In Ideal
By ശുഐബുൽ ഹൈതമി
ജാതിവ്യവസ്ഥ : ഒസ്സാൻ , പേറ്റിച്ചി , അമിലിയ്യാത്ത് .
ക്ഷുരകവൃത്തി ചെയ്യുന്ന ബാർബറിന് പള്ളിഭരണം വിലക്കിക്കൊണ്ടുള്ള അങ്ങേയറ്റം കിരാതമായ കത്ത് കണ്ടു.
" ഇസ്ലാമും ജാതി സങ്കൽപ്പവും " ഇടക്കിടെ ചർച്ചയാവാറുള്ളതിനാൽ വസ്തുത കുറിക്കുന്നു. നാമാന്യം ദീർഘിച്ചേക്കാം , വിഷയം മനസ്സിലാക്കണമെന്നുള്ളവർക്ക് വായിക്കാം.
അങ്ങനെയൊരു വിവരദോഷജന്യമായ കത്ത് പുറപ്പെട്ട ബോധം ഇസ്ലാമല്ല , മോഡേൺ കരിയർ / പ്രൊഫഷണൽ സങ്കൽപ്പത്തിൽ നിന്നാണ് ആ സിദ്ധാന്തം രൂപപ്പെട്ടത്.
ഒന്ന് :
പലരും തെറ്റിദ്ധരിച്ചത് പോലെ ഇസ്ലാമിൽ "താഴ്ന്ന ജോലി " എന്നൊരു കാറ്റഗറി ഇല്ല . നിഷിദ്ധവും അപ്രിയകരവുമായ പ്രവർത്തനങ്ങൾ ഉണ്ട് . അത് മതവിധികളുമായി ബന്ധപ്പെട്ട കള്ള് ചെത്ത് , പലിശക്കൊടുതി , വേശ്യാവൃത്തി തുടങ്ങിയ ഏർപ്പാടുകളാണ് .
അതേസമയം , ബാർബർ , തോട്ടി, കശാപ്പുകാരൻ , കുടീരം വെട്ടി , കുശവൻ , ചെരിപ്പുതുന്നി , തൂപ്പുകാരൻ , അലക്കു - തേപ്പുകാരൻ , ഇരുമ്പ് - കൽ പണിക്കാരൻ , വിറകുവെട്ടി , ചാക്ക് തുന്നി , വെള്ളം കോരി ( Read in neutral gender ) തുടങ്ങിയ സാധാരണ ഉപജീവനമാർഗമായി പരിഗണിക്കപ്പെടുന്ന ജോലികൾ ചെയ്യുന്നവർ ഒരിക്കലും ഇസ്ലാമികമായി താഴ്ന്നവരേയല്ല. ചിലപ്പോൾ ഏറ്റവും ഉന്നതർ അവരാവാം. അപ്പറയപ്പെട്ട പലതും പല പ്രവാചകന്മാരുടെയും തൊഴിലുകളായിരുന്നു.
മറിച്ച് , സാമൂഹികമായ നിരീക്ഷണമാണ് അത്തരം തൊഴിൽപ്പരമായ നിമ്ന്നോന്നതികൾ . ഭൗതികമായി ഏർപ്പെടുന്ന വ്യവഹാരങ്ങൾ കൊണ്ട് ഔന്നത്യം ഉണ്ടാവുന്നത് രണ്ട് ദർശനങ്ങളിലാണ്.
ഒന്ന് വർണ്ണ എന്ന ജാതിവ്യവസ്ഥ , മറ്റൊന്ന് ആധുനികതാബോധം .
ഫലത്തിൽ രണ്ടും ഒന്ന് തന്നെ .
സമൂഹത്തിൽ അങ്ങനെയൊരു ചിന്താഗതി പ്രാധാന്യപൂർവ്വം പരിഗണിക്കപ്പെടുന്നുവെന്നത് ഒരു യാഥാർത്ഥ്യമായതിനാൽ വൈവാഹികച്ചേർച്ച വിശദീകരിക്കുമ്പോൾ " താഴ്ന്ന പണികൾ " എന്നർത്ഥം വരുന്ന
" دنائة الحرف"
എന്ന പ്രയോഗം കിതാബുകൾ ഉപയോഗിച്ചു എന്ന് മാത്രം .
