loader
blog

In History

By Shuaibul Haithami


വാഗ്ദത്ത കാനൻ , യിശ്മയേലിൻ്റെ മക്കൾ : പെട്രോളും ബൈബിളും

സെമിറ്റിക്ക് മത- രാഷ്ട്രീയ വ്യവഹാരങ്ങളിൽ അറേബ്യൻ ഉപദ്വീപ് എക്കാലത്തും ജൂത - ക്രൈസ്തവ ശക്തികളുടെ ലക്ഷ്യമാവുന്നതിന്റെ കാരണം പറഞ്ഞ് തുടങ്ങാം.
 ഗോയീം അഥവാ നിരക്ഷരരായ വിജാതീയരാണ് അവർക്ക് അറബികൾ. ബൈബിൾ പഴയനിയമത്തിൽ പ്രതിപാദിക്കപ്പെട്ട വാഗ്ദത്തഭൂമിയുടെ അവകാശത്തർക്കമാണ് പ്രശ്നബിന്ദു .അതായത് " ഖുദ്സ് " മാത്രമല്ല തർക്കഭൂമി എന്നർത്ഥം. 
 'ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്തതിക്ക് ഞാൻ നൈൽ നദി മുതല്‍ യൂഫ്രട്ടീസ് വരെയുള്ള കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍, പെരിസ്യര്‍, രെഫയീമ്യര്‍, അമോര്യര്‍, കനാന്യര്‍, ഗിർഗസ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നെ തന്നിരിക്കുന്നു' (ഉത്പത്തി 15:1823) എന്ന വചനത്തിൽ പറയപ്പെട്ട
 " കാനൻ " പ്രദേശം ഇന്ന് ഈജിപ്ത് , ജോർദാൻ, ഫലസ്ത്വീൻ , ലബനാൻ , ഖത്വർ , സിറിയ , സൗദി അറേബ്യ , യമൻ , ഒമാൻ , ബഹ്റിൻ എന്നീ രാജ്യങ്ങളാണ് : മിഡിൽഈസ്റ്റ് . ഇതേ മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളാണ് സിയോണിസ്റ്റ് സ്വപ്നരാജ്യമായ " ഗ്രേറ്റർഇസ്റായേൽ " .
അതാവട്ടെ അന്ത്യപ്രവാചകന്റെ കാലശേഷം ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഭൂമികയായി മാറുകയും ചെയ്തു.ബൈബിൾ പ്രകാരം യഹൂദ - ക്രൈസ്തവർ തങ്ങളുടെ ഗോത്രപിതാവായി വിശ്വസിക്കുന്ന യാക്കോബ്, രാജത്വവും പ്രവാചകത്വവും ഒന്നിക്കുന്ന തന്റെ പരമ്പരയിലെ ഒരാൾക്കായിരിക്കും ആ പ്രദേശത്തിന്റെ അധികാരം എന്ന് പറഞ്ഞിരുന്നു. അതവർ അബ്രഹാമിന്റെ പുത്രൻ ഐസക്കിന്റെ വഴിയിൽ അന്വേഷിച്ചു. പക്ഷെ യഹോവയുടെ വാഗ്ദാനവും യാക്കോബിന്റെ പ്രവചനവും നിവൃത്തിയായത് യിശ്മയേലിന്റെ പരമ്പരയിലെ അറബിയായ" മുഹമ്മദ് " ലായിപ്പോയി. അതംഗീകരിക്കാൻ പറ്റാതിരുന്നതിനാൽ ഏഴാം നൂറ്റാണ്ടിലെ യഹൂദ- ക്രൈസ്തവ സമൂഹം തുടങ്ങിവെച്ച ശാത്രവത്തിന്റെ തുടർച്ചയാണിന്നും. അക്കാലഘട്ടത്തിലെ ക്രൈസ്തവാസ്ഥാനം ഇന്നത്തെ തുർക്കി ( ബൈസന്റയിൻ ക്യാപിറ്റൽ )യായിരുന്നു. റഷ്യയിലെ ക്രെംലിൻ ആസ്ഥാനമായ ഇന്നത്തെ ഓർത്തഡോക്സ് സഭയിലേക്ക് ചേരുന്ന " നജ്റാനീ " ക്രിസ്താനികളും അടിസ്ഥാന ഗോത്രക്കാരും ,  തുർക്കി മുതൽ യമൻ വരെ പടർന്ന ഉസ്മാനിയ്യാ ഖിലാഫത് കാലത്ത് ആധുനിക റഷ്യയിലേക്കും പിന്നീട് പശ്ചാത്യ പ്രവിശ്യകളിലേക്കും കുടിയേറി. വിശാല ക്രൈസ്തവ ധാരയിൽ ഒന്നിക്കുന്ന യൂറോപ്യൻ - റഷ്യൻ ചേരിക്കും യൂറോപ്പിന്റെ പരിഷ്കൃത പതിപ്പായ ആധുനിക അമേരിക്കക്കും വാഗ്ദത്ത "കാനൻ " എന്ന വിശാല അറേബ്യ മുസ്ലിംകളുടെ കീഴിലാവുന്നത് ചരിത്രപരമായ ചതുർത്ഥിയാണ്. എന്നാൽ , പൂർവ്വാധുനീക യഹൂദർക്ക് ഇസ്ലാമിനോട് രാഷ്ട്രീയ എതിർപ്പുണ്ടായിരുന്നില്ല. അറബ് ലോകം അവരെ സ്വന്തം പൗരന്മാരായി ഗണിച്ചിരുന്നു. ഓട്ടോമൻ ഖിലാഫ : തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ് യൂറോപ്യൻ ശക്തികളുടെ സൃഷ്ടിയാണിന്നത്തെ ജൂത - മുസ്ലിം ദേശരാഷ്ട്രാധികാര തർക്കം. ഹിറ്റ്ലർ ബാക്കിവെച്ച യഹൂദർക്ക് അക്കാലത്ത് ഫലസ്ത്വീൻ ഒരു ലക്ഷ്യമേ ആയിരുന്നില്ല താനും. യഹൂദ രാഷ്ട്രത്തിന് അമേരിക്കയിലെ നയാഗ്രയിലെ ഗ്രാൻഡ് ഐലന്റ് , റഷ്യയിലെ കോംസെറ്റിനടുത്ത അമൂർ നദീതീരം, മെഡഗാസ്കർ ദ്വീപ് , ജപ്പാൻ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ " വാഗ്ദത്തഭൂമി " അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു.
 അറേബ്യൻ മണ്ണിലെ ഇന്ധന - വാതക സാന്നിദ്ധ്യം ലോകസമ്പദ്ഘടനയെ സ്വാധീനിക്കുന്ന കാലമായതോടെ അറേബ്യ കീഴ്പ്പെടുത്താൻ മതരാഷ്ട്രീയ ന്യായങ്ങൾ സമന്വയിക്കപ്പെടുകയും ചെയ്തു. സൈനികാധിനിവേശത്തിന്റെ സങ്കീർണ്ണതകൾ കാരണം സാംസ്ക്കാരിക വിധേയത്വത്തിൽ ആധുനിക അറബ് നേതൃത്വത്തെ വിലക്കെടുക്കാനായിരുന്നു അവരുടെ ഉൽസാഹം .അക്കാര്യത്തിൽ റഷ്യയോ അമേരിക്കയോ ആത്യന്തികമായി അറബികളുടെ ഗുണകാംക്ഷികളല്ല. മാത്രവുമല്ല , സെമിറ്റിക് എസ്ക്കറ്റോളജി പ്രകാരം ഭാവിയിൽ സിറിയ - ഫലസ്ത്വീൻ - തുർക്കി ഭൂമികകൾ കേന്ദ്രീകരിച്ച് നടക്കാനിരിക്കുന്ന
 " ഹർമജ്ദൂൻ " യുദ്ധപരമ്പരകളിൽ , ഇമാം മഹ്ദിയുടെ കീഴിലുണ്ടാവുന്ന മുസ്ലിം ചേരിയുടെ എതിർപക്ഷം " ബനുൽ അസ്ഫർ " പശ്ചാത്യ - റഷ്യൻ  സഖ്യമാണെന്ന് കൃത്യമായ് മനസ്സിലാക്കാനാവും.
 

പെട്രോളും തലച്ചോറും.

