In Spiritual
By ശുഐബുൽ ഹൈതമി
അലാ ബിദിക്രില്ലാഹ് ..
മനസ്സ് സ്വസ്ഥമാവാനുള്ള ഉപാധികൾ ഏതൊക്കെയാണെന്ന് ഇസ്ലാമിനോളം മറ്റൊരു പ്രത്യയശാസ്ത്രവും വ്യക്തമാക്കിയിട്ടില്ല. എന്നു മാത്രമല്ല , പുകൾപ്പെറ്റ പല തത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും ആത്മാവ് - മനസ്സ് കൂട്ടുകെട്ടിനെ കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടു പോലുമില്ല. അല്ലാഹുവിനെ ഓർക്കുക വഴി മാത്രമാണ് ഹൃദയശാന്തി കൈവരികയുള്ളൂ എന്ന തത്വം പലതലങ്ങളിൽ ആശയസമ്പന്നമാണ്. ചിന്തിക്കുന്ന മനുഷ്യന്റെ ഒന്നാമത്തെ അസ്വസ്ഥത ഈ പ്രപഞ്ചത്തിന്റെ പിറകിലുള്ള ശക്തിയും സംവിധാനവും ആരാണ് , എന്താണ് കുഴക്കുന്ന സമസ്യയാണ്. അല്ലാഹു എന്ന ഉത്തരത്തിലേക്കെത്തിച്ചേരാത്തവർ സ്വയം ചോദ്യചിഹ്നങ്ങളായി സദാസമയം പരമത ദൂഷണവും ദോഷൈകദൃഷ്ടിയുമായി മരിക്കാതിരിക്കുന്നത് കൊണ്ട് മാത്രം ജീവിക്കേണ്ടി വരികയും കുരങ്ങോ അതല്ലാത്ത മറ്റേതോ ജീവിയോ ആയ പൊതുപൂർവ്വീകന്റെ മക്കളാണെന്ന് കരുതുകയും ചെയ്യേണ്ടിവരും.
രണ്ടാമത്തെ അസ്വസ്ഥത മനസ്സിന്റെ പൂർണ്ണമാവാത്ത ആനന്ദങ്ങളുടെയും വിനോദങ്ങളെയും സംബന്ധിച്ചിട്ടുള്ളതാണ്.
അവിടെ , ലിബറലിസവും ആധുനികതയും മുന്നോട്ട് വെക്കുന്ന ഭൗതികമായ എല്ലാ സുഖങ്ങളും ക്രമേണെ അസുഖങ്ങളിൽ കലാശിക്കും . പരിധികളില്ലാത്ത ലൈംഗിക സ്വാതന്ത്ര്യങ്ങളുടെ മറുപുറം കൊലപാതകങ്ങളും ബലാൽസംഘങ്ങളും മാത്രമാണ്. താൽക്കാലികമായ ആനന്ദങ്ങൾ പ്രദാനിക്കുന്ന ലഹരിപദാർത്ഥങ്ങൾ ക്രമേണെ മനുഷ്യരെ രണ്ടു കാലുള്ള മൃഗങ്ങൾ മാത്രമാക്കുന്നു. എന്തിനധികം , അനിയന്ത്രിതമായ ഭക്ഷണം പോലും ആരോഗ്യം ക്ഷയിപ്പിച്ച് മനുഷ്യരെ അരികിലൊതുക്കുന്നു. പക്ഷെ ആത്മീയമായ ബദൽ ആനന്ദങ്ങളാണ് ഇബാദതുകൾ .
തുടങ്ങിക്കിട്ടാൻ ചില " അസുഖ" ങ്ങൾ മുടക്കമാവുമെങ്കിലും ക്രമേണെ അത് സുഖപ്രദവും തീരാത്ത സന്തോഷങ്ങളിലും എത്തിക്കുന്നു. നമസ്ക്കാരത്തിന് തൊട്ടുടനെ മദ്യം നിരോധിക്കപ്പെട്ടതിന്റെ പൊരുളതാണ്.
തകർക്കുന്ന ഭൗതിക ലഹരിക്കെതിരെ തളിർക്കുന്ന ആത്മീയലഹരി മുന്നോട്ട് വെച്ചുവെന്നതാണ് ഇസ്ലാമിന്റെ മികവ്.