ആ ഉയിർത്താഴ്ച്ചകൾ ഇസ്ലാം ഉണ്ടാക്കിയതല്ല. എന്നും സമൂഹത്തിൽ നിലനിന്നിരുന്ന , നിലനിൽക്കുന്ന പൊതുബോധമാണത്. സാമൂഹിക വ്യവഹാരങ്ങൾ വിശദീകരിക്കുമ്പോൾ അപ്രായോഗികമായ പുന: ഘടനയല്ല ഇസ്ലാം മുന്നോട്ട് വെച്ചത്. മറിച്ച് ,
നിലനിൽക്കുന്ന അരാജകത്വങ്ങളെ വ്യവസ്ഥാപിതമാക്കാനായിരുന്നു ശരീഅത് .
കാഷ്ടം കോരുന്നവരും രാഷ്ട്രം ഭരിക്കുന്നവരും മതപദവിയിൽ ഒരുപോലെയാവാം , പക്ഷെ സാമൂഹിക പദവിയിൽ ഒരുപോലാവില്ല .
മതരഹിതമായ പൊതുബോധമനുസരിച്ചാണ് ജോലിയുടെ ഉയിർത്താഴ്ച്ചകൾ ഉള്ളത്.
ഡോക്ടർ, എഞ്ചിനീയർ , സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ , രാഷ്ട്രീയ പ്രമുഖർ , വ്യവസായികൾ , കലാകായിക താരങ്ങൾ തുടങ്ങിയവർ ജീവിതപങ്കാളികളെ തെരെത്തെടുമ്പോൾ സമാന " പദവി" യിലുള്ളവരെ മാത്രം തെരെഞ്ഞെടുക്കുന്നത് അവരുടെ വീക്ഷണമനുസരിച്ച് അവരേക്കാൾ പ്രൊഫഷണലീ താഴ്ന്നവർ അനുയോജ്യരല്ല എന്ന് മനസ്സിലാക്കിയാണ്.
ഒരു പരിധിയോളം അത് മാനസികവും ശാരീരികവും സാമ്പത്തികവുമായി ശരിയുമാണ്. ഈ കാഴ്ച്ചപ്പാട് അനിഷേധ്യവും മൂർത്തവുമായതിനാൽ ഇസ്ലാം വിവാഹച്ചേർച്ച വിശദീകരിക്കവേ , ബന്ധം സ്ഥാപിക്കുമ്പോൾ തൊഴിൽപരമായ സാധർമ്മ്യം ( كفائة ) പരിഗണിക്കണം എന്ന് പറയുകയായിരുന്നു.
അതിലെവിടെയാണ് ജാതീയത ?
രണ്ട് :
ഇസ്ലാമിൽ , മാന്യമായ ഏത് ജോലിയും ഒരുപോലെയാണ്. പാരത്രികമായ ഉപകാരത്തിന്റെ തോതിനൊത്ത് പ്രോൽസാഹനം കൂടുകയും കുറയുകയും ചെയ്യും . അതാകട്ടെ ആപേക്ഷികമാണ് താനും .
ഉദാഹരണത്തിന് , അറിവ് പകർന്ന് കൊടുക്കൽ അത്യന്തം പുണ്യകരമാണ്.
എന്നാൽ അവർക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നവർക്കും അതേ പുണ്യം കിട്ടും .
ജീവകാരുണ്യം അങ്ങേയറ്റം പുണ്യകരമാണ് , അവർക്കാ ബോധം പ്രദാനിക്കുന്നവർക്കും അതേ പുണ്യം കിട്ടും. ബലിയറുക്കൽ പുണ്യകരമാണ് , പക്ഷെ മുതലാളിക്ക് അറവ് വശമില്ല , അപ്പോൾ കാശാപ്പുകാരനും കിട്ടും ബലി സാധിപ്പിച്ചതിന്റെ പുണ്യം.
അത്രയേ ഉള്ളൂ , അത്രയുമുണ്ട്.
ആധുനികതയുടെ നിർമ്മിത പൊതുബോധമാണ് വാസ്തവത്തിൽ വിവേചനം കാണിക്കുന്നത്. ഉദാഹരണത്തിന് , ചേലാകർമ്മം ചെയ്ത് കൊടുക്കുന്ന ഒസ്സാനെ അവമതിപ്പോടെ കാണുമ്പോൾ അതേ ജോലി ചെയ്യുന്ന ഡോക്ടറെ ബഹുമാനത്തോടെ കാണുന്നു.
