loader
blog

In General

By Shuaibul Haithami


ജൻഡർ ന്യൂട്രാലിറ്റി : നിരാകരണത്തിന്റെ നിർണ്ണയങ്ങൾ .

1950 - 60 കാലഘട്ടത്തിലാണ് പശ്ചാത്യലോകത്ത് ഉദാരലൈംഗിക വിപ്ലവചിന്ത ആഞ്ഞുവീശീയത്.ഭരണകൂടം ,ധർമ്മകേന്ദ്രം,കുടുംബം , നിയമം , പാരമ്പര്യം തുടങ്ങിയ മൂർത്തമോ അമൂർത്തമോ ആയ യാതൊന്നും വ്യക്തിയുടെ ലൈംഗികതയുടെ കാര്യത്തിൽ ഇടപെടരുത് എന്നതായിരുന്നു പ്രസ്തുത ചിന്താപദ്ധതി.ലൈംഗിക വിനോദത്തിന്റെ വ്യാവസായിക സാധ്യതകളാരായുന്ന കുത്തകഭീമന്മാർ പണമിറക്കി പൊലുപ്പിച്ച കൃത്രിമസിദ്ധാന്തങ്ങളും പ്രസാധനങ്ങളും പിന്നീട് മുറക്ക് നടന്നു. 1953 ൽ പ്രസിദ്ധീകരണമാരംഭിച്ച പ്ലേബോയ് മാഗസിൻ മുതൽ 1969ൽ ആൻഡി വാൻഹോൾ എന്ന സംവിധായകൻ പോൺമൂവി ചിത്രീകരിക്കുന്നത് വരെയായിരുന്നു ആ പദ്ധതിയുടെ ഗർഭകാലം.ജൈവിക ലൈംഗികത (sex ), ലൈംഗികസ്വത്വം (Gender ), ലിംഗനിരപേക്ഷത്വം (Gender nutrality) എന്നിവയുമായി ബന്ധപ്പെട്ട " ഞെട്ടിപ്പിക്കുന്ന " കണ്ടെത്തലുകൾ പുറത്തുവന്നുതുടങ്ങിയതിന്റെ സാമൂഹിക പശ്ചാത്തലം അതായിരുന്നു." This planet needs sexual libaration " എന്നതിലേക്ക് ചുരുങ്ങുന്നതായിരുന്നു എല്ലാവിധ പഠനങ്ങളുടെയും രത്നസാരം. നേരത്തെ തയ്യാറാക്കിയ ശാസ്ത്രീയ ഭാഷ്യങ്ങൾ സഹിതം അപ്രതീക്ഷതമായി പൊട്ടിപ്പുറപ്പെട്ട സിദ്ധാന്തങ്ങൾക്ക് മുമ്പിൽ ലോകം ഒരിട പകച്ചുപോയി.

