In Litrature
By ശുഐബുൽ ഹൈതമി
നിറം ഒരക്ഷരം , രൂപം ഒരു പദം
പരിസ്ഥിതിദിനത്തെ മിക്കപേരും വൃക്ഷപൂജയും വായനദിനത്തെ പുസ്തകപ്രദർശനവുമാക്കുന്നത് എന്ത് കൊണ്ടാവും ?
പരിസ്ഥിതിയിലെ കോടിക്കണക്കിന് അംഗങ്ങളിലൊന്ന് മാത്രമാണ് സസ്യം .എന്നാലും ,മരഭീകരതയുടെ സ്വാധീനത്താൽ ,പ്രകൃതി എന്ന പദം പച്ചിലകളെയും പൂക്കളെയും പഴങ്ങളെയും മാത്രം വ്യവഹരിക്കുന്നതാണെന്ന് ആക്കിത്തീർത്തതിൻ്റെ അനുരൂപം തന്നെയാണീ പുസ്തകവട്ടവും. ചിലരാ ബോധത്തിൽ കുറച്ച് രാസവളം കലർത്തി കിൻഡിലും ഇ.പാഡുമൊക്കെ വെക്കുന്നത് മാത്രമാണ് 'പുരോഗതി ' .
വായനയും പുസ്തകവും തമ്മിലുള്ള ബന്ധം ഏറെക്കുറെ പരിസ്ഥിതിയും മരവും തമ്മിലുള്ളത്ര മാത്രമാണ് ,തന്നെയാണ്.
ആ ദിനാചരണത്തിൻ്റെ നിശ്ചയ പ്രേരണയുടെ രാഷ്ട്രീയം മാറ്റി വെച്ച് ,വായനദിനം എന്ന തത്വത്തെ സംബന്ധിച്ചാണ് സംസാരം .
ഏത് പണിക്കരുടെ ഓർമ്മനാളാണിന്നെന്നും അതിനുമാത്രമെന്തായിരുന്നു പണിക്കരെന്നും അറിഞ്ഞിട്ടോ വായിച്ചിട്ടോ അല്ലല്ലോ, പൊതുവേ , ജൂൺ 19 ന് ആളുകൾ അട്ടിക്ക് വെച്ച പുസ്തകങ്ങൾ ചന്തിക്ക് പിറകിലാക്കിയോ നിവർത്തിവെച്ച പുസ്തകം തിന്നുന്ന തളികയാക്കിയോ പടം പിടിക്കുന്നത് ?
ഏപ്രിലിൽ ഒരു പുസ്തകദിനം വേറെയുമുണ്ട് , ഓണത്തിനും വിഷുവിനും ഒരേ കോടിയാണ് പുടവ എന്നതാണ് സ്ഥിതി .
അക്ഷരവായനയേക്കാൾ വലുത് ഹൃദയവായനയാണ് , കണ്ണ് കാണുന്നവനും കാണാത്തവനും വായിക്കാനാവും .എബിളിസത്തിൻ്റെയും ആഢ്യത്തത്തിൻ്റെയും വിളംബരമാവുകയാണ് വാങ്ങിക്കൂട്ടിയ പുസ്തകത്തട്ടുകൾ .
മാനവൻ വന്നുപോയ ചരിത്രമുദ്രകൾ നോക്കൂ ,
ഭാഗ്യംചെയ്തവർക്ക് പുസ്തകങ്ങളുടെ ആവശ്യമില്ല , അവർ കാലാന്തരേനെ വായിക്കപ്പെടാനുള്ള പുസ്തകങ്ങളായി പരിണമിക്കും ,അവരെ കുറിച്ചുള്ള കൃതികൾ ശാലകളായ് വളരും ,പതിപ്പുകളായ് പടരും . അതാണ് പ്രതിഭാസം ,അവരാണ് ഇതിഹാസം .
ബാലവിദ്യായന കാലത്തെ സ്കൂൾ അനുഭവങ്ങൾ ഓർത്ത് നോക്കൂ ; പ്രത്യേകിച്ച് ഗണിതശാസ്ത്രത്തിൻ്റെ പിര്യേഡുകൾ .
ചില വരേണ്യസന്താനങ്ങൾക്ക് രണ്ടുമ്മൂന്നും ഇൻസ്ട്രുമെൻ്റ് ബോക്സുകൾ ഉണ്ടാവും , മാവേലി സ്റ്റോറിൽ നിന്ന് പ്രത്യേകം വാങ്ങിയ നടരാജിൻ്റെ ഒന്നും ഗൾഫിൽ നിന്നും ബന്ധുകൊണ്ടു വന്ന ഫൈബറിൻ്റെ മറ്റൊന്നും ജ്യേഷ്ഠന് പുതിയത് വാങ്ങിയപ്പോൾ കിട്ടിയ വേറൊന്നും . പക്ഷെ ആ കുട്ടി ,
പ്രൊട്ടാക്ടറിൽ 90 ഡിഗ്രി എവിടെ എന്ന് കേട്ടാൽ ഇതൊന്നുമില്ലാത്ത കൂലിപ്പണിക്കാരൻ്റെ കുട്ടിക്ക് ഇൻ്റർബെല്ലിന് പുളിയച്ചാർ ഓഫർ ചെയ്ത് കാര്യം സാധിക്കുകയാണ് ചെയ്യുക.
