loader
blog

In History

By Shuaibul Haithami


കുറേ മനുഷ്യരിലെ ഒരു മനുഷ്യൻ .

ആകാശത്ത് നിന്നും ഭൂമിയിലേക്ക് , ഇന്ത്യയിലേക്ക് , കേരളത്തിലേക്ക് സൂക്ഷ്മ ദർശിനിയായ ഒരു ക്യാമറ വെച്ച് നോക്കുന്നുവെന്ന് സങ്കൽപ്പിക്കുക.മലയാളത്തിൽ വർത്തമാനം പറയുന്ന മനുഷ്യരിലേക്ക് സൂം ചെയ്ത്  , ഏറ്റവുമധികം മനുഷ്യന്മാരുടെ നിരന്തര സഞ്ചാരങ്ങളുടെ ദിശ തിരിഞ്ഞിരുന്നത് ഏത്  മനുഷ്യനിലേക്കാണെന്ന് നോക്കിയാൽ , ഒരു വ്യാഴവട്ടക്കാലമായി അതൊരു കുറിയ വലിയ മനുഷ്യനായിരുന്നുവെന്ന് തെളിയും.

ശാസ്ത്രം കുറേക്കൂടി വികസിച്ച് മനുഷ്യന്റെ മനോവ്യാപാരങ്ങളെ ഒപ്പിയെടുക്കുന്ന യന്ത്രം വികസിപ്പിച്ചിരുന്നുവെങ്കിൽ അപ്പറഞ്ഞ മനുഷ്യരിൽ ഏറ്റവും ഏറിയപേർക്ക് ഹൃദയമന്ത്രമായിരുന്ന ഏകപേരിന്റെ ഉടമസ്ഥനും അതെ മനുഷ്യൻ തന്നെയാവും , സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ .

സമുദായം വിവിധ തുറകളിലും തലങ്ങളിലും വെളിച്ചം കൊളുത്തിക്കൊണ്ടിരിക്കുന്ന നക്ഷത്രഗംഗകളൊഴുകുന്ന വലിയ  ആകാശങ്ങളെ ചുമന്ന കൊച്ചു ചുമലുകളായിരുന്നു അദ്ദേഹം .

വൃത്തകേന്ദ്രമെന്നോ ത്രികോണമുനമ്പെന്നോ കപ്പലിന്റെ കോക്കസെന്നോ എന്തെത്ര പറഞ്ഞാലും അടുത്ത പദത്തിനിടം ബാക്കിയാവുന്ന ദശലക്ഷങ്ങളിലെ ഒറ്റൊന്നായിരുന്നു തങ്ങൾ , മറ്റൊന്നുമത് പോലെയല്ലാത്ത മാറ്റാണ് തീർച്ചയായും ആ മാറ്റം .




തങ്ങൾ .


തൻ എന്നാൽ ശരീരം എന്നാണർത്ഥം .

ആ പദത്തെ ആദരപൂർവ്വം ബഹുവചനമാക്കുമ്പോൾ തൻകൾ എന്നും ഉച്ചാരണത്തിൽ തങ്ങൾ എന്നുമാവുന്നു. 

ദൈവദൂതരായ മുഹമ്മദ് നബി (സ്വ) യുടെ ശരീരിക രക്താംശം കലർന്നതിനാലാണ് ആ ശരീരത്തെ ബഹുവചനമായി വന്ദിക്കുന്നത്. നബി എന്ന ആശയം മാത്രമല്ല , ശരീരം തന്നെ പുണ്യമാണ് , അങ്ങനെയാണ് നബി തിരുമേനിയാവുന്നത്.. ആ വഴിയൊഴുക്കിന്റെ നടുക്കാണ് നമ്മളും നമ്മുടെ ഹൈദരലി തങ്ങളും കാലബിന്ദുക്കളാവുന്നത്.ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന സവിശേഷതകൾ ശാരീരികമായും മാനസികമായും തങ്ങന്മാരെ നബിത്വം വന്നിറങ്ങിയ വ്യക്തിത്വവുമായി ബന്ധിപ്പിക്കുന്നു.അന്ത്യപ്രവാചകന്റെ രക്തം സംസ്ക്കാരങ്ങളുടെ പിതാമഹൻ പ്രവാചകൻ ഇബ്റാഹീം (അ) മിലേക്കാണ് മടങ്ങുന്നത്. അവിടന്ന് ആദ്യമനുഷ്യനായ ആദം നബി (അ) മിലേക്കും നേരെയുണ്ട് ചരിത്രം.



