In Q+ Answers
By ശുഐബുൽ ഹൈതമി
ക്യാപിറ്റൽ ഓഫ് ഇസ്‌ലാം : മൂന്ന് ചോദ്യോത്തരങ്ങൾ .
സൗദി അറേബ്യയിൽ പോലുമില്ലാത്ത ഇസ്ലാമിക സ്പിരിറ്റ് എന്തിനാണ് കേരളത്തിലെ മുസ്ലിംകൾക്ക് ?
ഇരുഹറമുകൾക്കുള്ളിൽ മതവിരുദ്ധത വന്നാൽ പോലും മാനസികമായി വിയോജിക്കുക എന്നത് മാത്രമാണ് നിലവിൽ വിശ്വാസധർമ്മം. പലതവണ ചരിത്രത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട് താനും .
വർഷങ്ങളോളം ഹജ്ജ് കർമ്മം തന്നെ മുടങ്ങിയിട്ടുണ്ട്. കർമ്മങ്ങളോ കർമ്മ മണ്ഡലങ്ങളോ അല്ല അടിസ്ഥാനം. അവയുടെ ലക്ഷ്യമായ അല്ലാഹുവാണ് . മക്കയും കഅബ തന്നെയും നാളെ ഇല്ലാതാവും . മദീനാ മസ്ജിദിൽ ആളില്ലാതെ കുറുനരികൾ ഓരിയിടും . അപ്പോഴും അല്ലാഹുവും വിശ്വാസവും ബാക്കിയാവും.
അല്ലാഹുവാണ് , അല്ലാതെ പ്രതീകങ്ങളല്ല പ്രധാനം എന്ന് അറിയിക്കാൻ അല്ലാഹു തന്നെ വരുത്തുന്ന മാറ്റങ്ങളാണവ, ചില സന്ദർഭങ്ങളിൽ ആരാധനകൾ ചെയ്യാതിരിക്കലാവും ആരാധന എന്നതൊക്കെപ്പോലെ .
ഇസ്ലാമിക പക്ഷത്തിന്റെ നിർണ്ണയാധാരം പ്രമാണങ്ങളാണ് , ഭൂപ്രദേശമല്ല .
മുസ്ലിംകൾക്ക് ഇരുഹറമുകൾക്ക് വെളിയിലുള്ള പൊളിറ്റിക്കൽ സൗദി അറേബ്യയും അതല്ലാത്ത അറബ് രാജ്യങ്ങളും സ്കാണ്ടിനാവിയൻ രാജ്യങ്ങളും ചൈനയും ആഫ്രിക്കയുമെല്ലാം ഭൂമിശാസ്ത്രപരമായി ഒരുപോലെയാണ് .ദേശീയാതിർത്തികൾ ആധുനികതയുടെ സൃഷ്ടിയാണ്. പാൻഗ്ലോബൽ രാഷ്ട്രീയ വീക്ഷണവും പ്രദേശഭിന്നമായ കർമ്മശാസ്ത്രവുമാണ് ഇസ്ലാമിന്റേത്. അതിൽ ന്യൂയോർക്കിനേക്കാൾ പ്രാധാന്യം റിയാദിനോ ദോഹക്കോ ദുബൈക്കോ ഇല്ല .
സൗദിയെ സംബന്ധിക്കുന്ന പരിഷ്ക്കരണ വാർത്തകൾക്ക് രണ്ട് പുറങ്ങളുണ്ട്. വിഷൻ 2030 എന്ന സാമ്പത്തിക പ്രൊജക്ടിന്റെ ഭാഗമായി സൗദിയുടെ പൊതുരംഗം വിനോദ സൗഹൃദാന്തരീക്ഷമാക്കി യൂറോപ്യൻ പണച്ചാക്കുകളെ ആകർശിക്കുക എന്നതാണ് മുഹമ്മദ് ബിൻ സൽമാന്റെ ലക്ഷ്യം . അതിനുള്ള പൊടിക്കൈകളാണീ കളികൾ .
