In Astronomy
By ശുഐബുൽ ഹൈതമി
ഹിലാൽ = പ്രകൃതി പഞ്ചാഗം : അതിവാദം , അബദ്ധപഞ്ചാംഗം
ഒരുദാഹരണം പറഞ്ഞ് തുടങ്ങാം .ഈ വിഷയത്തിൽ സമയവും വർഷവും മാറിമറി വരും , പക്ഷെ കാര്യത്തിൻ്റെ കാണ്ഡം ഒന്ന് തന്നെയാവും .ഈ വരുന്ന ഏപ്രിൽ 8 ന് ( 2024 )തിങ്കളാഴ്ച്ച ഇന്ത്യൻ സമയം ( IST) രാത്രി 11: 50 ന് , ആഗോള സമയം(UTC ) വൈകുന്നേരം 6 : 21 ന് , പാൻ ഈസ്റ്റേൺ സമയം ( EST ) ഉച്ചക്ക് 2 : 21 നാണ് സൂര്യഗ്രഹണത്തോടെ അടുത്ത ന്യൂമൂൺ സംഭവിക്കുന്നതെന്ന് ആ രംഗം ശ്രദ്ധിക്കുന്നവർക്കെല്ലാം അറിയാമല്ലോ ? കാനഡ, മെക്സിക്കോ , അമേരിക്ക തുടങ്ങിയ നാടുകൾ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും . അമേരിക്കയിലെ പനാമയാണ് ന്യൂമൂൺ പ്രതിഭാസത്തിന് നേരെയാവുന്ന ഭൂമിയുടെ ഭാഗം. ന്യൂമൂണോടെ റമദാൻ മാസം തീർന്നതിനാൽ പിറ്റേന്ന് ചൊവ്വാഴ്ച്ച ഈദുൽ
ഫിത്വർ ആക്കുന്നവർ ദൂരീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഒന്ന് :
ഏപ്രിൽ 8 ന് തിങ്കളാഴ്ച്ച രാത്രി അമേരിക്കക്കാർക്ക് മാസം കാണാം , കാരണം അവരുടെ സൂര്യാസ്തമന ശേഷം 12 മുതൽ 24 മിനുട്ടുകൾ വരെ ആകാശത്ത് ചന്ദ്രക്കല ഉണ്ടാവുമെന്ന് സൈറ്റുകൾ പറയുന്നു. അവർ മാനത്ത് നോക്കുമോ നോക്കില്ലേ , നോക്കിയിട്ട് കണ്ടെത്തുമോ എന്നതൊക്കെ വേറെ കാര്യം. പക്ഷെ അവരുടെ ആകാശത്ത് Visible crescent അഥവാ ഹിലാൽ അന്ന് രാത്രി ഉണ്ടാവുമെന്ന് വ്യക്തം.
A : പിന്നെ അവർക്കെന്ത് കൊണ്ടാണ് ആ രാത്രി മുതൽ ശവ്വാൽ ഒന്നിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ നിങ്ങൾ സമ്മതം കൊടുക്കാത്തത് ?
ശേഷമുള്ള പകൽ മുതലാണ് അഥവാ ചൊവ്വ രാവിലെ സൂര്യോദയം മുതലാണ് ദിനാരംഭം , അത് കൊണ്ടാണങ്ങനെ എന്നതാവും നിങ്ങളുടെ മറുപടി എന്നറിയാം.
B : അങ്ങനെയാണെങ്കിൽ , തിങ്കൾ രാത്രി , അമേരിക്കക്കാർ തീർന്ന്പോയ റമദാൻ മാസത്തിന്റെ കർമ്മങ്ങൾ തന്നെയാണ് ചെയ്യേണ്ടത് എന്ന് പറയാൻ മതപരമായ എന്ത് ന്യായമാണുള്ളത് ?
അല്ല , ശവ്വാലിൻ്റേത് ചെയ്യാം എന്നാണെങ്കിൽ ദിവസം തുടങ്ങും മുമ്പേ അന്നത്തെ കർമ്മം തുടങ്ങാം എന്നാവില്ലേ ?