പേറെടുക്കുന്ന ആയയെ അവമതിപ്പോടെ കാണുമ്പോൾ ഗൈനക്കോളജിസ്റ്റിനെ അങ്ങേയറ്റം ആദരിക്കുന്നു.
രക്തവുമായി ബന്ധപ്പെടുന്നുവെന്ന കാരണത്താൽ ഹജ്ജാം അഥവാ കൊമ്പുവെക്കുന്നയാൾ വരുമ്പോൾ കണ്ണ് ചുളിഞ്ഞ് മാറി നിൽക്കുമ്പോൾ സർജൻ വരുമ്പോൾ ഭവ്യതയോടെ മാറിനിൽക്കുന്നു. പ്രമുഖർ നേരം പോക്കിന് കൃഷി ചെയ്യുന്നതിനെ പുകഴ്ത്തുമ്പോൾ കർഷകനെ രണ്ടാം തരക്കാരനാക്കുന്നു. ശതകോടീശ്വരൻ കീറത്തുണി ചുറ്റുന്നത് ഹീറോയിസവും സാധാരണക്കാരൻ അണിഞ്ഞതിൽ കീറലുണ്ടെങ്കിൽ അയാൾ സഭക്ക് പറ്റാത്തവനാവുന്നു.
ആ രീതിയൊന്നും ഇസ്ലാമിലില്ല.
മൂന്ന് :
രോഗസാംക്രമികമായ രക്തം മൃഗങ്ങളുടെ കൊമ്പോ സമാന ഉപകരണമോ വെച്ച് തുളച്ച് വലിച്ചെടുക്കുന്ന ജോലി പണ്ട് സജീവമായിരുന്നു. അതിന് വിവിധ രൂപങ്ങളുണ്ട് .
അവർക്ക് അറബിയിൽ ജനറലീ
حجام
എന്നാണ് പറയുക. അവരുമായി അവരെപ്പോലല്ലാത്തവർ വിവാഹ ബന്ധത്തിലേർപ്പെടുന്നത് നന്നില്ല എന്ന് പറയപ്പെട്ടത് മുമ്പ് വിശദീകരിച്ചത് പോലെയാണ്. വിവാഹം അസാധുവാണ് എന്ന് പറഞ്ഞിട്ടില്ല താനും. പണ്ട് , അത്ര ശാസ്തീയമായ ഉപകരണങ്ങളൊന്നുമുണ്ടായിരുന്നില്ലാത്തതിനാൽ അത്തരം വ്യക്തിയുടെ ശരീരം , വസ്ത്രം , ചുറ്റുപാട് തുടങ്ങിയവ മറ്റുള്ളവർക്ക് അത്ര സഹ്യമായിരുന്നില്ല. Well equipped ആയ ഇക്കാലത്ത് ആ പ്രശ്നം ഇല്ലെങ്കിൽ ആ നിയമം ബാധകവുമല്ല .
കാരണം , അവിടെ ഇസ്ലാം നിരീക്ഷിച്ച കാരണം നിലനിൽക്കുന്നില്ല. മാലിന്യങ്ങളായി ബന്ധപ്പെടലല്ല പ്രശ്നം , അതിന് ശേഷമുള്ള വിമലീകരണമാണ് .
പശുക്കളെ പോറ്റുന്ന വീട്ടിലേക്ക് , അല്ലെങ്കിൽ മൽസ്യം ഉണക്കാനിട്ട പ്രദേശങ്ങളിലേക്കൊക്കെ അത്തരം സാഹചര്യങ്ങൾ പരിചയമില്ലാത്തയിടങ്ങളിൽ നിന്ന് വിവാഹം ചെയ്തയക്കപ്പെടുന്നവർക്ക് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാവും. ചിലർ ക്രമേണെ സാഹചര്യത്തോട് അഫോർബിളാവും , ചിലർ വീടും സ്ഥലവും മാറ്റും. ഇതൊക്കെ കൺമുമ്പിലെ അനുഭവങ്ങളാണ്. സമഗ്ര ജീവിത പദ്ധതി എന്ന നിലയിൽ
ആ യാഥാർത്ഥ്യം വിശദീകരിക്കുകയായിരുന്നു ഇസ്ലാമിക കർമ്മശാസ്ത്രം .
