In Theology
By ശുഐബുൽ ഹൈതമി
സ്വതന്ത്രചിന്ത : കാട്ടറബിക്കും അന്തിക്രിസ്തുവിനും മധ്യേ .
സാങ്കേതികമായി Free thought / Free thinking എന്നാൽ നിരുപാധികം സ്വതന്ത്രമായി ചിന്തിക്കുക എന്നല്ല .അങ്ങനെയൊരാൾക്ക് ചിന്തിക്കാൻ കഴിയില്ല .അയാൾ ചെയ്യുന്നത് ചിന്തിക്കുക എന്ന പ്രക്രിയയാണ് എന്നത് പോലും മറ്റുള്ളവരിൽ നിന്നും അയാൾ നേരത്തെ മനസ്സിലാക്കിയേ പറ്റൂ. അത് സ്വതന്ത്രമല്ല .അതിൻ്റെ കഥ കഴിഞ്ഞു .
പക്ഷെ അതല്ല കാര്യം .
Free Thinking ൻ്റെ നിർവ്വചനം Thinking freeIy from religious dogmas എന്നാണ്. മതശാസനകൾക്കതീമായി ചിന്തിക്കുക എന്ന സോപാധികത്വം അവിടെയുണ്ട്. ആ ഉപാധിയാണ് എതിർക്കപ്പെടുന്നത്. അല്ലാതെ ,നിരുപാധികചിന്ത എതിർക്കപ്പെടുന്നില്ല, എതിർക്കപ്പെടരുത് ,കാരണം അത് സാമൂഹികമായി അജണ്ട വെക്കുന്നില്ല. ഇസ്ലാമിൽ സ്വതന്ത്രചിന്ത പല ഘട്ടങ്ങളിലും ആവശ്യവുമാണ് ,പറയാം .
മതാതീതമാവണം എന്ന ഉപാധിയുണ്ടാവുമ്പോൾ free എന്ന വിശേഷണം സംഗതമല്ല എന്ന ഭാഷാപ്രശ്നം അനേകം ചർച്ചകൾക്ക് വിധേയമായതാണ്. Free എന്നാൽ അവിടെ Adjective അല്ല ,മറിച്ച് Obligation അഥവാ കൽപ്പനയാണെന്നൊക്കെ കാണാം. ചിന്തയെ ഉപാധികളിൽ നിന്നും മുക്തമാക്കൂ എന്ന കൽപ്പനയാവുമപ്പോൾ അത് . അപ്പോൾ ആ അർത്ഥത്തിലുള്ള Free thinking ഇന്ന് സാധാരണയായി വ്യവഹരിക്കപ്പെടുന്ന Free thinking ൻ്റെ നേർവിപരീതമാവും. അത്തരം ഭാഷാ പ്രശ്നങ്ങൾ മെറ്റീരിയലിസവുമായി ബന്ധപ്പെട്ട ഗ്ലോസറിയിൽ അനേകമുണ്ട് , Dark energy ,Dark matter ഒക്കെപ്പോലെ .ശാസ്ത്ര പഠനത്തിന് പണമിറക്കുന്ന ഏജൻസികളുടെ താൽപര്യവും അവർക്ക് ലോക രാഷ്ട്രീയത്തിന്മേലുള്ള സ്വാധീനവുമനുസരിച്ച് പേരുകളിലൂടെ വിശ്വാസം പ്രചരിപ്പിക്കാം ,സ്വന്തം താൽപര്യങ്ങൾക്ക് അത്തരം നാമകരണങ്ങളിലൂടെ Democratic outlook കൾ നൽകി സാർവ്വത്രികമാക്കാം .ഇക്കാലത്ത് അത് രണ്ടുമില്ലാത്ത മുസ്ലിംക ൾക്ക് അവർ നിർണ്ണയിക്കുന്ന ശാസ്ത്രത്തിൻ്റെ Terminology കേട്ടംഗീകരിക്കാനേ നിർവ്വാഹമുള്ളൂ .
