In Astronomy
By ശുഐബുൽ ഹൈതമി
പ്രാപഞ്ചികത : അഹദിൻ്റെ ഒപ്പ്
ഈ പ്രപഞ്ചത്തിന്റെ കേവലം മൈനസ് ഗൂഗോൾ ശതമാനം മാത്രമാണ് ഭൂമി . ക്ഷീരപഥത്തിൽ നിന്നും ഭൂമിയിലേക്ക് വെളിച്ചമെത്താൻ 20000 പ്രകാശവർഷങ്ങൾ ആവശ്യമാണ്. അത്തരം അസംഖ്യം മിൽക്കിവേകൾ പ്രപഞ്ചത്തിലുണ്ട് താനും.
അപ്പോൾ ഉണ്മയുടെ തുലോം ലഘുവംശം മാത്രമാണ് ഭൂമി . അതിലെ മൂന്നിലൊന്നിനേക്കാൾ ചെറുതാണ് കരപ്രദേശം .ആ കരയിൽ പകുതിയിലേറെ വിജനമാണ്. ജനവാസ യോഗ്യമായ കേന്ദ്രങ്ങളിൽ കോടിക്കണക്കിന് ജീവജാലങ്ങളുണ്ട്. അതിലൊരംശം മാത്രമാണ് മനുഷ്യൻ. അപ്പോൾ, കോസ്മോസ് അനുപാതം മനുഷ്യൻ എന്നതിന്റെ സമം കണക്കിൽ പെടുത്താനാവാത്തത്ര നിസ്സാരമാണ്.
ഈ മനുഷ്യർക്ക് വേണ്ടി വേദഗ്രന്ഥമിറക്കലാണോ ദൈവത്തിന്റെ പണി ? പ്രപഞ്ചനാഥൻ ഇസ്ലാമിന്റെ നിയാമക വൃത്തം പരിചയപ്പെടുത്തിയത് മനുഷ്യർക്കും ഭൂതങ്ങൾക്കും മാത്രമല്ലേ , ബാക്കി ലോകങ്ങൾ യുക്തി എന്താണ് ? എല്ലാം മനുഷ്യന് വേണ്ടി സൃഷ്ടിച്ചു എന്ന് ഖുർആനിൽ പറയുന്നു ,പക്ഷെ അങ്ങോട്ട് സമീപിക്കാൻ പോലും മനുഷ്യനാവുന്നില്ല ,അറിയുന്നില്ല. മനുഷ്യനെ പരിഹസിക്കുകയാണോ ഖുർആൻ ?
മുഹമ്മദ് നബി സ്വ മനുഷ്യനാണ്. എത്ര മഹാനായാലും മനുഷ്യന് ഈ പ്രപഞ്ചത്തിലുള്ള സ്ഥാനത്തിന്റെ ചെറുപ്പം നബിക്കും ബാധകമല്ലേ , ആ നബി ഇല്ലായിരുന്നുവെങ്കിൽ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നില്ല എന്നൊക്കെ ചില മുസ് ലിംകൾ വിശ്വസിക്കുന്നത് മൗഢ്യമല്ലേ ?
ഉത്തരം:
ഈ ചോദ്യത്തിന്റെ വലിപ്പം ഉത്തരത്തിനില്ല , പ്രപഞ്ചം മുഴുവൻ മുസ്ലിമാണ് എന്നാണ് സാരം .
മനുഷ്യന്റെയും ജിന്നിന്റെയും ഇടയിൽ മാത്രമാണ് അമുസ്ലിം ( ഇസ്മേതരത്വം ) ഉള്ളൂ ,ബാക്കി ഭൂമിയും സൗരയൂഥങ്ങളും ഗ്യാലക്സികളുമെല്ലാം മുസ്ലിമാണ് ,അല്ലാഹുവിന് ആരാധനകൾ ചെയ്ത് കൊണ്ടേയിരിക്കുകയാണ്.
വിശദീകരണം .
ഇസ്ലാമിന്റെ തത്വശാസ്ത്രത്തിൽ ,അല്ലാഹുവല്ലാത്ത ഉണ്മകൾകളുടെ സാകല്യത്തിനാണ് പ്രപഞ്ചം എന്ന് പറയുന്നത്. പ്രപഞ്ചം ഉരുണ്ടതും അടിസ്ഥാനപരമായി ഇരുണ്ടതുമാണ്. വെളിച്ചം വിതറാൻ യന്ത്രങ്ങൾ ഘടിപ്പിച്ചതാണ് ,അതാണ് സൗന്ദര്യം . ഈ സൃഷ്ടി ജാലം മുഴുവൻ നിരന്തരം അതിന്റേതായ ഭാവത്തിലും ഭാഷയിലും അല്ലാഹുവിന് സങ്കീർത്തനം ചെയ്തും നമസ്ക്കരിച്ചും കൊണ്ടിരിക്കുകയാണ്.