നാല് :
ഇപ്പോഴത്തെ ബാർബറിന് ഒരിക്കലും
حجام
ന്റെ നിയമമല്ല. ബാർബർ മലിന രക്തവുമായി ബന്ധപ്പെട്ട വൃത്തിയല്ല ചെയ്യുന്നത്. ബാർബർ ഇപ്പോൾ ബ്യൂട്ടീഷന്റെ / കേശാലങ്കാരിയുടെ സ്ഥാനത്താണ്. അറബിയിൽ
مزين
എന്നാണയാൾക്ക് പറയുക.
ബാർബർക്ക് അയിത്തം കൽപ്പിക്കുന്നവർ പ്രതിനിധീകരിക്കുന്നത് ഇസ്ലാമിനെയല്ല , ആധുനിക ലോകവീക്ഷണത്തെയാണ്.
കാരണം , വേതനം കുറഞ്ഞ ജോലി ചെയ്യുന്നവർ പദവി കുറഞ്ഞവരാണെന്ന് ആധുനിക പ്രൊഫഷണൽ / കരിയർ കാഴ്ച്ചപ്പാടാണ് പറയുന്നത്.
അഞ്ച് :
എന്നാലും , ഇസ്ലാമിൽ ജാതീയത ഇല്ലെന്ന് പറയാനാവുമോ എന്നതാണ് പലരും ചോദിക്കുന്നത്.
ജാതി - വർണ്ണ വ്യവസ്ഥ എന്നാൽ ജന്മാർജ്ജിത ( Ascribed )മായ തൊഴിൽ വിഭജന സിദ്ധാന്തമാണ്. ആ തൊഴിലുകൾക്കനുസരിച്ചാവും ഭൗതിക - സാമൂഹിക പദവി.
ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ചണ്ഡാള / ശുദ്ര വിഭാഗീകരണത്തിന് സമാനമല്ല ഇസ്ലാമിലെ ആത്മീക പദവീവിന്യാസം. ഭൗതികമായി ഇസ്ലാമിൽ പദവിയില്ല , ഉത്തരവാദിത്വമേ ഉള്ളൂ .
Privilege എന്ന സങ്കൽപ്പം ആധുനികമാണ് , Responsibility യാണ് ഇസ്ലാമിൽ .
സ്വജാതീയ വിവാഹമേ ജാതിവ്യവസ്ഥ സമ്മതിക്കുകയുള്ളൂ , ജോലി മാറ്റാനും പറ്റില്ല . അങ്ങയൊന്ന് ഇസ്ലാമിൽ എവിടെയാണുള്ളത് ?
പ്രവാചക പൗത്രന്മാർക്ക് ലഭ്യമാവുന്ന പദവി ഭൗതികമല്ല , ആത്മീകമാണ്.അവർക്ക് നിയതമായ തൊഴിൽ ഇല്ല .
തൊഴിലുമായി ബന്ധപ്പെട്ട പദവികളുമില്ല.
ഏത് പണിയും ചെയ്യാം .
അവരല്ലാത്തവരുമായി വിവാഹ ബന്ധത്തിലേർപ്പെടാം .
ഭൗതികമായി അവർ വഹിക്കുന്ന ഏത് പദവിയും അവരല്ലാത്തവർക്കും വഹിക്കാം. ചിലപ്പോൾ അവരേക്കാൾ ഭൗതിക - സാമൂഹിക- സാമുദായിക പദവി അവരല്ലാത്തവർക്കുമാവാം . പ്രവാചകന്റെ പിൻഗാമികളിൽ ആദ്യത്തെ മൂന്ന് പേർ പ്രവാചക പരമ്പരയിൽ നിന്ന് പുറത്തുള്ളവരായിരുന്നു .
