In General
By ശുഐബുൽ ഹൈതമി
താന്‍പോരിമാവിഭ്രാന്തി : മതം ഇളകിയാൽ മദമിളകുമോ ?
കേരളത്തിലുടനീളം സ്വതന്ത്ര ചിന്തകര്‍ എന്ന പേരില്‍ 'ആത്മബിംബ വാദികൾ ' പരമത നിന്ദാസംഗമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഒരുപക്ഷേ,കേരളത്തിന്റെ ചരിത്രത്തില്‍തന്നെ ഇങ്ങനെയൊരു സ്വതന്ത്രചിന്തയുടെ ജനകീയവല്‍ക്കരണശ്രമം ഇതിനുമുമ്പ് അവര്‍ നടത്തിയിട്ടുണ്ടാവില്ല.ജാതീയതക്കും മതവര്‍ഗ്ഗീയതയ്ക്കുമെതിരായ സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമെന്ന നിലയില്‍ രൂപപ്പെട്ട ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്ന കേരളത്തിലെ യുക്തിവാദ സംഘങ്ങള്‍ ഇപ്പോള്‍ അടിമുടി യൂറോപ്യൻ വലതുപക്ഷ നവനാസ്തികത തന്നെയായി പരിണമിച്ചുകഴിഞ്ഞു.കൃത്യമായ വംശീയതീര്‍പ്പുകളും ഒട്ടും കൃത്യമല്ലാത്ത ആദര്‍ശ നിര്‍ണ്ണയങ്ങളുമാണ് പടിഞ്ഞാറന്‍ നിയോഎയ്തിസം.കപടമായ ശാസ്ത്രസ്‌നേഹത്തലൊട്ടിച്ച് വെച്ച പ്രാപഞ്ചിക - സാമൂഹിക വീക്ഷണമാണവരുടേത്. മനുഷ്യനോ മണ്ണിനോ നിർമ്മാണാത്മകമായ യാതൊന്നും സംഭാവന ചെയ്യാതെ സാമൂഹിക പ്രതിബദ്ധതകളിൽ നിന്നും ആത്മീകസാധ്യതകളിൽ നിന്നും ബുദ്ധിയെ സ്വതന്ത്രമാക്കി മനോവിഭ്രമങ്ങളുടെ അടിമത്വം വരിക്കലിനാണ് ലിറ്റ്മസുകാരും എപിസ്റ്റക്കാരും സ്വതന്ത്രചിന്ത എന്ന് പറയുന്നത് . ഓരോ വ്യക്തിയും ചിന്താസ്വതന്ത്രനായതിനാൽ ചെറുതോ വലുതോ ആയ ഒരു കാര്യത്തിലും ഒരു തീർപ്പുമില്ല .
പരസ്പരവിരുദ്ധങ്ങളായ ഡോഗ്മകളില്‍ ചുറ്റിക്കറങ്ങി രൂക്ഷമായ അഭ്യന്തരഭിന്നതകളില്‍ അകപ്പെട്ടിരിക്കുകയാണ് എവിടെയും എന്നപോലെ ഇവിടെയും അവര്‍ . സ്വതന്ത്രചിന്തയെന്ന പേരിൽ ഇ എ ജബ്ബാറിന്റെ കീഴിലും ശാസ്ത്രചിന്ത എന്ന പേരിൽ സി രവിചന്ദ്രന്റെ കീഴിലും അണിനിരക്കുന്ന വികാരജീവികൾ തമ്മിൽതമ്മിൽ സ്വരച്ചേർച്ച ഒട്ടുമില്ല .
കേരളീയ യുക്തിവാദത്തിന്റെ ജനിതക പരിണാമം.
രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണ്ണാശ്രമാവ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വര വാദികളാക്കിയത്.കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം.ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്ത് സൂക്ഷിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍ .
തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്നനിലയിലായിരുന്നു.അവരാരും ഇസ്ലാമിക് ഫോബികോ സെമിറ്റിക് - സംവരണ വിരുദ്ധരോ ആയിരുന്നില്ല.
