loader
blog

In General

By Shuaibul Haithami


വിദ്യാഭ്യാസ പരിഷ്ക്കരണം : ലിംഗാവബോധം , ശാസ്ത്രാവബോധം .

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി. ഇ .ആർ . ടി) പുറത്തിറക്കിയ " പാഠ്യപദ്ധതി ചട്ടക്കൂടുകൾ " എന്ന സമൂഹ ചർച്ചക്കുള്ള കുറിപ്പ് ഒട്ടനേകം പുരോഗമനപരമായ ആശയങ്ങളും അത്യന്തം അപകടരമായ വീക്ഷണങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. നേരത്തെ പുറത്തിറക്കിയ കരട് രേഖയിലെയും ഇത് സംബന്ധമായ കുടുംബ ശ്രീ കൈപ്പുസ്തകത്തിലെയും വിവാദപരാമർശങ്ങൾ നീക്കം ചെയ്യാതെയാണ് പുതിയ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത് എന്നതിനാൽ കൂടുതൽ ഗൗരവമായ അവലോകനവും ജാഗ്രതയും പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏത് പരിഷ്ക്കരണവും അതിന്റെ ഉപയോക്താക്കളുമായുള്ള മതിയായ കൂടിയാലോചനകൾക്കും വിഷയപാടവമുള്ളവരുമായുള്ള സംവാദങ്ങൾക്കും  ഭരണകർതൃത്വത്തിൽ പരിണിതപ്രജ്ഞരായ അനുഭവസ്ഥരോടുള്ള ആശയ വിനിമയങ്ങൾക്കും ശേഷമേ പ്രയോഗവൽക്കരിക്കാൻ പാടുള്ളൂ. അക്കാര്യത്തിൽ സർക്കാർ വേണ്ടത്ര സൂക്ഷ്മതയും അവധാനതയും പുലർത്തണമെന്ന് വിനയപൂർവ്വം ആവശ്യപ്പെട്ടുകൊണ്ട് , ഉപര്യുക്ത ചട്ടക്കൂടിന്റെ ഉള്ളടക്കങ്ങളോടുള്ള വിയോജിപ്പിന്റെ നിദാനങ്ങൾ ചുവടെ ചേർക്കുന്നു. 




ഒന്ന് : ജ്ഞാനസമൂഹം ( Knowledge Society) യെ സംബന്ധിച്ച കാഴ്ച്ചപ്പാടിനോള്ള വിയോജിപ്പ്. 


1990 കളിൽ തന്നെ വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം തള്ളിക്കളഞ്ഞ ഭൗതികമാത്ര ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള  വ്യക്തികേന്ദ്രീകൃത അറിവുൽപ്പാദനം , ക്രിട്ടിക്കൽ പെഗഗോജി , സോഷ്യൽ കൺട്രക്ടീവിസം തുടങ്ങിയ സങ്കൽപ്പങ്ങൾ ഉൾച്ചേർത്തി നിർവ്വചിച്ച " ജ്ഞാനസമൂഹം " എന്ന കാഴ്ച്ചപ്പാട് അപൂർണമാണ്. സൃഷ്ടിപരമായ സ്വയം കണ്ടെത്തുന്ന അറിവുകൾ പോലെയോ അതിനേക്കാളോ പ്രധാനപ്പെട്ടതാണ് ലബ്ദമാവുന്ന പരമ്പരാഗതവും ധാർമ്മികവുമായ കൈമാറ്റ ജ്ഞാനങ്ങളും .

ജനാധിപത്യ ഭരണഘടനകൾ , സാംസ്ക്കാരിക മൂല്യങ്ങൾ , മാനവിക നന്മകൾ തുടങ്ങിയവ ആശ്രയിച്ച് നിൽക്കുന്നത് അവയോടാണ്.

മാത്രമല്ല , അറിവിന്റെ ഉൽപ്പാദനം മാത്രം ഒരു ജ്ഞാനസമൂഹത്തെ നിർമ്മിക്കില്ല . അത് വിദ്യാഭ്യാസ കുത്തകവൽക്കരണത്തിനേ കാരണമാവൂ .