സൂറ: നൂറിലെ എഴുപത്തിനാലാം വചനം നോക്കുക ,
" വാന ഭുവനങ്ങളിലുള്ള സർവ്വത്രയും അല്ലാഹുവിനെ സങ്കീർത്തനം ചെയ്യുന്നത് താങ്കൾ മനസിലാക്കുന്നില്ലേ , നിരവരിയായ് നി ഉയരുന്ന പറവകളും . അവയെല്ലാറ്റിനും അതിന്റേതായ സങ്കീർത്തനവും നമസ്ക്കാരവും അറിയാം .അവചെയ്യുന്നതെല്ലാം അല്ലാഹു ഏറ്റവുമറിയും "
ഇതേ ആശയത്തിലുള്ള നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. " ആകാശഭൂമികളിലുള്ളവ അല്ലാഹുവിനെ തസ്ബീഹ് ചെയ്യുന്നു " എന്ന പ്രയോഗമാണ് അധികവും .ഭൂമിയിലുള്ളവരാണ് ഖുർആനിന്റെ സ്വാഭാവിക അഭിസംബോധിതർ .പക്ഷെ ഭൂമിക്ക് വെളിയിലും അല്ലാഹുവിന്റെ വ്യവസ്ഥ തന്നെയാണ് എന്ന് പറയുക വഴി ഇസ്ലാമിന്റെ പ്രാപഞ്ചിക വീക്ഷണം കൃത്യമാക്കുകയാണ് ഖുർആൻ .
കല്ലുകളിൽ നിന്ന് ഉറവപൊടിയുന്നതും കല്ലുകൾ ഉതിർന്നുരുണ്ട് വീഴുന്നതും അല്ലാഹുവിനെ ഭയന്നിട്ടാണെന്ന് സൂറ: ബഖറയുടെ എഴുപത്തിനാലാം വചനത്തിൽ കാണാം .
( ഈ രണ്ട് വചനവും 74 ആണ് , സൂറ:നൂർ + സൂറ: ബഖറ)
അതായത് , പാറയുടെ ഉറവ ദൈവഭയത്താലുകള കണ്ണുനീരാണ് എന്ന് . പ്രപഞ്ചത്തിൽ ഏത് ചലനം സംഭവിക്കുമ്പോളം നിശ്ചലനം തുടരുമ്പോഴും അതിന് പിന്നിൽ രണ്ട് കാരണങ്ങൾ ഉണ്ടാവും ,ആത്മീകവും ഭൗതീകവും . വായുവിന്റെ ഇളക്കത്തിൽ പുൽനാമ്പ് മർമ്മരം കൊള്ളുന്നത് തസ്ബീഹാണെന്ന് ഖുർആൻ .അങ്ങനെ ഒരിളക്കം ഉണ്ടാവാൻ സൃഷ്ടാവ് സംവിധാനിച്ച സാങ്കേതിക വഴികളാണ് ഭൗതിക ശാസ്ത്രം പറയുന്ന ഊർജ്ജ നിയമങ്ങളും ചലന നിയമങ്ങളും .ഭൗമതലം ചതുർഭുതങ്ങളാൽ - അഗ്നി ,വായു ,വെള്ളം ,മണ്ണ് - വലയം ചെയ്യപ്പെട്ടതാണ്. ഈ നാലും അല്ലാഹുവിനെ വണങ്ങുകയും വഴങ്ങുകയും ചെയ്യുന്നുവെന്ന് ഖുർആൻ പ്രത്യേകം പ്രത്യേകം പറയുന്നുണ്ട്. വണക്കത്തിന്റെ വഴികളാണ് ലയവും താളവും ചിലപ്പോൾ താളഭംഗവും .
സൂറ: യൂനുസിലെ അറുപത്തിയൊന്നാം വചനത്തിൽ പറയുന്നത് , ആകാശഭൂമികളിലെവിടെയുമുള്ള ഒരണവും അണുവിനേക്കാൾ ചെറിയ ബ്ലാക്ക്ഡോട്ടുകളും അല്ലാഹുവിന്റെ കൃത്യമായ രേഖയിൽ കൃത്യമായുണ്ട് എന്നാണ്.
