In Ideal
By ശുഐബുൽ ഹൈതമി
സമന്വിത വിദ്യാഭ്യാസം : The അനന്തരം .
രണ്ട് ചിത്രങ്ങൾ പറയാം .
ഒരുഭാഗത്ത് ,രാഷ്ട്ര - സമൂഹ നിർമ്മിതിയിൽ ഉയർന്ന പദവികളായി പരിഗണിക്കപ്പെടുന്ന തൊഴിലിടങ്ങൾ എംഗേജ് ചെയ്യാൻ പര്യാപ്തരായ അഭ്യസ്ത വിദ്യരെ ഉൽപ്പാദിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ . തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നിർമ്മാതാക്കളും മെത്തഡോളജി ഡിസൈനേഴ്സുമായി അവർ വളരണം.
അവിടെ മത പ്രതീകങ്ങളോട് ഭവ്യതയും ആദരവും അനുസരണയും ഉണ്ടാവുന്ന തരത്തിൽ ആവശ്യമായ തസ്കിയതോടെ കുട്ടികളെ പാകപ്പെടുത്തണം .
ഇവർക്ക് മതബിരുദമോ വിധിതീർപ്പ് കൽപ്പിക്കാനുള്ള സനദോ നൽകരുത്.
സാമുദായിക പ്രതിബദ്ധതയുള്ള പ്രഫഷണൽസാവണം ഉൽപന്നങ്ങൾ . നാടൻ ഭാഷയിൽ - ഐ എ എസ്സുകാർ മുതൽ എൽ ഡി ക്ലർക്ക് വരെ .
മറ്റൊരു ഭാഗത്ത് , ഉയർന്ന നിലവാരത്തിൽ ഇസ്ലാമിക ശാസ്ത്രങ്ങളിൽ ഗവേഷണവും അതിൽ ജീവിത സമർപ്പണവും ചെയ്യുന്നവരെ വളർത്തിയെടുക്കുന്ന ഇൽമിന്റെ കേന്ദ്രങ്ങൾ . തസ്കിയ - തർബിയ - തഅ്ലീം എന്ന തസ്വവ്വുഫ് ശൈലിയിൽ മാത്രമായിരിക്കണം ജ്ഞാനക്രിയകൾ.
ഗണിത - ഗോള - ഭൗതിക ശാസ്ത്രങ്ങൾ ഇസ്ലാമിക വ്യവഹാരങ്ങളെ സഹായിക്കാൻ വേണ്ടി സിലബസിലുണ്ടാവണം.
ക്രിറ്റിക്കൽ പെഡഗോഗി സമീപത്ത് പോലും വെക്കരുത്. ഭാഷകൾ , സാങ്കേതിക പരിജ്ഞാനങ്ങൾ,മാർഷൽ ആർട്സ് , ജനറൽ അവേർനസ് തുടങ്ങിയവ പ്രദാനിക്കണം . ഹയർ സെക്കണ്ടറിക്ക് മുകളിൽ മതേതര വിദ്യാഭ്യാസ തൊഴിലുകൾക്ക് സഹായകമാവുന്ന ഒരു സർട്ടിഫിക്കറ്റും നൽകരുത്. അവർ തനി ഉലമാക്കളായി മാറണം . ജീവിതമാർഗമായി മതവൃത്തി ആവാം , ആവാതിരിക്കാം.
അപ്പറഞ്ഞ രണ്ടുതരം സ്ട്രീമുകളാണ് ഇനി ഡിസൈൻ ചെയ്യപ്പെടേണ്ടത്.സമന്വയ വിദ്യാഭ്യാസ സംവിധാനം എന്ന പേരിൽ അറിയപ്പെടുന്ന മത- മതേതര സർട്ടിഫിക്കറ്റുകളുടെ സംയോജനത്തിന്റെ പ്രസക്തി കേരളത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാണെന്റെ അഭിപ്രായം . കഴിഞ്ഞ പത്ത് നാൽപ്പത് കൊല്ലങ്ങൾ അതാവശ്യമുള്ള കാലമായിരുന്നു. ഇനിയത് മുസ്ലിം കേരളത്തേക്കാൾ പിന്നിലുള്ള നാടുകളിലാവട്ടെ .
