In Science
By ശുഐബുൽ ഹൈതമി
ശാസ്ത്രം , ശാസ്ത്രാവബോധം , ശാസ്ത്രജ്ഞാനം : തുരുമ്പിച്ച നാസ്തികത .
ഇസ്റായേൽ സ്ഥാപിച്ച അയേൺഡോം (iron dome ) അവരെ ഹമാസ് തൊടുത്തുവിടുന്ന റോക്കറ്റുകളിൽ നിന്നും രക്ഷപ്പെടുത്തുന്നതിനെ സംബന്ധിച്ച് സി . രവിചന്ദ്രൻ സയൻസ് രക്ഷിക്കുന്നന്ന ജീവിതങ്ങൾ എന്ന് വല്ലാതെ ഡെക്കേറേഷൻ ചെയ്ത് പറയുന്നത് കണ്ടു .
ഒരു നീളൻ കുറിപ്പെഴുതിക്കൊണ്ടാണെന്ന് തോന്നുന്നു ഈ വർഷത്തെ ഗസ്സക്കാരുടെ പെരുന്നാൾരാവിൽ കക്ഷി ആത്മസംതൃപ്തി നേടിയത് .
അയേൺ ഡോമിൻ്റെ ചിത്രം പ്രാഥമികമായ് പറയുന്നത് തന്നെ കൊല്ലാൻ പറക്കുന്ന സയൻസിനെ കുറിച്ചാണെന്നത് അത്തിരക്കിൽ ഓർത്തതുമില്ല .
3 കാര്യങ്ങൾ തന്നിൽ ഉപ്പിന് പോലും അലിഞ്ഞിട്ടില്ലെന്ന് സി രവിചന്ദ്രൻ വീണ്ടും വീണ്ടും തെളിയിക്കുകയാണ് :
നീതിബോധം ,യുക്തിബോധം ,ചരിത്രബോധം.
നാസ്തികത എന്നാൽ പരമതനിന്ദ ഉൽപ്പാദിപ്പിക്കലാണെന്ന് ആരാധകരെ പഠിപ്പിച്ച് കേരളീയ യുക്തിവാദ പ്രസ്ഥാനത്തിൻ്റെ നേതാക്കളെ അപമാനിച്ച് കൊണ്ടിരിക്കുന്ന
കക്ഷിയുടെ നീതിബോധത്തെ കുറിച്ച്
പറയുന്നത് തന്നെ അനർത്ഥമാണ്. ജയിക്കുന്നവരുടെ രാഷ്ടീയത്തെയും പ്രത്യയശാസ്ത്രത്തെയും വെളുപ്പിച്ചെടുക്കുക എന്ന ചരിത്രപരമായ അടിമത്തമാണ് അദ്ദേഹത്തിൻ്റെ ലൈൻ. കവിയായ കുഞ്ഞുണ്ണിമാഷ് കരുതാത്തത് കൂടി നിരൂപകൻ അപ്പൻ മാഷ് കണ്ടെത്തിക്കളയും എന്ന് പറഞ്ഞത് പോലെ സോഷ്യൽ ഡാർവ്വിനിസ്റ്റുകളേക്കാൾ വലിയ സൂപ്പർമാൻ ഇഗോയാണ് ആ നീതിബോധം - അതായത് അനീതിബോധം .
യുദ്ധപശ്ചാത്തലത്തിൽ ഈയൊരു തലവാചകം തന്നെ എന്തുമാത്രം പൊട്ടത്തരമാണ്.
അയേൺഡോം ശാസ്ത്രത്തിൻ്റെ നേട്ടമായതിനാലാണ് ശാസ്ത്രം ജീവൻ രക്ഷിക്കുന്നു എന്ന് പറയുന്നത്. അപ്പോൾ ,ഇരുമ്പുമറയില്ലാത്ത ഗസ്സയിലേക്ക് ഇസ്രായേൽ മണിക്കൂറിൽ 150 വീതം വിക്ഷേപിക്കുന്ന മിസൈലുകളടക്കം അവരുടെ
പക്കലുള്ള Harpoon ,Gabriel ,LORA തുടങ്ങിയ മിസൈലുകൾ അവർ ബൈബിൾ പഴയനിയമങ്ങൾ നോക്കി വികസിപ്പിച്ചതാണോ ?
മറ്റെല്ലാ രാഷ്ട്രങ്ങളും നോക്കിനിന്നാൽ നാല് കോടി എൺപത് ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് കിലോമീറ്റർ കറങ്ങിപ്പറക്കാൻ മാത്രം പ്രഹരശേഷിയുള്ള Jericho 3IRBM എന്ന മിസൈലിൻ്റെ അസംസ്കൃത വസ്തുക്കൾ ഇസ്റായേൽ വിശുദ്ധതോറ നോക്കി സംഘടിപ്പിച്ചതാണോ ?
