In Ideal
By ശുഐബുൽ ഹൈതമി
പച്ചക്കറിയുടെ 'മനുഷ്യാവകാശം ' അഥവാ യുക്തിവാദിയുടെ ബുഫാലോ
ദൈവത്തിന് വേണ്ടിയുള്ള ബലി അവിടെ നിൽക്കട്ടെ ,കാരണം ദൈവത്തെ തന്നെ അവിടെ നിർത്തിയവരാണല്ലോ ഇത്തരം ചർച്ചകൾ പഴുപ്പിച്ച് ചെത്തിത്തിന്നുന്നത്.
മനുഷ്യർക്ക് വേണ്ടിയുള്ള ബലിയെ സംബന്ധിച്ചാണാദ്യം പറയേണ്ടത് .
നാം മനുഷ്യർ വാസ്തവമാണല്ലോ ,മായാവാദികൾ ഫേസ്ബുക്കിൽ അക്കൗണ്ട് ഉണ്ടാക്കാൻ സാധ്യതയില്ല .
ബലി എന്ന പദം ഏതായാലും പാവമാണ് , രണ്ടക്ഷരവും ഒരു ചിഹ്നവും .
ബലി എന്ന പദത്തിന് പൂവ് എന്നർത്ഥം നൽകി ഇപ്പോഴത്തെ 'ബലി' യെന്ന അർത്ഥത്തിൽ നമുക്ക് പരിമളം എന്ന പദം ഉപയോഗിക്കാം ,ഭാഷയുടെ കഥ അത്രയേ ഉള്ളൂ .ഭാഷക്ക് പിറകിലാണ് നിയമം ,നിയമത്തിന് പിറകിലല്ല ഭാഷ .
അതായത് ,ബലി എന്ന പദത്തെ ആരും ക്രൂശിക്കേണ്ടതില്ല .
പിന്നെ , ആ ആശയം .
പ്രിയപ്പെട്ടതിനെ ആരാധ്യന് വേണ്ടി സമർപ്പിക്കുക എന്നാണ് ബലി എന്നതിൻ്റെ ലളിതമായ വിവക്ഷ .
ആരാധന എന്നതിന് ആത്യന്തിക സത്യത്തോടുള്ള ആദരവ് എന്നതാണ് ലളിതമായ വിവക്ഷ.
ആത്യന്തിക സത്യം പദാർത്ഥമായവരും ആശയമായവരും ഉണ്ട് .
മതമില്ലാത്തവരുടെ ആരാധ്യൻ അക്കൂട്ടത്തിൽ ഏതാണപ്പോൾ ?
നമുക്കാ ചോദ്യം ഒരു ഹ്യൂമനിസ്റ്റിനോട് ചോദിക്കാം .
ഹ്യൂമനിസത്തിൽ, മനുഷ്യനാണ് കേന്ദ്രബിന്ദു. മാനുഷികഹിതങ്ങളും അവൻ്റെ സന്തോഷങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് വൃത്തപരിധി.
പ്രപഞ്ചം മുഴുവൻ ദ്രവ്യമോ ദ്രവ്യഭേദങ്ങളോ ആണെന്ന ഭൗതികവാദം അടിസ്ഥാനമായവർക്ക് മനുഷ്യൻ എന്ന പദാർത്ഥം മാത്രം എങ്ങനെ സവിശേഷ പദവിക്കാരനാവുന്നു എന്ന ചോദ്യത്തെ ഹ്യൂമനിസ്റ്റുകൾ പരിഗണിക്കാറില്ല ,കാരണം ഉത്തരം അറിയില്ല / ഉത്തരമില്ല .
നമ്മുടെ നാട്ടിലെ Ex .കോയകളല്ലാത്ത നിരീശ്വരവാദികളുടെ പ്രത്യയശാസ്ത്രമായി അധികവും കാണാറുള്ളത് ഹ്യൂമനിസമാണ് .
ഹ്യൂമനിസത്തിൽ മനുഷ്യനാണ് മനുഷ്യൻ്റെ ആത്യന്തിക സത്യം .
മനുഷ്യനാണവിടെ ദൈവസ്ഥാനീയൻ .
മനുഷ്യൻ മനുഷ്യന് വേണ്ടി, അതായത് , നാം നമുക്ക് വേണ്ടി എന്തിനെയൊക്കെ അറുക്കാറുണ്ട് ?
ബലിയുടെ ലക്ഷ്യം ആരാധ്യൻ്റ സംതൃപ്തിയാണല്ലോ .
മനുഷ്യന് മനുഷ്യൻ തന്നെ പരമസത്യമാവുമ്പോൾ ആ മനുഷ്യൻ്റെ സംതൃപ്തിക്ക് വേണ്ടി നടത്തുന്ന അറവിൻ്റെ പേരും ശുദ്ധമായ ബലി എന്ന് തന്നെയാണ്.