സഹസ്രാബ്ദങ്ങൾക്ക് മുമ്പേ കൊടുങ്കാടുകളും ദിനോസറുകളും നിറഞ്ഞ വന്യദേശമായിരുന്നു അറേബ്യൻ പെനിൻസുല . യുഗപ്പകർച്ചയിൽ അവകൾ മണ്ണടിഞ്ഞ് ജീർണ്ണിച്ചതിന്റെ അവശേഷിപ്പുകളാണ് ഇന്നാ മണ്ണിലുള്ള ഇന്ധന- വാതക ധാതുക്കൾ. അവയുടെ ജൈവിക - വാണിജ്യ സാധ്യതകൾ കണ്ടത്തപ്പെട്ടതോടെ അറബ് രാഷ്ട്രീയ ചിത്രം അതിന്റെ ചരിത്രത്തിൽ നിന്ന് വേരറ്റുപോവുകയായിരുന്നു. ലോകത്ത് ആകെയുൽപ്പാദിക്കപ്പെടുന്ന എണ്ണയുടെ നാലിലൊന്ന് സൗദിയിൽ മാത്രമുണ്ടായിട്ടും അതിന്റെ രാഷ്ട്രീയ സാധ്യതകൾ അപൂർവ്വമായേ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 1948 ന് ശേഷം വിവിധ ഘട്ടങ്ങളിൽ നടന്ന അറബ് - ഇസ്രായേൽ യുദ്ധങ്ങളുടെ ചരിത്രത്തിൽ ആദ്യഘട്ടങ്ങളിൽ അറബ് ചേരി എതിർ രാഷ്ട്രങ്ങളുടെ മേൽ എണ്ണ ഉപരോധം ഏർപ്പെടുത്തി അവരെ ഒരുപരിധിയോളം ചൊൽപ്പടിക്ക് നിർത്തിയിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1973 ഒക്ടോബർ 6 - 25 തിയ്യതികളിൽ നടന്ന " Yom Kippur " യുദ്ധം. യഹൂദരുടെ പ്രാർത്ഥനാദിനമാണ് യോം കിപ്പൂർ . 1967 ൽ ഇസ്രായേൽ പശ്ചാത്യ സഹായത്തോടെ തങ്ങളിൽ നിന്ന് കൈവശപ്പെടുത്തിയ ഗോലാൻ കുന്നുകൾ , സീനായ് പെനിൻസുല , സൂയസ്കനാൽ എന്നിവ തിരിച്ചുപിടിക്കാൻ ഈജിപ്തിന്റെ കീഴിൽ നടത്തിയ മിന്നലാക്രമണമായിരുന്നു യുദ്ധമായ് കലാശിച്ചത്. സൗദി , ലബനൻ , ലിബിയ, ജോർദാൻ , ഇറാഖ് , ടുണീഷ്യ , കുവൈറ്റ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങൾ മുസ്ലിം ചേരിയിൽ നിന്ന് യുദ്ധം നയിച്ചു. എന്നാൽ , സൈനികകരാറുകൾക്കധീതമായ് ഇസ്രായേലിനെ സഹായിച്ച യു എസ് എ , യു.കെ , ജപ്പാൻ , നെതർലന്റ് , പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ അന്നത്തെ സൗദിത്തലവൻ ഫൈസൽ രാജാവ് യുദ്ധം തുടങ്ങി രണ്ടാഴ്ച്ചക്ക് ശേഷം എണ്ണയുപരോധം ഏർപ്പെടുത്തിയതിന്റെ ശേഷം ഉണ്ടായത് ലോകചരിത്രമാണ്. ഇന്നത്തെ സാഹചര്യത്തിൽ അചിന്ത്യമായ വിധത്തിൽ അന്നത്തെ സൗദി പെട്രോളിയം വകുപ്പ് മന്ത്രി അഹ്മദ് നാകി യമാനിയെ വൈറ്റ് ഹൗസിലേക്കയച്ച് കിംഗ് ഫൈസൽ യുദ്ധത്തിൽ നിന്ന് പിന്തിരിയാത്തപക്ഷം എണ്ണ തരില്ലെന്ന് നേരിട്ട് ഭീഷണി മുഴക്കുകയും ഉപരോധം നടപ്പിൽ വരുത്തുകയും ചെയ്തു.
