In Philosophy
By ശുഐബുൽ ഹൈതമി
പെരിന്നിയൽ ഫിലോസഫി : അതിന് ,സർവ്വമത സത്യവാദം !
വിഷയത്തിലേക്ക് വരുമ്മുമ്പ് കാണാനിടയായ കൗതുകകരമായ ഒരു വാർത്തയെ കുറിച്ച് പറയാം.
"സാമുഹ്യ,സാംസ്ക്കാരിക, രാഷ്ട്രീയ, നവോത്ഥാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഖുർആൻ സുന്നത്ത് സൊസൈറ്റി (ഫോർവേഡ് ബ്ലോക്ക്) സംസ്ഥാന കമ്മറ്റി ഏർപ്പെടുത്തിയ ചേകനൂർ മൗലവി & ഡോ: ഖമർ സമാൻ സ്മാരക മുത്തഖി അവാർഡിന് സാമുഹ്യ പ്രവർത്തകനും, യുക്തിവാദിയുമായ യു.കലാനാഥൻ മാസ്റ്റർ അർഹനായി"
യു. കലാനാഥന് ഭക്തിപുരസ്ക്കാരം നൽകാൻ തീരുമാനിച്ചതിനെ ന്യായീകരിച്ച് അവർ എഴുതിയതിന്റെ ചുരുക്കം ,ഖുർആൻ മുന്നോട്ട് വെക്കുന്നത് ഇസ്ലാമിക ജീവിതമല്ല മറിച്ച് മതേതര ജീവിതമാണെന്നായിരുന്നു.
ചേകനൂർ മൗലവിയെ ഒരുവിധം മലയാളികൾക്കറിയാം. ഹദീസുകളെ നിഷേധിക്കുന്നതോടൊപ്പം അതേ ഹദീസുകളിലൂടെ സ്ഥിരപ്പെട്ട ദിവ്യബോധനത്തെ അംഗീകരിക്കുകയും ഒടുവിൽ ദിവ്യബോധനത്തെ ഭൗതികബോധനമായി വ്യാഖ്യാനിക്കുകയും ചെയ്ത ഭ്രമിതവൃദ്ധനായിരുന്നു കക്ഷി.
എപിസ്റ്റമോളജിയുടെ ബാലപാഠമറിയാത്ത ചേകനൂരിന്റെ പേരിലുള്ള കടലാസും കാഷും നിലപാടുകളിൽ മിതത്വമുള്ള, ജ്ഞാനസമ്പാദനത്തിൽ മാനുഷ്യന്റെ പരിമിതി അംഗീകരിക്കുന്ന യു .കലാനാഥന് നൽകുന്നത് സ്വീകർത്താവിനെ അപമാനിക്കലാണ് എന്നതായിരുന്നു വാസ്തവം .
ചേകനൂർ ആരായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ശിഷ്യൻ കൂടിയായ എം എൻ കാരശ്ശേരി തന്നെ എഴുതിയത് വായിക്കാം.
" ചേകനൂര്‍ശൈലി' തീര്‍ത്തും പ്രകോപനമായിരുന്നു. പഴയകാലത്തെ പണ്ഡിതന്മാരെയും കര്‍മ്മശാസ്ത്ര വ്യാഖ്യാതാക്കളെയും അദ്ദേഹം അന്ത്യകാലത്ത് വന്നെത്താനുള്ള അധാര്‍മിക ജീവിയായ ദജ്ജാലിനോടും മുഹമ്മദ് നബിയുടെ മുഖ്യ ശത്രുവായ അബൂജഹലിനോടും ഉപമിച്ചു. ലോകത്തെങ്ങും ഇസ്ലാമിക ജീവിതവ്യവസ്ഥക്ക് രൂപം കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവയും നബിചര്യയും നബിവചനങ്ങളും രേഖപ്പെടുത്തിയവയും ആയ ഹദീസ് ഗ്രന്ഥങ്ങളെ അദ്ദേഹം വാറോലകള്‍ എന്നു വിളിച്ചു. സകല അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാരായവേര് കള്ളത്തരത്തില്‍ കെട്ടിയുണ്ടാക്കിയ ഈ ഹദീസുകളാണ് എന്നായിരുന്നു മൂപ്പരുടെ വാദം (ചേകനൂരിന്‍റെ രക്തം ) .
ചേകനൂരിന്റെ ആഗോള പതിപ്പായിരുന്നു ഡോ. ഖമർസമാൻ.
