In Theology
By ശുഐബുൽ ഹൈതമി
പടപ്പ് , പടച്ചവൻ , പടച്ചവൾ : ഭാഷയുടെ ജാതി .
ഭാഷയിലും തിയോളജിയിലും ധാരണയുള്ളവർ പോലും ഇടക്കിടെ ആവർത്തിക്കുന്ന കാര്യമാണ്
'അല്ലാഹു' എന്തേ മലയാളത്തിൽ 'പടച്ചവൻ ' ആയി ,
' പടച്ചവൾ ' ആയില്ല എന്ന സംശയം .
അല്ലാഹു പുരുഷനോ സ്ത്രീയോ അല്ല .
ജനകനോ ജാതനോ അല്ല.
അവൻ അകാരണാസ്ഥിത്വവും നിമിത്തങ്ങളുടെ നിർവ്വാഹകനുമാണ് ,
inavitable essence and uncoused being .
ഒന്ന് :
അല്ലാഹുവിനെ എന്തേ പടച്ചവൾ എന്ന് പറഞ്ഞുകൂടാ ,
പടച്ചവൻ എന്ന പുല്ലിംഗ സങ്കൽപ്പം പുരുഷ കേന്ദ്രീകൃതമായ ഗോത്ര വിശ്വാസമാണ് ,
ഇരപക്ഷ - ദളിത് ഇസ്ലാം
പടച്ചവൾ എന്ന് തന്നെ മാറ്റിയെഴുതണം,
ഇങ്ങനെ തുടങ്ങുന്ന സംസാരങ്ങളിലൊക്കെ നാം നിരന്തരം പങ്കെടുക്കാറുണ്ട് ,
മുറിവറിവുകളിൽ ഉപ്പും മുളകും ചേർത്ത് കൊറിച്ചിരിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെത്തന്നെയാണ്.
ചർച്ച കേൾക്കുന്ന പലരും വിചാരിക്കുന്നത് പോലെ ( പലരും എന്നത് നിഗമനമാണ് , ചിലരെങ്കിലും എന്നത് അനുഭവമാണ് )
അല്ലാഹു എന്ന അറബി പദത്തിൻ്റെ മലയാള സാരമല്ല പടച്ചവൻ എന്നതും അല്ലെങ്കിൽ പടച്ചവൾ എന്നതും.
അല്ലാഹു എന്ന പദത്തെ സംബന്ധിച്ച,
അറബിയാണോ - സർവ്വഭാഷിയാണോ - അബ്രഹമിക്കാണോ - സെമിറ്റിക്കാണോ - ഹിജാസിയനാണോ - നിഷ്പന്നപദമാണോ - ദ്രവ്യവാക്കാണോ - വിശേഷണമാണോ - നാമമാണോ തുടങ്ങിയ
എറ്റിമോളജിക്കൽ ചർച്ചകൾ ദീർഘമായതിനാൽ ഒഴിവാക്കുന്നു.
മതപരമായി അല്ലാഹു എന്ന പദത്തിന് ഭാഷാപരിമിതികൾക്കപ്പുറം - അറബിയതീത പദവി ഉണ്ടോ എന്ന കാര്യത്തിൽ ഭിന്ന വീക്ഷണങ്ങൾ ഉണ്ടെങ്കിലും ആ പദം
അറബീകരിക്കപ്പെട്ടതോ തനതോ ആയ
അറബിയായിരുന്നു എന്നതിൽ തർക്കമില്ല.
അങ്ങനെയൊരു അറബിവാക്കിന് 'പടച്ചവ -ൻ/ൾ' എന്നർത്ഥവും ഇല്ല
'ഖാലിഖ് ' എന്ന അറബിപദത്തിൻ്റെ അർത്ഥമാണ് പടച്ചവൻ.
ഫാത്വിർ , മുബ്ദിഅ' എന്നീ പദങ്ങളുടെ സാരങ്ങളിലും പടച്ചവൻ എന്ന മലയാളാർത്ഥം വരുന്നുണ്ട് ,പൂർണ്ണമല്ലെങ്കിലും.