മറിച്ച് , അറിവിന്റെ സൗജന്യമായ വിതതരണവും വിതരണ ശ്രംഖലകളും അവയ്ക്കിടയിലെ പരസ്പര ബഹുമാനങ്ങളും ചേരുന്നതാണ് ജ്ഞാന സമൂഹം (Knowledge Society )  എന്ന വിശാല സങ്കൽപ്പം .




രണ്ട് : വിദ്യാഭ്യാസത്തിന്റെ ദർശനവും ലക്ഷ്യവും നിർണ്ണയച്ചതിനോടുള്ള വിയോജിപ്പ്.



ഇന്നത്തെ കുട്ടികൾ ജീവിക്കുന്ന ലോകക്രമം മൽസരാധിഷ്ഠിതമാണ് എന്ന ആമുഖത്തോടെ തുടങ്ങുന്ന നിരീക്ഷണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം

 " കരിയറിസം " അഥവാ ഉയർന്ന ശമ്പളവും ജീവിതനിലവാരവുമുണ്ടാക്കാനുള്ള മാർക്കുൽപ്പാദയജ്ഞമാണെന്ന വായനയാണ് ഫലത്തിലുളവാക്കുന്നത്.

ബുദ്ധിപരമായും സാങ്കേതികമായും പിന്നോക്കാവസ്ഥയിലുള്ളവരെ അഭിസംബോധന ചെയ്യാത്ത വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം കൃത്യമല്ല .

അതിനപ്പുറം , മൽസരാധിഷ്ഠിതമല്ലാതെ ഓരോ വ്യക്തിക്കും തന്റേതായ സംഭാവനകൾ നൽകാനാവുകയും രാഷ്ട്ര -സമൂഹ നിർമ്മിതിയിൽ അവയോരോന്നും വിലമതിക്കപ്പെടുകയും ചെയ്യുന്ന ലോകക്രമത്തെ പ്രോൽസാഹിപ്പിക്കുന്നതാവണം ഭാവിയുടെ വിദ്യാഭ്യാസ വീക്ഷണം .



മൂന്ന് : തുടർച്ചയായി ആവർത്തിക്കപ്പെടുന്ന പദങ്ങൾ കൊണ്ടുള്ള  ഉദ്ദേശ്യങ്ങളെ സംബന്ധിച്ച വ്യക്തതക്കുറവ് .



117 പേജുകളിലായി 26 അധ്യായങ്ങൾ ചേർത്ത കുറിപ്പിൽ ഏറ്റവുമധികം ഇടം പിടിച്ച പദങ്ങൾ ലിംഗനീതി , ലിംഗസമത്വം , ലിംഗാവബോധം , ജൻഡർ ഓഡിറ്റിംഗ് ,യുക്തിചിന്ത എന്നിവയായിരിക്കും . ( പേജ് 10 , 16 , 18 ,  20 , 22 , 23 , 24 , 44 , 63 , 69 , 71 , 79 , 80 , 81 etc )

വിദ്യാസമ്പന്നമായ ഒരു പ്രദേശത്തോട് ചേരാത്ത പലപ്രവണതകളും ഇവിടെ നിലനിൽക്കുന്നു എന്ന ആമുഖത്തോടെ വിശദീകരിക്കുന്ന നിർദ്ദേശങ്ങളിലാണ് ഇത്തരം പദങ്ങൾ ഇടം പിടിച്ചിരിക്കുന്നത്.

ലിംഗനീതി എന്നത് കൊണ്ടുള്ള ഭരണഘടനാപരമായ വിവക്ഷ എല്ലാവർക്കുമറിയാം . ലിംഗവിവേചനമില്ലാതെ വിദ്യാഭ്യാസ പ്രക്രിയയുടെ സർവ്വതലങ്ങളിലും അവസരസമത്വം സൃഷ്ടിക്കുക എന്നതാണതിനർത്ഥം .