ഫൈസൽ രാജാവിന്റെ ദൃഢനിശ്ചയത്തിന് മുമ്പിൽ വിറച്ചു അമേരിക്ക , സ്റ്റേറ്റ് സെക്രട്ടറി കിസിംഗർ രണ്ടാഴ്ച്ചക്കകം നവംബർ ഏഴിന് റിയാദിലെത്തി കിംഗ് ഫൈസലിനെ കാണാൻ കാത്തുനിന്നു . സംഭാഷണമധ്യേ ഫൈസൽ രാജാവ് പറഞ്ഞ രണ്ട് കാര്യങ്ങൾ പിന്നീട് മിഡിലീസ്റ്റ് രാഷ്ട്രയെത്തിന്റെ താക്കോൽ പ്രസ്താവനകളായി. "വയോധികനായ എനിക്ക് മരണത്തിന് മുമ്പേ സ്വതന്ത്രഫലസ്തീനിലെ മസ്ജിദുൽ അഖ്സയിൽ സുജൂദ് ചെയ്യണം , നിങ്ങൾ അതിന് തടസ്സമാവരുത് " എന്നതായിരുന്നു ഒന്ന് .സംഭാഷണമധ്യേ , വഴങ്ങുന്നില്ലെങ്കിൽ സൗദിയിലേക്ക് പടനയിക്കേണ്ടി വരും എന്ന് തമാശയിൽ കാര്യം പറഞ്ഞ കിസിംഗറിനോട് സൗദി അധിപൻ പറഞ്ഞ വാക്കുകൾ ഇസ്ലാമിന്റെ സുവർണ്ണകാലഘട്ടം ഓർമ്മിപ്പിക്കുന്നതായിരുന്നു. "You are the ones who can't live without oil.Our ancestors lived on dates, we can easily go back and live like that again". അതായത് , നിങ്ങൾ ഞങ്ങളുടെ എണ്ണതേടി അക്രമിക്കാൻ വന്നാൽ അതിന് മുമ്പേ ഞങ്ങൾ എണ്ണപ്പാടങ്ങൾക്ക് തീയിട്ട് അവ നശിപ്പിക്കും. ഓർക്കുക ! നിങ്ങളാണ് എണ്ണയില്ലാതെ ജീവിക്കാൻ പറ്റാത്ത ജനത .  മരുഭൂമിയിൽ ഏത്തപ്പഴം കഴിച്ച് ജീവിച്ചവരുടെ മക്കളാണ് ഞങ്ങൾ. ഞങ്ങൾക്കതിലേക്ക് ഞൊടിയിട തിരിഞ്ഞുനടക്കാനുമാവും. അത്കേട്ട് ഇളിഭ്യനായ് മടങ്ങുകയായിരുന്നു കിസിംഗർ . ചുരുക്കത്തിൽ , വീട്ടുവീഴ്ച്ചയില്ലാത്ത ഫൈസൽ രാജാവിനെ എണ്ണയുൽപ്പാദിപ്പിക്കുന്ന അറബ് കൂട്ടായ്മയായ OAPEC അതേപടി അനുസരിച്ചപ്പോൾ ഉപരോധിത രാഷ്ട്രങ്ങളിൽ 300 % വരെ എണ്ണവില ഉയർന്നു. തദ്ദേശീയ എണ്ണഖനികൾക്ക് വിദഗ്ധർ കാലാവധി പറഞ്ഞു.  ഫാക്ടറികൾ സ്തംഭിച്ചു , മോട്ടോർ വാഹന കമ്പനികളിൽ പലതും പൂട്ടുകയോ ഔട്ട് ലെറ്റുകൾ നിർത്തൽ ചെയ്യുകയോ ചെയ്തു , ഞായറാഴ്ച്ചകളിൽ വിമാന - ബോട്ട് യാത്രകൾ റദ്ധാക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ തെരുവിലിറങ്ങി .