ഇപ്പോൾ ,ബലി പാവമാണെന്ന് തോന്നുന്നുവെങ്കിൽ ശുദ്ധമായ പരിമളം എന്നായിക്കൊള്ളട്ടെ.
ഹ്യൂമനിസ്റ്റ് ഹ്യൂമനിസ്റ്റിൻ്റെ വയറ്റിലെ സംതൃപ്തിക്ക് വേണ്ടി പച്ചക്കറികൾ മുറിക്കാറില്ലേ ?
മതവിശ്വാസികൾക്ക് ഭൗതികശാസ്ത്രം രണ്ടാം സ്ഥാനത്താണെന്നും ഹ്യൂമനിസ്റ്റുകൾക്ക് ഒന്നാം സ്ഥാനത്താണെന്നുമാണല്ലോ നാസ്തികതയുടെ ആഗോള കമ്മറ്റി തീരുമാനിച്ചത് !
ശാസ്ത്രം എന്താണ് പറയുന്നത് ?
പച്ചിലകൾക്ക് പോലും വികാരങ്ങളുണ്ടന്നല്ലേ ,മരങ്ങൾക്ക് വിചാരങ്ങളുണ്ടെന്നല്ലേ , ഫെറമോൺസുകൾ (Pheromones) വഴി അവകൾ ദാഹവും വിശപ്പും പ്രണയവും പങ്കുവെക്കാറുണ്ടെന്നല്ലേ ?
സ്വന്തം വയറിൻ്റെ കടി മാറ്റാൻ ഒരു ചീരച്ചെടി ചട്ടിയിലിട്ട് വറുക്കുമ്പോൾ എന്തുമാത്രം വികാരവിചാരങ്ങളാണ് ബലി കഴിക്കപ്പെടുന്നത് ?
പെരുന്നാളിന് മതപ്പറമ്പിൽ നടക്കുന്ന അറവ് ക്രൂരമായ ബലിയാണ് ,കാരണമത് ദൈവത്തിന് വേണ്ടിയാണല്ലോ ,തിന്നുന്നതപ്പോൾ മനുഷ്യരായിട്ട് കാര്യമില്ല !
ഇപ്പുറത്ത് ,ഓരോ സെക്കൻ്റിലും മനുഷ്യദൈവങ്ങൾ കടിച്ചു പറിച്ചു തിന്നുകൊണ്ടേയിരിക്കുന്ന വിഭിന്നമാംസങ്ങൾക്ക് തൊട്ടുമുമ്പ് വരെ ഓടുന്ന കാമനയും ചാടുന്ന ഭാവനയും ഉണ്ടായിരുന്നു , അത് പക്ഷേ ബലിയാവില്ല ,കാരണം ഹ്യൂമനിസ്റ്റുകൾ സ്വന്തം സംതൃപ്തിക്ക് വേണ്ടി അറുക്കുന്നതിന് ബലി എന്ന് പറയാൻ പാടില്ലെന്ന് അവരുടെ തന്നെ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
ചെറുതായി പറയട്ടെ ,
ഇസ്ലാമിൽ നരബലി ഇല്ല ,ഉണ്ടായിട്ടില്ല ,ഉണ്ടാവുകയുമില്ല . നരബലി മനുഷ്യ കേന്ദ്രീകൃത ജൈവിക വ്യവസ്ഥക്ക് എതിരാണ് .അത് കൊണ്ടാണതങ്ങനെ.
ദൈവഹിതമാണ് പരമം എന്ന് വരുത്താൻ മനുഷ്യനെ അത്തരമൊരു തീക്ഷ്ണ ഘട്ടം വരെ അല്ലാഹു നയിച്ചിട്ടുണ്ട് , ഇബ്റാഹീമിലൂടെ.
കാരണം , മനുഷ്യനെ അറുക്കുമ്പോൾ മനുഷ്യൻ്റെ മനസ്സിൽ ഉണരുന്ന ആർദ്ര വികാരങ്ങൾ മനുഷ്യൻ ഉണ്ടാക്കിയതല്ലല്ലോ ,അതുണർത്തിയത് ആരാണോ അവന് തന്നെ ആ വികാരങ്ങൾ സമർപ്പിക്കാൻ വിശ്വാസി ബാധ്യസ്തനാണ് .എന്നാൽ ,അത് സാക്ഷാൽക്കരിക്കാൻ ദൈവഹിതം ഉണ്ടായിട്ടില്ല.
മറ്റൊരുവശം , നരബലി തെറ്റല്ലാത്ത സംസ്കൃതികൾക്കിടയിലാണ് ഇബ്റാഹീം (അ) നിയുക്തനായത് , പുത്രബലി തടയലിലൂടെ നരബലി നിരോധിക്കുക കൂടിയായിരുന്നു അല്ലാഹു .
ഇത് കാണിച്ച് തിയോക്രസി മലിനമാണെന്ന് പറയുകയാണെങ്കിൽ ,
ഡമോക്രസിയിൽ നരബലിയല്ലേ പ്രധാന ഐറ്റം.