വിധാനം.


നേതൃത്വം വഹിക്കാൻ വന്നവരുടെ കുലമായിരുന്നു തങ്ങളെന്ന വിത്ത് പാകപ്പെട്ട മണ്ണ്. കഅബാലയത്തിന്റെ കമ്മറ്റിയെ നിയന്ത്രിച്ച അബ്ദുൽ മുത്തലിബിനും നാട് നാട്ടുകാരുടേതാക്കാൻ നാടിന്റെ നടുക്ക്  നിന്ന ഹുസൈൻ ആറ്റക്കോയ തങ്ങൾക്കും പൊതുവായുള്ളത് അവർ കേന്ദ്രബിന്ദുക്കളായി ചുറ്റിലും സമൂഹം വികസിക്കുക എന്നതായിരുന്നു.

കഅബാലയം പൊളിക്കാൻ അബ്റഹത് ആനപ്പട നയിച്ച് യമനിൽ നിന്നും വന്നപ്പോൾ മക്കക്കാർ ഓടിപ്പോയി മുട്ടിയ വാതിൽ അബ്ദുൽ മുത്തലിബിന്റേതായിരുന്നു. നാടൂറ്റാൻ വന്ന് , വന്നുവന്ന് സാഹിബുമാരുടെ സ്വദേശാഭിമാനം തകർക്കാൻ സായിപ്പുമാർ ധൃഷ്ടരായപ്പോൾ മലപ്പുറക്കാർ ചെന്ന് മുട്ടിയ വാതിൽ പാണക്കാട് തങ്ങന്മാരുടെ വലിയുപ്പയുടേതുമായിരുന്നു. വലിയുപ്പ സമരമാർഗത്തിൽ പരദേശത്ത് നിന്നാണ് പരലോകം പൂകിയത്. ആ വഴിയിൽ തന്നെയാണ് ബാപ്പ പൂക്കോയ തങ്ങളും വന്നതും നിന്നതും പോയതും.സ്വന്തമെന്ന് പറയാൻ പാകിസ്ഥാനിൽ പോവാത്ത മുസ്ലിംകൾക്കിവിടെ പാറുന്ന കൊടിയും വളരുന്ന മരവും വേണമെന്നുണ്ടായിരുന്ന വലിയ മനുഷ്യർ കെട്ടിയ പാർട്ടിയെ നയിക്കാൻ നിന്ന പൂക്കോയ തങ്ങൾക്കും കിട്ടി മുൻകാല പ്രാബല്യത്തിൽ ജയിലിലേക്കുള്ള വഴി.രോഗഗ്രസ്ഥയായ പത്നിയെയും പറക്കമുറ്റാത്ത മക്കളെയും തനിച്ചാക്കി സഹപ്രവർത്തകർക്കൊപ്പം കാരാഗ്രഹത്തിലേക്ക് പോവുമ്മുമ്പ് , പാർട്ടി പിരിചുവിട്ടാൽ വീട്ടിലേക്ക് മടങ്ങാം എന്ന മോഹനവാഗ്ദാനം ആ വലിയ മനുഷ്യനെ പ്രലോഭിതനാക്കിയിരുന്നുവെങ്കിൽ സമുദായത്തിന്റെ പാട്ടവിളക്കുകൾക്ക് ചുറ്റും പൂമ്പാറ്റകൾ പറക്കില്ലായിരുന്നു.

നേര് പറയാൻ ചെരിപ്പിടാത്ത കാലുകളുമായി,  പ്രിയതമയെയും അമ്മിഞ്ഞപ്പൈതലിനേയും മക്കയിലെ മൊട്ടക്കുന്നിൽ തനിച്ചാക്കി ഫലസ്തീനിലേക്ക് പോകവേ പ്രവാചകൻ ഇബ്റാഹീം (അ) നടത്തിയ പ്രാർത്ഥനയിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു : " ആളുകളുടെ ഹൃദയവായ്പ്പുകൾ ഇവരുടെ നേരെ അനുതാപപൂർവ്വം ചേർക്കേണമേ ".