ഇന്ന് ഗവൺമെന്റും മറ്റും നടത്തുന്ന ലഹരിവിരുദ്ധ ക്യാംപയിനുകൾ അപൂർണ്ണമാണ് . കാരണം ബദൽ നിർദ്ദേശിക്കാത്ത വിമർശനങ്ങൾ സാധുവല്ല. മനുഷ്യരുടെ മൂന്നാമത്തെ അസ്വസ്ഥത ശാരീരികമാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന ആരോഗ്യ സംസ്ക്കാരം മനുഷ്യശരീരത്തിന്റെ വൃത്തി , പരിസരശുചീകരണം , പ്രതിരോധ കുത്തിവെപ്പ് , ക്വാറന്റൈൻ തുടങ്ങിയ എല്ലാറ്റിനെയും ഉൾക്കൊള്ളുന്നുണ്ട്. കഴിഞ്ഞ ദിവസം , ഇസ്ലാം വിരോധികളിൽ ചിലർ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി കയറി. ലൈംഗിക സംശുദ്ധിയുടെ ഏറ്റവും ആധുനികമായ രീതിയായി വൈദ്യശാസ്ത്രം അംഗീകരിക്കുന്ന ഒരുകാര്യത്തിനെതിരെ ശബ്ദിക്കുന്നവർ മറ്റൊരു ഭാഗത്ത് സ്ത്രീയായി മാറാൻ ആഗ്രഹിക്കുന്ന പുരുഷന് ലിംഗം അടിമുടി ഛേദിക്കാനും പുരുഷനായി മാറാൻ കരുതുന്ന സ്ത്രീക്ക് സ്തനവും പ്രജനനാവയവവും പൂർണ്ണമായി ചുരണ്ടിയെടുക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുന്നവരാണെന്നതാണ് കൗതുകം. ആധുനിക മനുഷ്യന്റെ നാലാമത്തെ അസ്വസ്ഥത സാമൂഹിക പ്രശ്നങ്ങളാണ്. പരസ്പര ഗുണകാംക്ഷ മുഖമുദ്രയാക്കാനും സമാധാനത്തിന്റെ പ്രാർത്ഥനാഭിവാദ്യം നേരാനും വിനയം പൊതുനയമാക്കാനും ജീവകാരുണ്യം ജീവിതവൃത്തിയാക്കാനും ദാനം പതിവാക്കാനുമൊക്കെ കൽപ്പിക്കുന്ന ഇസ്ലാമിനോളം വരുന്ന മറ്റെന്ത് സാമൂഹിക നന്മയാണ് ലോകത്തുള്ളത് ?
മേൽപ്പറയപ്പെട്ടവയുടെ നേർവിപരീതമാണ് നിർമ്മതം. നൈമിഷികമായ ആനന്ദങ്ങളാണ് അതിന്റെ ലക്ഷ്യം. അക്രമവും പരിഹാസവുമാണ് അതിന്റെ മാർഗം. എല്ലാം അറിഞ്ഞുതികഞ്ഞവർ എന്ന നാട്യമാണ് അതിന്റെ വക്താക്കളുടെ മുഖമുദ്ര. മുൻധാരകൾ മാത്രമാണ് അവരുടെ പ്രേരണ . ലോകത്ത് ഏറ്റവുമധികം വിഷാദരോഗികളുള്ളതും വിഷാദരോഗത്തിനുള്ള മെഡിസിൻ സപ്ലൈ ചെയ്യപ്പെടുന്നതും നിർമ്മത നാസ്തിക സമൂഹങ്ങൾക്കിടയിലാണ് .
മൂന്നിലൊന്നും നാലിലൊന്നും മുതൽ പന്ത്രണ്ടിലൊന്നും വരെയാണ് ആത്മഹത്യാനിരക്കുകൾ. ലോകചരിത്രത്തിലും ഏറ്റവും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയവർ യഥാർത്ഥ സ്രഷ്ടാവിനെ നിരാകരിച്ച് സ്വയം ദൈവതം ചമഞ്ഞ നിരീശ്വരവാദികളായ ഏകാധിപതികളായിരുന്നു. അല്ലാഹുവിന്റെ അടിമത്തത്തിൽ നിന്നും അവർ മനുഷ്യരെ സ്വന്തം അടിമകളാക്കി മാറ്റി. ഞങ്ങൾ സ്രഷ്ടാവിനെയോ മതത്തെയോ അനുസരിക്കില്ല എന്ന് വീമ്പുപറയുന്നവർ സ്വന്തം തോന്നലുകളെയാണ് മതമാക്കുന്നത്. അവനവന്റെ തന്നെ സമാധാനത്തിന് കാരണമാവാത്ത ഇത്തരം ജൽപ്പനങ്ങൾ കൊണ്ട് സാമൂഹിക സമാധാനം ലഭിക്കുമെന്നത് പാഴ്കിനാവ് പോലുമല്ല.
Leave a Reply