അല്ലാതെ ഇവിടത്തെ Ex .കൾ കാണുന്ന സ്വപ്നമൊന്നും MBS ന് കാണാൻ നേരമില്ല.
ആ യൂറോപ്യൻ പണം കൊണ്ട് ഇറാന് മീതെ നിന്ന് സൗദി മിഡിലീസ്റ്റിനെ നിയന്ത്രിച്ചേക്കാം .
ഖത്തറുമായി ബന്ധം പുനസ്ഥാപിച്ചതും അമേരിക്കൻ വിധേയത്വം കുറച്ച് പാകിസ്ഥാൻ വഴി ചൈനയോട് ചിരിക്കുന്നതെല്ലാം അതിന്റെ ഭാഗമാണ്.
ഇത്ര സീരിയസായി മറുപടി പറയേണ്ടതില്ല എന്നറിയാം . ചോദ്യത്തിന്റെ കാര്യം കോണ്ട്ര ആയതിനാൽ ഇത്ര മതി :
ഞങ്ങളുടെ MBS വിനോദസഞ്ചാരികളിൽ നിന്നും കിട്ടുന്ന കാഷ് കൊണ്ട് മക്കയും മദീനയും സ്വർഗീയ സൗകര്യപ്പെടുത്തുകയാണ് ഒന്നാം ഘട്ടത്തിൽ ചെയ്യുക , ലാഭത്തിൽ മലയാള മുസ്ലിംകൾക്കും പങ്ക് കിട്ടും .
അറേബ്യ പ്രവാചകന്റെ മാത്രമല്ല , അബൂജഹ്ലിന്റെയും മാതൃഭൂമിയാണ്.
ആ ദ്വന്ദം ജനിതകവും പ്രകൃതവുമാണ്.
മുഹമ്മദ് ബിൻ സൽമാന്റെ സൗദിയിൽ ഇസ്ലാം വിമർശം രാജ്യദ്രോഹവും 500 ചാട്ടവാറടി മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്.
അതായത് , MBS സ്ത്രീകൾക്ക് ഹസ്താനം നടത്തുന്ന ചിത്രവുമെടുത്ത് സൗദിയിൽ പോയി പരസ്യമായി പല്ലിളിച്ചാൽ ഇവിടത്തെ Ex. ന്റെ ഉടലിന് മുകളിൽ വെള്ളിയോട് വെള്ളിക്ക് തല ഉണ്ടാവണമെന്നില്ല എന്നർത്ഥം .
രണ്ട് :
മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം ആഘോഷിക്കുന്നവർ ഈസ ( അ ) മിന്റെ ജന്മദിനമായ ക്രിസ്മസ് എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ?
മറ്റുള്ളതെല്ലാം മാറ്റിവെച്ച് പറഞ്ഞാൽ :
തഹജ്ജുദ് നമസ്ക്കരിക്കുന്ന നിങ്ങൾ എന്ത് കൊണ്ട് വിത്റ് നമസ്ക്കരിക്കുന്നില്ല എന്ന ചോദ്യത്തിന്റെ യുക്തിരാഹിത്യം അതിലുണ്ട് .
സമയം , അവസരം , മാനസികാവസ്ഥ , ചുറ്റുപാട് എന്നിവ അനുസരിച്ച് സൽക്കർമ്മങ്ങളിൽ നിന്ന് ചിലത് തെരെഞ്ഞെടുക്കാം , ചിലത് ഒഴിവാക്കാം.