പഠനലോകങ്ങൾ ലിംഗത്തിലേക്കും ലിംഗത്വത്തിലേക്കും കൂടുതൽ വ്യാപിച്ചതോടെ മറുവാഖ്യാനങ്ങൾക്കും മറുപടികൾക്കും കൂടുതൽ ശാസ്ത്രീയത കൈവന്നു. അപ്പോഴാണ് Sex Revalution അതിന്റെ പണിപ്പുര ശാസ്ത്രത്തിന്റെ ലാബിൽ നിന്നും രാഷ്ട്രീയത്തിന്റെ ഇല്ലങ്ങളിൽ ചെന്ന് പടർച്ച പരതിത്തുടങ്ങുന്നത്. ലിബറലിസം + മോഡേണിറ്റി = ഇൻഡിവിജ്വലിസം എന്ന രാസസമവാക്യം പുതിയരാഷ്ട്രീയ സാധ്യത തന്നെയായി മാറി. മതങ്ങളെ വിഴുങ്ങിയത് പോലെ ലിബറലിസം രാഷ്ട്രീയത്തെ കൂടി വിഴുങ്ങിയതോടെ കടുത്ത ഭരണകൂടവാദികളായ ( Statists) ഇടതുഭരണകൂടങ്ങൾ പോലും വ്യക്തിവാദത്തിലേക്ക് ചുരുങ്ങി. വാസ്തവത്തിൽ , ലിംഗാതീത ലൈംഗിക വ്യവസായത്തിന്റെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി Hentro Normative Syndrom അഥവാ ആൺ- പെൺ ദ്വന്ദം എന്ന സ്വാഭാവിക കാഴ്ചപ്പാടായിരുന്നു. "സ്വാഭാവികത " സ്വാഭാവികമല്ലെന്നാക്കാൻ അവർ ആദ്യം നിശ്ചയിച്ച സെക്ഷ്വൽ ഗിയർ പൊസിഷനാണ് ന്യൂടാലിറ്റി. അതിന് വേണ്ടി മാത്രം പടയപ്പെട്ട സിദ്ധാന്തമാണ് ഹോമോസാപ്പിയൻ , Monomorphic അഥവാ സ്ത്രീ- പുരുഷദ്വന്ദം ജന്മനാ വഹിക്കാത്ത വർഗമാണെന്ന തീർപ്പുശ്രമങ്ങൾ . Dimorphism അഥവാ ലൈംഗികദ്വന്ദം പ്രകൃതമാണ് അല്ലാതെ പ്രാകൃതമല്ലെന്ന് തന്നെയാണ് ഏറ്റവും പുതിയ പഠനങ്ങൾ.ടോപ്പിലേക്കും റിവേഴ്സിലേക്കും യഥേഷ്ടം വിഹരിക്കാവുന്ന "ന്യൂടാലിറ്റിയെ" ഇടതുലിബറലുകൾ പുൽകുന്നത് മുതലാളിത്തത്തിന്റെ ഉപകരണമായി പരിണമിച്ച ഇടതുബോധത്തിന്റെ വിലക്ഷണമാണ്.

" യൂറോപ്പിനെ നോക്കി പരിഷ്ക്കരിക്കൂ " എന്ന് പറയുന്ന വലത്തേ അറ്റത്താണ് ഇവിടത്തെ ഇടത്തേയറ്റം .



അത്രനിഷ്കളങ്കമല്ല ഈ പിറകിലേക്ക് വലിക്കുന്ന മുന്നേറ്റനാട്യങ്ങൾ എന്ന് മനസ്സിലാക്കാൻ താഴെപ്പറയുന്ന പത്ത് ന്യായങ്ങൾ തന്നെ മതിയാവും .



ഒന്ന് : ഭൂമിശാസ്ത്രം , ചരിത്രം , കാലാവസ്ഥ , സംസ്ക്കാരം, സാമ്പത്തികം തുടങ്ങിയ ഭൗതികവും സാങ്കേതികവും ആശയപരവുമായ ഘടകങ്ങൾ പരിഗണിച്ച് അതത് സമൂഹത്തിന്റെ സ്ഥിതിഗതികളെ സംബന്ധിച്ച യാഥാർത്ഥ്യബോധം ഉൾക്കൊണ്ട് വേണം ഏത് തരം പുതിയ രീതിയും പരിചയപ്പെടുത്താൻ .

ഭൂരിപക്ഷത്തിന് സ്വീകാര്യമായാൽ തന്നെ 

പ്രയോഗിച്ചും തിരുത്തിയും ( & Correction) മുന്നോട്ട് പോവുന്നതാണ് ശാസ്ത്രീയരീതി.ലിംഗത്വം , ലിംഗനിരപേക്ഷത്വം പോലുള്ള അസ്ഥിത്വജന്യമായ കാര്യങ്ങളാവുമ്പോൾ പ്രത്യേകിച്ചും . ശാസ്ത്രീയമാണെന്ന് വന്നാൽ തന്നെ നിലനിൽക്കുന്ന സാമൂഹിക ചട്ടങ്ങൾക്കെതിരാവാതിരിക്കുക കൂടി വേണം . ശാസ്ത്രവും നിയമവും മാത്രമല്ല വ്യക്തിജീവിതത്തിന്റെ ധർമ്മബോധത്തിന്റെ അടിസ്ഥാനം. 