C: ന്യൂമൂണോടെ അദൃശ്യമായ ഒരു പുതിയ കല പിറന്നക്കുന്നുവെന്നും പുതിയ മാസമായെന്നും എന്നാൽ മാസാരംഭം പിറ്റേന്ന് രാവിലെ മുതൽക്കാണെന്നും മുസ്ലിം ലോകത്തോട് പറയുന്നത് വ്യക്തമായ വൈരുധ്യമല്ലേ ? ന്യൂമ്യൂണിനും പിറ്റേന്നത്തെ പ്രഭാതത്തിനുമിടയിലെ സമയം മുൻമാസത്തിൽ തന്നെ പെട്ടതാണെങ്കിൽ ന്യൂമൂണോടെ പുതിയ മാസം പിറന്നിട്ടില്ല എന്നല്ലേ അർത്ഥം ? മാസം തുടങ്ങാൻ , ലോക മുസ്ലിംകൾ ന്യൂമാണാനന്തരം ഹിലാൽ കാണണമെന്ന് പറയുന്നു , നിങ്ങൾ ന്യൂമൂണാനാന്തരം സൂര്യനുദിക്കണമെന്ന് പറയുന്നു , പ്രവാചക ചര്യയുമായി ഏതിനാണ് ബന്ധം ?
D : കേരളത്തിലെ 'പാൻഗ്ലോബൽ മാസപ്പിറവി ' പ്രചരണങ്ങളിൽ ആകൃഷ്ടനായ ഒരു അമേരിക്കൻ മുസ്ലിം നിങ്ങളെ തത്വത്തിൽ അംഗീകരിച്ചുവെന്നിരിക്കട്ടെ , പക്ഷെ , അയാൾ എട്ടാം തിയ്യതി മാസം കണ്ടിട്ടോ , കണക്ക് കൂട്ടിയിട്ടോ റമദാൻ തീർന്നല്ലോ എന്ന് കരുതി ചൊവ്വ രാവിലെയാവാൻ കാത്ത് നിൽക്കാതെ , തിങ്കളാഴ്ച്ച മഗ്രിബിന് ശേഷം തന്നെ 'ഫിത്വർ സകാത്' നൽകുകയും ചെയ്താൽ അത് തെറ്റാണെന്ന് പറയാൻ , 'നിങ്ങളങ്ങനെ ചെയ്താൽ ഞങ്ങളുണ്ടാക്കിയ കലണ്ടർ തെറ്റിപ്പോവും' എന്നല്ലാതെ പ്രാമാണികമായി നിങ്ങൾക്കെന്തിങ്കലും പറയാനുണ്ടോ ?
തെറ്റെല്ലെങ്കിൽ ശവ്വാൽ 1 തുടങ്ങും മുമ്പേ ശവ്വാൽ 1 ൻ്റെ കർമ്മങ്ങൾ ചെയ്യാം എന്നാവില്ലേ ?
E : ഉദാഹരണത്തിലെ എട്ടാം തിയ്യതി സൂര്യാസ്തമന ശേഷം പനാമയിൽ ദൃശ്യമാവുന്ന ചന്ദ്രൻ അന്ന് പകലത്തേതിന്റെ - ഒന്നാം തിയ്യതിയുടെ - അടയാളമാവണ്ടേ നിങ്ങൾക്ക് ?
അല്ലെങ്കിൽ , ഞങ്ങളെപ്പോലെത്തന്നെ തലേന്ന് രാത്രി കാണുന്ന നിലാവ് പിറ്റേന്ന് പകലിന്റേതാണെന്ന വാദം തന്നെയാവില്ലേ നിങ്ങൾക്കും ? നിങ്ങളുടെ വാദമനുസരിച്ച് ,
ഒന്നാം തിയ്യതിക്ക് മാത്രം തലേന്നും അന്നും രണ്ട് രാത്രികളിൽ കലകളുണ്ടാവില്ലേ ഫലത്തിൽ ?
F : ഇനി , പ്രഭാതം മുതലാണ് ഇസ്ലാമിലെ ദിനാരംഭം എന്ന് വന്നാലും ഇസ്ലാമിലെ പ്രഭാതം ഫജ്ർ മുതൽക്കല്ലേ ? നിങ്ങൾ പറയുന്ന പ്രഭാതം ഉദയം മുതൽക്കല്ലേ ? അങ്ങനെയൊരു സൂര്യോദയപ്രഭാതമാണ് ചന്ദ്രമാസാരംഭ ബിന്ദു എന്ന് നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി ?
