In General
By ശുഐബുൽ ഹൈതമി
മൃഗബലി അശ്ലീലം, നരബലി ശ്ലീലം : സെമിമാസോണിസം.
ശക്തരായ മനുഷ്യർ അശക്‌തരായ മനുഷ്യരെ വിവിധ താൽപര്യങ്ങൾക്ക് വേണ്ടി വിവിധരൂപങ്ങളിൽ വധിക്കുന്നതിന് ആദിമ കുടുംബത്തോളം പഴക്കമുണ്ട് .
ലക്ഷ്യം - വധിക്കൽ മാത്രമാവുമ്പോൾ കൊലയും , 'കൊല ' അമൂർത്തമോ മൂർത്തമോ ആയ ആരാധ്യപാത്രങ്ങൾക്ക് വേണ്ടിയാവുമ്പോൾ 'ബലി' യും ആവുന്നു.
അറുക്കപ്പെടുന്നത് മനുഷ്യനാവുന്നതാണ് നരബലി. ഐശ്വര്യത്തിന് വേണ്ടി രണ്ട് സ്ത്രീകളെ അറുത്ത്കൊല്ലുകയും പിന്നെ തിന്നുകയും ചെയ്ത തെക്കൻ കേരളത്തിലെ നിഷ്ഠൂരകൃത്യത്തിന്റെ വാർത്താപരിസത്ത് വെച്ച് നരബലിയുടെ പ്രേരണ , ആധുനിക പശ്ചാത്തലം , പ്രത്യയശാസ്ത്രം എന്നിവയെ കുറിച്ച് അൽപ്പം ചിന്തിക്കാവുന്നതാണ്.
നരബലിയും ഇസ്ലാമും .
വംശീയവലതും സെമിവലതുമായി പൊട്ടിപ്പിളർന്ന കേരളീയ നവനാസ്തികതയുടെ ചാവേർ പോരാളികളായി ജീവിക്കുന്ന കുറച്ച് ' മുൻ ' കോയമാർ പതിവ്പോലെ , മകനെ അറുക്കാൻ ഇബ്റാഹീം (അ) മിനോട് കൽപ്പിച്ച അല്ലാഹുവിന്റെ മതമായ ഇസ്ലാമിനും അതിന്റെ വാർഷികാചരണമാഘോഷിക്കുന്ന മുസ്ലിംകൾക്കും നരബലിയെ എതിർക്കാൻ ധാർമ്മികാർഹതയില്ലെന്ന വാദവുമായി രംഗത്തുണ്ട് . 'ഇസ്ലാമിനെ മുഹമ്മദ് (സ്വ) ജൂതദർശനത്തിൽ നിന്നും കട്ടെടുത്തതാണെന്നും ഖുർആൻ ബൈബിളിന്റെ കോപിയാണെന്നും ' നിരന്തരം ആരോപണം ഉന്നയിക്കുന്നവരാണവർ .
ഇബ്രഹാമീ പാരമ്പര്യം മുസ്ലിംകളുടേതല്ല , ജൂത - ക്രൈസ്തവധാരയാണെന്നാണ് ആ ആരോപണത്തിന്റെ അർത്ഥം. എന്നാൽ , നരബലിയുടെ കാര്യം വരുമ്പോൾ ഇബ്റാഹീമികതയുടെ ഉത്തരവാദിത്വം അവർ മുസ്ലിംകൾക്ക് മേൽ മാത്രം ചാർത്തുകയും ചെയ്യും. " അപ്പോഴക്കഥകൾ മുഹമ്മദ് തോറയിൽ നിന്നോ പേർഷ്യൻ വ്യാപാരിയായ നദ്റുബിൻ ഹാരിസിൽ നിന്നോ മോഷ്ടിച്ചതല്ലേ " എന്നാണ് മുസ്ലിംകൾക്ക് ഒന്നാമതായി മറിച്ച് ചോദിക്കാനുള്ളത്.
രണ്ടാമതായി , വാസ്തവത്തിൽ മകനായ ഇസ്മാഈലിനെ (അ) അറുക്കാനും പിന്നീട് അറുക്കാതിരിക്കാനും വേണ്ടി രൂപപ്പെടുത്തപ്പെട്ട സ്വപ്നനിർദ്ദേശസംഭവം ഫലത്തിൽ നരബലി എന്ന ചരിത്രാധീതകാല സംസ്ക്കാരത്തിന്റെ വിപാടനമായിരുന്നു.
ദീർഘമായ ഒരു തിരക്കഥയുടെ മുഖവുര മാത്രം വായിച്ച് ഉള്ളടക്കവും സമാപനവും ശ്രദ്ധിക്കാതിരിക്കാൻ കാണിക്കുന്ന ജാഗ്രതയുടെ പേരാണിവിടെ " ജബ്രായിസം".
