In Astronomy
By ശുഐബുൽ ഹൈതമി
പ്രാപഞ്ചിക മഹാമഹം ,കൊച്ചു മനുഷ്യൻ , മേശയിലെ ഉറുമ്പ് , കാൾസാഗൻ്റെ ലിപി .
നൂറുബില്യണിലേറെ നക്ഷത്രങ്ങളുള്ള അസംഖ്യം ഗ്യാലക്സികൾ , 3000 വർഷങ്ങൾ ആയുർദൈർഘ്യമുള്ള ഒരാൾ ഒരൊറ്റ ശ്വാസത്തിൽ പോലും മറ്റൊരു പണിക്കും മെനക്കെടാതെ നക്ഷത്രങ്ങളെ എണ്ണാനിരുന്നാൽ ഒരു ഗ്യാലക്സി മറികടക്കാനായേക്കാം. നിമിഷാംശങ്ങളിൽ വികസിച്ച് കൊണ്ടേയിരിക്കുന്ന പ്രപഞ്ചത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന സംഖ്യാമൂല്യമായ 10 10 ^100 : 1 പോലും വരാത്തതാണ് ഭൂമി.അതിന്റെ മൂന്നിലൊന്നായ കരയിലെ ഒരു തുണ്ടിന്റെ കഷ്ണത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് വേണ്ടി അല്ലാഹു നിയമങ്ങൾ പ്രസ്താവിക്കുന്നത് അയുക്തിപരമല്ലേ , അത്രയും നിസ്സാരമായൊരിടത്തെ മതം ഇത്രയും പ്രവിശാലമായ പ്രാപഞ്ചിക വീക്ഷണത്തിൽ പരിഹാസ്യമല്ലേ ?
ജെയിംസ് വെബ് ടെലസ്കോപ്പിന്റെ സഹായത്തോടെ നാസ പുറത്തുവിട്ട ചിത്രങ്ങളുടെ ചുവട്ടിൽ നാസ്തിക സമൂഹം ഉന്നയിച്ച മതാക്ഷേപങ്ങളെ നന്നാക്കി ചോദിച്ചാൽ അങ്ങനെ വരും. ചെറിയൊരുത്തരമേ ഇസ്ലാമിൽ അതിനുള്ളു. എന്നാൽ അതിന് വലിയ ആശയമുണ്ട്.പ്രപഞ്ചം മുഴുവൻ " മുസ്ലിം" ആണെന്നും അവിശ്വാസം മനുഷ്യരിലും ഭൂതങ്ങളിലും മാത്രമേ ഉള്ളൂവെന്നതുമാണ് അതിനുള്ള മറുപടി.
അതായത്, മനുഷ്യരുടെ ദൈവം അല്ലാഹുവാണ്. എന്നാൽ അല്ലാഹു മനുഷ്യരുടെ മാത്രം ദൈവമല്ല. ഇസ്ലാം എന്നാൽ മനുഷ്യർ ജീവിതത്തിൽ പാലിക്കേണ്ട നിയമാവലിയോ ആചരണചട്ടങ്ങളോ അല്ല. പ്രാപഞ്ചികതയുടെ നൈസർഗിക ഭാവമാണ്. അല്ലാഹുവേതരമായ ഉണ്മകളെല്ലാം സൃഷ്ടികളാണ്. അതിന്റെ പ്രകൃതം നിർവ്വഹിക്കപ്പെട്ട വിധാനതയാണ് ഇസ്ലാം. മനുഷ്യരിലും ഭൂതങ്ങളിലും മാത്രം വ്യത്യസ്ത പ്രകൃതങ്ങൾ കൂടി സന്നിവേശിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ , അസംഖ്യം ഗ്യാലക്സികളിലെ അനന്തമായ ചരാചരങ്ങൾ മുഴുവൻ സദാ അല്ലാഹുവിന് സങ്കീർത്തനം ഉരുവിട്ടുകൊണ്ട് നിലകൊള്ളുന്നവയും കാലാവധിയാവുമ്പോൾ നശിച്ചില്ലാതാവുന്നവയുമാണ്.
ഭൂകേന്ദ്രീകൃതമേ അല്ലാത്ത ,ഉയർന്ന കോസ്മോളജിക്കൽ ദർശനമാണ് ഇസ്‌ലാം. അവിശ്വസിക്കാനുള്ള ബൗദ്ധികപാകത നൽകപ്പെട്ട അംഗങ്ങൾ എന്ന പ്രത്യേകതയാണ് പ്രപഞ്ചത്തിൽ മനുഷ്യന് ഏറെയുള്ളത്.
