loader
blog

In History

By Shuaibul Haithami


സ്വാമി വിവേകാനന്ദൻ : രാമരാജ്യം , രാമായണം .


അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രശസ്തനായ ഹിന്ദുപണ്ഡിതനാര് എന്ന ഒരു ചോദ്യം അക്കാദമിക്കൽ പർപസായി ചോദിക്കപ്പെട്ടാൽ ലഭിക്കുന്ന ഒന്നാമത്തെ ഉത്തരമാണ്  സ്വാമി വിവേകാനന്ദൻ.

കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കൊണ്ട് ചിക്കാഗോയില്‍ 1893 സെപ്തംബർ 11 മുതൽ 17 വരെ നടന്ന  വിശ്വമത സംവാദത്തില്‍ വെച്ച് വിവേകാനന്ദന്‍ ചെയ്ത അഞ്ച് പ്രഭാഷണങ്ങളും എഴുതിത്തയ്യാറാക്കിയ അതി ഗഹമനായ ഒരു പ്രബന്ധവുമാണ് സ്വാമി വിവേകാനന്ദന്റെ മത മാനവിക വീക്ഷണങ്ങളുടെ രത്‌നസാരം. കൂടാതെ ശ്രീ രാമകൃഷ്ണ മഠം പുറത്തിറക്കിയ - Vivekanandha-his call to the nation - എന്ന ബൃഹത് ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ സകല രേഖീയ പരാമര്‍ശങ്ങളും പ്രസ്താവനകളും തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവകളിലലൊരിടത്തും ഒരു സാഹചര്യത്തിലും പരമത വിരോധമോ ഹിംസാത്മകമായ  ഉഗ്രവാദമോ കാണാന്‍ കഴിയില്ല. പ്രത്യുത, ദൈവവിശ്വാസിയും,ലോകമത സൗഹൃദ വാദിയും,നിര്‍മ്മലഹൃത്തനും അതി കഠിനമായ ആത്മ താപസ്വിയെയുമാണ് വിവേകാനന്ദനിൽ ദര്‍ശിക്കാനാവുക.സകല ദര്‍ശനങ്ങളിലെയും പൊതുനന്മകളെ സാംശീകരിക്കുപന്ന ദാര്‍ശിനിക സങ്കേതവും, പ്രകൃതിയിലെ സൃഷ്ടിജാലങ്ങളുടെ നൈസര്‍ഗ്ഗിക നീതി ഉറപ്പുവരുത്തുന്ന നാഗരിക വ്യവസ്ഥയും മാത്രമാണ് ഹൈന്ദവത എന്ന് വിവേകാനന്ദന്‍ സ്ഥാപിച്ചു. വംശശുദ്ധീവാദം മധ്യേഷ്യൻ നാഗരിതയുടെ രാഷ്ട്രീയതന്ത്ര്യമാണെന്ന് അദ്ധേഹം ഉറക്കെ പറഞ്ഞു . ഹൈന്ദവതക്ക് അഭ്യന്തരമോ ബാഹ്യമോ ആയ ശത്രുക്കളില്ലെന്നും പുറംതള്ളലല്ല ഉൾക്കൊള്ളലാണ് ആത്മീകതയുടെ ലക്ഷണമെന്നും തുറന്നുപറഞ്ഞു .

ആര്യന്മാര്‍ മാത്രമാണ് ദൈവ പ്രിയരെന്ന് തുടക്കത്തിലും, പിന്നീട് അവര്‍ മാത്രമേ ഹോമോസാപ്പിയമാരായിട്ടുള്ളൂ എന്നുതന്നെയും വരുത്തിത്തീര്‍ക്കേണ്ട ആവശ്യക്കാരാണ് ഹിന്ദുമതത്തെ മലിനമാക്കുന്നതെന്ന് നൂറ്റി ഇരുപതിലധികം കൊല്ലങ്ങള്‍ക്ക് മുമ്പേ മുപ്പത് വയസ്സുകാരനായ ഒരു യുവ സന്യാസി ലോകത്തോട് വിളിച്ചുപറയുമ്പോള്‍ ഇന്ത്യന്‍ ഫാസിസം അതിന്റെ ഗര്‍ഭഗൃഹത്തിലായിരുന്നു എന്നോർക്കണം .

വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രഭാഷണത്തിന്റെ മുഖവുരയില്‍ ചൊല്ലിയ ശ്ലോകം തന്നെ ഹൈന്ദവതയുടെ ഋജുവായ ആവിശ്കാരമായിരുന്നു.  "പലയിടങ്ങളിലായുറവെടുത്ത

പല പുഴകളിലെയും വെള്ളം

കടലില്‍ കൂടിക്കലരുന്നുവെല്ലോ,

അത് പോലെയല്ലെയോ പരമേശ്വര,രുചിവൈചാത്യം

കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍ വിഭിന്നമെങ്കിലും

വളഞ്ഞോ പുളഞ്ഞോ അവകള്‍ പലമക്കളായി പ്രത്യക്ഷപ്പെടുന്നുവെങ്കിലും,

അങ്ങയിലേക്കാണവയുടെ ഏക ശുഭാന്ത്യം"

എന്നര്‍ത്ഥം വരുന്ന ആമുഖ വാചകം ജുഗുപ്‌സാഹവമായ കടും പിടുത്തങ്ങളില്‍ നിന്നും തന്റെ മതത്തെ പരിരക്ഷിക്കാനുള്ള ഒരാചാര്യന്റെ കുതറിത്തെറിക്കലാണെന്നാണ്, വിവേകാനന്ദനെകുറിച്ച് ഏറ്റവും ആധികാരികമായ നിരൂപണ പഠനം നടത്തിയ ആംഗലേയ തൂലികാകാരി മേരി ലൂയിസ് ബര്‍ക്ക് നിരീക്ഷിക്കുന്നത്.  ചിക്കാഗോയിലെ തന്റെ പ്രബന്ധത്തില്‍  ഇക്കാര്യം വിവേകാനന്ദന്‍ വളച്ച് കെട്ടില്ലാതെ പറഞ്ഞിരുന്നു.

അപ്പോള്‍ ഹിന്ദുവിന്റെ നോട്ടത്തില്‍ പ്രപഞ്ചം മുഴുവന്‍ ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്, എല്ലാ തരു-താരാദികളെയും പ്രചോദിപ്പിക്കുന്നത് ഈശ്വരനാണ്.

പുറത്തുകാണുന്ന പൊരുത്തക്കേടുകള്‍ തോന്നല്‍ മാത്രമാണ്.ഇക്കാര്യം അദ്ധേഹം  ഉദാഹരിക്കുന്നത് നോക്കൂ ,

"പലനിറങ്ങളുള്ള പളുങ്കുപലകകളില്‍ കൂടി ഒരേ വെളിച്ചം വരികയാണ്. മനുഷ്യരുടെ ശരീരങ്ങളിലും കർമ്മങ്ങളിലും ഉണ്ടാവുന്ന വ്യത്യസ്ത നിറവ്യതിയാനങ്ങള്‍ അങ്ങനെ കണ്ടാല്‍ മതി.ഭഗവാന്‍ കൃഷ്ണാവതാരത്തില്‍ ഹിന്ദുവിനോട് ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു.മണിമാലയിലെ നൂലു പോലെ എല്ലാമതത്തിലും ഒറ്റ ശക്തിയായി ഈശ്വരനുണ്ട് .

ഹിന്ദുവിന് മാത്രമേ മോക്ഷമുള്ളൂ, മറ്റാര്‍ക്കുമില്ല എന്ന തരത്തില്‍ ഒരു വാക്യമെങ്കിലും ഏതെങ്കിലും വേദങ്ങളില്‍ കാണിച്ചുതരാന്‍ ഞാന്‍ ഈ ലോകത്തെ വെല്ലുവിളിക്കുന്നു".