ഖാലിഖ് എന്നതും അല്ലാഹുവിൻ്റെ വിശേഷണനാമമാണ്.
ഏതെങ്കിലുമൊരുഭാഷയനുസരിച്ച്, ഒരു സംഗതിയുടെ നാമമായി നിശ്ചയിക്കപ്പെട്ട പദത്തിൻ്റെ മറ്റൊരു ഭാഷയിലെ തർജ്ജിമ ആ നിശ്ചയമനുസരിച്ച് അതേ സംഗതിയുടെ നാമമാവില്ല എന്നതാണ് പൊതുനിയമം .
ഉദാഹരണമായി ,
ഒരാൾക്ക് ഹിലാൽ എന്ന പേര് നിശ്ചയിക്കപ്പെട്ടുവെന്നിരിക്കട്ടെ ;
ആ അറബിപദത്തിൻ്റെ മലയാളസാരമായ രവിചന്ദ്രൻ എന്ന പേര് അയാൾക്ക് കിട്ടില്ല.
ഹിലാൽ വേറെയും രവിചന്ദ്രൻ വേറെയുമാണ്.
Name എന്ന കോളത്തിൽ ഗൾഫിൽ വെച്ച് ഹിലാൽ എന്നും കേരളത്തിൽ നിന്ന് രവിചന്ദ്രൻ എന്നും പറയാറില്ലല്ലോ.
ഇഎ ജബ്ബാറും ഹമീദ് ചേന്ദമംഗലൂർ തന്നെയും നിരന്തരം അബദ്ധം പറയുന്ന ഒരു തലം കൂടിയാണിത്.
ഇനി , ഖാലിഖ് എന്ന പദം ഭാഷാപരമായി വിശേഷണം - Adjective ആണ്.
അതനുസരിച്ച് ( വിശ്വാസശാസ്ത്രത്തിൻ്റെ പിൻബലം ഉണ്ടാവില്ല ) ഖാലിഖ് എന്നതിനെ മലയാളപ്പെടുത്തിയാൽ
'പടച്ചവൻ ' എന്നാണ് വരിക.
'പടച്ചവൾ' എന്ന് വരില്ല.
ഖാലിഖ് ഭാഷാപരമായി പുല്ലിംഗമാണ്.
അല്ലാഹു എന്നാണ് ആദികാരണ സ്വത്വത്തിൻ്റെ പേര്.
ആ പേരിൻ്റെ പരിഭാഷകൾ ആ സ്വത്വത്തിൻ്റെ പേരാവുകയില്ല.
ഉദാഹരണമായി ,
ദൈവം എന്നത് അല്ലാഹുവിൻ്റെ പേരല്ല / പരിഭാഷയയാവില്ല , ദൈവം വർഗനാമമാണെന്ന പ്രശ്നം പരിഗണിക്കാതെ തന്നെ .
മറ്റ് ഭാഷകളിലെ സ്ഥിതിയും തഥൈവ.
പരിഭാഷാപദങ്ങൾ കൊണ്ട് അല്ലാഹുവിനെ ഉദ്ദേശിച്ചാൽ മതിയോ മതിയാവില്ലേ എന്നതല്ല ഇവിടെ പറയുന്നത്.
രണ്ട് :
അതേസമയം ,
അല്ലാഹുവിനെ കുറിക്കുന്ന സർവ്വനാമങ്ങൾ പുല്ലിംഗമായതിൻ്റെ ( അവൻ ,അവന്, അവൻ്റെ - He ,Him, His ) സാംഗത്യം ആലോചിക്കുന്നത് കുറച്ചുകൂടെ ഉചിതമാവും.