അയ്യപ്പന്റെ മകളുടെ പേര് ആഇശ എന്നായിരുന്നു. ഇന്നത്തെ യുക്തിവാദികൾക്ക് ഏറ്റവും വിരോധമുള്ള പേരുകളിലൊന്നാണ് ആഇശ .
"എനിക്ക് മതമില്ല,ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്ലാമാകുമെന്നായിരുന്നു " എന്നായിരുന്നു ഇവി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെ
അടിസ്ഥാന നിലപാടിന്റെ കാര്യത്തിൽ കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല . ഇവി പെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്യ സവര്‍ക്കരെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി രവിചന്ദ്രൻ വലതുപക്ഷ യൂറോപ്യൻ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്.
മനുവിന്റെ വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയ വല്‍ക്കരണമാണ് നിയോ എയ്തിസത്തിന്റെ രാഷ്ട്രീയ മാനം."നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ് " എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമിതനാവുന്നതില്‍ അത്ഭുതമില്ല.
ചിലര്‍ വീക്ഷിക്കുന്നത്‌പോലെ ഭരണകൂടത്തോടുള്ള ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ്ണ ചേരിയിലേക്ക് ചായുന്നത്.അതിന് ആഗോളീയമായ പ്രത്യശാസ്ത്ര പരമായ മാനമാണുള്ളത്.
ശാസ്ത്രമാത്രവാദം എന്ന പഥാര്‍ത്ഥബന്ധിത പ്രാപഞ്ചിക വീക്ഷണം(സയന്റിസം) ആണ് അവരുടെ മതം .മനുഷ്യ ശരീരത്തിന്റെ ഉദാര സ്വാതന്ത്രവാദമായ മാനവികവാദ (ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി.അതനുസരിച്ച് ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ദാരണത്തിന്റെ ഭാഗമാണ്.അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമസിദ്ധന്തം തന്നെയാണ് അവരുടെ പക്കൽ സാമൂഹിക മാറ്റങ്ങളുടെയും അടിസ്ഥാനം.അതനുസരിച്ച് സവര്‍ണ്ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണ്ണര്‍.
"മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം"എന്ന് പറഞ്ഞ ഫെഡറിക് നീഷേയും "സവര്‍ണ്ണമേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണ്ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല" എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും
"സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണ്ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ് " എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവെക്കുന്ന വംശീയനിര്യാതനനിരീശ്വരത്വത്തിന് വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. "മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല "എന്ന ബര്‍ണാഡ് റസ്സലിപോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് നവനാസ്തികത.ഇത്തരക്കാരുടെ ഏറ്റവും വലിയ മലയാള ഫാന്‍സുകാരാണ് കേരളത്തിലുടനീളം ലിറ്റ്മസും എപിസ്റ്റയും നടത്തിക്കൊണ്ടിരിക്കുന്നത്.അവരെ സംബന്ധിച്ചിടത്തോളം ഉദാരലൈംഗീകത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്.അപ്പോള്‍ LGBT ക്കാര്‍ക്ക് വേണ്ട് ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാവും.എന്നാല്‍ സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നോക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല.കാരണം അത് പരിണാമ സിദ്ധാന്തത്തത്തിന് എതിരാണ്.അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും.നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോൾ തീവ്രഹിന്ദുത്വതയുടെ കരങ്ങളിലാണ് .ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതണ്.ശരീഅത്ത് പരിഷ്ക്കരണം, ഖുര്‍ആന്‍ ഭേദഗതീവാദം , മുത്തലാഖ് നിരോധനം , ഏകസിവിൽകോഡ്, സ്ത്രീസ്വാതന്ത്രം , തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിംകള്‍ക്കെതിരെ ചര്‍ച്ചാഗതി തിരിക്കാനുള്ള ഹിന്ദുത്വതയുടെ ഏജന്‍സികളാണ് സി രവിചന്ദ്രനും അനുചരരും.
