In Prophetic
By ശുഐബുൽ ഹൈതമി
ജിബ്രീലിൻ്റെ റൂട്ട് മാപ്പും ഈന്തപ്പായയിലെ അതീന്ദ്രിയതയും .
ഭൂമിയിൽ ജനിച്ചുവീണ ജലധിക്കോടി മനുഷ്യരിൽ , ലക്ഷക്കണക്കിന് മുഹമ്മദുമാരിൽ വെച്ച് മക്കത്തെ ആമിന പെറ്റ മുഹമ്മദിന് മാത്രം അവകാശപ്പെട്ട അടിസ്ഥാന പ്രത്യേകതയെന്താണ് ?
മനുഷ്യർ കയ്യെഴുത്ത് നടത്തിയ ഭാഷകളിലൊക്കെ ആയിരക്കണക്കിന് അപദാന കൃതികളും നൂറുക്കണക്കിന് ജീവചരിത്രങ്ങളും പിറന്നതാണോ ?
ഹെറാക്ലീസ് സീസർ മുതൽ ജോ ബൈഡൻ വരെയുള്ള സാമ്രാജ്യാധിപന്മാർ മഹാനാം പട്ടം നൽകിയതാണോ ?
ഇടയവൃത്തി ചെയ്ത അനാഥത്വത്തിൽ നിന്ന് അറ്റം കാണാത്ത ദിക്കുകളോളം പരന്ന മനുഷ്യർക്ക് സനാഥത്വം പകർന്നതാണോ ?
പച്ചവെള്ളവും ചീന്ത്കാരക്കയും ഉണക്കദണ്ഡും മാത്രം കൈയ്യേന്തിയ സമരപോരാളികളെ കൊണ്ട് തുടങ്ങി അലക്സാണ്ടർ ദി ഗ്രേറ്റിന് സാധിക്കാത്തത്രയും സ്ഥിരതയുള്ള ഭരണമണ്ഡലങ്ങൾ രൂപപ്പെടുത്തിയെന്നതാണോ ?
കാലത്തിൻ്റെ രണ്ട് മറുതലങ്ങൾക്കിടയിലെ യുഗപ്പകർച്ചകളുടെ ആദ്യമധ്യാന്തങ്ങളിലും ,ഉണ്മയുടെ രണ്ടറ്റങ്ങൾക്കിടയിലെ പ്രാതിഭാസിക വൈവിധ്യങ്ങളുടെ അടിനടുകൊടുമുടികളിലും ഉച്ചരിക്കപ്പെട്ട ഒരേയൊരു മനുഷ്യനാമം എന്നതാണോ ?
ആകാശത്തിൻ്റെ ഗഹനതയും ഭൂമിയുടെ ക്ഷമയും കാലത്തിൻ്റെ കരുത്തും കടലിൻ്റെ ദാനവും മനുഷ്യാകൃതി പൂണ്ട ആത്മചേതസ്സായിരുന്നുവെന്നതാണോ ?
നിഘണ്ടുവിൽ ലഭ്യമായ ഏതേത് ഭംഗിവാക്കുകളെടുത്ത് ഒരുഭാഗത്ത് വെച്ചാലും അതിനോട് അതിലേറെ ചേരുംപടി ചേരുന്ന വ്യക്തിവൈശിഷ്ട്യങ്ങളുടെ കലവറയായിരുന്നുവെന്നതാണോ ?
കണ്ണാലാരൂപം കാണാഞ്ഞിട്ടും കാതാലാസ്വരം കേൾക്കാഞ്ഞിട്ടും കൂടി ഒരു രോമകൂപത്തിൻ്റെ കൃത്യത പോലും തെറ്റാതെ , മിഴിതുറന്ന ചരിത്രം ഒപ്പിയെടുത്ത ഏക ചരിത്രപുരുഷനാണെന്നതാണോ ?
ഓർമ്മകളുടെ സായാഹ്നങ്ങളിൽ ആയിരത്താണ്ടുകൾക്കപ്പുറം വീശിയ ഇളംകാറ്റിൻ്റെ സീൽക്കാരങ്ങളേറ്റ് ത്രസിച്ച് പിടയുന്ന ജനകോടികളുടെ തരംഗമോ കണികയോ അല്ലാത്ത ഹൃദയവിജ്രംഭണമാണെന്നതാണോ ?
