In Astronomy
By ശുഐബുൽ ഹൈതമി
അന്താരാഷ്ട്രദിനമാറ്റ രേഖയും ഖുർആനും : ഹൈപർബോളെ കുമിളകൾ .
'തെക്കൊക്കുമ്പോൾ വക്കൊക്കാത്ത' അവസ്ഥയാണ് IDL മായി ബന്ധപ്പെട്ട മണിക്ഫാൻസംഘത്തിന്റെ വാദങ്ങൾ.
ആഗോള സമയം രാത്രി പന്ത്രണ്ട്മണിക്ക് മുമ്പാണ് ന്യൂമൂൺ (ഭൂമി - ചന്ദ്രൻ - സൂര്യൻ എന്നിവ ഒരേ പ്രതലത്തിലായതിന് ശേഷം ചന്ദ്രൻ സൂര്യനെ കിഴക്കോട്ട് മറികടക്കുന്ന നിമിഷാംശം) സംഭവിക്കുന്നതെങ്കിൽ അടുത്ത ദിവസത്തെ സൂര്യോദയം മുതലും , പന്ത്രണ്ട് മണിക്ക് ശേഷമാണ് ന്യൂമൂൺ ഉണ്ടാവുന്നതെങ്കിൽ അതിന്റെ പിറ്റേന്നത്തെ സൂര്യോദയം മുതലുമാണ് അതത് പ്രദേശങ്ങളിൽ ക്രമത്തിൽ ഹിജ്റ മാസം തുടങ്ങുന്നത് എന്നാണവർ ആത്മാർത്ഥമായി പ്രചരിപ്പിക്കുന്നത് . ഇങ്ങനെയൊരു ചന്ദ്രമാസാരംഭം ശാസ്ത്രത്തിലോ ഇസ്ലാമിലോ ഇല്ല. ശാസ്ത്രം പറയുന്ന Synodic Lunar Month എന്നാൽ രണ്ട് ന്യൂമൂണുകൾക്കിടയിലെ 29 days , 12 hrs, 44 mnts, 02 Seconds ( 13 hrs വരെ മാറാം ) ആണ്.
Newmoon ( കാണാത്ത കല ) എന്ന പദത്തിന് ഹിലാൽ എന്നർത്ഥം നൽകുകയും Visible crescent ( കാണുന്ന കല ) എന്നർത്ഥം നൽകുന്നവരെ പരിഹസിക്കുകയും ന്യൂമൂൺ ഭൂമിക്ക് മൊത്തം ബാധകമാണെന്ന് പറയുകയും ചെയ്യുന്നവർ മുസ്ലിം സമുദായത്തോട് ചെയ്യുന്ന അനർത്ഥങ്ങൾ പലതാണ്.
ആകാശത്ത് ന്യൂമൂൺ അഥവാ അവരുടെ ഭാഷയിലെ ഹിലാൽ പിറക്കുന്ന നേരത്ത് ഭൂമിയിൽ രാത്രി അനുഭവിക്കുന്നവർക്ക് ആ രാത്രിസമയം മുതലോ പിറ്റേന്ന് പകൽ മുതലോ പിറകേ വരുന്ന രാത്രി മുതലോ ഹിജ്റ മാസം തുടങ്ങുന്നില്ല , ന്യൂമൂൺ സമയത്ത് പകൽ അനുഭവിക്കുന്നവർക്ക് ആ പകൽ അസ്തമിച്ച രാത്രി മുതലും ഹിജ്റ മാസം തുടങ്ങുന്നില്ല. ചിത്രത്തിലെ ഗ്ലോബ് നോക്കൂ ; ഇംഗ്ലണ്ടിലെ ഗ്രീനിച്ചിൽ ഒരു ഞായറാഴ്ച്ച രാത്രി 11 .30 സമയത്ത് ഭൂമിയുടെ ഏതെങ്കിലും ഭാഗത്തിന് നേരെ ന്യൂമൂൺ ഉണ്ടായി എന്ന് സങ്കൽപിക്കുക. അപ്പോൾ lST ( ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ) തിങ്കൾ രാവിലെ 5 മണിയാവും. ഭൂമി മൊത്തം നോക്കിയാൽ ഏകദേശം രേഖാംശം 80 °E മുതൽ ( ഇന്ത്യയുടെ മുക്കാൽ ഭാഗമടക്കം കിഴക്കോട്ട് ) 180 ° E വരെ അന്നത്തെ സുബ്ഹ് അടങ്ങുന്ന