In General
By ശുഐബുൽ ഹൈതമി
കൗണ്ടർ റിഫോർമേഷൻ : പന്തും പാദവും.
വടകരയിലെ 'കാഫിർ ' , മമ്മൂട്ടിയിലെ 'മുഹമ്മദ് കുട്ടി ' , ഒടുവിൽ ഫലസ്തീൻ അഭയാർത്ഥികൾക്ക് പിന്തുണയർപ്പിച്ച ദുൽഖറിൻ്റെ ' സൽമാൻ ' , ഷൈൻ നിഗമിൻ്റെ ' കാഫിയ ' തുടങ്ങിയവ ഇസ്ലാമോഫോബിക്കായി കേരളത്തിൽ ദുരുപയോഗം ചെയ്യപ്പെട്ട ഏറ്റവും ചൂടാറാത്ത ചിത്രങ്ങളാണ് . പഴിചാരലുകളുടെ രാഷ്ട്രീയ വക്കാണങ്ങൾക്കപ്പുറമുള്ള ചിലതിലേക്കാണ്, ചരിത്രത്തിലേക്ക് വേരും ഭാവിയിലേക്ക് ശിഖിരവും നീണ്ട മുസ്ലിമിൻ്റെ ' ആത്മീകസ്വത്വം ' നേരേചൊവ്വേ സഞ്ചരിക്കേണ്ട തലങ്ങൾ .
' വെറുക്കപ്പെടേണ്ട മുസ്ലിം ' കേരളത്തിലെത്തിയ വഴി ?
2001 ലെ അൽഖ്വയ്ദയുടെ അമേരിക്കൻ അക്രമണത്തിന് ശേഷം പടിഞ്ഞാറിലെ ഇവാഞ്ചിക്കൽ ക്രിസ്റ്റ്യൻ ബെൽറ്റ്; സാമുവൽ ഹണ്ടിംഗ്ടൺ, ക്രിസ്റ്റഫർ ഹിച്ചൺ , സാംഹാരിസ് തുടങ്ങിയ വാടക സൈദ്ധാന്തികരെ ഉപയോഗപ്പെടുത്തി വികസിപ്പിച്ച ' മുൻകൂർ ജാമ്യാപേക്ഷ'യാണ് ഇസ്ലാമോഫോബിയ . ഇസ്ലാമിക തത്വങ്ങൾക്ക് ആധുനിക ലോകഘടനയോട് സമരസപ്പെടാനുള്ള പൊതുമൂല്യം ഇല്ലെന്നും മതേതരമായ സാമൂഹിക സന്തുലിതത്വത്തിന് ബൗദ്ധികമായി പ്രായപൂർത്തി വരിക്കാത്ത മുസ്ലിംകൾ ഭീഷണിയാണെന്നുമുള്ള സാംസ്കാരിക ഭാഷ്യങ്ങൾ ആദ്യത്തിലും , അവർ പൊതുജനങ്ങളാൽ ഭയപ്പെടപ്പെടേണ്ടവരും ഭരണകൂടങ്ങളാൽ വെറുക്കപ്പെടേണ്ടവരുമാണെന്ന് മധ്യത്തിലും , ഒടുവിൽ , മുൻധാരണയും മുൻവിധിയും മുന്നിർത്തി അവരുടെ സാമൂഹിക ചിഹ്നങ്ങൾ അപരവൽക്കരിക്കപ്പെടേണ്ടതാണെന്നും ബോധപൂർവ്വം വരുത്തിത്തീർക്കുന്ന ആഗോള പദ്ധതിയെന്നാണ് ' ഇസ്ലാമോഫോബിയ' യെ എൻസൈക്ലോപീഡിയ ഓഫ് റൈസ് ആൻഡ് എത്നിക് സ്റ്റഡീസിൽ(Encyclopedia of Race and Ethnic studies) എലിസബത്ത് പൂൾ വിശദീകരിച്ചത് . മുസ്ലിം ലോകത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകരായ എഡ്വാർഡ് സൈദ് , ഫനാൻ ഹദ്ദാദ് തുടങ്ങിയവർ കൂട്ടിച്ചേർത്ത മറ്റൊരുവശം കൂടിയുണ്ട് , പരാമൃഷ്ട സൈദ്ധാന്തികകൂലിക്കാർ ആദ്യം മതബോധം വിപരീതം പൊതുബോധം എന്നൊരു ദ്വന്ദം സൃഷ്ടിച്ചു . പിന്നീട് മതബോധം സമം ഇസ്ലാമികബോധം എന്നായി അതിനെ വ്യവഹരിച്ചു.