അത്തരം കഠിനായുധങ്ങൾ വഴി ഹോമിക്കപ്പെടുന്ന ജീവായിരിങ്ങൾക്ക് വിലയില്ലേ ?
ഇനി , അവരെപ്പോലുള്ളവർ നിശ്ചലരായാൽ താങ്കൾക്ക് വേണ്ടപ്പെട്ടവർ അന്യരുടെ അവകാശങ്ങളിൽ തോന്നിയത് പോലെ കൈകടത്തിയാലും ജീവൻ പോവില്ല എന്ന നീട്ടിവായനയാണോ ഈ 'ശാസ്ത്രം കാത്ത ജീവിതങ്ങൾ ' എന്നതിൻ്റെ സാരം !
ഇസ്റായേൽ അവിടെ നിൽക്കട്ടെ ,
ഹമാസ് വിക്ഷേപിക്കുന്ന റോക്കറ്റുകൾ തന്നെ അവർ നിർമ്മിക്കുന്നത് എങ്ങനെയാണന്നറിയുമോ താങ്കൾക്ക് ?
ശത്രുക്കളിൽ നിന്നും പിടിച്ചെടുക്കുന്ന ആയുധങ്ങളും , വിക്ഷേപിച്ച് നിർവീര്യമായ ആയുധങ്ങളുമൊക്കെ ശാസ്ത്രീയമായി പുന:ക്രമീകരിച്ച് പൊട്ടിക്കുകയാണ് ഹമാസ്. അല്ലാതെ ,ഖുർആൻ നിവർത്തി നിർമ്മിക്കുന്നതല്ല .
ധൈര്യവും നീതിയും കൂടെയുള്ളതിനാൽ ഇസ്റായേലിൻ്റെ പീരങ്കിയെ ചെറുക്കാൻ ഹമാസിന് അവരുണ്ടാക്കിയ പിറുക്ക് മതി എന്നതാണ് നിലവിലെ സ്ഥിതി എന്നത് മറ്റൊരു കാര്യം .
രവിചന്ദ്രൻ്റെ അറിവില്ലായ്മ / കൃത്യതക്കുറവ് ഇതേ പോയിൻ്റിൽ ഇനിയുമുണ്ട്.
അയേൺ ഡോം എങ്ങനെ ശാസ്ത്രമാവും ?
( ശാസ്ത്രം എന്നതിന് ഫിസിക്കൽസയൻസ് എന്നർത്ഥ കൽപ്പന തന്നെ അപൂണ്ണമാണെന്നത് മാറ്റിവെക്കാം )
വസ്തുതാപരിശോധനയുടെ , സത്യാന്വേഷണത്തിൻ്റെ വ്യവസ്ഥാപിതമായ ഭൗതികരീതിശാസ്ത്രമാണല്ലോ ശാസ്ത്രം .
അതൊരു വിദ്യാരീതിയാണ് , നിർമ്മിതിയല്ല .
മറ്റൊരു രീതിയാൽ പറഞ്ഞാൽ ,
ഉപായം ,ഉപകരണം ഇങ്ങനെ രണ്ടെണ്ണമുണ്ട്.
ഉപകരണത്തിലേക്ക് എത്തിച്ചേരുന്ന ഉപായങ്ങളുടെ വ്യവസ്ഥയാണ് ശാസ്ത്രം. ആ ഉപകരണം ശാസ്ത്രമല്ല .
നിർമ്മിച്ച വഴിയെ ശാസ്ത്രീയം എന്ന് പറയാം .
ശാസ്ത്രവും ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും മൂന്നും മൂന്നാണ്.
ശാസ്ത്രം നടേപ്പറഞ്ഞ വിദ്യാരീതിയാണ് .
അത് ബുദ്ധിസാമർത്ഥ്യത്തെയും പ്രായോഗിക പ്രാവീണ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
അവരാണ് ശാസ്ത്രജ്ഞർ .
ശാസ്ത്രജ്ഞാനം എന്നാൽ ശാസ്ത്രലോകത്തെ വസ്തുവിവരക്കണക്കണക്കാണ്.
അത് ,ഓർമ്മശക്തിയുള്ള ആർക്കും മന:പാഠമാക്കാം .
അവരാണ് ശാസ്ത്രജ്ഞാനികൾ.
ഗൂഗിളുള്ള കാലത്ത് ,ഇംഗ്ലീഷ് അറിയുന്നവരൊക്കെ ശാസ്ത്രജ്ഞാനികളായിരിക്കും.
