loader
blog

In History

By Shuaibul Haithami


മഹല്ലും ഇമാറതും : ഇസ്ലാം സഞ്ചരിച്ച ചരിത്രവഴികൾ

മനുഷ്യൻ , മാലാഖമാർ , ഭൂതങ്ങൾ , പിശാചുക്കൾ തുടങ്ങിയവർ ഒന്നിച്ച് വരുന്ന ഒരു ബഹുസ്വര സമൂഹത്തിൽ - ആദം പ്രവാചകൻ ( അ ) സാഷ്ടാംഗിതനാവും മറ്റുള്ളവർ നമ്രശിരസ്ക്കരാവാനും കാരണമായ മാനുഷയോഗ്യത " അറിവ് " എന്ന തന്നിലെ അവസ്ഥയായിരുവെന്നതിൽ തുടങ്ങുന്നു വിഷയദർശനം. മനുഷ്യന്റെ മൗലിക സ്വത്വം അജ്ഞാനീയങ്ങളെ വിജ്ഞാനീയമാക്കുക എന്ന ആത്മീയാംശമാണ്. ജൈവികാംശങ്ങളെ മുന്നിർത്തി വികസിക്കുന്ന സ്വത്വ വിചാരങ്ങളാണ് മത - ഭൗതിക ദ്വന്ദത്തിന്റെ പ്രത്യയശാസ്ത്ര തലം. സെക്യുലറിസം ഒരു മനുഷ്യ കേന്ദ്രീകൃത ലോകവീക്ഷണവും ഭൗതിക ചരക്കുമാണ്. തിയോക്രാറ്റിക് ഫ്രയിമിൽ നിന്ന് കൊണ്ടുള്ള തത്വവിചാരങ്ങൾക്കേ ഇസ്ലാമിനെ ഉൾക്കൊള്ളാനുള്ള അവയവങ്ങളുള്ളൂ. ഉലമാ കേന്ദ്രീകൃത ജൈവാത്മീകലോകം എന്നതാവും ആ വിചാരത്തിന്റെ പരമാവധി. കാരണം , പ്രപഞ്ചാധിപനാകാൻ തന്റെ യോഗ്യതയായി അല്ലാഹു എണ്ണുന്നതും സർവ്വജ്ഞൻ എന്നുള്ളത് തന്നെ.


മുസ്ലിം സമുദായത്തിന്റെ മത - പൊതകാര്യ നേതൃത്വ നിർവ്വഹണ ചരിത്രം ഉത്തമ നൂറ്റാണ്ടുകളിൽ തിരശ്ചീന രേഖയാണ്. പിന്നീടാണ് വളവുകളും പുളവുകളും ഉണ്ടായത്.
ശറഈ നിയമാവലികളിലും ഇസ്ലാമിക് വിജ്ഞാനീയങ്ങളിലും അഗാധമോ ആവശ്യമായിട്ടുള്ളതോ ആയ അറിവുകൾ ഉള്ളവരായിരുന്നു സമുദായ നേതൃത്വം എന്ന് തത്വത്തിൽ പറയാം. അവരിൽ ചിലർ ഉലമാക്കൾ എന്നും ചിലർ ഉമറാക്കൾ എന്നും പിന്നീട് ക്യാറ്റഗറൈസ് ചെയ്യപ്പെടുകയായിരുന്നു. വിവരം കുറഞ്ഞ ഭരണാധികാരികൾ ഇടക്ക് വന്നപ്പോഴെല്ലാം അനൽപ്പമായ ഫിത്നകൾ സമുദായത്തിലുണ്ടായി. പ്രവാചകനായികളുടെ തിരോധാനം മുതൽ മതഭൃഷ്ടിന് കാരണമാവുന്ന വ്യതിചലിത വാദങ്ങൾ വരെ അവർ കാരണമുണ്ടായിട്ടുണ്ട്. ഇന്ത്യൻ - കേരളീയ മുസ്ലിം ചരിത്രത്തിലും വിജയിച്ച മാതൃകകൾ പരിശോധിച്ചാൽ വിജ്ഞാനവും വിദ്യാഭ്യാസവും സാക്ഷര - സാഹിത്യ സമ്പത്തും പ്രധാന മൂലധനമാക്കി വർത്തിച്ച സന്ദർഭങ്ങൾ മാത്രമേ പിൽക്കാലത്തിന്റെ പരിഗണനക്ക് പാത്രമായുള്ളൂ എന്ന് കാണാം. ഇസ്ലാമിക് ഭരണം ഇവിടെ ഉണ്ടായിരുന്നില്ല . അരിസ്ട്രോക്രസിയുടെയും ഡമോക്രസിയുടെയും കീഴിൽ മുസ്ലിം സമൂഹം ഇവിടെ സംഘടിത സാമൂഹികത സാധ്യമാക്കിയിട്ടുണ്ട്.
മുഖ്യധാരയിടപെടാതെ സാംസ്ക്കാരിക ന്യൂനപക്ഷമായി ,സമ്മർദ്ധയായി സ്വന്തം സ്വത്വത്തിൽ മാറി നിന്ന രൂപങ്ങളും രാഷ്ട്ര - സാമൂഹിക നിർമ്മിതിയുടെ ഭാഗമായ രൂപങ്ങളും അവിടെയുണ്ടായിരുന്നു. അപ്പോഴെല്ലാം സ്വീകരിക്കപ്പെട്ട മത - പൊതുകാര്യ നിലപാടുകളുടെ സ്വഭാവം പരിശോധിച്ചാൽ അവയിലെല്ലാം മതകീയാംശം സ്വാധീനിചിട്ടുണ്ട്. 
നിർമ്മിതമോ സ്ഥാപിതമോ ആയ " പൊതുപ്രതീതി " ക്കനുസരിച്ച് ഇസ്ലാമിന്റെ സാമൂഹിക ശരീരം ശസ്ത്രക്രിയ ചെയ്യാനായിരുന്നു അന്നൊന്നും മുഖ്യധാരാ നേതൃത്വത്തിന്റെ ശ്രമം. പൊതുത്വത്തിൽ നിൽക്കവേ തന്നെ മതത്വവും മിതത്വവും സ്വാംശീകരിക്കാൻ അക്കാലത്തെ പാകപ്പെടുത്തിയത് ദാർശനികരായ നേതൃത്വമായിരുന്നു. ഉലമാക്കളുടെ ഫത്വകൾ തേടുന്ന ഭരണാധികാരികൾ , ഫത്വകൾ അനുസരിച്ച് അനക്കാടക്കങ്ങൾ ചിട്ടപ്പെടുത്തിയ പൊതുജനങ്ങൾ , ഉലമാക്കളെ ഒപ്പം നിർത്താൻ മൽസരിച്ച ഉമറാക്കൾ തുടങ്ങിയവയായിരുന്നു അന്നത്തെ നിർവ്വഹണ മാതൃകൾ. 
അമുസ്ലിം ഭരണാധികാരികൾ മുസ്ലിംകളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത ഘട്ടങ്ങളിലും ഫത്വകൾക്ക് നിർണ്ണായക ഇടം ഉണ്ടായിരുന്നു. 
തിരിച്ച് , അത്തരം ഭരണാധികാരികളോട് മത- സാമുദായിക നേതൃത്വവും ഏറ്റവും നന്നായി വർത്തിച്ചു. അവരെ വാഴ്ത്തുന്ന കവിതകൾ രചിക്കപ്പെട്ടു. അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നിറഞ്ഞ ആമുഖങ്ങൾ എഴുതപ്പെട്ടു.
ആ പാരസ്പര്യത്തിന്റെ വഴിയിലാണ് , പിന്നീട് , മലബാറിൽ പ്രത്യേകിച്ചും സമസ്തയുടെ ഉലമാക്കളും സമുദായത്തിന്റെ പൊതു കാര്യ നേതൃത്വവും തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ഇഴയടുപ്പങ്ങൾ രൂപപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളി മുസ്ലിംകളുടെ ആത്മീക - സാമൂഹിക വ്യവഹാരങ്ങളെ ഏറ്റവും ശക്തമായി നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്ത മതാധികാര - ഫത്വാ സംവിധാനമാണ് സമസ്ത .സ്വാതന്ത്ര്യാനന്തര മലബാർ മുസ്ലിം രാഷ്ട്രീയത്തിൽ ഏറ്റവും നിർണ്ണായകമായ രാഷ്ട്രീയ- സാമൂഹിക മുന്നേറ്റം നാധ്യമാക്കിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. അതിന്റെ രണ്ടിന്റെയും നേതൃത്വം നിർണ്ണായകമായ പൊതുകാര്യങ്ങളിൽ പൊതുധാരണ രൂപപ്പെടുത്തുകയും അതിനൊത്ത് നിൽക്കുകയും ചെയ്തിട്ടുണ്ട്. 