പകൽ ആരംഭിച്ചിരിക്കും. അവർക്ക് പിറ്റേന്ന് ചൊവ്വ മുതലാണ് ( ന്യൂമൂൺ പിറ്റേന്ന് ) ഹിജ്റ മാസം ആരംഭിക്കുന്നത്. എന്നാൽ , അതേസമയം രാത്രി അനുഭവിക്കുന്ന ബാക്കി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് അപ്പോൾ സുബ്ഹി ആകാത്തതിനാൽ അന്ന് രാത്രി തന്നെയോ ചുരുങ്ങിയത് പിറ്റേന്ന് രാവിലെ ( തിങ്കൾ ) മുതൽക്കെങ്കിലും ഹിജ്റ മാസം ആചരിക്കാനാവേണ്ടതാണ്. പക്ഷെ അവർക്കും ചൊവ്വാഴ്ച്ച സൂര്യോദയം മുതൽക്കേ ഹിജ്റ മാസം ആരംഭിക്കാൻ പാടുള്ളൂ എന്ന് , ശാസ്ത്രമോ മതമോ വ്യവസ്ഥപ്പെടുത്താത്ത പുതിയൊരു കാഴ്ച്ചപ്പാടുമായി ഈ വിഭാഗം വരുന്നതിന് പിറകിൽ രണ്ട് നിർമ്മിത പ്രേരണകളാണുള്ളത്.
1 : ഒരു തിയ്യതിക്ക് രണ്ട് ദിവസം വരാൻ പാടില്ല എന്ന ( ചന്ദ്രമാസത്തെ സംബന്ധിച്ചേടുത്തോളം ഉരുണ്ട ഭൂമിയിൽ ഒരു 24 മണിക്കൂർ IDL സാധ്യമല്ലാത്തതിനാൽ പ്രായോഗികമല്ലാത്ത ) ആദ്യമേ പറഞ്ഞ് പോയ ഒരു തിയറിയിൽ നിന്ന് പിന്തിരിയേണ്ടി വരും.
2 : ദിവസാരംഭം ഇസ്ലാമിൽ പ്രഭാതം മുതലാണെന്ന വങ്കത്തം മാറ്റിവെക്കേണ്ടി വരും.
(ചിത്രത്തിലെ മാപ്പ് ഈ വർഷം മാർച്ച് 10 ന് ഞായറാഴ്ച്ച UT 9 Am ന്യൂമൂൺ സംഭവിക്കുമ്പോഴുള്ള ഭൂമിയിലെ രാവും പകലുമാണ്. പിറ്റേന്നായിരുന്നു അതിനനുസരിച്ചുള്ള റമദാൻ 1 വന്നത് . ടൈമും ദിവസവും മാറ്റിയാൽ ആദ്യം പറഞ്ഞ രാത്രി Newmoon ന്റെ പകൽ വേഴ്ഷൻ കിട്ടും )
ആ രണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ കണ്ടെത്തിയ ഒറ്റമൂലിയാണ് UT 12 മണി ആധാരമാക്കി , ന്യൂമൂണിന് പിറ്റേന്നോ അതിന് പിറ്റേന്നോ സൂര്യോദയം മുതൽ മാസാരംഭം എന്ന 'അടിപൊളി ' വാദം .അങ്ങനെയാവുമ്പോൾ 24 മണിക്കൂർ ഭൂമി കറങ്ങുന്നതിനിടെ 'റമദാൻ 1 ' എല്ലായിടത്തും ഉദാഹരണത്തിലെ ഒരേ ചൊവ്വാഴ്ച്ച അനുഭവിക്കാം , ഒരു തിയ്യതിക്ക് ഒരു ദിവസം മാത്രം . കേൾക്കാൻ മനോഹരമായ ഈ കാഴ്ചപ്പാടിൽ കിടക്കുന്ന വൈരുധ്യങ്ങൾ എത്രമാത്രം !
1 :
ചന്ദ്രമാസാരംഭത്തിന്റെ തുടക്കം സൂര്യന്റെ ഉദയം മുതൽ എന്ന വിചിത്രസങ്കൽപ്പമാണത്.
ആർക്ക് വേണ്ടി , എന്തിന് വേണ്ടിയാണ് ചിത്രത്തിലേ ഇല്ലാത്ത സൂര്യോദയം എന്ന കണ്ടീഷൻ എഴുന്നള്ളിക്കുന്നത് ?
