ചിത്രത്തിൽ കാണുന്നത് ബഹ്‌റൈനിലെTree of Life നടുത്ത് സ്ഥാപിച്ച Shadow Quadrant അഥവാ നിഴൽ ഘടികാരമാണ് . നിഴലടയാളം നോക്കി ഉദയാസ്തമന , നമസ്ക്കാര സമയങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന വ്യത്യസ്ത ഉപായങ്ങളിലൊന്നാണ് ഈ ഉപകരണം . കിതാബുകളിൽ പഠിച്ച നൂലും പലകയും ഉപയോഗിച്ച് സമയവും ദിശയും കണ്ടെത്തുന്ന (റുബുഉൽ മുജയ്യബ് - Sine Quadrant) രീതി സാങ്കേതിക മേന്മയോടെ സ്ഥാപിക്കപ്പെട്ടതാണെന്നും പറയാം. എവിടെയെത്തിയാലും കാഴ്ച്ചകളിലെ കൗതുകങ്ങളിൽ വാനശാസ്ത്ര സംബന്ധിയായതിൽ കൂടുതൽ മനസ്സുടക്കുന്നതിനാൽ ഇതിൻ്റെ ചിത്രമെടുത്ത് രണ്ട് വാക്ക് പറയാമെന്ന് കരുതിയതാണ് . ഒരു കാലത്ത് കേരളത്തിലുടനീളം നമസ്ക്കാര സമയം നിർണ്ണയിക്കപ്പെട്ടത് ' അടിക്കണക്ക് ബൈതുകൾ ' ആശ്രയിച്ച് കൊണ്ടായിരുന്നു.
പ്രകാശസഞ്ചാരത്തെ അടിസ്ഥാനമാക്കി , ഒരു വ്യക്തി തൻ്റെ നിഴലിൻ്റെ നീളം പാദം വെച്ചളന്ന് സമയം തിട്ടപ്പെടുത്തുന്ന ' വിദ്യ ' യാണ് അടിക്കണക്കുകൾ . അതിനെ പാട്ടിലാക്കി പഠിപ്പിക്കുന്നവയാണ് അതിൻ്റെ ബൈതുകൾ . പൊന്നാനിയിലും കുറ്റച്ചിറയിലും ഏഴിമലയിലുമെല്ലാം മസ്ജിദുകളിൽ അതിൻ്റെ അടയാളങ്ങൾ കാണാം . പൊന്നാനിയിൽ ഇപ്പോഴും അതിനെ ആശ്രയിക്കുന്നുണ്ടെന്ന് പറഞ്ഞ് കേട്ടു.
ഇക്കാണുന്നതിൽ ,നിരീക്ഷകൻ ഓരോ മാസവും പാദങ്ങൾ വെക്കേണ്ട കൃത്യമായ സ്ഥാനങ്ങൾ കാണിച്ചിട്ടുണ്ട് . ഘടികാരത്തിലെ 3 AM മുതൽ 7 PM വരെയുള്ള സമയങ്ങളാണ് സൂചിപ്പിക്കപ്പെട്ടത് . രണ്ടക്കങ്ങൾക്കിടയിൽ 3 കാലുകൾ( 3 quarters) സൂചിപ്പിക്കുന്ന കുറിവരകളും കാണാം .
അത് പ്രാദേശികമായ തെരെഞ്ഞെടുപ്പാണ്. കാരണം ബഹ്റൈനിൽ സൂര്യപ്രകാശം കിട്ടുക അതിനിടയിലാണ് . സുബ്ഹി 3 മണിയുടെ സമീപത്തേക്കും മഗ്രിബ് 7 മണിയുടെ സമീപത്തേക്കും എത്താറുണ്ടവിടെ . ഇവിടെ ഇത് സ്ഥാപിക്കുകയാണെങ്കിൽ ഉദ്ദേശം 5 മണിമുതൽ 7 മണി വരെയാവും വേണ്ടിവരിക . നോർഡിക് രാജ്യങ്ങളിൽ 20 മണിക്കൂറുകളും ധ്രുവങ്ങളിൽ 24 മണിക്കൂറുകളുമാക്കി ഈ സാമഗ്രിയുടെ 'ലോക്കൽ വേഴ്ഷൻസ് ' ഡിസൈൻ ചെയ്യാം .