അല്ലാഹുവിനെ സംബന്ധിച്ചേടുത്തോളം മനുഷ്യർ സവിശേഷ സൃഷ്ടിയല്ല, എന്നാൽ മറ്റു സൃഷ്ടികളെ അപേക്ഷിച്ച് മനുഷ്യന് സവിശേഷതയുണ്ട്. ഭൂമിയിലെ പ്രതിനിധികൾ എന്ന നിലയിലാണ് ആദ്യത്തെ മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് ഖുർആൻ പ്രത്യേകം പറയുന്നുണ്ട്. മറ്റ് ഗ്രഹങ്ങളിൽ വേറെ പ്രതിനിധികൾ ഉണ്ടാവാം എന്നത് മാത്രമല്ല സാധ്യത , പ്രത്യുത,മറ്റു ഗ്രഹങ്ങൾ തന്നെ പ്രതിനിധികളാവാം. ഇക്കാര്യം വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ പരാമർശിക്കുന്നുണ്ട്.
A : ദിനംപ്രതി പാരായണം നിർബന്ധമായ സൂറ: ഫാതിഹയുടെ ആരംഭം തന്നെ സ്തുതി " റബ്ബുൽ ആലമീന് " എന്ന പ്രസ്താവനയോടെയാണ്. റബ്ബുൽ ആലമീൻ എന്നതിനർത്ഥം പ്രപഞ്ചങ്ങളുടെ രക്ഷിതാവ് എന്നാണ്. മനുഷ്യരേ , നിങ്ങൾ മാത്രമല്ല എന്റെ ലോകങ്ങൾ , മറ്റുലോകങ്ങളൊക്കെ എനിക്ക് വഴിപ്പെട്ടു നിലകൊള്ളുന്നത് പോലെ നിങ്ങളും പ്രകൃതിയുടെ സ്വാഭാവിക താളത്തിനോട് ചേർന്ന് നിൽക്കണം എന്ന അല്ലാഹുവിന്റെ ആഹ്വാനമാണ് ആ പ്രയോഗം ഉള്ളിൽ വെച്ചത്.
B : സൂറ : ജുമുഅ: 1, 2 വചനങ്ങൾ ഒന്നുകൂടെ കൃത്യമാണ് : ഉപരിലോകങ്ങളിലും ഭൂമിയിലുമുള്ള സർവ്വവസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നു . ആ അല്ലാഹുവാണ് നിരക്ഷരരായ നിങ്ങളിലേക്ക് നിരക്ഷരപ്രവാചകനെ പറഞ്ഞയച്ചത് എന്നാണാ വചനങ്ങളുടെ സാരം. പ്രപഞ്ചം മൊത്തം ചെയ്യുന്ന പണി മനുഷ്യരേ നിങ്ങളും ചെയ്യുക എന്ന സിദ്ധാന്തമാണത്. അല്ലാതെ മനുഷ്യരുടെ മതമായ ഇസ്ലാമാണ് പ്രപഞ്ചത്തിന്റെ മതം എന്നുപോലുമല്ല , തിരിച്ച് മറിച്ചാണ്.ഒരാൾ അല്ലാഹുവിനെ നിഷേധിക്കുമ്പോൾ അയാൾ പ്രാപഞ്ചിക താളത്തിൽ നിന്നും പാളം തെറ്റി എന്നാണതിന്റെ ഇസ്ലാമിക വായന .സൂറ: യൂനുസ് 61 , സബഅ് 3 , റഅദ് 13 , ഹഷ്ർ 24 , നൂർ 41 തുടങ്ങിയ വചനങ്ങളും ഇതേ ആശയങ്ങൾ പങ്കുവെക്കുന്നു.