ആ കുടുംബത്തിന്റെ ത്യാഗവും സ്വീകാര്യതയും ചരിത്രമാണ് , ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചരിത്രം .

തിരിമുറിയാത്ത മഴയത്ത് കലിതുള്ളിപ്പായുന്ന കടലുണ്ടിപ്പുഴവക്കിലെ കൊച്ചുഗ്രാമം , കറന്റും വെട്ടവും ആൾപ്പാർപ്പും ആയിവരുമ്മുമ്പത്തെ വിൻഡേജ് കാലം , ഓർമ്മയിൽ ചിത്രപ്പെടുമ്മുമ്പെ മരണപ്പെട്ട ഉമ്മ വയ്യാതെ കിടക്കുന്ന വീട്ടിനുള്ളിലെ ബാല്യം -ഹൈദരലി തങ്ങൾ രൂപപ്പെട്ട ചുറ്റുപാടുകൾക്ക് കനലും കദനവും ഇഴചേർന്ന മഹത്വമാണുള്ളത്.



വിധം .



വേദനകൾ തിന്നവർക്ക് സമാധാനം വിളമ്പാനാവും . സങ്കടം തൊട്ടവർക്ക് സന്തോഷം ഉണർത്താനാവും. ഉപ്പയില്ലാത്ത ഉലകത്തിന്റെ ഊഷരതയിലേക്ക് പിന്നീട് നബിയാവാനുള്ള മഹാജന്മം സംഭവിച്ചതിന്റെ പൊരുളതാണ്. ആടിനെ മേച്ചും കച്ചവടം നടത്തിയും സമ്പാദിച്ച അനുഭവങ്ങളും തിരിച്ചറിവുകളുമായിരുന്നു പൂർണ്ണത. ഇലപ്പൊതിയിൽ പലഹാരം ചുരുട്ടി വീട്ടുകാര്യസ്ഥന്റെ മടിയിലിരുന്ന് ജയിലിലുള്ള ബാപ്പയെ കാണാൻ ബസ് കയറിപ്പോയ മൂന്ന് വയസ്സുകാരനെയും  ഉമ്മയുടെ മരണാനന്തരം ആ ബാപ്പ അരികെ ചേർത്തുറക്കി ചൂട് നൽകി വലുതാക്കിയ ബാല്യത്തെയും സമ്പന്നമാക്കിയത് അനുഭവങ്ങൾ തന്നെയാണ്. തന്നിലെ കാൽപ്പന്തുകളിക്കാരനെ കണ്ടെത്തിയ പള്ളിക്കൂടവും സാത്വികനെ കണ്ടെത്തിയ  ചെലവ്കുടിയിൽ പോയി വിശപ്പ് മാറ്റിയ ദർസുകാലവും കൊട്ടയും ചട്ടിയും ചന്തക്കാരും നിറഞ്ഞ ലൈൻ ബസ്സിൽ തൂങ്ങിനിന്ന് യാത്രചെയ്ത കോളേജ് കാലവും ആ വരവ് വർദ്ധിപ്പിക്കുകയായിരുന്നു. ബാപ്പയുടെയും ഉസ്താദുമാരുടെയും കുട്ടിയായിരുന്നു ആറ്റപ്പൂ തങ്ങൾ.കുഞ്ഞുന്നാളുകളിലേ ബാപ്പയുടെ കരം തൂങ്ങി ജീവിച്ചതിനാൽ ബാപ്പയുടെ  അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദർശകർ തങ്ങളുടേതുമായി ."ആഴത്തിൽ ഖുർആൻ പഠിച്ച് പകർന്ന് കൊടുക്കുന്ന ഒരാൾ " എന്ന സ്വപ്നം താലോലിച്ച വിദ്യാർത്ഥിത്വം പിന്നീടായത് രാജാവല്ല , രാജശിൽപ്പി .



