In Philosophy
By ശുഐബുൽ ഹൈതമി
മസ്താൻ ഔലിയ , അജയ് ജഡേജ , വാവ സുരേഷ് : മെറ്റാഫിസിക്സ് .
എല്ലാതരം ഭൗതികവാദങ്ങളും ചെന്നണയുന്നത് ഒരേ മന്തറയിലാണ്.
വാവ സുരേഷിനെ ശാസ്ത്രീയോപകരണങ്ങളെ ആശ്രയിക്കാതെ ഷോ കാണിച്ചതിന്റെ പേരിൽ വിമർശിക്കുന്നത് മുതൽ സിദ്ധികളെ തളളിക്കളയുന്നത് വരെ , എന്നല്ല , വസ്തുനിഷ്ഠതക്കപ്പുറത്തെ അഭൗതികതയെ നിരാകരിക്കുന്നതിൽ വരെ പൊതുവായി പ്രവർത്തിക്കുന്ന ഒരുതലം ഉണ്ട് , ഏതാണത് ?
ക്രിക്കറ്റ് ശ്രദ്ധിച്ചിരുന്ന ആദ്യകാലത്ത് എനിക്കേറ്റവും കൗതുകമുള്ള താരം ബറോഡക്കാരൻ അജയ് ജഡേജയായിരുന്നു. സച്ചിനും മജ്ഞരേക്കറുമൊക്കെ മുഖം ഹെൽമറ്റിൽ പൊതിഞ്ഞായിരുന്നു അക്കാലത്ത് സ്പിൻ ബൗളർമാരെ നേരിട്ടിരുന്നത്. നാലാമനായി വന്നിരുന്ന അസ്ഹറുദ്ദീൻ കുറച്ചാവേശം പടർത്തി ക്യാപ് മാത്രം അലസമായിട്ട് വരും , രസകരമായിരുന്നു അയാളുടെ കൈക്കുഴ .
പിന്നീടായിരുന്നു ജഡേജയുടെ ഊഴം , ഈറൻ പാറുന്ന മുടിയുമായി തല തുറന്നിട്ട് അലൻ ഡൊണാൾഡിനെയും വസീം അക്രമനിയെയുമൊക്കെ നേരിട്ട് അർദ്ധ സെഞ്ചുറി പ്രധാന തൊഴിലാക്കിയിരുന്ന അജയ് ജഡേജക്ക് തീരെ ശാസ്ത്രബോധമില്ലായിരുന്നു എന്ന് പറയാൻ അക്കാലത്തെ യുക്തിവാദികൾക്ക് സ്വൽപ്പം ബുദ്ധിയുണ്ടായിരുന്നതിനാൽ ആരും മുതിർന്നിരുന്നില്ല . പിന്നീട് ആ റോൾ ഭംഗിയായി ചെയ്തത് ധോണിയാണ് . ബാറ്റിംഗിൽ മാത്രമല്ല , സഹീർഖാനും കൂട്ടരും എറിഞ്ഞിരുന്ന സാമാന്യം വേഗതയേറിയ പന്തുകൾ മറിഞ്ഞ് പിടിക്കുമ്പോഴും അയാൾ പലപ്പോഴും ശാസ്ത്രീയോപകരണങ്ങൾ അണിഞ്ഞിരുന്നില്ല . ഇന്ന് സ്ഥാനം തെറ്റി ശാസ്ത്രബോധം ഓക്കാനിക്കുന്നവർ അയാൾക്ക് ക്ലാസെടുത്ത് കൊടുക്കാൻ നിൽക്കാതെ കളി കണ്ടിരുന്ന് കിളിപോയവരാണ്.
സിദ്ധി എന്നൊരു സാധനമുണ്ട് . സാധനകളിലൂടെ അഭ്യസിക്കാനും ജനിതകമായി ഏറ്റെടുക്കാനും സാധിക്കുന്ന വരദാനമാണത്.
How എന്നത് കൈകാര്യം ചെയ്യാനുള്ള ജ്ഞാനമാധ്യമമായ ഭൗതികശാസ്ത്രത്തിന് എല്ലാറ്റിനും ചുറ്റിലുമുള്ള Why എന്ന വൃത്തത്തെ വ്യവഹരിക്കാനാവില്ല .
തുറന്ന കൈകൾ കൊണ്ട് പാമ്പിനെ പിടിച്ച് ഫണത്തിൽ മുത്തം നൽകിയിരുന്ന വാവസുരേഷിന് , ഉപകരണങ്ങൾ കൊണ്ട് പാമ്പിനെ ഇറുക്കിപ്പിടിക്കുന്നവരേക്കാൾ കൂടുതലുണ്ടായിരുന്നത് സിദ്ധിയാണ് , പ്രതിഭയാണ്. അതിനെ മണ്ടത്തരം എന്ന് പറയുന്ന യുക്തി മഹേന്ദർ സിംഗ് ധോണി മണ്ടനായ ക്രിക്കറ്ററാണെന്ന് പറയേണ്ടി വരും .