ഈ ഭാഗം പറയുമ്പോൾ ഇസ്ലാം നേരിടുന്ന ആക്ഷേപമായ - Male centrism ഇല്ലെന്നാക്കാൻ
അല്ലാഹു എന്ന പദവും അവനെ കുറിക്കുന്ന സർവ്വനാമങ്ങളും
Neutral gender ആണ് എന്നാണ് പലരും പറഞ്ഞും എഴുതിയും കാണുന്നത് .
പക്ഷെ ,ആ അഭിപ്രായം ശരിയാണെന്ന ധാരണ എനിക്കില്ല .
കാരണം അറബിഭാഷയിൽ ന്യൂട്രൽ ജൻഡർ എന്ന ഒരു കാറ്റഗറി ഇല്ല .
ഫ്രഞ്ച് ഒഴികെയുള്ള ഇൻഡോ - യൂറോപ്യൻ ഭാഷകളിൽ മൂന്ന് ജൻഡറുകൾ ഉണ്ട്.
Masculine - പുല്ലിംഗം ,
Feminine - സ്ത്രീലിംഗം
Neutral - നിർലിംഗം എന്നിവയാണവ.
ഉദാഹരമായി ഇംഗ്ലീഷ് നോക്കിയാൽ
Third person singular ൽ
He ,She എന്നതിന് പുറമേ demonstrative pronoun ആയ it കൂടി വരുന്നത് Nuetral gender നെ പരിഗണിച്ചാണ്.
പക്ഷെ ,സെമിറ്റിക്ക് - അറബി ,അംഹറിക് ,അറാമിക് ,ഹീബ്രു ,ട്രിഗിനിയൻ ഭാഷകളിൽ ന്യൂട്രൽ ജൻഡർ എന്നൊന്നില്ല.
പ്രധാനമായും അചേതന വസ്തുക്കളെ കുറിക്കാനാണ് മറ്റുഭാഷകളിൽ ന്യൂട്രൽ ജൻഡർ കാറ്റഗറി.
അത്തരം പദങ്ങൾ അറബിയിൽ ഒന്നുകിൽ മുദക്കർ - പുല്ലിംഗമോ അല്ലെങ്കിൽ മുഅന്നഥ് - സ്ത്രീലിംഗമോ തന്നെയാണ്.
അല്ലാഹു എന്ന അറബ് പദം നിർബന്ധമായും ആ രണ്ടാലൊരു ഭാഗത്ത് വരണം.
അല്ലാതെ ലിംഗജാതിത്വം ബാധകമാവാത്ത ന്യൂട്രൽ ഒന്നുമല്ല ആ പദം.അങ്ങനെയൊരു പദം അറബി ഭാഷയിൽ ഉണ്ടാവില്ല.
ഈ ഘട്ടത്തിൽ മാരകമായ ഒരു തെറ്റിദ്ധാരണയാണ് വിണ്ഡിത്വ ചർച്ചകളിലേക്ക് പലരെയും നയിക്കുന്നത്.
പ്രാപഞ്ചികാധീതത്വമുള്ള അല്ലാഹുവിന് ലിംഗം ചാർത്തുന്നത് ശരിയാണോ എന്ന തോന്നലാണ് ആ പ്രശ്നം.
Masculine എന്ന് പറഞ്ഞാൽ നിരുപാധികം പുരുഷജഡികത്വം എന്നല്ല അർത്ഥം. അത് പദാർത്ഥബന്ധിതമായ വാക്കല്ല .ഭാഷാബന്ധിതമായ സാങ്കേതികപദമാണ്.
ആൺ / പുരുഷൻ - Male എന്ന Concrete ഉടലിനെയല്ല Masculine സൂചിപ്പിക്കുന്നത്.
Feminine എന്ന് പറഞ്ഞാൽ Female പെണ്ണ് എന്ന ജഡികയുമല്ല. നാമവാക്കുകളിലെ സ്ത്രീത്വമാണ് ഉദ്ദേശ്യം .
അങ്ങനെയല്ലെങ്കിൽ ,സ്ത്രീലിംഗം എന്നല്ല സ്ത്രീയോനി എന്ന് പറയേണ്ടി വരും.