"മുസ്ലിംകൾ പൂർണ്ണ മനുഷ്യരല്ല " എന്ന് പച്ചക്ക് പറയുന്ന കൃതികളെഴുതി , യുക്തിവാദികളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന രീതി വലതുപക്ഷ യൂറോപ്പിലിപ്പോള്‍ പ്രചുരപ്രചാരം നേടിയ തന്ത്രമാണ്. "സ്യുടോപോഡിയന്‍ പൊളിറ്റിക്‌സ് " എന്നാണിതിനെ വിളിക്കപ്പെടുന്നത്.സൂക്ഷ്മജീവികള്‍ അവരുടെ ഇരകളെ ഒതുക്കന്നതിനായി കപട പാദങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കി അകത്താക്കുന്ന "ഫാഗോസൈറ്റോസിസ് " രീതി പോലെയാണിതെന്നാണ് നിരീക്ഷിക്കപ്പെട്ടത്.
അതേസമയം ,
യുക്തിവാദികള്‍ മതവിശ്വാസികളിലേക്ക് പടരാന്‍ശ്രമിക്കുന്നത് "ബാക്ടീരിയോഫോജുകള്‍ " എന്നറിയപ്പെടുന്ന വൈറസുകള്‍ സ്വന്തം ഡി.എന്‍ എ കുത്തിയിറക്കി ബാക്ടീരിയകളെ നശിപ്പിക്കുന്നത് പോലെയാണെന്നും പഠനങ്ങള്‍ പറയുന്നു.രണ്ട് രീതികള്‍ക്ക് പിറകിലും രാഷ്ട്രീയ ആസൂത്രണങ്ങള്‍ ഉണ്ട്.
താന്‍പോരിമാവിഭ്രാന്തി ( Super Ego Delusion) .
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ ഒരു സ്ക്കൂൾശാസ്ത്രശാല ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുൽഗാന്ധി പറഞ്ഞ ഒരു കാര്യമുണ്ട് . കേവല ശാസ്ത്രബോധത്തിന്റെ അടിസ്ഥാന ഭാവം പകയും വെറുപ്പുമാണ് എന്ന് .ആഗോളരാഷ്ട്രീയം നന്നായി വിശകലനം ചെയ്യാനറിയുന്ന, പ്രകൃതിവാദിയായ നെഹ്റുവിന്റെ പേരക്കുട്ടിയുടെ വാക്കുകൾ പ്രസക്തമാണ് .നോക്കൂ ,
കേരളത്തിലെ നാസ്തിക പ്രാചരകന്മാര്‍ താരതമ്യേന വിനയാന്വിതരും സാമൂഹിക പ്രതിബദ്ധരുമായിരുന്നു .പക്ഷെ ഇപ്പോഴുള്ളവര്‍ താന്‍പോരിമാ വിഭ്രന്തി ബാധിച്ച അഹംഭാവികളാണ്."വിനയാന്വിതനായനാസ്തികന്‍ " എന്ന സംജ്ഞ തീര്‍ത്തും അസാധ്യമായ സംയുക്തമായി -വിരുദ്ധോക്തിയായി മാറിക്കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.തെറികളുടെയും കുത്തുവാക്കുകളുടെയും ഫാക്ടറികളായ അവര്‍ക്ക്, പ്രകോപനം സൃഷ്ടിച്ച് മതവിശ്വാസികള്‍ തീവ്രവാദികളാണെന്ന് വരുത്താന്‍ പ്രത്യേകം ചാവേറുകളുണ്ട്,ചാനലുകളിലും സെമിനാറുകളിലും വന്ന് മുസ്‌ലിം ആരാധനാ പ്രതീകങ്ങളെ നികൃഷ്ടമായി അവമതിക്കുമ്പോള്‍ നിര്‍വ്വഹിക്കപ്പെടുന്ന ദൗത്യം അതാണ്." മതം '' എന്ന വ്യവഹാരപദം ഇസ്‌ലാം മാത്രമാണെന്നും അതിനാല്‍ മതഭീകരത, മതമൗലികവാദം തുടങ്ങിയ പൊതു പ്രയോഗത്തിന്റ ഉന്നം മുസ്‌ലിംകള്‍ മാത്രമാണെന്നും ഉള്ള ഭാഷാവ്യതിയാനം ആഗോളീയമായി ഇവർ വികസിപ്പിച്ചുകഴിഞ്ഞു.