loader
blog

In General

By Shuaibul Haithami


ഭോജനം : മനുഷ്യൻ , മതം , ശാസ്ത്രം , രാഷ്ട്രീയം .

വലതുപക്ഷ വ്യതിയാനം സംഭവിച്ച സവർണ്ണ നാസ്തികർ മുസ്ലിംകളുടെ ബലികർമ്മവും മാംസഭോജനവുമായി ബന്ധപ്പെട്ട് കൊണ്ടുന്നയിക്കുന്ന ആരോപണങ്ങളുടെ രാഷ്ട്രീയം , യുക്തിബോധം , മതം എന്നിവ പരിശോധിക്കുകയാണിവിടെ. ഒന്നാം സ്വാതന്ത്ര സമരത്തിന് ശേഷം ,2002 ൽഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ആസൂത്രണങ്ങളുടെ ഭാഗമായാണ് സവര്‍ണഹിന്ദുത്വം ഗോമാംസവിരുദ്ധ രാഷ്ട്രീയം പരസ്യപ്രചാരണായുധമാക്കുന്നത്. പര്‍വീസ് ഫജാണ്ടിയുടെ ‘പ്രോഗ്രാം ഇന്‍ ഗുജറാത്ത്, ഹിന്ദു നാഷനലിസം ആന്‍ഡ് ആന്റി മുസ്‌ലിം വൈലന്‍സ് ഇന്‍ ഇന്ത്യ’ എന്ന പഠനത്തില്‍ അക്കാലത്ത് ഹിന്ദുത്വവാദികള്‍ നടത്തിയ സസ്യാഹാരപ്രചാരണം, മാംസഭോജനവിരുദ്ധ പ്രചാരണം, അവയുടെ അനന്തരഫലം എന്നിവ വിശദീകരിച്ചിട്ടുണ്ട്. ‘അനധികൃത അറവുശാല’, ‘മുസ്‌ലിം അറവുശാല’ തുടങ്ങിയ പദപ്രയോഗങ്ങള്‍ ഗുജറാത്ത് കലാപനാളുകളില്‍ ഫാസിസ്റ്റ് മീഡിയ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ വലിയൊരു ശതമാനം മുസ്‌ലിം ഹോട്ടലുകള്‍ മാംസാഹാരപാചകം നിര്‍ത്തലാക്കി സസ്യാഹാര ശാലകളാക്കിയത് അക്കാലത്ത് അവിടെ നിലനിന്ന മാംസവിരുദ്ധ രാഷ്ട്രീയത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു.

പുല്ലുതിന്നുന്ന പശുവിന്റെ പേരില്‍ അന്നം തിന്നുന്ന മനുഷ്യരെ വിഭജിക്കുന്ന സംഘ്പരിവാര്‍ നീക്കം ഫണംവിടര്‍ത്തിയ നാളുകളില്‍ ഗുജറാത്തിലെ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്ന് അദ്ദേഹം മൗനത്തിലായിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ ഗുജറാത്തില്‍ സാധിപ്പിച്ചെടുത്ത രാഷ്ട്രീയനേട്ടം ദേശീയതലത്തില്‍ ഉറപ്പിച്ചെടുക്കാന്‍ ഇപ്പോഴെന്നും പശുവിനെ കളത്തിലിറക്കുകയാണ്.]


1980കളില്‍ ഉത്തരേന്ത്യയില്‍ നടന്ന സവര്‍ണ ഫാസിസ്റ്റ് താണ്ഡവകാലത്തും മാംസത്തിന്റെ സാമുദായികധ്രുവീകരണ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. ഒര്‍നിക്ക് ശാന്തിയുടെ ‘കമ്മ്യൂണലിസം, കാസ്റ്റ് ആന്‍ഡ് ഹിന്ദു നാഷനലിസം: ദ വൈലന്‍സ് ഇന്‍ ഗുജറാത്ത്’ എന്ന പഠനത്തിലെ കണ്ടെത്തലനുസരിച്ച് ‘മാംസഭുക്കുകളായ മുസ്‌ലിംകള്‍’ എന്ന സംജ്ഞകൊണ്ട് മുസ്‌ലിംകള്‍ക്കെതിരേ ഹൈന്ദവബോധം ഏകീകരിക്കുന്നതില്‍ ഫാസിസ്റ്റുകള്‍ വിജയിച്ചിരുന്നു.

