In Aesthetic
By ശുഐബുൽ ഹൈതമി
സ്വർഗം: സൗന്ദര്യങ്ങളുടെ മനോരമ .
"ഇസ്‌ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് പരലോകവിശ്വാസം. സ്വര്‍ഗ-നരകങ്ങളെന്ന രക്ഷാ-ശിക്ഷകളാണ് വിശ്വാസത്തിലെ പാരത്രികത. ഇസ്ലാം വിമര്‍ശകര്‍ എക്കാലത്തും കയറിമേയാറുള്ള വിഷയങ്ങളിലൊന്നാണീ സ്വര്‍ഗ സങ്കല്‍പ്പം,വിശിഷ്യാ അപ്‌സരസുകളുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍. സ്വര്‍ഗ സ്ത്രീകളെയും ദേവസ്ത്രീകളെയും സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഇതര മതവേദങ്ങളിലും ആചാര്യ ഐതിഹ്യ ദര്‍ശനങ്ങളിലുമെല്ലാം ഉണ്ടെങ്കിലും മറ്റ് പലതിലെന്ന പോലെ ഖുര്‍ആനിക വചനങ്ങളിലെ പറുദീസയാണ് പൊതുചര്‍ച്ചകളിലെ പ്രതിപാദ്യം. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും മുമ്പ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ പുറത്തിറക്കിയ കാംപസ് മാഗസിനിലെ വിവാദ കവിതയാണ് പുതിയ സംവാദങ്ങള്‍ക്ക് വിധാനമൊരുക്കിയത്. ‘മൂടുപടം’ എന്ന ശീര്‍ഷകത്തോടെ കവിതയുടെ വിലാസത്തില്‍ ഒളിച്ച് കടത്തപ്പെട്ടത് അത്യന്തം ഹീനമായ വംശീയോദ്ദേശ്യമാണെന്ന് ആദ്യ വരികള്‍ സാക്ഷ്യം പറയുന്നുണ്ട്. ഉറച്ച ലിംഗമുള്ള ഹൂറന്മാരില്ലാത്ത സ്വര്‍ഗത്തിനുവേണ്ടി മുസ്‌ലിം സ്ത്രീകള്‍ എന്തിന് മൂടിപ്പുതച്ച് അന്തര്‍മുഖികളാവണം എന്ന ചോദ്യമാണ് ആകെ ആവിഷ്‌കരിക്കപ്പെട്ടത്.
ഇസ്ലാം പറയുന്ന സ്വര്‍ഗത്തില്‍ ലിംഗവിവേചനമുണ്ടെന്നും പുരുഷന്മാര്‍ക്ക് കന്യകകളായ ചമല്‍ക്കാരികളുള്ളതുപോലെ സ്ത്രീകള്‍ക്ക് വിപരീതലിംഗക്കാരായ ‘ഹൂറന്മാര്‍’ ഇല്ല എന്നാണ് ആരോപണം. സെമിറ്റിക് വിരുദ്ധമായ കമ്യൂണിസ്റ്റ് വിചാരധാരയുടെ ബൗദ്ധികഭ്രംശങ്ങളിലൊന്നാണിതും. കാരണം നിലനില്‍ക്കുന്ന കാലത്തോളമേ ഭൗതിക ന്യായത്തില്‍ കാര്യം നിലനില്‍ക്കുകയുള്ളൂ. തങ്ങളെ കാത്ത് നില്‍ക്കുന്ന സ്വര്‍ഗപുരുഷന്മാര്‍ പറുദീസയില്‍ ഇല്ലെന്നതാണ് മൂടുപട വര്‍ജനത്തിന് കവിത പറയുന്ന കാരണം. ആ കാരണം ഒട്ടും ശരിയല്ല. പാര്‍ട്ടി ഓഫിസിലെ പ്രധാനപരിപാടി നോക്കി മുസ്‌ലിംകളുടെ സ്വര്‍ഗത്തിലെ പ്രധാന പരിപാടി നിശ്ചയിച്ചു കളഞ്ഞത് അടിപൊളിയായിട്ടുണ്ട്. ഭൗതിക പദാര്‍ഥങ്ങളുടെ സാധ്യതകള്‍ക്കപ്പുറത്തുള്ള അഭൗതിക വിശ്വാസത്തിന്റെ സൗന്ദര്യബോധം കണ്ടെത്താന്‍ കഴിയാത്ത നിരീശ്വര ബുദ്ധിയുടെ വരള്‍ച്ചയാണ് ആ വരികള്‍. മുസ്‌ലിംകളുടെ സ്വര്‍ഗമോഹത്തിന്റെ ആധാരം ശാരീരികാനന്ദങ്ങളല്ല. സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ തിരുമുല്‍ക്കാഴ്ച്ചയും ഹൃദയഭാജനമായ മുഹമ്മദ് നബി (സ) യുമായുള്ള സൗഹൃദ സഹവാസവും തന്നെയാണ്. രുചിയും രതിയും ഭോഗതൃഷ്ണകളും സ്വര്‍ഗത്തിലെ വിനോദങ്ങള്‍ തന്നെയാണ്. അവ പ്രതിഫലങ്ങളാണ്. പക്ഷെ സാക്ഷാല്‍ക്കാരവും പരമമായ സായൂജ്യവും തിരു ദര്‍ശനങ്ങളും വിലയനങ്ങളുമാണ്. ‘നരകമോ സ്വര്‍ഗമോ അല്ല എന്റെ വിഷയം, എന്റെ തേട്ടം നീ മാത്രമാണ് ‘ എന്ന് പറഞ്ഞവരുടെ ആത്മജ്ഞാനമാണ് ഇസ്‌ലാമിന്റെ ഇഹ്‌സാന്‍. ‘ഹൂറികളും മദ്യപ്പുഴകളും’ എന്നൊരു പരിഹാസ ക്ലീഷേ ഇവിടെ രൂപപ്പെടുത്തപ്പെട്ടതില്‍ സ്വര്‍ഗമവതരിപ്പിക്കുന്ന പ്രഭാഷകന്മാരുടെ തത്വദീക്ഷക്കുറവും കാരണമായിട്ടുണ്ടാവാം. സ്വര്‍ഗം പറയുമ്പോള്‍ അല്ലാഹുവും അവന്റെ ദൂതരും തന്നെയാണ് വിശ്വാസത്തെ വിജ്രംഭിപ്പിക്കേണ്ടത്.
സ്വര്‍ഗത്തിലെ സ്ത്രീകള്‍ക്ക് പുരുഷന്മാരായ ഹൂറുല്ലീങ്ങള്‍ (ഹൂറുന്‍ ഐന്‍) ഇല്ല എന്ന് ഖുര്‍ആനിലോ പ്രമാണങ്ങളിലോ ഇല്ല. ഹൂറുന്‍ഐന്‍ എന്നതിന് സ്വര്‍ഗസ്ത്രീകള്‍ എന്ന് ഭാഷാന്തരം ചെയ്തതാണ് പ്രശ്‌നങ്ങളിലൊന്ന്. ദീപ്തപങ്കാളി, അഴകിണ എന്ന പൊതുലിംഗ സാരമാണ് ആ പദത്തിന്. സൂറ: ദുഖാനിലെ അന്‍പത്തൊന്ന് മുതല്‍ അന്‍പത്തഞ്ച് വരെയുള്ള വചനങ്ങള്‍ നോക്കിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. ‘ഭക്തന്മാര്‍ തീര്‍ച്ചയായും സുരക്ഷിത മണ്ഡലത്തിലത്രെ, അരുവികളും താഴ്വാരങ്ങളിലും സല്ലാപോന്മുഖന്മാരായി അവര്‍ പട്ടും പകിട്ടുമണിഞ്ഞിരിക്കും. അപ്രകാരം അവര്‍ക്ക് നാം ഹൂറുന്‍ ഈനിനെ ഇണമണികളാക്കിക്കൊടുക്കും. ആനന്ദ നിര്‍ഭയരായി അവര്‍ വിഭവങ്ങള്‍ ആവശ്യപ്പെടും’. ഈ വചനത്തിലും മറ്റു വചനങ്ങളിലുമെല്ലാം സൂചിപ്പിക്കപ്പെട്ട മുത്തഖീങ്ങള്‍ സ്ത്രീയും പുരുഷനുമാണ്. പട്ടും പകിട്ടുമണിയുന്നതും പഴങ്ങള്‍ മൃദു ഭോജനം നടത്തുന്നതും ആരാമങ്ങളില്‍ നുറുങ്ങുകഥകളിലൂടെ കുറുകുന്നതും പുരുഷന്മാര്‍ മാത്രമാണ് എന്ന് ആര്‍ക്കും വാദമില്ല. എങ്കില്‍ അക്കൂട്ടത്തില്‍ മധ്യേ പറയപ്പെട്ട ഹൂറികളില്‍ മാത്രം ലിംഗവ്യതിയാനം പരതുന്നവര്‍ക്ക് ഇരുട്ടാണ് കൂട്ട്. ‘ഹൂറി’ എന്ന പദം മറബിയാണ്, അറബിയല്ല. അവര്‍ സ്ത്രീകള്‍ മാത്രമാണ് എന്ന ധാരണയില്‍ മലയാളത്തിലെ സ്ത്രീകാരസ്വരമായ ഈകാരം നല്‍കി ഹൂറി എന്ന് പറഞ്ഞത് സമ്പൂര്‍ണമല്ല. ‘ഹൂറന്‍’ എന്നും മറബീകരിക്കാം.