സാക്ഷ്യം .


തങ്ങൾ അങ്ങനെ വലിയ ആളായി. പഠന കാലത്ത് കുട്ടികളുടെ നേതാവ് , പഠിച്ചിറങ്ങിയപ്പോൾ മനുഷ്യരുടെ നേതാവ് ,അങ്ങനെ . ബാപ്പ ഇരുന്ന സിംഹാസനങ്ങൾ രണ്ട് ജേഷ്ഠന്മാർ കൈകാര്യം ചെയ്ത് വരുമ്പോൾ തന്നെ ഹൈദരലി തങ്ങൾ മൂന്നാമനായിരുന്നു. പിന്നീട് നാലറ്റങ്ങൾ കൂട്ടിമുട്ടിയ കടലും കപ്പലും തങ്ങളായി.

നാം സാക്ഷികളാണെങ്കിൽ ,ഹൈദരലി തങ്ങൾ  സത്യമായിരുന്നു , സുതാര്യതയായിരുന്നു , പ്രതിഭയും പ്രഭയുമായിരുന്നു .തങ്ങൾ മിണ്ടാൻ വായ തുറക്കുമ്പോൾ സമുദായം കാത് തുറന്നു. തങ്ങൾ മൗനം പാലിച്ചപ്പോൾ സമുദായം ആദ്യം പറഞ്ഞതോർത്തു .പറഞ്ഞ് പോവാതെ തങ്ങൾ സമുദായത്തിന് പറഞ്ഞു തന്നു . തങ്ങൾ പറയുന്നേടത്തേക്ക് കറങ്ങിത്തിരിഞ്ഞ് കാര്യങ്ങൾ വന്നുനിന്നു. 

കലങ്ങിമറിയുന്ന യോഗങ്ങൾക്ക് തങ്ങളുടെ നിയോഗത്തോടെ അടക്കം കിട്ടി. ആയിരം നാക്കുകൾക്ക് മീതെ അരവാക്ക് മുഴങ്ങി നിന്നു. പ്രകമ്പനം പരന്ന കുതൂഹുലതകളുടെ മധ്യേ തങ്ങളിറങ്ങി വന്നാൽ അതേ സ്ഥലം തങ്ങൾക്ക് മുമ്പും ശേഷവും എന്ന പോലെ രണ്ട് സ്ഥലങ്ങളായി മാറി .അൽഭുത വിളക്കോ മാന്ത്രികവടിയോ കൊണ്ടല്ല , ദിവ്യസിദ്ധമായ സാധന കൊണ്ട് സാധിച്ച മഹാൽഭുതമായിരുന്നു 74 സംവൽസരങ്ങൾ പരന്ന ആറ്റപ്പൂ .





നേതാവ് .



വലിയയൊരു വേദി സമുദായം എവിടെയൊരുക്കിയാലും തങ്ങൾ അതിൽ കാല് കുത്തുമ്പോഴേ അത് പൂർണ്ണമായിരുന്നുള്ളൂ .മതം , ആത്മീയം ,ധാർമ്മികം , രാഷ്ട്രീയം , സാംസ്ക്കാരികം തുടങ്ങി സംഘാടക സൗകര്യത്തിന് വേണ്ടി ഉമ്മത് ഭാഗിച്ച് വെച്ച സാമുദായിക മേഖലകൾ നദികൾ കടലിലേക്ക് വഴി വെട്ടിപ്പായും പോലെ സയ്യിദ് ഹൈദരലി ശിഹാബിലേക്ക് പാഞ്ഞണഞ്ഞു. 

മഴയെ പുഴ പുണരും പോലെ വൈവിധ്യങ്ങളുടെ ഉമ്മതിനെ ഏറ്റവും നന്നായി കൊണ്ടതും നനഞ്ഞ് പൊതിർന്നതും തങ്ങളായിരുന്നു . പദവികളുടെ പേരുകൾ തങ്ങളുടെ കാര്യത്തിൽ തമാശയായിരുന്നു. 