ഫലത്തിൽ പൊതുബോധം വിപരീതം ഇസ്ലാമികബോധം എന്നായി ലോകം അതിനെ വായിക്കാൻ തുടങ്ങി. പടരാൻ പ്രാദേശികഭിന്നമായ ഇന്ധനങ്ങൾ ഉപയോഗപ്പെടുത്തിയെന്നതൊഴിച്ചാൽ ലോകത്തെവിടെയും അപ്പറയപ്പെട്ടവയുടെ ഭാവവും ഭാഷയും ഒന്നാണ് . മിഡിലീസ്റ്റിൽ ഇല്ലാത്ത ' ആണവായുധത്തിൻ്റെ' മറവിലാണത് കത്തിയതെങ്കിൽ കേരളത്തിൽ ഇല്ലാത്ത ' ലൗ ജിഹാദി ' ൻ്റെ മറവിലാണത് പുകഞ്ഞ് തുടങ്ങിയത്.
ബൊളീവിയയിൽ നിന്ന് വടകരക്കുള്ള ദൂരം .
'വെറുക്കപ്പെടേണ്ട 'മുസ്ലിംകൾ ലോകമാസകലം ചൂടും പുകയുമേറ്റ് നീറുമ്പോൾ വാക്ക് കൊണ്ടെങ്കിലും കവിതയുടെ വിശറികൾ വീശി തണുപ്പിക്കുന്നവരാണ് ആഗോള ഇടതുപക്ഷ ആക്ടിവിസ്റ്റുകൾ. ഒരളവോളം ലോക മുസ്ലിം പ്രശ്നങ്ങളിൽ അതേ റിഥം പിടിക്കുന്ന മലയാള ഇടതന്മാർ, പലപ്പോഴും കേരള മുസ്ലിംകളെ അവരുടെ ആഗോള ഫ്രയിമിൽ നിന്ന് അടർത്തി വായിക്കുന്നതിൻ്റെ യുക്തി അജ്ഞാതമാണ് . ഒടുവിലെ ,
' കാഫിർ ' വിവാദത്തിലും മറ്റും കേരളലെഫ്റ്റിസ്റ്റുകൾ ആഗോള ആൻ്റി ഇസ്ലാമിക് വലതുവംശീയ മനോഘടനയിലേക്ക് മാറുന്നുവെന്ന് പറയാതിരിക്കാനാവില്ല .