പശ്ചിമേഷ്യന്‍ എഴുത്തുകാരായ ഫനാന്‍ ഹദ്ദാദ്, എഡ്വേര്‍ഡ്സൈദ് തുടങ്ങിയവര്‍ നാസ്തിക എഴുത്തുകാരനായ റോബിന്‍കറിന്റെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പറയുന്നകാര്യം , പൊതുയുക്തി വിപരീതം ഇസലാമികയുക്തി, പൊതുനിയമം വിപരീതം ഇസ്ലാമിക നിയമം എന്ന ദ്വന്ദം ആഗോളതലത്തില്‍ പ്രചരിച്ചുകഴിഞ്ഞു എന്നാണ് .ഈ ആനുകൂല്യത്തില്‍ നവനാസ്തികള്‍ "പൊതു " വിനെതിരായതിനാണ് മതം എന്ന് പറയുന്നത് എന്നാക്കിത്തീർത്തു . ഇവിടെ,
കേന്ദ്ര ആഭ്യന്തര മന്ത്രി മുതല്‍ കോഴിക്കോട് ജില്ലാ സി പി എം സെക്രട്ടറി വരെ "മതതീവ്രവാദികള്‍ " എന്നാല്‍ മുസ്ലിംകളാണെന്ന് പറയാതെപറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.അതായത്, ഈ ഭാഷാപരമായ ആനുകൂല്യത്തിലാണ് നടേ പറഞ്ഞ നാസ്തികചാവേറുകള്‍ അവരുടെ ദൗത്യം നിയമപരമായ പൊല്ലാപ്പുകള്‍ക്കിടംകൊടുക്കാതെ നടത്തിവരുന്നത് എന്നർത്ഥം .
സര്‍വ്വവിജ്ഞാന കോശങ്ങളാണെ ഭാവേനെ രംഗത്തത്തുന്ന ഇവരുടെ പ്രഭാഷകര്‍മാര്‍ക്ക് പ്രതിപക്ഷ ബഹുമാനം എന്താണെന്നറിയില്ല.ചുരുങ്ങിയത് സഹസ്രാബ്ദങ്ങളായി മനുഷ്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക സ്ഥാപനമാണ് മതം എന്ന അടിസ്ഥാന തത്വം ഓര്‍ക്കാന്‍ പോലും തയ്യാറാവുന്നില്ല. "ദൈവമില്ല" എന്ന വാദം ഉണ്ടാവണമെങ്കിൽ "ദൈവമുണ്ട് " എന്ന വാദം മുൻകടക്കണം എന്നതാണ് പ്രാഥമിക യുക്തി . നിഷേധാത്മകത ( Litotus) ആണ് അവരുടെ അടിസ്ഥാനം എന്നതാവാം ഈ സ്വഭാവത്തിന്റെ കാരണം .
ലിബറല്‍ സ്ത്രീക്കെതിരെ അരവാക്ക് പറഞ്ഞാല്‍ കാടിളക്കി വരുന്നവര്‍ അല്ലാഹു കഞ്ചാവാണെന്നും പ്രവാചകന്‍ കോമഡിയാണെന്നും പറയുമ്പോള്‍ വൈകാരികമായി എത്രമാത്രം ദുര്‍ബലന്മാരാണ് എന്ന് മനസ്സിലാക്കിത്തരികയാണ്.അത്തരം ഉന്മാദങ്ങളെ - പാഴ്മൊഴികളെ കോമഡികളായി കണ്ട് തള്ളിക്കളയാന്‍ മാത്രം മുസ്ലിം സമുദായത്തിന് ബൗദ്ധികപൂര്‍ണ്ണതയുള്ളതിനാൽ 'ഖല്ലിവല്ലി ' യാണ് മുസ്ലിംകൾ അവഗണിക്കുകയാണ് . ഏറ്റവും കഠിനമായ വർഗീയത ഇവർക്കാണ് .