രണ്ട് : ലിംഗ സമത്വം എന്ന ഭരണഘടനാപരമായ തത്വത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി അസ്ഥാനങ്ങളിൽ 

ദുരുപയോഗപ്പെടുകയാണ് ,ഔദ്യോഗികയിടങ്ങൾ പോലും വസ്തുനിഷ്ഠമായി സംസാരിക്കുന്നില്ല. 

ലിംഗ വിവേചനമില്ലാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടാനുള്ള അവസര സമത്വം എന്നതിനപ്പുറം " ലിഗം " എന്ന വിവേചനമില്ലാതെ എല്ലാവരെയും ഒന്നാക്കുക എന്ന ആശയം ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്നില്ല.

ആൺ - പെൺ ലൈംഗിക സ്വത്വം അതിന്റെ വ്യത്യസ്ത സവിശേഷതകളോടെ പരിപാലിക്കപ്പെടുകയും അതോടൊപ്പം രണ്ടു വിഭാഗത്തിനും നിയമപരമായ പൊതുവിഷയങ്ങളിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ആശയത്തെ ലിംഗാതീത തലമുറയെ ഉൽപ്പാദിപ്പിക്കുക എന്നാക്കുന്നത് ഗുരുതരമായ ലൈംഗികബന്ധിത മനോരോഗങ്ങൾ വരുത്തിവെക്കാനേ കാരണമാവുകയുള്ളൂ. 




മൂന്ന് :ലിംഗപരമായ അസമത്വം ഇല്ലാതാക്കുക എന്നർത്ഥം വരുന്ന പ്രയോഗങ്ങളാണ് ന്യൂട്രാലിറ്റി എന്ന ആശയത്തെ സാധൂകരിക്കാൻ കൊണ്ടുവരപ്പെടുന്നത്. 

അത് കൊണ്ട് എന്താണവർ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ അവ്യക്തത ബാക്കിയുണ്ട്. 

പുരുഷ - സ്ത്രീ ദ്വന്ദത്തെ ഇല്ലായ്മ ചെയ്യുക എന്ന കമ്പോളവൽകൃത ലൈംഗിക വ്യവസായത്തിന്റെയും വ്യക്തികേന്ദ്രീകൃത ഉദാരവാദത്തിന്റെയും സങ്കൽപ്പത്തെ കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി നടപ്പിൽ വരുത്തിത്തുടങ്ങുക എന്നതാണെങ്കിൽ , അത്തരം രീതി നടപ്പിൽ വരുത്തി വിജയിച്ച മുൻമാതൃകകളും ശാസ്ത്രീയ പഠനങ്ങളുടെ പിൻബലവും ബന്ധപ്പെട്ടവർ ഹാജരാക്കേണ്ടതുണ്ട്.

ഇത്ര വിശാലമായ അർത്ഥങ്ങൾ ഉദ്ദേശിക്കപ്പെട്ടിട്ടില്ല എന്നാണെങ്കിൽ ഉദ്ദേശിക്കുന്ന ആശയം എന്താണെന്ന കാര്യത്തിൽ സുതാര്യത വരുത്തുകയും വേണം.




നാല് : ലിംഗപരമായ അസമത്വം ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിലൂടെ തന്നെ മറികടക്കണം എന്ന് പറയുന്നത് യുക്തിപരമല്ല.

ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയം കേവലം യൂണിഫോമുമായോ വസ്ത്രധാരണത്തോടോ ബന്ധപ്പെട്ടതല്ലെന്നും മറിച്ച് വിപുലമായ ലൈംഗിക സ്പെക്ട്രം എന്ന ആശയത്തെ ഉപജീവിച്ച് നിൽക്കുന്ന മറ്റൊരു ജീവിത രീതിയുടെ അടിത്തറയാണെന്നും ബോധപൂർവ്വം മറച്ചുവെക്കുന്നതും ഭംഗിവാക്കുകളിലൂടെ കേരളീയ സംസ്ക്കാരത്തോട് ചേരാത്ത കാര്യങ്ങളെ ഗ്ലോറിഫൈ ചെയുന്നതിനും വേണ്ടി ഭരണഘടനാപരമായ സൗകര്യങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടുകയാണ്. 