സ്ത്രീലൈംഗികാവയവമുള്ള വസ്തുവിനെയും ഇല്ലാത്ത വസ്തുവിനെയും അറബിയിലെ സ്ത്രീഭാഷാലിംഗം ഉൾക്കൊള്ളുന്നുണ്ട് .
അല്ലാഹു എന്ന പദത്തെ
അറബിഭാഷ വ്യവഹരിച്ച രീതിയാണത്.
അല്ലാതെ 'അവൻ്റെ ' സ്വത്വത്തെ സ്പർശിക്കുന്ന നിയമമല്ല ആ ഭാഷാനിയമം .
വാഗ്രുപിതമായ 'അല്ലാഹു' ഭാഷയുടെ നിർണ്ണയങ്ങളിൽ പുല്ലിംഗമാണ്.
അതിനാൽ ,അല്ലാഹു പുരുഷനോ സ്ത്രീയോ അല്ലാത്തതിനാൽ അവനെ കുറിക്കുന്ന പദങ്ങൾക്കും ലിംഗമില്ല എന്ന് ആരെയോ ഭയന്ന് പ്രബോധകർ പറയരുത് , അത് ശരിയല്ല .
അല്ലാഹു എന്ന നാമത്തിൻ്റെ മഹത്വം കൂടിയാണ് ഈ വാങ്ങ്മയഭംഗി.
അതിനെ ശാരീരികലിംഗ പരിമിതിയില്ലാതെ വ്യവഹരിക്കാൻ അറബി തന്നെയാണ് ഉചിതം.
English ൽ God പുരുഷനാണ് ,സ്ത്രീ Goddess ആണ്. മലയാളത്തിൽ ദേവനും ദേവിയുമാണ്.
അല്ലാഹു എന്ന പദത്തെ പുരുഷനാക്കിക്കൊണ്ട് അവൻ എന്ന് പറയുന്നതിനെതിരെ, ദൈവത്തിന് സ്ത്രീത്വം കൽപ്പിച്ച് അവൾ എന്നാക്കണം എന്ന വാദത്തിൻ്റെ പ്രേരണയാണ് തമാശ . ഭാഷാപരമായി ആ വാദം തെറ്റൊന്നുമല്ല.
ഭാഷാ നിയമങ്ങളിൽ മാറ്റങ്ങൾ വരാം ,വരുത്താം .
പക്ഷെ , സ്ത്രീപക്ഷ ഇസ്ലാം വായന എന്നൊക്കെ പറഞ്ഞ് അതിനെ പുതുഷാരപ്പെടുത്തുന്നവർ സ്വയം വട്ടപ്പൂജ്യമാവുകയാണ് ചെയ്യുന്നത്.
ഈ പുരുഷ സർവ്വനാമങ്ങൾ നോക്കി അല്ലാഹു ആണോ പെണ്ണോ എന്ന് ചർച്ച ചെയ്യുന്നവരൊക്കെ വലിയ സെലിബ്രിറ്റികളാണ്,
വിവരക്കേടിൻ്റെ ചന്തയിലെ വഴിവാണിഭക്കാർ .
ശാരീരികലിംഗഭിന്നതകൾ പ്രത്യുൽപ്പാദത്തിനാണ്.
തിയോളജിയുടെ ബാലപാഠം അറിയുന്ന ഒരാളും ഇസ്ലാമിക ദൈവസങ്കൽപ്പത്തെ അവ്വിധം വായിക്കില്ല.
എന്നാലും ഒരു സംശയം ബാക്കിയുണ്ട്.
അല്ലാഹു എന്നതിനെ സ്ത്രീലിംഗത്തിലും പെടുത്താമല്ലോ എന്ന്.
അതിനുള്ള വിശദീകരണം അറബ് വ്യാകരണ ഗ്രന്ഥങ്ങളിലുണ്ട്.
