മനുഷ്യൻ തെരുഞ്ഞെടുപ്പ് നടത്തുമ്പോൾ ശരിയേത്, ശരിയല്ലാത്തതേത് എന്നാലോചിക്കുന്നതിനാണ് ധർമ്മചിന്തയെന്ന് പറയുന്നത്. ശരിയും തെറ്റും വ്യവഛേദിക്കുന്ന പാരാമീറ്ററുകളുടെ കാര്യത്തിൽ ഇസ്ലാം - നാസ്തിക ദ്വന്ദ്വം വിശകലനം ചെയ്യുന്നു.


ഭൗതികവാദത്തിന് ധാർമ്മികത എന്നത് പരിണാമപരമായ ഒരു അതിജീവനതന്ത്രം (Survival Strategy) മാത്രമാണ്. അവിടെ നന്മയോ തിന്മയോ ആത്യന്തികമല്ല, മറിച്ച് സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന ഒന്നാണ്. ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച എല്ലാതരം നാസ്തിക ധാർമ്മികചട്ടങ്ങളും അപൂർണ്ണമാവുന്നതെങ്ങനെയെന്ന് നോക്കാം.


പാരാമീറ്ററുകളുടെ അഭാവവും ആത്മനിഷ്ഠതയും (Subjectivity)

​ഒരു ഭൗതികവാദിക്ക് 'എന്തുകൊണ്ട് ഞാൻ നന്മ ചെയ്യണം' എന്ന ചോദ്യത്തിന് കേവലമായ ഉത്തരമില്ല.​ യുക്തികളുടെ സംഘട്ടനത്തിൽ അവകാശങ്ങളും അസ്തിത്വങ്ങളും ഏറ്റുമുട്ടും.ഒരാൾക്ക് സന്തോഷം നൽകുന്ന കാര്യം മറ്റൊരാൾക്ക് ദ്രോഹകരമാകാം. അവിടെ ആരുടെ സന്തോഷത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിന് ഭൗതികവാദത്തിൽ സ്ഥിരമായ അളവുകോലില്ല.​നിർബന്ധബുദ്ധിയില്ലാത്ത നിയമങ്ങൾ മനുഷ്യരെ നയിച്ചാൽ, പരലോക വിചാരണയോ ആത്യന്തിക നീതിയോ ഇല്ലാത്ത ലോകത്ത്, നിയമം കണ്ണുവെട്ടിച്ചാൽ ഏത് തിന്മയും 'ലാഭകരമായ' ഒന്നായി മാറുന്നു. ഇത് ക്രിമിനൽ മനോഭാവമുള്ള ഒരാളെ തടയാൻ സ്വതന്ത്രചിന്തയ്ക്ക് സാധിക്കില്ല എന്നതിന്റെ തെളിവാണ്.

യൂറ്റിലിറ്റേറിയനിസവും മനുഷ്യത്വവിരുദ്ധതയും

​പീറ്റർ സിംഗറെപ്പോലുള്ളവരുടെ (Peter Singer) നിലപാടുകൾ ഭൗതികവാദ ധാർമ്മികത എവിടെ ചെന്നവസാനിക്കും എന്നതിന്റെ ഉദാഹരണമാണ്.​ഉപയോഗശൂന്യമായ ജീവിതങ്ങൾ മൂല്യംകൽപ്പിക്കപ്പെടാതെ അവമതിക്കപ്പെടുന്ന പ്രയോജനാത്മകവാദം (Utilitarianism) അനുസരിച്ച്, സമൂഹത്തിന് ഉപകാരമില്ലാത്ത വികലാംഗരും വൃദ്ധരും 'ബാധ്യത'കളാണ്. മത ധാർമ്മികമൂല്യങ്ങൾ മാറ്റിവെച്ചാൽ അവരെ ഇല്ലാതാക്കുന്നതാണ് 'യുക്തിസഹം' എന്ന് വരുന്നു.
​യൂജനിസം (Eugenics) അഥവാ മികച്ച ജനിതക ഗുണങ്ങളുള്ളവർ മാത്രം അതിജീവിച്ചാൽ മതി എന്ന ക്രൂരമായ ചിന്താഗതി സോഷ്യൽ ഡാർവിനിസത്തിന്റെ ഉപോല്പന്നമാണ്. ഇത് നാസി ജർമ്മനിയിൽ ഹിറ്റ്‌ലർ നടപ്പിലാക്കിയ വംശഹത്യകൾക്ക് പാകിയ അടിത്തറ പാകിയ അപകടകരമായ കാഴ്ചപ്പാടാണ്.

ഫെഡറിക് നീത്‌ഷെയുടെ 'അതിമാനുഷനും' വരേണ്യ ധാർമ്മികതയും

​ഫ്രെഡറിക് നീത്‌ഷെ പരിചയപ്പെടുത്തിയ Ubermensch (Overman) എന്ന സങ്കല്പം ധാർമ്മികതയെ അധികാരത്തിന്റെ കയ്യിലെ കളിപ്പാട്ടമാക്കി മാറ്റി.
നീത്ഷേയുടെ ​Master vs Slave Morality കരുണ, ദയ തുടങ്ങിയ നിർമ്മല വികാരങ്ങൾ ദുർബലരുടെ ആയുധങ്ങളാണെന്നും, കരുത്തർ സ്വന്തം നിയമങ്ങൾ നിർമ്മിക്കണമെന്നും സ്ഥാപിക്കുന്നു.നീത്‌ഷെയുടെ ഈ വാദം വരേണ്യവർഗ്ഗത്തിന്റെ അടിച്ചമർത്തലുകളെ ന്യായീകരിക്കുന്നു.​ ആധുനിക വംശീയതയുടെ താത്വികാടിത്തറയാണത്. ഉക്രെയ്ൻ യുദ്ധകാലത്ത് പാശ്ചാത്യ മാധ്യമങ്ങൾ കാണിച്ച വിവേചനം (വെളുത്ത വർഗ്ഗക്കാരെ മാത്രം മനുഷ്യരായി കാണുന്ന രീതി) ഇന്നും നിലനിൽക്കുന്ന 'മാസ്റ്റർ മോറാലിറ്റി'യുടെ പ്രതിഫലനമാണ്.

ലൈംഗിക ധാർമ്മികതയിലെ അവ്യക്തത (Consent Morality)

​ന്യൂറോസയൻസ് പറയുന്ന ബൗദ്ധിക പക്വതയും (Intellectual Puberty) നിലവിലുള്ള നിയമങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഭൗതികവാദികൾക്ക് വിശദീകരിക്കാനാവില്ല.
​സമ്മതപ്രായം (Age of Consent) ഓരോ രാജ്യത്തും ഓരോന്നായിരിക്കുന്നത് ധാർമ്മികത എന്നത് കേവലം സ്റ്റേറ്റിന്റെ സൗകര്യമാണെന്ന് തെളിയിക്കുന്നു.
​ഭൗതികവാദ പാരാമീറ്ററുകൾ വെച്ച് നോക്കിയാൽ അഗമ്യഗമനം (Incest), മൃഗരതി (Bestiality) തുടങ്ങിയ വിഷയങ്ങളിൽ 'ആർക്കും ദ്രോഹമില്ലെങ്കിൽ (Harm Principle) എന്തുകൊണ്ട് തെറ്റാകുന്നു?' എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ നവനാസ്തികർ പ്രയാസപ്പെടുന്നു.