ജൻഡർ ന്യൂട്രാലിറ്റിയുടെ രണ്ടാം ഘട്ടം കൗമാരപ്രായത്തിലെത്തിയാൽ വിദ്യാർത്ഥികൾക്ക് Puberty Ban Treatment അഥവാ ഋതുമതിത്വ വർജ്ജന മുറ നൽകലാണെന്ന് ആ ആശയദാതാക്കൾ പരസ്യമായി പറയുന്ന കാര്യമാണ്.

തദ്ഫലമായി നോർഡിക് രാജ്യങ്ങളിൽ Gender disconfirming syndrom അഥവാ താൻ ആണോ പെണ്ണോ എന്നറിയാതെ Gender Dysphoria എന്ന മനോരോഗം സാർവ്വത്രികമാകുന്നുവെന്ന ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങൾ " പരിഷ്കരണവാദികൾ " മുഖവിലക്കെടുക്കണം .

Nordic Paradox എന്ന ഇന്ന് ഏവർക്കുമറിയാവുന്ന ഭാഷാപ്രയോഗം വന്നത് അത് വഴിയാണ്. ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്ക് ഈ മാനസിക പ്രയാസം മൂന്നിരട്ടി അധികമാണ് താനും .





അഞ്ച് : ലിംഗപരമായ അസമത്വം ഇല്ലാതാക്കാൻ ലിംഗം തന്നെ ഇല്ലാതാക്കുക എന്ന് ഫലത്തിൽ വരുന്നത് തുഗ്ലക്ക് പരിഷ്ക്കാരം മാത്രമാവും . മറിച്ച് , കൂടുതൽ വിവേചനം നേരിടുന്നത് പെൺകുട്ടികളായതിനാൽ അവർക്ക് പ്രത്യേകം പരിഗണനയും ശ്രദ്ധയും നൽകുകയാണ് വേണ്ടത്.

അതിന് Gender Sensibility എന്നാണ് പറയുക . അതാണ് നമ്മുടെ നാടിന് ആവശ്യം . അതടിസ്ഥാനത്തിലാണ് പൊതുവിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേകം ഇരിപ്പിടങ്ങളും താവളങ്ങളും ആലയങ്ങളും നിർമ്മിക്കപ്പെടുന്നത്. അത്തരം റിസർവേഷനുകൾ ഇല്ലാതെ വന്നാൽ ഇന്നാട്ടിലെ സാധാരണ സ്ത്രീ സമൂഹം മാത്രമല്ല , ക്യാംപസുകളിലെ അധ്യാപികമാരും പെൺകുട്ടികളും നേരിടുന്ന വൈഷമ്യങ്ങൾ എത്ര വലുതായിരിക്കും എന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് സാമൂഹിക ക്ഷേമവകുപ്പിനോട് ചോദിച്ച് മനസ്സിലാക്കണം .

Gender Neutrality എന്ന ആശയം അപ്പറഞ്ഞതിന് നേർവിപരീതമാണ്.

പെൺകുട്ടികൾക്ക് പ്രത്യേകം കരുതൽ നൽകേണ്ടതില്ലെന്നും അവർ ഫലത്തിൽ ആൺകുട്ടികളായ് ബാഹ്യമായെങ്കിലും മാറണമെന്നും ശഠിക്കുന്നത് എത്ര ബാലിശമാണ്.

പാട്രിയാർക്കിക്കൽ ഡൊമിനൻസി അഥവാ ആൺകോയ്മയെ ആഘോഷിക്കാനല്ലേ പെൺകുട്ടികൾ കൽപ്പിക്കപ്പെടുന്നത് ?



ആറ് : പെൺകുട്ടികളുടെ കംഫർട്ട്നെസ്സാണ് മാനദണ്ഡമെങ്കിൽ ഭരണകൂടം എന്തിനാണ് പ്രത്യേകം ചട്ടം അടിച്ചേൽപ്പിക്കുന്നത് ?