ഹിന്ദുത്വരാഷ്ട്രീയത്തോട് അകന്നുകഴിഞ്ഞിരുന്ന ഉത്തരേന്ത്യയിലെ ‘വാല്‍മീറ്റി’ പോലുള്ള ദലിത് സമൂഹങ്ങളും ‘ജാതല’ പോലുള്ള അധഃസ്ഥിത വിഭാഗക്കാരും സ്വന്തം കീഴാളത്തം വെടിഞ്ഞ് സവര്‍ണ സാംസ്‌കാരിക വൃത്തത്തിലേക്കു കടന്നുകൂടാനുള്ള ശ്രമമെന്ന നിലയില്‍ ആദ്യം ചെയ്തത് മാംസം ഉപേക്ഷിക്കലായിരുന്നു. ഗോമാംസവര്‍ജനം ആചാരമായും പൂര്‍ണമാംസവര്‍ജനം ആദര്‍ശമായും കൊണ്ടുനടന്ന സവര്‍ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്ക് അധഃസ്ഥിത വിഭാഗക്കാര്‍ക്കു പ്രവേശനം നല്‍കലുമുണ്ടായി. ഇങ്ങനെ പ്രവേശനം കിട്ടിയ അവര്‍ണര്‍ പിന്നീട് ബി.ജെ.പിയുടെ ‘വക്താക്കളും സംരക്ഷകരു’മായി മാറി.

‘വിശുദ്ധമൃഗ’ത്തെ ആയുധമാക്കി സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിജയകരമായി പലപ്രാവശ്യം പലതരത്തില്‍ തമ്മിലടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുവെ യുക്തിരഹിതമായ രാഷ്ട്രീയപ്രചാരണങ്ങള്‍ നിലംതൊടാത്ത കേരളത്തില്‍പോലും ‘പോത്തിറച്ചി’യില്‍ തടഞ്ഞു നട്ടംതിരിഞ്ഞിട്ടുണ്ട് രാഷ്ട്രീയവും നവമാധ്യമ ചര്‍ച്ചകളും. ആശയപരമായ തിരിച്ചടിയും മറിച്ചടിയും രൂപപ്പെടേണ്ട കലാലയങ്ങള്‍പോലും ഇറച്ചിയുടെ രാഷ്ട്രീയത്താല്‍ പലവട്ടം ശബ്ദോന്മുഖമായിട്ടുണ്ട്. ഗോവന്ദനവും ഗോവധവും ഇസ്‌ലാമുമായി ബന്ധപ്പെട്ടവയല്ല. എന്നിട്ടും പതിവുപോലെ ഈ വിഷയവും ഇസ്‌ലാം വിമര്‍ശനത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. മാംസഭോജനവും മൃഗബലിയും സാമുദായികഭേദമില്ലാത്ത കാര്യമാണെങ്കിലും ഇസ്‌ലാമിലെ മൃഗബലി, മുസ്‌ലിംകളുടെ ഇറച്ചിപ്രേമം തുടങ്ങിയവ ഉപ്പും മുളകും ചേര്‍ത്ത ചര്‍ച്ചയായി.


 


 


 


ആരോപണം.


ഇതുമായി ബന്ധപ്പെട്ട് സംഘ്പരിവാർ സ്പോൺസേഡ് യുക്തിവാദികള്‍ നിരത്തിയ പ്രധാന വാദങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. മനുഷ്യസ്വഭാവത്തെ അവര്‍ കഴിക്കുന്ന ഭക്ഷണം സ്വാധീനിക്കുമെന്നതിനാല്‍ മാംസാഹാരികള്‍ കഠിനഹൃദയരും ക്രൂരന്മാരുമായിരിക്കും. മുസ്‌ലിംകളില്‍ ഭീകരര്‍ വര്‍ധിക്കുന്നതിനു കാരണമിതാണ്.

2. ആരോഗ്യശാസ്ത്രപരമായി മാംസഭോജനം പി.എം.എസ് സിന്‍ഡ്രോമിനു കാരണമാകും.

3. ആത്മീയപരമായും മാംസം മാനവികമഹത്വം ക്ഷയിപ്പിക്കും. മനുഷ്യന്റെ ആന്തരിക ഗുണങ്ങളായ രജസിക്, തമസിക്, ശാര്‍ത്രിക് എന്നിവയില്‍ മാംസം മൃഗീയതൃഷ്ണയുണര്‍ത്തും. കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും അതുമൂലം വര്‍ധിക്കും.

സവര്‍ണ ഫാസിസ്റ്റുകള്‍ നിയന്ത്രിക്കുന്ന ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലുമെല്ലാം ഇത്തരം വാദങ്ങള്‍ സജീവമാണ്.


 


 


വിശകലനം.


മതം, ഭൂമിശാസ്ത്രം, അഭിരുചി, ശാരീരികാരോഗ്യം, ശാസ്ത്രീയ മാനങ്ങള്‍, പരിസ്ഥിതി, സാമ്പത്തികം എന്നിവ മനുഷ്യന്റെ ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മറ്റെല്ലാറ്റിലുമെന്നപോലെ ഭക്ഷണത്തിലും മനുഷ്യര്‍ പരസ്പരം വിഭിന്നരാണ്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഏറ്റവും കാരുണ്യവാനും സര്‍വജ്ഞനുമായ ആരോഗ്യശാസ്ത്രജ്ഞന്‍ അല്ലാഹുവാണ്. താന്‍ സൃഷ്ടിച്ച മനുഷ്യരുടെ പ്രകൃതം സ്രഷ്ടാവ് പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്) നിങ്ങള്‍ക്കു വിവരിച്ചു തരുന്നവയൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു.’ (ഖുര്‍ആന്‍-5:1).

