In Spiritual
By ശുഐബുൽ ഹൈതമി
ഔറാദുകൾ : ശീതം, തപ്തം , മിതം
അറബി ഭാഷയുടെ ഉച്ചാരണരീതിയുമായ ബന്ധപ്പെട്ട് അതിലെ 28 അക്ഷരങ്ങളിൽ പതിനാലേ - പതിനാല് എന്ന ക്രമത്തിൽ
ശംസിയ്യ് - ഖമരിയ്യ് എന്നൊരു വിഭാഗീകരണമുണ്ട്.
അലിഫ്ലാം - ال - എന്ന അവ്യയത്തിന്റെ കൂടെച്ചേരുമ്പോൾ ഉച്ചാരണത്തിൽ ഇരട്ടധ്വനിയാവുന്ന അക്ഷരങ്ങളാണ് ശംസിയ്യ് -
(ت، ث، د، ذ، ر، ز، س، ش، ص، ض، ط، ظ، ل، ن )
മറിച്ച് ,അലിഫ്ലാം - ال - എന്ന അവ്യയത്തിന്റെ കൂടെച്ചേരുമ്പോഴും തനിമ നിലനിർത്തി ഉച്ചരിക്കപ്പെടുന്ന അക്ഷരങ്ങളാണ് ഖമരിയ്യ് -
(ا، ب، ج، ح، خ، ع، غ، ف، ق، ك، م، هـ، و، ي )
ഉച്ചരിക്കപ്പെടുന്ന വർണ്ണങ്ങളുമായി ബന്ധപ്പെട്ട ഒരാത്മീയ വശം പറയാണിത്രയും എഴുതിയത്. അതായത് , മനുഷ്യനടക്കമുള്ള പദാർത്ഥങ്ങൾക്ക് അഗ്നി - മൺ -ജല- വായു പ്രകൃതമുള്ളത് പോലെ ശബ്ദസ്വരങ്ങൾക്കുമുണ്ട് പ്രകൃതങ്ങൾ . അത്തരം പ്രകൃതങ്ങളുടെ ഉദ്ദീപനങ്ങളെ സ്വാധീനിക്കാൻ ശബ്ദങ്ങൾക്കാവുമെന്നർത്ഥം .
ഉദാഹരണത്തിന് , ശംസിയ്യായ അക്ഷരങ്ങളുടെ പ്രകൃതം ഉഷ്ണമാണ് ,
ഖമരിയ്യായതിന്റേത് തണുപ്പും .
ഇതിന്റെ കൂടെ , Intonation pitch മായി ബന്ധപ്പെട്ട جهر - همس അഥവാ ഏകധ്വനി - പ്രതിധ്വനി , شدة -رخاوة അഥവാ നിർമ്മലത - ഊഷരത എന്നീ ഗുണങ്ങൾ കൂടി കൂടിച്ചേരുമ്പോൾ ചില ശബ്ദങ്ങൾ അങ്ങേയറ്റം വറ്റിവരളും ,ചിലത് നനഞ്ഞ്പൊതിരും.
സാദാരണ സംഭാഷണങ്ങളിൽ ഉച്ചരിക്കപ്പെടുന്ന ശബ്ദങ്ങൾ വ്യക്തിത്വത്തെ സ്വാധീനിക്കില്ല . അതേസമയം , മന:സാന്നിധ്യത്തോടെ പാരായണം ചെയ്യപ്പെടുന്ന , ചൊല്ലപ്പെടുന്ന ശ്ലോകങ്ങൾക്കും വാക്യങ്ങൾക്കും അതിന് സാധിക്കും. Bibliology / Bibliotherapy യുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ അപ്പറഞ്ഞതിനെ ഓൺ & ട്യൂൺ ചെയ്യുന്നുണ്ട്.
ഇസ്ലാമിന്റെ ആധ്യാത്മീകതയിലേക്ക് വന്നാൽ, ചില അദ്കാറുകൾ , ആയതുകൾ , ബൈതുകൾ തുടങ്ങിയവ ഉഷ്ണ പ്രകൃതം ഉള്ളവയായിരിക്കും , മറ്റുചിലത് ശീത പ്രകൃതികളും . അതിൽ തന്നെ ഉച്ചസ്ഥായീ -മധ്യസ്ഥായീ - നീചസ്ഥായീ വ്യതിയാനങ്ങളും അവയ്ക്കിടയിൽ കാണും .