 " ന്യൂയോർക്ക് സിറ്റിയിൽ പോലും വിൽപ്പനക്ക് വെച്ച വിറക്പുരകൾ  പ്രത്യക്ഷപ്പെട്ടു " എന്ന് വിശദാംശങ്ങളിൽ കാണാം. ഇപ്പോൾ അമേരിക്ക 50 വർഷത്തേക്കുള്ള എണ്ണ സ്റ്റോക്ക് ചെയ്ത് വെച്ചതിന്റെ കാരണം അന്നത്തെ ഇരുട്ടടിയായിരുന്നുവെന്ന് വ്യക്തം. ഫലത്തിൽ , യുദ്ധത്തിൽ മേൽക്കോയ്മ ഉണ്ടായിട്ടും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചു നൽകാൻ ഇസ്രായേൽ നിർബന്ധിതമായി. 1956 ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് ഇസ്രായേലിന് വേണ്ടി ഈജിപ്തിനെ അക്രമിച്ചപ്പോൾ സിറിയ ചെയ്തത് , യൂറോപ്പിലേക്ക് എണ്ണ പോവുന്ന ട്രാൻസ് അറേബ്യൻ പൈപ്പ് ലൈൻ വിഛേദിക്കലായിരുന്നു. അന്നും യാങ്കികൾ വന്നവഴിയേ മടങ്ങി. തങ്ങളുടെ ഭരണകൂടത്തിന്റെ കൃതാനർത്ഥങ്ങളെ അന്ധമായ് സഹിക്കാൻ പശ്ചാത്യൻ ജനത ഒരിക്കലും തയ്യാറാവില്ല എന്നത് ഒരു പൊതുതത്വവും യൂറോപ്പിന്റെ ഒരു മേന്മയുമാണ്. ആ സാധ്യതയാണ് സിറിയ ഉപയോഗിച്ചത്. മറികടക്കാൻ മാത്രമുള്ള സായുധ സജ്ജീകരണം ഇല്ലാഞ്ഞിട്ടും 80 കൾ വരെ അറബ് ലോകത്തിന് സ്വന്തം കാലിൽ നിൽക്കാനായതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന രണ്ട് കാരണങ്ങൾ ഇന്നും അവലംബനീയമാണ്. നിരുപാധികമായ ശത്രുവോ മിത്രമോ അവർക്കുണ്ടായിരുന്നില്ല എന്നതാണ് ഒന്നാമത്തേത്. കമ്മ്യൂണിസ്റ്റുകാരും സയണിസ്റ്റുകളും മുസ്‌ലിംലോകത്തിനെതിരെ ഗൂഢാലോചന നടത്തുന്നതാണ് യഥാർത്ഥ പ്രശ്നം എന്ന് നിരീക്ഷിച്ച ഫൈസൽ രാജാവിന് ക്രെംലിൻ - റഷ്യൻ നേതൃത്വക്കോട് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. യാൽറ്റയിൽ ഒരു ജൂതരാഷ്ട്രം പണിയുമെന്ന സ്റ്റാലിന്റെ പ്രസ്താവനയായിരുന്നു അറബ് ലോകത്തിന്റെ റഷ്യൻ വിരോധത്തിന്റെ ഒരു കാരണം. എന്നാൽ , പശ്ചാത്യവലതുപക്ഷത്തിന്റെ ദാസ്യം അവർ സ്വീകരിച്ചതുമില്ല. അക്കാലത്തെ ഈജിപ്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അൻവർ സാദത്തും സാഹചര്യം നോക്കി റഷ്യയോടും അമേരിക്കയോടും മാറിമാറി സഖ്യം കൂടി , ഫലത്തിൽ ചേരിചേരാനയം.
മുസ്ലിം രാഷ്ട്രത്തലവന്മാർക്കിടയിലുണ്ടായിരുന്ന ഊഷ്മളമായ ഇസ്ലാമിക സാഹോദര്യമായിരുന്നു അവരെ നയിച്ചത്. 73 ലെ എണ്ണ ഉപരോധാനന്തരം കിംഗ് ഫൈസലിന്റെ കീഴിൽ  ചേർന്ന മുസ്ലിം രാഷ്ട്രത്തലവന്മാരുടെ യോഗം ഉദ്ഘാടനം ചെയ്യവേ പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ പറഞ്ഞത് - " നാം നിർഭയരായി ജറുസലേമിൽ പ്രവേശിക്കും , എന്റെ സൈന്യം ഇസ്ലാമിന്റെ സൈന്യമാണ് " എന്നായിരുന്നു.