ചന്ദ്രമാസം തുടങ്ങേണ്ടത് ഇസ്ലാമിൽ , അനുഭവിക്കാനാവുന്ന 'അഹില്ലയുടെ ' ഭാഗമായ ഹിലാൽ കാണുന്നത് മുതൽക്കോ ശാസ്ത്രത്തിൽ, ന്യൂമൂൺ ( Conjenction) സംഭവിച്ചത് മുതൽക്കോ അല്ലേ ?
2 :
സൗരദിനമാറ്റ രേഖയായ IDL മായി ചന്ദ്രദിനത്തെ സമതുലനപ്പെടുത്തണമെന്ന കാഴ്ചപ്പാട് എവിടെ നിന്നും കിട്ടി ?
ഖലീഫാ ഉമർ ( റ ) വിന്റെ ഹിജ്റകാലഗണനാ രീതി അങ്ങനെയേതെങ്കിലും സൗരദിനമാറ്റരേഖയെ ആശ്രയിച്ചിരുന്നോ ?
പതിനാല് നൂറ്റാണ്ട് കാലത്തെ മുസ്ലിം ലോകത്തിന്റെ സമയ -തിയ്യതി ബന്ധിതകർമ്മങ്ങൾ അപൂർണ്ണമായിരുന്നോ ?
3 :
ഇതിനോടകം റഷ്യക്കും അമേരിക്കക്കും വേണ്ടി നാലോ അഞ്ചോ തവണ Re - route ചെയ്ത , പലതവണകിഴക്കും പടിഞ്ഞാറുമുള്ള ദിവസങ്ങൾ വെട്ടിചുരുക്കി ( നസീഅ' ) ഒപ്പിച്ചെടുത്ത lnternational Date Line നാളെ വീണ്ടും രേഖാംശാ വ്യതിയാനമോ തിയ്യതി മാറ്റമോ വരിച്ചാൽ 'അല്ലാഹു കണക്കാക്കിയ കലണ്ടർ 'ആ മാറ്റത്തെ അംഗീകരിക്കേണ്ടതുണ്ടോ ? നിലവിലെ IDL ന്റെ കിഴക്കുഭാഗം അമേരിക്കയുടെ പടിഞ്ഞാറും , പടിഞ്ഞാറുഭാഗം റഷ്യയുടെ കിഴക്കും നേർമറുപുറം ( Antipodal longitude) ബ്രിട്ടനുമാണ് . നാളെ ലോക വ്യാപാര ഘടന മറ്റൊരു നിലക്കായാൽ , മാറ്റം അസംഭവ്യം ഒന്നുമല്ലാത്ത ഈയൊരു ഇംപീരിയൽ നിർമ്മിതിയുടെ പുറത്താണോ 'അല്ലാഹുവിന്റെ കലണ്ടറിന്റെ ' അടിസ്ഥാനം ?
4 :
കർമ്മശാസ്ത്രപരമായി ചിന്തിച്ചാൽ , പ്രസ്തുത ഉദാഹരണത്തിൽ ,
മൈനസ് 11 / 12 മണിക്കൂർ ( GMT - 11 /12 ) ടൈം സോണായ Howland island , Baker island തുടങ്ങിയ അമേരിക്കൻ ദ്വീപുകളിൽ താമസിക്കുന്നവരും ( അവിടെ അഭയാർത്ഥികളെയും യുദ്ധത്തടവുകാരെയും പാർപ്പിക്കുന്ന ചർച്ചകൾ നടക്കുന്നു ),
GMT + 14 ( വാസ്തവത്തിൽ മൈനസ് GMT പ്രദേശമാണത്, അതേ രേഖാംശത്തിലെ മുകൾ ഭാഗത്ത് GMT - 9 ആണ് ടൈം , വെട്ടിത്തിരുത്തി GMT + 14 ആക്കിയതാണ് ) ടൈം സോണായ KIRIBATI ( 1. 4 °N , 172 . 9° E പ്രദേശം , ഒന്നരലക്ഷത്തിലേറെ ജനങ്ങളുണ്ട് , 3 എയർപോർട്ടുകളുണ്ട് ) യിൽ താമസിക്കുന്നവരും തമ്മിൽ 26 മണിക്കൂർ ഗ്യാപ്പ് വരുന്നുണ്ട് . IDL ന്റെ ഒരു ന്യൂനതയായി ഭൂമിശാസ്ത്രജ്ഞർ ആരോപിക്കുന്ന കാര്യവുമാണത്.