അതല്ലാതെ , പ്രകൃതിപരമായും ജൈവികമായും അപ്രായോഗികമായ "ലിംഗസമത്വം " എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇത്ര വിശാലമായ ചട്ടക്കൂട്ടിൽ വിശദീകരിച്ചിട്ടില്ല.

ലിംഗാവബോധം എന്ന അത്യന്തം ദുരുപയോഗ സാധ്യതയുള്ളതും പ്രാഥമികതലത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ചേടുത്തോളം മനസ്സിലാക്കാൻ പറ്റാത്തതുമാണ്.

ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒരു പക്ഷേ ആവശ്യമായേക്കാവുന്ന പദങ്ങൾ പ്രീ സ്ക്കൂൾ തലം മുതൽക്കേ അനാവശ്യമായി പരിചയപ്പെടുത്തുന്നത് എമണ്ടൻ മണ്ടത്തരമാണ് .




നാല് : ജൻഡർ അഥവാ ലിംഗഭേദം എന്ന അനാവശ്യ ചർച്ച പാഠ്യപദ്ധതിയിൽ ഉൾച്ചേർത്തിയതിനോടുള്ള വിയോജിപ്പ്.



16 ആം അധ്യായം , 80 ആം പേജിൽ ജൻഡർ ഒരു സാമൂഹ്യ നിർമ്മിതിയാണെന്ന് പറയുന്നുണ്ട്. ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം പോലും Sex ൽ നിന്നും Gender നെ വേർതിരിക്കുന്ന രീതി കൃത്രിമമാണെന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്. ജനനത്തിന് മുമ്പ് തന്നെ ജൈവികമായി നിർണ്ണയിക്കപ്പെടുന്ന ലിംഗം ജഡിക എന്ന യാഥാർത്ഥ്യത്തെ അവഗണിച്ച് കേവലം മനോപരികൽപന മാത്രമായ മറ്റൊരു അശാസ്ത്രീയ വാദഗതിയെ സർക്കാർ ചെലവിൽ പരിഷ്ക്കരണം എന്ന ന്യായത്തിൽ അടിച്ചേൽപ്പിക്കുന്നത് ഒട്ടും ക്ഷന്തവ്യമല്ല .

മതിയായ ശാസ്ത്രീയ സംവാദങ്ങളൊരുക്കാനെങ്കിലും ഒന്നാം ഘട്ടത്തിൽ പരിഷ്ക്കരണ കമ്മറ്റി തയ്യാറാവേണ്ടതുണ്ട് .

ലൈംഗിക ന്യൂനപക്ഷത്തെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഗണത്തിലാണ് ഉൾപ്പെടുത്തേണ്ടത്. അവരുടെ ജനാധിപത്യപരമായ അവകാശങ്ങൾ മാനിക്കപ്പെടട്ടെ. പക്ഷെ , കേരളീയ രീതികളോടും ശാസ്ത്രീയ വസ്തുതകളോടും ഇനിയും ചേരാത്ത രീതികൾക്ക് വേണ്ടി എല്ലാവരെയും ബാധിക്കുന്ന തെറ്റായ മാറ്റങ്ങളും സിദ്ധാന്തങ്ങളും  കൊണ്ടുവരേണ്ടതില്ല .




അഞ്ച് : യുക്തിചിന്ത എന്ന കാഴ്ച്ചപ്പാടിന് നൽകുന്ന അമിതപ്രാധാന്യത്തോടുള്ള വിയോജിപ്പ് .



സർഗാത്മകത , ശാസ്ത്രാവബോധം എന്നിവയോടൊപ്പം ചേർത്ത് പറയപ്പെട്ട യുക്തിചിന്ത , വിമർശനാത്മകബോധം എന്ന കാഴ്ച്ചപ്പാട് ഒരു പരിധിക്കപ്പുറം വിപരീതഫലമാണുളവാക്കുക.

