In General
By ശുഐബുൽ ഹൈതമി
ക്യൂ ഫോർ വൃണം : പിഴ
കായിക സമരങ്ങളും രക്തസാക്ഷിത്വ നിർമ്മിതിയും മുസ്ലിം സമുദായത്തെ അകപെട്ട ആപത്തുകളിൽ നിന്നുയർത്തി അഭിമാന സോപാനങ്ങളിലേക്കാനയിക്കുമെന്ന് കരുതുന്ന ക്ഷുഭിതയൗവ്വനങ്ങൾ നൽകുന്ന സന്ദേശം അത്ര ആശാവഹമല്ല .
ഇടപെടുന്ന രീതി , ഉരുവിടുന്ന ആഖ്യാനങ്ങൾ , സൃഷ്ടിച്ചെടുക്കുന്ന നറേഷനുകൾ , നോക്കിക്കാണുന്ന ദ്വാരങ്ങൾ എന്നിങ്ങനെ സോഷ്യൽഎംഗേജ് ചെയ്യുന്ന മാർഗങ്ങളിലെല്ലാം അസംതൃപ്തിയും അപരത്വവൽക്കരണവും നടത്തുക വഴി എന്ത് വിമോചനമാണ് 1200 മില്യൺ മനുഷ്യർക്കിടയിൽ നിന്ന് 170 മില്യൺ മുസ്ലിംകൾ ഇവിടെ നേടാൻ പോകുന്നത് എന്നാലോചിക്കുമ്മുമ്പ് ചിന്തിക്കേണ്ട അടിസ്ഥാനകാര്യം വിമോചനം നേടേണ്ട വിധം ഏതെങ്കിലും രാഷ്ട്രീയ പാര തന്ത്ര്യത്തിൽ മുസ്ലിംകൾ മാത്രം പ്രത്യേകിച്ച് അകപ്പെട്ടിട്ടുണ്ടോ എന്നുള്ളത് തന്നെയാണ്. പ്രശ്‌നരഹിതമായ സാഹചര്യം നിർമ്മിക്കലാണോ , അതല്ല സാഹചര്യങ്ങളെന്തായാലും പ്രശ്‌നരഹിതമായി ജീവിക്കാൻ വഴികൾ കണ്ടെത്തലാണോ മികച്ച വഴി എന്നയിടത്ത് നിന്നാണ് മീസാൻ കല്ലും തറക്കല്ലും വ്യതിരിക്തമാവുന്നത്.
ഇരകളുടെ തെറ്റായ സമീപനങ്ങളെയും അതിലുള്ള തീവ്രതയെയും വേട്ടക്കാരുടെ വംശീയവിരോധത്തോട് സമീകരിച്ച് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷവർഗീയതയും ഒരുപോലെ നിരാകരിക്കപ്പെടേണ്ടതാണെന്ന ക്ലീഷേ രൂപീകരിക്കൽ ശരിയാവണമെന്നില്ല , രണ്ടർത്ഥങ്ങളിൽ ഓരോന്നും മറ്റൊന്നിനേക്കാൾ അപകടകരമാണെന്ന് വരുന്നുവെങ്കിൽ കൂടി. ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിനൊത്ത് ചക്രം തിരിയുന്ന ഭരണമുള്ളയിടത്ത് അവരുൽപ്പാദിപ്പിക്കുന്ന വിരോധവിസർജ്ജനങ്ങളുടെ വ്യാപന തീവ്രതയോളം ഒരിക്കലും ഇപ്പുറത്തേതിന് പടരാനാവില്ല. ഏതൊക്കെയാണ് അല്ലെങ്കിൽ എവിടം മുതലാണ് വർഗീയത എന്ന് നിർണ്ണയിക്കുന്ന മന്ദിരങ്ങൾ കൈവശപ്പെടുത്തിയവർക്ക് ന്യായങ്ങൾ സ്വന്തമായി നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്യാം. അതേസമയം , ഇലവീണാലും ഇലയിൽ വീണാലും പരിക്കേൽക്കാൻ ക്യൂ നിൽക്കേണ്ട ബാധ്യത സൂക്ഷമതയുടെ ഭാഗമായി തലയേറ്റി നിൽക്കുന്ന മുസ്ലിംകളെ സംബന്ധിച്ചേടുത്തോളം ഇന്ത്യയെ ഇന്ത്യയായി ബാക്കി നിർത്തുന്ന എല്ലാ ജനങ്ങളോടും ബാധ്യതയുണ്ട്. അവരുടെ വിശ്വാസ്യത നിലനിർത്താനുള്ള സഹവർത്തിത്വവും സഹകർതൃത്വവും കണ്ടെത്താൻ കടമയുണ്ട്.