‘കാലികളെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളും ഉണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.’ (ഖുര്‍ആന്‍-16:5).

‘തീര്‍ച്ചയായും നിങ്ങള്‍ക്കു കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരത്തില്‍നിന്നു നിങ്ങള്‍ക്കു ഞാന്‍ കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്നു നിങ്ങള്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.’ (ഖുര്‍ആന്‍-23:21)

ഈ വചനങ്ങളില്‍നിന്നു കന്നുകാലികളുടെ പ്രയോജനം പാല്, വെണ്ണ, മാംസം, തുകല്‍, കമ്പിളി തുടങ്ങി പലതുമുണ്ടെന്നു ബോധ്യമാകും.


 


യുക്തിഭദ്രത .


ഇസ്‌ലാം മാംസാഹാരം അനുവദിച്ചതിനു പിന്നില്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. ലഭ്യതയാണ് അതിന് ആധാരം. തീരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്കു ധാരാളം മത്സ്യം കിട്ടും. ആര്‍ട്ടിക് പ്രദേശത്തെ എക്‌സിമോകള്‍ മത്സ്യം മാത്രം കഴിച്ച് ജീവിക്കുന്നവരാണ്. മഴ ധാരാളം ലഭിക്കുന്ന സമതലപ്രദേശത്ത് അരിയാണ് പ്രധാന ഭക്ഷണം. പച്ചക്കറിയും ധാരാളം ഉപയോഗിക്കും. സസ്യലതാദികള്‍ തീരെ കുറഞ്ഞ മരുഭൂമികളില്‍ മാംസാഹാരത്തെ ആശ്രയിക്കാതെ വയ്യെന്നതാണു വാസ്തവം. സ്വാഭാവികമായും അറബിനാട്ടിലെ ജനങ്ങള്‍ മാംസാഹാരപ്രിയരായി. ഇക്കാലത്ത് കേരളത്തില്‍ പകുതിയോളം ജനങ്ങള്‍ക്കുപോലും സസ്യാഹാരം കൊണ്ട് ജീവിക്കാന്‍ കഴിയില്ല. ആവശ്യമുള്ളതിന്റെ അഞ്ചുശതമാനം പോലും പച്ചക്കറി ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല. സ്വാഭാവികമായും വിലക്കുറവും ലഭ്യതയുമനുസരിച്ച് ആളുകള്‍ മാംസാഹാരം സ്വീകരിക്കും.

മത്സ്യമുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കുപോലും വികാരമുണ്ടെന്നാണു ശാസ്ത്രം പറയുന്നത്. അക്കാരണത്താല്‍ പച്ചക്കറി കഴിക്കരുതെന്ന് ആരും പറയുന്നില്ല.

അതേപോലെ മത്സ്യം കഴിക്കല്‍ മനഃസാക്ഷിയില്ലാത്ത നടപടിയാണെന്ന് ആരും ഇന്നുവരെ പറഞ്ഞിട്ടില്ല. തായ്‌വാനിലും മറ്റും പാമ്പിനെ ഭക്ഷിക്കുന്നവരുണ്ട്. അതും ആരും എതിര്‍ത്തിട്ടില്ല. മണ്ണിൽ നിന്ന് നേരിട്ട് ലഭിക്കുന്നവയും പച്ചക്കറിയും ഫലങ്ങളുമൊക്കെ മാത്രമേ കഴിക്കാവൂവെന്ന കൃത്രിമ ജൽപ്പനങ്ങളുടെ ശാസ്ത്രീയ യുക്തിയാണ് മനസിലാകാത്തത്.

ജീവികള്‍ക്ക് ഇന്ദ്രിയാനുഭവങ്ങളുള്ളതിനാല്‍ മൃഗബലി പാപമാണെന്നു പറയുന്നവര്‍, പുതിയ ശാസ്ത്രസിദ്ധാന്തമനുസരിച്ച് സസ്യങ്ങള്‍ക്കും ഇന്ദ്രീയാനുഭവമുണ്ടെന്ന സത്യത്തെ തമസ്‌കരിക്കുകയാണ്. സസ്യങ്ങള്‍ കരയുകയും പറയുകയും ചെയ്യുന്നുണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍ നേരത്തെ പറഞ്ഞതാണ്.