മാതാപിതാക്കളെയും അധ്യാപകരെയും നിയമസംവിധാനങ്ങളെയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിൽ പുതിയ തലമുറ വൈമനസ്യപ്പെടുന്നതിന്റെ കാരണം അവർക്കിടയിലെ സ്വതന്ത്രയുക്തിചിന്തയാണെന്ന വസ്തുത വിസ്മരിക്കാവതല്ല . മാത്രമല്ല , Social Ethics and Morality യെ കുറിച്ച് മൗനം പാലിക്കുകയും യുക്തിചിന്തയെ കുറിച്ച് മാത്രം സംസാരിക്കുകയും മതരഹിത ജ്ഞാനസങ്കൽപ്പത്തെ മാത്രം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ചട്ടക്കൂടിന്റെ ഉന്നവും ലക്ഷ്യവും നിക്ഷ്പക്ഷമല്ലെന്ന് വ്യക്തമാണ്.

ശാസ്ത്രാവബോധമാണ് യുക്തിചിന്തയുടെ കൂടെ പലയിടത്തും ചേർത്ത് പറയപ്പെട്ട പദം .

ശാസ്ത്രാവബോധവും ശാസ്ത്രചിന്തയും പ്രോൽസാഹിപ്പിക്കപ്പെടുക തന്നെ വേണം.

എന്നാൽ , ജീവിതത്തിലെ എല്ലാ ശരിയും തെറ്റും നിർണ്ണയിക്കാൻ മാത്രം ആശയ വിശാലത അതിനില്ല എന്ന യാഥാർത്ഥ്യം മറച്ചുവെക്കുന്നത് ന്യായമല്ല.

സാമൂഹികമായി മതേതരത്വവും സോഷ്യലിസവും ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ വ്യക്തിപരമായി മതവിശ്വാസിയോ അവിശ്വാസിയോ ആകാനുള്ള ഇടവും അനുവദിക്കപ്പെടണം. 





ആറ് : പരസ്പരം നിരാകരിക്കുന്ന ( Self Refuting)  നിർദ്ദേശങ്ങളാണ് പരിഷ്ക്കരണ കാഴ്ച്ചപ്പാടുകളിൽ പലതും എന്നതിനാലുള്ള താത്വിക വിയോജിപ്പ് .




ഉദാഹരണത്തിന് ,


A : മൂല്യവിദ്യാഭ്യാസം ചർച്ച ചെയ്യുന്ന പതിനാലാം അധ്യായത്തിലെ രണ്ടാം പോയിന്റായി വ്യക്തി , കുടുംബം , സമൂഹം  എന്നിവയെ മാനിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും ആവശ്യകത പറയുന്നുണ്ട്. എന്നാൽ , വിശാലമായ ജൻഡർ സ്പെക്ട്രത്തെ ഉൾക്കൊള്ളാനും ജൻഡർ ന്യൂട്രാലിറ്റി , യുക്തിചിന്ത തുടങ്ങിയവയെ പരിപോഷിപ്പിക്കാൻ വ്യക്തമായി നിർദ്ദേശിക്കുകയും ചെയ്യുന്നു.

വിവാഹം എന്ന സാമൂഹിക പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് കുടുംബഘടന നിലനിൽക്കുന്നത്. സന്തോനോൽപ്പാദനം , പാരന്റിംഗ് തുടങ്ങിയ സാമ്പ്രദായിക രീതികളുടെ സാമൂഹിക സ്ഥാപനമായ കുടുംബ വ്യവസ്ഥയെ അരക്ഷിതവും അപ്രസക്തവുമാക്കുന്ന സ്വതന്ത്ര ലൈംഗിക രീതികളെ പരോക്ഷമായി ന്യായീകരിക്കുന്നതാണ് ജൻഡർ പൊളിറ്റിക്സ്. വിശാല ജൻഡർ സ്പെക്ട്രവും ന്യൂട്രൽ ജൻഡർ തിയറിയുമാണ് ഉദാര ലൈംഗികതയുടെ താത്വികാടിത്തറ.