കാരണം വന്നുവന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നത് തന്നെ  പദവികൾ തീരുന്ന ഘട്ടത്തിന്റെ പേരായി മാറിപ്പോയിരുന്നു .അത് കഴിഞ്ഞിട്ടേ പദവികൾ തുടങ്ങിയിരുന്നുള്ളൂ എന്നർത്ഥം .

തങ്ങളുടെ മേശപ്പുറത്തെ ഡയറിയിലുണ്ട് കേരള മുസ്ലിംകൾ നല്കാലം തീർത്തതിന്റെ നാൾവഴികൾ , പുതുതായി പൊക്കിയ മന്ദിരങ്ങളുടെയും പരിഹരിച്ച പ്രശ്നങ്ങളുടെയും ചരിത്രങ്ങൾ .




അനക്കം .



അദ്ദേഹത്തേക്കാൾ വടിവൊത്ത് വാക്കുകൾ ചേർക്കുന്നവരായിരിക്കും ചിലപ്പോൾ വേദിയിലെ മറ്റുള്ളവർ , അദ്ദേഹത്തേക്കാൾ ആകാരം കൊണ്ട് അടയാളമാവാൻ കൺനിറവുളളവർ തന്നെ അക്കൂട്ടത്തിൽ ഉണ്ടായെന്നും വരും . പക്ഷെ അങ്ങനെയൊരു  ആൾക്കൂട്ടം അങ്ങനെയൊരിടത്തൊരിക്കൽ  വന്നുപോയെന്നതിനെ വാർത്തയും ചരിത്രവുമാക്കുന്നത് ആരാന്നെന്ന് നോക്കിയാണ് സമുദായം നേതാവിനെ നിശ്ചയിച്ചത്. 

പ്രഭാഷകർ ഏറ്റവവർ വന്നില്ലെങ്കിൽ വരുന്നവരെ ഏൽപ്പിക്കാം .

അതിഥികൾ സ്റ്റേജിൽ വരണമന്നതിനേക്കാൾ പേജിൽ പേരായ് വന്നാൽ മതിയെന്ന് ചിന്തിക്കുന്നവരാകും സാദാ ജനത.

പക്ഷെ തങ്ങൾക്ക് നിശ്ചയിച്ച കസേരയിൽ തങ്ങളിരുന്ന് കാര്യം  തുടങ്ങുക എന്ന കാലങ്ങളുടെ സങ്കൽപ്പത്തിൽ ബദലുകളില്ല .

നിറങ്ങൾ വേഗം മാറ്റാം ,ചുവര് അത്ര വേഗം പറ്റില്ല , തറ അത്ര വേഗവും പറ്റില്ല , മണ്ണ് അത്ര വേഗവും.അതാണാ കഥ.

വേരുകൾ വിസ്മരിച്ച് പൂക്കളിൽ വിസ്മയിക്കുന്ന ഡിസ്പ്ലേജനിക് പ്രവണതകൾക്ക് ഹൈദരലി തങ്ങൾ അളവിൽ വരുന്ന മാപിനികൾ കിട്ടിയെന്ന് വരില്ല .




മുഴക്കം .



ചരിത്രം സൃഷ്ടിക്കുക എന്ന സങ്കൽപ്പം മാത്രമായിരുന്നില്ല , സഞ്ചരിക്കുന്ന ചരിത്രമാവുക എന്ന സങ്കൽപ്പം കൂടി തങ്ങളിൽ ജന്മം കൊണ്ടു . കാലങ്ങളുടെ പ്രതിനിധി എന്ന പദവി വഹിക്കുന്ന നേതാക്കളുടെ അടിസ്ഥാന കണ്ണിയായിരുന്നു അദ്ദേഹം . ഹൈദരലി തങ്ങളെ കാണുമ്പോൾ പൂക്കോയ തങ്ങളെയും ബാഫഖീ തങ്ങളെയും ശംസുൽ ഉലമയെയും കണ്ണിയ്യത് ഉസ്താദിനെയും സീയെച്ചിനെയും മുഹമ്മദലി ശിഹാബ് തങ്ങളെയും ഉമറലി ശിഹാബ് തങ്ങളെയും ഓർമ്മ ചികഞ്ഞെടുക്കുമായിരുന്നു . അഭ്രപാളികളിൽ റീലുകൾ റിവേഴ്സ് സഞ്ചാരം നടത്തുകയായി പിന്നെ .

