പദാർത്ഥവാദവും ബ്ലാക്ക് മാജിക്കും വെച്ച് മെറ്റാഫിസിക്കൽ തിയോളജിയെ നേരിടാൻ ശ്രമിച്ച  സ്റ്റേറ്റ് ഫാസിസ്റ്റായ ഭൗതികവാദിയാണ് ഫിർഔൻ എന്ന റംസീസ് രണ്ടാമൻ. വംശം, വർണ്ണം, അധികാരം എന്നീ മാനദണ്ഢങ്ങൾ മുന്നിർത്തി, ശരിയും തെറ്റും തീരുമാനിക്കാനുള്ള അതോറിറ്റിയായ യൂബർമെൻ എന്ന അതിമാനുഷനെ അവതരിപ്പിച്ച് ആധുനിക യൂജനിസത്തിന് അടിത്തറ പാകിയ അപകടകാരിയായ നാസ്തികനായിരുന്നു നീത്ഷേ. മാറിക്കൊണ്ടേയിരിക്കും വിധം പദാർത്ഥവും അതിൻ്റെ ആന്തിരികവും ബാഹ്യവുമായ വിരുദ്ധ ചേരീ ബലാബലവുമാണ് സമയം, കാലം, ഊർജ്ജം എന്ന് പ്രാപഞ്ചികതയെ വായിച്ച് മനുഷ്യനെ മണ്ണാങ്കട്ടയാക്കിയത് മാർക്സാണ്. 

ദൈവത്തെയും ആത്മീയതയെയും ഭൗതികമായി വ്യാഖ്യാനിച്ച മാർക്സും ചരിത്രപരമായ ഒരാവർത്തനമായിരുന്നു. 

 


പ്രപഞ്ചാനുഭവങ്ങൾക്ക് പിറകിലോ മുമ്പിലോ അനുഭവപരമല്ലാത്ത മറ്റൊരസ്ഥിത്വം ഉണ്ടാവേണ്ടതില്ലെന്ന വീക്ഷണമാണ് ഭൗതികവാദം. ഉള്ളതെല്ലാം പദാർത്ഥമാണെന്നോ പദാർത്ഥങ്ങളേ ഉള്ളൂവെന്നോ ആ ആശയത്തെ വാക്യങ്ങളാക്കാം. എംഗൽസിനും കാൾമാർക്സിനും സഹസ്രാബ്ദങ്ങൾക്ക് മുമ്പേ അവരുന്നയിച്ച ആശയങ്ങൾ ലോകത്തുണ്ടായിരുന്നു. വാക്കാൽ മാർക്സ് പരിചയപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹം മുന്നോട്ട് വെച്ച പ്രപഞ്ചവീക്ഷണം വൈരുധ്യാത്മകഭൗതികവാദം എന്ന പേരിൽ അറിയപ്പെടുന്നു. എന്ത്കൊണ്ടാണ് അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാട് ദൈവനിരാസമാകുന്നുവെന്ന് പറയുന്നതിന് മുമ്പ് എന്താണത് എന്ന് നോക്കേണ്ടതുണ്ട്.

വൈരുദ്ധ്യാത്മക ഭൗതികവാദം

മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ അവതരിപ്പിച്ച ആശയമാണ് Dialectical materialism. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതുമെന്നതാണതിൻ്റെ രത്നച്ചുരുക്കം. മൂന്ന് തത്ത്വങ്ങളിലൂടെ, മനുഷ്യർ സത്യാന്വേഷണത്തിൻ്റെ ഭാഗമായി നേരിടുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഭൗതികതയുടെ സമഗ്രത തന്നെയാണെന്ന് സമർത്ഥിക്കാനാണ് സിദ്ധാന്തം ശ്രമിച്ചത്.

 

ഒന്നാം തത്വം :

പ്രപഞ്ചത്തിലെ അതിസൂക്ഷ്മം മുതൽ അതിവിപുലം വരെയുള്ള സ്ഥലം,കാലം,ഊർജ്ജം അടങ്ങുന്ന എല്ലാ അംഗങ്ങളും പരസ്പരം ബന്ധിച്ചും ആശ്രയിച്ചുമാണ് നിലകൊള്ളുന്നത്. ഇവയത്രയും ഏകഭാവത്തിൽ സ്ഥായിയല്ലാതെ അന്വേന്യം രൂപഭേദം വരാവുന്ന പദാർത്ഥങ്ങൾ മാത്രമാണ്.