ഒരു സൂചനകൂടി നോക്കുക , പതിമൂന്ന് അടരുകളുള്ള വലിയ ഗോളമാണ് പ്രപഞ്ചം എന്നാണ് പഴയ ഫലാസിഫിക്കൽ ഗോള ശാസ്ത്രനിരീക്ഷണം . അതിനെല്ലാം ഒരേ കേന്ദ്രവും ഭ്രമണ ദിശയുമാണ്. വലതു നിന്ന് തുടങ്ങി വലതിൽ അവസാനിക്കുന്ന ഘടികാര വിരുദ്ധ ദിശ . ഈ ഭ്രമണ സങ്കൽപ്പം ആധുനിക ശാസ്ത്രത്തിലും പോറലേൽക്കാതെ ബാക്കിയുണ്ട്. മക്കയിലെ കഅബക്ക് ചുറ്റിലെ പ്രദിക്ഷണപഥവും അങ്ങനെയാണ്. ഭൂമിയിലെ കഅബക്ക് മുകളിൽ എഴുപത് കഅബകൾ ആകാശത്തുണ്ട് ,എഴുപതാം മന്ദിരമാണ് സിദ്റതുൽ മുൻതഹാ ( ആകാശാന്ത്യ കൽപ്പകവൃക്ഷം ) യുടെ സമീപത്തുള്ള മലക്കുകളുടെ കേന്ദ്രതാവളമായ ബൈതുൽ മഅമൂർ എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അതായത് പ്രപഞ്ചം ത്വവാഫിലാണ് ,മനുഷ്യരും മാലാഖമാരും , താരക്ഷീരതരുക്കളും എല്ലാമെല്ലാം . ആ പ്രാപഞ്ചിക താളമാണ് മക്കയിലും .
ചുരുക്കത്തിൽ , ഇത്രയും വലിയ പ്രപഞ്ചം അല്ലാഹു ഉണ്ടാക്കി വെറുതെ കളഞ്ഞതല്ല ,തനിക്ക് സങ്കീർത്തനം ചെയ്യുന്ന മനുഷ്യരെപ്പോലുള്ള സൃഷ്ടികൾ തന്നെയാണവയും . അവയെല്ലാം മനുഷ്യർക്ക് വേണ്ടി പണിതു എന്ന് പറഞ്ഞാൽ, ബൗദ്ധികമായ ആലോചനകൾ ഒരിക്കലും നിലച്ചുപോവാതിരിക്കാനുള്ള അറ്റമനന്തമായ വിജ്ഞാന സാധ്യതയാക്കി എന്നുമാണർത്ഥം . താനടക്കമുള്ള ശിൽപ്പങ്ങളുടെ ചെറുപ്പവും ശിൽപിയുടെ വലിപ്പവും കണ്ടെത്താനുള്ള മാർഗമാണ് മനുഷ്യന് കോസ്മോളജി.
പ്രവാചകൻ സ്വക്ക് ഈ ചർച്ചയിൽ ഏറ്റവും വലിയ പങ്കുണ്ട്. കാരണം പ്രവാചകൻ മനുഷ്യരുടെ നേതാവല്ല ,പ്രപഞ്ചത്തിന്റെ നേതാവാണ്. പ്രപഞ്ചം വിശ്വാസിയാണ്. പ്രവാചകൻ വിശ്വാസത്തിന്റെ നേതാവും . ആ നേതാവ് ഭൂമിയിലായി എന്നതാണ് ഭൂമിയുടെ മഹത്വം , മദീനയുടെ മഹത്വം. നബിയെ അല്ലാഹു പ്രപഞ്ചത്തിന്റെ അറ്റമായ സിദ്റതുൽ മുൻതഹക്കപ്പുറത്തേക്ക് കൊണ്ടുപോയതിന്റെ ദാർശനിക മാനം ഈ പ്രപഞ്ചത്തിന് മുഴുവൻ നബിയെ കാണാൻ ഒരവസരം , നബിക്ക് അവയേയും ,എന്നതാണ്.
കുഫ്റ് പ്രപഞ്ചത്തിന്റെ മൈനസ് ഗൂഗോൾ അംശം മാത്രമാണ്. മനുഷ്യരിലും ജിന്നുകളിലും മാത്രം .ബാക്കി സർവ്വം ഇസ്ലാമാണ് , അല്ലാഹുവിന്റെ മതം.
Leave a Reply