ഞാൻ പറഞ്ഞതിലേക്ക് മടങ്ങാം , നിരുപാധിക സ്വതന്ത്രചിന്തയെ ഇസ്ലാം നിരുപാധികം എതിർക്കുന്നില്ല എന്നും , മതമുക്തമായേ ചിന്തിക്കാവൂ എന്ന ഉപാധിയെയാണ് എതിർക്കുന്നത് എന്നുമാണ് പറഞ്ഞത് .
അപ്പറഞ്ഞത് ഒരു ചെറിയ കാര്യമല്ല .കാരണം ,ദൈവാസ്തിക്യം പോലും മനസ്സിലാവാൻ ഋജുവായി ചിന്തിക്കണം. ആ ഋജുത്വം എന്ന് പറഞ്ഞാൽ ചിന്തയിലെ നിരുപാധികത്വമാണ് ,നൈസർഗികതയാണ്. അതാണ് ശരിയായ Free thinking . ഇസ്ലാമിക് എപിസ്റ്റമോളജിയിലെ മൂന്നാമതത്തെ ജ്ഞാനമാധ്യമം Reason ആണ്. Reason വർക്ക് ചെയ്യാൻ Logic ഉണ്ടാവണം .അതിൻ്റെ ട്രാക്കാണ് thinking .അവിടെ പ്രത്യേകം ദൗഖുസ്സലീം എന്നൊരു പ്രയോഗം കാണാം. അതിനർത്ഥം കലർപ്പില്ലാത്ത അഭിരുചി എന്നാണ്. താൽപര്യങ്ങളും മുൻധാരണകളും വൈകല്യങ്ങളുമാണ് പാടില്ലാത്ത കലർപ്പ് .
അപ്പോൾ, സ്വതന്ത്രമായി ചിന്തിക്കുമ്പോൾ മനസ്സിലാവുന്ന സത്യങ്ങളിൽ പെട്ടതാണ് കാര്യകാരണങ്ങളുടെ -കാരണം ബാധകമാവാത്ത -സംവിധായകൻ ഉണ്ടാവണമെന്നത് .
ആസ്തികത Free thought ലൂടെയാണ് മനസ്സിലാവുക .
ഇവിടെയുള്ള So called Free thinkers നോട് മുസ്ലിംകൾക്ക് പറയാനുള്ളത് : നിങ്ങളല്ല ,ഞങ്ങളാണ് സ്വതന്ത്രചിന്തകർ എന്നാണ്.
അവർ ഉപാധിയോടെ ചിന്തിച്ച് Secular Dogma കളുടെ ദാസ്യം പേറുകയാണ് വാസ്തവത്തിൽ .
ചില സംഭവങ്ങളിലേക്ക് വരാം , എല്ലാ സ്വതന്ത്രചിന്തയും ശരിയാവണമെന്നില്ല .ഒന്നാമത്തെ സ്വതന്ത്ര ചിന്തകൻ പിശാചായിരുന്നു. ആദമിന് സാഷ്ടാംഗം ചെയ്യാൻ കൽപ്പിക്കപ്പെട്ടപ്പോൾ അവൻ ഉപയോഗിച്ച സില്ലോജിസം അതേപടി ഖുർആനിലുണ്ട്.
قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ
അവിടെ , കംക്ലൂഷൻ ആദ്യം വന്നു എന്നേയുള്ളൂ. രണ്ട് പ്രിമൈസുകളും ആശയപരമായി അവിടെയുണ്ട്.