ഉലമാ - ഉമറാ പാരസ്പര്യം : ഇൽമിന്റെ ഇടം .

ഉലമാക്കളായ ഉമറാക്കളാണ് ഉത്തമ നൂറ്റാണ്ടിന്റെ പാരമ്പര്യം . ഉലമാ , ഉമറാ എന്നത് രണ്ട് സ്വത്വങ്ങളാവണമെന്നില്ല . ഒരേ സ്വത്വത്തിന്റെ രണ്ട് വിശേഷണങ്ങളാവാം . ഇൽമും ഇമാറതും ഒരു മാദ്ദയിൽ ഒരുമിക്കാം . പക്ഷെ , രണ്ട് തരം വൃത്തികളാണ് രണ്ടിനും. രണ്ട് തരം വൃത്തികളും ഒരാൾ തന്നെ നേതൃത്വം നൽകുന്ന പാരമ്പര്യമായിരുന്നു ഉത്തമ നൂറ്റാണ്ടിലേത് . ഖിലാഫത് , ഇമാമത് , ഖദാ എല്ലാം ഒരാൾ ഒറ്റക്ക് ചെയ്തു , ഇമാം കീഴുദ്യോഗസ്ഥരെ നിയമിച്ചു. എല്ലാവരും പണ്ഡിതന്മാരായിരുന്നു. അതാണ് കാര്യപ്രാപ്തിയുള്ള ഉലമാക്കൾ തന്നെ ഉമറാക്കളായ പാരമ്പര്യം . ഓരോ അമീറും തന്റെ കാലഘട്ടത്തിലെ ഏറ്റവും നിപുണനായ ആലിമും മുജ്തദഹിദും മുഫ്തിയും അഫ്ഖഹും ഔറഉം ആയിരുന്നു ഉത്തമ നൂറ്റാണ്ടിലേത് . സയ്യിദുൽ ഉമറാ സയ്യിദുനാ ഉമറുൽ ഫാറൂഖ് ( റ ) പുണ്യനബി പ്രത്യേകം പരിഗണിച്ച തത്വജ്ഞനായിരുന്നു. ഇസ്ലാമിക് ഖിലാഫ: വ്യവസ്ഥ , മുസ്ലിം - അറബ് ഡൈനാസ്റ്റി എന്ന സ്വഭാവത്തിലേക്ക് മാറിയപ്പോൾ ആലിം > < അമീർ സ്വത്വങ്ങൾ ക്രമേണെ ഭിന്നമായി വന്നു , ചിലപ്പോൾ ഭിന്നമാകാതെയും നിന്നു . അപ്പോഴും ഉലമാ പ്രത്യക കാറ്റഗറിയായി നിന്നെങ്കിലും ഉമറാ മത - പൊതു വിവര വിശാദരന്മാരായിരുന്നു. ക്രമേണെ , ഉലമാ മാർജിനലൈസ്ഡാവുകയും അവരല്ലാത്ത ഉമറാ സ്വത്വം രാഷ്ട്രീയ - സാമൂഹിക വ്യവഹാരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന രീതി വന്നു. ചില ഭരണാധികാരികൾ ഉലമാ പറയുന്നത് മാത്രം ചെയ്തു / ചെയ്യുമ്പോൾ സമ്മതം തേടി / ഭരണത്തിന്റെ പോളിസി മേക്കേഴ്സായി ഉലമാ പരിഗണിക്കപ്പെട്ടു . ചിലപ്പോൾ , ഭരണാധികാരികൾ ദുർവൃത്തരായപ്പോൾ ഉലമാ ഉദരനിമിത്തം ഉത്തരവാദിത്വം മറന്ന് കൂടെ നിന്നു. സത്യം പറഞ്ഞ ഉലമാ മർദ്ധിക്കപ്പെട്ടു. പിന്നീട് ജനാധിപത്യം , ദേശരാഷ്ട്ര സങ്കൽപ്പം എന്നിവ ലോകക്രമം നിർണ്ണയിച്ചു . മതം സ്റ്റേറ്റിൽ നിന്ന് വേറിട്ട എന്റിറ്റിയാണെന്ന നിർമ്മിത പൊതുബോധം മതേതരത്വം എന്ന സങ്കൽപ്പത്തെ സാർവ്വത്രികമാക്കി. അതോടെ , പൊതുരംഗത്തിന്റെ പാരലൽ ആയി മതരംഗം മാറി . കമ്മ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് സങ്കൽപ്പങ്ങൾ ആ രീതിയെ കൂടുതൽ ബലപ്പെടുത്തി. " ദൈവത്തിനുള്ളത് ദൈവത്തിന് , സീസർക്കുള്ളത് സീസർക്ക് " എന്ന തത്വമായിരുന്നു അത് . ഇസ്ലാമിക് സ്ട്രക്ച്ചറലിസം ഏറ്റവും പരിക്കേറ്റത് കമ്മ്യൂണിസ്റ്റ് ദർശനങ്ങൾ മുഖേനെയാണ്. പള്ളി തെക്കും പഞ്ചായത്ത് വടക്കുമായി മാറിയതങ്ങനെയാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ , ക്രിസ്ത്യൻ സഭകൾ യൂറോപ്യൻ ഭരണകൂടത്തെ ദു:സ്വാധീനിച്ച് തിയോക്രാറ്റിക് ഘടനയെ വിജയിപ്പിക്കാൻ ശ്രമിച്ചതിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് മധ്യ - പൗരസ്ത്യ ദേശത്തെ മുസ്ലിം സമൂഹമായിരുന്നുവെന്നും പറയാം . മതം അങ്ങനെ സ്വകാര്യതയുടെ ഭാഗമായി പരിമിതപ്പെടുതപ്പെട്ട് തുടങ്ങി . കമ്മ്യൂണിസ്റ്റുകാർ ഒരുപടി കടന്ന് , മതരംഗത്തേക്ക് പൊതുരംഗത്തിന്റെ ഭാവങ്ങൾ ബാധകമാക്കാൻ ധൃഷ്ടരായി . മുസ്ലിം ലോകം ആ മാറ്റങ്ങളോട് പല നിലകളിൽ അഫോർഡിറ്റി കണ്ടെത്തി . ഖിലാഫത് സങ്കൽപ്പങ്ങൾ ഉഗ്രവാദങ്ങളായി ചിത്രീകരിക്കപ്പെട്ടതോടെ മുസ്ലിം സമാജങ്ങൾ ജനാധിപത്യ വ്യവസ്ഥയെ സ്വീകരിച്ച് തുടങ്ങി . അറബ് ലോകം ഇസ്ലാമിക വ്യവസ്ഥയിൽ നിന്നും മുസ്ലിം വ്യവസ്ഥയിലേക്കും പിന്നെ രാജാധിപത്യത്തിലേക്കും പിന്നീട് സെമി ജനാധിപത്യത്തിലേക്കും വന്നും പോയും കുഴഞ്ഞ് മറിഞ്ഞു. ജനാധിപത്യ രാഷ്ട്രങ്ങളിലെ മുസ്ലിംകൾ മതേതര പാർട്ടികളുണ്ടാക്കി . മുസ്ലിം മതേതര പാർട്ടികൾ എന്നത് തന്നെ ആധുനികത ഉണ്ടാക്കിയ അനിവാര്യതയാണ് . ജനാധിപത്യ - മതേതര വ്യവസ്ഥയിൽ ഉമറാ എന്ന സങ്കൽപ്പം മിഥ്യയാണ് . കാരണം , മതേതര സാമൂഹിക ക്രമത്തിന് മതാത്മക ടെർമിനോളജി ബാധകമല്ല . മതേതരത്വത്തിൽ ഉലമാക്കളോ - ഉമറാക്കളോ ഇല്ല . മതേതരത്വം അനുവദിക്കുന്ന ഇടത്ത് ഉലമാക്കൾ ഉണ്ടാവും . സാങ്കേതികമായ ഉമറാ ഉണ്ടാവില്ല . സാങ്കേതിക പദങ്ങൾ സങ്കേതങ്ങൾക്ക് മാറ്റാം , അതനുസരിച്ച് മതേതരമായ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉമറാ എന്ന് പറയുന്നതിന് സാംഗത്യം കണ്ടെത്താമെങ്കിലും അത് കൃത്രിമവും അപൂർണ്ണവുമാണ്. കാരണം , ഉലമാക്കൾ നൽകുന്ന ഫത്വ ഇനാക്റ്റ് ചെയ്യാനുള്ള വിഭാഗമാണ് ഉമറാ . മതേതരത്വത്തിൽ മതനിഷിദ്ധങ്ങൾ പോലും അനിവാര്യതയുടെ ഭാഗമാണെന്ന് വ്യാഖ്യാനിച്ച് ചെയ്യുമ്പോൾ ആ സങ്കൽപ്പത്തിന് അർത്ഥമില്ല . മഹല്ല് സംവിധാനങ്ങളെ - ഒരു സെമി ഇസ്ലാമിക് പൊളിറ്റിക്കൽ സ്ട്രക്ച്ചറാക്കി സങ്കൽപ്പിച്ചാൽ ഒരു പക്ഷേ ഉലമാ - ഉമറാ കോമ്പിനേഷൻ എന്ന സങ്കൽപ്പത്തിന് അർത്ഥം കിട്ടും . അപ്പോഴും ഏറ്റവും ഉത്തമ ഘടന ഉത്തമ നൂറ്റാണ്ടിലേത് എന്ന് തന്നെയാണല്ലോ വരിക . അപ്പോൾ ഉലമാക്കളായ ഉമറാക്കളെ ഉപവസിച്ചാവും വ്യാവഹാരിക മുസ്ലിം മണ്ഡലങ്ങൾ വികസിക്കുന്നത് .കാര്യപ്രാപ്തിയും പൊതുസ്വീകാര്യതയുമുള്ള അഹ്ലുൽ ഹല്ല് വൽ അഖ്ദ് എന്ന വിഭാഗം ഉലമാക്കൾ ആവരുതെന്ന സങ്കൽപ്പം ശരിയല്ല , ആവാം , ആവാതിരിക്കാം . അറിവുള്ളവരാകലല്ലേ ആവാതിരിക്കുന്നതിനേക്കാൾ ഉത്തമം . ഇങ്ങനെ സംയോജിപ്പിക്കാം . സാങ്കേതികത്വങ്ങൾക്കപ്പുറത്ത് , "ഉലമാഉം ഉമറാഉം " എന്തായാലും കൈകോർത്ത് , മനസ് കോർത്ത് മുന്നോട്ട് പോവണം . എന്നാൽ , ഉമറാക്കളാവാൻ കാര്യപ്രാപ്തിയുള്ളവർ നന്നായി മതദർശനങ്ങളും ശറഈ നിയമശാസ്ത്രങ്ങളും അതിനുള്ള വഴിയിൽ നിന്ന് പഠിച്ചെടുക്കണം . അപ്പോൾ ഉലമാക്കളായ ഉമറാക്കളാൽ സമുദായം മുന്നേറും .