അതനുസരിച്ച് , ഉഷ്ണ പ്രകൃതക്കാരനായ ഒരാൾ നിരന്തരം ഉഷ്ണ പ്രകൃതമുള്ള അദ്കാറുകൾ പതിവാക്കിയാൽ ആ വ്യക്തിയുടെ ശരീരം ഉണങ്ങിപ്പോവുകയും സ്വഭാവം തീക്ഷണമാവുകയും ചെയ്യും .
പെട്ടെന്ന് ഏതറ്റങ്ങളിലേക്കും വികാരതരളിതനാവും / തരളിതയാവും.
ഇനി , ശീതപ്രകൃതൻ / പ്രകൃത സമാനസ്വഭാവിയായ അദ്കാറുകൾ ജീവിതവിർദാക്കിയാൽ നിർവികാരിയും തണുപ്പനുമായി പരിണമിക്കും .
ഇവിടെ , ഇഹ്യാ ഉലൂമിദ്ദീനിലും മറ്റും ഉദ്ധരിക്കപ്പെട്ട من لم يعرف علم الهيئة و التشريح فهو عنين എന്ന ഹദീസ് പ്രസക്തമാണ്.
നാഡീഞരമ്പുകൾ പരിശോധിച്ച് ശരീരത്തിലെ വാത - പിത്ത - കഫക്കൂട്ടുകളുടെ വ്യതിയാനം കണ്ടെത്തി സന്തുലിതമാക്കുന്ന പുരാതനമായ വൈദ്യശാസ്ത്ര രീതി - അറിയാത്തയാളും ഗോളശാസ്ത്ര - അജ്ഞനും ദിവ്യാനുരാഗത്തിന്റെ രതിമൂർഛ അനുഭവിക്കാനാവാത്ത ഷണ്ഡനാണ് എന്നാണ് അപ്പറഞ്ഞത് .
ചതുർഭുത ജന്യമായ " മിസാജുകളാണ് " വ്യക്തിയുടെ പ്രകൃതം നിർണ്ണയിക്കുന്നത്.
യവന - അറേബ്യൻ - ഭാരതീയ വൈദ്യശാസ്ത്രം പുലർത്തിയ സമാനതകൾ ഉറവിടത്തിന്റെയും ഉപായത്തിന്റെയും ഏകതയെ കുറിക്കുന്നുണ്ട്. അത്തരം ശാരീരികവായനകൾ
മനുഷ്യന്റെ ഭൗതിക , ആന്തരിക സ്വഭാവ രീതികളെ നിർണ്ണയിക്കുന്ന ജീനുകൾ , ക്രോംസോമുകൾ , ഹോർമോണുകൾ , ന്യൂറോണുകൾ തുടങ്ങിയ ഘടകങ്ങളെ അത്ര ഇഴകീറാതെ തത്വത്തിൽ മനസ്സിലാക്കിയത് തന്നെയാണ് .
വ്യക്തി , കാലാവസ്ഥ , ഭൂമിശാസ്‌ത്രം തുടങ്ങിയ അനവധി ഘടകങ്ങൾക്ക് അവിടെ സ്വാധീനമുണ്ട്. ഉദാഹരണത്തിന് ആഫ്രിക്കക്കാർക്ക് ദീർഘശ്വാസ സാധകം കൂടുതൽ സാധ്യമാവുന്നതിനാൽ അവർക്ക് ഉച്ചസ്ഥായീശബ്ദങ്ങൾ അനായേസേനെ എടുക്കാൻ പറ്റും . " മജ്ഹൂർ ശദീദ് " ആയ അക്ഷരങ്ങൾ അവർക്ക് ഫേവറുകളാവും .
ആഫ്രിക്കൻ ഖാരിഉകളെയും പാട്ടുകാരെയും കേട്ടാൽ ആ മാറ്റം മനസ്സിലാക്കാം . ചരിത്രത്തിലെ ബിലാൽ (റ) മുതൽ ഖാരീ അബ്ദുൽ ബാസിത്വ് അടക്കം സെനഗലുകാരൻ മുഹമ്മദ് അത്തൂർ വരെ നമ്മുടെ മുമ്പിലുണ്ട് .
അതേസമയം കിഴക്കനേഷ്യൻ പ്രദേശത്തുകാർ പതുങ്ങിയ സ്വരമുള്ളവരാണ് . അവർക്ക്
" മഹ്മൂസ് റഖ്വ "യായ സ്വരങ്ങളാണ് ഫേവറുകളാവുക. പാശ്ചാത്യർക്ക് അക്ഷരസ്ഫുടതയേക്കാൾ ഉച്ചാരണ വേഗതയാണുണ്ടാവുക. മിഡിലീസ്റ്റ് എല്ലാറ്റിന്റെയും മധ്യമസ്വഭാവത്തിലാണ്.