ഇനി , മക്കയെ കേന്ദ്രമാക്കിയാലും ആഗോള ദിനമാറ്റ സമയത്ത് മക്കയിൽ നട്ടുപുലർച്ചെ 3 AM അല്ലേ ? അങ്ങനെയൊരു നേരത്താണാ മുസ്ലിം ലോകത്തിന്റെ ദിനമാറ്റം വേണ്ടത് ?
രണ്ട്:
ഈ വർഷത്തെ ശവ്വാലിന്റെ മാസപ്പിറവി ആദ്യമായി ആകാശത്ത് പിറക്കുന്നത് ( കണ്ടാലും ഇല്ലെങ്കിലും ) വരുന്ന തിങ്കളാഴ്ച്ച അമേരിക്കക്കാർക്കാണ്. പക്ഷെ , ആ ശവ്വാൽ ഒന്ന് ആചരിക്കുവാൻ ഏറ്റവും കാത്തിരിക്കേണ്ടത് ആദ്യമായി മാസം കണ്ട അതേ അമേരിക്കക്കാർ തന്നെ ആവുന്നതിൽ ശുദ്ധമായ വൃത്തികേട് ഇല്ലേ ?
' കണ്ട നിങ്ങൾ അവിടെ നിൽക്ക് , കേട്ട ഞങ്ങളൊക്കെ ആഘോഷിക്കട്ടെ , എന്നിട്ട് മതി നിങ്ങൾക്ക് ' എന്നല്ലേ നിങ്ങൾ അവരോട് പറയുന്നത് ?
മറുപടി പറയാനുണ്ടാവുക ; IDL ന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ദിനാരംഭം തുടങ്ങുന്നത്. ആ ദിനം 24 മണിക്കൂർ തികയും മുമ്പേ പെരുന്നാൾ അമേരിക്കയിലും എത്തും , മുസ്ല്യാരാദ്യം IDL നെക്കുറിച്ച് പഠിക്ക് , തിരിയാത്ത ഭാഷയിൽ നീട്ടിവലിച്ചെഴുതി പാണ്ഡിത്യം ചമയല്ല , ഇതൊക്കെയാവും.
പക്ഷെ , നിങ്ങളൊന്നറിയണം , ഹിജ്റ മാസാരംഭത്തെ മഗ്രിബിൽ നിന്ന് മാറ്റി , ഫജ്ർ മുതൽ പോലുമാക്കാതെ , IDL ദിനമാറ്റത്തോടും പ്രാദേശിക സൂര്യോദയത്തോടും ബന്ധപ്പെടുത്തിയതിന്റെ വിനയാണിത്. അങ്ങനെയൊരു രീതി ഖുർആനികമോ , പ്രവാചകീയമോ അല്ല , 14 നൂറ്റാണ്ടുകളിൽ മുസ്ലിം ലോകത്ത് ഒരാളും ചെയ്യാത്തതുമാണ്.
ആദ്യമായി മാസം ആകാശത്ത് പിറക്കുന്ന നാട്ടുകാർ തന്നെയാണ് ( കണക്ക് കൊണ്ട് മാസമാക്കുന്നവരായാലും കാഴ്ച്ച കൊണ്ട് മാസമാക്കുന്നവരായാലും ) ആദ്യമായി ആ മാസത്തിന്റെ കർമ്മങ്ങൾ ആരംഭിക്കേണ്ടതെന്ന കോമൺ ലോജിക്കിനുമെതിരാണ് നിങ്ങളുടെ വാദം.
ഹിജ്റ മാസാരംഭത്തെ പ്രാദേശിക സൂര്യോദയവുമായും ആഗോള ദിനാരംഭവുമായും ബന്ധപ്പെടുത്തുന്നതിന്റെ അഭംഗി ഇതേ വിഷയത്തിലെ സമയവും സ്ഥലവും ഒന്ന് മാറ്റി സങ്കൽപ്പിച്ചാൽ കൂടുതൽ വ്യക്തമാവും. എട്ടാം തിയ്യതി തിങ്കളാഴ്ച്ച EST സമയം രാത്രി 8: 01 മണിക്ക് ശേഷം അഥവാ GMT 12 : 01 AM ന് ശേഷം , ചൊവ്വാഴ്ച്ച പകലാരംഭിച്ച GMT + 12 ടൈം സോണിലുള്ള നാടുകൾ കേന്ദ്രീകരിച്ചാണ് ന്യൂമൂൺ സംഭവിക്കുന്നതെന്നിരിക്കട്ടെ , പിറ്റേന്ന് ബുധൻ രാവിലെ മുതൽ ആയിരിക്കുമല്ലോ അങ്ങനെയാവുമ്പോൾ ശവ്വാൽ ഒന്ന് .
