In Astronomy
By ശുഐബുൽ ഹൈതമി
വിഷു , വിഷുവം , രാശി , കിതാബ് : ആകാശ വായന
എപ്പോഴാണ് വിഷു ?
മേടം 1 നാണ് ( ഏപ്രിൽ 14 ) മലയാളികൾക്ക് വിഷുവിൻ്റെ അവധിയും ഹൈന്ദവ സുഹൃത്തുക്കൾക്ക് വിഷുവാഘോഷവും .
അന്നത്തെ പ്രത്യേകത എന്താണ് ?
രാവും പകലും ഒരേ അളവിലാകുന്ന ദിവസമായിരുന്നു അന്ന് , സമരാത്രദിനം എന്ന് പറയും .
സമരാത്രദിനത്തിലെ രാപ്പകൽ പോലെ മനുഷ്യരുടെ ത്യല്യതയാണ് വിഷുവിൻ്റെ പ്രമേയം . അപ്പറഞ്ഞത് ഒരു മതവും അതിൻ്റെ വിശ്വാസവുമാണ്.
: എന്നാലിപ്പോൾ മേടം 1 നാണോ സമരാത്രദിനം ?
അല്ല , മറിച്ച് ഇപ്പോൾ മീനം 7 / 8 നാണ് സമരാത്രദിനം.
അതായത്, ശാസ്ത്രഭാഷയിൽ 19 ദിവസം പിന്തിയിട്ടാണ്, കുറഞ്ഞത് , കഴിഞ്ഞ 72 വർഷങ്ങളായി വിഷു ആഘോഷിക്കപ്പെടുന്നത്.
: മേടം 1 മീനം 8 ലേക്ക് പിന്തിയതിൻ്റെ വാനശാസ്ത്ര വഴിയേത് ?
A : രാപ്പകൽ രൂപീകരണം .
ഭൂമിയിലെ അനുഭവത്തിൽ സൂര്യൻ കൊല്ലത്തിൽ രണ്ട് ദിവസം ഭൂമധ്യ രേഖയുടെ നേരെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും .അന്ന് രാവും പകലും തുല്യമാവും . മാർച്ച് 20 / 21 നും സെപ്തംബർ 22 / 23 നുമാണങ്ങനെ വരിക. ഭൂമി സൂര്യനെ ചുറ്റുന്ന വാർഷിക പരിക്രമണ പാതയുടെ ഘടനയും ഭൂമിയുടെ അച്ചുതണ്ടിൻ്റെ ചെരിവും കാരണത്താൽ,
Ecliptic - منطقة البروج അഥവാ സൂര്യൻ്റെ വാർഷിക ചലന പാത Celestial circle - معدل النهار അഥവാ ഖഗോള വൃത്തത്തെ ഛേദിക്കുന്ന രണ്ട് ബിന്ദുക്കളാണവ. വിഷുവബിന്ദുക്കൾ എന്നാണവയ്ക്ക് മലയാളത്തിൽ പറയുക .മാർച്ച് 21 ന് vernal equinox എന്നും സെപ്തംബർ 22 ന് Autumnal equinox എന്നും പറയും. അറബിയിൽ
الإعتدال الربيعي ، الإعتدال الخريفي
എന്നാണവയുടെ പേരുകൾ .
മലയാളികൾ മേഷാദിവിഷുവം , തുലാം വിഷുവം എന്നിങ്ങനെയും പറഞ്ഞ് വന്നു.
അന്നേ ദിവസം ഭൂമിയുടെ എല്ലാ ഭാഗത്തുള്ളവർക്കും അവരുടെ ചക്രവാളത്തിൻ്റെ നേർകിഴക്കിലായിരിക്കും ഉദയം , നേർ പടിഞ്ഞാറിലാവും അസ്തമനം .
March 21 ന് ശേഷം ആറ് മാസം സൂര്യൻ വടക്ക് ഭാഗത്തേക്ക് പ്രതിദിനം 1 ഡിഗ്രി എന്ന തോതിൽ സഞ്ചരിക്കും . പരമാവധി 23 . 7 ഡിഗ്രി വരെ വടക്കിലെത്തുന്ന ദിവസം ജൂൺ 22 ആണ്.