ജയിച്ച കാലത്തിന്റെ രീതികൾ .

ഭരണാധികാരത്തിന്റെ കിരീടവും പാണ്ഡിത്യത്തിന്റെ ശിരോവസ്ത്രവും ഒന്നിച്ചണിഞ്ഞ യുഗപുരുഷന്മാരുടേതായിരുന്നു ഉത്തമനൂറ്റാണ്ടുകളിലെ മുസ്ലിം ലോകം. മതനിയമനിർമ്മാണത്തിനുള്ള ഗവേഷണാധികാരം ഭരണാധികാരത്തിനുള്ള പ്രാഥമിക യോഗ്യതകളിലൊന്നായി പണ്ഡിതലോകം നിരാക്ഷേപം എണ്ണിയെന്ന് ശൈഖ് അബ്ദുൽ ഖാഹിറുൽ ബഗ്ദാദി അദ്ദേഹത്തിന്റെ വിഖ്യാദമായ " അൽ ഫർഖ് ബൈനൽ ഫിറഖിൽ " രേഖപ്പെടുത്തുന്നു. ഖിലാഫതുൽ അർബഅ :അതിന്റെ ചിരകാല മാതൃകയാണ്.
ഇസ്ലാമികമായ സർവ്വവിജ്ഞാന കോശങ്ങളായിരുന്നു നാല് ഖലീഫമാരും അവർ ചുമതലപ്പെടുത്തിയ ന്യായാധിപന്മാരും ഗവർണർമാരും . അതോടൊപ്പം ഭരണപാടവം, നയതന്ത്രജ്ഞ്ഞ , പൊതുകാര്യപ്രാപ്തി തുടങ്ങിയവയിലും അവർ ഒന്നാമന്മാരായി നിന്നു .

പിന്നീട് വന്ന അമവീ , അബ്ബാസീ ഭരണാധികാരികളിലും തത്വത്തിൽ ആ ഗുണം തുടർന്നുവന്നു.
ക്രമാനുഗതമായ ഉദാഹരണങ്ങളിലൂടെ സഞ്ചരിക്കാം. അമവീ ഭരണാധികാരി അബ്ദുൽ മലിക് ബിൻ മർവാൻ ( മരണം ക്രിസ്തബ്ദം 705 ) പണ്ഡിതനായ ഭരണാധികാരി എന്ന സങ്കൽപ്പത്തിന്റെ മൂർത്തിമത്ഭാവമായിരുന്നു. ഇബ്നു കസീർ ( മരണം ക്രി. 1372 ) തന്റെ അൽ ബിദായ: വന്നിഹായ: യിൽ രേഖപ്പെടുത്തുന്നത് പ്രകാരം ഇബ്നു ഉമർ , അബൂ ഹുറൈറ , അബൂ സഈദിൽ ഖുദ്രി ( റ ) തുടങ്ങിയവരിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട് ടി. ഭരണാധിപൻ . മഹാപണ്ഡിതനായ ഇമാം ശഅബി ( മരണം ക്രി. 724 ) രേഖപ്പെടുത്തുന്നു.
" ഞാൻ പല പണ്ഡിതന്മാരോടൊപ്പം വൈജ്ഞാനിക ചർച്ചകളിൽ ഇടപെട്ടിട്ടുണ്ട്.
അവരേക്കാൾ തദ്വിഷയകമായി എനിക്ക് ധാരണയുണ്ടെന്ന് തോന്നാറുണ്ട്. പക്ഷെ അബ്ദുൽ മലിക് ബിൻ മർവാനോടൊപ്പം സംസാരിക്കാനിരുന്നാൽ നേരെ മറിച്ചാണ് അനുഭവം. ഹദീസായാലും കവിതയായാലും അദ്ദേഹം എത്രയോ മുകളിലാവും എന്റെ " .
ചരിത്ര പണ്ഡിതനായ അൽ ഹാഫിസ് ഇബ്നു അസാകിർ ( മരണം ക്രി. 1175 ) തന്റെ താരീഖു ദിമശ്ഖ് എന്ന വിശ്രുത ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. ഇബ്നു ഉമർ ( റ ) വിന്റെ ഭൃത്യനായ നാഫിഅ് താൻ കണ്ട ഡമസ്കസ് വിശദീകരിക്കവേ പറയുകയുണ്ടായി.
" അവിടെ അബ്ദുൽ മലിക് ബിൻ മർവാനേക്കാൾ കായികബലമുള്ള ചെറുപ്പക്കാരനെയോ കർമ്മശാസ്ത്ര പണ്ഡിതനെയോ ഖുർആൻ പരിജ്ഞാനിയേയോ ഞാൻ കണ്ടിട്ടില്ല. "താബിഈ പണ്ഡിതനുംമഹാത്മാവുമായ ഹസനുൽ ബസ്വരി ( മരണം ക്രി. 728 ) ഡമസ്കസിൽ വെച്ച് ഭരണാധികാരിയുടെ ജുമുഅ: ഖുത്വുബ കേട്ടതിന് ശേഷം പറഞ്ഞുവത്രെ ,
" ഏതെങ്കിലും ഒരു മനുഷ്യന്റെ സംസാരം സ്വർണ്ണ ലിപികളാൽ ആലേഖനം ചെയ്യേണ്ടതുണ്ടെങ്കിൽ അത് ഈ മനുഷ്യന്റേതാണ് " .
ക്രോഡീകൃതമായ ആദ്യത്തെ ഹദീസ് സമാഹാരമായ മുവത്വയിൽ ഇമാം മാലിക് ബിൻ അനസ്
( മരണം ക്രി . 796 ) അബ്ദുൽ മലികി ബിനി മർവാനിന്റെ അഭിപ്രായങ്ങളെ , ഏറ്റവും ഉന്നതരായ സ്വഹാബികളുടെയും താബിഈങ്ങളുടെയും അഭിപ്രായത്തിനൊപ്പം ചേർത്തിരുന്നു എന്നതിലുണ്ട് ആ മഹാനുഭാവന്റെ മഹത്വം. 