നമസ്ക്കാരം , നോമ്പ് ,ഹജ്ജ് എന്നീ ഇസ്ലാം കാര്യങ്ങളെ നിഷേധിച്ച് മൂന്ന് ഗ്രന്ഥങ്ങളെഴുതിയതാണ് അമേരിക്കയിൽ മരണപ്പെട്ട പാകിസ്ഥാൻകാരനായ ഖമർസമാന്റെ ഖ്യാദി.
സർവ്വമതസത്യവാദത്തിലേക്ക് നയിക്കുന്ന ഇസ്ലാം പഠനം പ്രത്യക്ഷത്തിൽ നടത്തി ഇസ്ലാമിനെ അതിന്റെ അടിസ്ഥാനമായ അതിഭൗതികതയിൽ നിന്നും അടർത്തി നശിപ്പിക്കലായിരുന്നു രണ്ടാളുടെയും ലക്ഷ്യം .
മൂന്ന് തരം പ്രേരണകളാണ് എല്ലാമതങ്ങളും ഏകസത്യത്തിന്റെ ഭിന്നഫലങ്ങളാണെന്ന സിദ്ധാന്തത്തെ വികസിപ്പിച്ചത്.
ഒന്നാമത്തേത് ,മതവും ജാതിയും സൃഷ്ടിക്കുന്ന സാമൂഹികശിഥിലീകരണത്തെ മറികടക്കാൻ ഭൗതികവാദികളായ നവോത്ഥാനനായകന്മാർ അങ്ങനെയൊരു വ്യഖ്യാനം നടത്തുകയായിരുന്നു. ദാരാ ഷൂക്കോഫ് മുതൽ സ്വാമിവിവേകാനന്ദൻ അടക്കം ശ്രീനാരായണ ഗുരുവരെ ആ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്.
മതാന്തര സംവാദങ്ങള്‍, ആശയസൗഹൃദങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിച്ച് വൈജ്ഞാനിക വിശ്ലേഷണം സാധ്യമാക്കുക എന്നതും ലക്ഷ്യമാക്കപ്പെട്ടിട്ടുണ്ട്.
ബഹുസ്വര രാഷ്ട്രീയത്തിനും രാഷ്ട്ര നിര്‍മാണത്തിനും കരണീയം സര്‍വമത സത്യവാദമാണെന്ന ധാരണയും പ്രയോഗതലത്തില്‍ വന്നിട്ടുണ്ട്. അപൂര്‍വഘട്ടങ്ങളില്‍ കൊട്ടാര പണ്ഡിതന്മാരുടെ അജ്ഞതയും വിരുദ്ധചേരിയിലെ പണ്ഡിതന്മാരോടുള്ള ശത്രുതയും കാരണം ഈ വാദം തലപൊക്കാനിടയായിട്ടുണ്ട്. അത് പോലെ സെമിറ്റിക് മത വിശ്വസികളുടെ കര്‍ശനമായ മതബോധത്തില്‍ അസൂയപൂണ്ട എതിരാളികള്‍ തങ്ങളുടെ ശാത്രവം സര്‍വമത സത്യവാദത്തിലൂടെ ഒളിച്ച് കടത്താനും ശ്രമം നടത്തിയിട്ടുണ്ട്. അവസാനം പറഞ്ഞ ഗൂഢാലോചന ഏറ്റവും ശക്തമായി നടന്നത് ഇസ്‌ലാമിനെതിരില്‍ തന്നെയാണ്.
ഫലത്തിൽ , അസഹിഷ്ണുതക്കെതിരായ മറ്റൊരു അസഹിഷ്ണുതയായി അത് പരിണമിക്കുകയും ചെയ്തു. കാരണം വൈവിധ്യങ്ങളുടെ ബഹുസ്വരഭംഗിക്കെതിരായ ഏകധാനത ( Uniformity against Unity ) എന്ന ഫാസിസ്റ്റ് രാഷ്ട്രീയം തന്നെയായിരുന്നു ആ വായനയുടെ മറുപുറം . മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാവരുതെന്ന ശാഠ്യം തന്നെയാണല്ലോ ഏത് വർഗീയരാഷ്ട്രീയത്തിന്റെയും കാതൽ .
വ്യത്യസ്തയാണ് ഭംഗിയും പ്രകൃതിപരവും.
അസ്ഥാനത്തെ ഏകീകരണ വായനകൾ കൃത്വിമവും അപകടകരവുമാണെന്ന് ശുദ്ധഹൃത്തായ നാരായണഗുരുവിന് പോലും മനസ്സിലായില്ല.എന്നിട്ടല്ലേ , സങ്കുചിതത്വത്തിന്റെ നാരായവേരായ ചേകനൂരിന് മനസ്സിലാവാൻ .