അനുയായികളുടെ കാര്യം വിടാം, സി രവിചന്ദ്രന്‍ എന്ന കോളേജ് പ്രൊഫസറുടെ അവധാനത തന്നെ വളരെ ദയനീയമാണ്.അജ്ഞതയും മുന്‍ധാരണകളും മാത്രമാണ് അദ്ദേഹത്തിന്റെ ഇസ്ലാം ധാരണ.അല്ലാഹുവല്ല, മുഹമ്മദ് നബിയാണ് മുസ്ലിംകളുടെ യഥാര്‍ത്ഥ ദൈവം എന്നാണ് രവിചന്ദ്രന്റെ നിരീക്ഷണം.അതിന്റെ കാരണമാണ് വിചിത്രം." അല്ലാഹുവിനെ ആക്ഷേപിച്ചാല്‍ മുസ്‌ലിംകള്‍ സഹിക്കും, പക്ഷെ മുഹമ്മദിനെ ആക്ഷേപിച്ചാല്‍ കൈവെട്ടിക്കളയും"! മതവിശ്വാസത്തെ എത്ര വികൃതമായായണ് രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ "നാസ്തികനായ ദൈവം" എന്ന പരിഭാഷാകൃതിയില്‍ അവതരിപ്പിച്ചതെന്ന് പറയാത്തതാണ് ഭേദം.''ദൈവം ഉണ്ടായിരുന്നു , പക്ഷെ ഇപ്പോള്‍ ചത്തു " എന്ന് പറഞ്ഞ നീഷെയെ ആരാധിക്കുന്ന മനുഷ്യന്റെ വിഭ്രാന്തികളാണ് സത്യത്തില്‍ ഡോറ്റിണ്‍സിയന്‍ വീക്ഷണങ്ങള്‍.അതില്‍ നിന്നും സംസാരിക്കാന്‍ പഠിക്കുന്ന നാസ്തികസന്യാസിമാരുടെ ഭാഷാ സംസ്‌കാരം ഇവ്വിധമേ വരാന്‍ നിവര്‍ത്തിയുള്ളൂ. ഇയ്യിടെ സ്വതന്ത്രചിന്തകരുടെ ഒരു സംഗമത്തിൽ മാധ്യമപ്രവർത്തക ഷാഹിന നഫീസ അക്കാര്യം മുഖത്ത് നോക്കി പറഞ്ഞിരുന്നു ."യുക്തിവാദികളായിട്ടുള്ള ആളുകള്‍ അല്ലെങ്കില്‍ സംഘങ്ങള്‍ അല്ലെങ്കില്‍ വ്യക്തികള്‍ അവരോടൊക്കെ സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ നിരീക്ഷിക്കുമ്പോള്‍ കാണുന്ന കാര്യം പലരെയും നയിക്കുന്നത് ഹെയിറ്റ് (വിദ്വേഷം) ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരെയും അടച്ച് പറയുകയല്ല. പലരെയും നയിക്കുന്നത് വെറുപ്പാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. സംഘ് പരിവാറിനെ നയിക്കുന്നതും വെറുപ്പ് തന്നെയാണ് സുഹൃത്തുക്കളേ. എന്താണ് സംഘ് പരിവാറും നമ്മളും തമ്മിലൊരു വ്യത്യാസം എന്നാണെനിക്ക് മനസ്സിലാവാത്തത്. ........ മതത്തോടുള്ള വെറുപ്പാണ് പലരെയും നയിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട് " അവർ പറഞ്ഞു .
മിസ്റ്റർ & മിസിസ് മനുപ്രസാദുമാർ ആരുടെ ഇര?