 

രണ്ടാം തത്വം :

എല്ലാ ദ്രവ്യ,ഖര,വാതക,ദ്രാവക വസ്തുക്കളും അവയുടെ ഭാഗമായ മറ്റു അസ്ഥിത്വങ്ങളും ചലിച്ച് കൊണ്ടിരിക്കുകയാണ്. ചലനം എന്നതിന് കേവലം സ്ഥലമാറ്റം എന്നതല്ല അർത്ഥം. മറിച്ച് ബാഹ്യവും ആന്തരീകവുമായ പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളും എന്നാണ്. ചലനമാണ് സത്യത്തിൽ പ്രാപഞ്ചികത. മനുഷ്യൻ്റെ ചിന്തകളും വികാരങ്ങളും വരെ പദാർത്ഥപരമായ ചലനങ്ങൾ വഴി സംഭവിക്കുന്നതാണ്.

 

മൂന്നാം തത്വം :

പദാർത്ഥങ്ങൾക്ക് സ്വയം സാധിക്കുന്ന ചലനങ്ങളിലൂടെ അവയോരോന്നും സ്വയം പരിണാമങ്ങൾ സ്വീകരിക്കുകയും രൂപാന്തരണങ്ങളിലൂടെ അനാദിയായും അനന്തമായുമുള്ള അസ്ഥിത്വം വരിക്കുകയും ചെയ്യുന്നു. 'മാറ്റം ' എന്ന പ്രതിഭാസത്തിന് മാർക്സിയൻ തത്വശാസ്ത്രത്തിൽ അനൽപ്പമായ ഇടമുണ്ട്. "യാതൊരു മാറ്റവുമില്ലാതെ നില്കുന്നതായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ അത് ചരാചരങ്ങളാകെ സദാ മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം മാത്രമാണ് " എന്നാണ് മാർക്സ് ഇതിനെ വിശേഷിപ്പിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം ആധാരമാക്കുന്ന പ്രാപഞ്ചികതയെ ഇസ്ലാമിക തത്വശാസ്ത്രം മറ്റൊരു രീതിയിലാണവതരിപ്പിക്കുന്നത്. 

ഒന്നാം ആധേയം : പ്രപഞ്ചം ചഞ്ചലമാണ്. 

രണ്ടാം ആധേയം : ചഞ്ചലമായവ സൃഷ്ടിയാണ്. 

നിഗമനം : പ്രപഞ്ചം സ്രഷ്ടിയാണ്. 