ഫസ്റ്റ് സീനല്ല , ക്ലൈമാക്സാണ് കഥയുടെ കാര്യം . എഴുതപ്പെട്ട മനുഷ്യ ചരിത്രത്തിന്റെ സമാരംഭം മുതൽക്കേ നിലവിലുണ്ടായിരുന്ന രീതിയായിരുന്നു നരബലി . BCE 5000 മുതൽ താഴോട്ടുള്ള റോമൻ , ഗ്രീക്ക് , ചൈനീസ് , അമേരിക്കൻ , പാഗൻ നാഗരികതകളിലും അന്നത്തെ സാഹിത്യങ്ങളിലുമെല്ലാം ഏറിയും കുറഞ്ഞും മനുഷ്യരെ ജീവനോടെ കൊന്ന് ദൈവങ്ങൾക്ക് കാഴ്ച്ച വെച്ചിരുന്നു.
ചൈനയിലെ Han Dynasty യിലെ Duke wu അദ്ദേഹത്തിന്റെ അന്നത്തെ രാജ്യമായ Qin ൽ നടത്തിയ നരബലിയാണ് ചരിത്രത്തിൽ വേറിട്ട് പറയപ്പെടാറുള്ളത്.
ഇക്കാലഘട്ടത്തിന്റെ മധ്യത്തിലാണ് ബാബിലോണിയ- മെസപ്പെട്ടോമിയ , അറേബ്യ എന്നിവിടങ്ങളിൽ 'അബ്രഹാമികത ' വികസിക്കുന്നത്. ഇബ്റാഹീം (അ) മിന്റെ നാട്ടിൽ അതിലേറെയുണ്ട് കഥകൾ .
ഇന്നത്തെ ഇറാൻ- ഇറാഖ് - തുർക്കി പ്രവിശ്യകളിൽ അന്ന് Aztec Cosmology യായിരുന്നു ആധിപത്യം നേടിയിരുന്നത്.
അഗ്നിദേവനായ സൂര്യഭഗവാൻ - Huitzilopochtli യുടെ ആരാധകരായിരുന്നു അവർ . ഇന്നത്തെ അമേരിക്കൻ - മെക്സിക്കൻ പ്രദേശങ്ങളിലും ഇതേ ജനവിഭാഗമായിരുന്നു. സൂര്യഭഗവാൻ എല്ലാദിവസവും ഇരുട്ടിന്റെ രാക്ഷസനോട് യുദ്ധം ചെയ്യുകയാണെന്നും ബലിലബ്ദമായ കൗമാരപ്രായക്കാരായ ആൺ - പെൺ കുട്ടികളുടെ ചുടുരക്തം കിട്ടിയില്ലെങ്കിൽ സൂര്യദേവൻ തോറ്റ്പോവുമെന്നും പിന്നെ വെളിച്ചം കെട്ടണയുമെന്നുമായിരുന്നു അവരുടെ വിശ്വാസം.മെസപ്പെട്ടോമിയയുടെ തലസ്ഥാനമായ ബാബിലോണിയയിലെ ഊറായിരുന്നു പ്രവാചകന്റെ ജന്മനാട് .പുരാവസ്തുഗവേഷകന്മാർ ,12 - നും 20 നും ഇടയിൽ പ്രായമുള്ള ധാരാളം ശരീരാവശിഷ്ടങ്ങൾ ഒന്നിച്ച് കണ്ടെത്തിയ ശേഷം സാഹചര്യം വിലയിരുത്തിപ്പറഞ്ഞത് , ക്രൂരമായ നരബലിയായിരുന്നു അവയെന്നാണ്. ചരിത്രഗവേഷകനായ Owen Jarus ഇതേക്കുറിച്ച് നടത്തിയ പഠനം സചിത്രം ഇന്റർനെറ്റിൽ ലഭ്യമാണ് .
അത്തരമൊരു സാമൂഹിക ചുറ്റുപാടിൽ വെച്ച് , നരബലിയുടെ നിഷ്ഠൂരത അനുഭവിപ്പിച്ച ശേഷം അതിനെതിരെയുള്ള കരുത്തുറ്റ ശബ്ദമായി പ്രവാചകനെ പരിണമിപ്പിക്കുകയായിരുന്നു അല്ലാഹു.
ഇബ്റാഹീം (അ )ഹൃദയവായ്പുകൾ മുഴുവൻ അല്ലാഹുവിന് സമർപ്പിതമാവുക എന്ന തത്വമതിനിടയിൽ ഉണ്ട് താനും .
