In Ideal
By ശുഐബുൽ ഹൈതമി
നികാഹ് : ഏൽപ്പന , കൽപ്പന , ജൻഡർ .
' നികാഹിൻ്റെ വേദിയിൽ വധുവിനെ ഇരുത്തി മനുഷ്യാവകാശം സാക്ഷാൽക്കരിച്ച ' മഹത്തായ വാർത്ത വായിച്ചു.
ഒരു പ്രാദേശിക സംഭവത്തെ അവലോകനം ചെയ്യുകയല്ല , ജൻഡർ രാഷ്ട്രീയത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്വാധീനം വിഷയത്തിലുള്ളത് കൊണ്ട് ചെറുതായി അതിന്റെ മതരാഷ്ട്രീയം നോക്കുകയാണിവിടെ.
രണ്ട്തരം പ്രേരണകളാണ് അക്കാര്യത്തെ ഗ്ലോറിഫൈ ചെയ്യുന്നവരെ നയിക്കുന്നത്.
ജനാധിപത്യബോധത്തിന്റെ മേലങ്കി അണിഞ്ഞ ആധുനികതാബോധവും മതനവീകരണ ബോധവും .
1:
ഇസ്ലാമിനെ ജനാധിപത്യപരമായി നവീകരിക്കുക /ജൻഡർ പൊളിറ്റിക്സിന്റെ കാലത്ത് ഇസ്ലാമിലെ സ്ത്രീകർതൃത്വം സാധ്യമാവുന്നത്ര വിപുലീകരിച്ച് അപകർഷതയുടെ ഭാരം പറ്റാവുന്നത്ര ലഘൂകരിക്കുക / ആധുനിക മൂല്യങ്ങൾ നിർവ്വചിക്കുന്ന വ്യക്തിസ്വാതന്ത്ര്യ സങ്കൽപ്പങ്ങളെ സംതൃപ്തിപ്പെടുത്താൻ മാത്രം ഇലാസ്തികത ഇസ്ലാമിന്റെ അടിസ്ഥാനതയിൽ തന്നെ നിലീനമാണെന്ന് വരുത്തുക തുടങ്ങിയ താൽപര്യങ്ങളാണ് കൂടുതൽ ശബ്ദോന്മുഖം .
ഈ പ്രവണത മതത്തിന്റെ മൗലികത ഇല്ലായ്മ ചെയ്യുന്ന ലിബറലിസത്തിന്റെ ഉപായം തന്നെയാണ്. കാരണം വ്യക്തിസ്വാതന്ത്ര്യങ്ങളെ വ്യക്തിനിർണ്ണയിക്കുമ്പോഴാണ് സംസ്ക്കാരം ആധുനീകമാവുന്നത് എന്ന ലളിതമായ വസ്തുതയാണത്.
അതോറിറ്റി വ്യക്തി തന്നെയാവുമ്പോൾ അതാണ് ഇൻഡിവിജ്വലിസം.
ജനാധിപത്യപരമായിത്തന്നെ അത് സാധുവല്ല, എന്നിട്ടല്ലേ മതപരമായി..
2: " ഞാനില്ലാതെ എങ്ങനെയാണ് എന്റെ നികാഹ് ശരിയാവുന്നത് " എന്ന വ്യക്തിയുടെ അവകാശവും , നിയമകേന്ദ്രം വ്യക്തികേന്ദ്രീകൃതമല്ലാത്ത മതസങ്കേതവും തമ്മിൽ എല്ലാതരം Subjective - Objective case കളിലും ഭിന്നത നിലനിൽക്കും. ആരാധനയുടെ രീതി , ഭാഷ , ഭാവം , എണ്ണം , വണ്ണം തുടങ്ങി എല്ലാറ്റിലും വ്യക്തിസൗകര്യങ്ങളും പൊതുബോധവും പരിഗണിക്കപ്പെട്ടാൽ അതിസുന്ദരമായ ഇസ്ലാം ലഭിച്ച് കാലവും ലോകവും ധന്യമാവും.