പുതിയകാലത്തിന്റെ വേഗതയിൽ ക്ഷീണിക്കുന്ന ഓർമ്മകൾക്ക് ശാന്തത പകരുന്ന പഴമത്വമായിരുന്നു അടിമുടി ഹൈദരലി തങ്ങൾ .

കാൽനടയായി , റാലികളായ് , വാഹനങ്ങളിൽ തൂങ്ങി , കോളാമ്പിക്കാളങ്ങളിൽ ശബ്ദിച്ച് , പന്തങ്ങൾ കൊളുത്തി , ഉമ്മത് നിയ്യത് വെച്ച് ഇറങ്ങിത്തിരിച്ച പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്ന ചെരിഞ്ഞ നോട്ടങ്ങളും വിൻഡേജ് ചിത്രങ്ങളും തങ്ങളിലുണ്ടായിരുന്നു . വിവര വിതരങ്ങളുടെ പെരും പെയ്ത്തിൽ വിറങ്ങലിച്ച് ഇന്റർനെറ്റിൽ മുങ്ങിപ്പോയ ഇന്നത്തെ ജനതക്ക് , സമ്മേളനങ്ങളിൽ മുഴങ്ങുന്ന ഒരു വാക്ക് ടേപ്പ് റിക്കാർഡിൽ പിടിപ്പിച്ചെടുക്കാൻ മടമ്പിലൂന്നി നിന്ന വിവരങ്ങൾക്ക് നിലയും വിലയുമുണ്ടായിരുന്ന പഴയ കാലത്തെ മടക്കിത്തരാൻ പറ്റുന്ന ദൃശ്യതയായിരുന്നു തങ്ങളുടെ നടപ്പും ഇരിപ്പും കുനിപ്പും മുന്തിപ്പുമെല്ലാം . നൊസ്റ്റാൾജിയയുടെ പെരുന്നാളായിരുന്നു തങ്ങൾ .

സമുദായം കിലോമീറ്ററുകൾ നടന്ന് പോയി ഗൾഫ് യുദ്ധം ടി.വിയിൽ കണ്ട കാലത്തും തങ്ങൾ നേതാവായിരുന്നു. അതേ സമുദായം ടി.വിക്കുള്ളിൽ എന്തുണ്ടാകണമെന്ന് തീരുമാനിക്കുന്ന വാർത്താപ്പാടങ്ങളുടെ മുതലാളിമാരായ കാലത്തും നേതാവ് തങ്ങൾ തന്നെ . ഉടുക്കാനുമുണ്ണാനുമുള്ള കൊതിക്കറുതി വരാൻ പെരുന്നാളാവാൻ  കാത്തിരുന്ന ജനത തരാതരങ്ങൾ നിരന്നു നിൽക്കുന്ന കമ്പോളങ്ങളെ വീട്ടിനുള്ളിൽ കെട്ടിപ്പൊക്കുന്ന കാലത്തിലെത്തിയിട്ടും മാസമുറപ്പിക്കാൻ ആദ്യം തങ്ങൾ വേണമെന്ന നിയമത്തിന് മാത്രം മാറ്റമില്ല . നിരൂപണ ബുദ്ധ്യാപറഞ്ഞാൽ , സമുദായത്തിന്റെ ആ തീർപ്പ് മതിപ്പോടെ നിലനിർത്താൻ തങ്ങൾക്ക് സാധിച്ചുവെന്ന് പറയുന്നതാവും നന്നാവുക .

ആർക്കും അംഗീകാരം ഓഫറായി നൽകാൻ നേർച്ച നേർന്നവരല്ല ജനത. കർമ്മം കൊണ്ട് നേടിയെടുക്കേണ്ട , നിലനിർത്തേണ്ട , രാകിമിനുക്കേണ്ട കലാശിൽപ്പമാണ് ഹൃദയങ്ങളുടെ സിംഹാസനം .

യോഗ്യരത് നേടലല്ല , യോഗ്യക്കർത് കിട്ടലാണ്. 