ആ' ശവ്വാൽ ഒന്ന് ബുധൻ ' അമേരിക്കയിലെത്താൻ ഏകദേശം ഒന്നര ദിവസം കാത്തിരിക്കണം , അതായത് , സാങ്കേതികമായി ആകാശത്തിൽ , 'ഉർജൂനുൽ ഖദീമും ' അമാവാസിയും ന്യൂമൂണും കഴിഞ്ഞ് പ്രാപഞ്ചികമായി റമദാൻ തീർന്നിട്ടും , തീർന്ന റമദാൻ മാസം അമേരിക്കക്കാർ ഒന്നര ദിവസം കൂടി ആചരിക്കണം എന്നർത്ഥം . ഇതിന് മറുപടിയായി , IDLൽ നിന്നാരംഭിച്ച ബുധൻ 24 മണിക്കൂറിനകം അമേരിക്കയിലെത്തുന്നുണ്ടല്ലോ എന്ന് പറയുന്നത് ഇരുട്ട് കൊണ്ട് ഓട്ടയടക്കലാണ്. മാസം തീർന്നിട്ടും അടുത്ത മാസം തുടങ്ങാൻ മറ്റൊരു നാട്ടുകാർ ഒന്നരദിവസം കാത്തിരിക്കേണ്ടി വരുന്ന മറുവശം പ്രസ്തുത മറുപടിയുടെ ശാസ്ത്രീയതയെ റദ്ദ് ചെയ്യുന്നുണ്ട് .
മൂന്ന് :
ന്യൂ മൂൺ ഒരു നിമിഷാംശത്തിൽ സംഭവിക്കുന്നത് ഭൂമിക്ക് മൊത്തത്തിലാണ് , ആ പ്രകൃതി പ്രതിഭാസത്തെ ഹിജ്റ മാസാരംഭ മാനദണ്ഡമാക്കുകയാണെങ്കിൽ ലോകം മുഴുവൻ ഒന്നിച്ച്
ഹിജ്റ മാസത്തിലേക്ക് പ്രവേശിക്കുന്നതല്ലേ നീതി?
ഭൂമിക്ക് മുഴുവൻ ഒറ്റനിമിഷത്തിനകം ബാധകമാവുന്ന ഒരു കാര്യത്തെ മുന്നിർത്തി 24 മണിക്കൂറിന്റെ മറ്റൊരു കാര്യം സങ്കൽപ്പിക്കുകയാണിവിടെ .
മാത്രവുമല്ല , മാസപ്പിറവിയുടെ കാര്യത്തിലെ ചക്രവാള വ്യത്യാസ നിയമങ്ങളെ കണക്കിലേറെ കളിയാക്കുന്നതിൽ രസം കണ്ടെത്തുന്നവർ , മറ്റൊരു നിലയിൽ അതേ ചക്രവാള പരിധീ നിയമം ബാധകമാക്കുകയല്ലേ ഫലത്തിലിവിടെ ?
അത് കൊണ്ടല്ലേ , ന്യൂസിലാണ്ടിൽ തുടങ്ങിയ റമാദാനിലേക്കെത്താൻ അമേരിക്കക്കാർ 20 മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത്. ന്യൂസിലാണ്ടുകാർ ചൊവ്വ രാവിലെ പെരുന്നാൾ നമസ്ക്കരിക്കാൻ പോവുമ്പോൾ തിങ്കൾ രാത്രി അമേരിക്കക്കാർ തക്ബീർ ചൊല്ലി പെരുന്നാൾ നമസ്ക്കാരത്തിന് കാത്തിരിക്കുന്നതല്ലേ ആഗോളീകൃത ഭൂമിയിൽ വൃത്തിയുള്ള കാഴ്ച്ച ?