ശുദ്ധിസങ്കൽപ്പങ്ങളുടെ ആധാരമായ വർണാശ്രമവ്യവസ്ഥ യുക്തിഭദ്രമാണെന്ന് വിവേകാനന്ദൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല .വ്യാസമഹർഷിയെ ഉദ്ധരിച്ച് കൊണ്ട് അദ്ധേഹം പറഞ്ഞു , "എന്തിനധികം പറയണം , ആധുനിക ഹൈന്ദവ ജീവവിതത്തിന്റെ ഘടന പാകപ്പെടുത്തിയ വ്യാസന്‍ പറഞ്ഞുവല്ലോ: നമ്മുടെ വര്‍ണ്ണാശ്രമങ്ങള്‍ക്ക് പുറത്തും ഉത്തമ  പുരുഷന്മാരെ കാണാമെന്ന് .

അദ്ദേഹം തന്റെ യജുര്‍വേദത്തില്‍ അത്തരം ഉത്തമ പുരുഷന്മാരെ കുറിച്ച് പ്രവചിക്കുന്നുണ്ട്, ഈ പറഞ്ഞതാണ് ഞാനറിയുന്ന ഹിന്ദുവിന്റെ വിചാരവിധാനം.(സ്വാമി വിവേകാനന്ദ ഇന്‍ ദ വെസ്റ്റ്: ന്യൂഡിസ്‌കവറീസ്  ,വാള്യം ഒന്ന് -പുറം -82-83 )





ഹൈന്ദവതയും ഇതര മതങ്ങളും.









"വിശ്വമതം"  എന്ന ഉപശീര്‍ഷകച്ചുവട്ടിൽ  അതേ പ്രബന്ധത്തില്‍ സ്വാമി വിവേകാനന്ദന്‍, ഇതര മതങ്ങളോടുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട് . സെമിറ്റിക്ക് മതങ്ങളിൽ സമ്പൂർണ്ണമാനവികത ഇസ്ലാമിൽ അന്തർലീനമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നത് കാണാം .

ഇസ്ലാമിലെ സാഹോദര്യ സിദ്ധാന്തം വിവേകാനന്ദനെ പലവട്ടം കോരിത്തരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലയിടത്തും പറഞ്ഞു.അമേരിക്ക, ചൈന,ജപ്പാന്‍ കാനഡ ഇംഗ്ലണ്ട്,ഫ്രാന്‍സ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ തന്റെ ദൗത്യ നിര്‍വ്വഹണത്തിന് വേണ്ടി സന്ദര്‍ശനം നടത്തിയ സ്വാമി, അമേരിക്കയിലെ ഒരു മസ്ജിദില്‍ സാമൂഹികമായ വലുപ്പച്ചെറുപ്പങ്ങളില്ലാതെ സകലരും സമത്വഭാവത്തില്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യവുമാണ് ഏറ്റവും ആനന്ദദായിയായ കാഴ്ച്ചയായി എടുത്തു പറഞ്ഞത് .

"മുസ്ലിമായ ഒരാളെ ഒരു സഹോദരനായി ഞാന്‍ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കും.വ്യത്യാസങ്ങത്തിരിപോലും നോക്കാതിരിക്കുന്ന ഇങ്ങനെയൊരുമതം വേറെയില്ല.നിങ്ങളിലെ ഒരു സാധാരണക്കാരന്‍ മുസ്ലിമായാല്‍ തുര്‍ക്കിസുല്‍ത്താന് അയാളോടെന്നിച്ച് ഭക്ഷണം കഴിക്കാന്‍ വിരോധമുണ്ടാവില്ല.(സ്വാമി ഇത് പറയുന്ന കാലത്ത് തുര്‍ക്കി ഖിലാഫത്തിന്റെ നാളുകളായിരുന്നു.) വെള്ളക്കാരനും നീഗ്രോയും അടുത്തടുത്ത് മുട്ടുകുത്തി  പ്രാര്‍ത്ഥിക്കാനിരിക്കുന്നത് ഞാനൊരിടത്തും കണ്ടിട്ടില്ല. പക്ഷെ, മുഹമ്മദീയ്യരുടെ ഇടയില്‍ എല്ലാവരും സമന്മാരാണ് " .