ടോൾസ്റ്റോയിയും തോമസ് കാർലെയും ഗഥേയും വാഷിങ്ങ്ടണിർവിനും ഗിബ്ബും മൂറും ഫിലിപ്പ് കെ ഹിറ്റിയും ബർണാഡ്ഷായും റൂസ്‌വെൽറ്റും മൈക്കലെച്ച്ഹാർട്ടും ഗാന്ധിജിയും വള്ളത്തോളുമൊക്കെ പ്രമേയമായും പ്രാസമായുമൊക്കെ ആ പേരുച്ചുരച്ചുവെന്നതാണോ ?
അല്ല ,അല്ലേയല്ല ,ഒരിക്കലുമല്ല .
പിന്നെന്താണ് ?
അത് ,അതിരുകളറിയപ്പെടാത്ത പൂർവ്വാകാശത്തിൻ്റെ മുകളിൽ നിന്നും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിൻ്റെ രിസാലത് സമ്പൂർണ്ണമാക്കാനുള്ള വഹ്യ് ലഭിച്ചുകൊണ്ടേയിരുന്നുവെന്നതാണ്.
നൂറുബില്യൺ നക്ഷത്രങ്ങളുള്ള നൂറായിരക്കണക്കിന് ഗ്യാലക്സികൾ പടച്ച് പരിപാലിക്കുന്ന പടച്ചവൻ , അവൻ്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയെത്തേടി , ഒരുതരി ഗോളമായ ഭൂമിയിലെ, ഒരുപൊരിത്തീരമായ കരയിലെ, ഒരുതരു അംശമായ അറേബ്യായിലെ , ഈന്തയോലകൾക്ക് ഈന്തത്തടികൾ തൂണാക്കി നാട്ടിക്കെട്ടിപ്പൊക്കിയ കുടിലനകത്തേക്ക് ,അവൻ്റെ ഏറ്റവും പ്രധാനമാലാഖയെ ദിവ്യബോധനത്തിൻ്റെ പൊതിയുമായി പറഞ്ഞയച്ചുവെന്നതാണ് .
അനുയായികളുടെ കൺവെട്ടത്തും കാണാമറയത്തും വെച്ച് , ഏക ഇലാഹിൻ്റെ നോട്ടവും നീട്ടവും ദിവ്യബോധനമായി ഏറ്റെടുക്കുമ്പോൾ മേലിരിക്കപ്പെട്ട ഒട്ടകം ഭാരം താങ്ങാനാവാതെ മുട്ടിടച്ചുവീണപ്പോഴും തൃപ്പാദങ്ങളോട് ചേർത്തുവെച്ച കൂട്ടാളികളുടെ കാലുകൾ എല്ലുകൾ നുരുമ്പുമാറ് ഞെരിഞ്ഞമർന്നപ്പോലും നെറ്റിയിൽ മുത്തുമണികളായ് തിളങ്ങുന്ന വിയർപ്പ് കണങ്ങളുമായി വഹ്യുകൾ പെയ്ത് നിറഞ്ഞ ഉടലായി ,ഉണ്മയായി ഉയന്നു എന്നതാണ്.
മദ്ഹ്പ്രഭാഷകരേ , സങ്കീർത്തനക്കാരേ , പൂങ്കുയിലുകളേ , വാനമ്പാടികളേ - ആമിനയുടെ മോൻ വഹ്യ് സ്വീകരിച്ചതാണ് വിശേഷം ,അതാണ് വിഷയം . ബാക്കിയൊക്കെ അതിൻ്റെ ശിഷ്ടങ്ങളാണ്. പ്രപഞ്ചം മുഴുവൻ മുസ്ലിമാണ് - ബാക്കി മനുഷ്യ - ഭൂതങ്ങളിൽ മുസ്ലിമിനെയും അമുസ്ലിമിനെയും വേർതിരിച്ചത് വഹ്യാണ്.
ദൈവാസ്തിക്യം ബോധ്യമാക്കിയത് വഹ്യാണ് .
തിരുനബിയുടെ വിടവാങ്ങലാഹ്വാനം കേട്ടപാടെ ഭൂഖണ്ഡലങ്ങളിലേക്ക് കുതിരപ്പുറമേറിയും പായക്കപ്പല് കയറിയും തപിക്കുന്ന മന്തറകളിലൂടെ പതക്കുന്ന പാദങ്ങളമർത്തി പാതകൾ വെട്ടിയും അസ്ഹാബ് പരന്നൊഴുകിയത് ആ വഹ്യിൻ്റെ പ്രസാദങ്ങൾ വിതരണം ചെയ്യാനാണ്.
വഹ്യാണ് ,വഹ്യാണ് ,വഹ്യാണ് .
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സല്ലം .
Leave a Reply