ബാലുശ്ശേരിയിൽ ജൻഡർ ന്യൂട്രൽ യൂണിഫോം ഉദ്ഘാടനം ചെയ്ത ശേഷം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ട്വീറ്റ് ചെയ്തത് ലിംഗാതീത ബോധത്തിലേക്കുള്ള പെൺകുട്ടികളുടെ ചുവട് വെപ്പ് എന്നാണ്. ആ രീതിയെ കേരളത്തിലെ എത്ര ശതമാനം പെൺകുട്ടികൾ അംഗീകരിക്കുന്നുണ്ടെന്ന കണക്ക് സർക്കാറിന്റെ കൈവശമുണ്ടോ ?

എന്താണ് ജൻഡർ ന്യൂട്രാലിറ്റി എന്നറിയാത്ത കൊച്ചുകുട്ടികളുടെ തുള്ളിച്ചാട്ടം മാനദണ്ഡമാക്കുകയാണെങ്കിൽ സ്ക്കൂളിന് അവധി നൽകിയാൽ അതിലേറെ കുട്ടികൾ തുള്ളിച്ചാടില്ലേ . വിവേകമുള്ളവരുടെ രക്ഷാകർതൃത്വമല്ലേ മാനദണ്ഡമാക്കേണ്ടത് ?



ഏഴ് : ലിംഗ അസമത്വമാണ് ഇന്ത്യ വിദ്യാഭ്യാസപരമായി പിന്നിലാവാൻ കാരണം എന്ന കാഴ്ച്ചപ്പാട്

വാസ്തവ വിരുദ്ധമാണ്.

ഉയർന്ന ജി.ഡി .പി ഉള്ള രാജ്യങ്ങളാണ് എല്ലാ കാര്യത്തിലെന്ന പോലെ വിദ്യാഭ്യാസ കാര്യങ്ങളിലും മുമ്പിൽ.

സാമ്പത്തികമായ പിന്നോക്കാവസ്ഥയും ലൈംഗികതയും തമ്മിൽ ബന്ധമുള്ളതായി സാമൂഹിക പഠനങ്ങൾ നിലവിലില്ല.



എട്ട് : ലൈംഗിക സ്വത്വം തിരിച്ചറിയാൻ പാകപ്പെട്ട പ്രായം എന്ന നിലയിൽ 18 നിശ്ചയിക്കുന്നതാകട്ടെ തീർത്തും അശാസ്ത്രീയമാണ് താനും .

ലോകത്ത് 12 മുതൽ 22 വരെയാണ് ആ പ്രായപരിധി . ശാസ്ത്രീയമായി ബൗദ്ധിക പ്രായപൂർത്തി 26 - 40 ആണ്. അത്തരം പ്രതിസന്ധിഘട്ടങ്ങൾ മന:പൂർവ്വം വരുത്തിവെക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കേണ്ടതുണ്ട്. 

ഈ ആശയത്തെ പിന്തുണക്കുന്നവർ പോലും , ലൈംഗിക സ്വത്വം തിരിച്ചറിയാൻ കഴിയാത്ത കുട്ടികളെ രക്ഷിതാക്കൾ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കണം , സ്റ്റേറ്റിന് ആ ചുമതലയില്ല എന്നേ പറയുന്നുള്ളൂ. ആരുടെ പുരോഗതി എന്നാണിവിടെ ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത് ?






ഒമ്പത്: ജൻഡർ ന്യൂട്രാലിറ്റി നടപ്പിൽ വന്നാൽ ഒരു വ്യക്തി ആജീവനാന്തം ലിംഗാധീതനായി തുടരണമോ , അതല്ലെങ്കിൽ നിശ്ചിത പ്രായമാവുമ്പോൾ ജൻഡർ കണ്ടെത്തേണ്ടതുണ്ടോ എന്ന കാര്യത്തിലുള്ള അവ്യക്തത ഔദ്യോഗിക നിർവ്വഹണങ്ങളെ ബാധിക്കും . കേവലം മാനസികമായ ഈ

 " ഇല്ലാത്ത " ഓറിയന്റേഷൻ മുൻനിർത്തി വ്യാജന്മാരെ കണ്ടെത്താൻ മൂർത്തമായ മാർഗങ്ങൾ ശാസ്ത്രലോകത്തില്ല. ആത്മനിഷ്ഠമായി ഓരോ വ്യക്തിയും ജൻഡർ തീരുമാനിച്ചാൽ സ്ത്രീ പീഡകരുടെ പറുദീസക്കാലമാവും ഭാവി. 

