In Q+ Answers
By ശുഐബുൽ ഹൈതമി
അറബി അറിയാതെ വിശ്വസിക്കാമെങ്കിൽ ഖുർആൻ വിമർശനം നടത്താൻ അറബി അറിയണമെന്നുണ്ടോ ?
ഖുർആൻ വിമർശകർക്ക് അറബിയറിയില്ല എന്ന് ഒരാക്ഷേപമായി ഉന്നയിക്കുമ്പോൾ ,ഖുർആൻ വിശ്വസിക്കുന്ന നല്ലൊരു വിഭാഗത്തിനും അറബിയറിയില്ലല്ലോ എന്നതാണ് ആലോചന .
A :
വിശ്വാസത്തിൻ്റെ വിപരീതമാണ് അവിശ്വാസമെങ്കിലും പ്രായോഗികമായി അവ നേർവിപരീതങ്ങളല്ല .
ഖുർആൻ സത്യമാണെന്ന് അവതരണാനന്തര കാല വിശ്വാസികൾ അംഗീകരിക്കുന്നത് ,അല്ലാഹുവിനോടോ ഇടയാളായ മാലാഖയെയോ സ്വീകർത്താവായ പ്രവാചകദൂതനോടോ നേരിട്ട് ബന്ധപ്പെട്ടുകൊണ്ടല്ല. അവതരണ കാലത്തെ വിശ്വാസികൾ പോലും അപ്പറഞ്ഞവയിൽ മൂന്നാമനോട് മാത്രമാണ് ബന്ധപ്പെട്ടത് .
ഓരോ തലമുറയും വിശ്വസിക്കുന്നത് തൊട്ടുമുമ്പുള്ള തലമുറയെയാണ്.
അങ്ങനെ ഒരു വിശ്വാസസംസ്ക്കാരം ജീവിത പദ്ധതിയായി രൂപം കൊള്ളുകയായിരുന്നു.
ഇന്നത്തെ മുസ്ലിംകൾ ഖുർആൻ വാസ്തവമാണെന്ന് ബോധ്യം വരുത്താൻ തുർക്കിയിലോ ബർമിങ്ങ്ഹാമിലോ ഉള്ള പ്രവാചക ജീവിത കാലത്തെ ഖുർആൻ ഏടുകൾ പരിശോധിക്കുകയല്ല ചെയ്യുന്നത് .അത് ശരിയായ രീതിയുമല്ല .കാരണം ശാസ്ത്രീയ പരിശോധന പരിശോധകർക്ക് തന്നെ ബോധ്യം പ്രദാനിക്കുന്നില്ല. കണിശമായ സത്യതയും സുതാര്യതയും വ്യക്തിനിഷ്ഠമാകാത്ത അവരുടെ വാക്കുകൾ അവലംബിക്കുന്നതിനേക്കാൾ ഭേദം കാലങ്ങൾ കൈമാറിയ Valid Testimony തന്നെയാണ്. ആ കൈമാറ്റത്തിൽ ഓരോ തലമുറയും തൊട്ടുമുമ്പുള്ളവരിലേക്ക് ചേർന്നുനിൽക്കുന്നു. ഇതാണ് വിശ്വാസം മതമാവുന്നതിൻ്റെ സാമൂഹിക സംവിധാനം.
നേരിട്ട് ഖുർആൻ ആശ്രിയിക്കുന്നത് യുക്തമല്ല. കാരണം ഇന്ന് ലഭ്യമായ ഖുർആൻ തന്നെയാണ് , ഇസ്ലാമിലെ അവസാനമായ വേദമായ ഖുർആൻ എന്നത് പോലും ഉറപ്പിച്ച് തരുന്ന മാധ്യമം Testimony അഥവാ സാക്ഷ്യം അഥവാ സത്യവൃത്താന്തം ആണ്.
ഇസ്ലാം ഒരു മതമെന്ന നിലയിൽ സാമൂഹിക സ്ഥാപനം കൂടിയാണ്. സഹസ്രാബ്ദങ്ങളായുള്ള ജീവിതരീതി പരിചയപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങൾ അവയുടെ വചനങ്ങളിലൂടെയല്ല ,അതനുസരിച്ച് ജീവിച്ചവരിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടേണ്ടതും.
ഇവിടെ കൂട്ടിച്ചേർക്കേ ഒരു കാര്യം , ഇസ്ലാമിക് ടെസ്റ്റിമോണിയിലൂടെ കൈ മാറ്റം ചെയ്യപ്പെടുന്നത് അറിവുകളും വാർത്തകളുമല്ല ,പ്രത്യുത വിശ്വാസവും ബോധ്യവുമാണ് . അപ്പോൾ ഒന്നാമൻ്റെ ബോധ്യം തന്നെ നൂറാമനും ലഭിക്കും .അല്ലാതെ ഒന്നാമന് ബോധ്യമായി എന്ന വാർത്ത നൂറാമന് ലഭിക്കുകയല്ല ചെയ്യുന്നത് .