മതാചരണവും ബോധനവും സാധ്യമാവാനുള്ള സാമൂഹിക ഘടകമായി ഖുർആൻ എണ്ണിയത് നിർഭയത്വവും സുഭിക്ഷതയുമാണ്. അവരണ്ടും സ്വന്തമായി നിർമ്മിക്കാനാവുന്നതല്ല . മറ്റുള്ളവർ വകവെച്ചു തരേണ്ടതാണ്.
വിട്ടുപിടിച്ചില്ലെങ്കിൽ പിടിവിടുന്ന സന്ദർഭങ്ങളുടെ നിശബ്ദതയെ പോലും മാനിക്കേണ്ടതുണ്ട്.ഇന്നാട്ടിലെ മുസ്ലിംകൾ അറുക്കുന ബലിമൃഗങ്ങളിൽ പശു ഇടം പിടിക്കാതിരുന്നത് പോലും ആ വിട്ടുപിടുത്തമായിരുന്നു. ഇവിടെ ആഘോഷ സംഗമങ്ങളിൽ പശുവിറച്ചി വിളമ്പിയാൽ കഴിക്കാതെ എഴുന്നേറ്റ് പോവുന്നത്രയും അപരിചിതത്വം ഉണ്ടായതിന് പിറകിൽ പ്രവർത്തിച്ചത് ആരോഗ്യശാസ്ത്രമല്ല.പശുവിനെ അറുക്കാൻ സമ്മതം ചോദിച്ചു വന്ന മുസ്ലിം സംഘത്തോട് തിന്നാൻ പറ്റുന്ന ജീവികൾ പശുവിൽ പരിമിതമല്ല എന്ന് മറുപടി പറഞ്ഞ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിന്റെ മാതൃകയിൽ കൊണ്ടും കൊടുത്തുമുള്ള എംഗേജ്‌മെന്റുകൾ നിർവ്യാജ മനസ്സാൽ ഇനിയും നടന്നേപറ്റൂ.
രക്തസാക്ഷിത്വം എന്ന മരണാനന്തര പദവിയെ മതേതര രാഷ്ട്രീയത്തിന്റെ പ്രേരണയായി ചേർക്കുന്നത് ക്ഷന്തവ്യമേയല്ല.
ഇസ്ലാമിൽ രക്തസാക്ഷിത്വം കണിശമായ നിബന്ധനകൾക്ക് വിധേയമാണ്. മാത്രമല്ല , മരണപ്പെട്ട കക്ഷിക്ക് ലഭ്യമാവുന്ന മരണാനന്തര പദവിയാണത്. വ്യക്തിയും സ്രഷ്ടാവും തമ്മിലുള്ള സ്വകാര്യതയാണപ്പോഴത്. പ്രവാചകന് എല്ലാവിധ ഗുണങ്ങളും നേടിക്കൊടുക്കാൻ ഏതറ്റംവരെയും പോയ അനുചരന്മാർ പലഘട്ടങ്ങളിൽ സ്വദേഹങ്ങൾ പരിചയാക്കി നിന്ന് പ്രവാചകനെ രക്തസാക്ഷിത്വത്തിൽ നിന്നും രക്ഷിക്കാൻ സ്വയം രക്തസാക്ഷികളാവുകയായിരുന്നു.ജീവിക്കാനും ജീവിപ്പിക്കാനും വേണ്ടി മരണപ്പെട്ടവരാണ് രക്തസാക്ഷികൾ.മുങ്ങിയോ കരിഞ്ഞോ ഇടിഞ്ഞോ മുറിഞ്ഞോ ഒക്കെ മരിച്ചാലും ആ പദവി മറ്റൊരർത്ഥത്തിൽ ലഭ്യമാണ്. അത്‌കൊണ്ടാരെങ്കിലും വെള്ളപ്പൊക്കവും തീപ്പിടുത്തവും ഭൂകമ്പവും നല്ലതാണെന്ന് വിചാരിക്കുമോ ? മനുഷ്യന്റെ പ്രകൃതത്തോട് യോചിക്കുന്ന നന്മകൾ മാത്രമാണ് അനുഗ്രഹം.പൊതുത്വത്തോട് സമരസപ്പെടാത്ത മതാത്മക മുദ്രാവാക്യങ്ങൾക്കും പ്രമേയങ്ങൾക്കും അതേ നിയമം തന്നെയാണ് ബാധകം.