ഇങ്ങനെയൊരു തീർപ്പിലേക്കെത്താതിരിക്കാനാണ് മാർക്സിയൻ താത്വികർ സ്ഥല- കാല - പദാർത്ഥങ്ങൾ മൂന്നും ഇഴപിരിക്കാനാവാത്ത വിധം ഒന്നാണെന്ന് പറഞ്ഞത്. പ്രപഞ്ചം ആരംഭിച്ചതിന് ഒപ്പമാണ് സമയം ഉണ്ടാവുന്നത് എന്നത് ഇസ്ലാമികമായും ശാസ്ത്രീയമായും സംഗതം തന്നെയാണെങ്കിലും പ്രപഞ്ചം ആരംഭിച്ചിട്ടില്ല എന്ന് വരുത്താൻ സമയത്തെ മാത്രം വേറിട്ട് മനസ്സിലാക്കാതിരിക്കേണ്ടത് മാർക്സിയൻ ദർശനത്തിൻ്റെ ആവശ്യമായിരുന്നു. പ്രപഞ്ചത്തിന് ആദ്യം എന്നൊന്ന് ഉണ്ടാവുമ്പോൾ 'സമയം ' അതിന് മുമ്പ് തന്നെ ഉണ്ടാവേണ്ടതുണ്ടല്ലോ എന്ന അബദ്ധധാരണയുടെ ഫലമായിരുന്നു അത്. വൈരുധ്യാത്മകത പദാർത്ഥങ്ങളുടെ ചലന പരിണാമങ്ങളുടെ ചാലക ശക്തിയാണെന്നത് കൂടിയാണ് ആ സിദ്ധാന്തം. വസ്തുക്കൾക്കകത്ത് പരസ്പരവിരുദ്ധമായ രണ്ട് ഘടകങ്ങൾ ഉൾക്കൊള്ളുന്ന അനേകം ജോടികൾ പ്രവർത്തിക്കുന്നു. ഇവയെ വൈരുദ്ധ്യങ്ങൾ എന്നു പറയാം. ഒട്ടനവധി വൈരുദ്ധ്യജോടികൾ അഥവാ ദ്വന്ദങ്ങൾ എല്ലാ മേഖലകളിലും ഉണ്ടെന്ന് കണ്ടെത്തുകയാണ് പിന്നെ : പ്ലസും മൈനസും, ഇന്റഗ്രേഷനും ഡിഫറൻഷിയേഷനും, ശ്വസനവും നിശ്വാസവും , ഭോജനവും വിസർജനവും, ആക്ഷനും റിയാക്ഷനും, സംയോജനവും വിഘടനവും പോലെ .പിന്നീട് സാമൂഹിക - ഗാർഹിക - വ്യക്തിഗത വ്യവഹാരങ്ങളിലുമുള്ള സ്വാഭാവിക വെരുദ്ധ്യാത്മകതയെ ആ തത്വം കൂടെച്ചേർത്തി. സുഖവും ദു:ഖവും, സമ്പന്നതയും ദാരിദ്ര്യവും,ഇണയും തുണയും, ഉത്തമനും അധമനും എന്നിങ്ങനെ ആദ്യമേ ഉണ്ടാക്കിവെച്ച ഉത്തരങ്ങൾക്ക് ചോദ്യങ്ങളുണ്ടാക്കിക്കൊണ്ട് ആ സിദ്ധാന്തം സാമൂഹിക വികാസത്തെ വ്യാഖ്യാനിച്ചു. വർഗ സമരങ്ങളുടെ നൈരന്തര്യത്തിൽ വൈരുദ്ധ്യങ്ങളുടെ സംഘട്ടനങ്ങൾക്ക് ശേഷം സംയോജിത ഫലം വരിക വഴിയാണ് നാഗരികതകൾക്ക് സംസ്ക്കാരങ്ങളും ധാർമ്മിക ബോധവും ലഭിച്ചത് എന്ന് പറയുമ്പോൾ മനുഷ്യേതര ധാർമ്മിക ജ്ഞാന സ്രോതസ് എന്ന ആശയം തന്നെ അപ്രസക്തമാവുകയായിരുന്നു.

 

വിയോചിപ്പുകളുടെ മർമ്മം

എല്ലാതരം ഭൗതികവാദങ്ങൾക്കും പൊതുവായി കാണപ്പെടുന്ന ന്യൂനത അജ്ഞാതമായ കാര്യങ്ങൾക്ക് തീർപ്പ് കൽപ്പിക്കുന്നുവെന്നതാണ്. പദാർത്ഥ പ്രപഞ്ചത്തിലെ ഓരോ അംഗവും അതിൻ്റെ അസ്ഥിത്വത്തിൽ തന്നെ അഞ്ച് അപൂർണ്ണതകൾ ഉൾവഹിക്കുന്നുണ്ട്. 

സിദ്ധികളുടെ പരിമിതി, ഗുണങ്ങളുടെ പരിവർത്തനം, അസ്ഥിത്വത്തിൻ്റെ പരസ്പരാശ്രയത്വം, പ്രതിഫലനത്തിലെ സോപാധികത്വം,അനുഭവത്തിലെ ആപേക്ഷികത എന്നിവയാണവ. 

അപ്പറഞ്ഞയഞ്ചും ദ്രവ്യപദാർത്ഥം തന്നെയായ മനുഷ്യനും ബാധകമാണ്. 