അതായത് , നേതാവ് സൃഷ്ടിക്കപ്പെടലോ തെരെഞ്ഞെക്കപ്പെടലോ അല്ല , കാലാന്തരേനെ രൂപപ്പെടലാണ്. 

ആ ചരിത്രപരമായ കൈ ക്രിയകൾ കാലം നടത്തുമ്പോൾ മാറാത്ത സാന്നിധ്യമാവുന്ന നേതാവിന് ഉറച്ച ഉറപ്പുണ്ടാവണം സകലമാനത്തിലും . മാനങ്ങളുടെ ഒരുമയാണ് ബഹുമാനം .




ലക്ഷണം .


ഹൈദരലി എന്ന പേരിന്റെ രണ്ടടരുകൾ ഇസ്ലാമിക ചരിത്രത്തിന്റെ രോമാഞ്ചങ്ങളാണ്.

ആധ്യാത്മിക ഇസ്ലാമിന്റെയും രാഷ്ട്രീയ ഇസ്ലാമിന്റെയും കവാടങ്ങൾ ചെന്ന് മുട്ടുന്ന അലിയ്യുബിൻ അബീ ത്വാലിബ് (റ) വിന്റെ പേരും വിളിപ്പേരുമാരുമാണത്. ഉയരക്കുറവും നെഞ്ചുറപ്പും തുളച്ച് 

തുറക്കുന്ന നോട്ടവുമൊക്കെയായിരുന്ന പിതാമഹന്റെ ശരീരവും വിലാസവും പുനരവതരിച്ച ചരിത്രഘട്ടമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം . ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ സമ്പന്നമാക്കിയ ശ്രീരംഗപട്ടണം ഭരിച്ച ഹൈദരലിയുടെ അഭിധാനത്തിനുമുണ്ട് ആ ചേർച്ച . നിലപാടുകളിലെ വെട്ടും വീഴ്ത്തും തങ്ങൾക്ക് ചിലപ്പോഴൊക്കെ സിദ്ധിച്ചത് ആ വഴിയാവാം . എങ്കിലും മാനുഷികമായ പരിമിതികളാണല്ലോ മനുഷ്യന്റെ പൂർണ്ണത.




മുദ്ര.


അകത്തും പുറത്തും ശ്രദ്ധയായിരുന്നു , ഓർമ്മയായിരുന്നു തങ്ങൾ .

മുനിഞ്ഞു കത്തിയ , കാറ്റിനൊത്ത് ആളിപ്പടർന്ന ഒരു സൂഫിയായിരുന്നു തങ്ങൾ .

ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഒറ്റക്ക് നിൽക്കുന്ന ഒരാളെ കണ്ടെത്തി അകത്ത് കൂട്ടിപ്പോയി സ്വന്തം വിളമ്പിക്കൊടുത്തിരുന്ന നൈർമല്യമായിരുന്നു ആ ശ്രദ്ധ .

നേരമെത്രയിരുട്ടി വീടണഞ്ഞാലും ഫജ്റിന് പള്ളിയിലെത്തുന്ന തങ്ങൾ , കൃത്യാന്തരങ്ങൾ എത്ര ബഹുലമായാലും വളഞ്ഞ വഴിയിൽ സ്വാധീനിക്കാൻ ശ്രമിക്കുന്നവനെ നിശ്വാസത്തിൽ കണ്ടെത്തുന്ന തങ്ങൾ ജാഗ്രതയുടെ രണ്ടർത്ഥങ്ങൾക്ക് കാവൽ നിന്നു. പുതുമയുടെ ലഹളകൾ വിസ്മൃതികളുടെ മയക്കങ്ങളായ് വളരുന്ന കാലത്ത് ഉച്ചരിക്കപ്പെടുന്ന പേരുകളിൽ അർഹൻ വിട്ടുപോവാതിരിക്കുന്ന മന:സാന്നിധ്യവുമായിരുന്നു തങ്ങൾ .

എഴുതിക്കൊടുക്കുന്ന പേരുകൾക്കപ്പുറത്ത് തങ്ങൾക്ക് ചില പേരുകളുണ്ടായിരുന്നു .