മഗ്‌രിബോടെയാണ് ശറഈ ദിനാരംഭം എന്ന തത്വത്തെ നിങ്ങൾ അട്ടിമറിക്കുന്നതിന്റെ തേജോവികാരം എന്താണ് ?
ഇതിപ്പോൾ , ഫിജിയിൽ പെരുന്നാൾ നിസ്ക്കാരവും കാനഡയിൽ തറാവീഹ് നമസ്ക്കാരവുമാണ്. ഇത് തന്നെയല്ലേ ചക്രവാള വ്യത്യാസപരിധി എന്നതിന്റെ മറ്റൊരർത്ഥം .
ദിവസം മാറുന്ന തരത്തിലുള്ള ചക്രവാള വ്യത്യാസപരിധി മാത്രമാണോ പ്രശനം ?
ഇവിടെ നിങ്ങൾ ഇമാം ശാഫിഈ ( റ ) വിനെ തള്ളി മറ്റേതോ ഒരാളെ ഇമാമാക്കുന്നുവെന്ന് മാത്രം.
നോക്കൂ , അമേരിക്കയുടെ പടിഞ്ഞാറേ ദ്വീപും റഷ്യയുടെ കിഴക്കേ ദ്വീപും തമ്മിലുള്ള ദൂരം കേവലം 4 കിലോമീറ്റർ മാത്രമാണ്. പക്ഷെ റഷ്യൻ ദ്വീപിൽ നിന്ന് പെരുന്നാൾ അമേരിക്കയിലെത്താൻ ഭൂമി മൊത്തം ചുറ്റി വളയണം ! എന്നാൽ , ഭൂമി ശാസ്ത്രപരമായി അമേരിക്കയുടെ ഭാഗമായിട്ടും IDL പ്രകാരം റഷ്യയുടെ ഭാഗത്തേക്ക് ( പടിഞ്ഞാറ് ) രാഷ്ട്രീയ സന്ധിയിലൂടെ ചേർക്കപ്പെട്ട KIRIBATI ക്കാർക്ക് റഷ്യക്കാർക്കൊപ്പം പെരുന്നാൾ കഴിക്കുകയും ചെയ്യാം ! ഒരു കിലോമീറ്ററപ്പുറത്ത് നോമ്പും ഇപ്പുറത്ത് പെരുന്നാളും !
24 മണിക്കൂറിനകം ഹിജ്റ ദിനം ഭൂമി മുഴുവൻ ചുറ്റിക്കാൻ , മക്കയേക്കാൾ 9 മണിക്കൂർ മുമ്പേ ദീനീ ദിന കർമ്മങ്ങൾ നിർബന്ധമാവുന്നവർക്ക് അമാവാസിക്ക് 9 മണിക്കൂർ മുമ്പേ പുതിയ ദിനകർമ്മങ്ങൾ ആരംഭിക്കാം എന്ന് ' കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ ' പുസ്തകത്തിന്റെ 210 ആം പേജിൽ ഉസ്താദ് അലി മണിക്ഫാൻ ഫത്‌വ നൽകിയത് ഈ IDL വെല്ലുവിളികൾ പരിഹരിക്കാനാണോ ?
തിരുവനന്തപുരത്ത് പെരുന്നാളും മംഗലാപുരത്ത് നോമ്പും ആവുന്നതിന് പരാതി പറയുന്നവരാണ് ! അതിനിടയിലെ ദൂരത്തിന്റെ ഇരുനൂറിലൊന്ന് പോലും ഇവിടെയില്ല.
....
ന്യൂമൂണുമായി ഹിജ്റ മാസാരംഭത്തെ ബന്ധപ്പെടുത്തി കലണ്ടറുണ്ടാക്കുന്ന എല്ലാവരും ഒരു പുറത്ത് രക്ഷപ്പെടുമ്പോൾ മറുപുറത്ത് കുടുങ്ങുന്നു. ഉദാഹരണത്തിന് , ഉമ്മുൽഖുറാ കലണ്ടറുകാർ , 50 - 50 നയം സ്വീകരിച്ചു. ശാസ്ത്ര ബോധമുണ്ടെന്ന് കാണിക്കാൻ ന്യൂമൂണും പരമ്പരാഗത സത്യം കൈയൊഴിയാൻ പറ്റാത്തതിനാൽ പിറദർശനവും കൂട്ടിക്കെട്ടി. അങ്ങനെ ,
'സവാലിന് മുമ്പാണ് ന്യൂമൂൺ എങ്കിൽ പിറ്റേന്ന് മാസം ഒന്നാണെന്നും സവാലിന് ശേഷമാണ് ന്യൂമൂൺ എങ്കിൽ മാസം ഒന്ന് പിറ്റേന്നിന്റെ പിറ്റേന്നാണെന്നും എന്നാൽ മാസം കാണണമെന്നും ' തീരുമാനിച്ചു. ഏപ്രിൽ 8 ന്യൂമൂൺ സവാലിന് ശേഷമായതിനാൽ സൗദിക്കും അവരെ ഫോളോ ചെയ്യുന്നവർക്കും 30 തികച്ച് ബുധനായിരിക്കും ചെറിയപെരുന്നാൾ .