കണ്ടെത്തപ്പെടുന്ന ജൻഡറിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും ഏത് നിമിഷവും മാറാമെന്നിരിക്കേ , മനുഷ്യനെ മനുഷ്യനല്ലാതാക്കാൻ മാത്രം പ്രഹര ശേഷിയുള്ള ഈ കാഴ്ച്ചപ്പാട് അത്യന്തം അപകടരമാണ്.




പത്ത് : ജൻഡർ ന്യൂട്രാലിറ്റി ഒരു ആധുനിക ആശയമാണെങ്കിൽ , മറ്റൊരു ആധുനിക ആശയമായ ( യഥാർഥത്തിൽ അല്ല ) സ്വവർഗകാമുകത ( Homonormative )യുമായി അത് ഒത്തുപോവുന്നില്ല.കാരണം ലൈംഗിക ഛോദന ജന്മാർജ്ജിതവും ജനിതകവുമാണെന്നാണ് സ്വവർഗഭോഗികളുടെ ജൻഡർ രാഷ്ട്രീയം അവകാശപ്പെടുന്നത്. ചുരുങ്ങിയത് 18 വയസ് വരെയെങ്കിലും ജൻഡർ ന്യൂട്രലാണെന്ന് വന്നാൽ ജന്മനാ എങ്ങനെ സ്വവർഗതൽപരനാവും ? അവിടെയപ്പോൾ അങ്ങനെയൊരു വർഗം തന്നെ ഇല്ലല്ലോ !




പതിനൊന്ന് : ജൻഡർ ന്യൂട്രാലിറ്റി എൽ ജി ബി റ്റി ക്യു + ആക്ടീവിസത്തിന് പോലും എതിരാവുന്ന വേറെ തലങ്ങളും ഉണ്ട്. ഉദാഹരണത്തിന് രണ്ടെണ്ണം സൂചിപ്പിക്കാം .

ആഗോള തലത്തിൽ LGBTQ + ആക്ടീവിസ്റ്റുകൾ മുന്നോട്ട് വെക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളിൽ ചിലത് , ജൻഡർ ന്യൂട്രാലിറ്റിക്ക് വേണ്ടി ഇവിടെ കഥയറിയാതെ ആട്ടം തുള്ളുന്നവരുടെ നിലപാടുകൾക്ക് കടകവിരുദ്ധമാണ്. പ്രകടമായ പതിനഞ്ചോളം വെരുധ്യങ്ങളിൽ കേമമായ രണ്ടെണ്ണം നോക്കാം .

ഇവിടെ അതാഘോഷിക്കുന്നവരുടെ പ്രധാന ഉൽസാഹം സ്വവർഗ പ്രണയാതുരജീവിതങ്ങളെ അണിയറയിൽ നിന്നും അരങ്ങത്തെത്തിച്ച് പരമാവധി ദൃശ്യത നൽകുക എന്നതാണ്.

സ്വകാര്യതയെ പ്രണയത്തിൽ നിന്നും ഒഴിവാക്കാനുള്ള രാഷ്ട്രീയ പിന്തുണയാവരുടെ രാഷ്ട്രീയം തന്നെ . എന്നാൽ ആഗോള ക്വിയർ ആക്ടീവിസം മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ഒരാവശ്യം സ്വകാര്യതക്കുള്ള അവകാശം ( Right for privacy) വകവെച്ച് കൊടുക്കണം എന്നാണ്.സ്വകാര്യയിടങ്ങൾ ഔദ്യോഗികമായി സമ്മതിക്കപ്പെട്ടാൽ മാത്രമേ സംഗതി റെഡിയാവൂ എന്ന് പറഞ്ഞാണ് അന്താരാഷ്ട്ര ബഹളങ്ങൾ .