C: സൂറ : ഹദീദിലെ 1 , 2 വചനങ്ങളിൽ മറ്റൊരു ഗോളശാസ്ത്ര സൂചനകൂടിയുണ്ട് : "ആകാശ - ഭൂമികളിലെ സർവ്വ വസ്തുക്കളും അല്ലാഹുവിനെ സങ്കീർത്തനം ചെയ്യുന്നു. അവൻ പ്രജ്ഞനും പ്രതാപനുമാണ്. ആകാശ ഭൂമികളുടെ അധികാരം അവനാണ് . അവൻ ജീവൻ നൽകുകയും മരണം വരുത്തുകയും ചെയ്യുന്നു .." ഇതാണാ വചനങ്ങൾ . ഭൂമിയിലെ മരണങ്ങൾ പ്രകടമാണ്. എന്നാൽ വാനലോകത്തെ (Space ) മരണങ്ങൾ ഏതാണ് ? ആരാണവിടെ മരിക്കുന്നത് ? അവിടെ ജീവിക്കുന്നവരാകാം എന്നുമാത്രമല്ല , അവിടം തന്നെ മരിക്കും, അവിടെയുള്ള നക്ഷത്രങ്ങളും മരിക്കും. കോടിക്കണക്കിന് വർഷങ്ങൾ മുമ്പുള്ള നക്ഷത്രങ്ങളുടെ കിരണങ്ങൾ കോർത്ത ചിത്രങ്ങൾ ഇന്നുണ്ടാക്കാം , ഒരുപക്ഷേ ആ നക്ഷത്രങ്ങൾ കണ്ണടച്ച് പോയിട്ടുണ്ടാവാം.
D : ഭൂമിയിലുള്ള മനുഷ്യർക്ക് അവതീർണ്ണമായ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . മനുഷ്യരോട് അവർക്ക് വേണ്ടതേ പറയേണ്ട കാര്യമുള്ളൂ. അതഖിലം പറഞ്ഞിട്ടുണ്ട് താനും. എല്ലാ വാനാതീത വൃത്താന്തങ്ങളും എണ്ണിപ്പറയാൻ ആ ഗ്രന്ഥം പ്രപഞ്ചത്തിന്റെ സ്ഥിതിവിവരപ്പട്ടികയുമല്ല.മനുഷ്യന്റെ സന്മാർഗ പ്രേരണക്ക് ആക്കം കൂട്ടുന്ന പ്രാപഞ്ചിക സൂചനകൾ നൽകി ബാക്കി കണ്ടെത്താൻ കൽപ്പിക്കുകയായിരുന്നു ഖുർആൻ .
E : മനുഷ്യരുടെ നിയമങ്ങൾ മറ്റു ഭൗതിക സൃഷ്ടികൾക്കറിയണമെന്നില്ലാത്തത് പോലെ, അല്ലാഹു ഏത് തരം നിയമ സംവിധാനങ്ങൾ വഴിയാണ് മറ്റു പ്രപഞ്ചങ്ങളെ നിയന്ത്രിക്കുന്നത് എന്നതും , അവയുടെ പരിണിതി എന്താണെന്നും അവയെന്തിനാണെന്നും മനുഷ്യനും അറിയണമെന്നില്ല. അത്കൊണ്ടാണ് സർവ്വജ്ഞൻ അല്ലാഹു മാത്രമാണെന്ന് ഖുർആൻ ആവർത്തിച്ചാവർത്തിച്ച് പറയുന്നത്. മനുഷ്യരൊക്കെ എന്തിനാണെന്ന ചർച്ചകൾ ഒരുപക്ഷേ മറ്റേതൊക്കെയോ പ്രപഞ്ചങ്ങളിൽ നടക്കുന്നുണ്ടാവാം.
F: മനുഷ്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രകഥാപാത്രമാണെന്ന് ഇസ്ലാം പറയുന്നില്ല. അതേസമയം , ഔദ്യോഗികമായി അമാനത് ഏറ്റെടുത്ത വർഗം മനുഷ്യർ മാത്രമായതിനാൽ ഏറ്റവും ഉത്തമ സൃഷ്ടികളും അവരിലെ ഉത്തമനും മനുഷ്യരും അവരുടെ സാക്ഷിയായ മുഹമ്മദ് നബി (സ്വ) യും ആവുകയായിരുന്നു. മനുഷ്യർ മനുഷ്യരുടേതല്ലാത്ത ലോകത്ത് എത്തിയത് അവന്റെ മികവാണ്. ഇതര പദാർത്ഥ വർഗത്തേക്കാൾ ജീവൻ , ചലനം, ബുദ്ധി എന്നിവ കൊണ്ട് അല്ലാഹു മനുഷ്യനെ സൂപ്പറാക്കുകയായിരുന്നു. ഒന്നും ഒരുപോലെയല്ലാത്തത് പോലെ അത്തരം സിദ്ധികളും മനുഷ്യർക്ക് ഒരുപോലെയല്ല . എല്ലാവരിലും ഒരുപോലെ ഒന്നുമാത്രമേ ഉള്ളൂ : ആത്മാവ്.
G : പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അകത്തും പുറത്തും സംവിധാനമുണ്ട്. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യനും സംവിധാനം തെറ്റിക്കാതെ ജീവിക്കാനാവശ്യമായ നിയമങ്ങൾ ബാധകമാണ്. ഇത്രയും വിശാലമായ പ്രപഞ്ചത്തിൽ മനുഷ്യർക്ക് മാത്രമെന്തേ നിയമങ്ങൾ എന്ന ആലോചന ഇസ്‌ലാം എന്താണെന്ന് മനസ്സിലാവാത്തത് കൊണ്ടാണ്.
തോന്നിയത് പോലെ ഗ്രഹങ്ങൾ സഞ്ചാരപഥങ്ങൾ മാറാറില്ല , ഗ്യാലക്സികൾ വിട്ടുപോവാറില്ല , ഘടന തെറ്റിച്ച് തെന്നാറില്ല. ഇനി, തെന്നാനും തെറിക്കാനും ഉള്ളവ സ്ഥായിയായി നിൽക്കാറുമില്ല. അത് തന്നെയാണ് മനുഷ്യന് ബാധകമായ നിയമങ്ങളുടെ പൊരുളും. നക്ഷത്രങ്ങൾക്കൊക്കെ ബാധകമായവ ബാധകമായ ഒരു തരിമ്പ് താരമാണ് അല്ലാഹുവിന് മനുഷ്യനും.
H: ഒരുദാഹരണത്തിൽ നിന്ന് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാം.
ചരണാചരണ നിയമങ്ങൾ പാലിച്ച് ഒരു മേശയുടെ വലിപ്പിൽ ആയിരക്കണക്കിന് ഉറുമ്പുകൾ താമസിക്കുകയാണ്. മത വിശ്വാസികളും അവിശ്വാസികളും അവരിലുണ്ട്. മേശയുടെ പ്രതലമാണ് അവർ നേരിട്ട് കാണുന്ന ആകാശം . അവരുടെ ശാസ്ത്രം വികസിച്ചു വന്നു. അവർ മുറിയിലേക്കും മച്ചിലേക്കും പേടകങ്ങൾ പറഞ്ഞയച്ചു. അതോടെ അവിശ്വാസികൾ ബന്ധമോ ന്യായമോ ഇല്ലാതെ വിശ്വാസികളെ കളിയാക്കിത്തുടങ്ങി. അവർക്കിടയിൽ അമേരിക്ക ഉണ്ടായി. അവർ മച്ചിനപ്പുറം വീടിന്റെ പുറത്തേക്ക് പേടകം പറത്തി ദൃശ്യങ്ങൾ ശേഖരിച്ചു. അതിനിടയിൽ വറ്റുവഹിച്ച് പോവുന്ന കൂറയേയും ചിത്രശലഭത്തെ പയും ക്യാമറ ഒപ്പിയെടുത്തു. അതോടെ , " ഇത്രയും വിശാലമായ " ലോകത്ത് മറ്റാർക്കുമില്ലാത്ത മതനിയമങ്ങൾ വലിച്ചെറിയുക എന്ന ട്രോളുകൾ കൊണ്ട് മേശക്കകത്ത് , മേശക്ക് പുറത്തേക്ക് ഒരു ചീന്ത് കടലാസ് പോലും പറത്താത്ത ഒരു കൂട്ടം ഉറുമ്പുകൾ ബഹളം വെച്ചു !
1 : കണ്ണടച്ചാൽ വായിക്കാനാവുന്ന മഹാപുസ്തകമാണ് പ്രപഞ്ചം .
ഒരൊറ്റ ഭാഷയേ അതിനുള്ളൂ , വിശ്വാസം . കാൾസാഗനായിട്ടും കാര്യമില്ല , ആ ഭാഷയുടെ ലിപി കൈവശമില്ലെങ്കിൽ . കോസ്മോസ് എന്ന കാൾസാഗൻ്റെ കൃതി പ്രപഞ്ചത്തെ നടുക്ക് വെച്ചൊഴുകുന്ന കവിത പോലെ ഹൃദ്യമാണ് .
പക്ഷെ പ്രപഞ്ചം ആ പുസ്തകത്തേക്കാൾ ഹൃദമാണ് ,
യുസബ്ബിഹു ലഹു മാഫിസ്സമാവാതി വൽ അർദി ... എന്ന ആമുഖത്തിൽ തുട
ങ്ങുന്ന ഉള്ളടക്കത്തോടൊപ്പം ഉള്ളൊതുക്കം വരുത്തി വായിച്ചാൽ .
Leave a Reply