എന്നാൽ, പരിമിതി എന്ന പൊതുത്വത്തിനപ്പുറത്ത് മനുഷ്യന് പദാർത്ഥേതരമായ മറ്റു ചില സാധ്യതകൾ കൂടിയുണ്ട്. ഭൗതികവാദം ബൗദ്ധികമായ പരിമിതികളെ കുറിച്ച് മൗനമവലംബിക്കുകയും പദാർത്ഥതര സാധ്യതകളെ നിരാകരിക്കുകയോ അല്ലെങ്കിൽ അവയെ കൂടി ഭൗതികപരതക്കകത്താക്കുകയോ ചെയ്യുന്നു. ഈ രണ്ട് സമീപനങ്ങളും ഇസ്ലാമിൻ്റെ തൗഹീദിനും രിസാലതിനും വിരുദ്ധമാണ്. കാരണം, പദാർത്ഥീന പ്രാതിഭാസികതകളുടെയും പദാർത്ഥീത പരമാർത്ഥങ്ങളുടെയും നിമിത്തങ്ങൾക്ക് പിറകിലെ ഏകത്വമാണ് അല്ലാഹു. പദാർത്ഥങ്ങൾക്കപ്പുറവും പദാർത്ഥമാണെന്ന (Matter and Daark Matter ) ഭൗതികവാദം അത്തരമൊരു നിമിത്തങ്ങളുടെ സൂത്രധാരനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. അത്പോലെ, മനുഷ്യൻ്റെ ഇന്ദ്രിയങ്ങളുടെയും മസ്തിഷ്കത്തിൻ്റെയും പരിമിതികൾ ഭൗതികയാഥാർത്ഥ്യമായി തൊട്ടുമുമ്പിലുണ്ടായിട്ട് കൂടി മനുഷ്യജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലെ അജ്ഞാത കാര്യങ്ങളെ കുറിച്ചും ധാർമ്മിക ബോധസാംക്രമണത്തിൻ്റെ ആദിനിദാനങ്ങളെ സംബന്ധിച്ചുമുള്ള യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുന്ന ഭൗതികേതര ജ്ഞാന സ്രോതസ് എന്ന സാധ്യതയെയും അവർ തള്ളിക്കളയുന്നു. രിസാലതിൻ്റെ നിരാകരണമാണ് സത്യത്തിൽ ഭൗതികവാദം.

ദൈവാസ്തിക്യം എന്ന ആശയത്തെ മുന്നോട്ട് വെക്കുന്ന രേഖകളുടെ കൈമാറ്റക്കൈ രിസാലതാണ്.

ഖുർആൻ ഭൗതികവാദത്തെ സമീപിച്ച രീതി

 