ഇനി നടേപ്പറഞ്ഞ ഉദാഹരണത്തിൽ ഞായർ UT രാത്രി 11 മണിക്ക് ന്യൂമൂൺ ഉണ്ടായതിന് ശേഷം ഭൂകേന്ദ്രീകൃത ചന്ദ്രമാസം KIRIBATI യിൽ തുടങ്ങിയ ചൊവ്വയിലേക്കെത്താൻ ( ആദ്യമായി ഭൂമിയിൽ പകലുണ്ടാവുന്നതായി IDL കണക്കാക്കുന്ന പ്രദേശങ്ങളിലൊന്ന് ) HOWLAND ദ്വീപുകാർക്ക് 25 + മണിക്കൂറുകൾ എടുക്കും, അതായത് ഒരു ദിവസവും കുറച്ചും.
ഒരു തിയ്യതിയിൽ വരുന്ന ദിവസത്തിന്റെ പേരൊന്നാണ് , ചൊവ്വ . 24 മണിക്കൂർ കുറച്ച് നീട്ടി 'നസീഅ' ചെയ്യേണ്ടി വരുന്നുവെന്ന് മാത്രം.
വാസ്തവത്തിൽ ആ രണ്ട് പ്രദേശങ്ങൾക്കിടയിൽ ഭൂമി ശാസ്ത്രപരമായി 500 കിലോമീറ്റർ പോലും കിഴക്ക് - പടിഞ്ഞാറ് വ്യത്യാസം ഇല്ല താനും. ഒന്നിച്ച് പകലും രാത്രിയും അനുഭവിക്കാനാവുന്ന ഒരു പ്രദേശത്തെ ഇവ്വിധം രണ്ടായി പകുക്കുന്ന IDL നെ ആധാരമാക്കി ചന്ദ്രമാസാരംഭം നിർണ്ണയിക്കുന്നതിന്റെ വിനയാണത്.
4 :
' ആഗോള ഗ്രാമം ' കൺസപ്റ്റിൽ , പ്രസ്തുത ഉദാഹരണത്തിൽ , GMT + 12 നടുത്തുള്ള ന്യൂസിലാണ്ട് , ഫിജി തുടങ്ങിയ രാഷ്ട്രങ്ങളിൽ റമദാൻ ഒന്നിന്റെ ദുആയോ പെരുന്നാളോ ആചരിക്കുമ്പോൾ , ആഘോഷിക്കുമ്പോൾ GMT - 8 ലുള്ള യു എസ് എ യിലെ അലസ്കോയിലുള്ള വിശ്വാസികൾ റമദാൻ പ്രാർത്ഥനയോ തക്ബീറോ ബലികർമ്മമോ ഒക്കെ നിർവ്വഹിച്ചാൽ അതിന്റെ മതവിധി എന്താണ് ?
മറിച്ച് ചിന്തിച്ചാൽ , ശവ്വാൽ 2 ലേക്ക് Newzilandകാർ നീങ്ങിയാൽ , അപ്പോഴും ശവ്വാൽ 1 ലുണ്ടാവുന്ന അമേരിക്കൻ മുസ്ലിം സഹോദരങ്ങൾക്കൊപ്പം പെരുന്നാളാഘോഷിക്കാൻ പാടുണ്ടോ ? ( ഓൺലൈൻ നികാഹ് ശരിയാവും എന്ന് ഫത് വ കൊടുത്ത കക്ഷിയൊക്കെയാണ് മണിക്ഫാൻസിലെ പ്രമുഖൻ ) .
പാടുണ്ട് എന്നാണുത്തരമെങ്കിൽ കിഴക്കിനും പടിഞ്ഞാറിനും രണ്ട് ദിനങ്ങളിൽ പെരുന്നാളാക്കാം , ശഅബാൻ അവസാന ദിവസം റമദാൻ പ്രാർത്ഥന നടത്താം എന്നൊക്കെയാവും അർത്ഥം . അത് വിഡ്ഢിത്തമാണ് . പറ്റില്ല എന്നാണെങ്കിൽ
മറ്റൊരർത്ഥത്തിൽ ചക്രവാള പരിധി എന്ന ശാഫീ ഫിഖ്ഹിന്റെ സങ്കേതം മണിക്ഫാൻസും അംഗീകരിക്കുന്നു എന്നാവും അർത്ഥം .