വിവാഹത്തെ സാമൂഹികമായ അനാചാരമായി മനസ്സിലാക്കുന്ന "വികസിത തലമുറക്ക് "എങ്ങനെ കുടുംബ സങ്കൽപ്പത്തെ മാനിക്കാനാവും ? 



B : പേജ് നമ്പർ തുടങ്ങിയ ചർച്ചകളിൽ പ്രാദേശികത്വവും ഭൂപ്രകൃതിയും പരിഗണിച്ച് വേണം വിദ്യാഭ്യാസ പുരോഗതി എന്നാണ് പറയുന്നത്. എന്നാൽ , ജൻഡർ ന്യൂട്രാലിറ്റി അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ക്യാംപസ് അന്തരീക്ഷങ്ങൾ , വേഷവിധാനങ്ങൾ , സ്ക്കൂൾ സമയങ്ങൾ തുടങ്ങിയവ പ്രാദേശിക രീതികളോട് ചേരാത്തവയാണ്. 

പശ്ചാത്യൻ കാലാവസ്ഥയോട് ഇണങ്ങുന്നത് ഇവിടെ ശ്രമകരമായി ഇണക്കേണ്ടതില്ല.




C : വിവേചനം നേരിടുന്നത് കൂടുതൽ പെൺകുട്ടികളായതിനാൽ അവരുടെ ആത്മവിശ്വാസവും സ്വത്വരൂപീകരണവും പ്രധാന ലക്ഷ്യമാണെന്ന് പറയുന്നു.

ശേഷം ,  സാമൂഹിക ബോധമനുസരിച്ച് ആൺകുട്ടികളുടെ വസ്ത്രമണിയിച്ച് തെറ്റായ അസ്ഥിത്വസന്ദേശം നൽകുന്നു.

ലിംഗപരമായ അസമത്വം ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിലൂടെ തന്നെ മറികടക്കണം എന്ന് പറയുന്നത് യുക്തിപരമല്ല.

ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയം കേവലം യൂണിഫോമുമായോ വസ്ത്രധാരണത്തോടോ ബന്ധപ്പെട്ടതല്ലെന്നും മറിച്ച് വിപുലമായ ലൈംഗിക സ്പെക്ട്രം എന്ന ആശയത്തെ ഉപജീവിച്ച് നിൽക്കുന്ന മറ്റൊരു ജീവിത രീതിയുടെ അടിത്തറയാണെന്നും ബോധപൂർവ്വം മറച്ചുവെക്കുന്നതും ഭംഗിവാക്കുകളിലൂടെ കേരളീയ സംസ്ക്കാരത്തോട് ചേരാത്ത കാര്യങ്ങളെ ഗ്ലോറിഫൈ ചെയുന്നതിനും വേണ്ടി  ഭരണഘടനാപരമായ സൗകര്യങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടുകയാണ്. 

ജൻഡർ ന്യൂട്രാലിറ്റിയുടെ രണ്ടാം ഘട്ടം കൗമാരപ്രായത്തിലെത്തിയാൽ വിദ്യാർത്ഥികൾക്ക് Puberty Ban Treatment അഥവാ ഋതുമതിത്വ വർജ്ജന മുറ നൽകലാണെന്ന് ആ ആശയദാതാക്കൾ പരസ്യമായി പറയുന്ന കാര്യമാണ്.

തദ്ഫലമായി നോർഡിക് രാജ്യങ്ങളിൽ Gender disconfirming syndrom അഥവാ താൻ ആണോ പെണ്ണോ എന്നറിയാതെ Gender Dysphoria എന്ന മനോരോഗം സാർവ്വത്രികമാകുന്നുവെന്ന ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങൾ " പരിഷ്കരണവാദികൾ " മുഖവിലക്കെടുക്കണം .

Nordic Paradox എന്ന ഇന്ന് ഏവർക്കുമറിയാവുന്ന ഭാഷാപ്രയോഗം വന്നത് അത് വഴിയാണ്. ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്ക് ഈ മാനസിക പ്രയാസം മൂന്നിരട്ടി അധികമാണ് താനും .