അമൂർത്തമായ ie മെറ്റാഫിസിക്കലായ - അശാസ്ത്രീയമായ ദേശീയത എന്ന വികാരത്തെ സംതൃപ്തിപ്പെടുത്താനല്ലേ ,ഭൂമിയിൽ മനുഷ്യർ തന്നെ നാട്ടിയ കമ്പിവേലികൾക്കപ്പുറത്തും ഇപ്പുറത്തുമുളളവർ വെടി വെച്ച് വീഴ്ത്തുന്നത് ?
ഇപ്പുറത്തുള്ള മനുഷ്യമരണം ധീരമൃത്യുവും അപ്പുറത്തേക്ക് കേവലം ചാവലും ആയത് ഏത് വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് ?
മദ്റസയിലെ പകരക്കൊല തിയോക്രസിയാണ് , അതിർത്തിയിലെ പക്കാക്കൊല ഡമോക്രസിയും.
സ്വതന്ത്രചിന്ത ഇവ്വിധം പാഴ് വസ്തുവായിപ്പോകരുത് കെട്ടോ .
നമുക്ക് തൽക്കാലം , മറ്റൊരു ഹ്യൂമനിസ്റ്റ് നിരീശ്വരവാദിയെ പരിചയപ്പെടാം.
പേര് ,പീറ്റർ ആൽബർട്ട് തോമസ് ഡേവിഡ് സിംഗർ എന്ന പീറ്റർ സിംഗർ .
ആൾക്കൊരു വിഖ്യാദ കൃതിയുണ്ട് ,
Practical Ethics .
JS Mill ന് ശേഷം പടിഞ്ഞാറ് കണ്ട ഏറ്റവും സെലിബ്രേറ്റഡ് യൂറ്റിലിറ്റേറിയൻ ഹ്യൂമനിസ്റ്റാണ് കക്ഷി.
മനുഷ്യ സന്തോഷങ്ങൾക്ക് വിഘാതമാവുന്ന തടസ്സങ്ങൾ നീക്കുന്നത് തെറ്റല്ല എന്നാണ് കക്ഷി സമർത്ഥിക്കുന്നത്. രണ്ട് വിരുദ്ധ സന്തോഷങ്ങൾ / അവകാശങ്ങൾ അതിജയിക്കാൻ മൽസരിക്കുകയാണെങ്കിൽ സ്റ്റേറ്റ്, കൂടുതൽ പ്രയോജനം കിട്ടുന്ന വ്യക്തിയുടെ സന്തോഷം തെരെഞ്ഞെടുക്കണം -
യൂജനിക് പൊളിറ്റിക്സ് എന്ന് പറയും.
അതായത് , വികലാംഗർ ,മന്ദബുദ്ധികൾ , മാറാരോഗികൾ തുടങ്ങിയ ഡിസേബിൾസിനെ സ്‌റ്റേറ്റിന് വേണ്ടത് പോലെ ചെയ്യാം.
സ്വന്തം സന്തോഷത്തിന് തടസ്സമാവുന്ന,
സ്വതന്ത്രവ്യക്തിത്വം എത്താത്ത സന്താനങ്ങളെ കൊന്നു കളയാം .
ഇങ്ങനെ പോവുന്നു ആ ഹ്യൂമനിസ്റ്റ് മതം .
Note it , ലോകഭീഷണി എന്ന് പടിഞ്ഞാറൻ മാധ്യമങ്ങൾ തന്നെ വിലയിരുത്തിയ അദ്ദേഹത്തിൻ്റെ പരാമർശങ്ങളെ സംബന്ധിച്ച വിശകലന ഭാഗമാണ് ചിത്രത്തിൽ ഉള്ളത്.
സ്വതന്ത്ര വ്യക്തിത്വം എപ്പോഴാണ് ഓരോ കുട്ടിക്കും ലഭിക്കുന്നത് ?
ജീവിത ചുറ്റുപാടുകൾക്കനുസരിച്ച് മാറാം .
ബുദ്ധിമാന്ദ്യം ഉള്ളവർക്ക് എത്തുകയേയില്ല .
അപ്പോൾ ശിശുഹത്യ മുഖേനെ രക്ഷിതാവിന് സന്തോഷം കിട്ടുമെങ്കിൽ അതും ആവാം.
ഗേയ്സ് , പാലക്കാട്ടെ ആറുവയസ്സുകാരനെ വധിക്കാൻ സമ്മതിക്കുന്ന ഒരു സാധ്യതയും ഇസ്ലാമിക് നിയമ വ്യവസ്ഥയിലില്ല ,പക്ഷെ
ഹ്യൂമനിസ്റ്റ് ഇമാമായ പീറ്റർ സിംഗർക്ക് - ആ ക്രൂരയായ മാതാവിനോടൊപ്പം നിൽക്കാനാവും ,അവരെ ന്യായീകരിക്കാനുമാവും.
അങ്ങനെത്തന്നെ !
Leave a Reply