മുടക്കാവുന്ന സാമൂഹിക ശക്തികളെ തടുക്കണം , ഇതൊക്കെയാണ് മാർക്സിസത്തിന്റെ മതകീയമായ ആത്യന്തികത .
എന്നാൽ , വലതുപക്ഷ നാസ്തികത എന്നാൽ മെറ്റാഫിസിക്കൽ മതവിരുദ്ധത തന്നെയാണ്.
ദൈവം മനുഷ്യരെ കീഴ്പ്പെടുത്തുന്നത് പോലെ അർഹരായ വംശം / അർഹനായ മാനുഷൻ ബാക്കിയുള്ളവരെ കീഴ്പ്പെടുത്തണം എന്ന അധിനിവേശ ചിന്തയാണതിന്റെ ആത്യന്തികത . അനർഹരെ അർഹർ നിജപ്പെടുത്തും.
അവർണ്ണർ ഇരകളാവുന്ന സംഭവങ്ങളെ ലാഘവത്തോടെ കാണുന്ന മലയാളികളെ ശ്രദ്ധിച്ചാൽ കാര്യം മനസ്സിലാവും .
ഗോത്രീയമായ തൊട്ടുകൂടായ്മ മുതൽ ആധുനികമായ ആഗോളീകരണം വരെ അതിന്റെ ഭാഗമാണ് :ക്യാപിറ്റൽ ഫാസിസം . വലതു നാസ്തികതയുടെ കമ്പോള മുഖമാണ് ലിബറലിസവും വ്യക്തിസ്വാതന്ത്ര്യവാദവും .
ഇവിടെ വിചിത്രമായ കാര്യം , വലതു ഫിലോസഫിക്കൽ എലമന്റായ ലിബറലിസം ഇടതുപക്ഷ മാർക്സിസത്തെയും സെമിറ്റിക് ക്രൈസ്തവതയെയും ഏറെക്കുറെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു എന്നതാണ്.
" വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന കമ്മ്യൂണിസ്റ്റുകാരൻ " എന്നത് യഥാർത്ഥത്തിൽ ഒരു Oxymaron ആണ് .
അവിടെ , കുറച്ചെങ്കിലും പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇസ്ലാമിനെ ലിബറലിസം എപ്പോഴും
" അനാധുനീകമാക്കാൻ " ശ്രമിക്കുന്നത്. ഇസ്ലാമിന്റെ എന്നല്ല , മാനുഷികതയുടെ തന്നെ യഥാർത്ഥ വിപരീതം ക്യാപിറ്റൽ ലിബറലിസമാണ് .
Leave a Reply