ചിക്കാഗോ സമ്മേളനത്തില്‍ പങ്കെടുക്കാനായി രണ്ടു ദിവസം നേരത്തെ എത്തിയിരുന്ന സ്വാമിയുടെ കയ്യില്‍ നിന്നും രേഖകളും വിലാസങ്ങളും നഷ്ടപ്പെട്ട് പോയതിനാല്‍ ചെന്നിറങ്ങിയ അന്ന് അദ്ദേഹത്തിന് ഒരു റെയില്‍വേ ചരക്കു വണ്ടിയില്‍ രാത്രി മുഴിവന്‍ കിടന്നുറങ്ങേണ്ടി വന്നിരുന്നു.സ്വയം പരിചയയപ്പെടുത്തി കാര്യമുണർത്താൻ തുനിഞ്ഞ വിവേകാനന്ദനെ ഒരു കറുത്ത വര്‍ഗ്ഗക്കാരനാണെന്ന ധാരണയോടെ പ്രദേശവാസികള്‍ അവഗണിക്കുകയായിരുന്നു.ഈ ദാരുണാനുഭവം വിവേകാനന്ദനെ ഇസ്ലാമമിക സാഹോദര്യത്തിന്റെ ഉള്ളറകളിലേക്കാനയിച്ചു.പിന്നീട് ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ സ്വാമിയുടെ സത്യ സമീക്ഷ ലോകത്തിന്  ബോധ്യമാവുകയും ചെയ്തു. കൃസ്ത്യന്‍ മതത്തെയും അദ്ദേഹം ആദരിച്ചിരുന്നു.നിര്‍മ്മല മാനസികാവസ്ഥയാണ് കൃസ്തു സന്ദേശമെന്നാണ് വിവേകാനന്ദന്‍ പറഞ്ഞത്. കാഠിന്യങ്ങളുടെ ചുറ്റുപാടുകളില്‍ കാരുണ്യം ചൊരിഞ്ഞ യേശുവിന്റെ മാര്‍ഗം നിലനില്‍ക്കട്ടെ എന്ന് അദ്ദേഹം ആംശംസിച്ചു.

കാലാവസാനം യേശു ക്രിസ്തു ഭൗതികലോകത്തേക്ക് പുനരാഗമനം കൊള്ളുമെന്ന സെമിറ്റിക് ദര്‍ശനത്തെ പ്രതീക്ഷയുടെ പ്രേരണ എന്ന് മനോഹരമമായി വിശേഷിപ്പിച്ച സ്വാമി യേശുവിന്റെ പാദസ്‌നാനം തന്റെ അഭിനിവേഷമാണെന്ന് കൂടി പറയുകയുണ്ടായി.







ജാജ്ജ്വല്യമാനമായ മാനുഷിക സങ്കൽപ്പങ്ങളെ പക്ഷപാതിത്വമില്ലാതെ വിളംബരം ചെയ്ത വിവേകാനന്ദൻ ആധുനിക ഹിന്ദുത്വയുടെ ബ്രഹ്മണിക്കൽ ബൈനോക്കുലറിൽ കളയപ്പെടേണ്ട കളയും കീടവുമാവുന്നതിന്റെ കാരണം നടേ പറഞ്ഞ അദ്ധേഹത്തിന്റെ നിലപാടുകളാണ് .

ന്യൂനപക്ഷ മതങ്ങളെ നിഗ്രഹിച്ച് ആധുനിക ഹിന്ദുത്വ ഭാരതാംബയുടെ അശുദ്ധിയും കളങ്കവും വിമലീകരിക്കാന്‍ ഹൈന്ദവ സന്യാസ പ്രതീകങ്ങളെ ഒപ്പം നിര്‍ത്തുന്ന ദുര്‍ഗതി കാണാൻ വിവേകാനന്ദൻ ഇല്ലാതെ പോയി.ഇതര ഭാരതീയ മതങ്ങളെ ഹൈന്ദവതയുടെ പൂര്‍ത്തീകരണം എന്നാണ് സാമി പ്രാമാണികമായി സിദ്ധാന്തിച്ചത് .