അവിടെ അടിസ്ഥാന ഭാഷ അറബിയാണെന്നത് അനബികൾക്ക് അസൗകര്യം വരുത്തുന്നില്ല .
അനറബികളിലെ , അറബീഗ്രഹിത പണ്ഡിതന്മാരും ഗവേഷകരും ഭാഷാപരമായ പരിമിതികൾ എല്ലാ നാടുകളിലും നീക്കിക്കൊടുക്കുന്ന പതിവിലൂടെയാണ് കേരളവും ഖുർആൻ ചർച്ച ചെയ്യുന്നത്.
ഇവ്വിധം , മറ്റുള്ളവരെ അവലംബിച്ച് ജീവിതപദ്ധതിയായ വിശ്വാസം രൂപപ്പെടുത്തൽ തെറ്റാണെങ്കിൽ , ജീവിതപദ്ധതി പോലുമല്ലാത്ത ശാസ്ത്രീയ ധാരണകളും ചരിത്രസത്യങ്ങളും നാം വിശ്വസിക്കുന്നത് മറ്റുള്ളവരെ ആശ്രയിച്ച് തന്നെയല്ലേ ,മാത്രമല്ലേ. ഇന്നത്തെ വികസിക്കുന്ന പ്രപഞ്ചവും വികസിപ്പിക്കുന്ന ശ്യാമോർജ്ജവും അന്നത്തെ യവന - ചൈനീസ് തത്വചിന്തയുടെ വിലാസങ്ങളും നമുക്ക് വിശ്വസനീയമായ അറിവായത് അതേ Testimony വഴി മാത്രമാണ്.
B :
എന്നാൽ ,മത - ഇസ്ലാം വിമർശനം ഒരു ജീവിതപദ്ധതിയോ പ്രത്യയശാസ്ത്രമോ അല്ല .
വിമർശകർ ഖുർആൻ വിശദീകരിച്ചവരുടെ രേഖകളിലൂടെയല്ല നിരാകരണ ന്യായങ്ങൾ കണ്ടെത്തുന്നത്. ഖുർആനിൻ്റെ അടിസ്ഥാന വിശദീകരണങ്ങളായ ഹദീഥുകൾ വ്യാജമാണെന്ന് പറയുകയും അതേ ഹദീഥുകളിലൂടെ ഖുർആനിലെ പോരായ്മ കണ്ടെത്തുകയും ചെയ്യുന്ന വൈരുധ്യം ഇവിടെ ചർച്ചയാക്കണ്ട ,അതിന് മാത്രം അവർക്ക് കഴമ്പില്ല . എന്നാലും , നേരിട്ട് ഖുർആനിലേക്ക് ചാടിക്കയറി വിമർശിച്ച് തള്ളാൻ ശ്രമിക്കുന്നവർ അതിൻ്റെ അടിസ്ഥാന വാചകങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഖുർആൻ വിമർശകർ തന്നെയായ ഇംഗ്ലീഷുകാരോ മറ്റാരോ നേരത്തെ മലയാളത്തിലാക്കിയത് തനിക്കാക്കി ആളാവുന്നവരാണ് ഇപ്പോഴത്തെ മലയാള വിമർശകർ . അതായത് , അവർ ഖുർആൻ അവിശ്വസിക്കാൻ അവരെപ്പോലുമുള്ള ,എന്നാൽ അവർക്ക് നേരിട്ടറിയാത്ത മനുഷ്യരെ വിശ്വസിക്കുകയാണ് ,നൂറ്റാണ്ടുകളുടെ - ശതകോടികളുടെ ബോധ്യത്തെ അവിശ്വസിക്കാൻ വ്യക്തിഗതമായ അപര ധാരണകളെ വിശ്വസിക്കേണ്ടി വരികയാണപ്പോൾ .
അവിശ്വാസം രൂപപ്പെടുത്താൻ മറ്റൊരു വിശ്വാസത്തിൻ്റെ തറ വേണ്ടി വരികയാണവിടെ .
അതിനേക്കാൾ ഭേദം ,അറബി പഠിച്ച് ,പഴയ സായിപ്പുമാർ എഴുതിയതൊഴിവാക്കി നേരിട്ട് പറയലാണ് എന്നതിൽ Ex .ന് എന്തിനിത്ര പരിഭവം !
Leave a Reply