പാരായണം ആരാധനയായ വിശുദ്ധ ഖുർആൻ മിഡിലീസ്റ്റ് കേന്ദ്രീകരിച്ച് അറബിയിറങ്ങിയതും - അത് തന്നെ ഏഴ് സ്ലാങ്ങുകളെ പരിഗണിച്ചതും അക്കാരണത്താൽ കൂടിയാണ്.
ഇവിടെവെച്ച് രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം.
ഒന്ന് , വിശ്വാസപരമായി മാത്രമേ ഒരു " പാൻ ഇസ്ലാം പതിപ്പ് " സാധ്യമാവുകയുള്ളൂ . സാഹചര്യാനുസാരിയായ ഇലാസ്തികതയിൽ രൂപപ്പെടുത്തപ്പെട്ട ഫിഖ്ഹ് പോലെ തസ്വവ്വുഫിന്റെ ആചരണ - ആലാപന രീതികളും വിഭിന്നമാണ് , വിഭിന്നമേ ആവൂ.
" ആഗോള ഇസ്ലാമിക സങ്കൽപ്പം "ഒരു ആധുനിക ആശയവും അപ്രായോഗികവുമാണ്. ആഗോളീയ വാണിജ്യ ഏകോപനം സാധ്യമാക്കാനുള്ള ലിബറൽ ലോകവായനയുടെ മതപ്പതിപ്പാണത്.
കേരളത്തിന്റെ ഇട്ടാവട്ടത്തിലിരിക്കുന്ന
"മുസ്ല്യാക്കന്മാർ " കഥയെന്തറിഞ്ഞൂവെന്ന തരത്തിൽ ഇടക്കിടെ പുറപ്പെടുന്ന ക്ലീഷേകൾ സന്ദേശദായിയായ ആശയമല്ല , പരിഹാസം മാത്രമാണ്. കേരളത്തിലെ സാമാന്യം ഭദ്രമായ ഇസ്ലാമിക ചട്ടക്കൂടിന്റെ തനിമ ഇല്ലാതാക്കിക്കൊണ്ട് ഇല്ലാത്ത ഒരാഗോള ഇസ്ലാമിക പതിപ്പാകാനുള്ള ഉൽസാഹം ഉള്ളതും ഇല്ലാതാവാനേ നിമിത്തമാവൂ.
ആഗോള തലത്തിലെ ഇസ്ലാം എന്നാൽ വിവിധ പ്രാദേശിക ഇസ്ലാമീ രീതികളുടെ സഹവർത്തിത്വമാണ് , അല്ലാതെ സംയോജനമല്ല , അത് സാധ്യവും അല്ല , അതിന്റെ ആവശ്യമില്ല . എന്നല്ല , അത് ഇസ്ലാമികാധ്യാത്മികമായ ബഹുസ്വരതയെ ഇല്ലാതെയാക്കാനുള്ള " സിൻക്രറ്റിക് " ഫിലോസഫിയുടെ ഗൂഢാലോചനയാണ്.
സിൻക്രറ്റിസവും പ്രിസ്ക തിയോളജിയുമാണ് ഒന്നാം ഘട്ടത്തിൽ ഹദീഥ് നിഷേധമായി ഇവിടെ എത്തിയത്. രണ്ടാം ഘട്ടം അതി ഭീകരമാവും - ഇപ്പോൾ വിശദീകരിക്കുന്നില്ല.
ഒരു ത്വരീഖതിന്റെ തന്നെ "കോർവ്വയിൽ " വ്യത്യസ്ത അദ്കാറുകളാണ് വ്യത്യസ്ത നാടുകളിൽ പ്രചരിതമായത് .
അപ്പോൾ , ആത്മീയഗുരുക്കന്മാരായ മാശാഇഖുമാർ അവരുടെ ശിഷ്യന്മാർക്ക് അവരുടെ ദേഹ - ഭൂ - ആരോഗ്യ പ്രകൃതത്തിനെതിരാവാത്ത അദ്കാറുകളായിരുന്നു നിർദ്ദേശിച്ചിരുന്നത്.