ഒരേ സമയം " അഞ്ചാം ഖലീഫ " എന്നും " മുഅല്ലിമുൽ ഉലമാ " എന്നും പോരിശ പറയപ്പെട്ട നൈതിക രാഷ്ട്രീയത്തിന്റെയും പ്രപഞ്ച പരിത്യാഗത്തിന്റെയും സിംഹാസനത്തിനുടമസ്ഥനായ ഉമർ ബിൻ അബ്ദുൽ അസീസ് ( മരണം ക്രി. 720 ) ആണ് പിന്നീട് വന്നത്.
ഖലീഫാ ഇബുനു മർവാനിന്റെ സഹോദര പുത്രനായ ഇദ്ദേഹം നേരത്തെ മദീന , ത്വാഇഫ് പ്രവിശ്യകളുടെ ഗവർണറായിരുന്നു. പിന്നീട് പ്രധാനമന്ത്രിയും രാജോപദേഷ്ടാവുമായി മാറി. ഒടുവിൽ ഖലീഫയായി അവരോധിക്കപ്പെട്ട " രണ്ടാം ഉമർ " ആരായിരുന്നുവെന്ന് ഇമാം ദഹബിയുടെ ( മരണം ക്രി. 1348 ) സിയറു അഅ്ലാമിന്നുബലാ , ഇബ്നു സഈദിന്റെ ( മരണം ക്രി. 845 ) തുടങ്ങിയ ക്ലാസിക്ക് ഗ്രന്ഥങ്ങളിലെ ചില ഉദ്ധരണികളിലൂടെ മനസ്സിലാക്കാം.
അദ്ദേഹം മുജ്തഹിദായ ഇമാം ആയിരുന്നു , പ്രജാക്ഷേമ തൽപരനായ ചക്രവർത്തിയായിരുന്നു , സങ്കീർണ്ണമായ കർമ്മശാസ്ത്രക്കുരുക്കുകൾ ക്ഷിപ്രവേഗം അഴിച്ചെടുക്കുമായിരുന്നു , അദ്ദേഹത്തെ മതകാര്യങ്ങൾ തെര്യപ്പെടുത്താൻ സമീപിച്ചിരുന്ന പലരും പിന്നീടെഴുതിയത് - ഞങ്ങൾ പോയത് ഖലീഫയെ പഠിപ്പിക്കാനാണ് , പക്ഷെ വന്നത് ഖലീഫയിൽ നിന്നും പഠിച്ച് കൊണ്ടാണ് - എന്നായിരുന്നു. ഇമാം മാലിക് ( റ ) ധാരാളം സന്ദർഭങ്ങളിൽ ഉമർ ബിൻ അബ്ദിൽ അസീസിന്റെ അഭിപ്രായങ്ങൾക്ക് തന്റെ കൃതിയിൽ പ്രത്യേക സ്ഥാനം നൽകി. 

വൈജ്ഞാനിക പ്രവൃദ്ധിയുടെ പുഷ്ക്കലത പൂത്തുലഞ്ഞ അബ്ബാസീ കാലഘട്ടത്തിലും ഉലമാഇന്റെ കീഴിൽ മുസ്ലിം ലോകം സഞ്ചരിച്ചു. ഉമറാക്കൾ അതത് സമൂഹത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരായിരുന്നു. ഖലീഫാ അബൂ ജഅ്ഫറിൽ മൻസ്വൂറായിരുന്നു (മരണം ക്രി. 775 )ആ പരമ്പരയിലെ മുദ്രക്കല . ഇബ്നു കസീർ , ഇമാം സ്വൂലി ( മരണം ക്രി. 946 ) യുടെ താരീഖുൽ ഖുലഫാ, ഇമാം ദഹബിയുടെ അസ്സിയർ , ഖാദി ഇയാദിന്റെ ( മരണം ക്രി. 1149 ) തർതീബുൽ മദാരിക് തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഖലീഫാ മൻസ്വൂറിനെ പരിചയപ്പെടാം.
അദ്ദേഹം നന്നേ ചെറുപ്പത്തിലേ ഇസ്ലാമിക ജ്ഞാന ശാഖകളിൽ വ്യുൽപത്തി നേടിയിരുന്നു. ആയിരക്കണക്കായ ഹദീസുകൾ അവയുടെ സനദ് സഹിതം ഖലീഫക്ക് മന: പാഠമായിരുന്നു.
അമവികളെ അപേക്ഷിച്ച് സ്പെയിനിന്റെ നിയന്ത്രണം നഷ്ടമായെങ്കിലും അതിവിശാലമായ മുസ്ലിം സാമ്രാജ്യത്തെ ഉള്ളൻ കയ്യിലിട്ട് അയത്ന ലളിതമായി അതേ ഖലീഫ കൈകാര്യം ചെയ്തു. എടുപ്പിലും നിൽപ്പിലും ഘനഗംഭീരനായിരുന്ന ഖലീഫാ മൻസൂറിന്റെ കാലത്ത് എഴുത്തുകാരും പണ്ഡിതരും രചനയുടെ തൂക്കത്തിനൊത്ത സ്വർണ്ണക്കട്ടകൾ സമ്മാനം നേടി.
ഇമാം മാലിക് ( റ ) മുവത്വ രചിക്കാൻ പ്രേരിതനായത് ഖലീഫയുടെ അഭ്യർത്ഥനയെത്തുടർന്നാണ്. യവന - യൂറോപ്യൻ തത്വചിന്താ ഗ്രന്ഥങ്ങൾ അറബിയിലേക്ക് മൊഴിമാറ്റം നടത്താൻ ഖലീഫ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. അങ്ങനെ അരിസ്റ്റോട്ടിൽ , യൂക്ലിഡ് , ടോളമി തുടങ്ങിയവരുടെ യുക്തി , ശാസ്ത്ര വിചാരങ്ങൾ അറബിയിൽ ലഭ്യമായിത്തുടങ്ങി - ബൈതുൽ ഹിക്മ : യുടെ നാന്ദി ഇക്കാലത്തായിരുന്നു. ഗ്രന്ഥങ്ങൾ നിറഞ്ഞ ഖലീഫക്ക് വലിയ വലിയ പെട്ടികളും പാത്രങ്ങളും ഖലീഫ സ്വന്തമായി സൂക്ഷിച്ചിരുന്നു.
ഖലീഫാ മൻസൂറിന്റെ കാലത്ത് സ്പെയിൻ ഭരിച്ചിരുന്ന അമവീ ഭരണാധികാരി അബ്ദുറഹ്മാൻ ദാഖിൽ ( മരണം ക്രി. 788 ) ആ പ്രദേശത്തിന് നൽകിയത് ജ്ഞാന ശോഭയുടെ വസന്തകാലമാണ്. ഇരുപത്തഞ്ചാം വയസ്സിൽ അധികാരത്തിലേറുമ്പോഴേക്ക് തികഞ്ഞ മതപണ്ഡിതനായ് മാറിയിരുന്നു അദ്ദേഹം. ഏകദേശം സമകാലീനനായ അബ്ബാസി ഭരണാധികാരി സാഹിത്യകാരനായ ഖലീഫ മഹ്ദി ( മരണം ക്രി. 786 ) യെ ഇമാം സുയൂഥി ( റ ) ഗ്രന്ഥകാരന്മാരുടെ നേതാവ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിലും സാഹിത്യത്തിലും ഖലീഫക്കുള്ള വിരുത് ചരിത്രകാരനായ ത്വബ്രി ( മരണം ക്രി . 922 ) യും രേഖപ്പെടുത്തിയിട്ടുണ്ട്. 