ക്രിസ്മസ് എന്നത് മധ്യകാലാന്തര /ആധുനിക ക്രൈസ്തവരുടെ ആഘോഷമാണ്. മുസ്ലിംകൾ അതിനെ മാനിക്കണം , ഭാഗമാവരുത്. അത് ക്രൈസ്തവതക്ക് എതിരാണ്. ആ ആഘോഷം നമ്മുടേത് കൂടിയാക്കൽ ആ മതത്തോട് ചെയ്യുന്ന അനീതിയാണ്. ക്രൈസ്തവർ അബ്റഹാം ഞങ്ങളുടെ ആൾ കൂടിയാണ് , അതിനാൽ ബലിപെരുന്നാൾ ദിനം ഇടവകകളിൽ ബലിയറുത്ത് ദാനം ചെയ്യുന്നതിന്റെ അംഭംഗി തന്നെയാണത്.
യേശു ജനിച്ചത് ഡിസംബർ 25 നാണെന്നതിന് ആധികാരികമായ തെളിവുമില്ല . ഇനി , ആണെന്ന് വന്നാലും യേശുവിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കലണ്ടറും ഇപ്പോഴത്തെ കലണ്ടറും ( ഗ്രിഗേറിയൻ , ജൂലിയൻ ) തമ്മിൽ 10 - 11 ദിവസങ്ങളുടെ വ്യത്യാസമുണ്ട്.
ജനിച്ച ദിവസം തന്നെ ജന്മദിനം ആചരിക്കണമെന്നില്ലെന്നതിനാൽ ക്രൈസ്തവ സഹോദങ്ങൾ ചെയ്യുന്നത് അസാംഗത്യം അല്ല താനും.
കേരളത്തിലെ മുസ്ലിം നേർച്ചകളും ക്രൈസ്തവ പള്ളിപ്പെരുന്നാളുകളും ക്ഷേത്രങ്ങളിലെ ഉൽസവങ്ങളും മഴയൊഴിയുന്ന മകരം, കുംഭം, മീനം മാസങ്ങളിലായത് ആ അർത്ഥത്തിലാണ്.
ഇതറിയാതെ , കേരളത്തിലെ ദർഗകളിൽ അടക്കം ചെയ്യപ്പെട്ടവരെല്ലാം ഒരേ കാലത്ത് മരണപ്പെട്ടവരാണോ എന്ന് ചോദിക്കുന്നവരെ കാണാം. എന്നാൽ , ഗമനാഗമന സൗകര്യങ്ങൾ സാർവ്വത്രികമായ ഇക്കാലത്ത് / അതുള്ള പ്രദേശങ്ങളിൽ അക്കാലത്ത് തന്നെ ആ പരിഗണന ഇല്ല / ഉണ്ടായിരുന്നില്ല .
സുന്നീ / സൂഫീ / മദ്ഹബീ സമൂഹം നടത്തുന്ന നബിദിനം , ഉറൂസ് തുടങ്ങിയവക്ക് മറ്റൊരു മാനം കൂടിയുണ്ട്. ഓരോ കാലഘട്ടക്കാരും പ്രദേശവാസികളും അവരവരുടെ ഈമാനിന് നേരിട്ട് കാരണമായവരുടെ ജന്മദിനമാണ് കൊണ്ടാടാറുള്ളത്. അവരുടെ ജനസ്വാധീനം , കാലാതിവർതിത്വം എന്നിവയനുസരിച്ച് ജന്മ / മരണ ദിനാചരണങ്ങൾക്കും വലിപ്പച്ചെറുപ്പങ്ങളുണ്ടായി. ചിലത് മഹല്ലുകളിൽ ഒതുങ്ങി. ചിലത് ദേശീയവും ആഗോളീയവുമാവുകയും ചെയ്തു.
എല്ലാ പ്രവാചകന്മാരുടെയും വിശേഷങ്ങൾ സംലയിച്ച പരിപൂർണ്ണതയാണ് മുഹമ്മദീയത (സ്വ) . നബിദിനമെന്നാൽ ജനിച്ച / നിര്യാണം വരിച്ച കഥകൾ പറയുന്ന ചടങ്ങല്ല . തൗഹീദിനെയും രിസാലതിനെയും ആദ്യമധ്യാന്തം വിഷയവൽക്കരിക്കുന്ന ഇസ്ലാമിന്റെ വാർഷികാചരണം എന്ന അർത്ഥത്തിൽ തന്നെയാണ് നബിദിന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ ക്രമീകരിക്കാറുള്ളത്. അതിനാൽ അന്ത്യപ്രവാചക സ്മരണ സകലപ്രവാചക സ്മരണ തന്നെയാണ്.