പുല്ലിംഗപദത്തിൽ നിന്നാണ് പൊതുവേ അറബിയിൽ സ്ത്രീലിംഗ പദമുണ്ടാക്കുന്നത് .
ഇതിന് പുരുഷനിൽ നിന്നാണ് സ്ത്രീ ഉണ്ടാവുന്നത് എന്നല്ല അർത്ഥം.
അപ്പോൾ , അല്ലാഹു എന്ന നാമത്തെ അടിസ്ഥാന ശബ്ദമായ പുല്ലിംഗത്തിൽ പെടുത്തുകയായിരുന്നു.
ഇമാം സീബവൈഹിയുടെ 'അൽകിതാബ് '
വാള്യം 1 - 22 ,3 - 241 നോക്കിയാൽ കൃത്യമായി മനസ്സിലാക്കാം.
5 മിനുട്ടിൽ ഒരായുസിലെ സംശയം തീരാനിടയുള്ള ഒരു വീഡിയോ ഇതാണ് , അമേരിക്കയിലെ ബയ്യിനാ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി നുഅ'മാൻ അലി ഖാൻ പറയുന്നു
https://youtu.be/CY-Vhtc2O7c.
why do we call Allah 'He' ?
ഒടുവാൽ:
സൂഫിയും സുജാതയും പോലോത്ത വർണ്ണശഭളിമകളുടെ ഉൽസവങ്ങളെ ,അവയുടെ കേവലത്വത്തിനപ്പുറം മറ്റെന്തെക്കെയോ ആയിഅവരോധിക്കുന്നത് എത്രമാത്രം രസകരമല്ല!
അകക്കാഴ്ച്ചക്ക് അധികദീപ്തിയോ ഭ്രമിതമനസ്സിൽ പരിത്യാഗസന്നദ്ധതയോ ഉണർത്താത്ത ഭ്രാന്തമായ ഉന്മാദങ്ങളും ആനന്ദകരമായ വിനോദങ്ങളും യഥാർത്ഥസൂഫിസത്തെ ഗുദഭോഗം ചെയ്യുന്ന പ്രകമ്പനമൂർഛകളാണ് ഇക്കാണുന്ന സുജാതാരസങ്ങൾ എന്നുറച്ച് വിശ്വസിക്കുന്നു.
മമ്മൂട്ടിയുടെ തനിയാവർത്തനവും അമരവും പോലെ ജീവിതപ്പറ്റ് മുറ്റിനിൽക്കുന്ന പടങ്ങളാണ് ,ഭരതൻ്റെയും പത്മരാജൻ്റെയും തിരക്കഥകളാണ് ഇവയേക്കാൾ - അങ്ങനെയാണെങ്കിൽ 'സൂപി' കൾ പ്രമോട്ട് ചെയ്യേണ്ടത് എന്നൊരഭിപ്രായം കൂടി പറയട്ടെ .
മാംസനിബദ്ധമായ മാനസിക ലഹരിക്ക് പകരം നെടുവീർപ്പുകളിൽ ചെന്നടിയുന്ന തിരിച്ചറിവുകൾ തരളിത ഹൃദന്തങ്ങളിൽ തിരമാലകളായി പ്രേക്ഷകനെ പൊതിയുന്നതും വിറക്കുന്ന ചുണ്ടിൻ കോണിൽ ഉരുണ്ടടിയുന്ന കണ്ണീരിൻ്റ ഉപ്പിച്ചയിൽ കാഴ്ച്ചകൾ മരവിച്ചു പോവുന്നതും അവയിലാണ് എന്നൊക്കെ എഴുതിവിടാൻ
ഒരു പണിയുമില്ല . !
ഇതൊക്കൊക്കൊണ്ട് ,ഇതല്ലാത്തത് കൊണ്ടും ഡിയർ ഗുയ്സ് ... 'പടച്ചവൾ' അല്ല 'പടച്ചവൻ' തന്നെയാണ് ,മാത്രമാണ് .
Leave a Reply