ഒരു വിഷയം വിലയിരുത്തപ്പെടേണ്ടത് സംഭവത്തെ ആധാരമാക്കിയല്ല , അവലംബിച്ച ആധാരത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
യൂറോപ്യർക്ക് ദഹിക്കാത്ത ഖുർആനിക വചനങ്ങൾ പുറത്തു പറയരുത് , ഭൗതിക ലോക വീക്ഷണങ്ങൾക്കെതിരായ ഹദീഥുകൾ നിഷേധിക്കണം എന്ന് കമ്മറ്റി കൂടി പാസ്സാക്കിയ പണ്ഡിതസഭകൾ ചരിത്രത്തിലുണ്ട് , ഇപ്പോഴുമുണ്ട്.
3: രക്ഷാകർതൃത്വം അപ്പോഴും പാട്രിയാർക്കിക്കൽ ആവുന്നുവെന്ന പ്രശ്നം ഉന്നയിച്ച് തൽസ്ഥാനത്ത് മാതാവിനെ ഹാജരാക്കുന്ന കക്ഷിയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും
രണ്ടുപേരും സംയുക്തമായി നികാഹ് ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞ് സന്തുലിതത്വം വരുത്തുന്ന ഹൈടെക് പൗരോഹിത്യത്തെയുമൊക്കെ വിലയിയിരുത്തപ്പെടേണ്ടതും ഇങ്ങനെത്തന്നെയാണ്.
കാർമ്മികത്വത്തിലെ പാട്രിയാർക്കി എന്നാലും ബാക്കി തന്നെയാണ്. സ്ഥലത്തെ പ്രധാന "ദിവ്യ " യെ കണ്ടെത്തി സ്തീയെ ആസ്ഥാന "പുരോഹിത" യാക്കുമ്പോഴേ ആ പ്രശ്നം അവസാനിക്കുകയുള്ളൂ. അപ്പോഴും എന്തിനാണ് കാർമ്മികത്വ ചടങ്ങ് എന്ന ചോദ്യം ബാക്കിയാവും. മറുവശത്ത് , വരന് മാത്രം പ്രിവിലേജ് സമ്മതിക്കില്ല , അവന്റെ രക്ഷിതാവ് എന്റെ കൈയിലവനെ ഏൽപ്പിക്കട്ടെ എന്നൊരു സ്ത്രീപക്ഷ നികാഹിന് എന്തേ സാധ്യതയില്ലേ ? വരൻ കാണാൻ വന്നിരുന്ന് വചനങ്ങൾ ഉരുവിട്ട് സ്വീകരിക്കട്ടെ .
രക്ഷിതാവ് വേണ്ടതില്ലെങ്കിൽ പിന്നെ , വധു വരന് സ്വയം വിവാഹിതയായി രജിസ്റ്റർ ചെയ്ത് സഹജീവനം ആരംഭിക്കുന്നതിൽ മോളിപ്പറഞ്ഞത് പ്രകാരം എന്താണ് കുഴപ്പം ?
വീഡിയോ / വിർച്വൽ സാന്നിധ്യം മതപരമായി സാധുവാണെന്ന് പറയുന്ന പുരോഹിതന്മാർക്ക് ഗവ. ഉദ്യോഗസ്ഥരും രേഖയും സാക്ഷിയായി മതിയാവണം.
മതേതര ഭരണഘടന മതപരമായി സാധുവായതിനാൽ വിവാഹമൂല്യമായി അംഗീകരിക്കുന്നവർക്ക് മതേതരവ്യക്തിത്വങ്ങൾ സാക്ഷികളായും പറ്റേണ്ടതുണ്ട്. പ്രത്യേകിച്ച് , ഗവ. ഉദ്യോഗസ്ഥർ നാം ഏൽപ്പിച്ച നമ്മുടെ ജോലിക്കാർ തന്നെയാണ് താനും.
ആത്മബോധ്യത്തിനപ്പുറം അപരസാക്ഷ്യം എന്തിനെന്ന ചോദ്യം വീണ്ടും ബാക്കിയാണ്.