(ആ മാതൃകൾ സമർപ്പിച്ചവരുടെ ക്രാന്തദർശനം പുന:ക്രമീകരണം തേടുന്നുണ്ട് ) . നിലവിലുള്ള സമന്വയ സ്ഥാപനങ്ങൾ തദ്സ്ഥിതി തുടരുകയോ ഘട്ടം ഘട്ടമായി പുന:ക്രമം വരുത്തുകയോ ചെയ്യട്ടെ.
തദ്സ്ഥിതി തുടർന്നാലും , മതേതര വിഷയങ്ങളായി ഭാഷാ സാഹിത്യങ്ങൾ മാറ്റി
ജനറൽ സയൻസോ സാങ്കേതിക പാടവങ്ങളോ അഭ്യസിപ്പിക്കലാവും ഉചിതം.
ഭാഷാ സാഹിത്യങ്ങളും സാമൂഹിക ശാസ്ത്രവും ഇന്നത്തെ സോഷ്യൽ മീഡിയാ കാലത്ത് മതസ്ഥാപനങ്ങളിലെ സൂമർ തലമുറക്ക് അച്ചടക്കവും ജീവിതക്രമവും നഷ്ടപ്പെടുത്തുന്നു എന്നാണ് എന്റെ നിരീക്ഷണം .
വെള്ള വസ്ത്രം ജീവിത ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമാണ്. മതം പകരുന്ന വർത്തമാനങ്ങളിലും ഭാവങ്ങളിലും പരമ ലാളിത്യവും വിനയവും സൗമ്യതയും നിഴലിക്കുന്ന വിധം നിർമ്മല മനസ്ക്കതയാണ് വളരേണ്ടത്.
ദീൻ അല്ലാഹുവിന്റേതാണ്.
സമുദായം പുണ്യറസൂലിന്റേതുമാണ് - സ്വ.
ഉലമാക്കൾ നയിക്കണം . ഉമറാക്കൾ വഴി തെളിക്കണം .
വേരുകൾ വിസ്മരിച്ച് പൂക്കളിൽ വിസ്മയിക്കരുത് എന്നാണ് പുതിയ പ്രവണതകളിൽ ഓർമ്മയാവുന്ന ചൊല്ല്.
സമസ്തയുടെ കീഴിലുള്ള
സമന്വിത പഠനങ്ങലൂടെ മറ്റുള്ളവരുടെ മുന്നിലെത്തിയവരെല്ലാം നാട്ടിലെ മദ്റസകളുടെ കൂടി കണ്ടെത്തലാണ് .
കൊള്ളാവുന്ന / ഇസ്ലാമിക കുടുംബ പശ്ചാത്തലമുള്ള കുട്ടികളെ മദ്റസകളിലെ ഉസ്താദുമാർ സ്ക്രീൻ ചെയ്ത് ഇന്റർവ്യൂവിന് പറഞ്ഞയച്ചതാവും മൂന്നിൽ രണ്ടരക്കഥകളും.
നാട്ടിലെ സ്ക്കൂളിൽ മാത്രം ഉയർന്ന് പഠിപ്പിക്കാൻ വെച്ച മക്കളെ രണ്ടും പഠിക്കുന്ന " മൊല്യാര് " കുട്ടികളായി മാറ്റാൻ വിസമ്മതിക്കുന്ന രക്ഷിതാക്കൾക്ക് സ്ഥാപനങ്ങളുടെ കലണ്ടറും കാറ്റലോഗും കാണിച്ച് കൺവിൻസ് ചെയ്യിപ്പിക്കുന്ന സ്വദർ ഉസ്താദുമാരാണ് കിംഗ് മേക്കർമാർ.
അവർ സ്ക്രീനിൽ ഉണ്ടാവില്ല.