അതിന് ശേഷം വന്ന അബ്ബാസീ ഭരണാധികാരി ഹാറൂൺ റഷീദ് ( മരണം ക്രി. 799 ) വന്നതോടെ ഉമലാ സെൻട്രിക് മുസ്ലിം ലോക ഘടനയുടെ ഏറ്റവും സമ്പന്നമായ ഘട്ടം സംഭവിച്ചുവെന്ന് പറയാം. ഇബ്നുൽ ജൗസിയുടെ അൽ മുൻതളം , അന്നദീമിന്റെ ( മരണം ക്രി. 973 ) വിഖ്യാദമായ " അൽ ഫഹ്രിസ്ത് " , ഇമാം അസ്ഫഹാനിയുടെ ( മരണം ക്രി. 967 ) അൽ അഗാനി തുടങ്ങിയ കൃതികൾ പരിശോധിച്ചാൽ ആശ്ചര്യജനകമായ വിവരണങ്ങൾ കാണാം. ഖജനാവിൽ സമ്പാദ്യം നിറക്കുന്നതിനേക്കാൾ ലോകത്തെ ഏറ്റവും ബൃഹത്തായ ഗ്രന്ഥ ശേഖരമായിരുന്ന തന്റെ " ബൈതുൽ ഹിക്മ : " നിറക്കാനായിരുന്നു ഖലീഫയുടെ ഉൽസാഹം . ആത്മജ്ഞാനവും രാഷ്ട്രജ്ഞാനവും സമ്മേളിച്ച ഹാറൂൺ റഷീദ് തന്റെ കുടുംബത്തെയും അതേ വഴിയിൽ നയിച്ചു. ഇമാം മാലികിൽ നിന്ന് ഹാറൂൺ റഷീദ് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. മാത്രമല്ല, തന്റെ മക്കളായ അൽ അമീനെയും മഅ്മൂനിനെയും ഇമാം മാലികിന്റെ ( റ ) അരികിലേക്ക് കൊണ്ടുപോയി മുവത്വ ഓതിപ്പിച്ചിരുന്നുവെന്ന് ഇമാം സുയൂഥി ( റ ) രേഖപ്പെടുത്തുന്നുണ്ട്. ഹാറൂൺ റഷീദ് തന്റെ പ്രഭാഷണങ്ങളിൽ ഹദീസ് ഉദ്ധരിക്കുമ്പോൾ പ്രവാചകർ ( സ്വ) വരേക്കുമുള്ള നിവേദക ശൃംഖല പറയാറുണ്ടായിരുന്നു. കുശാഗ്രമായ ബുദ്ധിശക്തി , കവനകൗമുദി , നിർദ്ധാരണ പാടവം മുതലായവയുടെ പേരിൽ സമകാലീനരായ പല പണ്ഡിതന്മാർക്കും മുകളിലായിരുന്നു ഖലീഫ എന്ന് പലരും അഭിപ്രായപ്പെടുന്നു. ഇസ്ലാമിക ലോകത്ത് ആദ്യമായ് "ഖാളിൽ ഖുളാത്ത് " എന്ന് വിശേഷിപ്പിക്കപ്പെടാൻ മാത്രം അദ്ദേഹം അധികാര ഘടനയെ ശറഈ വിജ്ഞാനങ്ങൾക്കൊപ്പം സഞ്ചരിപ്പിച്ചു. ഇബ്നു ഖുതൈബ രേഖപ്പെടുത്തുന്നു. " ഹാറൂൺ റഷീദ് തന്റെ വിവിധ പ്രവാശ്യകളിലെ ഗവർണർമാർക്ക് കത്തുകളെഴുതി അറിയിച്ചു , നിങ്ങളുടെ നാട്ടിൽ ബാങ്ക് വിളിക്കാർക്ക് 1000 സ്വർണ്ണ നാണയം ശമ്പളം കൊടുക്കണം . ഖുർആൻ എഴുതുന്നവർ , മതവിദ്യാർത്ഥികൾ, ദർസ് പരിപാലകർ എന്നിവർക്ക് 2000 സ്വർണ്ണ നാണയം കൊടുക്കണം , ഖുർആൻ , ഹദീസ് , ഫിഖ്ഹ് ഉയർന്ന് പഠിക്കുന്നവർക്കും എഴുതുന്നവർക്കും 4000 സ്വർണ്ണനാണയം കൊടുക്കണം " . ഇത് ഇക്കാലത്തെ ഏകദേശം 7 ലക്ഷം അമേരിക്കൻ ഡോളറിന് തുല്യമാണെന്ന് കണക്ക് ഒത്ത് നോക്കിയാൽ കിട്ടുമെന്ന് മുഹമ്മദ് കർദി അലിയെപ്പോലുള്ള ആധുനികർ എഴുതിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പുത്രൻ മഅ്മൂൻ സ്വയം ഒരു ഗോളശാസ്ത്ര പണ്ഡിതനായിരുന്നു. ഡമസ്ക്കസിനടുത്ത ശമാസിയ്യയിൽ സ്വന്തമായ് വാനനിരീക്ഷണ കേന്ദ്രവും അദ്ദേഹം പണിയിപ്പിച്ചു.അത്തരം ചക്രവർത്തിമാർ സ്വന്തം മക്കളെ അക്കാലത്തെ ഏറ്റവും ഉന്നതരായ പണ്ഡിതമാരുടെ പക്കൽ പഠിക്കാനയച്ചിരുന്നുവെന്നത് കൂടി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്. 
പിന്നീട് മുൻതസ്വിർ ബില്ലയും ഇതേ വഴിയിൽ സഞ്ചരിച്ചു. അദ്ദേഹം കോർദോവയിൽ 27 ഗ്രന്ഥപ്പുരകൾ കെട്ടുകയും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തുകയും ചെയ്തു. ഹിജ്റ മൂന്നാം നൂറ്റാണ്ട് പൂർണ്ണമാവും വരെയുള്ള ഇത്തരം മാതൃകൾ തന്നെയാണ് 20 നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കി - ഓട്ടോമൻ ഖിലാഫ: യുടെ അന്ത്യം വരെ മുസ്ലിം ലോകത്തെ നയിച്ചത്. തൽപ്പരർക്ക് അധികവായനക്ക് എമ്പാടുമുണ്ട് സ്രോതസ്സുകൾ . ലേഖനദൈർഘ്യമൊഴിവാക്കാൻ ചുരുക്കുന്നു .