ലോകം കണ്ട ഏറ്റവും ശക്തരായ രണ്ട് ഭൗതികവാദികളെ വിശുദ്ധഖുർആൻ പരിചയപ്പെടുന്നത് ശ്രദ്ധിച്ചാൽ അക്കാര്യം ബോധ്യമാവും. ഈജിപ്തിലെ ഫറവോനായിരുന്ന റംസീസ് രണ്ടാമനും  അതിസമ്പന്നനായിരുന്ന ഖാറൂനും. ഫിസിക്കലിസത്തിൻ്റെ അകത്ത് നിന്നും മെറ്റാഫിസിക്കലായ ദൈവത്തിൻ്റെ അസ്ഥിത്വം തേടുന്നുവെന്നതാണല്ലോ എക്കാലത്തുമുണ്ടായ നാസ്തികതയുടെ പ്രധാന പ്രശ്നം. മൂസാ പ്രവാചകൻ (അ) പരിചയപ്പെടുത്തിക്കൊടുത്ത സ്രഷ്ടാവിനെ നിരാകരിക്കാൻ ഫിർഔൻ നിരത്തിയ ന്യായങ്ങൾ മുഴുവൻ ഭൗതികമായിരുന്നു. അമാനുഷിക സിദ്ധികളുമായി വന്ന പ്രവാചകനെ  ബ്ലാക്ക് മാജിക്കുകൾ കൊണ്ട് എതിരിടാൻ ശ്രമിച്ച ഫിർഔൻ നൽകുന്ന വ്യക്തമായ സന്ദേശമുണ്ട് : മൂസ കാണിക്കുന്ന കാര്യങ്ങളുടെ ഉറവിടം അഭൗമികമോ അമാനുഷികമോ അല്ല,പ്രത്യുത ഭൗതികം തന്നെയാണത് എന്നതാണത്. ദ്രവ്യ പ്രപഞ്ചത്തിൻ്റെ നൂറിൽ തൊണ്ണൂറ്റൊമ്പതും അജ്ഞാതമാണെന്നിരിക്കേ,മെറ്റാഫിസിക്കൽ മണ്ഡലങ്ങൾ സംഗതമല്ലെന്ന് പറയുന്നതിൻ്റെ അയുക്തികത അനാവൃതമാവാതിരിക്കാൻ വേണ്ടി, അജ്ഞാതമെന്ന വിശേഷണം കൊണ്ടുപോയി ദ്രവ്യത്തിന് തന്നെ നൽകി (ശ്യാമദ്രവ്യം,ശ്യാമോർജ്ജം) താക്കോൽ സംജ്ഞകളിലൂടെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ആധുനിക നാസ്തിക ഭീമന്മാരുടെ തലവനായിരുന്നു ഫറോവ. ഇത് കൂടുതൽ കൃത്യമാവാൻ,അമാനുഷിക സംഭവങ്ങളുമായി വന്ന അന്ത്യപ്രവാചകൻ മുഹമ്മദ് നബിക്ക് (സ്വ) യെ ബഹുദൈവാരാധകരായിരുന്ന മക്കക്കാർ നൽകിയിരുന്ന പ്രത്യാഖ്യാനം ശ്രദ്ധിച്ചാൽ മതിയാവും. മക്കക്കാർ പദാർത്ഥപരമായ ബദൽ ജാലകവിദ്യകളിലൂടെ പ്രവചകനെ മറികടക്കാനോ ജനശ്രദ്ധ തിരിക്കാനോ ശ്രമിച്ചില്ല. മറിച്ച്,അമാനുഷികതയുടെ ഉറവിടം സത്യസന്ധമല്ല എന്നയർത്ഥം ഫലം വരുത്തുന്ന മറുവാദങ്ങൾ ഉന്നയിക്കുകയായിരുന്നു. ചിലർ ഉന്മത്തത ആരോപിച്ച് കാതും കതകുമടച്ചു കളഞ്ഞിതിനപ്പുറം അവർ നാസ്തിക പ്രവണതകൾ കാണിച്ചിട്ടില്ല. എന്നാൽ ഫറവോനും ഹാമാനും പ്രകോപിതരായപ്പോൾ തനി നാസ്തികശൈലിയിലേക്കാണ് നീങ്ങിയത്. 

സൂക്ഷ്മമായി നിരീക്ഷിച്ചാൽ,ആധുനിക നാസ്തികത ധാർമ്മികതയുടെ രണ്ട് ധാരകളും റംസീസ് രണ്ടാമനിൽ ചെന്ന് മുട്ടുന്നതായി കാണാം. ഒന്നാമത്തേത് കമ്മ്യൂണിസ്റ്റ് ധാർമ്മികതയാണ്. കമ്മൂണിസം ഒരു സംസ്ക്കാരമാണെങ്കിൽ അതിൻ്റെ ഭരണ നിർവ്വഹണങ്ങളും സാമൂഹിക ഇടപെടലുകളും State Facism / State Humanism ത്തിൻ്റെ രീതിശാസ്ത്രമനുസരിച്ചാണ്. അതായത്, ശരിയും ശരികേടും ഏറ്റുമുട്ടുമ്പോഴോ,കുറേ ശരികളിൽ നിന്നും ആത്യന്തികശരി കണ്ടെത്തുമ്പോഴോ അവർ ആധാരമാക്കുന്ന നിർണ്ണയം ഭരണകൂടത്തിൻ്റെ ലാഭവും ലോഭവും മാത്രമാണ്. അതാണ് കമ്മ്യൂണിസം. സംവാദാത്മകത, യുക്തിവിചാരം, ജനഹിതം, ശാസ്ത്രീയത തുടങ്ങിയ വിശകലന മാപിനികളെ താത്വികമായി തള്ളാതെ കമ്മ്യൂണിസം കൃത്വിമമായി രൂപപ്പെടുത്തി പുകമറകൾ സൃഷ്ടിക്കും. എന്നുമെവിടെയും അവർ അങ്ങനെയായിരുന്നു. 