എന്നല്ല , "സംഘടനാമതക്കാർ " എന്ന പഴികേട്ട് വീണ്ടും നിശബ്ദമായി ആ ജോലി ചെയ്ത് കൊണ്ടേയിരിക്കുകയാണ്. വന്നവഴികളോ വഴികൾ തന്ന കൈകളോ മറക്കുന്ന
നന്ദിയില്ലാത്തവർക്ക് തുടങ്ങിയത് തീർക്കാനായേക്കാം , പക്ഷെ പിന്നെ തുടങ്ങാനാവില്ല.
വിദ്യാഭ്യാസ നിർമ്മാണം
നടത്താൻ കെൽപ്പുറ്റ ക്രീം ടീമിനെ സെറ്റ് ചെയ്യാൻ സമസ്തയുടെ സർക്കുലറും പിടിച്ച് രക്ഷിതാക്കളെ കൗൺസിൽ ചെയ്യുന്ന മദ്റസാ ഉസ്താദുമാരോട് പുഛം പ്രകടിപ്പിക്കുന്നവരാണ് പലപ്പോഴും വിജയിച്ച കഥകൾക്ക് മംഗളം പാടുന്നത് .ജയിക്കുന്നത് വരെ അത്തരക്കാർക്ക് മേൽ അപരിഷ്കൃതത്വം ആരോപിക്കുകയും രണ്ടാം തരം പൗരത്വം കൽപ്പിക്കുകയും പിന്നീട് പൂന്തോട്ടങ്ങൾക്ക് അവകാശം പറയുകയും ചെയ്യുന്നതിനെയാണല്ലോ - വൈക്കം മുഹമ്മദ് ബശീർ എന്തോ വിളിച്ചത് ?
അത്തരം ഗ്രാസ്റൂട്ട് വർക്കുകൾക്കാണ് മതസംഘടന . അവർക്ക് വഴി തെളിച്ച് കൊടുക്കാനാണ് സാമുദായിക രാഷ്ട്രീയം .
അടിത്തട്ടിൽ സംവിധാനം നിലനിർത്താൻ വേണ്ടി ജീവിക്കുന്നവരെ ഉൾക്കൊണ്ടാൽ മാത്രമേ ചെയ്യുന്നതിൽ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാവുകയുള്ളൂ.
വ്യക്തികളാണ് , നാട്ടുകാരാണ് സമുദായ കാര്യങ്ങൾ ഓരോന്നും ചെയ്യുന്നത്. പക്ഷെ അവരെ കോഡിനേറ്റ് ചെയ്യുന്നതും പ്രേരിപ്പിക്കുന്നതും ഘടനാത്മക സംവിധാനവും പ്രത്യയ ശാസ്ത്രപരമായ വിശ്വാസവുമാണ് .അതാണ് മഹല്ല് - സ്ഥാപനങ്ങൾ സമസ്തയോട് കടപ്പെട്ട വഴി. രാഷ്ട്രീയമായാലും ഗവൺമെന്റ് തന്നെയായാലും ചെയ്യുന്നത് വ്യക്തിയോ നാട്ടുകാരോ തന്നെയാവും.
പക്ഷെ ചെയ്യാനിടങ്ങൾ ഒരുക്കുന്നത് പ്രത്യയ ശാസ്ത്രമുണ്ടാക്കിയ ഫ്രയിം വർക്കാണ്.
അവിടെ വ്യക്തികൾക്കല്ല സ്ഥാനം , പ്രത്യയശാസ്ത്രത്തിന് മാത്രമാണ്.
അത് തിരിച്ചറിയാത്ത " ഇസ്ലാമിക് ഇൻഡിവിജലിസം " തൽക്കാലത്തേക്ക് രസമാണ് , പക്ഷെ പിൽക്കാലത്തേക്ക് ബാധ്യതയാവും .
( മുസ്ലിം വിദ്യാഭ്യാസ മുന്നേറ്റത്തിന് നിശബ്ദമായും സശബ്ദിയായും ശക്തി പകരുന്ന സകലർക്കും അല്ലാഹ് സകല ഗുണങ്ങളും വർഷിക്കട്ടെ എന്ന പ്രാർത്ഥനയോടെ .. )
Leave a Reply