മനുഷ്യന്റെ ശ്രവണശേഷി സെക്കന്റില്‍ 15 മുതല്‍ 18,000 ശബ്ദതരംഗം അഥവാ സൈക്കിള്‍ ആണ്. അതിനേക്കാള്‍ ഏറിയതോ കുറഞ്ഞതോ ആയ തരംഗദൈര്‍ഘ്യമുള്ള ശബ്ദം കേള്‍ക്കാന്‍ മനുഷ്യനു കഴിയില്ല. അതിനര്‍ഥം, നമ്മുടെ കേള്‍വിയില്‍ സസ്യങ്ങള്‍ ശബ്ദരഹിതരാണെന്നു മാത്രമാണ്. സസ്യങ്ങൾ പരസ്പരംസംസാരിക്കുകയും വൈകാരികതകൾ പങ്കിടുകയും ചെയ്യുന്നുണ്ട്. ബധിരരും ഊമകളുമുള്‍പ്പെടുന്ന അംഗപരിമിതരാണ് ആരോഗ്യദൃഢഗാത്രരായ മനുഷ്യരേക്കാള്‍ സഹതാപമര്‍ഹിക്കുന്നതെങ്കില്‍ മൃഗങ്ങളേക്കാള്‍ സഹതാപമര്‍ഹിക്കുന്നത് സസ്യങ്ങളാണെന്നു ബോധ്യമാകും. ഒരു മൃഗം നൂറുപേര്‍ക്കു ഭക്ഷണമാകും. നൂറുപേര്‍ക്കു ഭക്ഷണമാകാന്‍ എത്ര സസ്യങ്ങള്‍ വേണ്ടിവരും. മൃഗങ്ങളെ അറക്കുന്നത് മനഃസാക്ഷിയെ സംബന്ധിച്ച് എന്താണോ അതുതന്നെയാണ് സസ്യഛേദനത്തിലുമുള്ളത്.


 

പുരാണം .


ഒരു ഹിംസയും ഇന്ത്യന്‍ മതങ്ങള്‍ അനുവദിക്കുന്നില്ലെന്നത് സൈദ്ധാന്തികമായി ശരിയല്ല. വേദകാലത്തും തുടര്‍ന്നും ദേവന്മാര്‍ മാംസം കഴിച്ചിരുന്നതിനു പരാമര്‍ശമുണ്ട്. ബ്രാഹ്മണര്‍ ബലിമൃഗത്തിന്റെ മാംസം ഭക്ഷിച്ചതിനും തെളിവുണ്ട്.

‘ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യര്‍ക്കു വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏതു മൃഗത്തിന്റെയും മാംസം മനുഷ്യനു ഭക്ഷിക്കാവുന്നതാണ.’ (മനുസ്മൃതി.-അധ്യായം 5, ശ്ലോകം 30), ‘പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നു.’ (ഋഗ്വേദം-67), ‘പൗരാണിക കാലത്ത് പശുവിറച്ചി കഴിക്കാത്തവരെ ഉത്തമഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല’ (സ്വാമി വിവേകാനന്ദന്‍). ഇത്തരം പരാമര്‍ശങ്ങള്‍ക്കുകൂടി അവര്‍ മറുപടി പറയേണ്ടതുണ്ട്.


അപവാദങ്ങള്‍.


അഹിംസ രാഷ്ട്രീയായുധമാക്കിയ രാഷ്ട്രപിതാവ് യങ് ഇന്ത്യയില്‍ ചൂടുവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രമേ കുടിക്കാനാവൂ എന്നുപദേശിച്ചിട്ടുണ്ട്. ഒരു ഗ്ലാസ് പച്ചവെള്ളം ചൂടാക്കുമ്പോള്‍ കോടിക്കണക്കിനു ബാക്ടീരിയ ചത്തുപോകും. ബാക്ടീരിയ ജീവിയല്ലെന്ന വാദമുണ്ടാകില്ലല്ലോ. രക്തമൊഴുക്കുന്ന ഏതു കൃത്യവും മാനവികവിരുദ്ധമാണെങ്കില്‍ ഗര്‍ഭിണിയുടെ വയറുകീറി രക്തം ചിന്തി നവജാതശിശുവിനെ പുറത്തെടുക്കുന്നത് തെറ്റാണെന്നു പറയേണ്ടിവരും. ആരാധനയുടെ ഭാഗമായി ഇസ്‌ലാമില്‍ മൃഗബലിയുണ്ട്. അതിനര്‍ഥം മുസ്‌ലിംകള്‍ക്കു ജീവകാരുണ്യമില്ലെന്നല്ല, അത്തരം വികാരങ്ങള്‍പോലും നാഥനു മുന്നില്‍ ബലികര്‍മത്തിലൂടെ അടിയറവു വയ്ക്കുകയാണ്. മറ്റുചില സമൂഹങ്ങളില്‍ ഇപ്പോഴും നരബലിപോലും നടക്കുന്നുണ്ട്. ആഭിചാരത്തിന്റെ ഭാഗമായി ബാലികമാരെ ബലിയര്‍പ്പിക്കുന്ന ദൃശ്യം പലപ്പോഴും ഉത്തരേന്ത്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പശുവിനെ അറുത്തവരെയും പശുമാംസം കഴിച്ചവരെയും അറുകൊലചെയ്യുന്ന ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ ചെയ്യുന്നത് മൃഗത്തെ കൊല്ലുന്നതിനേക്കാള്‍ ഭീകരമായ കശാപ്പാണ്.