പക്ഷെ അതിന്റെ കുടുക്കം , സവാലിന് മുമ്പ് ന്യൂമൂൺ ഉണ്ടാവുന്ന ദിവസം , മൂൺ ലാഗ് എത്ര ഹൃസ്വമാണെങ്കിലും മാസപ്പിറ കാണാൻ അവർ നിർബന്ധിതരാണ് എന്നതാണ് !
അവർ പ്രത്യേകം തെരെഞ്ഞെടുത്ത സ്വകാര്യ സംഘം മരുഭൂമിയിൽ നിന്നത് എങ്ങനേലും കണ്ടെത്തുകയും ചെയ്യുന്നുണ്ട് !
കഴിഞ്ഞ റമദാൻ പിറ അവർ ' കണ്ടെത്തുമ്പോൾ ' മൂൺലാഗ് 12 മിനുട്ട് മാത്രമായിരുന്നു.
കേരളത്തിൽ 20 - 30 മിനുട്ടുള്ള ദിവസം കാപ്പാടും പാളയത്തുമൊക്കെ മാസം കാണുന്നതിനെ കളിയാക്കുന്നവർക്ക് , GCC യിലെ ' 12 മിനുട്ട്' ശാസ്ത്രീയമാണ് !
മുജാഹിദിലെ മർക്കസുദ്ദഅ്വക്കാർക്ക് അതാണിപ്പോൾ ലൈൻ !
ന്യൂമ്യൂൺ കണക്ക് കൂട്ടി മാസം മാറുന്ന രീതി താത്വികമായി പറയാൻ രസമുണ്ടാവും. പക്ഷെ ഉരുണ്ട ഭൂമിയിൽ പ്രയോഗത്തിൽ വരുത്തുമ്പോൾ പലപല അഭംഗികളും ക്രമഭംഗങ്ങളും വരുന്നുണ്ട്. എവിടെയാണോ ആദ്യം മാസം കാണുന്നത് അവിടെ നിന്ന് , മാസപ്പിറ കാണുന്ന മഗ്രിബോടെ ദിവസം തുടങ്ങുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല. അബൂഹനീഫ (റ ) , അഹ്മദ് ബിനു ഹമ്പൽ ( റ ) എന്നിവരെ തഖ്ലീദ് ചെയ്താൽ 24 മണിക്കൂറിനകം ആ പിറ ഭൂഗോളമാകെ ബാധകവുമാക്കാം. കണ്ട നാട്ടിൽ നിന്ന് തുടങ്ങി അസ്തമനം പിന്തുന്ന പടിഞ്ഞാറോട്ട് പുതിയ ദിനം തുടങ്ങിയാൽ 24 മണിക്കൂറിനകം ഭൂമി മുഴുവൻ ആ ദിനത്തിൽ പ്രവേശിക്കും.
നിങ്ങൾക്കതിനുള്ള ഏക തടസ്സം , ഓരോ നാട്ടിലും സർക്കാർ ഓഫീസുകൾ തുറക്കുന്ന സമയം മുതലാണ് ദീനിലെ ദിനാരംഭം എന്ന ഗവേഷണഫലം മാറ്റി വെക്കേണ്ടി വരുമെന്ന ദുരഭിമാനമല്ലാതെ മറ്റെന്താണ് ?