5 :
'24 മണിക്കൂർ കറങ്ങി വരുമ്പോൾ അമേരിക്കക്കാരും , നേരത്തെ ന്യൂസിലാണ്ടിൽ തറാവീഹ് നടന്ന Point of Time ലെത്തും ' എന്നാവും സ്വാഭാവികമായ വിശദീകരണം . അതിനർത്ഥം സൂര്യന്റെ ചക്രവാള വ്യത്യാസം പരിഗണിക്കപ്പെടണമെന്നാണ്. ചന്ദ്രമാസാരംഭത്തിന് സൂര്യന്റെ ചക്രവാളം പരിഗണിക്കുന്നവർ , ചന്ദ്രമാസത്തിൽ ചന്ദ്രന്റെ ചക്രവാള വ്യത്യാസം പരിഗണിക്കുന്നവരെ പരിഹസിക്കുന്നതിനെയാണിപ്പോൾ 'ശാസ്ത്രീയ ഹിജ്റ കലണ്ടർ ' എന്നൊക്കെ പറയുന്നത് എന്നതല്ലേ വിരോധാഭാസം ?
ഇക്കാര്യം മനസ്സിലാക്കാൻ ഇങ്ങനെയും ചിന്തിക്കാം : കൊൽക്കത്തയിൽ രാവിലെ 6 . 21 ന് പകൽ സൂര്യോദയത്തോടെ തുടങ്ങുമ്പോൾ റിയാദിൽ രണ്ടരമണിക്കൂർ പിറകിലെ രാത്രി നേരമായിരിക്കും. എന്താണ് സാങ്കേതികമായ വ്യത്യാസം ?
UT x hrs ആധാരമാക്കിയാൽ : കൊൽക്കത്തയുടെ ചക്രവാളത്തിന് മുകളിലാണപ്പോൾ സൂര്യൻ , റിയാദിലെ നിരീക്ഷകന്റെ ചക്രവാളത്തിന് താഴെയും , അതിനാൽ ടി. സമയത്തെ കൽക്കത്തക്കാരുടെ മതവിധിയല്ല റിയാദിലുള്ളവരുടേത്. ഈ നിയമം ചന്ദ്രനും ബാധകമാക്കലല്ലേ ശാസ്ത്രീയം ?
6 :
ഹിജ്റ മാസാരംഭത്തെ സൂര്യോദയവുമായി ബന്ധപ്പെടുത്തുമ്പോൾ സുബ്ഹിയും ഉദയവും ( സുബ്ഹ് രേഖയും ഉദയരേഖയും ) തമ്മിലുള്ള ഗ്യാപ്പിനെക്കുറിച്ച് ഒന്നും പറഞ്ഞതായി കാണുന്നില്ല. പ്രഭാതം മുതലാണ് ഇസ്ലാമിലെ ദിനാരംഭം എന്ന് പറയുന്നവർ സുബ്ഹിയെ ( ഫജ്റുസ്സ്വാദിഖ് ) ആണ് ആധാരമാക്കേണ്ടത് . മക്കയിലെ സമയമാണ് ചന്ദ്രദിനമാറ്റരേഖയുടെ ആധാരമാക്കേണ്ടത് എന്നും പറയുന്നു. IDL ദിനാരംഭം GMT യിൽ അർദ്ധരാത്രിയും IDL ൽ നട്ടുച്ചക്കുമാണ്. അപ്പോൾ മക്കയിൽ 3 AM ആയിരിക്കും. ഈ സമയമാണോ പ്രഭാതം ?
ദിനാരംഭം ?
IDL രേഖാംശത്തിൽ ൽ വെച്ച് നടക്കുന്ന ദിനമാറ്റം സുബ്ഹിയിലേക്ക് ചേർക്കുമ്പോൾ കൃത്യമല്ല , ആവുകയുമില്ല. അതേ ലൈനിലെ അക്ഷാംശം മാറുന്നതിനനുസരിച്ച് സുബ്ഹ് വ്യത്യാസപ്പെടും. അതൊഴിവാക്കാനാണ് ഉദയം അവലംബിച്ചതെങ്കിൽ lDL ലെ ഉദയവും ഒന്നിച്ചല്ലല്ലോ ? ഗ്രിഗോറിയൻ കലണ്ടറുമായി തിയ്യതി ഒപ്പിക്കുക എന്നതല്ലാത്ത മറ്റെന്തിങ്കിലും ന്യായമുണ്ടോ ഈ IDL അതിശയോക്തികൾക്ക് പിറകിൽ ?