സാധ്യമായ വികസ്വര രാഷ്ട്രങ്ങൾക്കൊപ്പം സഖ്യം ചേർന്നുവെന്നതായിരുന്നു രണ്ടാമത്തെ ഘടകം. പെട്രോൾ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ OPEC ഉണ്ടാക്കുന്നതിന് മുമ്പേ ഇറാഖിന്റെ കീഴിൽ OAPEC ഉണ്ടാക്കാൻ വെനിസ്വലയായിരുന്നു ഒപ്പമുണ്ടായിരുന്നത്. ക്യൂബയും ഉത്തരകൊറിയയും സൗദിയുടെ കീഴിൽ നിന്ന് ഇസ്രായേലിനെതിരെ യുദ്ധം ചെയ്തിട്ടുണ്ട്. റഷ്യയെ വിശ്വസിക്കാൻ പറ്റില്ലെങ്കിലും , ഫലസ്തീൻ വിഷയത്തിൽ എക്കാലത്തും മുസ്ലിംകൾക്കൊപ്പം നിന്നത് ഇടതുപക്ഷ രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളുമായിരുന്നുവെന്നത് നഗ്നസത്യമാണ്. 


അറബീയതയുടെ ആത്മാവ് .

വിശ്വമാനവികയുടെ മാതൃകാസ്ഥാനാമാകാൻ മാത്രം വൈജ്ഞാനിക - സാംസ്ക്കാരിക പാരമ്പര്യമുള്ള അറേബ്യ ഒരു ഭാഗത്ത് അരാജകത്വത്തിലും മറ്റൊരു ഭാഗത്ത് സുഖലോലുപതയിലും കിടന്ന് അസന്തുലിതമായതിന്റെ കാരണം അതിന്റെ അസ്തിത്വമായ മതപരത, ധീരത , ജാഗ്രത തുടങ്ങിയ ഗുണങ്ങൾ നഷ്ടപ്പെട്ടത് തന്നെ.
" അശ്ശബാബു യുരീദു ഇസ്ഖാത്വന്നിളാം " എന്ന മുദ്രാവാക്യവുമായി ടുണിഷ്യ മുതൽ യമൻ വരെ പടർന്ന " മുല്ലപ്പൂ വിപ്ലവം " എന്ന അരാജകത്വനിർമ്മാണം ഉത്തരാധുനിക അറബ് ലോകത്തെ കൂടുതൽ ക്ഷയിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് അബൂ അസീസി എന്ന തെരുവുകച്ചവടക്കാരനായ യുവാവ് ടുണീഷ്യൻ ഏകാധിപതി സൈനുൽ ആബിദീൻ അലിക്കെതിരെ പ്രതിഷേധിച്ച് സ്വയം തീക്കൊളുത്തി മരണം വരിച്ചതോടെ തുടങ്ങിയ പ്രക്ഷോഭം ഇസ്ലാമിസ്റ്റുകൾ പ്രത്യയശാസ്ത്രവൽക്കരിച്ചതോടെ വിവിധ വാഖ്യാനങ്ങളിൽ അള്ളിപ്പിടിക്കുന്ന അസംഖ്യം തീവ്രവാദികൾ മേഖലയിൽ പ്രത്യക്ഷപ്പെട്ടു. വ്യവസ്ഥാപിത ഇസ്ലാമിസ്റ്റുക്കൾക്ക് മാതൃഭൂമിയായ ഈജിപ്തിൽ പോലും ഭരണം നിലനിർത്താനുമായില്ല. ഹൂതികളും ഐസിസും രണ്ട് രൂപങ്ങളിൽ സിറിയയും യമനും അശാന്തമാക്കി. 10 ലക്ഷം പേർ കൊല്ലപ്പെട്ട , ജനസംഖ്യയുടെ പകുതിയും അഭയാർത്ഥികളാവുന്ന യുദ്ധമാലകൾക്ക് പ്രവിശ്യയിൽ തീപ്പിടിച്ചു.