ശാസ്ത്രം .


ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ആഹാരരീതി സസ്യവും മാംസവും ഇടചേര്‍ന്ന മിശ്രഭോജനമാണ്. മനുഷ്യന്റെ ശരീരഘടനയും ദഹനവ്യവസ്ഥയും അതിനെ ശരിവയ്ക്കുന്നു. മാംസഭുക്കുകളുടെ പല്ലുകള്‍ കൂര്‍ത്തതാണ്. സസ്യഭുക്കുകളുടെ പല്ലുകള്‍ പരന്നതും. മനുഷ്യനു രണ്ടിനം പല്ലുകളുമുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥയില്‍ ലിവ്വേസ്, ട്രിപ്പസസ്, കിന്നോട്രിപ്പിസസ് തുടങ്ങിയ മാംസദഹനത്തിനാവശ്യമായ എന്‍സൈമുകളുണ്ട്. മാംസാഹാര പ്രിയരായതിനാല്‍, മുസ്‌ലിംകള്‍ ക്ഷിപ്രകോപികളും രണവീരന്മാരുമാണെന്നതാണു ഗുരുതരമായ ആരോപണം.


തിന്നുന്ന മാംസത്തിന്റെ സ്വഭാവം മനുഷ്യനു ലഭിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇനി, അതു ശരിയാണെങ്കില്‍തന്നെ പന്നിയുടെയും പട്ടിയുടെയും ഇറച്ചി നിത്യവും കഴിക്കുന്നവരുടെ സ്ഥിതിയെന്തായിരിക്കും. സിംഹം, കടുവ, പുലി തുടങ്ങിയ ഹിംസ്രജന്തുക്കളുടെ മാംസം ഇസ്‌ലാമില്‍ നിഷിദ്ധമാണ്. മാട്, ആട്, മുയല്‍, മാന്‍ തുടങ്ങിയ മൃദുലജീവികളെയാണ് ഇസ്‌ലാം അനുവദിച്ചുതരുന്നത്.

അക്രമം കാണിക്കുന്ന മുസ്‌ലിം നാമധാരികളുടെ പേരില്‍ മുസ്‌ലിംകളെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നതിലും ഭീകരതയ്ക്കു കാരണം അവരുടെ മാംസാഹാരപ്രിയമാണെന്നു പറയുന്നതിലും അര്‍ഥമില്ല. ഭീകരവാദത്തിന്റെ കാരണവുമായി തട്ടിച്ചുനോക്കിയാല്‍ നക്‌സല്‍, ബോഡോ, ഉള്‍ഫാ, ക്രിസ്ത്യന്‍, ഹിന്ദു ഭീകരവാദികളുടെ ഭക്ഷണ മെനുവും ചര്‍ച്ചചെയ്യേണ്ടിവരും. മാനസിക പിരിമുറുക്കവും ആത്മഹത്യയും വിവാഹമോചനവും ലൈംഗികാതിക്രമവും ഏറ്റവും കുറവ് പരലോക വിശ്വാസികളിലാണെന്നത് അംഗീകരിക്കപ്പെട്ടതാണ്. മുസ്‌ലിംകള്‍ അക്കാര്യത്തില്‍ മാതൃകയാണ്.

മാംസാഹാരികള്‍ സമാധാനരാഹിത്യത്തിന്റെ വക്താക്കളാകുമെന്നതാണ് മറ്റൊരു വാദം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാക്കളായ മഹേഷ്ചന്ദ് ബെഗാന്‍, യാസര്‍ അറഫാത്ത്, അന്‍വര്‍ സാദത്ത്, മദര്‍തെരേസ തുടങ്ങിയവര്‍ മിശ്രഭുക്കുകളായിരുന്നു. ലക്ഷക്കണക്കിനു മനുഷ്യരെ ഗ്യാസ് ചേംബറിലിട്ട് കൊല്ലുകയും അതില്‍ സുന്ദരികളുടെ പല്ലുകൊണ്ട് കുപ്പായക്കുടുക്കുണ്ടാക്കി അണിയുകയും ചെയ്ത ഹിറ്റ്‌ലര്‍ ജീവിതത്തിലൊരിക്കലും മാംസം കഴിച്ചിട്ടില്ല.

ലൈംഗികാതിക്രമങ്ങളില്‍ ഏറ്റവും കുറവ് ആഗോളതലത്തില്‍ മുസ്‌ലിംകളാണ്. വേശ്യാലയങ്ങളും എല്‍.ജി.ബി.ടിയുമൊക്കെ നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ മുസ്‌ലിം രാജ്യങ്ങളില്ല. ഇത്തരം കേസില്‍ ഇന്ത്യയില്‍ പിടിക്കപ്പെടുന്നവരിലും മുസ്‌ലിംകള്‍ തുച്ഛമാണ്.