വ്യക്തിസ്വാതന്ത്ര്യം ഒരുപടി കടന്ന് , വിവാഹം രജിസ്റ്റർ ചെയ്യാതെ , രക്ഷിതാവും കാർമ്മികത്വവും കൂടാതെ ,
"മതപര "മാക്കാനായി വേളീവചനം പരസ്പരം കൈമാറി രണ്ടുപേർ ലിവിംഗ്റ്റുഗതർ ആരംഭിച്ച് ,
"വിവാഹം " എന്ന സാമൂഹിക സ്ഥാപനത്തെ ഇല്ലായ്മ ചെയ്യുന്നതിലും ഇസ്ലാമിക വിരുദ്ധത അപ്പോഴുണ്ടാവില്ല. പ്രവാചകന്റെ കാലത്ത് വിവാഹം പള്ളിയിലായിരുന്നോ , അല്ലേ എന്ന് ചർച്ച ചെയ്യേണ്ട കാര്യം തന്നെ വാസ്തവത്തിൽ അപ്പോഴില്ല. വിവാഹത്തിന്
" ചടങ്ങ് " തന്നെ വേണമെന്നില്ലെങ്കിൽ പിന്നിന്തിനാണ് അതിന്റെ ഇടത്തെ ചൊല്ലി തർക്കം !
4 : ഇസ്ലാമിക വിവാഹരീതിയെ ജനാധിപത്യപരമായി നവീകരിച്ച് വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ വേണ്ടി , ജനാധിപത്യപരമായ ന്യായങ്ങൾ പറയാതെ , മറ്റൊരിടത്ത് അടിസ്ഥാനം തന്നെ തള്ളിയ കർമ്മശാസ്ത്ര സാധ്യതയെ കൂട്ടുപിടിക്കുന്നതിനേക്കാൾ വലിയ അപജയം ഇക്കാര്യത്തിൽ മറ്റൊന്നില്ല.
"വധു പള്ളിയിൽ നികാഹിന് ഇരുന്നാലെന്താണ് പ്രശ്നം " എന്ന ഭാഗത്തെ ശരിയാക്കാൻ ഹനഫീ മദ്ഹബിൽ നികാഹിന് രക്ഷിതാവ് തന്നെ നിർബന്ധമില്ലല്ലോ എന്ന് പറയുന്നവർ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്?
വധുവിനെ നികാഹിനിരുത്തുന്നവർ ഹനഫീ മദ്ഹബ് പരിഗണിച്ചോ അവഗണിച്ചോ അല്ല അങ്ങനെ ചെയ്യുന്നത്.
അവർക്ക് മദ്ഹബ് മാറ്റർ ഓഫ് കൺസേൺ തന്നെയല്ല. ഒന്നുകിൽ , വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ വന്നിരിക്കുന്നു , അല്ലെങ്കിൽ ഖുർആനിൽ
"വധു നികാഹിനിരിക്കരുത് മഹാജനങ്ങളേ " എന്ന് പ്രത്യേകം വചനമില്ലെന്ന് പറഞ്ഞ് ജനാധിപത്യബോധത്തെ ഇസ്ലാമികമാക്കുന്ന പൗരോഹിത്യം ചെയ്യുന്നു.
അല്ലാതെ , അവരാരും ഇമാം അബൂഹനീഫയെ അംഗീകരിച്ച് പെണ്ണിനെ
" കാനോത്ത് " കാട്ടാൻ കൊണ്ടിരുത്തുന്നില്ല.
എന്നല്ല , ഖുർആനും പൊതുബോധത്തിന് എതിരാകാത്ത ഹദീഥുകളും മാത്രമാണ് അത്തരക്കാരിൽ മിക്കവരുടെയും ഇസ്ലാം.
ആ ഒരു വിഷയത്തിൽ മാത്രം ഹനഫീ മദ്ഹബിനെ തഖ്ലീദ് ചെയ്യുന്നവർ ബാക്കി കാര്യങ്ങളിൽ ആരെയാണാവോ തഖ്ലീദ് ചെയ്യുന്നത്?
മാത്രമല്ല , ഹനഫീ മദ്ഹബ് പ്രകാരം പ്രായപൂർത്തിയായ സ്ത്രീ നേരിട്ട് ഭർത്താവിന് വാഴലല്ല , " രക്ഷിതാവ്" ഏൽപ്പിക്കൽ തന്നെയാണ്. പക്ഷെ ആ രക്ഷാകർതൃത്വം അധികാരപരമല്ല ( വിലായതില്ല ) മറിച്ച് ഏൽപ്പനാപരമാണ് ( വകാലതാണ് ) .