അതിജീവനവും ത്യാഗബോധവും: ഒരു വൈരുദ്ധ്യം

​പരിണാമം വഴി കൈവന്നതാണ് ധാർമ്മികത എന്ന വാദത്തിന് 'ത്യാഗത്തെ' (Altruism) വിശദീകരിക്കാൻ കഴിയില്ല. കാരണം, സ്വന്തം ജീവൻ അപകടത്തിലാക്കി മറ്റൊരാളെ രക്ഷിക്കുന്നത് പരിണാമപരമായി നഷ്ടമാണ്. എന്നിട്ടും മനുഷ്യരിൽ ഈ ഗുണം കാണപ്പെടുന്നത് ധാർമ്മികത എന്നത് ഭൗതികതയ്ക്ക് അപ്പുറമുള്ള ഒരു സ്രോതസ്സിൽ നിന്നുള്ളതാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു.

ചരിത്രപരമായ സാക്ഷ്യം

ചരിത്രത്തിലൊരിക്കലും അക്രമവും നുണയും മൂല്യങ്ങളായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഭൗതികമായ നേട്ടങ്ങൾ അവ നൽകുന്നുണ്ടെങ്കിൽ പോലും മനുഷ്യ മനസ്സാക്ഷി അവയെ തള്ളിക്കളയുന്നത് അത് പ്രപഞ്ചനാഥൻ നിശ്ചയിച്ച 'ഫിത്‌റത്ത്' (Natural Disposition) ആയതുകൊണ്ടാണ്. ധർമ്മാധർമ്മ സങ്കൽപ്പം കേവലം സാമൂഹിക പരിണാമങ്ങളുടെ ഉപോൽപന്നമാണെങ്കിൽ, ഇപ്പോൾ മനുഷ്യർക്കിടയിൽ 'തിന്മകൾ' ആയി ഗണിക്കപ്പെടുന്ന കാര്യങ്ങൾ മനുഷ്യചരിത്രത്തിലെന്നെങ്കിലും നന്മ ആയി ഗണിക്കപ്പെട്ടതിന് തെളിവുകളുണ്ടോ?
കൊലപാതകവും വഞ്ചനയും ബലാൽസംഘവുമെല്ലാം ഗോത്രകാലമനുഷ്യര്യം അക്രമമായിത്തന്നെയായിരുന്നു കണ്ടിരുന്നത്. സഹാനുഭൂതിയും പരസ്പരസഹായവും കരുണയും സഹനവുമെല്ലാം എന്നും ഉത്തമമൂല്യങ്ങളുമായിരുന്നു. അതായത്, അടിസ്ഥാനമൂല്യബോധത്തിന് വർഗപരമോ സാമൂഹികമോ ആയ പരിണാമങ്ങൾ സംഭവിച്ചിട്ടില്ല.

​മതം (ഇസ്ലാം) വിഭാവനം ചെയ്യുന്ന ധാർമ്മികതയ്ക്ക് ഒരു സെന്റർ പോയിന്റ് (Divine Command) ഉണ്ട്. അത് മാറാത്തതും എല്ലാവർക്കും ബാധകവുമാണ്. എന്നാൽ നാസ്തികതയിൽ മനുഷ്യൻ തന്നെയാണ് അളവുകോൽ. ഓരോ മനുഷ്യനും ഓരോ അളവുകോലാകുമ്പോൾ അവിടെ ധാർമ്മികത എന്നത് വെറും അരാജകത്വമായി മാറുന്നു. മൃതദേഹത്തോടുള്ള ബഹുമാനം പോലും ആദിമ മനുഷ്യന് ലഭിച്ചത് മതബോധത്തിൽ നിന്നാണ്. ഭൗതികവാദം പാരമ്യത്തിലെത്തുമ്പോൾ മനുഷ്യൻ വെറും ഒരു 'ജൈവപിണ്ഡം' മാത്രമായി ചുരുങ്ങുകയും അവന്റെ മൂല്യം വെറും വിപണിമൂല്യമായി മാറുകയും ചെയ്യുന്നു.

​ഹാം പ്രിൻസിപ്പിൾ (Harm Principle) നേരിടുന്ന വെല്ലുവിളികൾ

​ജോൺ സ്റ്റുവർട്ട് മിൽ മുന്നോട്ട് വെച്ച 'മറ്റൊരാൾക്ക് ഉപദ്രവമില്ലാത്ത കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം' എന്ന ആശയമാണ് പലപ്പോഴും ആധുനിക ലിബറലിസത്തിന്റെയും നാസ്തികതയുടെയും ധാർമ്മിക പാരാമീറ്റർ. എന്നാൽ ഇത് പ്രായോഗിക തലത്തിൽ വലിയ വിടവുകൾ സൃഷ്ടിക്കുന്നുണ്ട്.

​'ഉപദ്രവം' (Harm) എന്നാൽ എന്ത്?

എന്താണ് ഉപദ്രവം എന്ന കാര്യത്തിൽ ഭൗതികവാദത്തിന് ഏകീകൃതമായ കാഴ്ചപ്പാടില്ല. ശാരീരികമായ ഉപദ്രവങ്ങൾ മാത്രമാണോ, അതോ മാനസികവും സാംസ്കാരികവുമായ ആഘാതങ്ങളും ഉപദ്രവമാണോ, തദ്സമയ പരിഗണനകൾക്കപ്പുറം ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടായേക്കാവുന്ന ഗുണദോഷവശങ്ങൾ പരിഗണിക്കപ്പെടുമോ തുടങ്ങിയ കാര്യങ്ങൾ അവ്യക്തമായിക്കിടക്കുകയാണവിടെ.
​ഉദാഹരണത്തിന് ഒരാൾ പരസ്യമായി മദ്യപിക്കുന്നതോ അശ്ലീലം പ്രദർശിപ്പിക്കുന്നതോ സമൂഹത്തിന്റെ ധാർമ്മിക ഘടനയെ തകർക്കുന്നു എന്ന് മതവിശ്വാസി കരുതുമ്പോൾ, അത് തന്റെ വ്യക്തിസ്വാതന്ത്ര്യമാണെന്നും ആരെയും ശാരീരികമായി ഉപദ്രവിക്കുന്നില്ലെന്നും നാസ്തികൻ വാദിക്കുന്നു. ഇവിടെ 'Harm' എന്നതിന്റെ നിർവ്വചനം വ്യക്തിനിഷ്ഠമായി (Subjective) മാറുന്നു.ആത്മഹത്യ വ്യക്തിയുടെ മൗലികാവകാശമായി കാണുമ്പോൾ തന്മൂലം അനാഥരോ നിരാലംബരോ ആവുന്ന ആശ്രിതരെ കാണാതെ പോകുന്ന വിടവ് ഇവിടെയുണ്ട്.

സ്വയം ഉപദ്രവിക്കാനുള്ള അവകാശം

ഒരാൾ സ്വയം ഉപദ്രവിക്കുന്നത് (Self-harm) തടയാൻ ഹാം പ്രിൻസിപ്പിളിന് അവകാശമില്ല. കാരണം അവിടെ 'മറ്റൊരാൾ' ദ്രോഹിക്കപ്പെടുന്നില്ല. ഈ യുക്തിപ്രകാരം ആത്മഹത്യ, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയെ തടയാൻ ഭൗതികവാദത്തിന് ധാർമ്മികമായ കരുത്തില്ല. എന്നാൽ ഇസ്‌ലാം പഠിപ്പിക്കുന്നത് ശരീരം സ്രഷ്‌ടാവിൻ്റെ അമാനത്താണെന്നും അത് നശിപ്പിക്കാൻ മനുഷ്യന് അവകാശമില്ലെന്നുമാണ്.


പ്രായോഗിക വൈരുദ്ധ്യങ്ങൾ

​ലൈംഗിക അരാജകത്വം, ബെസ്റ്റിയാലിറ്റി (Bestiality) തുടങ്ങിയ വിഷയങ്ങളിൽ 'സമ്മതമുള്ള രണ്ട് വ്യക്തികൾ' തമ്മിലോ, 'മറ്റൊരാളെ ദ്രോഹിക്കാത്ത' രീതിയിലോ ആണ് ഇത് നടക്കുന്നതെങ്കിൽ അതിനെ എതിർക്കാൻ നാസ്തികൻ പാടുപെടുന്നു. ഇവിടെയാണ് 'ലിബറൽ മൗലികവാദം' (Liberal Fundamentalism) എന്ന അപകടം കടന്നുവരുന്നത്.
ചുരുക്കത്തിൽ, നാസ്തികത ഒരു മനുഷ്യനെ കേവലം ജൈവയന്ത്രമായി (Biological Machine) കാണുമ്പോൾ, ഇസ്‌ലാം അവനെ അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധിയായി (ഖലീഫ) കാണുന്നു. മൃതദേഹത്തിനും ഗർഭസ്ഥശിഷുവിനും ഇസ്ലാം വ്യക്തിമൂല്യം കൽപ്പിക്കുമ്പോൾ ഭൗതികവാദത്തിന് അവ ജഡവും മാംസവും മാത്രമാണ്. സെമിറ്റിക് ഗ്രന്ഥങ്ങളിൽ, ഖുർആനിൽ പറയപ്പെട്ട ആദ്യത്തെ സാമൂഹികമര്യാദ മൃതദേഹപരിപാലനമാണ്. ഹാബീൽ-ഖാബീൽ ചരിത്രത്തിലെ കാക്കയുടെ ഉദാഹരണം ശ്രദ്ധേയമാണ്. മൃതദേഹത്തിന് പോലും ആദരവ് നൽകണമെന്ന് മതം പഠിപ്പിക്കുമ്പോൾ, ഭൗതികവാദം അതിനെ വെറും 'മാംസാവശിഷ്ടം' മാത്രമായി കാണുന്നു.
​ജനുവിൻ നാസ്തികനായ സാം ഹാരിസിനെപ്പോലുള്ളവർ മിഡിലീസ്റ്റിലെ മനുഷ്യരെ 'കൊന്നുടുക്കാൻ' ആഹ്വാനം ചെയ്യുന്നത് അവരുടെ ഉള്ളിലെ 'വരേണ്യ ധാർമ്മികത' (Master Morality) കൊണ്ടാണ്. അവിടെ മറ്റുള്ളവരുടെ ജീവന് കേവലം ഒരു 'അക്കത്തിന്റെ' വില മാത്രമേയുള്ളൂ.​ചുരുക്കത്തിൽ, മരണം ഒരു അവസാനമായി കാണുന്ന ചിന്താഗതിയിൽ നിന്ന് മനുഷ്യത്വപരമായ ധാർമ്മികത ഒരിക്കലും ഉയിർക്കൊള്ളില്ല. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണ് ഒരു മനുഷ്യനെ ഏറ്റവും മികച്ച 'മനുഷ്യനാക്കി' മാറ്റുന്നത്.

നാസ്തിക ധാർമ്മികത നേരിടുന്ന പ്രധാന തത്വശാസ്ത്ര വിമർശനങ്ങൾ താഴെ പറയുന്നവയാണ്:

വസ്തുനിഷ്ഠതയുടെ അഭാവം (Lack of Objectivity)

ഒരു പരമമായ അധികാരി ഇല്ലാത്തപ്പോൾ, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കുന്നത് വ്യക്തിഗതമോ സാമൂഹികമോ ആയ താൽപ്പര്യങ്ങൾ മാത്രമായി മാറും. ഇതിനെ മോറൽ റിലേറ്റിവിസം (Moral Relativism) എന്ന് വിളിക്കുന്നു.
ഈ ​സിദ്ധാന്തമനുസരിച്ച് ഒരു സമൂഹത്തിൽ ശരിയായത് മറ്റൊരു സമൂഹത്തിൽ തെറ്റാകാം. ഉദാഹരണത്തിന്, ഏതെങ്കിലുമൊരു ഗോത്രം ശത്രുക്കളെ കൊല്ലുന്നത് ധാർമ്മികമായി ശരിയാണെന്ന് കണ്ടാൽ, അതിനെ തെറ്റാണെന്ന് സ്ഥാപിക്കാൻ നാസ്തികതയിൽ സാർവത്രികമായ ഒരു അളവുകോലില്ല.