മാംസാഹാരികള്‍ക്ക് രോഗം കൂടുമെന്നത് ശരിയാവാം. അതിനു കാരണം, പതിവായി മാംസം കഴിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. ആഴ്ചയില്‍ ഒരിക്കലേ പ്രവാചക തിരുമേനി (സ) മാംസം കഴിച്ചിരുന്നുള്ളൂ. മനുഷ്യന്റെ ശക്തിയും സൗന്ദര്യവും മാംസാഹാരം ഇല്ലാതാക്കുമെന്ന വാദം മറുപടി അര്‍ഹിക്കുന്നില്ല. ശരീരസൗന്ദര്യ മത്സരത്തില്‍ മുപ്പതോളം തവണ ലോകചാംപ്യനായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍, ബോക്‌സിങ്ങ് ഇതിഹാസങ്ങളായ ടൈസണ്‍, മുഹമ്മദലി, നക്ഷത്രങ്ങള്‍ അസൂയവച്ചെന്നു ഷേക്‌സ്പിയര്‍ വിശേഷിപ്പിച്ച മാദകറാണി ക്ലിയോപാട്ര തുടങ്ങിയവരെല്ലാം മിശ്രഭുക്കുകളായിരുന്നു. ഏറ്റവും മികച്ച സ്വരരാഗമുള്ളവരും ഉറച്ചശബ്ദമുള്ളവരും തഥൈവ. അതേസമയം ഏറ്റവും അരോചകശബ്ദമുള്ള കഴുത മാംസഭുക്കല്ല.


സാമൂഹികം.

കന്നുകാലികളുടെ അറവും ഭോജനവും നിരോധിക്കപ്പെട്ടാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പകരം തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു സാധിക്കണമെന്നില്ല. കന്നുകാലികളുടെ അനിയന്ത്രിതമായ എണ്ണപ്പെരുപ്പം ഗുരുതരമായ ആരോഗ്യപാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ഇപ്പോള്‍ത്തന്നെ രാജ്യത്തെ വന്‍കിട നഗരങ്ങളിലും രണ്ടാംകിട പട്ടണങ്ങളിലും കന്നുകാലികളുടെ ഘോഷയാത്രയാണ്. അവയ്ക്കിടയിലും ഗര്‍ഭനിരോധന മാര്‍ഗമോ അബോര്‍ഷന്‍ സൗകര്യങ്ങളോ വേണ്ടിവരുമെന്ന സോഷ്യല്‍ മീഡിയാ കമന്റ് ചിരിക്കാനല്ല, ചിന്തിക്കാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത്.

ഇത്തരം മതേതരപ്രശ്‌നങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരേ മതമേധാവികളും രംഗത്തുവരേണ്ടതുണ്ട്. ഗോവധനിരോധനം ഭരണഘടനാനുസൃതമാക്കാന്‍ പഴുതില്ലാത്ത സാഹചര്യത്തില്‍ അത്തരം ശ്രമങ്ങള്‍ ശിഥിലീകരണത്തിനേ കാരണമാവുകയുള്ളൂ. അതിശക്തമായ സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് ഡോ. അംബേദ്ക്കര്‍ ഗോവധ നിരോധനവാദത്തെ നിയമമാക്കാതിരുന്നത്. പശു അമ്മയാണെങ്കില്‍ കാള അച്ഛനാവുന്നതില്‍ ഞാന്‍ നാണിക്കുന്നുവെന്നാണു സ്വാമി വിവേകാനന്ദന്‍ പറയുന്നത്. പെറ്റമ്മയോട് നന്ദികേട് കാട്ടുന്ന കാലത്ത് വിവേകാന്ദോക്തിക്കു സാധുത വര്‍ധിക്കും.

പൗരസമൂഹം എന്തു ചിന്തിക്കണമെന്നു ഭരണകൂടം തീരുമാനിക്കുന്ന സാംസ്‌കാരിക ഫാസിസത്തിന്റെ കരിംഭൂതങ്ങള്‍ ചിന്തിക്കുന്നവരെ അസ്വസ്ഥപ്പെടുത്തുന്ന ഒരിടത്തുവച്ച് അവരെന്ത് തിന്നണമെന്നു കൂടി ഭരണകൂടം തീരുമാനിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുകയാണ്. അതിനാല്‍ ഇറച്ചി തിന്നല്‍ ഒരു മതവിഷയമല്ല, മറിച്ചൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണിപ്പോള്‍.


 

സാമ്പത്തികം.