കേരളത്തിലെ ഇന്നത്തെ ഇടതുപക്ഷ നേതാക്കളിൽ ലോകരാഷ്ട്രീയ ഘടന മനസ്സിലാക്കി നിലപാടെടുക്കുന്നവർ വംശമറ്റ് കൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ ,ആഗോള ഇടതുപക്ഷ- ഡമോക്രാറ്റിക് രാഷ്ട്രീയം ഒരളവോളം 'ഇസ്ലാമോഫോബിയ' ആഗോള റിപ്പബ്ലിക്കൻ വലതു വംശീയ ശക്തികളും അവരുടെ നാവായ നവനാസ്തികരും ഉണ്ടാക്കിയ നുണബോംബ് മാത്രമാണെന്ന് തിരിച്ചറിഞ്ഞവരും മുസ്ലിം ഇരകളോടൊപ്പം ഐക്യദാർഢ്യപ്പെടുന്നവരുമാണ് . രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടിയാണെങ്കിലും താലിബാനെ അംഗീകരിച്ച് അഫ്ഗാനിൽ എംബസി തുറന്ന ചൈനയും, ഇസ്രായേലിനോട് പൊരുതുന്ന വിവിധ ' ഇറാൻ ബി ടീമുകൾ 'ക്ക് നയതന്ത്രപിന്തുണ കൊടുക്കുന്ന റഷ്യയും ഹമാസിനെ സ്വാതന്ത്ര്യസമര സേനാനികളായി വാഴ്ത്തിയ ബൊളീവിയയും വെനിസ്വലയുമൊക്കെ ' ഇസ്ലാമോഫോബിയ' യുടെ പ്രയോക്താക്കൾക്ക് സൈനികമായും സാംസ്കാരികമായും വഴങ്ങാത്ത രാഷ്ട്രങ്ങളാണ് . നേരത്തെതന്നെ ,ഇസ്രായേലിനെതിരായ യോം കിപൂർ യുദ്ധത്തിൽ ഉത്തരകൊറിയ സൗദിഅറേബ്യയുടെ സഖ്യരാഷ്ട്രമായിരുന്നു. സാംസ്കാരികമായി ക്യാപിറ്റലിസത്തിൻ്റെ ഉപോൽപ്പന്നമായ ലിബറലിസം പ്രമോട്ട് ചെയ്യുന്ന ക്വിയർ ആക്ടീവിസം പോലുള്ളവ നിരോധിക്കപ്പെട്ട ഇടങ്ങളാണ് ഇടതുപക്ഷ റഷ്യയും ഉത്തരകൊറിയയും .കേരളത്തിലെ ഇടതു-വലതു ദ്വന്ദമോ ഖുർആനിലെ വലതു - ഇടതു ദ്വന്ദമോ അല്ല പ്രായോഗികമായി ആധുനിക ആഗോള ഘടന എന്ന് ചേർത്ത് മനസ്സിലാക്കേണ്ടതാണ് .അതായത് , മുസ്ലിംകൾക്കുത്തമം ആഗോള ഇടതുപക്ഷ ബോധത്തിന് ശക്തി പകരലാണ് എന്ന വിശാലമായ പ്രയോഗത്തെ , ഇടതുപക്ഷത്തിലെ കമ്മ്യൂണിസം , ഇസ്ലാമിക തത്വശാസ്ത്രത്തിലെ വലതുപക്ഷ മാഹാത്മ്യം തുടങ്ങിയ തലങ്ങൾ റദ്ധ് ചെയ്യുന്നില്ല എന്ന് സാരം . ലോകക്രമം വംശീയമായി അർഹതയുള്ളവരുടെ ശരികൾക്ക് വേണ്ടി തയ്യാർ ചെയ്യപ്പെടേണ്ടതാണെന്ന യൂജനിക് രാഷ്ട്രീയമാണ് ലോകടിസ്ഥാനത്തിൽ വലതുപക്ഷം .
അതിൻ്റെ ഇന്ത്യൻ വകഭേദമാണ് ഹിന്ദുത്വ .തെറ്റായ വ്യവസ്ഥക്കെതിരായ മനുഷ്യ - പ്രകൃതി പക്ഷത്തെ മറു വായനയാണ് ഇടതുപക്ഷ ബോധം . അവിടെ, ഇസ്ലാമിന് രണ്ടാമത്തേതേ തെരെഞ്ഞെടുക്കാനാവുകയുള്ളൂ .പക്ഷെ , കേരളത്തിലെ വ്യതിചലനം ഗുരുതരമാണ് .'മുസ്ലിം വെറുപ്പ് ' രാഷ്ട്രീയം ഉറവിടം കൊണ്ട നാടുകളിൽ അതിനെതിരെ സംസാരിക്കാൻ മുസ്ലിംകൾക്ക് ശബ്ദം അനുവദിക്കുന്ന ഇടതുപക്ഷപ്രത്യയശാസ്ത്രം ഇങ്ങിവിടെയെത്തുമ്പോൾ വേട്ടക്കാരുടെ ഭാഷാസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുകയാണ് .