ഒടുവില്‍ കണ്ട കുതുഹുലങ്ങളാണ് രസാവഹം .രക്തബന്ധുത്വം (Consanguntiy) ലൈംഗീകതയ്ക്ക് തടസ്സമല്ല,അതിനാല്‍ മാതാ-പിതാ-പുതൃ-സഹോദര-സഹോദരി ലൈംഗിക ബന്ധമായ അഗമൃഗമനം (incest) അനുവദനീയമാണ് എന്ന യുവയുക്തിവാദി നേതാവ് മനുപ്രസാദിന്റെ ജ്ഞാനോദയവും മതം വിട്ട മടശ്ശേരി ജസ്‌ലയുടെ കഥാപ്രസംഗവുമായിരുന്നു അവ .സത്യത്തില്‍ ഇവര്‍ രണ്ടുപേരും ഇരകളാണ്.മനു നവനാസ്തികതയുടെ ഇനിയും കൃത്യത വരാത്ത,ഇനിയിട്ട് വരാനും പോവാത്ത ധാര്‍മ്മിക സങ്കല്‍പ്പത്തിന്റെ ഇരയാണെങ്കില്‍, സഹോദരി സ്വാതന്ത്രചിന്തകരുടെ വിഷയ സമീപന ശൈലിയുടെ ഇരയാണ്.
ഒരു യഥാര്‍ത്ഥ നാസ്തികന് അതായത് ലിബറല്‍ ഹ്യൂമനിസ്റ്റിന് മനുപ്രസാദ് പറഞ്ഞതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല.കാരണം അംഗമൃഗമനം പാടില്ല എന്ന് തെളിയിക്കുന്ന സ്ഥൂലമായ തെളിവുകളോ (emperial evidence)അത് മാനവിക വിരുദ്ധമാണെന്ന് വരുന്ന ദാര്‍ശനിക മാനമോ (philosophical base)അവരുടെ കയ്യിലില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തവ അവർക്ക് റദ്ധാണ് . ആ തിയറി ശാസ്ത്രീയമായി തെളിയുന്നതല്ല എന്ന് ചിന്തിക്കരുതെന്ന് മാത്രം !
പ്രകൃതി നിര്‍ദ്ധാരണമനുസരിച്ച് ശക്തനായ പുരുഷന് മുമ്പില്‍ അബലയായ സ്ത്രീ കീഴടങ്ങിക്കൊടുക്കലാണ് അവരുടെ ധര്‍മ്മം, ശക്തനായ കടുവ അബലയായ മാനിനെ തിന്നുന്നത് പോലെ.അപ്പോള്‍ സത്യസന്ധമായി പറഞ്ഞാല്‍ നവനാസ്തികര്‍ക്ക് ബലാല്‍സംഗങ്ങളെ എതിര്‍ക്കാന്‍ പോലും പ്രത്യശാസ്ത്ര പരമായ ന്യായങ്ങളില്ല. ഇയ്യിടെ പുറത്തിറങ്ങിയ റിച്ചാർഡ് ഡോകിൺസിന്റെ ഉറ്റമിത്രവും ബയോ എതിസ് പ്രഫസറും ആഗോളയുക്തിവാദി ചാവേറുമായ പീറ്റർ സിംഗറിന്റെ കൃതി അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. പ്രായമായി ഭാരമായ വൃദ്ധമാതാപിതാക്കളെയും സന്തോഷത്തിന് തടസ്സമാവുന്ന വികലാംഗരായ മക്കളെയും കൊന്ന് തീർക്കുന്നത് തെറ്റല്ല എന്നാണദ്ധേഹത്തിന്റെ വാദം . ബലാൽസംഘം ശക്തന്റെ അവകാശമാണെന്നും അദ്ദേഹം പറയുന്നു . ദി ഗാർഡിയൻ ദിനപത്രം the most dangerous man എന്നാണ് അയാളെ കുറിച്ചുള്ള ഫീച്ചറിന് തലക്കെട്ടിട്ടത്.