ഇങ്ങനെ , തെറ്റായ രീതിയിൽ നിന്നും ശരിയിലേക്ക് നാടകീയമായ ചുവടുവെപ്പുകൾ നടത്തിയ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ചരിത്രത്തിൽ വേറെയുമുണ്ട്.
സൂര്യാരാധകരായ നാട്ടുകാർക്കൊപ്പം ആദ്യമാദ്യം താര - ചന്ദ്ര - സൂര്യ ഭക്തനായി പ്രത്യക്ഷപ്പെടുകയും പിന്നീട് സത്യശക്തിസ്വത്വത്തെ പരിചയപ്പെടുത്തുകയും ചെയ്ത സംഭവം വിശുദ്ധ ഖുർആനിൽ ഉണ്ടല്ലോ .
ഫലത്തിൽ , നരബലിക്കെതിരായ കാലാധിവർത്തിയായ രാഷ്ട്രീയവും മതവുമാണ് ഇബ്റാഹീം - ഇസ്മാഈൽ ( അ ) സംഭവം . പകരം മൃഗത്തെ ബലി നൽകുക എന്നത് പ്രകൃതിയുടെ ആസൂത്രണ പാഠവും പ്രദാനിക്കപ്പെട്ട മനുഷ്യർക്ക് ചേർന്നത് തന്നെയാണ്. മൃഗങ്ങളാട് തോന്നുന്ന കാരുണ്യ ബോധവും അല്ലാഹു സൃഷ്ടിച്ച് തരുന്നതാണ്.
ആ മൃദുലവികാരം അല്ലാഹുവിന് തന്നെ തിരികെ നൽകുന്ന കൃത്യമാണ് മൃഗബലി.
അത്തരം ഉരുക്കൾ നാളെ പരലോകത്ത് വാഹനങ്ങളായി വിലസും .
ഈ സമഗ്രദർശനമാണ് ഇസ്ലാം .
ബലിയിറച്ചി ഗുഹയിൽ വെച്ച് ദൈവം തിന്നട്ടെ എന്ന് ഇസ്ലാം കരുതുന്നില്ല താനും. പാവങ്ങൾ തിന്ന് വിശപ്പകറ്റുകയാണ്.
മൃഗത്തെ അറുക്കാൻ തന്നെ പാടില്ല എന്നാണെങ്കിൽ അതേ ന്യായം വെച്ച് പച്ചക്കറികൾ വെട്ടാനും പാടില്ല. ചെടികൾക്കും വികാരങ്ങളുണ്ട്.
എന്തിനേറെ , ഒരു ഗ്ലാസ് പച്ചവെള്ളം ചൂടാക്കുമ്പോൾ ചത്ത് പോവുന്ന കോടിക്കണക്കിന് ബാക്ടീരിയകൾക്കും ജീവനുണ്ട് .
നരബലിയും ഇലുമിനേറ്റിയും (illuminati ).
ഈ പരിശ്കൃത ലോകത്തും - അമേരിക്കയിലും യൂറോപ്പിലും പോലും - നരബലികൾ നടക്കുന്നുണ്ട്.
ദൈവങ്ങൾക്ക് വേണ്ടിയുള്ള നരബലി എന്നതിന് ആധുനിക ലോകത്ത് അധികം ചർച്ചയാവാത്ത , എന്നാൽ അത്യധികം ചർച്ചയാവേണ്ട മറ്റൊരു പുറവുമുണ്ട്.
ആധുനിക ലോകത്തെ മൊത്തം നിയന്ത്രിക്കുന്നത് Freemason - ഫ്രീമസേൺസ് എന്ന അധികാരശ്രംഖലയാണെന്ന സങ്കൽപ്പം ഇപ്പോൾ വളരെ ശക്തമാണ്.അവരിലെ വരേണ്യവിഭാഗം ലൂസിഫർ അഥവാ അന്തിക്രിസ്തുവിന്റെ ആരാധകരാണ്.
സാത്താൻ , ദജ്ജാൽ തുടങ്ങിയവരാണ് അവർ പറയുന്ന ലൂസിഫർ എന്നൊക്കെ നീട്ടിവായിച്ച മുസ്ലിം പണ്ഡിതന്മാരുമുണ്ട്.