ഒരുദാഹരണം പറയാം :

പരിണാമസിദ്ധാന്തം ഇപ്പോൾ ജനിതക ശാസ്ത്രത്തെ കൂടുതൽ അവലംബിക്കുന്ന നിയോഡാർവ്വീനിയൻ കാഴ്ച്ചപ്പാടുകളായി മാറി. ഇസ്റേയേലുകാരനായ യുവാൽ നോവ ഹരാരിയുടെ നവപരിണാമ നിഗമനങ്ങൾ നാസ്തിക ലോകത്ത് വലിയ തോതിൽ സ്വീകരിക്കപ്പെടുന്നു. പക്ഷെ,ഇപ്പോഴും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലെ വർഗസ്വത്വവാദികൾ ചാൾസ് ഡാർവ്വിൻ പോലും നിരാകരിച്ച ലാമാർക്കിയൻ പരിണാമവാദത്തെ ഭാഗികമായി അംഗീകരിക്കുന്നവരാണ്. 

കാരണം, ഡാർവ്വിൻ പറയാത്ത ഒരുകാര്യം ലാമാർക്ക് പറഞ്ഞിട്ടുണ്ട് : അനേകായിരം ജീവി വർഗങ്ങളിൽ നിന്നും മനുഷ്യൻ മാത്രം പ്രകൃതിയുടെ മേൽ മേൽക്കോയ്മ നേടിയത് അവൻ്റെ അധ്വാനശീലം വഴിയാണ്. മറ്റു ജീവികളിൽ നിന്ന് പൊതുവേ വ്യത്യസ്തമായി മനുഷ്യരുടെ കൈകാൽ പള്ളകളിൽ രോമങ്ങൾ ഇല്ലാത്തത് അവിടങ്ങൾ കൊണ്ട് കൂടുതൽ അധ്വാനങ്ങൾ നടന്നത് കൊണ്ടാണെന്ന മഹത്തായ മണ്ടത്തരം ഊഹിച്ചെടുത്ത കക്ഷിയാണ് ലാമാർക്കിനിസ്റ്റുകൾ. സ്ത്രീയുടെ ശരീരത്തിൽ പൊതുവേ ഒട്ടും രോമമില്ലാത്തതും അധ്വാനിക്കാതെ മടിയന്മാരായിരിക്കുന്ന മനുഷ്യരുടെ കൈകാൽ പള്ളകളിൽ രോമങ്ങൾ തിരിച്ച് വരാത്തതും എന്തുകൊണ്ടാണെന്നതിന് ദണ്ഡ് കൊണ്ടാകാണ്ടായിരുന്നു സോവിയറ്റ് റഷ്യയിൽ മറുപടി. ജനിതക ശാസ്ത്രം സാമ്പ്രദായിക പരിണാമശാസ്ത്രത്തിൻ്റെ അടിത്തറയിളക്കുമെന്നായപ്പോൾ ജോസഫ് സ്റ്റാലിൻ തൻ്റെ രാജ്യത്ത് ജനിതക ശാസ്ത്ര പഠനം നിരോധിക്കുകയും Trofin Lysenko യെപ്പോലുള്ള ആശ്രിത ശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് കമ്മ്യൂണിസ്റ്റ് മണ്ടത്തരങ്ങളെ ഔദ്യോഗിക ശാസ്ത്രമാക്കുകയും ചെയ്യുകയായിരുന്നു. അക്കാലത്ത് കൊല്ലപ്പെട്ട ശാസ്ത്രജ്ഞരുടെ മൃതദേഹങ്ങളുടെ വളാംശമായിരുന്നു ഉക്രൈനിലെ പച്ചപ്പിൻ്റെ കാരണം എന്ന് പിൽക്കാലത്ത് വിമർശന പഠനങ്ങളുണ്ടായി. പറഞ്ഞുവന്നത് ശരിതെറ്റുകൾ സ്റ്റേറ്റ് തീരുമാനിക്കുന്ന ന്യായം കേവലം മാനുഷിക ചാപല്യങ്ങൾ മാത്രമാവുന്നതിൻ്റെ പ്രാചീന മുഖമായിരുന്നു റംസീസ് രണ്ടാമൻ എന്നായിരുന്നു. നവനാസ്തിക ധാർമ്മികതയുടെ രണ്ടാമത്തെ നിർണ്ണയം സോഷ്യൽ ഡാർവ്വനിസം ആണ്. അതായത്, മേലാളന്മാരെ പ്രകൃതി സ്വയം നിർദ്ധരിച്ച് കണ്ടെത്തുകയാണെന്നും കീഴാളന്മാരുടെ ജീവിത ധർമ്മം തോൽവികൾ ഏറ്റുവാങ്ങലാണെന്നും സിദ്ധാന്തിക്കുന്ന വലതുപക്ഷ വംശീയ തീവ്രവാദങ്ങളുടെ അടിസ്ഥാനമാണത്. യൂജനിസം എന്ന ക്രൂരതകളുടെ രാഷ്ട്രീയവും യൂറ്റിലിറ്റേറിയനിസം എന്ന അതിയോഗ്യരുടെ ലോകക്രമവും ന്യായമാവുന്ന തത്വശാസ്ത്രമാണത്. 