കാരണം ,കേരളത്തിന് അത്ര അന്യമായ പദങ്ങളല്ല ' മുഹമ്മദ് കുട്ടി ' യും ' കാഫിറും ' ഒന്നും .
അറബിയിൽ നൂലിട്ട് കെട്ടിയ ഓത്തും ബൈത്തും കേരളത്തിൻ്റെ മതേതര വായുവിലുണ്ട്.
ആധുനിക കേരളത്തിൻ്റെ രൂപീകരണം ഏകമാനമല്ല . മലബാർ കലാപകാലത്ത് മുഹ്യദ്ദീൻ മാലപാടി തിരൂരങ്ങാടിപ്പള്ളി കാക്കാൻ കോഴിക്കോട് വെള്ളയിൽ മമ്മുവിന്റെ വീട്ടിൽ നിന്നും മാപ്പിളമാർ പോയത് പോലോത്ത കഥകൾ മലബാർ മാന്വലിൽ തന്നെയുണ്ട്. കോൺഗ്രസുകാരനായ ഗാന്ധിജി കോഴിക്കോട് വന്ന ദിവസം ,പ്രഭാഷണം നടത്തിക്കൊണ്ടിരുന്ന സമയത്ത് മഗ്രിബ് ബാങ്ക് കൊടുത്തപ്പോൾ ഇറങ്ങിപ്പോയി നമസ്ക്കരിച്ച് വന്നിട്ട് ബാക്കി തുടർന്ന കോൺഗ്രസുകാരൻ തന്നെയായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെയും ദേശീയ പ്രസ്ഥാനം നേതാവായി സ്വീകരിച്ചിട്ടുണ്ട്. അദ്ധേഹം പുറത്തിറക്കിയ അൽഅമീൻ പത്രത്തിന്റെ ഒന്നാം പേജിൽ " ഒരു ജനതയോടുള്ള വിയോജിപ്പ് അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ " എന്ന ഖുർആൻ വചനം അറബിലിപിയിൽ തന്നെ എന്നും കൊടുത്തിരുന്നു.
കൗണ്ടർറിഫോർമേഷൻ അഥവാ ഭിത്തിയിലെ റബ്ബർപന്ത്.
മലയാള മുസ്ലിം സ്വത്വം മൂന്ന് രൂപങ്ങളിലാണ് ഏത് തരത്തിലുമുള്ള ' മുസ്ലിം വെറുപ്പി'നോടും പ്രതികരിച്ചത്.
ചെറിയൊരു വിഭാഗം കായബലത്തിൽ വിശ്വസിക്കുകയും മിഡിലീസ്റ്റിലെ പ്രതിലോമരാഷ്ട്രീയത്തെ വാർപ്പ് മാതൃകയായി സ്വീകരിക്കുകയും ചെയ്തു. ആൻ്റി മുസ്ലിം
വെറുപ്പുൽപ്പാദകരുടെ ഉൽപ്പന്നം മാത്രമായി ഈ വിഭാഗം മറ്റുള്ളവരാൽ അജണ്ട തീരുമാനിക്കപ്പെടുന്ന അവസ്ഥയിലെത്തി.