തൊഴിലില്ലായ്മയും ദാരിദ്രവും മുന്നിർത്തി തുടങ്ങിയ പ്രക്ഷോഭാനന്തരം പൂർവ്വോപരി വഷളായ സാഹചര്യത്തിൽ  53 ശതമാനം ജനങ്ങൾ ജീവിക്കുന്നത് പരസഹായം കൊണ്ടാണ്. നിലനിൽക്കുന്ന വ്യവസ്ഥകൾക്കെതിരായ അവ്യസ്ഥാപിത കലാപങ്ങൾ മതവിരുദ്ധമാണെന്ന സഈദ് റമദാൻ ബൂത്വിയെപ്പോലുള്ളവരുടെ നിലപാടുകൾക്ക് മരണമാണ് ശമ്പളം കിട്ടിയത്.
 ഇവിടെ ചേർത്ത് പറയപ്പെടേണ്ട രാജ്യമായ തുർക്കി ഓട്ടോമൻ പതനാനന്തരം യൂറോപ്യൻ ഭീതിയിലാണെന്നതാണ് സത്യം. ഇസ്ലാമിസ്റ്റുകൾ മാതൃകാപുരുഷനായ് വാഴ്ത്തുന്ന റജബ് ത്വയ്യിബ് ഉർദോഗൻ വ്യക്തിപരമായ് സംശുദ്ധനാകാമെങ്കിലും നാറ്റോഭാരവും ഇസ്രായേലുമായുള്ള സൈനിക സഖ്യവുമെല്ലാം സ്വയംവരിച്ച ചങ്ങലകളായ് കൂടെയുണ്ട്. മാത്രമല്ല , തുർക്കി ( കോൺസ്റ്റാന്റിനോപ്പിൾ ) തിരിച്ച് പിടിക്കാൻ ഭാവിയിൽ മുസ്ലിംകൾ പാശ്ചാത്യരോട് യുദ്ധം ചെയ്യുമെന്നും ആയുധങ്ങളില്ലാതെ തക്ബീർ മുഴക്കി അവർ എതിർപക്ഷത്തെ തുരത്തുമെന്നുമുള്ള പ്രവാചകവചനം മുന്നിർത്തിയാൽ സമകാലിക തുർക്കിയിൽ മുസ്ലിം ലോകത്തിന് വലിയ പ്രതീക്ഷകൾ വേണ്ട എന്ന് മനസ്സിലാക്കേണ്ടിവരും .വാചാടോപതകൾക്കപ്പുറം വെളിച്ചത്ത് വന്ന് മുസ്ലിം ലോകത്തെ നിയന്ത്രിക്കാനുള്ള കരുത്ത് ഇറാനുമില്ല. എന്നാലും സ്വാതന്ത്രസമര പോരാളികളായ ഹമാസിന് കരുത്ത് പകരുന്ന ഇറാൻ നിലപാടുകളെ ചെറുതാക്കാനുമാവില്ല. അവധാനതക്കുറവിന്റെ കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും ഹമാസ് ഇക്കാലത്ത് തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭരണകൂടമായതിനാൽ അവരുടെ പോരാട്ടങ്ങളെ ഭീകരത എന്ന് നൃശംസിക്കാനുള്ള ശ്രമം മതപരമായും ജനാധിപത്യപരമായും ശരിയാവില്ല. ഭീകര - ഭീകരവിരുദ്ധ ദ്വന്ദം എന്ന ടെർമിനോളജി തന്നെ പ്രമാദമായ 2011 സംഭവത്തിന് ശേഷം ഉണ്ടാക്കപ്പെട്ട മിഥ്യയാണ്.