ജയ്ഹിന്ദിന്റെ സ്ഥാനത്ത് അല്ലാഹു അക്ബർ സ്ഥാനം തെറ്റി വരുമ്പോൾ ഒരു വചനവും അതുൾക്കൊള്ളുന്ന ആശയവും അനാവശ്യമായി പ്രശ്‌നവൽക്കരിക്കപ്പെടുകയാണ്.അവധാനതയില്ലാതെ ആഘോഷിക്കപ്പെട്ട കർണ്ണാടകയിലെ ഹിജാബ് സമരനായികയുടെ തക്ബീറിന്റെ രാഷ്ട്രീയം വരുത്തിവെച്ചത് ഗുണമോ ദോശമോ എന്ന് പറയേണ്ടത് അവിടെ പഠനം മുടങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് മുസ്ലിം പെൺകുട്ടികളാണ്. നാല് സ്‌കൂളിൽ നേരിടുന്ന പ്രശ്‌നത്തെ പാൻനാഷണൽ പ്രതിസന്ധിയാക്കി കൈയിൽ തന്ന വീരസ്യങ്ങൾ ഇപ്പോൾ എവിടെ പോയി ?
പ്രശ്‌നങ്ങളെയും പരിഹാരങ്ങളെയും രാഷ്ട്രീയമായി വായിക്കുമ്പോൾ തന്നെ മെറ്റാഫിസിക്കലായി മനസ്സിലാക്കാനാണ് വിശ്വാസം പഠിപ്പിക്കുന്നത്. തെരുവിൽ സ്ഥാനം തെറ്റി അല്ലാഹുവിന്റെ നാമം മുഴങ്ങുന്നതിന്റെ മറുപുറം, നിയമസഭയിലും ലോക്‌സഭയിലും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അല്ലാഹുവിന്റെ നാമത്തിൽ എന്നുച്ചരിക്കാൻ നാവുയരാത്ത വാമനത്വമാവുകയുമരുത്.
മുസ്ലിംകളുടെ അജണ്ടകൾ മുസ്ലിംകൾക്ക് വേണ്ടിയുള്ളതായി ചുരുങ്ങുന്നത് മുസ്ലിം സംഘിസമായേ മനസ്സിലാകപ്പെടുകയുള്ളൂ. മുസ്ലിംകൾ ലോകാടിസ്ഥാനത്തിൽ മനുഷ്യർക്കും പ്രകൃതിക്കും വേണ്ടി ജീവിക്കാനുളവരാണ്. ഭൗതികരാഷ്ട്രീയങ്ങൾ ജാതി , വംശ , വർഗ സ്വത്വങ്ങളിൽ അധിഷ്ഠിതമായ സങ്കുചിത വീക്ഷണങ്ങളാണ് മുന്നോട്ട് വെക്കുക. ജാതിത്വത്തിന്റെ തടവറയിൽ നിന്നും പരിമിതികളില്ലാത്ത മാനുഷപഥത്തിലേക്ക് പരിവർത്തിപ്പിച്ച പ്രവാചകരാഷ്ട്രീയത്തിൽ കക്ഷിത്വമില്ല , മനുഷ്യത്വമേ ഉള്ളൂ. ആംഗലേയ സൂഫീ പണ്ഡിതൻ അബ്ദുൽ ഹകീം മുറാദിന്റെ ഇത്തരം വീക്ഷണങ്ങൾ പടിഞ്ഞാറൻ മതേതര ലോകമിപ്പോൾ നന്നായി വിലമതിക്കുന്നുണ്ട്. രാജ്യം മതേതരമാവേണ്ടത് മുസ്ലിംകളുടെ മാത്രം ആവശ്യമാണോ എന്നൊരു ഹതാശയ ചോദ്യം ഇപ്പോഴുയരാറുണ്ട് . ആണെങ്കിലും അല്ലെങ്കിലും മുസ്ലിംകൾ മറ്റുള്ളവരെ നോക്കാതെ നിർവ്വഹിക്കാൻ കടമപ്പെട്ട ഒരുത്തരവാദിത്വമാണത്. കേവലം വൈവിധ്യങ്ങളെ അംഗീകരിക്കലോ അതിന്റെ ആനുകൂല്യങ്ങൾ കൈപറ്റലോ അല്ല ബഹുസ്വരത.