രണ്ടാമതായി , മധ്യവർഗ മുസ്ലിംകൾ എന്ന ബൃഹത്തായ സമൂഹം 'കൗണ്ടർ റിഫോർമേഷൻ ' എന്ന മെതഡോളജിയാണ് സ്വീകരിച്ചത് .ജ്ഞാനോദയ കാലത്ത് യൂറോപ്യൻ ക്രിസ്റ്റ്യാനിറ്റിയുടെ ആത്മാവ് നഷ്‌ടപ്പെടാൻ കാരണമായ സ്വയം പരിഷ്ക്കരണമായിരുന്നു അത്. അതായത് , ഔദ്യോഗിക ക്രിസ്റ്റ്യൻ വിഭാഗമായ കത്തോലിക്കാധാരയുടെ മേൽ മാർട്ടിൻ ലൂഥറിൻ്റെ കീഴിലുള്ള സമാന്തര പ്രൊട്ടസ്റ്റൻ്റുകാർ ഉന്നയിച്ച കൽപ്പിതമായ ആരോപണങ്ങൾക്ക് പൊതുസ്വീകാര്യത ലഭിച്ചതോടെ കാത്തലിക് സഭ പ്രതിരോധത്തിലായി . മറുപടിയായി , 'എങ്കിൽ കാണിച്ച് തരാം ' എന്ന ഭാവത്തിൽ പോപ് പോൾ മൂന്നാമൻ്റെ കീഴിൽ കത്തോലിക്കക്കാർ സ്വയം നവീകരണം പ്രഖ്യാപിച്ച് പ്രൊട്ടസ്റ്റൻ്റുകാർ മുന്നോട്ട് വെച്ചതിനേക്കാൾ ജനകീയമായ നടപടികൾ നടപ്പിൽ വരുത്തി. ജനപിന്തുണക്ക് വേണ്ടി തത്വദീക്ഷയില്ലാതെ വിമർശകരേക്കാൾ കടുത്ത ആത്മവിമർശകരായി 'എലിയെ പേടിച്ച് ഇല്ലം ചുടുന്ന ' സമീപനമാണ് ഇന്ന് സാഹിത്യത്തിൽ കൗണ്ടർ റിഫോർമേഷൻ . മധ്യകാലത്ത് , വിമർശകർ ഉന്നയിച്ച കുയുക്തിപരമായ ചോദ്യങ്ങൾക്ക് മറുപടിയായും പിന്നീടത്തരം ചോദ്യങ്ങൾ വരാതിരിക്കാനും വേണ്ടി ഇസ്‌ലാമിനെ ' യുക്ത്യംവൽക്കരണം' നടത്തിയ മുഅ്തസിലികളാണ് കൗണ്ടർറിഫോർമേഷൻ്റെ ആദി മുസ്ലിം മാതൃക .
തദ്വാരാ , വിമർശകർക്ക് ആത്മവിശ്വാസം കൂടുക മാത്രം ചെയ്തു. ഇതേപടി , മുസ്ലിം സമൂഹത്തിൻ്റെ നാനോന്മുഖ വികാസത്തിൻ്റെ ആത്മപ്രേരണയായ വിശ്വാസ - ആത്മീയ സ്വത്വങ്ങൾക്കെതിരെ കരുതിക്കൂട്ടി നടത്തപ്പെടുന്ന അപരവൽക്കരണങ്ങളെ പ്രതിരോധിക്കാൻ സാമുദായികശരീരത്തിൻ്റെ മാംസം മുറിച്ചും രക്തമൂറ്റിയും ഭാവിയിൽ വിമർശന സാധ്യതയുള്ള അവയവം കാലേകൂട്ടി കട്ട് ചെയ്തും രണ്ടാമത്തെ വിഭാഗം 'നല്ല ' മുസ്ലിംകളാവാൻ അധ്വാനിച്ചു.
ഇസ്‌ലാമിനകത്തെ മതേതര സാധ്യതകൾ ആരായുന്നതിന് പകരം, വിശ്വാസപരമായ കാർക്കശ്യങ്ങളൊഴിവാക്കി മതേതര പൊതുമുസ്ലിം ജീവിതമാണ് നയിക്കുന്നതെന്ന് നിഴൽ ശത്രുക്കളെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു അവർ .മുസ്ലിം പ്രശ്നങ്ങളിൽ സംസാരിക്കാതിരുന്നും 'അറബി ' ശബ്ദം വരുന്നതിനോടെല്ലാം അകലം പാലിച്ചും അവർ , മുസ്ലിം വെറുപ്പുൽപ്പാദകർക്ക് , ആധുനിക മുസ്ലിം വിപരീതം ഗോത്രകാല മുസ്ലിം എന്ന പട്ടിക ഉണ്ടാക്കാൻ സഹായിച്ചു. പക്ഷെ , വടകരയിലെ ' കാഫിർ ' ൻ്റെ രൂപത്തിൽ ശാഫി പറമ്പിൽ എന്ന ദേശീയ മുസ്ലിമും ആധാർകാർഡിലെ ' മുഹമ്മദ് കുട്ടി ' യുടെ രൂപത്തിൽ മമ്മൂട്ടി എന്ന ആധുനിക മുസ്‌ലിമും ' താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു ' .