Richard Van Dulmon എഴുതിയ The society of enlightenment എന്ന കൃതിയാണ് ഈ ശ്രംഖലയെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികമായ സ്രോതസ്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അനീതികൾക്കുമെതിരായ ജ്ഞാനപ്രകാശന രാഷ്ട്രീയം എന്നതാണ് ഇലുമിനേറ്റിക്കാരുടെ വിലാസവാക്യം . എന്നാൽ , രാഷ്ട്രീയ - സാങ്കേതിക ലോകക്രമത്തെ ഒറ്റച്ചരടിൽ കോർക്കാനുള്ള ആഗോള നിഗൂഢമതമായാണ് നിലവിൽ അത് പ്രവർത്തിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. അന്തിക്രിസ്തുവിനെ - പിശാചിനെ ആരാധിക്കുകയും വ്യവസ്ഥാപിത മതങ്ങൾ മുന്നോട്ട് വെക്കുന്ന അതിഭൗതിക സങ്കൽപ്പങ്ങളെ ബ്ലാക് മാജിക്കുകൾ കൊണ്ട് മറികടക്കുകയും ചെയ്യുക എന്നതാണ് അവിടത്തെ രീതി. John Nelson Darby യുടെ ഇത്തരം നിരീക്ഷണങ്ങൾ ആധുനിക ലോകം വലിയ ശ്രദ്ധയോടെയാണ് വായിച്ചത്.
"കുട്ടിച്ചാത്തൻസേവയുടെ "മോഡേണിറ്റിയായ ഇലുമിനേറ്റിക്കാരുടേതാണ് ഇനിയുള്ള കാലം എന്നാണ് അത്തരം സിദ്ധാന്തങ്ങളുടെ വാഗ്ദത്തം . ചാത്തൻസേവയുടെ ഭാഗമായുള്ള ഒട്ടനേകം നരബലികളുടെ രാഷ്ട്രീയമാണ് ഇലുമിനേറ്റി എന്നും അമേരിക്കൻ പ്രസിഡണ്ട് , ഇന്റർനെറ്റ് കമ്പോളത്തിലെ അതിഭീമന്മാർ , ഹോളിവുഡ് സെലിബ്രിറ്റികൾ , പോപ്പ് മ്യൂസിഷ്യന്മാർ തുടങ്ങിയ വമ്പന്മാരൊക്കെ അതിന്റെ ഭാഗമാണ് എന്നും ഇലുമിനേറ്റിക്കാർക്ക് പ്രത്യേകം ചിഹ്നങ്ങളും ആക്ഷനുകളുമുണ്ട് എന്നും മൂന്നാം ലോക രാജ്യങ്ങളിൽ നിലക്കാത്ത യുദ്ധങ്ങളുണ്ടാക്കി അവർ ചോരച്ചാല് ചീന്തുന്നത് അന്തിക്രിസ്തുവിനെ പ്രസാദിപ്പിക്കാനാണ് എന്നുമൊക്കെയുള്ള ആരോപണങ്ങളെ " ഗൂഢാലോചന സിദ്ധാന്തം " എന്ന പേരിൽ തള്ളിക്കളയാനാണ് പൊതുവേ അധിക പേരും ശ്രമിക്കാറുള്ളത് .
പക്ഷെ , പടിഞ്ഞാറൻ ലോകത്ത് ഇതത്ര തമാശയുള്ള വിഷയമല്ല.
ആധുനിക "ശാസ്ത്രീയ " വിപ്ലവങ്ങളെ നിയന്ത്രിക്കുന്നത് ബ്ലാക്ക് ഫോഴ്സുകളും ബ്ലാക്ക് മാജിക്കുകളുമാണെന്ന ഗവേഷണങ്ങൾ മുൻനിർത്തി ആഗോള സൂഫീ പണ്ഡിതനായ , അമേരിക്കയിലെ സൈത്തൂൻ സർവ്വകലാ ശാലാ മേധാവി ഡോ. ഹംസ യൂസുഫ് നടത്തിയ വിഖ്യാദ പ്രഭാഷണം യൂട്യൂബിൽ ലഭ്യമാണ് . റോക്കറ്റിന്റെ എഞ്ചിൻ കണ്ടെത്തിയ ജാക്ക് പാഴ്സൺ യഥാർത്ഥത്തിൽ ശാസ്ത്രജ്ഞനേ ആയിരുന്നില്ലെന്നും ബ്ലാക്ക് മാജിക്കിലൂടെയായിരുന്നു അവയെല്ലാം എന്നും അദ്ദേഹം പറയുന്നുണ്ട്.
മാസോണികൾ ആഗോളതലത്തിൽ ഒന്നിച്ച് വരുന്ന ശ്രംഖലകളെ Grand Lodges എന്നാണ് പറയുന്നത്. താഴെത്തട്ടിലെത്തുമ്പോൾ പ്രാദേശികഭിന്നമായ വ്യത്യാസങ്ങളുണ്ടാവും.