ഹനഫീ മദ്ഹബ് പ്രാക്ടീസ് ചെയ്യുന്ന ഈജിപ്തിലെ ജാമിഅ: അൽ അസ്ഹറിലെ ഫത്വ ഇവിടെ കൊടുക്കാം.
قالت لجنة الفتوى بمجمع البحوث الإسلامية بالأزهر، إن الزواج الخالى من الولى والشهود باطل لقوله صلى الله عليه وسلم «لا نكاح إلا بولى وشاهدى عدل» وهذا لا خلاف فيه.
രക്ഷിതാവ് ഇല്ലാത്ത നികാഹ് ശരിയല്ല എന്നാണതിന്റെ മലയാളം.
സംശയമുള്ളവർ അവരുടെ website ചെക്ക് ചെയ്ത് വരിക , അതായത് പോവുക.
ഹനഫീ മദ്ഹബ് പ്രകാരം സെക്യുലർ ഭരണഘടന മഹ്റായി സാധുവല്ല എന്ന് കൂടി അറിയുക .
5 : " നികാഹിന് സമ്മതം കൊടുക്കാൻ , ബോധ്യപ്പെട്ട് സാക്ഷ്യം വഹിക്കാൻ വധു ഇരിക്കരുത് " എന്ന് പ്രത്യേകം ഖുർആനിൽ വരാത്തതിനാൽ വധുവിന് നികാഹിനിരിക്കാം എന്ന് വിധിപറയുന്ന പൗരോഹിത്യം തമാശയാണ്. വധുവിന് -
സമ്മതം , ഏൽപ്പന എന്നീ രണ്ട് കാര്യങ്ങളാണുള്ളത്. ആ ഘട്ടത്തിന് ശേഷം രക്ഷിതാവാണ് രംഗത്ത് വരുന്നത്.
അതേസമയം , വരന് രക്ഷിതാവ് വേണ്ട.
തൻകീഹിൽ അഥവാ Making her marry വധുവിന് പ്രത്യേകം പങ്കില്ല. രക്ഷിതാവ് ഇല്ലാത്തപ്പോൾ ഖാദിയാണ് ചെയ്ത് കൊടുക്കേണ്ടത്.
അത്കൊണ്ടാണ് " വധുവിന് നികാഹിനിരിക്കാം " എന്നും പ്രത്യേകം
വചനം വരാതിരുന്നത്.
ജീവിതവ്യവഹാരങ്ങളിൽ
റോളില്ലാത്തവരുടെ റോളില്ലായ്മ എണ്ണിയെണ്ണിപ്പറയാൻ ഖുർആൻ ഇറക്കിയത് സൈബർ പുരോഹിതരല്ല.
"റഫറി ഗോളടിക്കരുത് " എന്ന് പ്രത്യേകം
ഫിഫ സർക്കുലർ ഇറക്കാത്തതിനാൽ ഞങ്ങളുടെ റഫറി ഗോളടിക്കും എന്നാണവർ പറയുന്നത്.
ഒരു വിഷയത്തിന്റെ പ്രതിപാദന വിശദീകരണം അതിന്റെ സാകല്യത്തെ അർത്ഥം കുറിക്കും എന്നതാണ് നിദാനശാസ്ത്രം .
6: " നികാഹ് നടക്കാൻ വധു വേണോ " എന്നതും " നികാഹ് നടക്കുന്നേടത്ത് വധുവിന് ഹാജരാകാമോ " എന്നതും രണ്ടും രണ്ടാണ്.
രണ്ടാമത്തേതിൽ തർക്കമില്ല.
മതപരമായ നിയമങ്ങൾ പാലിച്ച് ഹാജരാവാം.
നികാഹ് പൂർണ്ണമാവുമ്മുമ്പോ ശേഷമോ എഴുന്നേറ്റ് പോവുകയും ചെയ്യാം.
എന്നാൽ " തൻകീഹ് " നടക്കാൻ വധുവേണ്ട .
അതിനാൽ , ജമല് യുദ്ധം മുതൽ നിലമ്പൂർ ആയിശോമ്മ വരെയുള്ള ക്ലീഷേകൾ പറഞ്ഞ് സൈബർ പുരോഹിതന്മാർ ഇസ്ലാമിനെ ഇനിയും നാണം കെടുത്തരുത്.
Leave a Reply