" ഞാനാണ് കേമൻ ,കാരണം ഞാൻ അഗ്നിജാതനാണ് ,ആദം മണ്ണനും " ഇതാണ് രൂപം. അതിനാൽ ഞാൻ സാഷ്ടാംഗം ചെയ്യേണ്ടതില്ലല്ലോ എന്ന പിശാചിൻ്റെ യുക്തിന്യായം വാചികമായി ശരിയായിരുന്നുവെങ്കിലും , ആദമിന് സാഷ്ടാംഗം ചെയ്യുക എന്നതിനർത്ഥം അല്ലാഹുവിനെ അനുസരിക്കലാണ് എന്ന് നീട്ടിവായിക്കാൻ ആ സ്വതന്ത്രചിന്ത സഹായിച്ചില്ല .
മറ്റൊരു വസ്തുതാപരമായ പിഴവും അവിടെ സംഭവിച്ചു , പ്രതിഫലനത്തിലെ തിളക്കം പരിഗണിച്ചാണ് അഗ്നിയാണ് മണ്ണിനേക്കാൾ കേമം എന്നവൻ പറഞ്ഞത്. പക്ഷെ അഗ്നിയെ നിർവ്വീര്യമാക്കാനുള്ള ശക്തി മണ്ണിനുണ്ട്.
ഇനി മറ്റൊന്ന് നോക്കൂ ,
വിളിയാളങ്ങളില്ലാതെ ഇലാഹിനെ കണ്ടെത്തിയ ഗ്രാമീണയറബിയോട് അവിശ്വാസി ചോദിച്ചു.
كيف عرفت ربك ؟
താങ്കൾ എങ്ങനെയാണ് രക്ഷിതാവിനെ കണ്ടെത്തിയത് ?
ഇതായിരുന്നു മറുപടി :
البعرة تدل على البعير واثر الاقدام تدل على المسير فارض ذات فجاج وسماء ذات ابراج تدل على خالقيها
ഒട്ടകക്കാഷ്ടം ഒട്ടകമുണ്ട് എന്നതിന് തെളിവാണ് ,കാൽപ്പാടുകൾ സഞ്ചാരത്തിനും. ആകയാൽ , നിംന്നോന്നമായ ഭുവനവും രാശിമണ്ഡലങ്ങളുള്ള വാനവും അതിൻ്റെ സൃഷ്ടാവിനുള്ള തെളിവാണ്.
പൂർണ്ണമായും സ്വതന്ത്രചിന്തയാണത്. ഒട്ടകം തൂറാതെ കാഷ്ടം ഉണ്ടാവില്ല ,യാത്രികൻ പോവാതെ പാദം പതിയില്ല. എങ്കിൽ ,ആരോ പടക്കാതെ ഇവകൾ പടരില്ല ,ഇതാണാ വാക്കുകൾ .
Free thinking എന്ന പ്രക്രിയ നിരുപാധികം ആക്ഷേപാർഹമല്ല ,എന്നല്ല ,ചിലപ്പോൾ ആവശ്യമാണ്.
മതവിളികൾ കേൾക്കാത്ത നാട്ടുകാർ ചുറ്റുപാടുകളിലെ കുറിമാനങ്ങൾ സ്വതന്ത്രമായി ചിന്തിച്ച് സ്രഷ്ടാവിനെ കണ്ടെത്തണം എന്ന ചർച്ച ഗ്രന്ഥങ്ങളിൽ കാണാം.
പതിരിൽ നിന്ന് കതിര് വേർതിരിക്കണം ,കളകളിൽ നിന്ന് ഔഷധത്തെയും ,കുപ്പിച്ചീളുകളിൽ നിന്ന് രത്നത്തെയും .
ഇപ്പോൾ നടക്കുന്ന ഹാഷുകളിൽ സ്വതന്ത്രചിന്ത എന്നതിന് പകരം വ്യക്തിവാദം എന്ന് പറഞ്ഞാൽ അതാവും നന്നാവുക .ആ വലിയ പദവി വകവെച്ച് കൊടുക്കാൻ അവരിലതില്ലാത്തത് കൊണ്ടാണങ്ങനെ.
അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ .
Leave a Reply