ഉത്തരായന ബിന്ദു എന്ന് സാങ്കേതികമായും കർക്കിടക സംക്രാന്തി എന്ന് മലയാളത്തിലും അതിനെ വിളിക്കുന്നു . അറബിയിൽ
الإنقلاب الصيفي
എന്നും .സെപ്തംബർ 22 നേക്ക് തുലാംവിഷുവ ബിന്ദുവിൽ തിരിച്ചെത്തുന്ന സൂര്യൻ പിന്നീട് ആറ് മാസം തെക്കോട്ട് സഞ്ചരിക്കുന്നു. ഡിസംബർ 21 ന് പരമാവധി തെക്കിൽ 23 . 7 ഡിഗ്രിയിൽ എത്തുന്നു. ദക്ഷിണായനബിന്ദു എന്ന് സാങ്കേതികമായും മകര സംക്രാന്തി എന്ന് മലയാളത്തിലും അതിനെ വിളിക്കുന്നു . അറബിയിൽ الإنقلاب الشتوي എന്നും .
ശേഷം മാർച്ച് 21 നേക്ക് സൂര്യൻ വിഷുവത്തിൽ തിരിച്ചെത്തുന്നു. അതാണ് ഒരു സൗരവർഷം .
B : രാപ്പകൽ വ്യതിയാനം .
സൂര്യൻ ഭൂമധ്യരേഖയുടെ വടക്ക് ഭാഗത്ത് വരുന്ന ആറ് മാസക്കാലം വടക്ക് ഭാഗത്ത് പകൽ സമയം രാത്രിയേക്കാൾ കൂടും . ജൂൺ 22 ആണ് ഏറ്റവും നീളമുള്ള പകൽ . അന്നാളുകളിൽ വെയിലും ചൂടും കൂടും . ഭൂമധ്യരേഖയോട് താരതമ്യേനെ അടുത്ത ഭാഗമെന്ന നിലയിൽ ( ശരാശരി 11 ° N + ) കേരളത്തിൽ ഏപ്രിൽ പകുതിയോടെ ചൂട് ഏറ്റവും ശക്തമാവും. ഈ സമയത്ത് തെക്ക് ഭാഗത്ത് നേരെ മറിച്ചാവും അനുഭവം . ഇനി , സൂര്യൻ തെക്കിൽ സഞ്ചരിക്കുന്ന ആറ് മാസം , വടക്കന്മാരായ നമുക്ക് രാത്രി ഭാഗം ( അസ്തമനചാപം ) കൂടും .ഡിസംബർ 21 ആണ് ഏറ്റവും നീണ്ട രാത്രി . അക്കാലയളവിൽ ഇവിടെ ശൈത്യവും മഞ്ഞും കൂടും . മകരത്തിൽ മരം കോച്ചുന്ന തണുപ്പും കുറഞ്ഞ പകൽ വെയിലും കാരണം തണുത്ത് വിറക്കും . തെക്കൻ ഭാഗത്ത് നേരെ മറിച്ചാവും അനുഭവം .
ഇവ്വിധം 6 മാസം കൊണ്ട് 90 ° എന്ന തോതിൽ രാപ്പകൽ - കാലാവസ്ഥാ വ്യതിയാനങ്ങൾ ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലേക്ക് പടരുന്നു .
C : വിഷു വിഷയം .