അറബിഭാഷാ നിയമം നോക്കിയാല്‍ കാര്യം ഒന്ന് കൂടി വ്യക്തമാവും. ‘ഹൂറികള്‍’എന്നാണ് മലയാളികള്‍ അപ്‌സരസുകളെ സംബന്ധിച്ച് മറബീകരിച്ച് പറയുന്നത് എന്ന് പറഞ്ഞല്ലോ. ‘ഹൂറുന്‍ ഈന്‍ ഹൂറുല്‍ ഈന്‍’ എന്നതാണ് ശരിയായ അറബി പദം. ‘ഹൂര്‍’ എന്നത് ബഹുവചനമാണ്. ‘ അഹ്‌വര്‍, ഹൗറാഅ’ എന്നീ രണ്ട് പദങ്ങങ്ങളാണ് അതിന്റെ ഏകവചനം. വിശ്വ പ്രസിദ്ധമായ അറബി ഭാഷാവ്യാകരണ നിയമഗ്രന്ഥമായ അല്‍ഫിയതുബിനില്‍ മാലിക് ഈ നിയമം ചൊവ്വേ പറയുന്നുണ്ട്.
അതായത് ‘സുറുമാലംകൃതനായ നയന മനോഹരന്‍’ (പുരുഷന്‍) എന്നര്‍ഥമുള്ള അഹ്വര്‍ എന്ന പദത്തിന്റെയും ‘സുറുമാലംകൃതയായ നയന മനോഹരി’ (സ്ത്രീ) എന്നര്‍ഥമുള്ള ഹൗറാഅ് എന്ന പദത്തിന്റെയും ബഹുവചനമാണ് ‘ഹൂര്‍’. അപ്പോള്‍ തീര്‍ച്ചയായും ആ പദത്തിന്റെ സാരം അതിസുന്ദരന്മാര്‍ എന്നും അതിസുന്ദരികള്‍ എന്നുമാണ്. അല്ലാതെ അതിസുന്ദരികള്‍ എന്ന് മാത്രമല്ല. ‘ഈന്‍’എന്നതിനര്‍ഥം തിളങ്ങുന്ന കണ്ണുള്ളത് എന്നാണ്. വദനശോഭയാണ് ഉദ്ദേശ്യം. ഭാഷാ നിയമം ഇതായിരിക്കേ, പുരുഷന്മാര്‍ക്ക് ഹൂറികള്‍ കിട്ടുന്നത് പോലെ സ്ത്രീകള്‍ക്ക് ആരാണുള്ളത് എന്ന ചോദ്യം സംഗതമല്ല.
മാത്രമല്ല, സ്വര്‍ഗത്തില്‍ സുന്ദരന്മാരായ ദേവപുരുഷന്മാര്‍ ഇല്ല എന്ന് ഖുര്‍ആനിലോ പ്രവാചക വചനങ്ങളിലോ ഇല്ല. മേല്‍ സന്ദേഹമുന്നയിക്കുന്നവരുടെ ഇസ്‌ലാം രേഖകള്‍ അവയാണല്ലോ, അവരവയെ സമീപിക്കുന്നതാവട്ടെ ഭാഷാമാപിനികള്‍ വയ്ച്ചും.