ഭാരതത്തിന്റെ എന്നല്ല , പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും പ്രതിഭാസിക മാര്‍ഗ്ഗങ്ങള്‍ വിഭിന്നമാണെന്നും എന്നാല്‍ എല്ലാറ്റിന്റെ പിന്നിലെയും നിമിത്തം ഏകമാണെന്നുമാണ് വിവേകാനന്ദ ദര്‍ശനം.മതം,രാഷ്ട്രം,രാഷ്ട്രീയം,സമൂഹം,കുടുംബം തുടങ്ങിയ എല്ലാ സാമൂഹിക സംവിധാനങ്ങളിലും ഈ രൂപഭിന്നതകള്‍ ആവശ്യമാണ്. "എല്ലാ മുഖങ്ങളും ഒരേ ദിക്കിലേക്ക് തിരിയുന്ന കാലം അപ്രായോഗികമാണ്.ഉള്‍കൊള്ളലാണ് മനുഷ്യ ഗുണം.പുറം തള്ളല്‍ മൃഗീയതയാണ്.വിവേകാനന്ദന്‍ നിരീക്ഷിച്ചു ". ഒരു രാഷ്ട്രത്തെ വിഭിന്ന ഭക്ഷണപ്രിയരായ ഒരു തറവാട്ടിലെ അംഗങ്ങോടാണ് അദ്ധേഹം ഉപമിച്ചത്."ദിവ്യവരദാനങ്ങളായ സൂര്യനും മഴയും മുഹമ്മദീയരോടും, ക്രൈസ്തവരോടും ഹിന്ദുക്കളോടും ഒരു പോലെയാണ് വര്‍ത്തിക്കുന്നത്.വ്യക്തികളെ നോക്കി വെയിലും കാറ്റും ഭാവം മാറുന്നില്ല,പൂക്കളും പഴങ്ങളും നിലനില്‍ക്കുന്ന മണ്ണിന്റെ ഉടമസ്ഥനെ നോക്കാറില്ല.പിന്നെ മനുഷ്യര്‍ മാത്രം വിവേചനങ്ങളുടെ തത്വ ശാസ്ത്രം വിളിച്ചുകൂവുന്നതെന്തിനാണ് "  എന്ന് വിവേകാനന്ദന്‍ ഉച്ചത്തില്‍ ചോദിച്ചപ്പോള്‍ ചിക്കാഗോ കണ്ണീരണിയുകയായിരുന്നു .





വിവേകാനന്ദന്റെ ഭാരതീയ സങ്കല്‍പ്പം.





ഭാരതത്തെ ഒരു തണൽമരത്തോടാണ് വിവേകാനന്ദൻ ഉപമിച്ചത്. ഒരു വിത്ത് വിതക്കപ്പെടുന്നു. മഴയും വായുവും വെളിച്ചവും ചേരുമ്പോൾ അത് നാമ്പും തൂമ്പുമെടുത്ത് പൊടിക്കുന്നു .അത് പിന്നീട് വളർന്ന് പന്തലിക്കുന്നു .വളർച്ചാ മധ്യേ വിത്ത് വെള്ളമോ മണ്ണോ ആവുന്നില്ല.അത് പോലെ  ബാക്കിയുളളവയും സ്വത്വം മാറുന്നില്ല .പക്ഷെ വിത്തുമുളച്ചപ്പോള്‍ മരം വളര്‍ന്നു.ഈ മരത്തേക്കുറിച്ച് കേവലം വിത്തിന്റെ രൂപ ഭേദമെന്ന് പറയാനൊക്കില്ല.മണ്ണും വെള്ളവും വായുവും കൂടിയാണ് മരം. ആ മരമായ ഭാരതത്തെ കുറിച്ച് വിത്തെന്നോ വെള്ളമെന്നോ മണ്ണെന്നോ വിശേഷിപ്പിക്കാൻ ആർക്കും പറ്റില്ല.