എന്നാൽ , ഗ്രിഗോറിയൻ കലണ്ടർ ' ക്രൈസ്തവമായതിനാൽ ' മുസ്ലിംകൾ അവലംബിക്കരുതെന്ന് ഇവർ തന്നെ എത്രയോ പേജുകളിൽ കുത്തി നിറച്ചിട്ടുണ്ട് താനും!
7 :
തിയ്യതിയുമായി ബന്ധപ്പെട്ട നോമ്പ് ഒന്നും പെരുന്നാളും ഭൂമി മുഴുവൻ ഒരു ദിവസത്തിലാക്കുക എന്ന നടക്കാത്ത കാര്യത്തേക്കാളും പ്രായോഗികമായത് ദിവസവുമായി ബന്ധപ്പെട്ട ജുമുഅ : ക്ക് ഒരു കോമൺ GMT / Mecan ST നിശ്ചയിച്ച് ലോക മുസ്ലിം ഐക്യമുണ്ടാക്കലല്ലേ ? അപ്പോൾ ജുമുഅ : സമയം മറ്റു നിസ്ക്കാരങ്ങളുടെ സമയങ്ങളിലേക്ക് വലിഞ്ഞ് കയറും എന്നാണെങ്കിൽ , ആഗോള റമദാൻ 1 ന് 24 മണിക്കൂർ പരിധി നിശ്ചയിച്ചാൽ മറ്റ് ദിവസങ്ങളിലേക്ക് റമദാൻ 1 വലിഞ്ഞ് കയറും എന്നതാണ് അവിടെയും സംഭവിക്കുക .അതായത് , വഖ്തുമായി ( Part of 24 hrs ) ബന്ധപ്പെട്ട ആരാധനയെ ദിവസത്തിൽ ഏകോപിപ്പിച്ച് വെള്ളിയാഴ്ച്ച ദിവസം ഓരോ Time zone ലെയും ളുഹ്ർ നേരത്ത് ജുമുഅ : നമസ്ക്കരിക്കണം എന്ന് പറയുന്നത് പോലെ , തിയ്യതിയുമായി ( 24 hrs unit ) ബന്ധപ്പെട്ട ആരാധനകളെ തിയ്യതിയിൽ തന്നെ ഏകോപിക്കൽ മാത്രമാണ് പ്രായോഗികം , അപ്പോൾ ഓരോ Time zone കാരും അവരവരുടെ റമദാൻ ഒന്നാം തിയ്യതി നോമ്പ് ആരംഭിക്കണം എന്നാവും. അതാണ് 14 നൂറ്റാണ്ടുകളിലെ മുസ്ലിം ശീലവും രീതിയും .
അതിനെ ദിവസത്തിൽ ഏകോപിപിക്കൽ ആഗോള ജുമുഅകളെ : GMT x hr ൽ ഏകോപിക്കൽ പോലെയാണ്.
8:
അടുത്തടുത്ത പ്രദേശങ്ങളിൽ, പ്രവിശ്യകളിൽ , രാജ്യങ്ങളിൽ നോമ്പും പെരുന്നാളും വ്യത്യസ്ത ദിവസങ്ങളിലായി ചിതറുന്നത് ഒഴിവാക്കാൻ നാലാലൊരു മദ്ഹബിനകത്ത് വെച്ച് തന്നെ നടക്കും, ന്യൂമൂൺ + IDL കൂട്ടിക്കെട്ടലുകളൊന്നും വേണ്ട .
പിറ ദർശനത്തിൽ ചക്രവാള വ്യത്യാസപരിധി പരിഗണിക്കേണ്ടതില്ലെന്ന കാഴ്ച്ചപ്പാടാണ് ഹനഫീ - മാലികീ - ഹമ്പലീ മദ്ഹബുകളിൽ പ്രബലം. പക്ഷെ , ഒരു മദ്ഹബ് ഫോളോ ചെയ്യുമ്പോൾ അതിന്റെ മറ്റു നിയമ സങ്കേതങ്ങൾ കൂടി പാലിക്കേണ്ടി വരും. അവരെല്ലാം കണ്ണാലേ കാണണം എന്ന് ശഠിച്ച് പറഞ്ഞവർ മാത്രമാണ്. വക്കും തെക്കുമൊക്കാത്ത പുതിയ ജൽപ്പനങ്ങളല്ല , പണ്ഡിതോചിതമായ പ്രാമാണിക ചർച്ചകളാണക്കാര്യത്തിൽ വേണ്ടത്.
Leave a Reply