രണ്ടാമത്തെ പ്രേരണ,പെരന്നിയൽഫിലോസഫി , സിൻക്രറ്റിസം തുടങ്ങിയ പടിഞ്ഞാറൻ അക്കാദമിക ഗവേഷണങ്ങളാണ്.
ഭാഗികമായ ശരികൾ കൂടി അവയിലുണ്ടെന്ന് സമ്മതിക്കാമെങ്കിലും വിശ്വാസത്തിന്റെ ഉറവിടത്തെ പരിഗണിക്കാതെ ബാഹ്യമായ അതിന്റെ പ്രയോഗതലത്തിലെ സ്വാഭാവിക സാമ്യത കണ്ട് സമാനത കൽപ്പിക്കുന്ന അപൂർണ്ണത അവയിലുണ്ട്. മനുഷ്യരുടെ കർമ്മാധർമ്മങ്ങൾ ഏത് വ്യവസ്ഥയനുസരിച്ച് നിർവ്വഹിക്കപ്പെടുമ്പോഴും മാനുഷിക സാധർമ്മ്യങ്ങൾ പുലർത്തും. അത് മനുഷ്യരുടെ ഏകത്വമാണ് , അല്ലാതെ ആശയങ്ങളുടെ ഏകത്വമല്ല. യൂണിവേഴ്സലിസം ( സാർവ്വത്രികത ) ട്രാൻസെന്റലിസം ( അതീന്ദ്രീയത ) തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി അഗസ്റ്റിനോ സ്റ്റ്യുകോ, മർസിലിയോ ഫിസിനോ , മിറൻഡോലോ തുടങ്ങിയ തത്വചിന്തകരിലൂടെ രൂപപ്പെട്ട ദർശനമാണ് നിയോ പ്ലാറ്റോണിക്ക് ആശയമായ പെരിന്നയൽ റിലീജിയൻ.
1945ൽ ആൽഡസ്ഹക്സ്ലിയുടെ The Perinnial Philosophy എന്ന വിഖ്യാദഗ്രന്ഥം പുറത്തിറങ്ങിയതോടെയാണ് ആ സങ്കൽപ്പം കൂടുതൽ ചർച്ചയാവുന്നത്. എല്ലാമതങ്ങളുടെയും നല്ല ആശയങ്ങളെ സമാഹരിച്ച് പൊതുവായ മാനവികമതം - അക്ബർ ചക്രവർത്തിയുടെ ദീനെ ഇലാഹി പോലെ - രൂപീകരിക്കുന്ന നിദാനശാസ്ത്രകലയാണ് സിൻക്രറ്റിസം. ഏതാണ് ഏറ്റവും വലിയ ശരി എന്ന തീരാത്ത തർക്കമായിരിക്കും പ്രയോഗതലത്തിൽ അത്.അതും ബഹുസ്വരതക്കെതിരായ സങ്കുചിത മനോഗതിയാണ് ഫലത്തിൽ .
മനുഷ്യരെ ഒന്നാക്കാൻ പറ്റാത്ത വിധം വംശവും ഭാഷയും ഭാവവും ലിംഗവും വ്യത്യസ്തമാണെന്നിരിക്കേ വിശ്വാസം മാത്രം ഒന്നാക്കുന്നതിന്റെ സാംഗത്യം സിൻക്രറ്റിസ്റ്റുകൾ വ്യക്തമാക്കേണ്ടതുണ്ട്.
ഇവയുടെയൊക്കെ ആംഗലേയ സ്രോതസ്സുകൾ വായിച്ച് അതിന്റെ ഇരുപുറങ്ങളറിയാതെ ഇവിടെ വന്ന് വിളമ്പുന്ന അക്കാദമീഷ്യന്മാരാണ് സർവ്വമതസത്യമെന്ന ബലൂണിന് ഇവിടെ നിറം നൽകുന്നത്.