വിത്ത്  മരത്തിനുമിടയിലെ  ഘടകങ്ങളാണ് മതജാതി സംസ്ക്കാരങ്ങൾ .ഇത്ര സുന്ദരമായി വേറൊരാള്‍ ഭാരതീയ ബഹുസ്വരതയെ ലളിത വല്‍ക്കരിച്ചുണ്ടാവില്ല.

പണം, സൗന്ദര്യം ,സാങ്കേതിക പുരോഗതി തുടങ്ങിയ ഘടകങ്ങള്‍ കൊണ്ടാണ് പടിഞ്ഞാറന്‍ ജന വിഭാങ്ങള്‍ ലോക ശ്രദ്ധ നേടിയത്.ഇന്ത്യക്കാര്‍ക്കൊരിക്കലും ആ രംഗത്ത് ഒന്നാമതാവാന്‍ കഴിയില്ല.കാരണം ഭാരതീയര്‍ ചിന്താ വിപ്ലവം നടത്താന്‍ സൃഷ്ടിക്കപ്പെട്ടവരാണ്.വ്യത്യസ്ഥ ദര്‍ശനങ്ങളുടെ ആദാനപ്രദാനമാണ് ഭാരതീയത.ഗ്രീക്കുകാരും റോമക്കാരും വളരുന്നതിന് മുമ്പേ ഭാരതീയര്‍ വളര്‍ന്നിരുന്നു.അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇന്നാടിനെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷി ഞെട്ടിയത് ഇവിടത്തെ സാസ്‌കാരിക സൗഹൃദത്തിന്റെ നൂലിയകള്‍ എങ്ങനെ വെട്ടിയിടും എന്നോര്‍ത്താണ്.( Vivekananda 's call-to the nation) രാമരാജ്യത്തെക്കുറിച്ചും വിവേകാനന്ദന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു.പ്രതിപക്ഷ ബഹുമാനം പോലും രാജ്യ ധര്‍മ്മമാണെന്ന് തേത്രായുഗത്തില്‍ തനിക്ക് വേണ്ടി രാജ്യഭരണം നടത്തിയ അനുജനായ ഭരതനോട് ശ്രീരാമന്‍ പറഞ്ഞത് അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്.  എതിരാളികളായ ചര്‍വ്വാകന്മാരെ പോലും മാനിക്കണമെന്നും അവരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്നും രാമൻ പറയുന്നുണ്ട്.രാമായണത്തിലെ നൂറാം കാണ്ഡമതാണ്.രാമന്‍ തന്നെ വന്നു കണ്ട ഭരതനോട് പറഞ്ഞു.

' ഉണ്ണീ ശ്രദ്ധിച്ചുപോരുന്നില്ലല്ലീ ചര്‍വ്വാകവിപ്രന്മരെ

ക്ഷിപ്രകോപികളാം ദുഷ്ടരെങ്കിലും' എതിരാളികളെ പോലും മാനിക്കണമെന്നാണ് രാമോപദേശം.ഈ ഭരതന്റെ രാജ്യമാണ് ഭാരതമെങ്കില്‍ അവിടെ സര്‍വ്വരും മംഗളകരമായി പാര്‍ക്കേണ്ടവരാണ്.(ibid) മനോഹരമായിരുന്നു അദ്ധേഹത്തിന്റെ രാഷ്ട്രസങ്കൽപ്പം .ഒരുപക്ഷേ മഹാത്മാഗാന്ധിയുടെ ദേശീയ സങ്കൽപ്പത്തിലെ ആത്മീയതാംശം വിവേകാനന്ദനിൽ നിന്നും കടം കൊണ്ടതാണോ എന്ന് തോന്നിപ്പോവും .