ഭൗതികമായ അൾശിമേഴ്സിനേക്കാൾ കഠിനമാണ് ധാർമ്മികമായ മറവിരോഗം .

തങ്ങൾ അതിന് മരുന്നും തിരുത്തുമായിരുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പേ ജീവിതത്തിൽ നിന്നും നിഘണ്ടുവിലേക്ക് തിരിച്ച് പോവേണ്ടിയിരുന്ന അത്തരം നല്ല പദങ്ങൾക്ക് ജീവൻ നിലനിർത്തിയ യുഗപുരുഷനാണ് നിശബ്ദനായത് .



മറിച്ച് .


നാം തങ്ങളെ കണ്ടതും കൊണ്ടതും അങ്ങനെയൊക്കെയാണ് . തങ്ങൾ സമുദായത്തെ കണ്ടത് എങ്ങനെയാവുമെന്ന കൗതുകത്തിന്റെ സൗന്ദര്യമാണ് ആ മയ്യിത് .

തന്നെ കാണാൻ , കൈ പിടിക്കാൻ , തൊടാൻ , മണക്കാൻ പിടിവലി കൂടുന്ന ജനതയെ ഇളം ചിരിയോടെ നോക്കുന്ന തങ്ങളുടെ മനസ്സിൽ അപ്പപ്പോൾ പാഞ്ഞുപോയ ചിന്തകൾ എന്തൊക്കെയായിരിക്കും .

കൊടുത്തതിന്റെയിരട്ടി ഉമ്മതിനെ സ്നേഹിച്ചിട്ടുണ്ടാവണം തങ്ങൾ.

ഉമ്മതിന്റെ കരം പുണർന്ന് മണത്തിട്ടുണ്ടാവണം .

ഉമ്മതിനെ കാണാൻ കരുതിയാവണം കടപ്പുറങ്ങളിലേക്കും സമ്മേളനപ്പറമ്പുകളിലേക്കും വന്നിട്ടുണ്ടാവുക .

ആ ഉമ്മതിന് മുമ്പിൽ ഏതോ കിനാവ് കണ്ടെന്ന പോലെ ശാന്തമായ് കിടക്കുകയാണ് തങ്ങൾ ,

നക്ഷത്രങ്ങൾ നിശ്ചലമായ ആകാശം പോലെ .



അടക്കം .



" തങ്ങൾ പോയി "  എന്നോ " തങ്ങളും പോയി " എന്നോ നമ്മുടെ കാലം തന്നെ പറഞ്ഞ് പരിതപിച്ച ഘട്ടങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. 

ഈ ഘട്ടം അതിലേറെ വൈകാരിക തീവ്രമാവുന്നത് ചുറ്റുവട്ടങ്ങൾ ചുട്ടുപൊള്ളുന്ന സാമൂഹിക , സാമുദായിക യാഥാർത്ഥ്യങ്ങളെ പേറുന്നത് കൊണ്ടാണ് .തങ്ങൾ അവിടെ മിണ്ടാതെയാണെങ്കിൽ മിണ്ടാതെയെങ്കിലും ബാക്കിയുണ്ടാവുക എന്നത് സന്തോഷവും സന്ദേശവുമായിരുന്നു സമുദായത്തിന് .

പാലിക്കപ്പെടേണ്ട അച്ചടക്കങ്ങളെ സംബന്ധിച്ച് തങ്ങളുണർത്തുന്ന നിശബ്ദത പോലും അർത്ഥം കുറിക്കുമായിരുന്നു .

ഒരാളോടുള്ള സ്നേഹം സ്നേഹമാവുന്നത്  അഭാവത്തിൽ അയാളുടെ ഓർമ്മ സ്നേഹിക്കുന്ന വ്യക്തിയെ നിയന്ത്രിക്കുമ്പോഴാണ്. മുഹമ്മദലി ശിഹാബ് തങ്ങൾ പിടിച്ച പതാകയും ഉമറലി ശിഹാബ് തങ്ങൾ വഹിച്ച കൊടിയും ഇരുകരങ്ങളിലുമേന്തി മുൻപേ നടന്ന കൊടിവാഹകൻ ഇനി ഓർമ്മ ,ചരിത്രം , പാഠം .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us