ഇസ്ലാമിന്റെ , പ്രത്യേകിച്ച് പാശ്ചാത്യൻ ആദ്ധ്യാത്മിക സങ്കൽപ്പങ്ങളെ പ്രിസ്ക ഫിലോസഫി പലതരത്തിൽ തരത്തിൽ തെറ്റായി സ്വാധീനിച്ചിട്ടുണ്ട്. എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാനമായ ഒരു പ്രിസ്കതിയോളജി എന്ന പെരിന്നയൽ സങ്കൽപ്പം ശരീഅ :യെ നിരാകരിക്കുകയും അനുഷ്ഠാന ക്രമങ്ങളെ നിരാകരിക്കുകയും ചെയ്തു. മിസ്റ്റിക് സൂഫികളായ പലരും ഇസ്ലാം വിലക്കിയ മദ്യം ,സംഗീതം ,നൃത്തം തുടങ്ങിയ വിനോദങ്ങളെ ത്വരീഖത്തിന്റെ പേരിലിറക്കുമതി ചെയ്യുന്നതിൽ വരെ അതിന്റെ സ്വാധീനമുണ്ട്. ജലാലുദ്ദീൻ റൂമി ,ഉമർഖയ്യാം തുടങ്ങിയ സാത്വികരുടെ പാഠമൊഴികൾ സന്ദർഭത്തിൽ നിന്നടർത്തിമാറ്റി പ്രണയം , ലൈംഗികത തുടങ്ങിയ പ്രലോഭനങ്ങളെ ചുറ്റിപ്പറ്റുന്ന സെക്യുലർ സൂഫിസം പറഞ്ഞും പാടിയും നടക്കുന്ന കുറേപ്പേർ ഇവിടെയുമുണ്ട് .സൂഫിസം എന്ന തീമിൽ കൃതികൾ രചിക്കുന്ന മലയാളികൾ മിക്കപേരും സർവ്വമതസത്യവാദികളാണ്.
ഇസ്ലാമിന്റെ സാമ്പ്രദായിക സൂഫിസത്തെ നിരാകരിക്കുകയും കേരളം കണ്ട ഏറ്റവും പ്രഗൽഭനായ പെരിന്നിയൽ ആദ്ധ്യാത്മികൻ നിത്യചൈതന്യയതിയെപ്പോലുള്ളവരെ അംഗീകരിക്കുകയും ചെയ്യുന്ന അൽപ്പന്മാരും രംഗത്തുണ്ട്. മറ്റുമതങ്ങളിലെ ശ്ലോകങ്ങൾ നിയ്യത് മാറ്റി ഒരുവിട്ടാൽ ഇസ്ലാമികമായി എന്ന് പറയുന്ന വിദ്വാന്മാരൊക്കെ അകപ്പെട്ട കെണിയും ഈ പെരിന്നയൽ ഫിലോസഫി തന്നെ. ശാദുലീ ത്വരീഖയെ വികലമാക്കി പ്രചരിപ്പിക്കുന്ന യൂറോപ്യൻ മെറ്റാഫിസിഷ്യൻ ശൈഖ് ഈസാ നൂറുദ്ദീൻ , The trancented unity of Religions ന്റെ കർത്താവായ അബ്ദുൽവാഹിദ് യഹ്യ ,ഇറാനിയൻ ഫിലോസഫർ ഹുസൈൻ നസ്റ് തുടങ്ങിയവരുടെ കാഴ്ച്ചപ്പാടുകളാണ് പലരെയും പിടികൂടിയത്. പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നുമെങ്കിലും ഇസ്ലാമിന്റെ ഏകദൈവ സങ്കൽപ്പത്തെ അടിമുടി അട്ടിമറിക്കുന്ന ഏകമത പ്രാപഞ്ചിക വീക്ഷണം അവരിൽ ഗൂഢമൂലമായുണ്ട് .എല്ലാമതങ്ങളും ബാഹ്യമായി (Exoterically ) വ്യത്യസ്തമാണെങ്കിലും ആന്തരികമായി (Esoterically ) അവയെല്ലാം ഒന്നാണെന്ന് ശഠിക്കുന്ന അനർത്ഥമാണ് ഈസാ നൂറുദ്ദീനും റെനെഗുനൻ എന്ന വാഹിദ് യഹ്യയുമൊക്കെ അവതരിപ്പിക്കുന്നത്. ശരീഅ:യെ നിരാകരിക്കുന്ന ത്വരീഖ : അതിന്റെ സൃഷ്ടിയാണ്. Esotericalism ( ബാത്വിനിയ്യത് ) മാത്രമാണ് പരിഗണിനീയം എന്നത് ഇസ്ലാം തള്ളിയ പ്രാചീന മാർഗഭ്രംശം തന്നെയാണ്.
മൂന്നാമത്തെ പ്രേരണ കേവല ഇസ്ലാം വിരോധവും അഭിശപ്ത ജാതകവുമാണ്.മുസൈലിമതുൽ കദ്ദാബ് മുതൽ ചേകനൂർ വരെ ആ പട്ടിക നീളുന്നു.മാനവികമതം എന്ന മധുരപദമാണ് അവരുടെ ആയുധം .