വ്യത്യസ്ത ഭൂപ്രദേശക്കാർക്ക് വ്യത്യസ്ത വേദവും നിയമവുമായതിന്റെ പൊരുളിന്റെ ഭാഗം തന്നെയാണത്. ഒരു നാട്ടിൽ വിശ്രുതമായ മൗലിദായിരിക്കല്ല , രചയിതാവ് ഒരാൾ തന്നെ ആയാലും , മറ്റൊരുനാട്ടിൽ വിശ്രുതമായത്. ഈരടികൾ ഒന്നാണെങ്കിലും ഈണം വ്യത്യസ്തമാവും ചിലപ്പോൾ.
രണ്ടാമത്തെ കാര്യം , വ്യക്തിപ്രകൃതം പരിഗണിക്കപ്പെടാതെ വാരിവലിച്ച് ചൊല്ലാൻ കൊടുക്കുന്നവരും ചൊല്ലുന്നവരും ചെയ്യുന്നത് കഷ്ടമാണ് എന്നതാണ്.
ഉദാഹരണത്തിന് , പൊതുവേ " ചൂടനായ " ഒരാൾ " ചൂടുസ്വലാത് " പതിവാക്കിയാൽ അയാളുടെ അടുത്തൊരാൾക്ക് പോവാനായെന്ന് വരില്ല , മറിച്ചും .
നന്നാവാൻ പോയി നഞ്ഞാവുന്ന കഥകളും ധാരാളമുണ്ടല്ലോ ?
ചില ത്വരീഖ : യുടെ ഭാഗമായി പ്രവർത്തിക്കുന്നവർ അവരെ അംഗീകരിക്കാത്തവരെ പച്ചക്ക് തെറിവിളിക്കുന്നത് കാണാം .
ചില ആത്മീയസരണിക്കാർ അസഹിഷ്ണുത കൂടുതലുള്ളവരുമാവാറുണ്ട്.
കാരണം ഒന്നുകിൽ അവരുടെ വഴി ശരിയല്ലാത്തതോ , ഇനി വഴി ശരിയാണെങ്കിൽ ചൊല്ലുന്ന വിർദുകൾ
" ആന്റി സൊമാറ്റിക് " ആയത് കൊണ്ടോ ആവാം . ബാഹ്യതയോട് ആന്തരികത യോജിക്കുന്നതാണ് " സൊമാറ്റിസം " .
ഉദാഹരണത്തിന് ,
اللهم صل على سيدنا محمد وعلى آل سيدنا محمد
എന്നത് " ഹാറ് " അഥവാ ചൂടാണ്.
അതേസമയം صل الله على سيدنا محمد صلى الله عليه وسلم എന്നത് തണുപ്പാണ്.
ഇബ്രാഹീമീ സ്വലാത് മിതോഷ്ണമാണ് , അതായത് ആർക്കും ചൊല്ലാം.
വിശുദ്ധ ഖുർആനിന്റെ പ്രത്യേകതകളിൽ പെട്ട ഒന്നാണ് അതിലെ തുടർച്ചയായ ഏത് മൂന്ന് വചനവും ചേർത്ത് വെച്ചാൽ അവ ഏത് പ്രകൃതക്കാരനും സന്തുലിതമാവുമെന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ഖാദിരീ ധാര സജീവമായതിന്റെ കാരണം അതിലെ അദ്കാറുകളുടെ സ്വഭാവം മലയാളികളോട് കൂടുതൽ ചേരുന്നത് കൊണ്ടാണ്. വിദേശ ത്വരീഖകളുടെ വക്താക്കൾക്ക് പെടുന്നനെ സ്വഭാവ വ്യതിയാനം വരുന്നത് ആ നിലയിൽ വേണം മനസ്സിലാക്കപ്പെടാൻ.
ഒരുദാഹരണം കൂടി പറയാം , കേരളത്തിലെ ജാമിഅകളിൽ വെള്ളിയാഴ്ച്ച രാവ് ചൊല്ലാനുള്ള സ്വലാതുകൾ ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ ( ഖു : സി ) ക്രോഡീകരിച്ച് നൽകി. അതേ സമയം , മഹാനുഭാവൻ വ്യക്തിപരമായി ഏറ്റവും സവിശേഷമായി കൊണ്ടുനടന്ന
" അസ്മാഉൽ ഹുസ്ന " ഇവിടെ പ്രചരിപ്പിച്ചില്ല .കാരണം ഒന്നാമത്തേത് ഇവിടെ ഇണങ്ങും . രണ്ടാമത്തേത് എല്ലാവർക്കും താങ്ങാനുളള കരുത്തുണ്ടാവില്ല .
Leave a Reply