അതനുസരിച്ച് ഗവൺമെൻ്റ് എല്ലാ പൗരന്മാർക്ക് വേണ്ടിയും നിയമനിർമ്മാണങ്ങൾ നടത്തേണ്ടതില്ല, ബജറ്റിൽ പണം വകയിരുത്തേണ്ടതില്ല. മറിച്ച് അവർ തന്നെ നിർമ്മിക്കുന്ന നിദാനങ്ങൾ പ്രകാരം ഉന്നതകുല ജാതരായ മനുഷ്യർക്ക് വേണ്ടി മാത്രമായിരിക്കണം ഭരണകൂടം പ്രവർത്തിക്കേണ്ടത്. അഡോൾഫ് ഹിറ്റ്ലർ Breeding of Selected Class അഥവാ അന്നം തെരെഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം എന്ന പദ്ധതി നടപ്പിലാക്കിയത് ഈ തത്വത്തിൻ്റെ പുറത്തായിരുന്നു. അധമരുടെ ജീവിതധർമ്മം ഉത്തമർക്ക് മുകളിലേക്ക് ജയിച്ച് കയറാൻ പുറം വിരിച്ച് കൊടുക്കലാണെന്ന് ഫെഡറിക് നീത്ഷെ എഴുതിയ മനോഭാവം അതാണ്. അങ്ങനെ വിജയിക്കുന്നവരെ നീത്ഷേ SUPERMEN എന്നാണ് വിശേഷിപ്പിച്ചത്. ഫിർഔൻ, സ്ഥൂലകേന്ദ്രീകൃതമല്ലാത്ത വിശ്വാസഘടനയെ നിരാകരിക്കുകയും വിയോജിപ്പുകാരെ വകവരുത്തുകയും ചെയ്ത ശേഷം പ്രഖ്യാപിക്കുന്ന ഒരു കാര്യമുണ്ട് :  "അന റബ്ബുകുമുൽ അഅ'ലാ " എന്നാണത്. ഫിർഔൻ സ്വയം ദൈവം ചമഞ്ഞതിനർത്ഥം, ദൈവമായി നിയന്ത്രിക്കാൻ ഞാൻ തന്നെ ധാരാളമെന്നും എൻ്റെ മുകളിലോളം വളർന്ന അജ്ഞാത ദൈവസങ്കൽപ്പം അബദ്ധമാണെന്നുമാണ്. പക്ഷെ അതിൻ്റെ സാമൂഹിക വിവക്ഷ I am the Superman - നീത്ഷേ പറഞ്ഞ നിയന്ത്രിക്കുന്ന മനുഷ്യൻ ഞാനാണ് എന്ന തനി ഭൗതികവാദമാണ്. Covid 19 ൻ്റെ പ്രാരംഭ വെപ്രാളത്തിൽ പല രാഷ്ട്രങ്ങളും അതിവൃദ്ധർക്ക് ചികിൽസ വേണ്ടതില്ലെന്ന മുൻഗണനാ ക്രമം നിശ്ചയിച്ചത് അതിനനുസരിച്ചായിരുന്നു. ഇവിടെ,ഉത്തർപ്രദേശിൽ ഓക്സിജൻ സിലിണ്ടറിനായ് നെട്ടോട്ടമോടിയ മനുഷ്യരുടെ മതം പരിശോധിക്കപ്പെട്ടത് ആ വികാരത്തിന്മേലായിരുന്നു. അത്തരം വംശീയ ഭ്രാന്തിൻ്റെ അടിത്തറയായ യൂജനിസ്റ്റ് ധാർമ്മികത തന്നെയായിരുന്നു ഫിർഔനിൻ്റേതും. മനുഷ്യക്കശാപ്പിൽ വിനോദബോധം കണ്ടെത്തൽ ആ ജീനുള്ളവർക്ക് എന്നും ഹരമായിരുന്നു. 