ഇത്തരം ചർച്ചകളിൽ , "സ്വതന്ത്ര ചിന്ത ഉദാരമാണ് പക്ഷേ പ്രായോഗിക ചിന്തയ്ക്ക് പരിമിതികളുണ്ട് , അതിന്റെ കാരണം നാഗരികതയുടെ അപരിഷ്‌കാരങ്ങളാണ് " എന്ന് പറഞ്ഞ് ഇരു പക്ഷങ്ങളും ബാലന്‍സ് ചെയ്യുകയാണ് സി രവിചന്ദ്രന്‍ എന്ന "മുനാഫിഖായ " നാസ്തികന്‍. നാഗരികസംസ്‌കാരങ്ങളോട് നമ്മുടെ "സ്വതന്ത്രചിന്ത " ഒരിക്കലും യോചിക്കില്ല എന്നല്ലേ അതിനര്‍ത്ഥം എന്ന് മാഷിനോട് സംശയം ചോദിക്കാന്‍ അവര്‍ക്ക് സ്വാതന്ത്രമില്ല എന്നതാണ് വാസ്തവം . പിടിച്ചുനിൽക്കാൻ നവനാസ്തികർ ഉപയോഗിക്കുന്ന ഹ്യൂമനിസത്തിന്റെ പല വീക്ഷണങ്ങളും സെമിറ്റിക്ക്മതങ്ങങ്ങളിൽ നിന്നും നാസ്തികർ മോഷ്ടിച്ചതാണെന്ന് ആധുനിക നാസ്തിക ചിന്തകൻ യുവാൽ നേവ ഹരാരി അദ്ധേഹത്തിന്റെ വിഖ്യാദ കൃതി ഹോമോദിയൂസിൽ എഴുതിയത് ഇവർ കണ്ടിട്ടില്ലെന്ന് തോന്നുന്നു.
അഗമ്യഗമന വിഷയത്തിൽ നാണം കെട്ടതോടെ മതഗ്രന്ഥങ്ങളിലെ ഉദ്ധരണികൾക്ക് ദുരർത്ഥം കൽപിച്ച് സ്വന്തം ഉദ്ധാരണം മതപരമായി തെളിയിക്കാൻ പാടുപെടുകയാണ് ഇവരിൽ ചിലർ .
ഇസ്ലാം പറയുന്നത്, ഇത്തരം വികാരവിക്ഷോഭികളായ ദുർബല മനുഷ്യരുടെയും മാനുഷ്യകതയുടെയും അടിമകളാവാതെ പ്രപഞ്ചസൃഷ്ടാവിന്റെ മാത്രം അടിമത്വം എന്ന വിശാലതയിലേക്ക് വരിന്‍ എന്നാണ്. ഇരുനൂറിലേറെ തവണം വിമോചനം എന്ന സന്ദേശം ഖുർആൻ മുഴക്കുന്നത് കാണാം . ഇത് മനസ്സിലാക്കാനാവാതെ "പെണ്ണിനെ ഖുർആൻ കൃഷിയിടമാക്കിക്കളഞ്ഞു " എന്ന് പറഞ്ഞ് മതത്തില്‍ നിന്നും ഇളകിപ്പോകുന്നവര്‍ ചിന്തിക്കേണ്ടത്, പെണ്ണ്കൃഷിയിടമാണ് എന്നതിന് പകരം പെണ്ണ് പൊതുവളപ്പാണ് എന്ന് പറയുന്ന ലിബറലിസമാണോ പിന്നെ ശരിയെന്നാണ്.കൃഷിയിടം മൂലധനവും നിലനില്‍പ്പിന്റെ ആധാരവും പരിപാലിക്കപ്പെടേണ്ടതുമാണ്. കൃഷിയിലാണ് ധാന്യവും ലതയും കതിരും മലരും മധുവും എല്ലാം ഉള്ളത് . അലങ്കാരശാസ്ത്രം പഠിച്ചാൽ മാത്രമേ അഴകേത് ,അഴുക്കേത് എന്ന് മനസ്സിലാക്കാനാവൂ . മറിച്ച് ,
പൊതുവളപ്പ് കന്നുകാലികളെ
കെട്ടാനും സമ്മേളനങ്ങള്‍ നടത്താനുള്ളതുമാണ്.
Leave a Reply