മതതാരതമ്യ പഠനത്തിൽ ലോക പ്രശസ്തവും ഹാർവേർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ഗ്രന്ഥകാരിയുമായ Dian L Eck ന്റെ lndia : A sacred Geography ൽ നിന്ന് ഇങ്ങന്നെ വായിക്കാം ,'' Pluralism is not diversity alone, but the energetic engagement with diversity. Pluralism is not just tolerance, but the active seeking of understanding across lines of difference. Pluralism is not relativism, but the encounter of commitments'.
എന്ത്‌കൊണ്ടാവും തലയും തലച്ചോറുമുള്ള ചില ചെറുപ്പക്കാർ സാമ്പ്രദായിക രാഷ്ട്രീയം വിട്ട് വഴിമാറ്റം ഇഷ്ടപ്പെടുന്നത് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. കൃതിമമായി ഗ്രൂം ചെയ്‌തെടുക്കപ്പെട്ട,സ്ഥിരതയില്ലാത്ത ആധുനികബോധങ്ങളെ സംതൃപ്തിപ്പെടുത്താൻ സ്വന്തത്തെയും സ്വത്വത്തെയും മതചിഹ്നങ്ങളിൽ നിന്ന് വാക്കിലും നോക്കിലും മുക്തമാക്കിയ സ്വയം കയ്യൊഴിഞ്ഞ കാര്യങ്ങൾക്ക് വേണ്ടിത്തന്നെ ശബ്ദിക്കുന്ന പ്രഹസനം ചിന്തിക്കുന്ന തലമുറയെ അലോസരപ്പെടുത്തുന്നുണ്ടാവാം.അണികളോളം വിഷയപാഠങ്ങൾ കാലോചിതമാക്കാത്ത നേതൃത്വം മനം മടുപ്പുളവാക്കുന്നുണ്ടാവാം.മതസാമുദായികത്വത്തിൽ പരിമിതമാവാതെ കേവല മതേതര പാർട്ടികളിൽ ചിതറിച്ചേർന്ന് സ്വാധീന - സമ്മർദ്ധശക്തിയാവലാണ് ന്യൂനപക്ഷങ്ങൾക്ക് കരണീയം എന്ന തത്വം മറുഭാഗത്തുണ്ടാവുമ്പോൾ സ്വത്വരാഷ്ട്രീയം പൂർണ്ണമായും ശുദ്ധികലശം വരുത്താതെ സ്ഖലനങ്ങൾ നിയന്ത്രിക്കാനാവില്ല.ഇത്തരം അവ്യക്താവസ്ഥകളിൽ നിന്നാണ് പാൻ ഇസ്ലാമിക് രാഷ്ട്രീയത്തിന് ഇന്ത്യൻ പ്രഛന്നാവാഹനം സാധ്യമാവുന്നത്. സമുദായത്തോട് കവി ഉണർത്തിയതാണ് കാര്യം : കപ്പലും നീ , കടലും നീ , നീ തന്നെ കപ്പിത്താൻ, കാറ്റും നീ തന്നെ. മറുകര പറ്റണോ കയത്തിൽ അമരണോ എന്ന് സ്വയം തീരുമാനിക്കാം എന്നർത്ഥം.
Leave a Reply