"മാംസബലം കൊണ്ടല്ല ആത്മബലം കൊണ്ടേ ഭാരതീയന് ജയിക്കാനാവൂ.നവീന ഭാരതം ഉടലെടുക്കട്ടെ.കലപ്പയേന്തുന്ന കര്‍ഷകന്റെ കുടിലുകളില്‍ നിന്ന്, ചെരുപ്പുകുത്തികളുടെ,തൂപ്പുകാരുടെ,മീന്‍പിടുത്തക്കാരുടെ ചാളകളില്‍ നിന്ന് നവീന ഭാരതം ഉയരട്ടെ. വഴിയരികില്‍ ചാക്കും കടലയും വില്‍ക്കുന്നവര്‍ക്കിടയില്‍ നിന്ന്,ചെറുകുടിലുകളില്‍ നിന്ന്,ചന്തകളില്‍ നിന്ന് കാട്ടിലും മേട്ടിലും വിയര്‍ത്തൊലിച്ച് അദ്ധ്വാനിക്കുന്നവര്‍ക്കിടയില്‍ നിന്ന് ഭാരതം ഉയരട്ടെ "  വിവേകാനന്ദന്‍ പറഞ്ഞു.(വിവേകാനന്ദന്റെ ആഹ്വാനങ്ങള്‍.പേജ് 383-84).

രാഷ്ട്ര നിര്‍മ്മാണത്തിന്റെ അടിസ്ഥാന നിര്‍ണ്ണയങ്ങള്‍ ഗ്രാമീണരുടെ ക്ഷേമാഭിവൃദ്ധിയാവണം എന്ന ഗാന്ധി ദര്‍ശനം വിവേകാനന്ദന്റെ സംഭാവനയായിരിക്കും എന്ന് പറഞ്ഞുവല്ലോ.പട്ടിണിയുടെ ചുട്ടുപൊള്ളലുകളില്‍ വെന്തെരിയുന്ന തന്റെ ജന്മനാടിന്റെ ഹൃദയ ഭാഗങ്ങളെ ഓര്‍ത്തുകൊണ്ട് വിവേകാനന്ദന്‍ ചിക്കാഗോയിലെ കൃസ്ത്യന്‍ പാതിരിമാരുടെ മുഖത്ത് നോക്കി പറഞ്ഞു. "പാപികളുടെ ആത്മാവിന് മോചനം കിട്ടുന്ന തത്വങ്ങളുമായി നിങ്ങള്‍ കിഴക്കില്‍ വന്ന് മതതപ്രചാരണം നടത്തുന്നു!  അവിടെ മതങ്ങൾ വേണ്ടതിലധികമുണ്ട്.എന്നാല്‍, വരണ്ട തൊണ്ടയോടെ അവര്‍ ആര്‍ത്തലക്കുന്നത് അന്നത്തിനാണ്.പട്ടിണിക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളികെട്ടിക്കൊടുക്കുന്നത് അവരെ പരിഹസിക്കലാണ്.എന്റെ നാട്ടുകാര്‍ക്കിന് വേണ്ടത് വയറ്റിലെ താപമണയുന്ന വിഭവങ്ങളാണ്.(ibid)  വിവേകാനന്ദന്റെ മതം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സമുദ്ധരണമാണെന്നാണര്‍ത്ഥം. പട്ടിണിയും പരിവേദനയും കൊണ്ട് പിഞ്ചോമനകൾ മരിച്ചുവീണു കൊണ്ടിരിക്കുന്ന ആധുനിക ഭാരതത്തിൽ ഐതിഹ്യങ്ങളുടെ രാഷ്ട്രീയം ഭരണകൂടത്തിന്റെ മുഖ്യ അജണ്ടയാവുമ്പോൾ വിവേകാനന്ദന് പ്രസക്തിവർദ്ധിക്കുകയാണ്.





രണ്ട് പൊളിച്ചെഴുത്തുകള്‍ .



 ആര്യന്മാരാണ് ഭാരതീയ ഹൈന്ദവതയുടെ ശിൽപ്പികൾ എന്ന വ്യാജോക്തിയെ അദ്ധേഹം ചരിത്രപരമായി ഖണ്ഡിച്ചു.