ശാഫിക്കും മമ്മൂട്ടിക്കുമെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് ആർക്കുമറിയാം ,എങ്കിലും .
ഇസ്ലാം വിമർശനം കൊണ്ട് ശ്വാസം കഴിക്കുന്ന എക്സ് . മുസ്ലിംകൾക്ക് പോലും പേരിലെ അറബിത്വം കാരണം ' ചാപ്പ' കളിൽ നിന്ന് രക്ഷപ്പെടാനാവുന്നില്ലെന്നതാണ് കൗതുകകരം .
മുന്നാമത്തെ വിഭാഗം , ഇസ്ലാമോഫോബിയയുടെ സാമൂഹിക ശബ്ദങ്ങളോട് എംഗേജ് ചെയ്യാതെ അതിനെ അവഗണിച്ച് സ്വന്തം ജോലികളുമായി മുന്നോട്ട് പോവുകയായിരുന്നു .കേരളത്തിലെ സാമ്പ്രദായിക മുസ്ലിം മതപണ്ഡിതരുടെ വഴി ഏറെക്കുറേ അതായിരുന്നു. സാമുദായികമായ വിപ്രതിബദ്ധത എന്ന് ആ സമീപനം ആക്ഷേപിക്കപ്പെടുന്നുവെങ്കിലും അതിശക്തമായ ഒരു ആശയബലം അതിനകത്താണുള്ളത്.
ആദ്യത്തെ രണ്ട് കാഴ്ച്ചപ്പാടുകളുടെ അർത്ഥം , സ്വയം പ്രയോഗവൽക്കരിക്കുകയോ ബോധ്യപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും മറ്റുള്ളവരാൽ അംഗീകരിക്കപ്പെടലാണ് ആത്മാഭിമാനം എന്ന ധാരണയാണ് . അത്തരം സന്ദർഭങ്ങളിൽ സാമ്പ്രദായിക പണ്ഡിത രീതി സംഗതമാവുന്നുവെന്ന് ആലോചിക്കപ്പെടേണ്ടതാണ് .നീതിയുടെ പരമമായ സംസ്ഥാപനം ഇഹലോകത്ത് സാധ്യമല്ല, എന്നുമാത്രമല്ല , പരലോക വിശ്വാസത്തെ യുക്തിസഹമാക്കുന്ന ആവശ്യം അതാണ് താനും . കനേഡിയൻ സൂഫീ പണ്ഡിതൻ ശൈഖ് ഹംദ് ബിൻ ഈസ മുന്നോട്ട് വെക്കുന്ന ചില നിരീക്ഷണങ്ങളിവിടെ ചേർക്കുന്നു , വെറുപ്പുകാരോട് പ്രതിഷേധിച്ചോ അവരുടെ അംഗീകാരത്തിന് കേണ് പറഞ്ഞോ തീരുന്ന മുസ്ലിമിൻ്റെ ആയുസ്സാണ് ശത്രുവിൻ്റെ ഏറ്റവും ആഴമുള്ള മൂലധനം. ഭിത്തിയിലേക്ക് റബ്ബർ പന്തടിച്ചാൽ പന്ത് തിരിച്ച് വരുന്നത് ഭിത്തിയുടെ പ്രവർത്തനമല്ല .ആദ്യം തൊഴിച്ചവൻ്റെ കാൽക്രിയ തന്നെയാണതും .