അവിടെ വെച്ചൊക്കെ ഇല്ലാതാവുന്ന മിഥ്യകളും കൂട്ടിചേർക്കേണ്ട കാലോചിത സത്യങ്ങളും അനവധിയാണ്. മത പണ്ഡിതർ വേറെയും പൊതുകാര്യ പ്രാപ്തർ വേറെയും എന്നത് ഇസ്ലാമിന്റെ അധികാര വികേന്ദ്രീകരണ ഘടനയുടെ ഭാഗമല്ല , ആധുനിക ജനാധിപത്യത്തിന്റെ സൃഷ്ടിയാണ്, ഭരണാധികാരികൾ സ്വയം മതപണ്ഡിതന്മാരാവുകയോ അല്ലാത്തപക്ഷം പണ്ഡിതന്മാരെ അനുസരിച്ച് ഭരിക്കുകയോ വേണം , സമുദായത്തിന്റെ പൊതുകാര്യ നേതൃത്വത്തിനും ഈ തത്വം ബാധകമാവും , ഏറ്റവും ചുരുങ്ങിയത് , ഉലമാഉമായുള്ള ആശയ സമ്പർക്കവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുള്ള ധാർമ്മിക ചുമതല പൊതുകാര്യ കർത്താക്കളിലാണ് നിക്ഷിപ്തമാവുക - കാരണം ഉലമാക്കൾ കൊട്ടാരത്തിലേക്ക് പോവുകയെന്നതല്ല , കൊട്ടാരക്കാരക്കാൾ ഉലമാഇനെ ക്ഷണിച്ച് വരുത്തലോ ചെന്നുകാണലോ ആയിരുന്നു ഉത്തമകാല രീതി.

സംഘടനയും ഉലമാക്കളും .

സംഘടനാപരമായ ഹെറാർക്കിക്കൽ വ്യവസ്ഥയുടെ കീഴിൽ നിന്നു കൊണ്ടാണ് ഉത്തരാധുനിക ഉലമാഇന്റെ വൈജ്ഞാനിക വ്യവഹാരങ്ങൾ കൂടുതലും . യഥാർത്ഥത്തിൽ സംഘടനാ ഫ്രയിം അധികവും നിലകൊള്ളുന്നത് ഡമോക്രാറ്റിക് - ഫെഡറൽ മാതൃകകളെ അവലംബിച്ചാണ്.
മുമ്പ് പ്രാദേശികാടിസ്ഥാനത്തിൽ ഒരു , ഒരു സംഘം മുഫ്തിമാരെ ആശ്രയിച്ച് രൂപപ്പെട്ട മുസ്ലിം കൂട്ടായ്മകൾ സംഘഘടനയിലേക്ക് മാറിയപ്പോൾ മ്പോഷ്യൽ എംഗേജ്മെന്റിന് വേഗത കൈവന്നു. ആദ്യകാലത്ത് , എല്ലായിനം അറിവും അഭ്യാസവും സ്വയത്തമാക്കിയ പരിണിത പ്രജ്ഞർ എല്ലാ ഭാഗത്തും ഉണ്ടായിരുന്നു. പിന്നീട് ജഞാനനബലം ശുഷ്ക്കിച്ചതോടെ തെറ്റുപിണയില്ലെന്നുറപ്പിക്കാൻ , അനുമാനിക്കാൻ പണ്ഡിതസംഘം ആവശ്യമായ് വന്നു. 
ആഗോളാടിസ്ഥാനത്തിൽ തന്നെ ആ മാറ്റം കാണാം. വിവിധ ഫത്വാ കൗൺസിലുകളാണ് (ദാറുൽ ഇഫ്താ ) ആഗോള രീതി. അതിനപ്പുറം ഉലമാ ആക്ടീവിസം കൂടി ഉൾക്കൊള്ളുന്ന മെക്കാനിസമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ.
തീവ്ര ഉലമാധികാര ഘടനാവാദമല്ല സമസ്തയുടേത്. മറിച്ച് മതദർശനങ്ങളുടെ തന്മയത്വം ബാഹ്യ സമ്മർദ്ധങ്ങൾക്കൊത്ത് കളങ്കപ്പെടുത്താതിരിക്കപ്പെടാനുള്ള ജാഗ്രതയാണ്. അതിനെ തീവ്രസംഘടനാ ബോധം എന്ന് ആക്ഷേപിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ പ്രസ്തുത ബോധം മതപ്രതിബദ്ധതയുടെ ഉപോൽപ്പന്നമാണ്.

"എല്ലാ മുസ്ലിം സംഘടനകളും മൗലികമായ വ്യതിരിക്തതകൾ അദൃശ്യപ്പെടുത്തി, ഒന്നിച്ച്, മുസ്ലിം ഉമ്മ :യായി മാറണം " എന്ന് പറയുന്നവരേക്കാൾ സങ്കുചിത ചിന്താഗതിക്കാർ മുസ്ലിം സമുദായത്തിലില്ല. അങ്ങനെ നാലും കുഴച്ചുണ്ടാക്കുന്ന സിൻക്രറ്റിക് കുഴമ്പല്ല " ഐക്യം " . ആ കഴമ്പില്ലാത്ത കുഴമ്പാണ് " സ്വപ്ന സമുദായം " എന്ന് ചിന്തിക്കാനുള്ള കാരണങ്ങളിൽ ചിലതിവയാണ്. ഒന്ന് : മതപരമോ സാമുദായികമോ ആയ ഒന്നിലും കൃത്യമായ ബോധ്യമില്ലായ്മ ഉണ്ടാക്കുന്ന ഇലാസ്തികത . രണ്ട് : സമുദായം എന്ന ഉള്ളിൽ തട്ടാത്ത ഭംഗിവാക്ക് കൊണ്ട് സ്വന്തം പ്രതാപവും അധികാരവും നിലനിർത്താനോ വീണ്ടെടുക്കാനോ ഉള്ള വ്യഗ്രത . മൂന്ന് : വിശ്വാസാചാര കാര്യങ്ങളിലുള്ള ശുഷ്കാന്തി അപരത്വവൽക്കരണം ക്ഷണിച്ച് വരുത്തും എന്ന തെറ്റുധാരണ. നാല് : വെറും അജ്ഞത ,അഥവാ പ്രാപഞ്ചികത , സാമൂഹികത , മനുഷ്യൻ , ജീവിതം , ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അറിവില്ലെന്ന് പോലുമുള്ള അറിവില്ലായ്മ ഉണ്ടാക്കുന്ന താൻപോരിമാവിഭ്രാന്തി എന്ന സൂപ്പർ ഈഗോ ഡില്യൂഷൻ .