നോക്കുന്ന മാസത്തിൻ്റെ സ്ഥാനത്ത് നിന്ന് കൈ അതിൽ കാണിച്ചിരിക്കുന്ന വീതിയിൽ ഉയർത്തിയാൽ ആ സമയത്തിൻ്റെ മണി കാണിക്കുന്ന അക്കത്തിൻ്റെ മീതെയായിരിക്കും കൈ നിഴൽ ഉണ്ടാവുക . സൂര്യൻ്റെ ഉത്തരായന ( ജനു - ജൂൺ ), ദക്ഷിണായന ( ജൂലൈ - ഡിസം ) വ്യത്യാസങ്ങൾ നിഴലിൽ ഉണ്ടാക്കുന്ന ദിശാമാറ്റങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം .
അവ്വിഷയത്തിലെ പാതിയായ പുസ്തകരചനക്ക് കൂടുതൽ കരുക്കൾ നൽകാൻ ഈ കാഴ്ച്ച സഹായകമായി.വിവിധ പരിപാടികൾക്ക് വേണ്ടി ക്ഷണിച്ച് കൊണ്ടുപോയി കാണിച്ച് തന്ന Skssf ബഹ്റൈൻ കമ്മറ്റിക്കും ഭാഗമായ ആത്മ സുഹൃത്തുകൾക്കും നന്ദിയും പ്രാർത്ഥനകളും .
രണ്ട് :
ഉപകരണം മറ്റൊന്നാണെങ്കിൽ കൂടി , ഇതേ സാങ്കേതിക തത്വങ്ങൾ പാലിച്ച് കൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ചില അടിക്കണക്ക് ബൈതുകൾ കൂടി പരിചയപ്പെടാം .
മഹാത്മാ ഉമർ ഖാദിയുടെ അടിക്കണക്ക് ബൈതാണ് വിശ്രുതം.
" മേടം വ ചിങ്ങം രണ്ടിലും സമാനിയ
ഫീ ഇടവ മീനം കർക്കിടത്തിൽ താസിഅ
മിഥുനം വകന്നീ രണ്ടിലും ഒമ്പതര
കുംഭം തുലാം അഖ്ദാമുദൈനി പത്തര
വൃശ്ചികം വ മകരം രണ്ടിലും പതിനൊന്നേകാൽ
പതിനൊന്നേ മുക്കാൽ ഫീ ധനു മാസം യുഖാൽ "
( മേടം , ചിങ്ങം മാസങ്ങളിൽ 8
ഇടവം , കർക്കിടകം മാസങ്ങളിൽ 9
മിഥുനം ,കന്നി മാസങ്ങളിൽ 9 1/2
കുംഭം, തുലാം മാസങ്ങളിൽ 10 1/2
വൃശ്ചികം , മകരം മാസങ്ങളിൽ 11 1/4
ധധുവിൽ 11 3/4 അടി സ്വന്തം നിഴലിൻ്റെ നീളം പാദം വെച്ചളന്ന് കിട്ടുമ്പോൾ മുതലാണ് അസർ നമസ്കാര സമയം എന്നർത്ഥം ).
അസർ നമസ്ക്കാര സമയം നിർണ്ണയിക്കാനുള്ള അടിക്കണക്ക് ബൈതാണ് അധികപേരുടേതിലും . എന്നാൽ ളുഹ്ർ സമയം നിർണ്ണയിച്ച് മറ്റുള്ളവയുടെ സമയങ്ങൾ അതിൽ നിന്നും കണ്ടെത്തുന്ന രീതിയാണ് റുബുഉൽ മുജയ്യബ് ( Sine Quadrant) കൊണ്ടുള്ള 'അമൽ ' വിശദീകരിക്കുന്ന ഏതാണ്ടെല്ലാ മാത്മാറ്റിക് & ലോഗരിതമാറ്റിക് രിസാലകളും ഇപ്പോൾ സൈൻ്റിഫിക് കാൽക്കുലേറ്റിങ്ങും അവലംബിക്കുന്നത് .