ഇസ്ലാമോഫോബിയ മാത്രമല്ല , അതിനോടുള്ള മുസ്ലിംകളുടെ പ്രത്യാഖ്യാനവും പടിഞ്ഞാറൻ നിർമ്മിതിയാണ് ..Schaden Freude / Epicaricasy എന്നൊരു മന:ശാസ്ത്ര പദമുണ്ട് . അറബിയിലെ ശമാതതുൽ അഅ'ദാഅ് എന്നാണർത്ഥം. അല്ലാഹുവിനോട് പ്രത്യേകം കാവലിനപേക്ഷിക്കാൻ പ്രവാചകൻ നിർദ്ദേശിച്ച , മുസ്ലികളുടെ പതനത്തിൽ മറുപക്ഷത്തിന് ലഭിക്കുന്ന ക്ഷുദ്രസന്തോഷം എന്നാണതിൻ്റെ സാരം.അതിന് പരിഹാരം , യഥാർത്ഥ മുസ്ലിമായി ജീവിക്കൽ തന്നെയാണ്. അല്ലാതെ മുസ്ലിംകൾക്ക് യഥാർത്ഥ ഇസ്ലാമിക ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായ് നിരന്തരം ഭൗതികമായ സമര രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കലല്ല എന്നുമദ്ദേഹം ഉപദേശിക്കുന്നു. ജനപ്രാതിനിധ്യസഭകളിൽ 'അല്ലാഹു ' വിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് 'ചാപ്പ ' പതിയാൻ കാരണമാകുമെന്ന് കരുതി ' ദൈവ' ത്തിൽ അഭയം തേടുന്ന മുസ്ലിംകളോടും ഭരണഘടന അനുവദിക്കുന്ന ഇസ്ലാമികശീലങ്ങൾ ' വെറുക്കപ്പെടാത്ത മുസ്ലിം ' പട്ടികയിലിടം കിട്ടാൻ സ്വന്തം കാര്യത്തിൽ വെടിഞ്ഞശേഷം മറ്റുള്ളവർക്ക് വേണ്ടി അതിനായ് വാദിക്കുന്ന മുസ്ലിംകളോടും തന്നെയാണ് ഹംദ് ബിൻ സഈദിൻ്റെ ഉപദേശം.
ചിഹ്നങ്ങൾ ഒളുപ്പിച്ച് വെച്ച് 'ബഹുസ്വരത 'രൂപപ്പെടുത്താനാവില്ല .
അകത്തുള്ള വിശ്വാസം സുതാര്യമായി കൊണ്ടുനടക്കുന്നവരോട് പൊതുസമൂഹത്തിനുള്ള വിശ്വാസ്യത കൗണ്ടർ റിഫോർമേഷൻ്റെ വക്താക്കൾക്ക് ലഭിക്കുന്നുമില്ല .
സെക്യുലർ ഫിൽട്രേഷന്റെ ഏത് അരിപ്പയും മറികടന്ന് പൊതുമതേതര പരിസരത്ത് നേതൃപരമായി ആക്ടിവിസ്റ്റുകളായി നിലകൊള്ളാൻ ഇപ്പോഴും സ്പേസ് ലഭിക്കുന്നവർ മറുഭാഗത്ത് സ്വന്തം അനുയായികളോട് ആത്യന്തിക പരിഹാരം പ്രാർത്ഥനയും ദൈവികഭക്തിയുമാണെന്ന് വിളിച്ച് പറയുന്നവരാണ് താനും.