അതേ അർത്ഥത്തിൽ , ഓരോ ത്വരീഖതും ചെന്ന് മുട്ടുന്ന മഹാന്മക്കളുടെ അനുസ്മരണം ആ കണ്ണിയിലെ എല്ലാവരെയും അനുസ്മരിക്കുന്നതിന് തുല്യവും .
എന്നാൽ , ഇയ്യിടെയായി കൂടുതലായി കാണപ്പെടുന്ന - മരണപ്പെടുന്ന ഉസ്താദുമാരുടെയെല്ലാം പേരിൽ ഉറൂസുകൾ ആചരിക്കുന്ന പ്രവണത നിരുൽസാഹപ്പെടുത്തേണ്ടതും കാര്യത്തിന്റെ അന്ത:സത്തക്ക് നിരക്കാത്തതുമാണ്.
നഖ്ലിയ്യായ തെളിവിനേക്കാൾ അഖ്ലിയ്യായ തെളിവ് പ്രധാനമാകുന്ന സന്ദർഭങ്ങളിലൊന്നാണത്.
മൂന്ന് :
" ആരാണ് വലിയ ശത്രു " ?
ഇസ്ലാമികവിശ്വാസ പ്രകാരം ഒരു മനുഷ്യന് സാധിക്കുന്ന ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവർത്തനം അല്ലാഹുവിലേക്ക് ജനങ്ങളെ നയിക്കുക എന്നതാണ്.
കാരണം , ശാശ്വതമായ ജയപരാജയം , രോഗാരോഗ്യം അതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
അന്ത്യപ്രവാചകന്റെ നിയോഗത്തെ സംബന്ധിച്ച് : " സർവ്വലോകങ്ങളുടെയും കാരുണ്യസത്ത " എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. പുണ്യനബി (സ്വ) യുടെ കാരുണ്യം വിശദീകരിക്കുമ്പോൾ തത്വദീക്ഷയില്ലാതെ ചിലർ , അവിടന്ന് മാനിനോടും ആടിനോടും കിളിയോടും ഒട്ടകത്തോടും തേളിനോടും പിന്നെ പെൺകുട്ടിയോടും അടിമക്കുട്ടിയോടുമൊക്കെ കാണിച്ച ഭൗതികമായ ദയാവായ്പുകളെ ഉദാഹരിച്ച് വിശദീകരിക്കാറുണ്ട് .
എന്നാൽ , ഖുർആൻ ഉന്നയിച്ച കാരുണ്യത്തിന്റെ മർമ്മം ,
അവിടന്ന് ജനങ്ങളോട്
" നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ , നിങ്ങൾ വിജയിക്കട്ടെ ! " എന്ന് പറഞ്ഞ് കൊണ്ടേയിരുന്നതാണ് . പരലോകവും രക്ഷാശിക്ഷയുമുള്ള മനുഷ്യവർഗത്തിന് ബാധിക്കാവുന്ന ഹൃദയ രോഗങ്ങളെ ചികിൽസിച്ചതാണ് നബി (സ്വ) ചെയ്ത ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനം .
ആ അർത്ഥത്തിൽ സത്യ പ്രബോധകരാണ് ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകർ. ബാക്കിയൊക്കെ അതിന്റെ ഭാഗങ്ങൾ മാത്രമാണ് .
പറഞ്ഞുവന്നത് : സത്യം കണ്ടെത്താൻ കഴിയാത്തവരോട് പുണ്യനബി (സ്വ) കാത്ത് സൂക്ഷിച്ച ആത്യന്തിക വികാരം ശത്രുത ആയിരുന്നില്ല . കരുണയും സഹതാപവുമായിരുന്നു.