പരലോക പ്രതിഫലം അതിയായി കാംക്ഷിക്കുന്ന തികഞ്ഞ വിശ്വാസികളാണു പൊതുവേ ബലിയറുക്കാനും ഇറക്കാനുമൊക്കെ മുന്‍പന്തിയിലുണ്ടാവുന്നത്. അവര്‍ അതേ പ്രാധാന്യത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഇടപെടുന്നവരാണ്. ഒന്ന് മറ്റൊന്നിനു പ്രചോദനമാവുന്ന രൂപത്തില്‍ മതവിശ്വാസത്തെ രാഷ്ട്രീയമുക്തമായി കൊണ്ടുനടക്കുന്ന ഒരു ജനതയെ അഭിസംബോധന ചെയ്ത്, ബലിയര്‍പ്പിക്കേണ്ട പോത്തുകളുടെ പണം കണക്കുകൂട്ടി അത്രയും തുക പാവങ്ങള്‍ക്കു കൊടുത്താല്‍ പുണ്യം കിട്ടില്ലേയെന്ന് ചോദിക്കുന്നത് പ്രായോഗിക ധനതത്വശാസ്ത്രത്തിന്റെ വട്ടപ്പൂജ്യത്തിലിരുന്നു കൊണ്ടാണ്. ഭക്ഷണം കുറച്ചുകൊണ്ട് മിച്ചം വരുന്ന പണംകൊണ്ട് കാറു വാങ്ങിക്കൂടേയെന്ന് ചോദിക്കുംപോലെയാണത്.

കേരളത്തിലെ മുസ്‌ലിം സംഘടനകളും വ്യക്തികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മത്സരബുദ്ധിയോടെ വ്യാപൃതരാണ്. അവരെ സമീപിച്ച് ‘ബലിയര്‍പ്പിക്കേണ്ട പോത്തിനു കണക്കാക്കിയ പണം കൂടി ഇങ്ങെടുക്കൂ’ എന്നു പറഞ്ഞാല്‍ വിശ്വാസത്തെ ദ്രോഹിക്കലാണ്. ഓരോന്നിനും കൊടുക്കേണ്ട മൂല്യത്തെക്കുറിച്ചു കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും നല്ല ധാരണയുണ്ട്. ബലിദാനവും പെരുന്നാള്‍ ഭക്തിയും അല്ലാഹുവിനുള്ളതാണ്. ഇറച്ചി പാവങ്ങള്‍ക്കും. സഊദിയില്‍ ഹജ്ജിന്റെ പ്രായശ്ചിത്തമായും ബലിയായും അറുക്കപ്പെടുന്ന ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മാംസമാണ് ആഫ്രിക്കയില്‍ മാസങ്ങളോളം അന്നം.


 

മാനസികം.


മനസ് .മാത്രമല്ല, അതിലെ വികാരങ്ങള്‍ സൃഷ്ടിച്ചതും ഇസ്‌ലാമിക വിശ്വാസത്തില്‍, ബലികര്‍മം പുണ്യമാക്കിയ അല്ലാഹുവാണ്. അല്ലാഹു തന്നെയാണ്, മാത്രമാണ്. പ്രസ്തുത വികാരങ്ങളില്‍ ഏറ്റവും സാന്ദ്രമായതില്‍പെട്ടതാണ് അലിവ്, കൃപ, ദയ, ദീനാനുകമ്പ എന്നിവ. ആളുകള്‍ക്ക് സമ്പത്തും സമയവുമൊക്കെ അല്ലാഹുവിനു നല്‍കാന്‍ കഴിഞ്ഞേക്കാം. ചില ഘനവികാരങ്ങളും അവന്റെ മാര്‍ഗത്തില്‍ തിരിച്ചുവിടാനായേക്കാം, ഇഷ്ടവും ദേഷ്യവുമൊക്കെപ്പോലെ. പക്ഷേ, നിര്‍മലവികാരമായ അലിവും കൃപയും അവനുവേണ്ടി കരഗതമാകണമെങ്കില്‍ കുറഞ്ഞ വിശ്വാസബലം പോര. അതിനാലാണല്ലോ അല്ലാഹുവിന്റെ ചങ്ങാത്തം നല്‍കപ്പെടാനുള്ള യോഗ്യതയ്ക്ക് ഇബ്‌റാഹീം പ്രവാചകനോട് പുത്രനെ അറുക്കാന്‍ കല്‍പ്പന വന്നത്. കാരുണ്യപ്രഹര്‍ഷമെന്നു ഖുര്‍ആന്‍ തന്നെ വാഴ്ത്തിയ അന്ത്യപ്രവാചകന്‍ ചെയ്ത ഹജ്ജില്‍ അറുപത്തിമൂന്ന് മൃഗങ്ങളെ സ്വന്തം കരങ്ങള്‍കൊണ്ട് അറുത്തിട്ടുണ്ട്. തന്റെ വക നൂറു തികയ്ക്കാന്‍ ബാക്കി ജാമാതാവ് അലി ബിന്‍ അബീത്വാലിബിനെ ഏല്‍പ്പിക്കുകയും ചെയ്തു. അന്നും സമൂഹത്തില്‍ നല്ല ദാരിദ്ര്യവും ഒട്ടകത്തിനും ആടിനും പൊന്നും വിലയുമുണ്ടായിരുന്നു.

ഒരു ഉരുവിനെ അറുക്കുമ്പോള്‍ മനസില്‍ തോന്നുന്ന വൈകാരിക താരള്യങ്ങള്‍ ആ വികാരങ്ങളുണര്‍ത്തിത്തന്നവനു തിരികെ നല്‍കലാണ് യഥാര്‍ഥത്തില്‍ ബലി-. ആ വൈകാരിക സമര്‍പ്പമാണ് അല്ലാഹുവിലെത്തുക, രക്തമല്ല.