​"Is-Ought" പ്രോബ്ലം (The Naturalistic Fallacy)

ഡേവിഡ് ഹ്യൂം മുന്നോട്ടുവെച്ച ആശയമാണിത്. പ്രകൃതിയിൽ ഒരു കാര്യം"എങ്ങനെ ഇരിക്കുന്നു" (Is) എന്നതിൽ നിന്ന് അത് "എങ്ങനെ ആയിരിക്കണം" (Ought) എന്ന് തീരുമാനിക്കാൻ കഴിയില്ല.​ഉദാഹരണത്തിന്, പ്രകൃതിയിൽ ശക്തൻ ദുർബലനെ നശിപ്പിക്കുന്നു എന്നത് ഒരു വസ്തുതയാണ് (Is). എന്നാൽ മനുഷ്യൻ അങ്ങനെ ചെയ്യണം (Ought) എന്ന് അതിനർത്ഥമില്ല. ശാസ്ത്രത്തിന് വസ്തുതകൾ നൽകാൻ കഴിയും, എന്നാൽ മൂല്യങ്ങൾ നൽകാൻ കഴിയില്ല.അതായത് , ഭൗതികമായ/പദാർത്ഥപരമായ അവസ്ഥക്കപ്പുറം അമൂർത്തമായ അവബോധമാണ് "ശരി" അഥവാ Ought തീരുമാനിക്കേണ്ടതെന്നാണ് ഡേവിഡ് ഹ്യൂം പറയുന്നത്. എന്നാൽ, സാം ഹാരിസിനെപ്പോലുള്ള നാസ്തികർ ഇതംഗീകരിക്കുന്നില്ല. 

നാസ്തിക ചിന്തകനായ സാം ഹാരിസ് തന്റെ 'The Moral Landscape' എന്ന പുസ്തകത്തിൽ വാദിക്കുന്നത് ശാസ്ത്രത്തിന് 'Ought' (എങ്ങനെ ആയിരിക്കണം) എന്നതിനെക്കുറിച്ച് പറയാൻ കഴിയും എന്നാണ്.​ "Science can, in principle, help us understand what we should do and should want—and, therefore, what other people should do and should want in order to live the best lives possible. 
"ബോധമുള്ള ജീവികളുടെ ക്ഷേമം (Well-being) വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമുണ്ടെങ്കിൽ, അതിന് സഹായിക്കുന്ന കാര്യങ്ങൾ 'ശരി' എന്നും അല്ലാത്തവ 'തെറ്റ്' എന്നും ശാസ്ത്രീയമായി തന്നെ വിലയിരുത്താം. ഇതാണ് ഹാരിസിന്റെ പക്ഷം. അപ്പോഴും ബോധമില്ലാത്ത ജീവികളുമായും വസ്തുക്കളുമായും നാസ്തിക ധർമ്മബോധം ബന്ധിക്കുന്നില്ല. മാതാപിതാക്കളുടെ സൗര്യജീവിതത്തിന് വിഘാതമാവുമെങ്കിൽ അവബോധമില്ലാത്ത കുഞ്ഞുങ്ങളെ കൊല്ലുന്നത് തെറ്റല്ലെന്ന് എഴുതിയ പീറ്റർസിംഗർ ഈ കാഴ്ച്ചപ്പാടിൻ്റെ സൃഷ്ടിയാണ്.

പീറ്റർസിംഗർ

കലർപ്പില്ലാത്ത ഭൗതികധാർമ്മികത
പ്രശസ്ത ഓസ്‌ട്രേലിയൻ ധർമ്മശാസ്ത്രജ്ഞനായ (Ethicist) പീറ്റർ സിംഗറുടെ (Peter Singer) വിവാദപരമായ പല നിലപാടുകളും മുകളിൽ പറയപ്പെട്ട 'Is-Ought' വേർതിരിവിന്റെയും യൂട്ടിലിറ്റേറിയനിസത്തിന്റെയും (Utilitarianism) തീവ്രമായ പ്രയോഗങ്ങളാണ്.
​പീറ്റർ സിംഗറുടെ ഈ കാഴ്ചപ്പാടുകളെ 'Is-Ought' പ്രോബ്ലവുമായി ബന്ധിപ്പിച്ച് താഴെ പറയുന്ന രീതിയിൽ വിശകലനം ചെയ്യാം.

വസ്തുതയും മൂല്യവും തമ്മിലുള്ള വേർതിരിവ്

​ഹ്യൂമിനെപ്പോലെ തന്നെ പീറ്റർ സിംഗറും വിശ്വസിക്കുന്നത്, ഒരു ജീവി "മനുഷ്യനാണ്" (Biological Fact - Is) എന്നതുകൊണ്ട് മാത്രം ആ ജീവിക്ക് ജീവിക്കാൻ അവകാശമുണ്ട് (Moral Value - Ought) എന്ന് പറയാൻ കഴിയില്ല എന്നാണ്.​അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ,
​Is (വസ്തുത) ഒരു കുഞ്ഞ് ജന്മനാ അതീവ ഗുരുതരമായ വൈകല്യമുള്ളവനോ അല്ലെങ്കിൽ സ്വയം തിരിച്ചറിവോ (Self-awareness) ഇല്ലാത്തവനോ ആണ്.
​Ought (മൂല്യം) ആ കുഞ്ഞിനെ വളർത്തുന്നത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സമാധാനത്തിന് വിഘാതമാണെങ്കിൽ, ആ കുഞ്ഞിനെ കൊന്നുകളയുന്നത് (Infanticide) ധാർമ്മികമായി തെറ്റല്ല എന്നുമാണ്.​ഇവിടെ സിംഗർ 'മനുഷ്യൻ' എന്ന ജീവശാസ്ത്രപരമായ വസ്തുതയേക്കാൾ, 'വ്യക്തിത്വം' (Personhood) എന്ന മൂല്യത്തിനാണ് മുൻഗണന നൽകുന്നത്.

​യുട്ടിലിറ്റേറിയനിസം (Utilitarianism)
​സിംഗർ ഒരു 'പ്രിഫറൻസ് യൂട്ടിലിറ്റേറിയൻ' (Preference Utilitarian) ആണ്. അതായത്, ലോകത്ത് ആകെയുള്ള സന്തോഷം വർദ്ധിപ്പിക്കുകയും വേദന കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ ധർമ്മം.​ തിരിച്ചറിവില്ലാത്ത ഒരു ശിശുവിന് സ്വന്തം ജീവിതത്തെക്കുറിച്ച് ആഗ്രഹങ്ങളോ പ്ലാനുകളോ ഇല്ല.​എന്നാൽ ആ ശിശുവിനെ വളർത്തുന്ന മാതാപിതാക്കൾക്ക് വലിയ മാനസികവും സാമ്പത്തികവുമായ തകർച്ചയുണ്ടാകുന്നുണ്ടെങ്കിൽ, "കൂടുതൽ പേരുടെ സന്തോഷം" കണക്കിലെടുത്ത് ശിശുഹത്യയെ അദ്ദേഹം ന്യായീകരിക്കുന്നു. നാസ്തികതയും സിംഗറും പല നാസ്തികരും സിംഗറുടെ ഈ നിലപാടിനോട് വിയോജിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ യുക്തി പൂർണ്ണമായും ഭൗതികവാദത്തിൽ (Materialism) അധിഷ്ഠിതമാണ്. "ജീവന്റെ വിശുദ്ധി" (Sanctity of Life) എന്ന മതപരമായ സങ്കല്പത്തെ അദ്ദേഹം തള്ളിക്കളയുന്നു. പകരം "ജീവിതത്തിന്റെ ഗുണനിലവാരം" (Quality of Life) എന്ന മാനദണ്ഡമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.​ ഹ്യൂമിന്റെ 'Is-Ought' പ്രോബ്ലത്തെ സിംഗർ തന്റെ യുക്തിക്ക് അനുസരിച്ച് വളച്ചൊടിക്കുന്നു എന്ന് ചിലവിമർശകർ വാദിക്കുന്നു.
​ധാർമ്മികമായ വഴുക്കലാണ് (Slippery Slope) പീറ്റർസിംഗറിൻ്റെ നിലപാട്.ഇന്ന് അവബോധമില്ലാത്ത കുഞ്ഞുങ്ങൾ എന്നുപറയുന്നത് നാളെ പ്രായമായവർക്കോ, ഭിന്നശേഷിക്കാർക്കോ എതിരെ തിരിയാം എന്ന ഭയം പലരും പ്രകടിപ്പിക്കുന്നു. സഹാനുഭൂതിയുടെ അഭാവമാണ് ആ തത്വം. ശാസ്ത്രീയമായ തണുത്ത യുക്തി (Cold Logic) ഉപയോഗിച്ച് മനുഷ്യജീവിതത്തെ അളക്കുമ്പോൾ മനുഷ്യത്വത്തിന്റെ അടിസ്ഥാനമായ സഹാനുഭൂതി നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു പ്രധാന വിമർശനം.