ശാസ്ത്രബോധം - സെൻ്റിഫിക് ടെമ്പർ എന്നത് ശാസ്ത്രവുമായി ബന്ധപ്പെട്ട വിദ്യാരീതിയല്ല , മറിച്ച്, യുക്തിബോധമാണത് .എന്നല്ല ,നേരിട്ട് ബന്ധം സാമൂഹിക / പ്രായോഗിക ജീവിതവുമായിട്ടാണ്.
മൂന്നും വരുന്ന ഒരുദാഹരണം പറയാം ,
തിരക്കുള്ള ത്രിമുക്കിൽ ട്രാഫിക് സിഗ്നൽ വേണമെന്ന യുക്തി ശാസ്ത്രബോധമാണ്.
അതിനാവശ്യമായ ഉപകരണ നിർമ്മാണം ശാസ്ത്രമാണ് .
അതിൽ തിളങ്ങുന്ന ബൾബുകളുടെ ഫിലമെൻ്റ് കണ്ടുപിടിച്ചതാര് എന്നത് ശാസ്ത്രജ്ഞാനമാണ്.
എങ്കിൽ , ഇസ്റായേലിൻ്റെ അയേൺ ഡോം ഹമാസിൽ നിന്നും രക്ഷപെടാൻ എന്തുണ്ട് വഴി എന്ന ചിന്തക്കുത്തരമായി കണ്ടെത്തിയ വഴിയാണ് ,ഇസ്റായേലിൻ്റെ ശാസ്ത്രബോധം എന്ന് പറയാം . കൊറോണക്കെതിരെയുള്ള മാസ്ക് ശാസ്ത്രമല്ല ,ശാസ്ത്രബോധമാണ് എന്നത് പോലെ.
ശാസ്ത്രബോധം / ശാസ്ത്രീയം ചിലപ്പോൾ ശാസ്ത്രത്തിന് സമാന്തരവുമാകും .
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എന്താണ് പരിഹാരം എന്ന ചർച്ച സങ്കൽപ്പിക്കാം .
അഭിപ്രായം A : FIy over കെട്ടാം .
അഭിപ്രായം B : എട്ട് വരിപ്പാതയാക്കാം .
അഭിപ്രായം C : കർശന ട്രാഫിക് ഏർപ്പെടുത്താം .
അഭിപ്രായം D : റോഡിൻ്റെ വീതി കൂട്ടി ഇനിയിറക്കുന്ന വാഹനങ്ങളുടെ വീതി കുറക്കാം .
അഭിപ്രായം E : സ്വകാര്യവാഹനങ്ങൾ നിരോധിച്ച് / കുറച്ച്, കുറേപ്പേരുടെ ആവശ്യങ്ങൾ ഒന്നിച്ച് നടക്കുന്ന പൊതുവാഹനങ്ങൾ മാത്രമാക്കാം .
അഭിപ്രായം F : അനാവശ്യത്തിനും ആഡംബരത്തിനും വേണ്ടി യാത്ര ചെയ്യുന്ന ജനങ്ങളുടെ രീതി ശരിയല്ല എന്ന് ബോധവൽക്കരണം നടത്താം .
ഇതിൽ ,E പല യൂറോപ്യൻ നഗരങ്ങളും അനുവർത്തിക്കുന്ന രീതിയാണ് ,എന്നാൽ ശാസ്ത്രവുമായി അതിന് ബന്ധമില്ല .
F ഏറ്റവും നല്ല പരിഹാരമാണ് ,നേരിട്ട് ബന്ധം ധാർമ്മികതയുമായാണ് .
എന്ത് ,എപ്പോൾ ,എവിടെ അപ്ലൈ & സപ്ലൈ ചെയ്യണമെന്ന ധാരണക്കുറവാണ് രവിചന്ദ്രനിസം .
ഇത്തരം ഘട്ടത്തിൽ ,ശാസ്ത്രത്തെ സംബന്ധിച്ച ചർച്ച എന്തിന് എഴുന്നള്ളിക്കണം ?
ശാസ്ത്രസ്നേഹി എന്ന കപടവിലാസം വെച്ച് ശാസ്ത്രത്തെ അപമാനിക്കുകയാണയാൾ .
ദുരുപയോഗം ചെയ്യപ്പെടുന്ന ഏത് ഉപായത്തെയും ഉപകരണത്തെയും മുൻനിർത്തി ശാസ്ത്രത്തെ കുറ്റപ്പെടുത്താം.