മനുഷ്യരിൽ ചിലർ വിഷു ആചരിക്കാൻ തുടങ്ങിയ കാലത്ത് സമരാത്രദിനമായ മാർച്ച് 21 ന് സൂര്യൻ മേടം രാശിയിൽ എത്തിയ ദിവസമായതാവാം ( അതായത് Ecliptic ൻ്റെ കിഴക്കേ അറ്റത്ത് , ആകാശത്ത് ചിത്തിര നക്ഷത്രം തെളിഞ്ഞ തുലാം 1 ൻ്റെ രാത്രിയുടെ നേരെ മറുപുറത്തെ പടിഞ്ഞാറേ അറ്റത്ത് അശ്വതി നക്ഷത്രം തെളിഞ്ഞ ദിവസം ) മേടം 1 ഉം വിഷുവും ഒത്ത് വരാൻ കാരണം. പക്ഷെ 72 വർഷങ്ങൾ കൂടുമ്പോൾ വിഷുവബിന്ദു ( Conjunction point of ecliptic & celestial circle ) സൂര്യൻ്റെ വിപരീത ദിശയിലേക്ക് ഒരുദിവസം പിറകിലാവുന്നുണ്ട്. അതായത് സൂര്യൻ മേടം 1 ൽ നിന്ന് ദിനംപ്രതി വടക്കോട്ടും, വിഷുവബിന്ദു പ്രതിവർഷം 50 . 56 ആർക്ക് സെക്കൻ്റ് തെക്കോട്ടും തെന്നുന്നു. ഇപ്പോഴാ ബിന്ദു മീനം 8 ൻ്റെ സ്ഥാനത്താണ് , എന്നുപറഞ്ഞാൽ 19 ദിവസങ്ങളുടെ മാറ്റം ഉണ്ടായെന്നർത്ഥം . AD 2600 ഓടെ വിഷുവബിന്ദു കുഭം രാശിയിലെത്തും . അപ്പോൾ വിഷുക്കാലത്ത് കൊന്ന പൂക്കണം എന്നില്ല , പൂക്കാം .അതനുസരിച്ച് തുലാം വിഷുവം ഇപ്പോൾ കന്നി 8 നായിരിക്കും . മകരസംക്രാന്തി ധനുവിലും കർക്കിടക സംക്രാന്തി മിഥുനത്തിലും 19 ദിവസം പിന്നിലായിരിക്കും . ഇങ്ങനെ പന്ത്രണ്ട് രാശികളിലെ ഓരോ ദിവസവും 25772 വർഷങ്ങൾക്കകം വിഷുവബിന്ദുസ്ഥാനമാവും. ഒരിക്കൽ വിഷുവബിന്ദുവായ തിയ്യതി വർഷങ്ങൾക്ക് ശേഷം അയനബിന്ദുവായിരിക്കും. ഈ വർഷത്തെ മേടം 1 ൻ്റെ സ്ഥാനത്ത് വർഷങ്ങൾക്ക് ശേഷം ആകാശത്തിൽ തുലാം 1 ആയിരിക്കും .
: എന്നാൽ വിഷുവിഘോഷം എന്ത്കൊണ്ട് സംഗതമാണ് ?
ആഘോഷങ്ങളേതും പ്രതീകാത്മകവും വിശ്വാസപരവുമാണ് . സമരാത്രദിനം പോലെ മാനവിക സമത്വം സാധ്യമാക്കുക എന്ന തത്വം ഏതോ ഒരു സമരാത്രദിനത്തെ ആസ്പദിച്ച് ഒരു വിഭാഗം മനുഷ്യർ മതപരമാക്കി കൊണ്ടാടിത്തുടങ്ങി. ഇനി , ഭൂമിയിൽ ആ തത്വവും അടിസ്ഥാന നാളും 365 ദിവങ്ങളിലൊരു വട്ടം ആവർത്തിക്കപ്പെടുന്നു. അതാണ് വിശ്വാസം . എല്ലാ മേടം ഒന്നിനും വിഷു വരും. മാറ്റാൻ നിന്നാൽ മാറ്റാനേ നേരമുണ്ടാവൂ .വിഷുവം 365 ദിവസങ്ങളിലുമായി കറങ്ങി വരും .
സമരാത്രദിനം മാറുന്നതിനൊത്ത് വിഷു മാറ്റണം എന്ന ശാസ്ത്രമതം സത്യത്തിൽ സൈൻ്റിഫിക് പ്യൂരിറ്റാനിസിമാണ്.