'
വ്യക്തിക്ക് മാത്രമല്ല, ആദര്‍ശത്തിനും ഉണ്ട് ആത്മാഭിമാനം. തനിമയും തന്മയത്വവും പരിരക്ഷിക്കപ്പെടലാണ് ആദര്‍ശത്തിന്റെ ആത്മാഭിമാനം. അക്കാര്യത്തില്‍ ഇസ്‌ലാമിന് മറ്റേതൊരു മതത്തേക്കാളും ശുഷ്‌കാന്തിയുണ്ട്. ‘സര്‍വമത സത്യവാദം ഖുര്‍ആനില്‍ ‘ എന്ന ചേകന്നൂരികളുടെ ചെറുകൃതിയാണ് മലയാളത്തില്‍ അവരുടെ പ്രധാന പിടിവള്ളി. മീര്‍സാ അഹ്മദിന്റെ അഹമദിയ്യാ വാദങ്ങളില്‍ പലതും മറ്റു രൂപങ്ങളില്‍ ഇവിടെ കടന്നുവരുന്നതായി ശ്രദ്ധിച്ചാല്‍ മനസിലാവും. ഏകദൈവ വിശ്വാസവും ദൈവം ഒന്നേയുള്ളൂ എന്ന വിശ്വാസവും എല്ലാ മാനങ്ങളിലും ഒന്നല്ല. ഏകദൈവ വിശ്വാസികളായ ക്രൈസ്തവര്‍ ത്രിത്വം അംഗീകരിക്കുന്നവരാണ്. പരമേശ്വര വിശ്വാസികളായ ഹൈന്ദവര്‍ ത്രിമൂര്‍ത്തതയില്‍ വിശ്വസിക്കുന്നവരാണ്. അവ രണ്ടും ഇസ്‌ലാമിലെ പൊറുക്കപ്പെടാത്ത പാപമായ ബഹുദൈവാരാധനയാണ്. ത്രിത്വത്തിന്റെ വകഭേദങ്ങളില്‍ വിശ്വസിക്കുന്ന യഹൂദരുടെ മതവിധിയും തഥൈവ. ദൈവത്തില്‍ ഒട്ടും വിശ്വസിക്കാത്തവരും വിശ്വസിക്കുക പോലും ചെയ്യാത്തവരുമാണ് പിന്നെ ബാക്കി. അവരെ എങ്ങനെയാണ് വ്യവസ്ഥാപിത വിശ്വാസത്തില്‍ അംഗീകരിക്കാനാവുക.
മദര്‍ തെരേസ, മഹാത്മാ ഗാന്ധി, കാറല്‍ മാര്‍ക്‌സ്, ബാബാ ആംതെ തുടങ്ങിയവര്‍ ദൈവാനുഗ്രഹമായ സ്വര്‍ഗത്തില്‍നിന്ന് പുറത്താണെന്ന് വിശ്വസിക്കുന്ന ഇസ്‌ലാമില്‍ എനിക്ക് വിശ്വാസമില്ല എന്ന് പറയുന്ന മുസ്‌ലിംകള്‍ അല്ലാഹുവിന്റെ അധികാരത്തിലും തീരുമാനത്തിലും കൈകടത്തുകയാണ്. ഖുര്‍ആനിന്റെയോ പ്രവാചകരുടെയോ വചനങ്ങളിലൂടെ മനസിലായവരുടെ കാര്യത്തില്‍ മാത്രമേ സ്വര്‍ഗനരക പ്രവേശനം നമ്മുടെ അറിവില്‍ തീരുമാനമായിട്ടുള്ളൂ. എഴുതാപ്പുറം വായിക്കാനോ അറിവിന്റെ പരിധിക്കപ്പുറം വിളിച്ച് പറയാനോ മുതിരുമ്പോഴാണ് കുഴപ്പങ്ങള്‍ തുടങ്ങുന്നത്.
23 വര്‍ഷക്കാലം നീണ്ടുനിന്ന പ്രവാചകന്റെ പ്രബോധനം ജനങ്ങളോട് നന്നാവാന്‍ പറയലായിരുന്നില്ല. പ്രത്യുത ,അല്ലാഹുവിനെ ആരാധ്യനായും തന്നെ അവന്റെ സത്യദൂതനായും അംഗീകരിച്ച് കൊണ്ട് ഇസ്‌ലാം പറയുന്ന നന്മകള്‍ ചെയ്യാനായിരുന്നു. അല്ലാതെ മക്കയിലെ ബഹുദൈവാരാധകരോട് മാനവികഹിന്ദുക്കളാവാനും നജ്‌റാനിലെ വേദക്കാരോട് നല്ല ക്രൈസ്തവരാവാനും മദീനയിലെ ജൂതരോട് തോറയിലേക്ക് മടങ്ങി നല്ല മനുഷ്യരാവാനും പറഞ്ഞുകൊണ്ടല്ല പ്രവാചകന്‍ ജീവിച്ചത്.
Leave a Reply