മറ്റൊന്ന് , ആഗോള തലത്തിൽ അവർ ഉന്നയിക്കുന്ന മറ്റൊരാവശ്യം കുടുംബമായ് കൂടാനുള്ള ( Freedom for family ) അവകാശത്തിന് വേണ്ടിയാണ്. ഇവിടെ , ജൻഡർ ന്യൂട്രാലിറ്റി ക്രമേണെ കുടുംബ സംവിധാനത്തെ തകർക്കുമെന്ന ആരോപണത്തിന് , അതൊക്കെ പാട്രിയാർക്കിക്കൽ വിലാപങ്ങളാണെന്ന വലിയ വർത്താനങ്ങളാണ് ചിലർ തട്ടിവിടുന്നത്. മറ്റുചിലരാവട്ടെ , എന്തിന് കുടുംബം എന്ന പരിമിതി ,പാറിപ്പറക്കട്ടെ പുതിയകാലം എന്ന അപ്പൂപ്പൻ താടി സിദ്ധാന്തക്കാരുമാണ്.

രസം അതല്ല , കുടുംബം നിർമ്മിക്കാൻ കോടതി കനിയണമെന്ന് പറയുന്നവരുടെ ന്യായവാദങ്ങളാണ് : കുടുംബമായി വ്യവസ്ഥ വന്നില്ലെങ്കിൽ സ്വവർഗ പങ്കാളി മടുക്കുമ്പോൾ പിരിയും , പലരും വഴിയാധാരവും എടുക്കാച്ചരക്കുമാവും . പങ്കാളി മരിച്ചാൽ അനന്തര സ്വത്ത് കിട്ടുമെങ്കിലല്ലേ ജീവിതം നൽകുമ്പോൾ ഗ്യാരണ്ടി പറയാനാവൂ , അങ്ങനെ പോവുന്നു കഥകൾ .


 


പന്ത്രണ്ട് :എല്ലാവരെയും ഒരുപോലെയാക്കുക എന്ന Uniformity അല്ല , നാനാത്വത്തിൽ ഏകത്വം എന്ന Unity യാണ് കരണീയം .

വിവേചനങ്ങളവസാനിക്കാൻ വ്യത്യസ്തതകളെ നശിപ്പിക്കുകയോ വൈവിധ്യങ്ങളെ മൂടിവെക്കുകയോ അല്ല വേണ്ടത്. വിവേചനചിന്താഗതി മാറ്റിയെടുക്കുകയാണ് വേണ്ടത്. ദലിതർ അവഗണിക്കപ്പെടുന്നതിന് പരിഹാരം ഭരണകൂടം ദലിതരെ സവർണരായി പ്രഖ്യാപിക്കലോ മറിച്ചോ അല്ല. ദലിതരെ അവരുടെ സാംസ്‌ക്കാരിക തനിമ നിലനിർത്തി മുഖ്യധാരയിലെത്തിക്കലാണവിടെ പോംവഴി. വ്യത്യസ്തകളെ വ്യത്യസ്തതയോടെ പരിപാലിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ നാനാത്വങ്ങളുടെ ഏകീകരണം എന്നാക്കുന്ന പ്രവണത ശരിയല്ല. നാലിനെയും കൂടി ഒന്നാക്കലല്ല, മറിച്ച് നാലിനെയും നാലായി വിടുന്ന ഒരിടമാവലാണ് നാടിന് നല്ലത്.



പതിമൂന്ന് : കഴിഞ്ഞ ദിവസം , ലൈംഗിക പീഡന കുറ്റാരോപിതന് ജാമ്യം അനുവദിക്കുന്ന വിധിന്യായത്തിൽ സൂചിപ്പിക്കപ്പട്ട കാര്യം ശ്രദ്ധേയമാണ്. കാമാതുരതയുണർത്തും വിധം വസ്ത്രം അസ്ത്രമാവുന്ന സന്ദർഭങ്ങളുണ്ടാവും .അത് നിർണ്ണയിക്കാൻ നിയമത്തിനോ ശാസ്ത്രത്തിനോ പറ്റില്ല.

സാമൂഹിക മര്യാദ എന്ന ഒന്നാം പാഠമാണ് ജീവിതത്തിന്റെ തന്നെ തലക്കെട്ട്.

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us