പീറ്റർ സിംഗറുടെ (Peter Singer) ആശയങ്ങൾ പലപ്പോഴും "അപകടകരം" എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അവ മനുഷ്യജീവിതത്തിന്റെ വിശുദ്ധി (Sanctity of life) എന്ന പരമ്പരാഗത സങ്കൽപ്പത്തെ പൂർണ്ണമായും തള്ളിക്കളയുന്നത് കൊണ്ടാണ്. അദ്ദേഹത്തിന്റെ Practical Ethics എന്ന പുസ്തകത്തിലും വിവിധ പ്രസംഗങ്ങളിലും അദ്ദേഹം മുന്നോട്ടുവെച്ച ചില വിവാദപരമായ ഉദ്ധരണികളും ആശയങ്ങൾ നോക്കിയാൽ അക്കാര്യം ബോധ്യമാവും.

ശിശുഹത്യയെക്കുറിച്ചുള്ള (Infanticide) നിലപാട്

സിംഗറുടെ ഏറ്റവും വിവാദപരമായ ചിന്തയാണിത്. ഒരു ഭ്രൂണത്തിനോ നവജാതശിശുവിനോ ഭാവിയിലേക്കുള്ള പ്ലാനുകളോ സ്വയം തിരിച്ചറിവോ (Self-awareness) ഇല്ലാത്തതിനാൽ, അവരെ കൊല്ലുന്നത് ഒരു മുതിർന്ന വ്യക്തിയെ കൊല്ലുന്നതിന് തുല്യമല്ലെന്ന് അദ്ദേഹം വാദിക്കുന്നു.
"A newborn baby does not have the same right to life as a person. Since no fetus is a person, no fetus has the same claim to life as a person. Until a capacity for self-awareness emerges, an infant is not a person in the sense in which I use the term."
Source: Practical Ethics (Chapter: Taking Life: Humans).​ "ഒരു നവജാതശിശുവിനെ കൊല്ലുന്നത് ഒരു വ്യക്തിയെ (Person) കൊല്ലുന്നതിന് തുല്യമല്ല. കാരണം, ഒരു ശിശുവിന് തന്നെത്തന്നെ ഒരു കാലഘട്ടത്തിലൂടെ നിലനിൽക്കുന്ന ഒന്നായി കാണാനുള്ള കഴിവില്ല."

​ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെക്കുറിച്ച്
​ഗുരുതരമായ വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ വളർത്തുന്നത് മാതാപിതാക്കൾക്കും സമൂഹത്തിനും ഭാരമാണെങ്കിൽ അവരെ ദയാവധത്തിന് വിധേയമാക്കാം എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വാദം.
​"When the death of a disabled infant will lead to the birth of another infant with better prospects of a happy life, the total amount of happiness will be greater if the disabled infant is killed. The loss of happy life for the first infant is outweighed by the gain of a happier life for the second."
Source: Practical Ethics.​"ഗുരുതരമായ വൈകല്യമുള്ള ഒരു ശിശുവിന്റെ കാര്യത്തിൽ, ആ കുഞ്ഞിനെ കൊല്ലുന്നത് ധാർമ്മികമായി ശരിയായിരിക്കാം. അത് ആ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും ഭാവിയിലെ ദുരിതം ഒഴിവാക്കാൻ സഹായിക്കും."

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള താരതമ്യം

സിംഗർ തന്റെ 'Speciesism' (വർഗ്ഗവിവേചനം) എന്ന ആശയത്തിലൂടെ മനുഷ്യന് മൃഗങ്ങളേക്കാൾ വലിയ സ്ഥാനമൊന്നുമില്ലെന്ന് വാദിക്കുന്നു. ബുദ്ധിശക്തി കുറഞ്ഞ ഒരു മനുഷ്യനേക്കാൾ മൂല്യം ബുദ്ധിയുള്ള ഒരു മൃഗത്തിന് (ഉദാഹരണത്തിന് ചിമ്പാൻസി) ഉണ്ടായേക്കാം എന്ന് അദ്ദേഹം പറയുന്നു.
​"If we compare a severely retarded human infant with a healthy non-human animal, the non-human animal may have superior capacities... The preference for the life of a human being over the life of an animal can be justified only when the human being has capacities that the animal lacks."
Source: Animal Liberation. "ബോധമില്ലാത്ത ഒരു മനുഷ്യനേക്കാൾ (ഉദാഹരണത്തിന് തലച്ചോറിന് മരണം സംഭവിച്ചവർ അല്ലെങ്കിൽ ഭ്രൂണം) കൂടുതൽ മൂല്യം വേദന അറിയാൻ കഴിവുള്ള ഒരു പന്നിക്കോ നായയ്ക്കോ ഉണ്ട്."

പരോപകാരവും സമ്പത്തും (Effective Altruism)

ഇത് അത്രയും "അപകടകരമായ" ഒന്നല്ലെങ്കിലും സാധാരണ ജീവിതരീതിയെ വെല്ലുവിളിക്കുന്നതാണ്. നമ്മുടെ ആഡംബരങ്ങൾക്കായി ചിലവാക്കുന്ന പണം ദരിദ്രരെ സഹായിക്കാൻ ഉപയോഗിച്ചില്ലെങ്കിൽ, അത് ഒരാളെ കൊല്ലുന്നതിന് തുല്യമായ കുറ്റമാണെന്ന് അദ്ദേഹം വാദിക്കുന്നു.
​"If it is in our power to prevent something very bad from happening, without thereby sacrificing anything of comparable moral significance, we ought, morally, to do it."
Source: Famine, Affluence, and Morality
​"നിങ്ങൾ ഒരു പുതിയ കാറോ വസ്ത്രമോ വാങ്ങുമ്പോൾ, ആ പണം കൊണ്ട് രക്ഷിക്കാമായിരുന്ന ഒരു കുട്ടിയെ നിങ്ങൾ മരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്."