ഇവിടെ വരുന്ന ഒരു സംശയം, ഖുര്‍ആനിക ഭാഷാഖ്യാന ശൈലി ‘സ്ത്രീ ഹൂറികള്‍’ മാത്രമായത് എന്തുകൊണ്ടാവും എന്നതാണ്. പൊതുവേ അഭിസംബോധനാ ലിംഗം ഖുര്‍ആനില്‍ പുല്ലിംഗമാണ്. ക്രിയാ രൂപങ്ങളില്‍ നേരിട്ട് സര്‍വനാമങ്ങള്‍ ചേരുന്നതിനാലും കര്‍ത്താവിന്റെ ലിംഗമാറ്റമനുസരിച്ച് ക്രിയ മാറുന്നതിനാലും അറബിയില്‍ ഈ മാറ്റം പെട്ടെന്ന് കാണാനാവും എന്ന് മാത്രം. അറേബ്യന്‍ നാടുകളിലെ ഭരണകൂട വിജ്ഞാപനങ്ങള്‍ പുല്ലിംഗപരമായിരിക്കും, പക്ഷെ സ്ത്രീകള്‍ നിയമാതീതരാണെന്നല്ലല്ലോ അതിനര്‍ഥം.
ചുരുക്കത്തില്‍, സ്വര്‍ഗപ്രവേശം ലഭിക്കുന്ന സ്ത്രീകള്‍ക്ക് ശാരീരികാടനങ്ങള്‍ക്കായി അഴക് തികഞ്ഞ ആണുങ്ങളുണ്ടാവുക എന്നത് ഭാഷാപരമായോ യുക്തിപരമായോ പ്രമാണങ്ങളോട് എതിരാവുന്നില്ല.
എന്നാല്‍ അങ്ങനെ ദേവകുമാരന്മാര്‍ ഉണ്ടായാല്‍ മാത്രമേ സ്വര്‍ഗത്തില്‍ ലിംഗ നീതിയുണ്ടാവുകയുള്ളൂ എന്ന യുക്തിന്യായങ്ങള്‍ യുക്തിഭദ്രമല്ല. (ഈ ഭാഗം ഇസ്ലാമിക പക്ഷമല്ല,യുക്തിപക്ഷമാണ്)
കാരണം, ആഗ്രഹിക്കുന്നതൊക്കെ ലഭിക്കുന്ന ഇടമാണ് ഇസ്ലാം പറയുന്ന സ്വര്‍ഗം. പക്ഷെ ഭൂമിയില്‍ വച്ച് ആഗ്രഹിച്ചത്, ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്ന ഇടമാണ് സ്വര്‍ഗം എന്നല്ല ആ പറഞ്ഞത്. സ്വര്‍ഗത്തില്‍ വച്ച് ആഗ്രഹിക്കുന്നത് കിട്ടും എന്നാണ്. സ്വര്‍ഗത്തില്‍ വച്ച് സ്ത്രീ സമൂഹം ദേവന്മാരേയോ പരപുരുഷന്മാരെയോ ഒക്കെ ആഗ്രഹിക്കുമെന്ന് വന്നാലല്ലേ ആ പറഞ്ഞ അനീതിയുടെ പ്രശ്‌നം ഉദിക്കുന്നുള്ളൂ. ആഗ്രഹിച്ചിട്ട് കിട്ടാതിരിക്കുമ്പോഴേ സ്വര്‍ഗം അപൂര്‍ണമാവുകയുള്ളൂ. സ്വര്‍ഗത്തിലെ സ്ത്രീകള്‍ തങ്ങളാഗ്രഹിക്കുന്ന ‘ഫെയര്‍ബഡീസി’നെ കിട്ടാതെ ലൈംഗികഭംഗം വന്ന് വിഷണ്ണരാവുന്നത് ശരിയാണോ എന്ന് ചോദിക്കുന്നത് സ്വര്‍ഗത്തിലോ പരലോകത്തിലോ വിശ്വസിക്കാന്‍ പാടില്ലാത്ത ഭൗതികമാത്ര വാദികളാണ് എന്ന വൈരുധ്യമാണ് മറ്റൊരു തമാശ.
സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളുടെ കാര്യത്തില്‍ മലയാളത്തിന്റെ പൊതുബോധം കാണിക്കുന്ന കാപട്യംകൂടി ഈയവസരത്തില്‍ ആലോചിക്കപ്പെടേണ്ടതുണ്ട്.
Leave a Reply