അതിനർത്ഥം കണക്കിനെ തള്ളണം എന്നേയല്ല , ട്രഡീഷണൽ ഫിഖ്ഹ് കണക്കിനെ തള്ളുന്നേയില്ല. പിറ ദർശന സഹായിയായി കണക്കിനെയും ശാസ്ത്രോപകരണങ്ങളെയും ഉപയോഗിക്കാം . ഉദാഹരണത്തിന് , വരുന്ന ഒമ്പതാം തിയ്യതി ചൊവ്വാഴ്ച്ച കേരളത്തിലെ സാമാന്യ മുസ്ലിം സമൂഹത്തിന് റമദാൻ 29 ആണ്. ഹിലാൽ ആകാശത്ത് തേടാൻ കൽപ്പിക്കപ്പെട്ട ദിവസം. അന്ന് , സൂര്യാസ്തമന ശേഷം ഏകദേശം 40 മിനുട്ടിലേറെ പുതുചന്ദ്രൻ കേരളത്തിന്റെ ആകാശത്തിലുണ്ട് . ( SUNSET 6 : 39 > 40 PM . MOONSET 7 : 16 > 20 PM ) .
കേരളത്തിന്റെ ഏത് ഭാഗത്തും മാസം കാണാൻ കണക്ക് സാധ്യത കൽപ്പിക്കുന്ന ദിവസമാണ്. സൂര്യന്റെ ഉത്തരായന കാല ( ജൂൺ )ത്തോട് കുറേയൊക്കെ അടുത്തായതിനാൽ കേരളത്തിന്റെ തെക്കൻ ( കിഴക്ക് ) ഭാഗത്ത് കണ്ടില്ലെങ്കിലും വടക്കിൽ ( പടിഞ്ഞാറ് ) കാണാൻ കണക്കിന്റെ പിൻബലമുണ്ട്.
പക്ഷെ , വേനൽ മഴ തുടങ്ങി , അതിനാൽ അസ്തമന സമയത്ത് ചക്രവാളം മേഘാവൃതമായാൽ കാണാതിരിക്കാനും സാധ്യതയുണ്ട്. കണ്ടാൽ ശവ്വാൽ ഒന്നാക്കണം , ഇല്ലെങ്കിൽ പിറ്റേന്നും നോമ്പെടുക്കണം . എന്ന് വെച്ച് ആകാശം വീഴാനൊന്നും പോവുന്നില്ല , അത്രയേ കൽപ്പനയുള്ളൂ . കാരണം , കുറച്ച് കൊല്ലങ്ങൾക്ക് ശേഷം ഈ നൂതന സംവിധാനങ്ങളൊന്നും ഇല്ലാതായാലും ബാക്കിയാവുന്ന രീതികളേ സാർവ്വജനീന മതം പഠിപ്പിക്കുകയുള്ളൂ .
സാമൂഹികമായി മാസം നേരത്തെ കണക്ക് കൂട്ടാൻ , ഉമർ ( റ ) ഉണ്ടാക്കിയ സാങ്കേതിക ഹിജ്റ കലണ്ടർ ധാരാളം മതി. (മുഹറം 30 , അടുത്തമാസം 29 > 30 >29 ക്രമത്തിൽ , അധിവർഷം ദുൽഹിജ്ജ 30 ആക്കുന്നു ) നൂറ്റാണ്ടുകളായി മുസ്ലിം ലോകത്തിന്റെ തഖ്‌വീം അതായിരുന്നല്ലോ ?
ആരാധനാനുഷ്ഠാനങ്ങൾക്കുള്ള ശറഈ ചന്ദ്രമാസം മാസപിറവിയുടെ അടിസ്ഥാനത്തിൽ മാത്രമാണന്നാണ് ദീനീ നിയമം.
ആ രണ്ട് തരം ഹിജ്റ മാസങ്ങളും മുസ്ലിംകൾക്ക് വേണം .ഹിജ്റ പോയ നബി (സ്വ ) പറയാത്ത കാര്യങ്ങൾ ഹിജ്റയുടെ പേരിൽ അറബി ഭാഷയുടെ പ്രാഥമിക തത്വങ്ങൾ പോലും പാലിക്കാതെ ദുർവ്യാഖ്യാനിച്ച് എന്തിനുണ്ടാക്കണം ?
ദൈനംദിന ജീവിതം സൗരകലണ്ടറുപയോഗിച്ചും നടത്താം , അതും ഇസ്ലാമികം തന്നെ .
Leave a Reply