വലതു വിംഗിൽ നിന്ന് ഇംഗ്ലീഷും ഇടതുമൂലയിൽ നിന്ന് മലയാളവും സ്ലിപ്പിൽ നിന്ന് കണക്കും ഗള്ളിയിൽ നിന്ന് സോഷ്യലും എഴുതി ഒറ്റനോട്ട് ബുക്ക് ജ്ഞാന- പ്രായോഗിക വൈവിധ്യങ്ങളുടെ സർവ്വകലാശാലയാക്കുന്ന കുട്ടിക്കാവും റാങ്ക് .
ഇതേ സ്ഥിതിയാണ് പിന്നെ രാഷ്ടീയവും സാമൂഹികതയുമാവുന്നത്.
പുസ്തകങ്ങളുടെ നിലവറയുള്ളവരെല്ലാം പാഴുകളാണെന്ന പായ്യാരമല്ല പറയുന്നത് ,പ്രത്യുത ,
പുസ്തകം വായനയുടെ പ്രധാനമർമ്മമോ ഏകകർമ്മമോ ആവുന്നില്ലെന്നാണ്.
സഞ്ചരിക്കുന്ന 'യാനം ' (വാഹനം) വായ ആവുന്ന
കൃത്യം ; വായയനം ആണ് വായന ആയതെങ്കിൽ ഈ ദിനത്തോട് ഒന്നുകൂടെ ചേരുന്ന ചിത്രം നിറപാത്രസദ്യകളും നിറചഷക വീഞ്ഞുകളുമായിരിക്കും .അങ്ങനെയല്ല കാര്യം , വായ കൊണ്ട് അക്ഷരങ്ങൾ വായിക്കാം ,മനസ്സാൽ ജ്ഞാനം വായിക്കാം , മസ്തിഷ്ക്കത്താൽ ഗണിതം വായിക്കാം , ഹൃദയത്താൽ ദർശനം വായിക്കാം .അങ്ങനെ ,
ഓർമ്മകൾ വായിക്കാം ,അനുഭവങ്ങൾ വായിക്കാം ,ഭാവനകൾ വായിക്കാം ,നിറങ്ങൾ വായിക്കാം ,ആകൃതി വായിക്കാം .
നവജാതപ്പൈതങ്ങളുടെ വായന നിറവും ആകൃതിയുമാണ് .ചിലപ്പോൾ നമ്മുടേതും ,
ജീരകമിഠായിയിൽ നിന്നും റോസ് മാത്രം വേർതിരിച്ച് പെറുക്കുന്നത് നിറം വായിച്ചിട്ടാണ് , മിച്ചറിൽ നിന്നും നിലക്കടല മാറ്റുന്നത് ആകൃതി വായിച്ചിട്ടാണ് ,അവസരങ്ങൾക്കൊത്ത് രത്യുൽസാഹം ഉണരുന്നത് അനുഭവം വായിച്ചിട്ടും .
ഖുർആൻ ; സാർവ്വജനീനവേദമാരംഭിക്കുന്നത് വായിക്കാനുള്ള ആഹ്വാനത്തോടെയാണെന്നതിനാൽ
'ഇഖ്റഇനെ ' പരിചയപ്പെടുത്തുന്നവരും പുസ്തകം വിട്ടുള്ള കളിക്ക് തയ്യാറല്ല .
ഇഖ്റഅ ' എന്ന കൽപ്പനാക്രിയയുടെ കർമ്മം പറഞ്ഞിട്ടില്ല ,വായനാരീതിയേ പറഞ്ഞിട്ടുള്ളൂ.
എഴുത്താണിയും അക്ഷരജ്ഞാനവും സൂചിപ്പിക്കപ്പെടുന്ന പരാമർശം നാലാമതാണവിടെ.
വായാനവും ഹൃദയയാനവും ആദ്യം പ്രമേയമാക്കേണ്ടത് സൃഷ്ടിസർജ്ജനത്തെയാണ് - ഖലഖ :
പ്രപഞ്ചം വായിക്കുക .
രണ്ടാമത്, മനുഷ്യൻ്റെ ഉണ്മയും ഉടലുമാണ് - ഇൻസാൻ ,അലഖ് :
ആത്മവായന നടത്തുക .
മൂന്നാമത് , അത്യുന്നതനായ രക്ഷിതാവാണ് - റബ്ബ്,അക്റം :
ദൈവാസ്തിക്യം കണ്ടെത്തുക .
ഒരുപക്ഷേ ഇവയെല്ലാം ഔദ്യോഗിക രേഖകളാവും - അല്ലമ ,ഖലം: അക്ഷര വായന നടത്തുക .
ഇതാണ് ഇഖ്റഅ ' .
അതിനാൽ , പ്രപഞ്ചവും ശരീരവുമാണ് ഏറ്റവും മഹാഗ്രന്ഥങ്ങൾ .
വായനാദിനം എന്നല്ല ,വായനദിനം എന്നാണെഴുതേണ്ടത് എന്നുകൂടി പറഞ്ഞ് സംസാരം ഉപസംഹരിക്കുന്നു.
Leave a Reply