​എന്തുകൊണ്ടാണ് ഈ കാഴ്ചപ്പാട് അപകടകരമാകുന്നത്?
​യൂജെനിക്സ് (Eugenics):
ഹിറ്റ്‌ലറുടെ നാസി ജർമ്മനിയിൽ നടപ്പിലാക്കിയതുപോലെ 'അർഹതയില്ലാത്ത ജീവിതങ്ങളെ' ഇല്ലാതാക്കാനുള്ള പ്രവണതയ്ക്ക് ഇത് വളമിടുമെന്ന് വിമർശകർ കരുതുന്നു.
​മനുഷ്യാവകാശങ്ങളുടെ തകർച്ച:
മനുഷ്യൻ എന്ന നിലയിലുള്ള മൗലികമായ അവകാശങ്ങളെ (Right to life) ബുദ്ധിശക്തിയുടെയോ ഉപയോഗത്തിന്റെയോ (Utility) അടിസ്ഥാനത്തിൽ അളക്കുന്നത് സമൂഹത്തിലെ ദുർബലരെ പുറന്തള്ളാൻ കാരണമാകും. ധാർമ്മികമായ ശൂന്യത: 
സ്നേഹം, സഹാനുഭൂതി തുടങ്ങിയ വികാരങ്ങൾക്ക് പകരം കേവലം ഗണിതശാസ്ത്രപരമായ ലാഭനഷ്ടങ്ങൾ (Calculation of happiness) മാത്രം ധാർമ്മികതയുടെ അടിസ്ഥാനമാക്കുന്നത് അപകടകരമാണ്.​ പീറ്റർ സിംഗറുടെ ഈ യുക്തിപരമായ സമീപനം വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകൾക്കിടയിൽ.

അന്തിമമായ ഉത്തരവാദിത്തമില്ലായ്മ  (Lack of Ultimate Accountability)

നാസ്തികതയിൽ അന്തിമമായ ഒരു വിധിതീർപ്പോ പരലോകശിക്ഷയോ ഇല്ലാത്തതിനാൽ, ലൗകികമായ നിയമവ്യവസ്ഥയിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്ന സാഹചര്യങ്ങളിൽ ഒരാൾക്ക് ഏത് ഹീനമായ കുറ്റകൃത്യവും ചെയ്യാമെന്നും അതിനെ തടയാൻ തക്കവണ്ണമുള്ള ബാഹ്യമായൊരു ധാർമ്മിക പ്രേരണ അവിടെ അവശേഷിക്കുന്നില്ലെന്നും വിമർശകർ വാദിക്കുന്നു. ദൈവികമായ നീതിബോധം വ്യക്തികളിൽ ഭയവും ഉത്തരവാദിത്തബോധവും നിറയ്ക്കുമ്പോൾ, ഭൗതികവാദപരമായ കാഴ്ചപ്പാടിൽ ധാർമ്മികത എന്നത് കേവലം സാമൂഹികമായ ഒരു ഒത്തുതീർപ്പോ (Social Contract) പരിണാമപരമായ അതിജീവന തന്ത്രമോ (Evolutionary Strategy) മാത്രമായി ചുരുങ്ങുന്നു; അതിനാൽ തന്നെ പിടിക്കപ്പെടില്ലെന്ന് പൂർണ്ണ ബോധ്യമുള്ള ഒരവസരത്തിൽ, സ്വന്തം സ്വാർത്ഥലാഭത്തിന് വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ ഒരു നാസ്തികന് മുന്നിൽ യുക്തിപരമായ തടസ്സങ്ങളില്ലെന്നും, 'അന്തിമമായ ഉത്തരവാദിത്തം' (Ultimate Accountability) എന്ന സങ്കല്പത്തിന്റെ അഭാവം ധാർമ്മികമായ അരാജകത്വത്തിലേക്ക് നയിക്കുമെന്നുമാണ് ഈ വിമർശനത്തിന്റെ കാതൽ.

വ്യർത്ഥതാവാദം ( Nihilism)

മനുഷ്യൻ കേവലം ഭൗതിക മൂലകങ്ങളുടെ ആകസ്മികമായ ഒത്തുചേരലും രാസപ്രവർത്തനങ്ങളുടെ പരിണതഫലവും മാത്രമാണെന്ന ഭൗതികവാദപരമായ കാഴ്ചപ്പാട്, പ്രപഞ്ചത്തിന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ലക്ഷ്യമോ അർത്ഥമോ ഇല്ലെന്ന നിഹിലിസത്തിലേക്ക് (Nihilism) വഴിതുറക്കുന്നു. ഈ ചിന്താഗതിയനുസരിച്ച് മനുഷ്യൻ പുലർത്തുന്ന സ്നേഹം, കാരുണ്യം, ത്യാഗം തുടങ്ങിയ ഉന്നതമായ വികാരങ്ങൾ യഥാർത്ഥത്തിൽ മൂല്യവത്തായ ധർമ്മങ്ങളല്ല, മറിച്ച് പരിണാമപ്രക്രിയയിൽ മനുഷ്യവംശത്തിന്റെ അതിജീവനം ഉറപ്പാക്കാൻ പ്രകൃതി രൂപപ്പെടുത്തിയെടുത്ത ജൈവികമായ തന്ത്രങ്ങൾ (Evolutionary instincts) മാത്രമാണ്. അസ്തിത്വത്തിന് അതീന്ദ്രിയമായോ ശാശ്വതമായോ ഉള്ള യാതൊരു മാനവുമില്ലെന്ന് വരുമ്പോൾ, നന്മതിന്മകൾ വെറും സാമൂഹിക നിർമ്മിതികളായി മാറുകയും, ജീവിതം അർത്ഥശൂന്യമായ ഒരു ശൂന്യതയിലേക്ക് (Void) പതിക്കുകയും ചെയ്യുന്നു; ഇത് മനുഷ്യന്റെ ധാർമ്മിക അടിത്തറയെ തകർക്കുമെന്നും അരാജകത്വത്തിലേക്കോ നിരാശയിലേക്കോ നയിക്കുമെന്നുമാണ് ഈ വാദത്തിന്റെ കാതൽ.