ഒപ്പം , ഇംഗ്ലീഷ് സൂഫീ പണ്ഡിതനായ അബദുൽ ഹകീം മുറാദിൻ്റെ വീക്ഷണങ്ങൾ കൂടി മാർഗദർശിനിയാണ് . മുസ്ലിംകൾ മുസ്ലികൾക്ക് വേണ്ടി മാത്രം ജീവിക്കാതെ മനുഷ്യർക്കും പ്രകൃതിക്കും വേണ്ടി ജീവിക്കേണ്ടവരാണെന്ന അദ്ദേഹത്തിൻ്റെ വീക്ഷണവും അതിൻ്റെ സ്വീകാര്യതയും യൂറോപ്പിൽ ഒരുപരിധിയോളം' മുസ്ലിം വെറുപ്പ് ' നിർവീര്യമാവാൻ കാരണമായെന്ന് നിരീക്ഷപ്പെട്ടിട്ടുണ്ട് . ഭൗതികരാഷ്ട്രീയങ്ങൾ ജാതി , വംശ , വർഗ സ്വത്വങ്ങളിൽ അധിഷ്ഠിതമായ സങ്കുചിത വീക്ഷണങ്ങളാണ് മുന്നോട്ട് വെക്കുക. ജാതിത്വത്തിന്റെ തടവറയിൽ നിന്നും പരിമിതികളില്ലാത്ത മാനുഷപഥത്തിലേക്ക് പരിവർത്തിപ്പിച്ച പ്രവാചകരാഷ്ട്രീയത്തിൽ കക്ഷിത്വമില്ല , മനുഷ്യത്വമേ ഉള്ളൂ എന്ന് തുടങ്ങിയ അദ്ദേഹത്തിൻ്റെ സൂഫീ ഫിലോസഫിക്ക് ഏറെ സ്വീകാര്യത നേടാനായി. ഫുട്ബോളർ മുഹമ്മദ് സ്വലയുടെ സാന്നിധ്യമാണോ അബ്ദുൽ ഹകീം മുറാദിൻ്റെ ബഹുസ്വര സങ്കൽപ്പമാണോ യു .കെയിൽ കൂടുതൽ ഇസ്ലാം ഫേവറിസം ഉണ്ടാക്കിയതെന്ന വിശകലനം വായിക്കാൻ കിട്ടും.
ഇന്ത്യൻ മുസ്ലിമിൻ്റെ വഴിയും അതി തന്നെയാണ് , മതതാരതമ്യ പഠനത്തിൽ ലോക പ്രശസ്തയും ഹാർവേർഡ് പ്രൊഫസറും ഗ്രന്ഥകാരിയുമായ Dian L Eck ന്റെ lndia : A sacred Geography ൽ നിന്ന് ഇങ്ങന്നെ വായിക്കാം ,” Pluralism is not diversity alone, but the energetic engagement with diversity. Pluralism is not just tolerance, but the active seeking of understanding across lines of difference. Pluralism is not relativism, but the encounter of commitments".
അതായത് , സ്വന്തം സ്വത്വത്തിൽ ഉന്നതമായ ആത്മാഭിമാനവും നിരുപാധികമായ മാനുഷികവായ്പുമാണ് ബഹുസ്വര സമൂഹത്തിലെ മുസ്ലിമിൻ്റെ കൃത്യമായ വഴി .
സംസ്ക്കാരങ്ങളുടെ നായകൻ ഇബ്റാഹീം ( അ ) പ്രതികൂല സാഹചര്യത്തിൽ സന്താന പരമ്പരക്ക് വേണ്ടി പ്രാർത്ഥിച്ച വചനങ്ങൾ ഖുർആൻ ഉദ്ദരിക്കുന്നു .
" ഞാനെന്റെ ഭാര്യാസന്താനങ്ങളെ കൃഷിയോ തളിരോ ഇല്ലാത്ത നിന്റെ ഭവനത്തിനരികിൽ പാർപ്പിച്ച് പോവുകയാണ് ,അവർ നമസ്ക്കാരം നിലനിർത്തുന്നവരാവാൻ വേണ്ടിയാണ് ഇവിടെ കൊണ്ടാക്കുന്നത് ,അതിനാൽ ജനങ്ങളുടെ ഹൃദയങ്ങളെ അവരിലേക്ക് സ്നേഹത്തോടെ ചേർത്തിക്കൊടുക്കേണമേ ,അവർക്ക് ഉപജീവനമേകേണമേ ,അവർ കൃതാർത്ഥരാവാൻ വേണ്ടി "
Leave a Reply