വിഷത്തിരണ്ടിയുടെ കുത്തേറ്റ് മരിച്ച ഡിസ്ക്കവറി ചാനലിന്റെ സ്ഥാപകൻ സ്‌റ്റീവ് ഇർവ്വിനും ഒറ്റശ്വാസത്തിൽ പല്ലവി തീർക്കാൻ പരിശീലിക്കുന്ന സംഗീതജ്ഞരും പാരായകരുമൊക്കെ അപരിഷ്കൃതരാണെന്ന് പറയേണ്ടിവരും .
അങ്ങനെ ശ്രമിക്കുന്നതിനിടെ മരണപ്പെട്ടവരുണ്ട് . അതിനെ ആരും അപകടങ്ങളെ സ്വയം വരിക്കൽ എന്ന് പറയാറില്ല. അവരുടെ ചരിത്രങ്ങളില്ലായിരുന്നെങ്കിൽ മനുഷ്യചരിത്രം വരണ്ടു പോയേനെ .
സാഹസികത പ്രകൃതിദത്തമാണ് .
അവയൊക്കെ പ്രതിഭയും സിദ്ധികളുമാണ്. ഉപകരണങ്ങൾ കൊണ്ട് വികസിക്കുന്ന ഭൗതികശാസ്ത്രത്തിന് ഉപായങ്ങൾ കൊണ്ട് വികസിക്കുന്ന അതിഭൗതികതയെ വിശകലനം ചെയ്യാനാവില്ല .
ചിലർക്ക് ചിലർക്കില്ലാത്തെ വ്യക്തിഗത മികവുകൾ യാഥാർത്ഥ്യങ്ങളാണ്.
അത് ജഡികമോ സാങ്കേതികമോ ബൗദ്ധികമോ ആവാം . മരം കയറാൻ അറിയാത്ത അമ്മ , മകൻ കുതുകുത്തനെ കവുങ്ങിൽ കയറിപ്പോവുന്നത് കാണുമ്പോൾ പേടിക്കും . അനസ്തേറ്റിക്ക് ഇഞ്ചക്ഷൻ ചെയ്യാനും സർജറി നടത്താനും ബുദ്ധി കൂടിയ ഡോക്ടർക്ക് പറ്റണമെന്നില്ല , ഏകാഗ്രതയും കൈത്താളവുമാണ് അവിടെ യോഗ്യത .
അതാണാപ്പറയുന്ന സിദ്ധി .
മാസ്റ്റർ ടച്ച് , ക്ലാസ് എന്നൊക്കെയുള്ളത് ഫിലോസഫിക്കൽ റിയാലിറ്റിയാണ്. അറബിയിൽ മലക: എന്നാണതിന് പറയുക .
മലക : അതിഭൗതികമാണ്. ഇളയരാജക്ക് ശ്രുതി പടർത്താൻ വാദ്യമേളങ്ങളും സൂപ്പൺ സോണിക് ബിജിഎമ്മും വേണമെന്നില്ല .
ആചാര്യർക്ക് ഇഴപിന്നിയതിൽ നിന്ന് പൊന്ന് പിഴിയാനാവും , ഉദാഹരണങ്ങൾ ഒഴിവാക്കുന്നു.
കാര്യങ്ങളെ എംപരിക്കലായി മാത്രം വായിക്കാനുള്ള ഭൗതിക തീവ്രവാദമാണ് ശാസ്ത്രമാത്രവാദം എന്ന ഉപകരണ പൂജ .
അത് മനുഷ്യന്റെ ജൈവിക സാധ്യതകളെ തന്നെ പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല , ആത്മീയസാധ്യത ഇവിടെ പറയുന്നില്ല .
ഇനി , പാമ്പ് പിടിക്കാൻ നിലവിൽ രംഗത്തുള്ളത് കമ്പിക്കോലും ചാക്കും തന്നെയാണ്. അതിനേക്കാൾ മികച്ചത് വരുന്നത് വരെ മാത്രമാണത് ശാസ്ത്രീയം .
ഹെൽമറ്റില്ലാതെ ബാറ്റ് ചെയ്യാൻ വരുന്ന ധോണിയെ വീണ്ടും വിചാരിക്കുക .
ഉപകരണ , ശാസ്ത്രതീവ്രവാദികൾ സത്യത്തിൽ വാവ സുരേഷിനൊപ്പമാണ് നിൽക്കേണ്ടത് . കാരണം , പാമ്പ് മനുഷ്യന്റെ ശത്രുവാണ് എന്ന അന്ധവിശ്വാസം മലയാളികൾക്ക് ഇല്ലാതാക്കിയ സിദ്ധനാണയാൾ . പാമ്പിനെ തീയിട്ട് കൊന്ന നാട്ടുകാരാണ് പിന്നീട് വാവ സുരേഷിന്റെ ഫോൺ നമ്പർ ഓർത്ത് വെക്കാൻ തുടങ്ങിയത്.
മനുഷ്യനെ കേവലം ഭൗതിക വസ്തു മാത്രമായി കാണുന്ന നാസ്തിക ബോധമാണ് ഞാൻ നേരത്തെ സൂചിപ്പിച്ച ഭൗതിക പൊതുത്വം . ചില മനുഷ്യർക്ക് ചില മനുഷ്യരേക്കാൾ കഴിവുകളുണ്ട്. അതും ഭൗതിക സത്യമാണ്. കഴിവുകളുടെ ഉറവിടം അഭൗതികവും .
Leave a Reply