യാഥാർത്ഥ്യനിരാസം

റിച്ചാർഡ് ഡോകിൻസ് എഴുതുന്നു , "We don't need God to be good,we can derive our ethics from our Darwinian past and our intelligent reasoning."(The God Delusion)

റിച്ചാർഡ് ഡോക്കിൻസിന്റെ ഈ വാദത്തെ അഭിമുഖീകരിക്കുമ്പോൾ, പരിണാമപരമായ അതിജീവന തന്ത്രങ്ങളെ (Darwinian survival) ധാർമ്മികതയുടെ അടിസ്ഥാനമായി കാണുന്നത് വലിയൊരു യുക്തിവൈരുദ്ധ്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പരിണാമം അടിസ്ഥാനപരമായി സ്വാർത്ഥതയിലും ശക്തൻ ദുർബലനെ നശിപ്പിക്കുന്നതിലും (Survival of the fittest) അധിഷ്ഠിതമായ ഒന്നാണെന്നിരിക്കെ, അതിൽ നിന്ന് കാരുണ്യവും ത്യാഗവും പോലെയുള്ള നിസ്വാർത്ഥ മൂല്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്ന ചോദ്യം പ്രസക്തമാണ്; ഡോക്കിൻസ് പറയുന്ന 'ബുദ്ധിപരമായ വിശകലനം' (Intelligent reasoning) കേവലം വ്യക്തിപരമായ താല്പര്യങ്ങൾക്കോ ഭൂരിപക്ഷാഭിപ്രായത്തിനോ അനുസരിച്ച് മാറാവുന്ന ഒന്നായതുകൊണ്ട് തന്നെ, അതിന് സാർവലൗകികമോ അചഞ്ചലമോ ആയ ഒരു ധാർമ്മിക അടിത്തറ നൽകാൻ കഴിയില്ല. ദൈവമെന്ന പരമമായ നിയമദാതാവില്ലാത്ത ലോകത്ത് 'നന്മ', 'തിന്മ' എന്നിവ കേവലം ഓരോരുത്തരുടെയും അഭിരുചികളോ അല്ലെങ്കിൽ ജീവശാസ്ത്രപരമായ താല്പര്യങ്ങളോ മാത്രമായി ചുരുങ്ങുമെന്നും, അത് ധാർമ്മികതയെ വസ്തുനിഷ്ഠമായ ഒന്നെന്ന നിലയിൽ നിന്ന് മാറ്റി കേവലം ആപേക്ഷികമായ (Subjective) ഒരു സംഗതിയാക്കി മാറ്റുമെന്നുമാണ് ഇതിനുള്ള പ്രധാന വിമർശനം.

നീത്ഷേ ധർമ്മചിന്ത 

ഫ്രീഡ്രിച്ച് നീത്ഷേയുടെ (Friedrich Nietzsche) ധാർമ്മിക സിദ്ധാന്തങ്ങൾ പരമ്പരാഗതമായ ക്രിസ്തീയ-യൂറോപ്യൻ മൂല്യവ്യവസ്ഥയ്ക്കുള്ള ശക്തമായ വെല്ലുവിളികളായിരുന്നു.

'ദൈവം മരിച്ചു'(God is dead) എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രഖ്യാപനം വെറുമൊരു നിരീശ്വരവാദ പ്രസ്താവനയല്ല, മറിച്ച് അതുവരെ നിലനിന്നിരുന്ന ധാർമ്മിക അടിത്തറ തകർന്നുവെന്ന തിരിച്ചറിവായിരുന്നു.

നിച്ചെയുടെ ധാർമ്മിക ചിന്തകളിലെ പ്രധാന ആശയങ്ങൾ താഴെ പറയുന്നവയാണ്.

ഉടമയുടെ ധാർമ്മികതയും അടിമയുടെ ധാർമ്മികതയും (Master vs. Slave Morality)

നീത്ഷേ ചരിത്രപരമായി ധാർമ്മികതയെ രണ്ടായി തിരിക്കുന്നു.
ഒന്ന്: ​Master Morality (യജമാന ധാർമ്മികത): പ്രാചീന ഗ്രീക്ക്, റോമൻ സംസ്കാരങ്ങളിൽ കണ്ടിരുന്നതാണിത്. ഇവിടെ 'നന്മ' (Good) എന്നാൽ കരുത്ത്, ആഭിജാത്യം, ധൈര്യം, വിജയം എന്നിവയാണ്. 'തിന്മ' (Bad) എന്നാൽ ദുർബലതയും ഭീരുത്വവുമാണ്.
രണ്ട്: ​Slave Morality (അടിമ ധാർമ്മികത): ദുർബലരും അടിച്ചമർത്തപ്പെട്ടവരും സൃഷ്ടിച്ചെടുത്ത ധാർമ്മികതയാണിത്. ഇതിൽ കരുത്തിനെയും സമ്പത്തിനെയും 'തിന്മ'യായും (Evil), ദയ, വിനയം, സഹനം എന്നിവയെ 'നന്മ'യായും കാണുന്നു. ക്രൈസ്തവ മൂല്യങ്ങൾ അടിമ ധാർമ്മികതയുടെ ഉദാഹരണമാണെന്ന് നീത്ഷേവാദിച്ചു.

പുനർമൂല്യനിർണ്ണയം (Transvaluation of Values)

പരമ്പരാഗതമായ ധാർമ്മിക മൂല്യങ്ങൾ (പ്രത്യേകിച്ച് ക്രിസ്തീയ മൂല്യങ്ങൾ) മനുഷ്യന്റെ സഹജമായ കരുത്തിനെയും ജീവസ്സുറ്റ വാസനകളെയും തളർത്തുന്നവയാണെന്ന് നീത്ഷേ കരുതി. അതിനാൽ, നിലവിലുള്ള എല്ലാ മൂല്യങ്ങളെയും പുനർമൂല്യനിർണ്ണയം ചെയ്യണമെന്നും മനുഷ്യൻ സ്വന്തം മൂല്യങ്ങൾ സ്വയം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഉബെർമെൻഷ് (Ubermensch / Overman)

സാധാരണ മനുഷ്യൻ തന്റെ ബലഹീനതകളെ മറികടന്ന് ഉന്നതമായ ഒരു അവസ്ഥയിലേക്ക് മാറുന്നതിനെയാണ് നിച്ചെ 'ഉബെർമെൻഷ്' എന്ന് വിളിച്ചത്.​ഇദ്ദേഹം സമൂഹത്തിന്റെയോ മതത്തിന്റെയോ നിയമങ്ങൾക്കല്ല, മറിച്ച് സ്വന്തം യുക്തിക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ച് ജീവിക്കുന്നു.​നന്മതിന്മകൾക്ക് അപ്പുറം (Beyond Good and Evil) സഞ്ചരിക്കുന്ന ഒരാളാണ് ഉബെർമെൻഷ്.