അതു വിശ്വാസത്തില്‍ ക്രൂരതയല്ല, കാരുണ്യമാണ്. കാരണം, സ്വാഭാവികമായി നാശമടഞ്ഞുപോവുന്ന മൃഗങ്ങള്‍ മൃഗങ്ങള്‍ മാത്രമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബലിയുരുക്കള്‍ സ്വര്‍ഗത്തിലെ വാഹനങ്ങളും. ബലിയറുക്കുമ്പോള്‍ നടക്കുന്ന വൈകാരിക വിശ്ലേഷണവും പാവങ്ങള്‍ക്ക് സമ്പത്ത് ദാനം നല്‍കുമ്പോള്‍ തോന്നുന്ന വൈകാരിക ഉണര്‍വും രണ്ടാണ്. ഒന്നാമത്തേതില്‍ വിശ്വാസി അല്ലാഹുവിനു വേണ്ടി മാത്രം സമര്‍പ്പിക്കുന്നു. കാണാനാകാതെ കണ്ണുചിമ്മിപ്പോവുമ്പോഴും തക്ബീര്‍ ചൊല്ലി മൃഗത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നു. വിശ്വാസം ഏറ്റവും മുഗ്ദ്ധമാവുന്ന സമയമാണത്. ഒരുപക്ഷേ, ജീവിതകാലം മുഴുവന്‍ അല്ലാഹുവിനായി മാറാന്‍ പ്രേരിപ്പിച്ചേക്കാവുന്ന അനുരണനങ്ങള്‍.

രണ്ടാമത്തേത്, ആനന്ദമാണ്. മറ്റുള്ളവര്‍ക്കിടയില്‍ പോരിമ കൊള്ളാനും അവസരമുള്ള ഉല്ലാസക്രിയ. അപ്പോള്‍ പിന്നെ ഒന്നാമത്തേത് നിര്‍ത്തിവച്ച് രണ്ടാമത്തേതു മാത്രം മതിയെന്നു പറയുന്നവര്‍ക്ക് എന്താണ് ഇസ്‌ലാമെന്നു മനസിലായിട്ടില്ലെന്നു പറയേണ്ടിവരും.


സൂഫീധാര.


എന്നാൽ മറ്റൊരു ശ്രദ്ധേയമായ ഒരു കൂടി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട് . ഇന്ത്യയിലെ വ്യവസ്ഥാപിത മുസ്ലിം സമാജങ്ങൾ ഒരിടത്തും പശുവിനെ ബലിയറുക്കുന്നില്ല. ഭൂരിപക്ഷ സമുദായം വിശുദ്ധ മൃഗമായി പരിഗണിക്കുന്ന പശുവിനെ അറവിന്റെ പട്ടികയിൽ പെടാത്തതിന് പിന്നിൽ സൂഫീ ഉലമാക്കളുടെ ഫത്വകൾ വരെ കാണാനാവുന്നതാണ്. 

നിലനിൽക്കുന്ന ഏതൊരു വ്യവസ്ഥയോടും പാകമാവുന്ന അനുഷ്ഠാന വ്യവസ്ഥകൾ ഇസ്ലാമിലുണ്ട് . അത്കൊണ്ടാണ് ഒട്ടകം മുതൽ കോഴി വരെ ബലിപ്പട്ടികയിൽ ഇടം പിടിച്ചത്. അക്കൂട്ടത്തിൽ ഇന്നത് തന്നെ വേണമെന്ന നിബന്ധനയില്ല. 

മൽസ്യം ദിവ്യയാനമായതിനാൽ കൊന്ന് തിന്നാൻ പാടില്ലെന്ന ഹൈന്ദവ ബോധം നാളെ പ്രബലമായാൽ അവിടെയും മതാത്മകമായി മുസ്ലിംകൾക്ക് ഒത്ത് പോവാനാവും . എന്നാൽ , അത്തരം ബോധങ്ങളുടെ രാഷ്ട്രീയവൽക്കരണങ്ങൾക്കെതിരെ രാഷ്ട്രീയപരവും നിയമപരവുമായി മുസ്ലിംകൾക്ക് നീങ്ങുകയുമാവാം . അപ്പോഴും ,ബഹുസ്വരമായ സാമൂഹിക സാഹചര്യങ്ങളെ കൂടി ഉൾക്കൊണ്ട് മാത്രമാണ് എക്കാലത്തും ഉലമാക്കൾ സമുദായത്തിന് സാമൂഹികാവബോധവും രാഷ്ട്രീയ വഴികളും നിർദ്ദേശിച്ച് നൽകിയത്. സമരങ്ങളേക്കാൾ സഹവർത്തിത്വമാണ് ആത്യന്തികമായവിടെ പരിഗണിക്കപ്പെടുക.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us