വെടിമരുന്നും വൈദ്യുതിയും കണ്ടുപിടിച്ച ആധുനിക ശാസ്ത്രം മുതൽ ഒറ്റയേറിൽ ഇര നിലംപതിക്കാൻ അഗ്രം കൂർപ്പിച്ച കല്ലുണ്ടാക്കിയ പ്രാക്തന ശാസ്ത്രബോധം വരെ അവ്വിധം വിചാരണ ചെയ്യപ്പെടും.
നെപ്പോളിയൻ ഗില്യൂട്ടർ - ആളെക്കൊല്ലി യന്ത്രം ഉണ്ടാക്കിയത് ,ഹിറ്റ്ലർ കോൺസെൻട്രേഷൻ ക്യാമ്പുണ്ടാക്കിയത് മുതൽ അമേരിക്ക അണുബോംബ് വർഷിച്ചത് ,രാസായുധ ഫാക്ടറികൾ തുറന്ന് വൻശക്തികൾ മരണമേഘങ്ങൾക്ക് കാവലിരിക്കുന്നത് ( ഒരുപക്ഷേ കൊവിഡ് പോലും ) ,ബഹിരാകാശത്ത് വെച്ച് STARWAR ആയിരിക്കാം മൂന്നാം ലോക മഹായുദ്ധം എന്നത് വരെയെത്തി നിൽക്കുന്ന കൊലക്കളികളുടെ ഇന്ധനം ശാസ്ത്രമല്ലാതെ മറ്റെന്താണ് ?
ഇനി ,STARWAR സംഭവിച്ച് ,എല്ലാം തകർന്നടിഞ്ഞ് , ബാക്കിയുള്ള ലോകനാഗരികത പഴയ കല്ലും കുറുവടിയും കുതിരവണ്ടിയും തന്നെ കൂടെക്കൂട്ടി എന്നിരിക്കട്ടെ ,
അപ്പോൾ , രണ്ട് ഗോത്രങ്ങൾ തമ്മിൽ വഴക്കിട്ട് കല്ലേറുണ്ടായ് ആരെങ്കിലും ചത്തുപോയാൽ ഐസക് ന്യൂട്ടൻ്റെ ചലനനിയമമാണത് , ശ്ശെടാ എന്താ ചെയ്യാ !
വല്ലാതെ സത്യം ചെയ്യുന്നവരായിരിക്കും വലിയ നുണയന്മാർ . അത്പോലെ ,സ്ഥാനത്തും അസ്ഥാനത്തും ശാസ്ത്രം പറഞ്ഞ് വരുന്നവരായിരിക്കും അക്കാര്യത്തിലെ സംപൂജ്യർ .
അയേൺ ഡോമാകട്ടെ ,മിസൈലാവട്ടെ ,റോക്കറ്റാവട്ടെ , ശാസ്ത്രത്തിന് സ്വയം ശരിതെറ്റുകൾ നിർണ്ണയിക്കാനുള്ള വകുപ്പില്ല .
അതതിൻ്റെ കുറവല്ല ,മറിച്ച് അതതിനുള്ളതല്ല എന്നതാണ് കാര്യം .കേവലം ഇൻഡക്ടീവ് റീസണിങ്ങാണ് അതിൻ്റെ വഴി.
കൊല്ലാനും രക്ഷിക്കാനും ശാസ്ത്രത്തിന് പറ്റില്ല ,ശാസ്ത്രം കൊണ്ട് മനുഷ്യന് സാധിക്കും.
അതായത് ,ആശയമാണ് രക്ഷകനാവുന്നതും ശിക്ഷകനിവുന്നതും.
ഇരുമ്പ് മറകൾ ഇല്ലാതെ തന്നെ എത്രയോ രാഷ്ട്രങ്ങൾ സമാധാനത്തോടെ ജീവിക്കുന്നു.
ഇരുമ്പുമറകളുണ്ടായിട്ടും ചിലർക്ക് അത് കിട്ടുന്നില്ല .
ശാസ്ത്രം പാസ്സീവാണ് ,അതിനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന ആശയമാണ് പ്രധാനം . മനുഷ്യസ്നേഹം ,സമാധാനകാംക്ഷ ,കാരുണ്യബോധം തുടങ്ങിയ മൂല്യങ്ങളുടെ മേൽ നിലനിൽക്കുന്നതാണ് മനുഷ്യരാശിയുടെ ഭാവി. മതധാർമ്മിക ബോധമാണ് അതിൻ്റെ അടിസ്ഥാനം എന്ന് പറയുന്ന യുവാൽ നോവ ഹരാരിയെ രവിചന്ദ്രൻ വായിച്ചിട്ടുണ്ടോ ആവോ .കേവല ശാസ്ത്രം കൊണ്ട് മനുഷ്യർക്ക് ജീവിക്കാനാവില്ല ,മരിക്കാനേ ആവൂ.
Leave a Reply