കരുത്തിനായുള്ള ഇച്ഛ (Will to Power)
​മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രേരണ 'അതിജീവനം' (Will to survive) അല്ല, മറിച്ച് 'കരുത്ത് വർദ്ധിപ്പിക്കുക' (Will to Power) എന്നതാണെന്ന് നിച്ചെ സിദ്ധാന്തിച്ചു. പ്രപഞ്ചത്തിലെ സകല ചലനങ്ങളും ഇതിന്റെ ഭാഗമാണ്. ഈ കരുത്തിനെ അടിച്ചമർത്തുന്ന ധാർമ്മികത ജീവവിരുദ്ധമാണെന്ന് അദ്ദേഹം കരുതി.

നീത്ഷേയുടെ​പ്രധാന ഗ്രന്ഥങ്ങൾ 

Beyond Good and Evil (1886): ധാർമ്മികതയുടെ മനഃശാസ്ത്രപരമായ അടിത്തറയെ അദ്ദേഹം ഇതിൽ വിമർശിക്കുന്നു.

On the Genealogy of Morality (1887): ധാർമ്മിക സങ്കൽപ്പങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് (Master/Slave morality) വിശദീകരിക്കുന്നു.

Thus Spoke Zarathustra (1883): ഉബെർമെൻഷ് എന്ന സങ്കല്പം അവതരിപ്പിക്കുന്നു.

അതിമാനുഷൻ

ഫ്രീഡ്രിച്ച് നീത്ഷേയുടെ 'ഉബെർമെൻഷ്' (Ubermensch) അഥവാ 'അതിമാനുഷൻ' എന്ന സങ്കല്പം അദ്ദേഹത്തിന്റെ ദർശനങ്ങളിലെ ഏറ്റവും ആകർഷകവും എന്നാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒന്നാണ്. 'ദൈവം മരിച്ചു' എന്ന പ്രഖ്യാപനത്തിന് ശേഷം മനുഷ്യരാശിക്ക് മുന്നിലുള്ള പോംവഴിയായാണ് നിച്ചെ ഇതിനെ അവതരിപ്പിച്ചത്.

​ഈ സങ്കല്പത്തിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്.

മനുഷ്യൻ ഒരു പാലം മാത്രമാണ്

നീത്ഷേയുടെ പ്രശസ്തമായ 'Thus Spoke Zarathustra' എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നു,​"മനുഷ്യൻ മൃഗത്തിനും അതിമാനുഷനും ഇടയിൽ കെട്ടിയ ഒരു കയറാണ്,അഗാധതയ്ക്ക് മുകളിലൂടെയുള്ള ഒരു കയർ."
​അതായത്, മനുഷ്യൻ പരിണാമത്തിന്റെ അവസാന ഘട്ടമല്ല. മൃഗീയാവസ്ഥയിൽ നിന്ന് മാറി സ്വന്തം യുക്തിയും കരുത്തും ഉപയോഗിച്ച് ഉന്നതമായ ഒരു അവസ്ഥയിലേക്ക് വളരേണ്ടവനാണ് മനുഷ്യൻ എന്നദ്ദേഹം സിദ്ധാന്തിക്കുന്നു.

മൂല്യങ്ങളുടെ സ്രഷ്ടാവ് (Creator of Values)

സാധാരണ മനുഷ്യർ സമൂഹമോ മതമോ നിശ്ചയിച്ച 'ശരി', 'തെറ്റ്' എന്നിവയെ ചോദ്യം ചെയ്യാതെ പിന്തുടരുന്നു. എന്നാൽ 'ഉബെർമെൻഷ്' താഴെ പറയുന്നവ ചെയ്യുന്നു. സ്വയം നിർണ്ണയാധികാരം: തനിക്ക് ഗുണകരമായ മൂല്യങ്ങൾ അയാൾ തന്നെ സൃഷ്ടിക്കുന്നു.
​സ്വാതന്ത്ര്യം: പരമ്പരാഗതമായ 'അടിമ ധാർമ്മികത'യിൽ (വിനയം, ദയ തുടങ്ങിയവ) നിന്ന് അയാൾ മോചിതനാകുന്നു. ധീരത: ലോകം അർത്ഥശൂന്യമാണെന്ന (Nihilism) തിരിച്ചറിവ് ഉണ്ടാകുമ്പോഴും, സ്വന്തം ജീവിതത്തിന് സ്വന്തമായി അർത്ഥം നൽകാൻ അയാൾക്ക് കഴിയുന്നു.

​മൂന്ന് പരിവർത്തനങ്ങൾ (The Three Metamorphoses)

മനുഷ്യൻ എങ്ങനെയാണ് ഒരു 'ഉബെർമെൻഷ്' ആയി മാറുന്നത് എന്ന് നീത്ഷേ ഒരു രൂപകത്തിലൂടെ വിശദീകരിക്കുന്നു:
ഒട്ടകം (The Camel): ഭാരങ്ങൾ ചുമക്കുന്ന അവസ്ഥ. നിലവിലുള്ള നിയമങ്ങളെയും പാരമ്പര്യങ്ങളെയും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഘട്ടം ("I must").
സിംഹം (The Lion): സ്വാതന്ത്ര്യത്തിനായി പോരാടുന്ന അവസ്ഥ. പഴയ മൂല്യങ്ങളെ തകർക്കുകയും സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്ന ഘട്ടം (I will).
ശിശു (The Child): പുതിയൊരു തുടക്കം. മുൻവിധികളില്ലാതെ പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്ന, ജീവിതത്തെ ഒരു കളിയായി കണ്ട് ആസ്വദിക്കുന്ന അവസ്ഥ. ഈ അവസ്ഥയിലാണ് ഒരാൾ അതിമാനുഷനാകുന്നത്.

പരിണിതികൾ

​നീത് ഷേയുടെ ഈ സങ്കല്പത്തെ പിൽക്കാലത്ത് നാസികൾ (Nazis) തങ്ങളുടെ വംശീയ മേധാവിത്വത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ന് ലോകാധിപത്യം നേടിയ വലതുതീവ്രദേശീയതകളും വംശീയ രാഷ്ട്രീയവുമെല്ലാം നീത്ഷേപ്രത്യയശാസ്ത്രത്തിൻ്റെ ഉപോൽപ്പന്നങ്ങളാണെന്ന് വിയോരുത്തപ്പെടുന്നു. എന്നാൽ നീത്ഷേ ഉദ്ദേശിച്ചത് ഒരു 'മാസ്റ്റർ റേസ്' (Master Race) എന്ന വംശീയ സങ്കല്പമല്ല, മറിച്ച് മനുഷ്യൻ്റെ ജൈവികവും ബൗദ്ധികവുമായ ഔന്നത്യത്തെയാണ്. അദ്ദേഹം വംശീയതയ്ക്കും ദേശീയതയ്ക്കും എതിരായിരുന്നുവെന്ന മറുവാദവും ഉണ്ട്.

Loading comments...

Leave a Reply