ആര്യന്മാരുടെ പിന്തുടര്‍ച്ചാവകാശം ഉറപ്പിക്കുന്നതിലൂടെ തങ്ങൾ ദൈവസ്പര്‍ശങ്ങളുടെ ആശിര്‍വാദം നോടിയവരാകാന്‍ വേണ്ടി അഭിനവ ഹിന്ദുക്കള്‍ ഹൈന്ദവതയുടെ പ്രപിതാക്കളായി ആര്യന്മാരെ വാഴ്ത്തുന്നതിനെ ജ്ഞാനിയായ വിവേകാനന്ദന് അംഗീകരിക്കാനായില്ല.ഭാരതീയ ദര്‍ശനങ്ങളായ ന്യായ,സാംഖ്യ,മീമാംസ,വൈശേഷിക,യാേഗ,വേദാന്ത, അദ്വൈയ്ത,ദ്വൈയ്ത,ബൗദ്ധ,ജൈന വൈഷ്ണവ,ശാക്ത,ശൈശവ,കൗമാര,ഗാണപത്യ തുടങ്ങിയ സിദ്ധാന്തങ്ങള്‍ മുഴുവന്‍ ആര്യന്മാര്‍ വരുന്നതിന് മുമ്പേ  സിന്ധു നദീതീരത്ത് താമസിച്ചിരുന്ന ദ്രാവീഢന്മാര്‍ ആവിശ്കരിച്ചിരുന്നു എന്ന വസ്തുത അദ്ധേഹം സ്ഥാപിച്ചു.

ഹൈന്ദവതയുടെ തീരാശാപമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയും ജാതീയ വ്യവസ്ഥയും മാത്രമാണ് ആര്യന്മാരുടെ സംഭാവനയെന്നും ,അതാകട്ടെ അവരുടെ അപ്രമാദിത്വം ഉറപ്പിക്കാന്‍ വേണ്ടിയുള്ള ക്രൂരമായ നടപടികളുമായിരുന്നുവെന്നും വിവേകാനന്ദൻ തുറന്നുകാട്ടി.  സത്യത്തില്‍ ,ഹൈന്ദവതയെ നശിപ്പിച്ചവരാണ് ഇപ്പോള്‍ അതിന്റെ ശില്‍പ്പികളാവുന്നതെന്ന വിരോധാഭാസം റോളണ്ട് മില്ലര്‍ അടക്കമുള്ള ചരിത്രകാരന്മാര്‍ ഉദ്ധരിച്ചതുമാണ്.




വേദങ്ങളിലും പുരാണങ്ങളിലും അവകളുടെ അന്തര്‍ ധാരകളായി നിലകൊള്ളുന്ന ഏക ദൈവവിശ്വാസത്തെ സമ്പ്രദായിക ഹൈന്ദവ സന്യാസിമാരില്‍ നിന്നും വിഭിന്നനായി വിവേകാനന്ദന്‍ നിരുപാധികമേറ്റെടുത്തു. വിഗ്രഹങ്ങളും പ്രതിഷ്ഠകളും ഹൃദയ ശക്തിയില്ലാത്ത സാധാരണ ഭക്തര്‍ക്ക് ഏകാഗ്രതാമാധ്യമമാണ് എന്ന വ്യാഖ്യാനമാണ് വിവേകാനന്ദന്‍ നല്‍കിയിരുന്നത്.ബ്രാഹ്മണ്യങ്ങള്‍ ആരണ്യകങ്ങള്‍ ഉപനിഷത്തുകള്‍ മല്‍സ്യപുരാണം ,സ്‌കന്ദപുരാണം  തുടങ്ങി രാമായണം, മഹാഭാരതം ,ഭഗവത്ഗീതയിൽ വരെ, അവകളുടെ താളനിബദ്ധതയായി പരമമായ ഏകശക്തിയെ ഉണര്‍ത്തുന്നുവെന്ന് വിവേകാനന്ദന്‍ പറഞ്ഞതിനെ ഏറ്റുപിടിച്ച് കൊണ്ട് ഇപ്പോഴും സെമിറ്റിക്ക് - ഹൈന്ദവ ദാര്‍ശിനിക വേദികളില്‍ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ആരോഗ്യകരമായ മതസംവാദങ്ങൾക്ക് അദ്ധേഹം എതിരായിരുന്നില്ല .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us