കാരണം ചഞ്ചലപ്രാതിഭാസികതയുടെ താളക്രമമാണ് പ്രാപഞ്ചികത . ഒരു മൈക്രോസെക്കൻ്റ് മുമ്പത്തെ പ്രപഞ്ചമല്ല ഈ നിമിഷാംശത്തിലെ പ്രപഞ്ചം .പ്രപഞ്ചത്തിലെ ഒന്നും സ്ഥിരമല്ല , ഭൂമിയിലെയും തഥാ , ആപേക്ഷികമാണെല്ലാം .ഭൂമി 24 മണിക്കൂർ കൊണ്ട് ഒരു സ്വയം ചുറ്റ് പൂർത്തിയാക്കുന്നത് പോലെ , അതിൻ്റെ അച്ചുതണ്ട് 25772 വർഷങ്ങളെടുത്ത് ഒരു വട്ടം ചുറ്റുന്നുണ്ട് . പുരസ്സരണം എന്നാണതിന് പറയുക . പമ്പരം അതിവേഗത്തിൽ കറങ്ങുമ്പോൾ അതിൻ്റെ പിടിക്കമ്പ് പതുക്കേ വിപരീത ദിശയിൽ തിരിക്കുന്ന മാതിരിയാണത്. 13000 വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോഴുള്ള ഭൂമിയുടെ 23 . 5 പടിഞ്ഞാറിലേക്കുള്ള ചെരിവ് അത്രയും കിഴക്കിലേക്ക് മാറും. അപ്പോഴേക്ക് ഇപ്പോഴത്തെ ഭൂമിയുടെ ധ്രുവനക്ഷത്രമായ Polaris മാറ്റേണ്ടി വരും. ഭൂമിയിലെ ഋതുഭേദങ്ങൾ അടിമുടി അട്ടിമറിയും . കാടുകൾ മരുഭൂമിയാവും , മരുഭൂമികൾ കൊടുങ്കാടാവും . ഇപ്പോഴത്തെ സഹാറ - ഗൾഫ് മരുഭൂമികളൊക്കെ ഒരുകാലത്ത് സമുദ്രങ്ങളും കാടുകളുമായിരുന്നു. അങ്ങനെയടിഞ്ഞ ഫോസിലുകളാണ് നമുക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ സ്വർണ്ണമലകൾ വരെ തരുന്നത്.
: അപ്പോൾ എന്ത് കൊണ്ടാണ് റോമൻ മാസങ്ങൾ മാറാത്തത് ?
'ഇംഗ്ലീഷ് ' മാസങ്ങൾ സൗരപരിക്രമണങ്ങൾക്കൊപ്പിച്ച് നിർണ്ണയിക്കപ്പെട്ടതാണ്.
എന്നാൽ രാശികൾ അതത് റോമൻ ദിവസത്തിൻ്റെ രാത്രിയിൽ ആകാശത്ത് നോക്കുമ്പോൾ ദൃശ്യമാവുന്ന നക്ഷത്രങ്ങളെ ചേർത്ത് വരക്കുമ്പോൾ കിട്ടുന്ന ചിത്രങ്ങളാണ്. മലയാളം > അറബി - റോമൻ >ഇംഗ്ലീഷ് > ലാറ്റിൻ എന്നക്രമത്തിൽ അവയേതാണെന്ന് നോക്കാം.
1 : മേടം - حمل -മാർച്ച് - RAM - ARIES -
2: ഇടവം - الثور -ഏപ്രിൽ - BULL - TAURUS
3: മിഥുനം - الجوزاء- മെയ് - TWINS - GEMINI
4: കർക്കിടകം السرطان- - ജൂൺ - CRAB - CANCER
5 : ചിങ്ങം - الاسد- ജൂലൈ - LION - LEO
6 : കന്നി - السنبلة- ഓഗസ്ത് - VlRGIN - VlRGO
7: തുലാം -الميزان - സെപ്തംബർ - BALANCE - LIBRA
8 : വൃശ്ചികം - العقرب - ഒക്ടോബർ - SCORPION - SCORPIO
9 : ധനു- القوس - നവംബർ - ARCHER - SAGITTARUS
10 : മകരം - الجدي - ഡിസംബർ - SEAGOAT - CAROONUS
11 : കുഭം -الدلو - ജനുവരി - WATER CARRIER - AQURIUS
12: മീനം - الحوت - ഫെബ്രുവരി - FISH - PISCES.