ആ കാരുണ്യ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയവരെ സംബന്ധിച്ച് മാത്രമേ ശത്രുക്കൾ എന്ന് പറഞ്ഞിട്ടുള്ളൂ . ആ പറഞ്ഞതാകട്ടെ യുദ്ധഭൂമിയിൽ മാത്രമാണ് താനും , ആപേക്ഷികമാണെന്നർത്ഥം .
അതേ സമയം , പിശാചിനെ ഖുർആൻ നിരപേക്ഷ ശത്രുവായി പ്രഖ്യാപിച്ചിട്ടുണ്ട്.
കാരണം , പിശാചിന്റെ പ്രകൃതം തിന്മയാണ്.
മനുഷ്യന്റെ നൈസർഗിക പ്രകൃതം നന്മയാണ് , ഏത് നിമിശവും ഏത് വഴി തെറ്റിയ മനുഷ്യനും അത് തിരിച്ച് പിടിക്കാൻ സാധിക്കും .
അതിനാൽ , വഴിപിഴച്ചവരോ വഴിയെ പിഴപ്പിച്ചവരോ ശത്രുക്കളല്ല. സഹതാപവും കരുണയും അർഹിക്കുന്നവരാണ്.
ശരീരം രോഗഗ്രസ്തരായവരേക്കാൾ ദയയർഹിക്കുന്നത് മസ്തിഷ്ക ജ്വരം ബാധിച്ചവരാണ് , അതാണ് കാര്യം .
ഇനി , അത്തരക്കാരെയല്ല , മറിച്ച് അവരുടെ പ്രത്യയശാസ്ത്രത്തെയാണ് ശത്രുതയോടെ കാണുന്നത് എന്ന് പറയുന്നതിനും അർത്ഥമില്ല. കാരണം, വിപരീത പ്രത്യയ ശാസ്ത്രങ്ങളെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കാതെ സ്വന്തം പ്രത്യയ ശാസ്ത്രം മാത്രം പറയാനും ആവശ്യമാണെന്ന് വന്നാൽ മാത്രം അവയെ സംവാദാത്മകമായി കാണാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അവിടെയും അവയെ പരിഗണിക്കേണ്ടതുണ്ടെന്നതിനാലാണ് ഇതര ദൈവങ്ങളെ ചീത്ത വിളിക്കരുതെന്ന് ഖുർആൻ പറഞ്ഞത്. സംവാദാത്മകമായി അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കലും ശത്രുതയോടെ എതിർക്കലും രണ്ടും രണ്ടാണ്.
മക്കക്ക് പുറത്തെ മിഡിലീസ്റ്റിലോ ചിന്താവിപ്ലവങ്ങളുടെ യവന പ്രദേശങ്ങളിലോ ഖുർആൻ അവതരിക്കാതിരുന്നതിന്റെ പൊരുളുകളിലൊന്ന് അനാവശ്യ തർക്കങ്ങൾക്ക് ഇടം കൊടുക്കാതിരിക്കുക എന്നതായിരുന്നു. കാരണം , പുണ്യ നബിക്ക് ഇതര വേദക്കാരുമായും ഗ്രീക്ക് താർക്കികന്മാരുമായും വാഗ്വാദം നടത്താനേ അപ്പോൾ നേരം കിട്ടുമായിരുന്നുള്ളൂ,
ഉദാത്തമായൊരു ജീവിത രീതി ഡിസ്പ്ലേ ചെയ്യാൻ കഴിയാതെ പോവുമായിരുന്നു.
സ്വന്തം അജണ്ട തീരുമാനിക്കാൻ മറ്റുള്ളവരെ സമ്മതിക്കാതിരുന്ന ജാഗ്രതയാണ് വിജയിച്ച മുഹമ്മദ് (സ്വ) .
അതിനാൽ ആരും ശത്രുക്കളല്ല.
Leave a Reply