എതിരാളികളെ എതിർ ദിശയിൽ നിന്നും കൈകാലുകൾ കീറി വധിക്കലായിരുന്നു റംസീസിൻ്റെ സവിശേഷ വിനോദം. പുകച്ച് കൊല്ലലായിരുന്നു ഹിറ്റ്ലറിൻ്റെ രീതി. തിരിഞ്ഞുനിർത്തി പിരടിയുടെ കുഴിവട്ടത്തിലേക്ക് കാഞ്ചിവലിക്കലായിരുന്നു സ്റ്റാലിൻ്റെ രീതി. കാരണം, അവർക്കൊക്കെ അവരല്ലാത്ത മനുഷ്യർ പരിണാമപൂർണ്ണത എത്താത്ത അപൂർണ്ണ മനുഷ്യരോ കൊല്ലപ്പെടാൻ വേണ്ടി മാത്രം ജനിച്ചവരോ വാലില്ലാത്ത മൃഗങ്ങളോ മാത്രമായിരുന്നു. തത്വശാസ്ത്രമില്ലാത്ത ഏത് സംഘർഷവും താൽക്കാലികമായിരിക്കും. വിരോധ വിസർജ്ജനങ്ങളുടെ തത്വശാസ്ത്രങ്ങളുടെ പിൻബലം വെച്ച് മനുഷ്യരെ രണ്ട്തരമാക്കുന്നവരുടെ വിഭ്രാന്തികൾ സാർവ്വജനീനവും. മൂസ(അ)വളരെ യുക്തിഭദ്രമായാണ് ഭൗതികവാദത്തെ നേരിട്ടത്. ആരാണ് താങ്കളുടെ രക്ഷിതാവ് എന്ന ഫിർഔനിൻ്റെ ചോദ്യത്തിന് പ്രവാചകൻ നൽകിയ മറുപടി ദൃശ്യപ്രപഞ്ചത്തിലെ അടയാളങ്ങളുടെ അടിസ്ഥാനമാണ് തൻ്റെ നാഥൻ എന്നായിരുന്നു. "ഞങ്ങളുടെ നാഥൻ എല്ലാ വസ്തുക്കൾക്കും ഉണ്മ നൽകിയവനും പിന്നീടവക്ക് സ്വതസിദ്ധമായ വഴികൾ നിർണ്ണയിച്ചവനും ആകുന്നു" എന്ന മറുപടി അക്കാലത്തിൻ്റെ മനോഘടനയുടെ പരിഛേദം കൂടിയായിരുന്നു. അതിനെതിരെ ഭൂമിയിൽ സ്വർഗസമാന സൗകര്യമൊരുക്കി വാഗ്ദത്ത സ്വർഗവും ഹൂറിയും മിഥ്യ എന്ന പരിഹാസ രാഷ്ട്രീയമണിയുകയായിരുന്നു ധൃഷ്ടനായ ഏകാധിപതി. ഒടുവിൽ,മുസ്ലിംകൾ വിശ്വസിക്കുന്ന അല്ലാഹുവിനെ വധിക്കാൻ പരമാവധി ഉയരമുള്ള കോട്ടകെട്ടി ആകാശത്തേക്ക് അമ്പെയ്ത ഫിർഔനിൽ നിന്നും ഇക്കാലത്തെ തനി ഭൗതികവാദികളെ കണ്ടെത്താം. കാരണം,പദാർത്ഥാധീന വ്യവഹാര മാധ്യമങ്ങളായ ശാസ്ത്രം കൊണ്ട് അതിനധീതമായ സ്രഷ്ടാവിനെ അന്വേഷിക്കുന്നത് പൊട്ടത്തരമാണെന്ന് എത്ര പറഞ്ഞാലും മനസ്സിലാവാത്തവരുടെ നേതാവായിരുന്നു ഫിർഔൻ.



Loading comments...

Leave a Reply