അഹ്ലുബൈതും വർണ്ണ വ്യവസ്ഥയും തമ്മിൽ സമാനതയില്ല. ഈ യാഥാർത്ഥ്യം അറിയാത്തതിനാൽ , മതവിമർശകർക്ക് മറുപടി കൊടുക്കാനാവില്ലെന്ന് പറഞ്ഞ്
പ്രവാചക സന്താന പരമ്പരക്ക് മഹത്വമില്ലെന്ന് പറയുന്ന ഇസ്ലാം പ്രചാരകർ വരെ ഇവിടെയുണ്ട്.
എന്നാൽ , ആത്മീയമായ സ്ഥാന - നിസ്ഥാനങ്ങൾ ഭൗതികമായ വ്യവഹാരങ്ങളുമായി , സാമൂഹിക പ്രക്രിയകളെ ബാധിക്കുന്നതല്ല.
ബാർബർക്ക്, ആർക്കും ഇസ്ലാമികമായി ചിന്തിച്ചാൽ , ജോലി മാറ്റാം . അതൊക്കെ വ്യക്തികൾ തെരെഞ്ഞെടുക്കേണ്ടതാണ്.
" ഒരു ജനത സ്വയം മാറാതെ അല്ലാഹു മാറ്റില്ല " എന്നാണ് ഖുർആൻ പറയുന്നത്.
മാറേണ്ടവർക്ക് മാറാം .
പൂർവ്വ പരമ്പരയുടെ കഥ പറയേണ്ട യാതൊരു കാര്യവുമില്ല.
തോട്ടിപ്പണിക്കാർ മുതൽ സിവിൽ സർവ്വീസ് പ്രമുഖർ വരെ പള്ളിക്കമ്മറ്റിയിൽ വരണം.
പരലോകത്ത് ഏറ്റവും നല്ല പദവിയുള്ള വാങ്ക് വിളിക്കാരാണ് ചിലയിടത്ത് മൂത്രപ്പുര വൃത്തിയാക്കുന്നത്. എങ്കിൽയോഗ്യനാണെങ്കിൽ കാഷ്ടം കോരി വൃത്തിയാക്കുന്നവനെത്തന്നെ പള്ളിക്കമ്മറ്റിയുടെ പ്രസിഡണ്ടുമാക്കണം .
അതായത് , മാന്യമായി ജീവിക്കാനെടുക്കുന്ന ജോലി ഒരാളെയും മാന്യതയെ ഇകഴ്ത്തുന്നില്ല. ഓരോ വേദിയോടും പദവിയോടും പുലർത്തേണ്ട മാന്യത പാലിച്ച് കൊണ്ട്
ഏത് ജോലി ചെയ്യുന്ന ആർക്കും ആരുമാവാം , ആ ജോലി ചെയ്യാനുള്ള അറിവും യോഗ്യതയും ഉണ്ടാവണമെന്ന് മാത്രം .
ആറ് :
ആ കത്തിന്റെ ഉടമസ്ഥരോട് പറയേണ്ടത് പണ്ടേ ഏകദേശം സമാനമായ ഒരു സംഭവത്തിൽ തത്വജ്ഞനും സൂഫിയുമായിരുന്ന ഉമർഖാദി പറയേണ്ടത് പറഞ്ഞിട്ടുണ്ട്.
അദ്ദേഹം താനൂരിൽ മുദരിസായിരിക്കേ , പളളിക്ക് വെളിയിൽ രണ്ട് കൂട്ടരുടെ വഴക്ക്.
കൂട്ടത്തിൽ വമ്പന്മാർ "തറ"വാടും പാരമ്പര്യവും പറഞ്ഞ് ഹുങ്ക് കാട്ടിയവരോട് നിമിഷ കവി ചുവരിൽ കുറിച്ചത്രെ :
" അയാ ഫാഖിറൻ ബിന്നസബി കൈഫത്തഫാഖുറൂ ..
വ അസ്ലൂകുമൂ മിൻ ഖബ്ലു തിയ്യൻ വ നായരൂ ..
വ ആശാരി മൂശാരി വ മണ്ണാനു വ പാണരു ..
വ കൊയപ്പാ വ ചെട്ടി വ നായാടി പറയരു .."പച്ച മലയാളത്തിൽ പറഞ്ഞാൽ ,
എടോ തറവാട്ടുജീവീ .... തന്റെ ബാപ്പാന്റെ ബാപ്പാന്റെ ബാപ്പാന്റെ പേരറിയോ തനിക്ക് .....
Leave a Reply