സൂര്യനും ഈ രാശികളും തമ്മിലുള്ള ബന്ധം സ്ഥിരമാണെങ്കിലും രാശിമണ്ഡല വൃത്തവും ഖഗോള വൃത്തവും ദിനംപ്രതി മൈക്രോ സെക്കൻ്റിൽ തെന്നുന്നത് കൊണ്ട് ഒന്നും സ്ഥായിയല്ല.
ഇന്ന് രാത്രി ആകാശത്ത് കാണുന്ന നക്ഷത്രങ്ങളെ അതേ സ്ഥാനത്ത് കാണാൻ കൃത്യം ഒരു വർഷം പിടിക്കും.
: 'കിതാബുകളുടെ ' കൃത്യത .
രാശി മണ്ഡലങ്ങൾ ഭൂമിയിലെ ദൃശ്യഭാവന മാത്രമാണെന്നും സൂര്യനും അവയും തമ്മിൽ ഗൃഹപ്പൊരുത്ത ബന്ധമില്ലെന്നും അതിനാൽ രാശിമണ്ഡലം നോക്കി ദിവസനിർണ്ണയം നടത്തൽ അപൂർണ്ണമാണെന്നും ഗോളശാസ്ത്രത്തിലെ 'ഫലകീ കിതാബുകൾ ' നിരീക്ഷിച്ചത് കാണാം .
'ബുർജുകൾ സൂര്യൻ്റെ വിപരീത ദിശയിലാണ് കറങ്ങുക എന്ന 'ചഗ്മീനി 'യിലെ തത്വത്തിൻ്റെ താൽപര്യം ആധുനിക വാനശാസ്ത്രത്തെയും അൽഭുതപ്പെടുത്തുന്നതാണ്.
: വിഷുവും പെരുന്നാളും തമ്മിലെന്ത് ?
ഈദ് മുസ്ലിംകളുടേതും വിഷു ഹൈന്ദവരുടേതും എന്നാൽ ഇന്ത്യയിൽ അത് രണ്ടും മതേതരമായ പൊതു ആഘോഷങ്ങളുമാണ് , സ്വത്വത്തിൽ തന്നെ വ്യത്യസ്തമായ രണ്ട് ദർശനങ്ങളുടെ രണ്ടാഘോഷങ്ങൾ . എന്നാൽ , മാറുന്ന പ്രകൃതിതാളങ്ങൾക്കൊത്ത് മാറ്റേണ്ടതില്ലാത്ത വിധം സ്ഥായിയായ രണ്ടടിസ്ഥാനങ്ങളെ അവ രണ്ടും ആധാരമാക്കുന്നു എന്ന കാര്യത്തിൽ യോജിക്കുന്നു. പ്രതീകാത്മകമായ തത്വത്തിൻ്റെ വാർഷികാചരണം എന്ന നിലയിൽ വിഷുവം മീനം 8 നായാലും വിഷു മേടം 1 ന് തന്നെ ആചരിക്കപ്പെടുന്നു .
ന്യൂമൂൺ നിമിഷങ്ങൾ എപ്പോൾ നടന്നാലും സ്ഥായിയായ പൊതുതത്വം എന്ന നിലയിൽ അമ്പിളിക്കല കണ്ണാലേ കാണുമ്പോൾ മുസ്ലിംകൾ പുതിയ മാസവും തുടങ്ങുന്നു .
സൈൻ്റിഫിക് പ്യൂരിറ്റാനിസം വിശ്വാസത്തിൻ്റെ ആത്മാവിനെ ഹനിക്കുന്ന ആധുനികതയുടെ ഉൽപ്പന്നമാണ് , ഏത് മതമായാലും ആധുനികത അതിൻ്റെ വിപരീതമാണ് .
ആധുനികതയാകട്ടെ , ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന വീക്ഷണവുമാണ് .
Leave a Reply