ഇസ്ലാമികസങ്കല്പത്തിലെ അന്ത്യകാലദുഷ്ടമൂർത്തി, ദജ്ജാലുമായി ബന്ധപ്പെടുത്തി ഇവരെ മനസ്സിലാക്കാൻ എളുപ്പമാവും: ദജ്ജാൽപ്പടയാവും മാസോണികൾ . ലോമകൊട്ടാകെ ജൂതതാൽപര്യങ്ങളുടെ പ്രോത്സാഹനമാണ് ഫ്രീമേസണ്മാരുടെ ലക്ഷ്യമെന്നും അൽ-അഖ്സാ പള്ളി നശിപ്പിച്ച് ക്രിസ്ത്യൻ ദേവാലയം പുനർനിർമ്മിക്കാൻ അവർക്കു പദ്ധതിയുണ്ടെന്നും ചിലർ കരുതുന്നു. പല മുസ്ലിം രാഷ്ട്രങ്ങളിലും ഫ്രീമേസൺ പ്രവർത്തനം നിരോധിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും തുർക്കി, മൊറോക്കോ എന്നിവിടങ്ങളിലും മഹാലോഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിൽ 1700 കൾ മുതലേ ഇവരുണ്ട്.
1806 ൽ കേരളത്തിലെ ആദ്യ ഫ്രീ മേസൺ ലോഡ്ജ് ട്രാവൻകൂർ യൂണിയൻ എന്ന പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടു. 1822 ൽ ഹൈബേർണിയ ആൻഡ് യൂണിയൻ എന്ന പേരിൽ കൊല്ലത്തു തന്നെ മറ്റൊരു ലോഡ്ജും തുടങ്ങി. ഇക്കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അധിക വിവരങ്ങൾ ലഭ്യമല്ല. 1837--ൽ പ്രവർത്തന രഹിതമായതായി കരുതപ്പെടുന്നു. പിന്നീട് കണ്ണൂരും 1886 ൽ കോഴിക്കോടും കൊച്ചിയിലും പ്രവർത്തിച്ചു വരുന്നു. 1941 മുതൽ കൊല്ലത്ത് സംഘം സജീവമാണ്. ഇപ്പോഴും ക്രൗതർ മസോണിക് ഹാളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്.
ചുരുക്കത്തിൽ , നരബലിയുടെ പ്രേരണ അത്ര ഏകപക്ഷീയമല്ല എന്ന് വ്യക്‌തം .
വിശദമായ പഠനങ്ങൾ അവ്വിഷയകമായി നടക്കേണ്ടതുണ്ട് .
മതനിരാസവും ലഹരിയും .
തെക്കൻ കേരളത്തിലെ നരബലിയെ ലളിതമായി വായിച്ചാൽ രണ്ട് പശ്ചാത്തലങ്ങൾ തെളിഞ്ഞ് വരും.
മതധാർമ്മിക ബോധം , മരണാനന്തരചിന്ത , ദൈവഭയം എന്നിവയുടെ അഭാവമാണ് ഒന്നാമത്തേത്. മനുഷ്യന്റെ എല്ലാതരം ആസക്തികളെയും ലൈംഗികാഭിനിവേശങ്ങളെയും ജനാധിപത്യപരമായി അംഗീകരിക്കണമെന്ന ഉദാരവാദികൾക്കാണിവിടെ മിണ്ടാനർഹത ഇല്ലാത്തത്. രണ്ടാമത്തെ വില്ലൻ മദ്യാസക്തിയാണ്. ഫലത്തിൽ രണ്ടും ഒന്ന് തന്നെ . ദൈവനിഷേധത്തിന്റെ മറുപുറം സ്വയംദൈവ വാദമാണ് . കാരണം , ഒരാൾ നിരുപാധികം അനുസരിക്കുന്ന വ്യക്തിയാണ് അയാളുടെ ദൈവം അല്ലെങ്കിൽ ദൈവദൂതൻ ." ഞാൻ എന്റെ ചിന്തയെയും തോന്നലിനെയും മാത്രമേ അനുസരിക്കുകയുള്ളൂ " എന്ന് പറഞ്ഞ് പ്രവർത്തിക്കുന്നവന്റെ ദൈവം അയാൾ തന്നെയാണ്. അവർ അവർക്ക് വേണ്ടി മറ്റുളളവരെ കൊല്ലുന്നതാണിപ്പറയുന്ന "നരബലി" . മനുഷ്യാധീതമായ ധാർമ്മിക ചട്ടങ്ങളുടെ പ്രസക്തിയാണ് ഇത്തരം സംഭവങ്ങളുടെ അന്ത:സാരം .
Leave a Reply