"മതമൊഴിവാക്കൂ , മനുഷ്യരാവൂ " എന്ന് ജൽപ്പിക്കുന്ന നിർമ്മിത നിരീശ്വരവാദികൾ കഴിഞ്ഞാൽ ഏറ്റവും സങ്കുചിത മനസ്ക്കർ " ആദർശവ്യക്തിത്വം ഒഴിവാക്കൂ , സമുദായ ജീവിയാവൂ " എന്ന് പറയുന്നതിലെ ഫാലസി അറിയാത്ത സുഹൃത്തുക്കളാണ്. തമ്മിലുള്ള വ്യത്യാസം , നിരീശ്വരവാദികൾക്ക് ആ പ്രസ്താവനയിൽ അപരനിന്ദ മാത്രമേ ഉള്ളൂ , അല്ലെങ്കിൽ ഉള്ളതായി അനുഭവപ്പെടാറുള്ളൂ . ഇപ്പുറത്ത് സദുദ്ദേശ്യത്തോടെ പറയുന്നവരും ഉണ്ട് എന്നതാണ് . മതസംഘടനാ വിധേയത്വം മനോന്യൂനതയാണെന്ന തരത്തിലുള്ള ആരോപണം നാസ്തിക മാനവിക വാദം പോലെ ബാലിശമാണ്. പക്ഷങ്ങളില്ലാതെ , മനുഷ്യപക്ഷത്ത് നിന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന അവർ ഏറ്റവും സങ്കുചിതമായ മാനസികനിലയുള്ളവരാണ്. അവരല്ലാത്തവരെ അംഗീകരിക്കാൻ പോയിട്ട് മനുഷ്യരായ് കാണാൻ പോലും അവർക്ക് പറ്റാറില്ല. സംഘടനയില്ലാത്തവർ ആദ്യം സംഘടനയുള്ളവരെ കൂടി ഉൾക്കൊണ്ട് മാതൃകയാവട്ടെ. ഓരോ സംഘടനാതീതനും തന്റെ നിരീക്ഷണത്തിൽ തീവ്രവാദിയും അസഹിഷ്ണുതയുടെ മരവുമാണ്. ആ അസഹിഷ്ണുതയാണ് അവരുടെ സംഘടന എന്നതാണ് വാസ്തവം . മതമില്ലാത്തവരുടെ മതം മതവിമർശനമാണെന്നത് പോലെ സംഘടനാ വിരുദ്ധത ചിലരെ ക്ഷിപ്രകോപികളും വരട്ടുചൊറിയരുമാക്കുകയാണ് . മതം വിട്ടവർ മതത്തെ വിടാതെ പിന്തുടരുന്നത് പോലെ പക്ഷങ്ങളില്ലാത്തവർ അവർക്കിഷ്ടമില്ലാത്ത പക്ഷത്തെ നിരന്തരം പിന്തുടർന്ന് " കുയിന്തു " ന്നത് പതിവാണിവിടെ. ഓരോരുത്തരും സ്വന്തം പ്രത്യയശാസ്ത്ര ശരീരം നിലനിർത്തുകയും അപരരുടെ തദവകാശം വകവെച്ച് കൊടുക്കുകയും ചെയ്യലാണ് യൂണിറ്റി. അപ്പോഴേ സർഗാത്മകതയും സംവാദാത്മകതയും ബാക്കിയാവൂ. വ്യത്യസ്തതകൾ ഇല്ലാതാക്കി എല്ലാം ഒരുപോലാക്കുന്നത് യൂണിഫോമിറ്റിയാണ് . അതാവട്ടെ , ഫാസിസ്റ്റ് മെത്തഡോളജിയും .
" എല്ലാവരെയും ഉൾക്കൊള്ളണം " എന്ന് വലിയവായിൽ പറയുന്നവർ അവരല്ലാത്ത ഒരാളെയും അംഗീകരിക്കുന്നവരോ ആശയസംവേദനം നടത്തുന്നവരോ അല്ല. അറിയാവുന്നതിൽ ഏറ്റവും മലിനമായ പദാവലികൾ കൊണ്ടാണ് തങ്ങൾ ചിന്തിക്കുന്നത് പോലെ ചിന്തിക്കാത്ത സ്വന്തം സമുദായത്തിൽ പെട്ടവരെ അത്തരക്കാർ വിലയിരുത്താറുള്ളത്. മുസ്ലിംകൾക്കിടയിലെ " ഇൻഡിവിജ്വലിസ്റ്റുകൾ "അവരാണ്. സ്വന്തം തോന്നലുകൾ മാത്രമാണ് അവരെ നയിക്കുന്നത്. അങ്ങനെ തോന്നലുകൾ നയിക്കുന്നവരുടെ മതം അങ്ങേയറ്റം Biagotorical ആണെന്നതാണ് വലിയ വൈരുധ്യം . " അല്ലാഹുവിലും യേശുവിലും വിശ്വസിച്ചാൽ സ്വതന്ത്രചിന്ത തകരും " എന്ന് വിശ്വസിക്കുന്ന സ്വതന്ത്രചിന്തകരെ പോലെയാണവർ . മതപരമായി സംഘടനാബോധം നിലനിർത്തിയാൽ / ഐഡന്റിറ്റീ ബോധം വെളിപ്പെടുത്തിയാൽ " സാമുദായിക ബോധം " ഇല്ലാതാവും എന്ന ദുർബല മനസ്കത എന്തു മാത്രം രോഗാതുരമാണ് ! " സംഘടനാമതം " എന്ന് അവർ പേരിട്ടാക്ഷേപിക്കുന്ന ആ സാധനമാണ് , അത് തന്നെയാണ് അവരെക്കൊണ്ടങ്ങനെ പറയിപ്പിക്കുന്ന പ്രേരകവും .
Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us