D : 13 ആം അധ്യായത്തിലെ രണ്ടാം നിർദ്ദേശമായി ഇന്ത്യയെയും ഇന്ത്യയുടെ വൈവിധ്യങ്ങളെയും ആവശ്യങ്ങളെയും അറിയണമെന്ന് പറയുന്നു.



ലിംഗപരമായ അസമത്വം ഇല്ലാതാക്കാൻ ലിംഗം തന്നെ ഇല്ലാതാക്കുക എന്ന് ഫലത്തിൽ വരുന്നത് തുഗ്ലക്ക് പരിഷ്ക്കാരം മാത്രമാവും . മറിച്ച് , കൂടുതൽ വിവേചനം നേരിടുന്നത് പെൺകുട്ടികളായതിനാൽ അവർക്ക് പ്രത്യേകം പരിഗണനയും ശ്രദ്ധയും നൽകുകയാണ് വേണ്ടത്.

അതിന് Gender Sensibility എന്നാണ് പറയുക . അതാണ് നമ്മുടെ നാടിന് ആവശ്യം . അതടിസ്ഥാനത്തിലാണ് പൊതുവിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേകം ഇരിപ്പിടങ്ങളും താവളങ്ങളും ആലയങ്ങളും നിർമ്മിക്കപ്പെടുന്നത്. അത്തരം റിസർവേഷനുകൾ ഇല്ലാതെ വന്നാൽ ഇന്നാട്ടിലെ സാധാരണ സ്ത്രീ സമൂഹം മാത്രമല്ല , ക്യാംപസുകളിലെ അധ്യാപികമാരും പെൺകുട്ടികളും നേരിടുന്ന വൈഷമ്യങ്ങൾ എത്ര വലുതായിരിക്കും എന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് സാമൂഹിക ക്ഷേമവകുപ്പിനോട് ചോദിച്ച് മനസ്സിലാക്കണം .


Gender Neutrality എന്ന ആശയം അപ്പറഞ്ഞതിന് നേർവിപരീതമാണ്.

ലിംഗ അസമത്വമാണ് ഇന്ത്യ വിദ്യാഭ്യാസപരമായി പിന്നിലാവാൻ കാരണം എന്ന കാഴ്ച്ചപ്പാട്

വാസ്തവ വിരുദ്ധമാണ്.

ഉയർന്ന ജി.ഡി .പി ഉള്ള രാജ്യങ്ങളാണ് എല്ലാ കാര്യത്തിലെന്ന പോലെ വിദ്യാഭ്യാസ കാര്യങ്ങളിലും മുമ്പിൽ.

സാമ്പത്തികമായ പിന്നോക്കാവസ്ഥയും ലൈംഗികതയും തമ്മിൽ ബന്ധമുള്ളതായി സാമൂഹിക പഠനങ്ങൾ നിലവിലില്ല.



ലൈംഗിക സ്വത്വം തിരിച്ചറിയാൻ പാകപ്പെട്ട പ്രായം എന്ന നിലയിൽ 18 നിശ്ചയിക്കുന്നതാകട്ടെ തീർത്തും അശാസ്ത്രീയമാണ് താനും .

ലോകത്ത് 12 മുതൽ 22 വരെയാണ് ആ പ്രായപരിധി . ശാസ്ത്രീയമായി ബൗദ്ധിക പ്രായപൂർത്തി 26 - 40 ആണ്. അത്തരം പ്രതിസന്ധിഘട്ടങ്ങൾ മന:പൂർവ്വം വരുത്തിവെക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കേണ്ടതുണ്ട്. 

ഈ ആശയത്തെ പിന്തുണക്കുന്നവർ പോലും , ലൈംഗിക സ്വത്വം തിരിച്ചറിയാൻ കഴിയാത്ത കുട്ടികളെ രക്ഷിതാക്കൾ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കണം , സ്റ്റേറ്റിന് ആ ചുമതലയില്ല എന്നേ പറയുന്നുള്ളൂ. ആരുടെ പുരോഗതി എന്നാണിവിടെ ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത് ?

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us