പൊന്നാനിക്കാരനായ കൊങ്ങണം വീട്ടിൽ അഹ്മദ് ബാവ മുസ്ല്യാർ രചിച്ച അടിക്കണക്ക് ബൈതുകൾ കുറച്ച് കൂടി ശാസ്ത്രീയമാണ് . കേരളത്തെ , മംഗലാപുരം മുതൽ ഏഴിമല വരെ , ഏഴിമല മുതൽ ചേറ്റുവ വരെ , ചേറ്റുവ മുതൽ കന്യാകുമാരിക്കടുത്ത കൊളച്ചൽ വരെ എന്നിങ്ങന മൂന്ന് ചക്രവാള മണ്ഡലങ്ങളാക്കി വേർതിരിച്ച് നേരിയ മാറ്റങ്ങളുള്ള വെവ്വേറെ കണക്കുകൾ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട് .
തലശ്ശേരി മള്ഹറുൽ മുഹിമ്മാത് ' അച്ച്കൂടം' പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ കൃതിയാണ് ഇപ്പോഴും ലഭ്യമായ അടിക്കണക്കളുടെ 'പദ്യ പുസ്തകം ' എന്ന് തോന്നുന്നു.
മംഗലാപുരം മുതൽ ഏഴിമല വരേക്കുമുള്ള അസറിൻ്റെ അടിക്കണക്ക് ബാവ മുസ്ല്യാർ എഴുതിയത് ഇങ്ങനെയാണ് :
" അഖ്ദാമു മേടം യേളരാ വഫീയെടം
വ കർക്കിടം വ ചിങ്ങമിം യെട്ടുഫടം
ഫീ മിഥ്നമിം വ മീനമിം ഖുദ് യെട്ടരാ
ഫീ കന്നിനാ യാ സ്വാഹിബീ ഒമ്പതരാ
വഫീ തുലാക്കം പത്തരാ യുഖാൽ
ഫീ വൃശ്ചികം പതിനൊന്നരാ യുനാൽ
വഫീ ധനു പതിനൊന്ന് മഅ്മുക്കാൽ
ഫീ മകരമിം പതിനൊന്നടി മഅ്കാലിൻ
ഫീ കുംഭമിൻ പത്തും വ ഹാദാ യജ്‌രീ.... "
ഏഴിമല മുതൽ ചേറ്റുവ വരേക്കുമുള്ള മധ്യ മലബാറിൻ്റെ അസർ നമസ്ക്കാര സമയം നിർണ്ണയിക്കാനുള്ള ബൈത് ഇതാണ് :
" അഖ്ദാമുമേടം സുമ്മ ചിങ്ങം എട്ടടി ,
യെടവം വ മീനം കർക്കിടത്തിൽ തിസ്അടി
ഒമ്പതര ഫീ മുഥുനം വ കന്നി
വ പത്തര കുഭം തുലാത്തിൽ എണ്ണി
വൃശ്ചിക മകരം പതിനൊന്നും വ കാൽ
വഫീ ധനു പതിനൊന്ന് മഅ' മുക്കാൽ
മിൻയേഇ ഹെത്താ ചേറ്റുവാ വഖ്തുൽ അസ്ർ
യബ്ദൂ അലാ ഹാദൽ ഖിയാസിൽ മുസ്തഖിർ
പൊന്നാനി അഹമദ് ബ്നുൽ മഖ്ദൂമി
സൈനിൽ ലി ദീനിൽ നാളിമിൽ മൻളൂമി "
എല്ലാ അടിക്കണക്കുകളിലും മാസങ്ങളെയും അളവുകളെയും ക്രമപ്പെടുത്തിയത് സൂര്യൻ്റെ വാർഷിക പരിക്രമണ പാതയിലെ 12 രാശികൾക്ക് സമാനമായ വടക്കൻ 6 * തെക്കൻ 6 മാസങ്ങളുടെ മലയാള പേരുകൾ അറബി പദങ്ങൾക്കൊപ്പം ചേർത്ത് കൊണ്ടാണ്. അപ്പോഴും മലയാള വ്യാകരണത്തിലെ സന്ധി , സമാസ , അലങ്കാര നിയമങ്ങൾ സൂക്ഷ്മമായി പാലിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം .
Leave a Reply