ഇസ്ലാമികത എന്ന അടിസ്ഥാന സ്വത്വത്തോട് അരിസ്ട്രോക്രാറ്റിക് അറബ് സമൂഹത്തിനുള്ള വിപ്രതിപത്തിയും ആധുനികതാ മൂല്യങ്ങളിലേക്കുള്ള അവരുടെ ചുവടുമാറ്റവും കാരണം അറബ് യുവതക്കിടയിൽ പത്തിലൊന്നിനെ എന്ന തോതിൽ മതരഹിതരാക്കിയെന്നതാണ് പുതിയകണക്ക്.ഇസ്ലാം അനുഷ്ഠിക്കാത്തതിന് പുറമേ വിശ്വാസം തന്നെ വെടിയുന്ന തലമുറ അവിടത്തെ അമിത വിനോദവൽക്കരണങ്ങളുടെ സൃഷ്ടിയാണ് എന്ന് പറയപ്പെടുന്നു. മുല്ലപ്പൂ വിപ്ലവാനന്തരം രഹസ്യമായി ഒത്ത് കൂടുന്ന ക്ഷുഭിത യൗവനങ്ങളുടെ ഭരണകൂട വിരുദ്ധ വികാരങ്ങൾ വിനോദോപാധികളുടെ പിന്നാലെ ചിന്തിപ്പിച്ച് വഴിതിരിച്ച് വിടാനുള്ള ഭരണകൂട ശ്രമം വ്യക്തമാണ്.ജന്മം കൊണ്ട് അറബികളും മനസ് കൊണ്ട് യൂറോപ്യരും എന്നതാണ് പുതിയ അഭ്യസ്തവിദ്യരുടെ മനോഗതി എന്ന് കാണിക്കുന്ന ധാരാളം പഠനങ്ങൾ ലഭ്യമാണ്. അറബ് എന്ന സ്വത്വം അപകർശതയായ് കണക്കാക്കി യു.കെയിലും യു എസ് എ യിലും സ്ഥിരതാമസക്കാരാകാൻ ആഗ്രഹിക്കുന്നവരാണ് അവരധികവും . ഫലത്തിൽ മദ്ധ്യപൂർവേഷ്യ ഏറെക്കുറേ അമേരിക്ക - യൂറോപ്പ്,  റഷ്യ - ചൈന ചേരികളുടെ കോളനിക്ക് സമാനമായിരിക്കുന്നു. അവർ ഭിന്നിപ്പിച്ച് ഭരിക്കുന്ന അവരുടെ പാസ്സീവ് എംപയർ.
" ധീരനാരുടെ സമാധാനം " എന്ന തത്വം മാറി " ഭീരുക്കളുടെ സമാധാനം " എന്നായ് വന്നിരിക്കുന്നു കാര്യങ്ങൾ .  "ഭരണാധികാരികളുടെ നേതാവ് " ( സയ്യിദുൽ ഉമറാ ) എന്ന സ്ഥാനപ്പേരുള്ള , അറബ് ലോകം കണ്ട എക്കാലത്തേക്കും വെച്ചേറ്റവും പ്രഗൽഭനായ ഭരണാധിപൻ ഉമറുൽ ഫാറൂഖ് ( റ ) ക്രിസ്തബ്ദം 638 ൽ ബൈസന്റയിൻ സാമ്രാജ്യം കീഴടക്കിയതിനെ തുടർന്ന് ഖുദ്സ് നഗരരാഷ്ട്രത്തിന്റെ അധികാരമേൽക്കാൻ പോവുന്ന ഘട്ടം ചരിത്രത്തിലുണ്ട്. മസ്ജിദുൽ അഖ്സയുടെ താക്കോൽ സ്വീകരിക്കാൻ മദീനയിൽ നിന്ന് പാതി ഒട്ടകപ്പുറത്തിരുന്നും പാതി നടന്നും ജറുസലമിലെത്തിയ ഖലീഫയുടെ ഇഴപിന്നിയ കുപ്പായവും കാലിൽ നിന്നൂരി തോളത്തിട്ട കാലുറയും കണ്ടപ്പോൾ തദ്ദേശത്ത് നേരത്തെ നിലയുറപ്പിച്ച അനുയായികൾ പറഞ്ഞു : ഈ വേഷത്തിൽ അങ്ങയെ അവർ കാണുന്നത് അംഭംഗിയാവും , ഒരു മേൽവസ്ത്രമണിഞ്ഞാൽ അതാവും ഉത്തമം . അത് കേട്ട് ഖലീഫ നൽകിയ മറുപടി മുസ്ലിം സമൂഹത്തിന്റെ  നിത്വശാശ്വതീകൃത മാർഗരേഖയാണ്.
" അല്ലാഹു ഇസ്ലാം കൊണ്ട് അഭിമാനികളാക്കിയ ജനതയാണ് നാം . നാം അതല്ലാത്ത മറ്റൊന്നിൽ അഭിമാനം തേടിയാൽ അല്ലാഹു നമ്മെ നിന്ദ്യരാക്കും " .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us